Saturday 2 May 2020

ഇമാം സുയൂഥ്വി (റ)




പേര്: അബ്ദുര്‍റഹ്മാന്‍.

പിതാവ്: അബൂബകര്‍.


ഹിജ്‌റ 849-ൽ റജബ് മാസത്തിന്റെ തുടക്കത്തിലെ ഒരു ഞായറാഴ്ച മഗ്‌രിബിന് ശേഷമാണ് ഇമാം ജനിക്കുന്നത്.  ഈജിപ്തിലെ സുയൂത്വ് എന്ന സ്ഥലത്ത് ജനിച്ചത് കാരണം അതിലേക്ക് ചേർത്തിയാണ് ഇമാം സുയൂത്വി എന്ന് വിളിക്കുന്നത്.  യഥാർത്ഥ നാമം അബ്ദുറഹ്മാൻ എന്നും സ്ഥാനപ്പേര് ജലാലുദ്ദീൻ എന്നുമാണ്. അബുൽഫള്ൽ എന്ന ഓമനപ്പേരും മഹാനുണ്ട്.

തങ്ങള്‍ ജീവിക്കുന്ന കാലഘട്ടത്തിലെ സര്‍വ വിജ്ഞാനശാഖകളിലും അഗാധ ജ്ഞാനം നേടിയ പണ്ഡിതര്‍ അത്യപൂര്‍വമായിരിക്കും. അത്തരം പണ്ഡിത ഗണത്തിലെ പ്രധാനിയാണ് ഇമാം സുയൂത്വി (റ). അദ്ദേഹത്തിന്റെ കാലക്കാരില്‍ തങ്ങളുടെ രചനകള്‍ക്ക് ഇത്രയേറെ പ്രാധാന്യവും പരിഗണനയും സ്വീകാര്യതയും ലഭിച്ച മറ്റൊരു പണ്ഡിതനെ കാണാനാവില്ല.

‘അസ്സുയൂഥ്’ നൈല്‍ നദിയുടെ പടിഞ്ഞാറ് ഒരു ഗ്രാമം.സുയൂഥ്വി ഇമാമിന്റെ പിതാവിന് വേണ്ടി വീട്ടിലെ കുതുബ് ഖാനയില്‍ നിന്ന് ആവശ്യപ്പെട്ട ഗ്രന്ഥമെടുക്കാന്‍ പോയപ്പോള്‍ മാതാവിന് അവിടെ വെച്ച് പ്രസവ വേദന വന്നു. കുഞ്ഞിന് ഇക്കാരണത്താല്‍ ഇബ്‌നുല്‍ കുതുബ് എന്ന് വിളിപ്പേര് കിട്ടി.

ജീവിതത്തിൽ ജ്ഞാനത്തിന്റെ മാധുര്യം അനുഭവിച്ച് ലോകത്ത് വിജ്ഞാനത്തിന്റെ പ്രഭ പരത്തിയ പണ്ഡിത പ്രതിഭയാണ് ഇമാം സുയൂത്വി(റ). പണ്ഡിതലോകത്തിന്റെ സർവാദരവും പിടിച്ചുപറ്റിയ ഇമാം സുയൂത്വി ഇസ്‌ലാമിക കർമശാസ്ത്രം, ഹദീസ്, സാഹിത്യം, ഭാഷ തുടങ്ങി മുഴുമേഖലകളിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു. അന്വേഷണ തൃഷ്ണ കൊണ്ടും വിജ്ഞാന തൽപരത കൊണ്ടും വൈജ്ഞാനിക ലോകത്ത് മികച്ച പദവി നേടിയെടുക്കാൻ ഇമാമിന്  സാധിച്ചു. പത്താം നൂറ്റാണ്ടിലെ നവോത്ഥാന നായകനും(മുജദ്ദിദ്) പരിഷ്‌കർത്താവുമായ ഇമാമവർകളുടെ സ്മരണ അയവിറക്കുന്ന മാസമാണ് ജമാദുൽ അവ്വൽ.  അറിവിന്റെ ലോകത്ത് വ്യാപൃതനായ ഇമാം അക്കാലത്തെ സർവാംഗീകൃതനായിരുന്നു. 

പണ്ഡിത കാരണവരായ പിതാവ് മകനെ കിട്ടാവുന്ന ഏറ്റം മുന്തിയ വിജ്ഞാന സദ്യയിലേക്കെല്ലാം കൈപിടിച്ചു. ഇബ്‌നു ഹജറുല്‍ അസ്ഖലാനിയെ കാണിച്ചു പൊരുത്തം വാങ്ങി. സംസം ജലം കുടിക്കുമ്പോള്‍ നടത്തിയ ദുആഅ് ഹാഫിളിനെ പോലെയാകണമെന്ന്.

