Saturday 16 May 2020

ലോക് ഡൗൺ കാലത്തെ പെരുന്നാൾ നമസ്കാരത്തിന്റെ രീതി എങ്ങനെ - ഷാഫി മദ്ഹബ്



ഈ വർഷത്തെ അവസ്ഥകൾ പരിഗണിക്കുമ്പോൾ പെരുന്നാൾ എങ്ങനെ നിസ്‌ക്കരിക്കണം എന്ന് ചിലർക്കൊക്കെ ആശങ്ക ഉണ്ടാകാറുണ്ട്. നോമ്പ് തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഈ അവസരത്തിൽ പഴയതു പോലെ പള്ളിയിൽ പോയി ജമാഅത്തായി നിസ്‌കരിക്കാൻ പറ്റുമോ എന്ന് നമുക്കറിയില്ല . സാധ്യമല്ല എന്നാണ് ഇതുവരെയുള്ള അവസ്ഥകൾ സൂചിപ്പിക്കുന്നത്.

അപ്പോൾ വീട്ടിൽ എങ്ങനെ പെരുന്നാൾ നിസ്‌ക്കരിക്കാം എന്ന് നാം മനസ്സിലാക്കിയിരിക്കണം.

ഷാഫി മദ്ഹബ് പ്രകാരം പെരുന്നാൾ നിസ്ക്കാരം മുഅക്കദായ സുന്നത്താണ് (പ്രബലമായ)

നിസ്‌കരിക്കാൻ അർഹതയുള്ളവർ ഈ നിസ്‌ക്കാരത്തെ ഒഴിവാക്കൽ കറാഹത്താണ് അഥവാ തെറ്റായ കാര്യമാണ്. അതിനാൽ ഇത് സാധിക്കുന്നവരെല്ലാം പെരുന്നാൾ നിസ്ക്കാരം നിർവഹിക്കണം.

അടിമ, സ്ത്രീ, യാത്രക്കാര്‍, നപുംസകം, കുട്ടികൾ എന്നിവര്‍ക്കെല്ലാം പെരുന്നാള്‍ നിസ്കാരം സുന്നത്തുണ്ട്.

ജുമുഅ നിസ്കാരത്തിനുള്ള നിബന്ധനകളില്‍ ജമാഅത്തായി നടത്തുക, എണ്ണം തികയുക തുടങ്ങിയവ പെരുന്നാള്‍ നിസ്കാരത്തിനു ബാധകമല്ല എന്ന അടിസ്ഥാനത്തിലാണ് ഈ വിധി.


എപ്പോൾ വരെ നിസ്‌ക്കരിക്കാം 

സൂര്യോദയം കഴിഞ്ഞ് 20 മിനിട്ടിനു ശേഷം മുതൽ ളുഹർ ബാങ്ക് വരേക്കുള്ള സമയമാണ്.ഇതിനിടയിൽ ഏതെങ്കിലും സമയത്ത് പെരുന്നാൾ നിസ്ക്കാരം നിർവഹിക്കാം.

സൂര്യോദയം മുതല്‍ മധ്യത്തില്‍ നിന്ന് സൂര്യന്‍ തെറ്റുന്നത് വരെയാണ് അതിന്റെ സമയം. എങ്കിലും ദൃഷ്ടിയില്‍ ചക്രവാളത്തില്‍ നിന്ന് ഏഴ് മുഴത്തിന്റെ പരിധി സൂര്യന്‍ ഉയരുന്നത് വരെ(സൂര്യോദയത്തി നു ശേഷം ഏകദേശം ഇരുപതു മിനുട്ടു കഴിയുന്നത് വരെ) പിന്തിക്കലാണ് സുന്നത്. ഈ പരിധിയിലെത്തുമ്പോള്‍ മാത്രമേ നിസ്കാര സമയം കടക്കുകയുള്ളൂവെന്ന അഭിപ്രായത്തെ മാനിച്ചു കൊണ്ടാണിത്. അതു കൊണ്ടു തന്നെ അതിന്റെ മുമ്പ് നിസ്കരിക്കല്‍ കറാഹതാകുന്നു. എന്നാല്‍ സമയം പുറപ്പെട്ട ശേഷം നിസ്കരിച്ചാല്‍ സാധുവാകുന്നതാണെങ്കിലും അത് ഖ്വള്വാആയാണ് പരിഗണിക്കപ്പെടുക.

