Wednesday 6 May 2020

ഹുദൈബിയ സന്ധി



പ്രവാചക ദൌത്യനിര്‍വ്വഹണ കാലഘട്ടത്തില്‍ അതുല്യവും നിര്‍ണായകവുമായ വഴിത്തിരിവായിരുന്നു ഹുദൈബിയ സന്ധി. സമുദായത്തിന് എക്കാലത്തും പഠിക്കാനും ചിന്തിക്കാനും ഉള്‍ക്കൊള്ളാനുമുള്ള അനവധി പാഠങ്ങള്‍ ഉള്‍കൊണ്ടതാണ് ഈ കരാറും അതിന്റെ പശ്ചാത്തലവും അതിന്റെ മുമ്പും പിമ്പുമുള്ള സംഭവവികാസങ്ങളും. ദീനിന്റെ പൂര്‍ത്തീകരണവും വിശുദ്ധ ഗേഹത്തിന്റെയും പ്രവാചരുടെയും സംരക്ഷണവും അല്ലാഹു ഏറ്റെടുത്തതാണ്. സമുദായവും അതിന്റെ സംഘശക്തിയും യുദ്ധപാഠവും കായബലവും നയതന്ത്രജ്ഞതയും കേവലം നിമിത്തം മാത്രമാണെന്നുള്ള ഉജ്ജലമായ സന്ദേശമാണ് സമുദായം ഉള്‍കൊള്ളേണ്ടത്. സമുദായം മുമ്പെങ്ങുമില്ലാത്ത വിധം അരക്ഷിതാവസ്ഥയും ദിശാബോധമില്ലയ്മയും നേരിടുന്ന വര്‍ത്തമാന കാലത്ത് ഈ കരാര്‍ കാലികമായ പുനര്‍വായന അര്‍ഹിക്കുന്നുണ്ട്. 


പശ്ചാത്തലം


പ്രവാചകരും സ്വഹാബികളും നിര്‍ഭയരായും തലമുണ്ഡനം ചെയ്തും മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുന്നതായി പ്രവാചകന്‍ സ്വപ്നം കണ്ടു. ഇതിനെ തുടര്‍ന്ന് ഹിജ്റ ആറാം വര്‍ഷം പ്രവാചകര്‍ ആയിരത്തിനാനൂറ് സ്വഹാബികളുമായി ഉംറ നിര്‍വഹിക്കാന്‍ മക്കയിലേക്ക് പുറപ്പെട്ടു. ദുല്‍ഹുലൈഫയില്‍ എത്തിയ പ്രവാചകര്‍ ഉംറക്ക് ഇഹ്റാം കെട്ടുകയും ബലിമൃഗങ്ങളെ തയ്യാറാക്കുകയും, ഖുറൈശികളുടെ നിലപാടറിയാന്‍ ഖുസാഅ ഗോത്രക്കാരനായ ഒരു ചാരനെ മക്കയിലേക്കയക്കുകയും ചെയ്തു. ഉസ്ഫാന്‍ എന്ന പ്രദേശത്തിനടുത്തെത്തിയപ്പോള്‍ ചാരന്‍ തിരിച്ച് വരികയും ഖുറൈശികള്‍ പ്രവാചകരുടെ ആഗമനം അറിഞ്ഞെന്നും അവര്‍ പ്രവാചകരോട് യുദ്ധം ചെയ്യാനും ഹറമില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കാനും പദ്ധതിയിടുന്ന വിവരം പ്രവാചകനെ ധരിപ്പിക്കുകയും ചെയ്തു. അവിടെ നിന്ന് പുറപ്പെട്ട് സനിയ്യത്തുല്‍ മിറാറിലെത്തിയപ്പോള്‍ പ്രവാചകരുടെ ഒട്ടകം മുട്ടുകുത്തി.


ഇത് പ്രവാചകന്‍ മക്കയില്‍ പ്രവേശിക്കുകയില്ലെന്നും വഴിയില്‍ വെച്ച് ഖുറൈശികളുമായി സന്ധി ചെയ്യുമെന്നുള്ള സൂചനയായിരുന്നു.വിവരം അറിഞ്ഞ ഖുറൈശികള്‍ ഭയചകിതരായി. ഞങ്ങള്‍ യുദ്ധം ചെയ്യാന്‍ വന്നവരെല്ലന്നും മറിച്ച് ഉംറ നിര്‍വ്വഹിക്കല്‍ മാത്രമാണ് ആഗമനോദ്ദേശ്യമെന്ന സന്ദേശവുമായി പ്രവാചകര്‍ ഉസ്മാന്‍(റ)നെ മക്കയിലേക്കയച്ചു.