പിതാവായ അബൂബക്കർ പണ്ഡിതനായിരുന്നു. ആ തണൽ പക്ഷേ, ഏറെക്കാലം അനുഭവിക്കാൻ ഇമാം സുയൂത്വിക്ക് സാധിച്ചില്ല.  അഞ്ചാമത്തെ വയസ്സിൽ പിതാവ് വിട്ടുപിരിയുകയും തുടർന്ന് യത്തീമായി വളരുകയും ചെയ്തു. പിന്നീടങ്ങോട്ടുള്ള മഹാന്റെ ജീവിതം ത്യാഗ  പൂർണമായിരുന്നു. പിതാവിന്റെ മരണ ശേഷം അദ്ദേഹത്തെ പരിചരിച്ചതും വളര്‍ത്തിയതും കമാലുദ്ദീനുബ്‌നു ഹുമാം ആയിരുന്നു. സ്വന്തം മകനെ പോലെ പരിപാലിച്ച ഇബ്‌നു ഹുമാമിന്റെ ശിക്ഷണത്തിലാണ് എട്ടാം വയസ്സില്‍ സുയൂത്വി ഖുര്‍ആന്‍ മനപ്പാഠമാക്കിയത്. ഉപ്പ മരിക്കുമ്പോള്‍ സൂറഃ അത്തഹ്‌രീം വരെ അദ്ദേഹം ഹൃദിസ്ഥമാക്കിയിരുന്നു.

എട്ട് വയസ്സാവുന്നതിനുമുമ്പ് വിശുദ്ധ ഖുർആൻ ഹൃദ്യസ്ഥമാക്കി. ഭാഷാപരമായ നിരവധി ഗ്രന്ഥങ്ങളും അനന്തരാവകാശ നിയമ ഗ്രന്ഥങ്ങളും മറ്റും  ഇമാം മന:പാഠമാക്കി. ഹിജ്‌റ 866-ന് 17-ാം വയസ്സിൽ തദ്‌രീസിനുള്ള അനുമതി ഉസ്താദിൽ നിന്ന് ലഭിച്ചു.  വിശാലവും ആധികാരികങ്ങളുമായ ഗ്രന്ഥങ്ങളുടെ ഉടമയായ ഇമാം സുയൂത്വി(റ)യുടെ രചനയുടെ തുടക്കവും ഈ കാലഘട്ടത്തിലാണ്.  ശറഹുൽ ഇസ്ത്തിആനത്തി വൽബസ്മല എന്ന കിതാബാണ് പ്രഥമം. അതിന്റെ രചന പൂർത്തിയാക്കിയ ശേഷം ഉസ്താദായ ഇൽമുദ്ദീൻ ബുൽഖീനി എന്നവർക്ക് സമർപ്പിക്കുകയും ഉസ്താദ് പ്രശംസിക്കുകയും ചെയ്തു (താരീഖുൽ ഖുലഫാഅ്).

അറിവിന്റെയും ഗ്രന്ഥ രചനകളുടെയും തിരക്കുകൾക്കിടയിലും ബൃഹത്തായ പല ഗ്രന്ഥങ്ങളും മന:പാഠമാക്കാൻ സുയൂത്വി(റ) സമയം കണ്ടെത്തി. ഉംദത്തുൽ അഹ്കാം, മിൻഹാജുന്നവവിയ്യ്, അൽഫിയ്യത്തുബ്‌നുമാലിക്, മിൻഹാജുൽ ബൈളാവി എന്നിവ മഹാൻ മന:പാഠമാക്കിയ ചിലതുമാത്രം. തഫ്‌സീർ, ഹദീസ്, കർമശാസ്ത്രം (ഫിഖ്ഹ്), പദോൽപത്തിശാസ്ത്രം (സ്വർഫ്), വ്യാകരണശാസ്ത്രം (നഹ്‌വ്), അലങ്കാരശാസ്ത്രം തുടങ്ങിയ വിജ്ഞാന ശാഖകളിൽ അഗ്രഗണ്യനായിരുന്നു ഇമാം.  നിദാനശാസ്ത്രം, തർക്കശാസ്ത്രം, വൈദ്യശാസ്ത്രം, ഗണിതശാസ്ത്രം, ഭാഷാശാസ്ത്രത്തില്‍ ഇബ്‌നു മാലികിന്റെ അല്‍ഫിയ്യ തുടങ്ങിയവയെല്ലാം അദ്ദേഹം മനപ്പാഠമാക്കി  അഗാധപാണ്ഡിത്യവും നേടി.  രണ്ട് ലക്ഷത്തോളം ഹദീസുകളും മനഃപാഠമാക്കി (അൽ ഇത്ഖാൻ).

ഈ വിജ്ഞാനശാഖയില്‍ സ്വന്തം രചനകള്‍ക്കു പുറമെ മുന്‍കാല മുഹദ്ദിസുകളുടെ ഗ്രന്ഥങ്ങള്‍ക്ക് വ്യാഖ്യാനങ്ങളും ഉപാഖ്യാനങ്ങളും എഴുതിയിട്ടുണ്ട്. ഹദീസ് ശാസ്ത്രത്തിലെ മാസ്റ്റര്‍പീസുകളായ സ്വിഹാഹുസ്സിത്തക്ക് മുഴുവന്‍ അദ്ദേഹം ശറഹുകള്‍ എഴുതി. അല്‍ ജാമിഉല്‍ കബീറും അല്‍ ജാമിഉസ്സ്വഗീറുമാണ് സ്വന്തമായി രചിച്ചവയില്‍ പ്രധാനപ്പെട്ടവ.