സുന്നത്ത് നിസ്കാരങ്ങള്‍ ചില സമയത്ത് നിര്‍വ്വഹിക്കല്‍ കറാഹത്താണ്. എന്നാല്‍ ഈ നിയമം പെരുന്നാള്‍ നിസ്കാരത്തിനു ബാധകമല്ല. ഈ അടിസ്ഥാനത്തില്‍ സൂര്യനുദിച്ച ഉടനെ പെരുന്നാള്‍ നിസ്കാരം നിര്‍വഹിക്കുന്നതില്‍ തെറ്റില്ല.


ഇമാമും ജമാഅത്തുമായി നിസ്‌ക്കരിക്കൽ സുന്നത്തുള്ള നിസ്ക്കാരം കൂടിയാണ് പെരുന്നാൾ നിസ്ക്കാരം. അങ്ങനെയാകുമ്പോൾ ഒരു കുടുംബത്തിലെ മുഴുവൻ ആളുകൾക്കും നിസ്‌കാരത്തിൽ പങ്കെടുക്കാം.

നിസ്‌ക്കാരത്തെ കുറിച്ച് കൂടുതൽ അറിയുന്ന ഒരു പുരുഷൻ ഇമാമായി നിൽക്കുകയും ബാക്കി ഉള്ളവർ തുടർന്ന് നിസ്‌ക്കരിക്കുകയും ചെയ്യണം.

എന്നാൽ സ്ത്രീകൾക്ക് മാത്രമായി ജമാഅത്ത് സംഘടിപ്പിക്കാൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്യാവുന്നതാണ് .

ഇനി ഒരാൾക്ക് ജമാഅത്തായി നിസ്കരിക്കാനുള്ള സൗകര്യം ഒത്തുവന്നില്ലെങ്കിൽ ഒറ്റക്കും നിസ്‌ക്കരിക്കാവുന്നതാണ്.

ജമാഅത്തായി നിസ്‌ക്കരിക്കുമ്പോൾ നിസ്ക്കാരം തുടങ്ങുന്നതിനു മുൻപ് അസ്വലാത്തു ജാമിഅ എന്ന് പറയൽ സുന്നത്തുണ്ട്. ജമാഅത്തായി നിസ്‌ക്കരിക്കുന്നു എന്ന വിളംബരമാണ് ഇത് കൊണ്ടുള്ള ഉദ്ദേശം.


നിയ്യത്ത് 

ജമാഅത്തായി നിസ്‌ക്കരിക്കുന്നവർ - ചെറിയ പെരുന്നാൾ സുന്നത്തു നിസ്ക്കാരം രണ്ടു റക്കഅത്ത് അല്ലാഹു തആലായ്ക്കു വേണ്ടി ഇമാമും ജമാഅത്തും ആയി ഞാൻ നിസ്‌ക്കരിക്കുന്നു എന്ന് പറഞ്ഞു കൈ കെട്ടലാണ്.

ഒറ്റക്കാണെങ്കിൽ ഇമാമും ജമാഅത്തും എന്നുള്ള ഭാഗം ഒഴിവാക്കി ഒറ്റയ്ക്ക് നിസ്‌ക്കരിക്കുന്നു എന്ന് നിയ്യത്തു വെച്ചാൽ മതിയാകും.


നിയ്യത്തു വെച്ച് കഴിഞ്ഞ ഉടനെ അല്ലാഹു അക്ബർ എന്ന് പറഞ്ഞു കൈ കെട്ടി വജ്ജഹത്ത് ഓതൽ സുന്നത്തുണ്ട് .


തക്ബീറുകൾ ചൊല്ലേണ്ടുന്ന രൂപം

വജ്ജഹത്ത് കഴിഞ്ഞാൽ ഫാത്തിഹയിൽ പ്രവേശിക്കുന്നതിന് മുൻപ് 7 തക്ബീറുകൾ ചൊല്ലൽ സുന്നത്താണ്.  ഈ തക്ബീറുകളാണ് മറ്റു നിസ്‌ക്കാരങ്ങളിൽ നിന്നും പെരുന്നാൾ നിസ്‌ക്കാരത്തെ വേറിട്ട് നിർത്തുന്നത്.