വഴിമധ്യേ ഉസ്മാന്‍(റ) കൊല്ലപ്പെട്ടു എന്ന വാര്‍ത്ത പ്രവാചകര്‍ കേട്ടു. ഉടനെ പ്രവാചകര്‍ തന്റെ അനുയായികളെ ബൈഅത്ത് ചെയ്യാന്‍ വിളിച്ചുകൂട്ടുകയും അവര്‍ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട മരത്തിന്റെ ചുവട്ടില്‍ വെച്ച് ഒരിക്കലും പിന്മാറാതെ ശത്രുക്കളോട് യുദ്ധം ചെയ്യുമെന്ന് പ്രവാചകരോട് കരാര്‍ ചെയ്യുകയും ചെയ്തു. ആദ്യമായി ബൈഅത്ത് ചെയ്തത് ഉമര്‍(റ)ആയിരുന്നു. 


ഖുറൈശികള്‍ പ്രവാചകരോട് സംസാരിക്കുന്നതിനായി അറബ് പ്രമാണി ഉര്‍വത്തുബ്നു മസ്ഊദിനെ അയച്ചു. തിരിച്ചുവന്ന ഉര്‍വ താന്‍ കണ്ട കാഴചകള്‍ ആശ്ചര്യം അല്‍പം പോലും ചോരാത്ത ഭാഷയില്‍ വിവരിച്ചു: ഞാന്‍ കിസ്റയെയും ഖൈസറിനെയും നജാശിയെയും സന്ദര്‍ശിച്ചിട്ടുണ്ട്.  മുഹമ്മദിനെ അനുയായികള്‍ ബഹുമാനിക്കുന്നത് പോലെ ഒരു വിഭാഗം അവരുടെ രാജാവിനെ ബഹുമാനിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. പ്രാവാചകരുടെ കഫം എടുത്ത് മുഖത്ത് പുരട്ടുകയും വുളൂഅ് ചെയ്ത വെള്ളത്തിന് വേണ്ടി ശണ്ഠ കൂടുകയും ബഹുമാനം കാരണം വളരെ പതിഞ്ഞ സ്വരത്തില്‍ സംസാരക്കുകയും ചെയ്തിരുന്നു. 


കാര്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ വഷളാവുന്നു എന്ന സത്യം ഖുറൈഷികള്‍ തിരിച്ചറിച്ചിഞ്ഞിരുന്നു. അവര്‍ അംറുബ്നു സുഹൈലിനെ സന്ധിസംഭാഷണത്തിനായി പ്രവാചകരുടെ അടുത്തേക്ക് അയച്ചു.

ആമുഖ സംഭാഷണത്തിന് സുഹൈല്‍ തന്നെ തുടക്കമിട്ടു. ഇരു കൂട്ടര്‍ക്കുമിടയില്‍ സന്ധി ആകാമെന്ന സുഹൈലിന്റെ ആവശ്യം അംഗീകരിച്ച പ്രവാചകര്‍ അലി (റ) നെ വിളിച്ച് കരാര്‍ എഴുതാന്‍ ആവശ്യപ്പെട്ടു. "റഹ്മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തില്‍ എഴുതൂ''  ഉടന്‍ സുഹൈല്‍ ഇടപെട്ടു. "ഈ പറഞ്ഞ റഹ്മാന്‍ ഞങ്ങള്‍ അറിയില്ല. താങ്കള്‍ മുമ്പ് എഴുതിയിരുന്നത് പോലെ അല്ലാഹുവേ നിന്റെ നാമത്തില്‍ എന്നെഴുതുക.'' ശേഷം പ്രവാചകര്‍ പറഞ്ഞു: ഇത് അല്ലാഹുവിന്റെ ദൂതന്‍ മുഹമ്മദ് കരാര്‍ ചെയ്യുന്നുവെന്ന്്   എഴുതുക. സുഹൈല്‍ വീണ്ടും ഇടപെട്ടു. താങ്കള്‍ അല്ലാഹുവിന്റെ ദൂതന്‍ ആണെന്ന് അറിയമായിരുന്നെങ്കില്‍ ഞങ്ങള്‍ താങ്കളെ തടയുമായിരുന്നില്ല. അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് എന്ന് മാത്രം എഴുതുക. നിങ്ങള്‍ വിശ്വസിച്ചില്ലെങ്കിലും ഞാന്‍ അല്ലാഹുവിന്റെ ദൂതന്‍ തന്നെയാണന്ന് റസൂല്‍ (സ്വ) ആണയിട്ടു.