ഗ്രന്ഥങ്ങളുടെ കലവറയായിരുന്ന മഹ്മൂദിയ ലൈബ്രറിയിലെ മുഴുവന്‍ പുസ്തകങ്ങളും വായിച്ചുതീര്‍ത്തിരുന്നുവെന്ന സാക്ഷ്യം അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ ആഴവും പരപ്പും നമുക്ക് മനസ്സിലാക്കിത്തരുന്നു. ഗുരുകുല വിദ്യാഭ്യാസരീതിയില്‍ മാത്രം ഒതുങ്ങിക്കൂടാതെ  നീണ്ട യാത്രകളിലൂടെ അദ്ദേഹം അറിവിന്റെ അക്ഷയഖനികള്‍ തേടിപ്പോയിരുന്നു. ശാം, ഹിജാസ്, യമന്‍, മൊറോക്കോ, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം പഠനാവശ്യാര്‍ഥം അദ്ദേഹം സന്ദര്‍ശിക്കുകയുണ്ടായി. 

ബുല്‍ഖീനി, മനാവി, മഹല്ലി മുതലായവര്‍ ഗുരുനാഥന്‍മാര്‍. വിജ്ഞാനയാത്ര മൊറോക്കൊ, ഇന്ത്യ, യമനിലേക്ക് വരെ നീണ്ടു. 600 ഓളം ഉസ്താദുമാര്‍.ഇമാം ഇൽമുദ്ദീൻ സ്വാലിഹുൽ ബുൽഖീനി, ഇമാം ശറഫുദ്ദീൻ അൽ മനാവി, ശിഹാബുദ്ദീൻ അഹ്മദ് അശ്ശാർമസാഹി, തഖിയുദ്ദീൻ അബുൽ അബ്ബാസ്, മുഹ്‌യിദ്ദീൻ മുഹമ്മദ് അൽ കാഫിയജി(റ) എന്നിവരാണ് പ്രധാന ഗുരുനാഥർ.

ഓരോ വിഷയത്തിലും അവഗാഹം നേടിയ പണ്ഡിതരെ തേടിപ്പിടിച്ച് അവരുടെ സവിധത്തിൽ ചെന്ന് ക്ഷമയോടെ അറിവ് നുകർന്നു.  നൂറ്റിയമ്പതോളം ഉസ്താദുമാരിൽ നിന്ന് ഇത്തരത്തിൽ അറിവുനേടി. അവരിൽ നിന്നെല്ലാം പഠിച്ചെടുത്ത അറിവും തന്റെ  തൂലിക പിറവി നൽകിയ ഗ്രന്ഥങ്ങളും കൊണ്ട് വലിയ ഒരു ലോകം കെട്ടിപ്പടുത്തു മഹാൻ.

ഹി: 866-ല്‍ 17 വയസ്സ് ആയപ്പോഴേക്കും ഗ്രന്ഥരചനക്കും ദര്‍സ് നടത്താനും ഭാഗ്യം. 600 ഓളം ഗ്രന്ഥങ്ങള്‍ രചിച്ചു.ഹദീസ് കൊണ്ട് ഖുര്‍ആനിന് തഫ്‌സീര്‍ പറയുന്ന ഗ്രന്ഥമാണ് അദ്ദുര്‍റുല്‍ മന്‍സൂര്‍.


രചനാ ലോകം

ലോകത്തിന്റെ നാനാദിക്കുകളിലും വിജ്ഞാനം പ്രസരിപ്പിക്കാനും വലിയൊരു പണ്ഡിതവൃന്ദത്തെ രൂപപ്പെടുത്തിയെടുക്കാനും തന്റെ രചനാ വൈഭവം കൊണ്ട് ഇമാം സുയൂത്വിക്ക് സാധിച്ചു. ആ രചനകൾ തലമുറകളെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിക്കുന്നു. സമ്പൂർണവും സരളവും പരിഗണനീയവും അവലംബനീയവുമായ ഗ്രന്ഥങ്ങളായി ഇമാം സുയൂത്വിയുടെ രചനകൾ ഗണിക്കപ്പെട്ടു. വിജ്ഞാനത്തിനു

വേണ്ടി ലോകത്തിന്റെ പലയിടങ്ങളിലേക്കും മഹാൻ സഞ്ചരിച്ചു. ശാം, ഹിജാസ്, യമൻ തുടങ്ങി പാശ്ചാത്യ-പൗരസ്ത്യ രാജ്യങ്ങളിലെല്ലാം യാത്ര ചെയ്തു.

വൈവിധ്യങ്ങളായ അഞ്ഞൂറിൽ പരം ഗ്രന്ഥങ്ങളാണ് ആ ജ്ഞാനപുരുഷൻ ലോകത്തിനു സമർപ്പിച്ചത്.    മറ്റൊരഭിപ്രായമനുസരിച്ച് അറുനൂറിലേറെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു.  ഇമാം സുയൂത്വിയുടെ രചനകളെക്കുറിച്ച് അല്ലാഹുവിന്റെ ദൃഷ്ടാന്തമെന്നേ പറയാനുള്ളൂ. അത്രത്തോളം രചനാ വേഗതയുടെയും വൈഭവത്തിന്റെയും ഉടമയാണ് മഹാൻ (അൽ ഇത്ഖാൻ).