ഈ തക്ബീറുകൾ ഒഴിവായാൽ നമ്മൾ സാധാരണ നിസ്‌ക്കരിക്കുന്ന രണ്ടു റക്കഅത്ത് സുന്നത്തു നിസ്ക്കാരം പോലെയേ ഉള്ളു.

ഈ തക്ബീറുകൾ ഒഴിവാക്കൽ കറാഹത്താണ്.

രണ്ടു തക്ബീറുകൾക്കിടയിൽ സുബ്ഹാനല്ലാഹി വൽ ഹംദു ലില്ലാഹി വലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബർ എന്ന് പറയൽ സുന്നത്തുണ്ട് .

ഒരാൾ ഈ തക്ബീറുകൾ മറന്നു ഫാത്തിഹാ സൂറത്തു ഓതാൻ ആരംഭിച്ചാൽ തക്ബീറിന്റെ സമയം നഷ്ടപ്പെട്ടു. ആ വ്യക്തിയോ , ഇമാമോ തക്ബീറുകൾ മടക്കേണ്ടതില്ല.

ഇനി ഒരാൾ വീണ്ടും മടങ്ങി വന്ന് തക്ബീറുകൾ ചൊല്ലാൻ ആരംഭിച്ചാൽ നിസ്ക്കാരം ബാഥ്വിലാകുകയില്ല.

എന്നാല്‍ ഇമാമ് തക്ബീറുകള്‍ പാടേ ഉപേക്ഷിക്കുന്ന പക്ഷം മഅ്മൂമ് അവയെ കൊണ്ടു വരാതിരിക്കലാണ് സുന്നത്. ഇമാമ് അവയെ ഉപേക്ഷിച്ചത് കരുതിക്കൂട്ടിയോ മറന്നോ ആകട്ടെ. തക്ബീറിന്റെ സ്ഥാ നം അറിയാത്തത് കൊണ്ടായാലും തഥൈവ. ഇനി ഇമാമ് ഒന്നാം റക്’അതില്‍ ഏഴില്‍ അധികവും രണ്ടാം റക്’അതില്‍ അഞ്ചിലധികവും തക്ബീറുകള്‍ കൊണ്ടു വന്നാല്‍ വര്‍ധനവുള്ള തക്ബീറുകളില്‍ തുടരാതിരിക്കുകയാണ് മഅ്മൂമ് വേണ്ടത്. കൈകള്‍ ഉയര്‍ത്താതെ വര്‍ധനവുള്ള തക്ബീറുകള്‍ ചൊല്ലിയത് കൊണ്ട് പന്തികേടൊന്നുമില്ല. അത് കേവലം ഒരു ദിക്റ് മാത്രമായതാണ് കാരണം.

ഇമാമ് രണ്ട് റക്’അതിലും തക്ബീറുകളുടെ എണ്ണം ചുരുക്കുന്ന പക്ഷം എണ്ണം പൂര്‍ത്തിയാക്കലും മഅ് മൂമിന് സുന്നതില്ല. ഇപ്രകാരം തന്നെ മൂന്ന് തക്ബീറുകള്‍ ചൊല്ലുന്ന ഹനഫീ മദ്ഹബുകാരനോ ആറ് തക്ബീര്‍ ചൊല്ലുന്ന മാലികി മദ്ഹബ്കാരനോ ആയ ഇമാമിനെ തുടര്‍ന്നു നിസ്കരിക്കുന്ന മഅ്മൂമും എണ്ണം പൂര്‍ത്തിയാക്കേണ്ടതില്ല. എന്നാല്‍ തക്ബീറുകള്‍ക്കിടയില്‍ ദിക്റുകള്‍ ചൊല്ലാതെ തുടരെ തു ടരെ കൈകളുയര്‍ത്തിക്കൊണ്ട് ഹനഫിയ്യായ ഇമാമ് തക്ബീര്‍ ചൊല്ലുന്ന പക്ഷം ശാഫി’ഇയ്യായ മഅ്മൂ മ് ഇമാമിനെ വിട്ടുപിരിയല്‍ നിര്‍ബന്ധമാണ്. തുടര്‍ച്ചയായുള്ള അനക്കം നിസ്കാരത്തെ ബാത്വിലാക്കും എന്നാണല്ലോ ശാഫി’ഈ മദ്ഹബ്.

