Friday 20 November 2020

ഉമ്മയോടുള്ള സ്നേഹവും ഉമ്മയുടെ ദുആയും

 

"എഴുപതോളം തവണ സ്വപ്നത്തിൽ ഞാൻ സ്വർഗം കണ്ടിട്ടുണ്ട്. ഇനിയും കാണാനാണ് പൂതി"


നന്നേ വയസ്സായിട്ടുണ്ടെന്റെ ഉമ്മാക്ക്. പ്രായാധിക്യം ആ ശരീരത്തെ നന്നായി തളർത്തിയിട്ടുണ്ട്. പ്രാഥമിക കർമ്മങ്ങൾ പോലും സ്വന്തമായി ചെയ്യാനാവാത്ത സ്ഥിതി. എന്നാലും ഞാനെന്റെ ഉമ്മാക്കുള്ള ഖിദ്മതിൽ ഒരു കുറവും വരുത്തീട്ടില്ല.

രാത്രി ഇരുട്ട് കനത്തു തുടങ്ങിയിട്ടുണ്ട്. ഉമ്മക്കുള്ള സേവനങ്ങളെല്ലാം ചെയ്ത് ഉറങ്ങാനായി കട്ടിലിൽ കിടത്തിയിരിക്കുകയാണ്. ഞാനാണെങ്കി പാതിരാത്രി പതിവായി ഞാൻ നിർവഹിക്കാറുള്ള ഔറാദുകൾക്കും നിസ്കാരങ്ങൾക്കും വേണ്ടിയുള്ള ഒരുക്കത്തിലും.

പെട്ടെന്നാണ് ഉമ്മ വിളിച്ചത്.

"മോനേ... ഇവിടെ വാ... ഇന്നെന്റെ കൂടെ ഉറങ്ങിക്കൂടേ..."

എന്റെ പതിവുകളെല്ലാം തെറ്റുമല്ലോ എന്ന ബേജാറുണ്ടെങ്കിലും ഉമ്മായുടെ ആ ആഗ്രഹം സാധിക്കട്ടെ എന്ന് തന്നെയായിരുന്നു മനസ്സിൽ.

ഞാനുമ്മക്കൊപ്പം കിടന്നു. എന്റെ ഒരു കൈ ഉമ്മയുടെ തലക്കടിയിൽ വെച്ചിട്ട് മറു കൈ കൊണ്ട് ഉമ്മയുടെ പുറത്ത് മെല്ലെ മെല്ലെ തടവിക്കൊണ്ടിരുന്നു. ഉമ്മയുടെ ഉറക്കിന് ഭംഗം വരാത്ത വിധത്തിൽ ഞാൻ സൂറതുൽ ഇഖ്ലാസ്വ് മന്ത്രിച്ചു കൊണ്ടേയിരുന്നു. 

അധികനേരമായിട്ടില്ല. 

ഉമ്മാന്റെ തലക്കടിയിൽ വെച്ച കൈ വേദനയെടുത്തു തുടങ്ങി. വേദന പെരുത്തുകൊണ്ടേയിരുന്നു. കൈയിലെ രക്തയോട്ടം നിന്നു. കൈ പൂർണമായി മരവിക്കുന്ന സ്ഥിതിയിലേക്കെത്തി.

"കൈ എന്റേതാണ്. പക്ഷേ, ഉമ്മാക്കുള്ള സേവനം അല്ലാഹുവിനുള്ളതാണ്" ഞാനെന്റെ മനസ്സിൽ മന്ത്രിച്ചു.

ഉമ്മ നന്നായുറങ്ങി. എനിക്കാണെങ്കി ഉറക്കം വന്നതേയില്ല. 

സുബ്ഹിയുടെ സമയമായി. എന്റെ സൂറതുൽ ഇഖ്ലാസ്വ് പതിനായിരം കവിഞ്ഞു. ഉമ്മ എഴുന്നേറ്റു. കൂടെ ഞാനും.

ഞാനെന്റെ കൈ അനക്കാൻ നോക്കി. ആവുന്നില്ല. ഒരു പാട് നേരമങ്ങനെ കഴിഞ്ഞു. കൈയ്യിന്റെ അസ്വസ്ഥത ഉമ്മയെ അറിയിച്ചിട്ടില്ല. 

പിന്നെ ഞാൻ കേൾക്കുന്നത് ഉമ്മയുടെ പ്രാർത്ഥനയാണ്.


"اللهم اني قد رضيت عن ابي يزيد فارض عنه"


(അല്ലാഹ്; അബൂയസീദിൽ എനിക്ക് തൃപ്തിയായി. നീയും തൃപ്തിപെടണേ....)

*"എനിക്കുറപ്പുണ്ട്; എന്റെ ഉമ്മയുടെ ആ ദുആ പടച്ചവൻ സ്വീകരിച്ചിട്ടുണ്ടെന്ന്. അത്കൊണ്ടല്ലേ എഴുപതിലധികം തവണ സ്വർഗം സ്വപ്നത്തിൽ ഞാൻ കണ്ടത്. ഇനിയുമെനിക്ക് കാണണം." മഹാനരായ അബൂ യസീദ് അൽ ബിസ്ഥാമി തങ്ങൾ رضي الله عنه പറഞ്ഞു നിർത്തി.*

(قصص الصالحين والصالحات / محمود المصري)


ലഭിച്ചിട്ടുണ്ടോ ഈ ദുആ കൂട്ടുകാരാ/രീ നിങ്ങളുടെ ഉമ്മയിൽ നിന്ന്......?

അല്ലാഹ്.... നൽകണേ ഞങ്ങളുമ്മാക്ക് ഫിർദൗസ്.

കൂട്ടണേ ഞങ്ങളെ നിന്റെയും ഉമ്മായുടെയും പ്രിയരിൽ.


സി. ഉമറുൽ ഫാറൂഖ് സഖാഫി പറമ്പിൽ പീടിക

No comments:

Post a Comment