രചനകള്‍ 725 ആണെന്ന് അഹ്മദ് ശര്‍ഖാവി രേഖപ്പെടുത്തുന്നു. ഹിജ്‌റ 904 വരെ അദ്ദേഹം രചിച്ച കൃതികളുടെ എണ്ണം 538 ആണെന്നും, അവയില്‍ തഫ്‌സീറില്‍ 73-ഉം ഹദീസില്‍ 205-ഉം മുസ്വ്ത്വലഹില്‍ 32-ഉം ഫിഖ്ഹില്‍ 71-ഉം ഉസ്വൂലുല്‍ ഫിഖ്ഹ്, ഉസ്വൂലുദ്ദീന്‍, തസ്വവ്വഫ് എന്നിവയിലായി 20-ഉം ഭാഷാശാസ്ത്രം, വ്യാകരണം എന്നിവയില്‍ 66-ഉം താരീഖില്‍ 30-ഉം ഇല്‍മുല്‍ മആനി, ബദീഅ് എന്നിവയില്‍ 6-ഉം കൃതികളുണ്ടെന്നും ശൈഖ് അബ്ദുല്‍ ഹയ്യ് തന്റെ കശ്ഫുള്ളുനൂനില്‍ വിവരിക്കുന്നുണ്ട്. ഹുസ്‌നുല്‍ മുഹാളറ എന്ന തന്റെ കൃതിയില്‍ 300 ഗ്രന്ഥങ്ങള്‍ താന്‍ എഴുതിയിട്ടുണ്ടെന്ന് ഇമാം സുയൂത്വി (റ) വ്യക്തമാക്കുന്നു. 

അദ്ദേഹത്തിന്റെ ശിഷ്യൻ ദാവിദി പറയുന്നു: ശൈഖിനെ നിരീക്ഷിച്ചപ്പോൾ എനിക്ക് കണ്ടെത്താനായത് എല്ലാ ദിവസവും മൂന്ന് പേജ് രചനക്കായും രചനാ ക്രമീകരണത്തിനായും ചെലവഴിച്ചതായാണ്.  ഹദീസുകളിലും മറ്റുമുള്ള അവ്യക്തങ്ങളെ സമ്പൂർണവും സരളവുമായ മറുപടികൾകൊണ്ട് ദൂരീകരിച്ചു. അങ്ങനെ അക്കാലഘട്ടത്തിൽ ജീവിച്ചിരുന്ന  മഹാപണ്ഡിതനായി (താരീഖുൽ ഖുലഫാഅ്).

ശിഹാബ് അഹ്മദുബ്‌നു ഖാസിം അല്‍ബൂനി പറയുന്നു: ''മുഴുവന്‍ ഹദീസുകളെയും ഒരൊറ്റ കിതാബില്‍ ഒരുമിച്ചുകൂട്ടണമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജാമിഉല്‍ കബീര്‍ ഗ്രന്ഥരചന 80,000 ഹദീസുകള്‍ സമാഹരിച്ചപ്പോഴേക്കും മരണം അദ്ദേഹത്തെ തേടിയെത്തി.'' ഹദീസുകളുടെ പ്രബലത ഉറപ്പുവരുത്തുന്നതിനുള്ള തഖ്‌രീജുല്‍ ഹദീസ് മേഖലയിലും ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അവയിലെ മാസ്റ്റര്‍പീസ് ഗ്രന്ഥമാണ് മനാഹിലുല്‍ സ്വഫാ ഫീ തഖ്‌രീജി അഹാദീസ് അല്‍ ശിഫാ. കെട്ടിച്ചമക്കപ്പെട്ട ഹദീസുകളെക്കുറിച്ച് പ്രതിപാദിക്കുന്ന മറ്റൊരു ഗ്രന്ഥമാണ് അല്‍ ഹിലലുല്‍ മസ്വ്‌നൂഅ ഫീ അഹാദീസുല്‍ മൗളൂഅ. നള്മു ദുറര്‍ ഫീ ഇല്‍മി അസര്‍ എന്ന കൃതി ഉസ്വൂലുല്‍ ഹദീസില്‍ അദ്ദേഹത്തിന്റെ പാണ്ഡിത്യം വിളിച്ചോതുന്നു. നബിമാരുടെ ജീവചരിത്രവും മറ്റും കൃത്യമായി രേഖപ്പെടുത്തുന്ന ത്വബഖാത്തുല്‍ ഹുഫ്ഫാള് എന്ന ഗ്രന്ഥവും സുയൂത്വിയുടെ സംഭാവനകളില്‍ പെടുന്നു.