ശേഷം ഫാത്തിഹായും സൂറത്തും ഓതണം . സുന്നത്തായ സൂറത്ത് - സബ്ബി ഹിസ്മ എന്ന് തുടങ്ങുന്ന സൂറത്താണ്. ഇതറിയാത്തവർക്കു ഖുർആനിലെ മറ്റേതു സൂറത്തും പാരായണം ചെയ്യാം.

റുക്കൂഉം , സുജൂദും ചെയ്തു ആദ്യ റക്കഅത്ത് പൂർത്തിയാക്കിയ ശേഷം രണ്ടാമത്തെ റക്കഅത്തിലേക്ക് നേരെ നിന്ന് ഫാത്തിഹാ ആരംഭിക്കുന്നതിനു മുൻപ് വീണ്ടും രണ്ടാം റക്കഅത്തിൽ അഞ്ചു പ്രാവശ്യം തക്ബീർ ചൊല്ലൽ സുന്നത്താണ് .

ഓരോ തക്ബീറുകളിലും കൈകൾ അഴിച്ചു കെട്ടണം. ഈ രണ്ടു തക്ബീറിന്റെ ഇടയിലും സുബ്ഹാനല്ലാഹി വൽ ഹംദു ലില്ലാഹി വലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബർ എന്ന് പറയൽ സുന്നത്തുണ്ട്.

ആദ്യ റക്കഅത്തിലെ ഏഴു തക്ബീറും , രണ്ടാം റക്കഅത്തിലെ അഞ്ചു തക്ബീറുകളുമാണ് പെരുന്നാൾ നിസ്‌കാരത്തിന്റെ പ്രെത്യേകത.

ഇനി ഒരാൾക്ക് തക്ബീറുകൾ മറന്നു പോയത് കൊണ്ട് നിസ്‌ക്കാരത്തെ ബാഥ്വിലാക്കുകയില്ല , മറന്നു പോയത് കൊണ്ട് സഹ്‌വിന്റെ (മറവിയുടെ) സുജൂദ് ചെയ്യേണ്ട ആവശ്യവുമില്ല.

അങ്ങനെ രണ്ടു റക്കഅത്തുകൾ പൂർത്തീകരിച്ചതിനു ശേഷം രണ്ടു ഖുഥുബ നിർവഹിക്കൽ സുന്നത്തുണ്ട്.ഈ ഖുതുബ ഉപേക്ഷിക്കൽ കറാഹത്താണ്.

അപ്പോൾ പെരുന്നാൾ വീട്ടിൽ നിസ്കരിച്ചാലും , പള്ളിയിൽ നിസ്‌ക്കരിച്ചാലും , ഇത് നിസ്‌കരിക്കാൻ തരപ്പെടുന്ന സ്ഥലത്തു വെച്ചാണെങ്കിലും പുരുഷനാണ് ഇമാമെങ്കിൽ നിസ്‌കാരത്തിന് ശേഷം ഖുഥുബ ഓതൽ സുന്നത്താണ്.

ഇനി ഖുഥുബ ഓതിയില്ലെങ്കിലും നിസ്‌ക്കാരത്തെ അത് ബാധിക്കുകയില്ല.

സ്ത്രീകൾ മാത്രം ജമാഅത്ത് നടത്തുന്നിടത്തു ഖുഥുബ ഓതേണ്ടതില്ല , ഒറ്റയ്ക്ക് പെരുന്നാൾ നിസ്‌ക്കരിക്കുന്നവനും ഇത് തന്നെയാണ് വിധി .