കരാറിലെ ഉടമ്പടികള്‍ ഇപ്രകാരമായിരുന്നു: 

1. പ്രവാചകന്‍ ഈ വര്‍ഷം തിരിച്ച് പോവുകയും അടുത്ത വര്‍ഷം വന്ന് ഉംറ നിര്‍വഹിക്കുകയും ചെയ്യുക. 

2. അടുത്ത വര്‍ഷം വരുമ്പോള്‍ സാധാരണ യാത്രക്കാരനെടുക്കുന്ന ഉറയിലിട്ട വാളല്ലാതെ മറ്റൊരായുധവും മുസ്ലിംകുളുടെ കയ്യിലുണ്ടാവരുത്.

3. മക്കയില്‍ നിന്നാരെങ്കിലും മദീനയില്‍ വന്നാല്‍ അവരെ മദീനയിലേക്ക് തന്നെ തിരിച്ചയക്കണം. മദീനയില്‍ നിന്ന് മക്കയിലേക്കാരെങ്കിലും വന്നാല്‍ അവരെ തിരിച്ചയക്കില്ല.

4. മുസ്ലിംകളും ഖുറൈശികളും എതിരാളികളെ ബന്ധസ്ഥനാക്കുകയോ ചങ്ങലക്കിടുകയോ ചെയ്യരുത്.

5. പത്ത് വര്‍ഷത്തിന് പരസ്പരം യുദ്ധം ചെയ്യരുത്.

6. പ്രവാചകരുടെ സഖ്യകക്ഷികളായി സന്ധിയാവുന്ന ഗോത്രങ്ങളെ ഖുറൈശികളും ഖുറൈശികളുടെ സഖ്യകക്ഷികളായ ഗോത്രങ്ങളെ പ്രവാചകരും ഉപദ്രവിക്കരുത്.


സ്വഹാബത്തിന്റെ നിലപാട്


പ്രവാചകരും സുഹൈലും കരാര്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരുന്ന സമയത്താണ് അബൂ ജന്ദല്‍ കാലില്‍ ചങ്ങലയുമായി മക്കയില്‍ നിന്ന് രക്ഷപ്പെട്ട് അവിടെ എത്തിയത്. അബൂ ജന്ദലിനെ കരാര്‍ പ്രകാരം തിരിച്ചയക്കണമെന്ന് സുഹൈല്‍ നിര്‍ബന്ധം പിടിച്ചു. നിവൃത്തികേട് കാരണം പ്രവാചകന്‍ വഴങ്ങി. അബൂ ജന്ദലിനെ കരാര്‍ കാര്യം പറഞ്ഞ് മനസ്സിലാക്കുകയും പ്രതിഫലം കാംക്ഷിച്ച് ക്ഷമ കൈകൊള്ളാനും പ്രവാചകന്‍ ആവശ്യപ്പെട്ടു. ഈ സംഭവം പ്രവാചകന്റെ മനസ്സില്‍ ആഴത്തില്‍ ക്ഷതമേല്‍പിച്ചു. 

ഉമര്‍(റ) പ്രവാചകനെ സമീപിച്ച് കാര്യമന്വേഷിച്ചു. "നമ്മള്‍ സത്യദീനിന്റെ ആളുകളും താങ്കള്‍ അല്ലാഹുവിന്റെ ദൂതനുമായിട്ട് എന്തിനാണീ നിന്ദ്യത നമുക്ക് ? പ്രവാചകന്‍ പറഞ്ഞു: "ഞാന്‍ അവന്റെ ദൂതന്‍ ആയതിനാല്‍ അവനെ ഞാന്‍ അനുസരിക്കാതിരിക്കില്ല. അവന്‍ എന്നെ സഹായിക്കും തീര്‍ച്ച''