ചരിത്രത്തിലും ആ പ്രതിഭയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. ചരിത്രകാരന്മാര്‍ പരമ്പരാഗതമായി സ്വീകരിച്ചുപോന്ന ശൈലി വെടിഞ്ഞ് പുതിയതൊന്ന് അദ്ദേഹം പരിചയപ്പെടുത്തി. അല്‍ ശമാരീഖ് ഫീ ഇല്‍മിത്താരീഖ് എന്ന ഗ്രന്ഥത്തില്‍ ആദം നബി മുതലുള്ള പ്രവാചകന്മാര്‍, മുന്‍കഴിഞ്ഞ സമുദായക്കാര്‍, അവര്‍ ഭൂമിയില്‍ വസിച്ച കാലം, വര്‍ഷം, നാമാവശേഷമാവാനുള്ള കാരണങ്ങള്‍, പ്രമുഖരുടെ ജന്മദിനം, മരണം, പ്രത്യേക സംഭവങ്ങള്‍ തുടങ്ങിയവ വിവരിക്കുന്നു. താരീഖ് ഖുലഫാഇ ഉമ്മത്തില്‍ ഇസ്‌ലാം എന്ന ഗ്രന്ഥം അബൂബക്ര്‍ (റ) മുതലുള്ള ഖലീഫമാരുടെ ചരിത്രം വസ്തുനിഷ്ഠമായി വിശദീകരിക്കുന്നു. ഹുസ്‌നുല്‍ മുഹാളറ ഫീ താരീഖി മിസ്വ്‌റ വല്‍ ഖാഹിറ സ്വന്തം രാജ്യത്തെക്കുറിച്ച് അദ്ദേഹം രചിച്ച ദേശസ്‌നേഹം തുളുമ്പുന്ന കൃതിയാണ്. ഈ ഗ്രന്ഥം ഈജിപ്തിനെക്കുറിച്ചുള്ള വിജ്ഞാനകോശമായി പല ചരിത്രകാരന്മാരും പരിചയപ്പെടുത്തിയിട്ടുണ്ട്. ഈജിപ്ഷ്യന്‍ പണ്ഡിതന്മാരെ കുറിച്ചും അവരുടെ സംഭാവനകളെക്കുറിച്ചും ഈ കൃതിയില്‍ സവിസ്തരം പ്രതിപാദിക്കുന്നു.

തികഞ്ഞ ഒരു ഭാഷാ പണ്ഡിതന്‍ കൂടിയായിരുന്നു സുയൂത്വി. തഅ്‌രീഫുല്‍ അഅ്ജം ഫീ ഫുറൂഇല്‍ മുഅ്ജം, ശറഹ് ഖസ്വീദത്ത് അല്‍ ഖാഫിയ, അല്‍ ഇഖ്തിറാഹ് ഫീ ഉസ്വൂലിന്നഹ്‌വ്, അല്‍ അശ്ബാഹ് വന്നളാഇര്‍ ഫി ന്നഹ്‌വ്, ഹംഉല്‍ ഹവാമിഅ് ഫി ജംഇല്‍ ജവാമിഅ് തുടങ്ങിയ കൃതികള്‍ ഭാഷാ ശാസ്ത്രത്തില്‍ പ്രസിദ്ധമാണ്. ഇല്‍മുല്‍ ബയാന്‍, ഇല്‍മുല്‍ മആനി, ഇല്‍മുല്‍ ബദീഅ്, കാവ്യം തുടങ്ങിയവയിലും അദ്ദേഹം നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.


മഹാന്റെ രചകനകളിൽ ചിലതു കുറിക്കാം:

അദ്ദുർറുൽ മൻസൂർ, അൽ ഇത്ഖാൻ, അൽ മിസ്ഹർ ഫില്ലുഗത്ത്, അൽ ജാമിഉ സ്സ്വഗീർ, ഹുസ്‌നുൽ മുഹാളറ, ലുബാബു നുഖൂൽ, അൽഫിയ്യ…

രചനയിലെ അരങ്ങേറ്റം തഫ്‌സീറിലായിരുന്നു. വിശുദ്ധ ഖുര്‍ആന്റെ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും ഉള്‍ക്കൊള്ളുന്ന സുയൂത്വിയുടെ തഫ്‌സീറുകള്‍ മറ്റുള്ളവയില്‍നിന്ന് വ്യത്യസ്തമാണ്. പതിനഞ്ചോളം തഫ്‌സീര്‍ ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിനുണ്ട്. ദുര്‍റുല്‍ മന്‍സ്വൂര്‍ ഫീ തഫ്‌സീര്‍ ബില്‍ മഅ്‌സൂര്‍, അല്‍ ഇത്ഖാന്‍ ഫീ ഉലൂമില്‍ ഖുര്‍ആന്‍, തര്‍ജുമാനുല്‍ ഖുര്‍ആന്‍, അല്‍ ഇക്‌ലീല്‍ ഫീ ഇസ്തിന്‍ബാതി തന്‍സീല്‍, മജ്മഉല്‍ ബഹ്‌റൈന്‍, ത്വബഖാതുല്‍ മുഫസ്സിരീന്‍ തുടങ്ങിയവ അവയില്‍ ശ്രദ്ധേയമാണ്.