നിസ്ക്കാരം കഴിഞ്ഞു ഖുതുബ ഓതാൻ പോകുമ്പോൾ വീട്ടിൽ മിമ്പറോ,അനുബന്ധ സംവിധാനങ്ങളോ ഇല്ലെന്നു ബേജാറാകേണ്ട. ഒരു കസേരയോ , സ്റ്റൂളോ ഇട്ട് അതിൽ ഇരുന്നാലും മതി.

ശേഷം ആദ്യ ഖുതുബയ്ക്കു വേണ്ടി എഴുന്നേറ്റു നിൽക്കണം. അപ്പോൾ ഒൻപതു പ്രാവശ്യം അല്ലാഹു അക്ബർ എന്ന തക്ബീർ ചൊല്ലൽ സുന്നത്താണ്.

ആദ്യ ഖുതുബയിൽ നാല് ഫർളുകൾ ആണുള്ളത്. അറിയാത്തവർ ഈ ഫർളുകൾ മാത്രം നിർവഹിച്ചാൽ മതിയാകും. പള്ളിയിൽ ഓതുന്നത് പോലത്തെ വിശദമായ ഖുഥുബ വേണമെന്ന് നിബന്ധനയൊന്നുമില്ല .


ഫർളുകൾ ഇപ്രകാരമാണ് 

അല്ലാഹവിനെ സ്തുതിക്കുക .  الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ എന്ന ഫാതിഹയിലെ ആയത്തോതിയാൽ ആദ്യ ഫർള് പൂർത്തിയായി

രണ്ടാമത്തെ ഫർള് നബി (സ) യുടെ മേലുള്ള സ്വലാത്ത് ചൊല്ലലാണ്. അറിയാവുന്ന ഏതു സ്വലാത്തും മതിയാകുന്നതാണ്.

മൂന്നാമതായി തഖ്‌വ കൊണ്ട് വസിയ്യത്തു ചെയ്യലാണ്. ചുരുങ്ങിയ പക്ഷം ഊസീക്കും ബി തഖ്‌വല്ലാഹ് എന്ന് പറഞ്ഞാൽ മതിയാകും.

നാലാമതായി ഒരു ആയത്തോത്തലാണ്. ഏതെങ്കിലും ചെറിയൊരു ആയത്തോതി ഒന്നാം ഖുഥുബ പൂർത്തീകരിക്കണം.

അതിനു ശേഷം തയ്യാറാക്കപ്പെട്ട കസേരയിലോ , സ്റ്റൂളിലോ ഇരിക്കണം.

അടുത്തതായി രണ്ടാമത്തെ ഖുഥുബ ഓതാൻ ആരംഭിക്കണം.

രണ്ടാം ഖുഥുബ തുടങ്ങുന്നതിനു മുൻപ് ഏഴു പ്രാവശ്യം തക്ബീറുകൾ ചൊല്ലൽ സുന്നത്താണ്.


അത് കഴിഞ്ഞാൽ മുകളിൽ പറഞ്ഞ ആദ്യ മൂന്ന് ഫർളുകൾ രണ്ടാം ഖുത്തുബയിലും ആവർത്തിക്കണം.

രണ്ടാം ഖുതുബയിൽ നാലാമത്തെ ഫർള് സത്യ വിശ്വാസികളായ മുഅ്മിനുകൾക്കു വേണ്ടി ദുആ ചെയ്യലാണ്. നമുക്കേവർക്കും അറിയാവുന്ന ഒരു ദുആ ആണ് , അല്ലാഹുമ്മഗ്ഫിർലിൽ മുഅ്മിനീന വൽ മുഅ്മിനാത്ത് എന്നുള്ളത്. ഇത്രയും പറഞ്ഞു കഴിഞ്ഞാൽ രണ്ടാം ഖുതുബയും പൂർത്തിയാകും.

ഇനി ഒരാൾ ഖുഥുബ ഓതിയില്ലെങ്കിലും നിസ്‌ക്കാരത്തെ അത് ബാധിക്കുകയില്ല . ഇതാണ് ചെറിയ പെരുന്നാൾ നിസ്‌ക്കാരത്തെ കുറിച്ച് ചെറിയ രീതിയിൽ ശാഫിഈ മദ്ഹബിൽ പറയാനുള്ളത്.


No comments:

Post a Comment