കരാറിന് ശേഷം പ്രവാചകര്‍ സ്വഹാബികളോട് ഇഹ്റാമില്‍ നിന്ന് വിരമിക്കാനും മൃഗങ്ങളെ അറുക്കാനും ആവശ്യപ്പെട്ടു. സംഭവ ഗതികളില്‍ നിരാശ പൂണ്ട സ്വഹാബികള്‍ കഅ്ബ ത്വവാഫ് ചെയ്യാനുള്ള ആഗ്രഹം നടക്കാതെ പോയതില്‍ വിഷണ്ണരായിരുന്നു. അവര്‍ നിന്നേടത്ത് നിന്ന് അനങ്ങിയില്ല. ഉമ്മു സലമ (റ) യുടെ ഉപദേശ പ്രകാരം പ്രവാചകന്‍ സ്വയം ഇഹ്റാം അഴിക്കുകയും മൃഗത്തെ അറുക്കുകയും മുടി മുണ്ഡനം ചെയ്യാന്‍ ആളെ വിളിക്കുകയും ചെയ്തു. അതോടെ സ്വഹാബാക്കള്‍ കാര്യങ്ങള്‍ ഉള്‍കൊള്ളുകയും മനമില്ലാ മനസ്സോടെയാണെങ്കിലും അവര്‍ എല്ലാം അനുസരിച്ചു. കരാറില്‍ പരാമര്‍ശിക്കാത്തതിനാലും ഖുര്‍ആന്റെ പ്രത്യേക നിര്‍ദേശമുള്ളതിനാലും പ്രാവചകന്‍ മക്കയില്‍ നിന്ന് വന്ന മുസ്ലിം സ്ത്രീകളെ തിരിച്ചയച്ചില്ല.


പ്രവാചകരുടെ (സ) നേതൃത്വം


പവാചകരുടെ (സ) വ്യക്തിപ്രഭാവവും,നേതൃപാടവവും അനുയായികളില്‍ സമാനതകളില്ലാത്ത അംഗീകാരവും ബഹുമാനവും സമര്‍പ്പണ ബോധവും നേടിയെടുത്തിരുന്നു. അറബി പ്രമാണി ഉര്‍വ്വ പ്രവാചകരുമായി താന്‍ നടത്തിയ കൂടിക്കാഴ്ചക്കിടയില്‍ ബോധ്യപ്പെട്ട ഈ സത്യം ഖുറൈശികളെ തര്യപ്പെടുത്തി. കിസ്റയും ഖൈസറും അവരുടെ അനുയായിവൃന്ദത്തെയും സാമ്രാജ്യവും തങ്ങളുടെ കരവലയത്തില്‍ ഒതുക്കിയിരുന്നുവെങ്കില്‍ തന്റെ അനുയായികളുടെ മനസ്സ് കീഴടക്കിയ പ്രവാചകന്‍ ലോകചരിത്രത്തിന്റെ ഗതി മാറ്റി മറിച്ചു. കര്‍ക്കശവും പരുഷവുമായ ബദവികളുടെ പെരുമാറ്റത്തിന് മുന്നില്‍ ഒരു പ്രവാചകന് മാത്രം സാധിക്കുന്ന ക്ഷമയും സഹനവും കാണിച്ചു.


പ്രവാചകന്‍ ഉംറ നിര്‍വഹണത്തിന് പുറപ്പെട്ട വിവരം അറിഞ്ഞ ചില അറബി ഗോത്രങ്ങള്‍ ഖുറൈശികളെ സഹായിക്കാന്‍ വേണ്ടി മക്കയിലേക്ക് പോയി. വിവരമറിഞ്ഞ പ്രവാചകര്‍ അവരുടെ പ്രദേശങ്ങളില്‍ ആക്രമണം നടത്തുന്നതിനെ കുറിച്ചും അവരുടെ കുടുംബങ്ങളെ ബന്ധികളാക്കുന്നതിനെ കുറിച്ചും സ്വഹാബികളുടെ അഭിപ്രായം ആരാഞ്ഞു. ഉംറ നിര്‍വഹണത്തിന് പുറപ്പെട്ടവര്‍ വഴിയില്‍ ആക്രമണം നടത്തുന്നതിലുള്ള തന്റെ എതിര്‍പ്പ്് സ്വിദ്ദീഖ് (റ) മറച്ച് വെച്ചില്ല. പ്രവാചകര്‍ സ്വിദ്ദീഖ്(റ)ന്റെ അഭിപ്രായം സ്വീകരിച്ചു. 