അറുപത്തൊന്ന് വർഷത്തെ ജീവിതകാലത്തിനിടയിൽ അദ്ദേഹം മതവിജ്ഞാന മേഖലക്കു കനപ്പെട്ട സേവനങ്ങൾ നൽകി. രചനയിൽ വളരെയേറെ പ്രചാരം നേടിയതാണ് തഫ്‌സീറുൽ ജലാലൈനി. സൂറത്തുൽ കഹ്ഫ് മുതൽ സൂറത്തു ന്നാസ് വരെയും, തുടർന്ന് ഫാതിഹയും അൽ ബഖറയിൽ നിന്ന് അൽപവുമാണ് തഫ്‌സീറുൽ ജലാലൈനിയിൽ ഇമാം മഹല്ലിയുടേത്. തുടർന്നുള്ള ഭാഗങ്ങൾ ഇമാമിന്റെ കാലശേഷം ഇമാം സുയൂത്വിയാണ് പൂർത്തീകരിച്ചത്. ഇത്തരത്തിൽ സംഭവബഹുലമായ കാര്യങ്ങൾ ലോകത്തിന് സമർപ്പിച്ച് വരും തലമുറക്ക് ഇസ്‌ലാമിന്റെ അധ്യാപനങ്ങളെ പരിചയപ്പെടുത്തി.  

പത്താം നൂറ്റാണ്ടിനെ സംസ്‌കരിച്ചെടുക്കുന്നതിൽ മഹാനവർകളുടെ രചനകൾ വലിയ സ്വാധീനം ചെലുത്തി. ഓരോ നൂറ്റാണ്ടിലും വന്ന നവോത്ഥാന നായകൻമാരെ ജ്ഞാനികൾ വിശദീകരിച്ചിട്ടുണ്ട്. ഒന്നാം നൂറ്റാണ്ടിൽ ഉമറുബ്‌നു അബ്ദുൽ അസീസും രണ്ടാം നൂറ്റാണ്ടിൽ ഇമാം ശാഫിഈയും മൂന്നാം നൂറ്റാണ്ടിൽ ഇബ്‌നു സുറൈജും നാലാം നൂറ്റാണ്ടിൽ ഇമാം സ്വഅ്ലൂമിയും അഞ്ചാം നൂറ്റാണ്ടിൽ ഇമാം ഗസ്സാലിയും ആറാം നൂറ്റാണ്ടിൽ ഫഖ്‌റുദ്ദീനുറാസിയും ഏഴാം നൂറ്റാണ്ടിൽ ഇമാം നവവിയും എട്ടാം നൂറ്റാണ്ടിൽ അസ്‌നവിയും ഒമ്പതാം നൂറ്റാണ്ടിൽ ഇബ്‌നുഹജറുൽ അസ്ഖലാനിയും പത്താം നൂറ്റാണ്ടിൽ ഇമാം സുയൂത്വി(റ.ഹും.) യുമെന്നാണ് പണ്ഡിത ഭാഷ്യം (തഖ്‌രീറാത്ത്).


അറുനൂറില്‍ പരം രചനകളുടെ കര്‍ത്താവാണ് ഇമാം സുയൂഥ്വി (റ). ഒന്നോ രണ്ടോ പേജില്‍ ഒതുങ്ങുന്ന ചെറുഗ്രന്ഥങ്ങളും വാള്യങ്ങള്‍ തന്നെയുള്ള ബൃഹത്തായ ഗ്രന്ഥങ്ങളും ഇതില്‍ പെടും. പൌരാണിക പണ്ഢിതരുടെ ധാരാളം രചനകള്‍ക്കു സംക്ഷേപം തയ്യാറാക്കിയിട്ടുണ്ട് ഇമാം സുയൂഥ്വി...

തിരുദൂതരുടെ ﷺ എല്ലാ ഹദീസുകളും ഒരു ഗ്രന്ഥത്തില്‍ സമാഹരിക്കാന്‍ കൊതിച്ചിരുന്ന ഇബ്നു ഹജര്‍ (റ) (മരണം 852) പക്ഷേ, തന്റെ പദ്ധതി ഉപേക്ഷിക്കുകയാണുണ്ടായത്. ശേഷം ഇതേ വഴിയില്‍ ഇമാം സുയൂഥ്വി (റ) ചിന്തിക്കുകയും ‘അല്‍ ജാമിഉല്‍ കബീര്‍’ എന്ന ഗ്രന്ഥം രചിക്കുകയും ചെയ്തു...

തിരുനബി ﷺ യുടെ മൊഴിമുത്തുകള്‍, പ്രവൃത്തികള്‍ എന്നിങ്ങനെ രണ്ടു ഭാഗങ്ങളാണ് ഗ്രന്ഥത്തിലുള്ളത്. ഒന്നാമത്തേതില്‍ അക്ഷരമാല ക്രമമനുസരിച്ച് റസൂലുല്ലാഹിയുടെ ﷺ വാക്കുകള്‍ സംവിധാനിച്ചിരിക്കുന്നു. രണ്ടാം ഭാഗം സംവിധാനിച്ചിരിക്കുന്നത് കൂടെയുണ്ടായിരുന്ന ആളുകളെ പരിഗണിച്ചു കൊണ്ടാണ്. സനദു പറയുന്ന സ്വഭാവം ഇതില്‍ ഉപേക്ഷിച്ചിരിക്കുകയാണ് രചയിതാവ്...


മാഹാത്മ്യം

ഇമാം സുയൂത്വി കേവലം രചനാ രംഗത്തും അധ്യാപന രംഗത്തും മാത്രം പ്രകാശിച്ചു നിൽക്കുന്നവരായിരുന്നില്ല. മറിച്ച്, ഒരു മനുഷ്യനിലുണ്ടാവേണ്ട നല്ല ഗുണങ്ങൾ ആവോളം ഒത്തിണങ്ങിയവരായിരുന്നു. മാന്യനും ദയാലുവും സൂക്ഷ്മ ശാലിയും സ്വാലിഹുമായിരുന്നു.  കിട്ടിയതു കൊണ്ട് പൊരുത്തപ്പെടുന്ന പ്രകൃതമായിരുന്നു മഹാന്റേത്.

നജ്മുദ്ദീനുൽ ഗിസ്സി പറയുന്നു: മഹാനവർകൾക്ക് നാൽപതു വയസ്സായപ്പോൾ തനിച്ച് താമസിക്കാൻ തുടങ്ങി. ജനങ്ങളെയും കുടുംബത്തെയും നാട്ടുകാരെയും വെടിഞ്ഞും എല്ലാം ഉപേക്ഷിച്ചും പഠനത്തിലും രചനയിലുമായി റൗളത്തുൽ മിഖ്‌യാറിൽ ഏകനായി വസിച്ചു.  ഇവിടെ വെച്ചാണ് മിക്ക ഗ്രന്ഥങ്ങളും മഹാനവർകൾ എഴുതിത്തീർത്തത്.  മരണംവരെ ഇവിടെത്തന്നെ കഴിച്ചുകൂട്ടി.  മരണം സംഭവിച്ചതും റൗളത്തുൽ മിഖ്‌യാറിൽ വെച്ചാണ്. ഇമാമവർകളെ സന്ദർശിക്കാനും ബറകത്തെടുക്കാനും ധാരാളം ഉമറാക്കളും ധനാഢ്യരും എത്തിയിരുന്നു.  

അവരെല്ലാവരും മഹാനവർകൾക്ക് വിലപ്പെട്ട ഹദ്‌യകൾ നൽകുമായിരുന്നു.  എന്നാൽ അതൊന്നും വാങ്ങാൻ കൂട്ടാക്കിയിരുന്നില്ല.  എല്ലാം അവരിലേക്കു തന്നെ തിരിച്ചു നൽകുകയാണ് ചെയ്തത്. ഒരിക്കൽ മിസ്‌റിലെ സുൽത്വാൻ സൈഫുദ്ദീനുൽ ഗൂരിയ്യ് മഹാനവർകളിലേക്ക് ദൂതനെ അയച്ചു. ദൂതന്റെ കൈവശം ആയിരം ദീനാറും ഒരു അടിമയെയും കൊടുത്തയച്ചു.  എന്നാൽ ഇമാം ദീനാർ തിരിച്ച് കൊടുക്കുകയും ആ അടിമയെ മോചിപ്പിച്ച് ഹുജ്‌റത്തു ശരീഫിൽ സേവകനാക്കുകയും ചെയ്തു. എന്നിട്ട് സുൽത്താന്റെ ദൂതനോട് പറഞ്ഞു: ഇനിയൊരിക്കലും ഹദ്‌യയുമായി വരരുത്. കാരണം എന്റെ രക്ഷിതാവ് ഇവയെത്തൊട്ടെല്ലാം എന്നെ സമ്പന്നനാക്കിയിട്ടുണ്ട് (താരീഖുൽ ഖുലഫാഅ്).


തിരുനബിയുടെ (സ) ആശീർവാദം

തിരുനബി(സ്വ)യെ എഴുപതോളം തവണ സ്വപ്നത്തിൽ ദർശിച്ചു ഇമാം സുയൂത്വി.  സ്വപ്നത്തിൽ തിരുനബി(സ്വ)മഹാനവർകളെ ഹാത്തി യാ ശൈഖുസ്സുന്ന എന്ന ആശീർവാദം കൊണ്ട് അനുഗ്രഹിച്ചു.  ഇത് മഹാനവർകളുടെ കറാമത്തായി പണ്ഡിതലോകം ഗണിക്കുന്നു (ഹാശിയത്തു സ്വാവി).

ഹൈദറൂസി എന്ന മഹാൻ പറയുന്നു: ഇമാം സുയൂത്വി(റ)പറഞ്ഞു: തിരുനബി(സ)യെ ഞാൻ സ്വപ്നത്തിൽ ദർശിച്ചു. ആ സമയത്ത് ഹദീസ് വിഷയത്തിൽ ഞാൻ രചന നടത്തിയ ജംഉൽ ജവാമിഅ് എന്ന കിതാബിനെക്കുറിച്ച് തിരുനബിയോട് ഓർമപ്പെടുത്തിയപ്പോൾ, അവിടുന്ന് ചിരിച്ച് യാ ശൈഖൽ ഹദീസ് എന്ന് പറഞ്ഞ് ആശീർവദിച്ചു. മാത്രമല്ല, നിങ്ങളുടെ ഈ ഒരുക്കം എന്റെയടുക്കൽ ദുൻയാവിനേക്കാൾ സന്തോഷം നൽകുന്നു എന്ന് പറഞ്ഞ് ആദരിക്കുകയും ചെയ്തു (കവാകിബുസ്സയ്യാറത്ത്).

ഇമാം സുയൂത്വിയുടെ ഖാദിമായ മുഹമ്മദ് ഇബ്‌നി അലിയ്യിൽ ഹബ്ബാൻ പറയുന്നു: ഒരിക്കൽ ഉച്ചയോടടുത്ത സമയത്ത് ശൈഖവർകൾ എന്നോട് ചോദിച്ചു: നിനക്ക് മക്കയിൽ വെച്ച് അസ്വ്‌റ് നിസ്‌കരിക്കാൻ ആഗ്രഹമുണ്ടോ? ഞാൻ അതേ എന്ന് മറുപടി നൽകി. ശൈഖവർകളുടെ മരണം വരെ അത് മറ്റാരോടും പറയരുതെന്ന നിബന്ധനയോടെയായിരുന്നു സംഭവം. ശേഷം ശൈഖവർകൾ അവിടുത്തെ കൈ പിടിക്കാനും കണ്ണടക്കാനും ആവശ്യപ്പെട്ടു. ശേഷം മഹാനവർകൾ 27 അടി മുന്നോട്ടു നീങ്ങി.

ഒപ്പം ഞാനും. പിന്നീട് കണ്ണുതുറക്കാൻ ആവശ്യപ്പെട്ടു.  ആ സമയം ഞാൻ അത്ഭുതപ്പെട്ടുപോയി.  ഞങ്ങൾ ബാബുൽ മുഅല്ലയിലെത്തിയിരുന്നു. അങ്ങനെ ഞങ്ങൾ ഹറമിൽ പ്രവേശിക്കുകയും ത്വവാഫ് ചെയ്യുകയും തുടർന്ന് സംസം കുടിക്കുകയും ചെയ്തു.  ഇത് ഇമാം സുയൂത്വിയുടെ മറ്റൊരു കറാമത്താണ് (ഹാശിയത്തു സ്വാവി).

വഫാത്ത് 

പണ്ഡിതന്മാര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയിരുന്ന ഈജിപ്ഷ്യന്‍ ഗവണ്‍മെന്റ് ഇമാം സുയൂത്വിയെയും ഒരുപാട് പദവികള്‍ ഏല്‍പിച്ചിരുന്നു. 62 വര്‍ഷം മാത്രം ജീവിച്ച അദ്ദേഹം മുദര്‍രിസും മുഫ്തിയുമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹിജ്‌റ 757-ല്‍ ജാമിഅ ശൗഖാനിയ്യയില്‍ പ്രധാനാധ്യാപകനായിരുന്നു. മദ്‌റസ ബൈബറസില്‍ ശൈഖ് പദവി അലങ്കരിച്ചിരുന്ന അദ്ദേഹം മുതവക്കിലിന്റെ കാലത്ത് (ഹിജ്‌റ 903) ഖാദി ഖുദാത്ത് (ചീഫ് ജസ്റ്റിസ്) പദവിയും വഹിച്ചു.   

ഹിജ്‌റ 911-ൽ ജുമാദുൽ അവ്വൽ 19-ന് വെള്ളിയാഴ്ച രാവിൽ അത്താഴ സമയത്താണ് മഹാൻ ഈ ലോകത്തോട് വിട പറയുന്നത്. റൗളത്തുൽ മിഖ്‌യാറിൽ വെച്ചായിരുന്നു വഫാത്ത്. അസുഖം ബാധിച്ച് ഏഴുദിവസത്തിനു ശേഷമാണിതു സംഭവിച്ചത്. ഈജിപ്തിലെ ബാബുഖുറാഫക്കു പുറത്തുള്ള ഹൗശുഖുർസ്വൂതിലാണ് കബറടക്കപ്പെട്ടത്.  വിജ്ഞാനത്തിന്റെ വിളനിലമായ ഈജിപ്തിൽ ഉദയം ചെയ്ത് ലോകമാകെ പ്രഭപരത്തി, ഒരായുഷ്‌കാലത്തെ നിത്യസ്മരണീയമാക്കാനും യുഗാന്തരങ്ങളിൽ ഗുണങ്ങളും നന്മകളും സമ്പാദിക്കാനുമായി എന്നത് തന്നെയാണ് ഇമാം ജലാലുദ്ദീൻ സുയൂത്വി(റ)യുടെ ഏറ്റവും വലിയ ബഹുമതി. മഹാന്റെ ബറകത്ത് കൊണ്ട് അല്ലാഹു നമ്മെ വിജയിപ്പിക്കട്ടെ.

മരണം 913 ല്‍ ആയിരുന്നുവെന്ന് പറയുന്ന ചരിത്രകാരന്മാരുമുണ്ട്...

No comments:

Post a Comment