ഖുറൈശികളുമായി കരാര്‍ എഴുതി പൂര്‍ത്തീകരിച്ചതിന് ശേഷം പ്രവാചകര്‍ സ്വഹാബികളോട് ഇഹ്റാം അഴിക്കാനും ബലിഅറുക്കാനും മുടികളയാനുമാവശ്യപ്പെട്ടു. ആട്ടിപ്പുറത്താക്കിയ സ്വന്തം നാട്ടില്‍ കാല് കുത്താനും വിശുദ്ധ ഗേഹം വലയം ചെയ്യാനുമുള്ള അധമ്യമായ ആഗ്രഹവുമായി പുറപ്പെട്ട സ്വഹാബികള്‍ മോഹഭംഗം കാരണം അതിന് വൈമനസ്യം കാണിച്ചു. പ്രവാചകര്‍ അക്ഷമ കാണിക്കുകയോ കോപിഷ്ടനാവുകയോ ചെയ്യാതെ പ്രിയ പത്നി ഉമ്മു സലമയുമായി കൂടിയാലോചന നടത്തി. അവരുടെ നിര്‍ദേശ പ്രകാരം അവിടുന്ന് സ്വയം ഇഹ്റാം അഴിക്കുകയും ബലി നല്‍കുകയും മുടി കളയാന്‍ ആളെ വിളിക്കുകയും ചെയ്തു. ആശയക്കുഴപ്പം തീര്‍ന്ന സ്വഹാബികള്‍ പ്രവാചകരെ അനുസരിച്ചു. മുഴുവന്‍ സ്വഹാബികളുടെയും താല്‍പര്യം ഹനിച്ച് ഖുറൈശികളുമായി കരാറിലേര്‍പ്പട്ടത് അല്ലാഹുവിന്റെ പ്രത്യേക നിര്‍ദേശപ്രകാരമായിരുന്നു.


കരാര്‍ പാലനവും ലംഘനവും


കടുത്ത പ്രതിസന്ധികള്‍ നേരിട്ടാണെങ്കിലും മുസ്ലിംകള്‍ പ്രവാചകന്‍  ചെയ്ത കരാര്‍ പാലിക്കുന്നതില്‍ യാതൊരു അമാന്തവും കാണിച്ചില്ല. അബൂ ജന്‍ദലിനെയും അബൂ ബസ്വീറിനെയും മക്കയിലെ കിരാതരുടെ അടുത്തേക്ക് തന്നെ തിരിച്ചയച്ചു. മദീനയിലേക്ക് തിരിച്ച് പോന്നതിന് ശേഷവും തങ്ങള്‍ തിരിച്ചയച്ച സഹോദരങ്ങളെക്കുറിച്ചുള്ള ദു:ഖങ്ങള്‍ അവരെ  വ്യാകുലപ്പെടുത്തിക്കൊണ്ടിരുന്നു. പ്രത്യക്ഷത്തില്‍ തീര്‍ത്തും തങ്ങള്‍ക്ക് പ്രതികൂലമായിരുന്ന കരാറിലേര്‍പ്പെട്ടത് അല്ലാഹുവിനെയും റസൂലിനെയും പാരത്രിക ജീവിതവും ഓര്‍ത്തായിരുന്നു. 


ഖുറൈശികള്‍ക്ക് അവരുടെ ദുരഭിമാനം മാത്രമായിരുന്നു കരാറിലേര്‍പ്പെടുന്നതിനുള്ള ഹേതുകം. പ്രവാചകര്‍ ഉംറ നിര്‍വഹണത്തിന് പുറപ്പെട്ട വിവരം അവരെ ചകിതഹൃദയരും അസ്വസ്ഥരുമാക്കി. മുസ്ലിംകളെ തടയാനോ പിന്തിരിപ്പിക്കാനോ ഉള്ള ശക്തിയും മനക്കരുത്തും തങ്ങള്‍ക്കില്ലെന്ന് അവര്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. മുസ്ലിംകള്‍ ഉംറ നിര്‍വഹിച്ചാല്‍ തങ്ങളുടെ ബലഹീനതയാണെന്ന് മറ്റ് അറബ് ഗോത്രങ്ങള്‍ ധരിക്കുമെന്ന ചിന്ത ദുരഭിമാനികളായ ഖുറൈശികളുടെ ഉറക്കം കെടുത്തി. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ അവര്‍ കണ്ടെത്തിയ പോംവഴി മാത്രമായിരുന്നു ഈ കരാര്‍. ഈ ലോകത്തെ നിരര്‍ത്ഥകമായ പേരും പ്രശസ്തിയും സുഖാഢംബരവുമാണ് അവരുടെ മനസ്സിലുണ്ടായിരുന്നത്. 


പ്രവാചകന്റെ (സ) സംരക്ഷണത്തിലായിരുന്ന ഖുസാഅ ഗോത്രത്തെ ഖുറൈശികളുടെ സഖ്യകക്ഷികളായ ബനൂബക്കര്‍ അക്രമിച്ചു. അതിന് ഖുറൈശികള്‍ പ്രോത്സാഹനവും സഹായവും നല്‍കി. വിവരമറിഞ്ഞ പ്രവാചകരുടെ കോപപാരവശ്യം ആഇശാ ബീവിയെയും സിദ്ദീഖ് (റ)നെയും അസ്വസ്ഥരാക്കി. ഇതോടെ കരാര്‍ പൊളിയുകയും എന്ത് വിലകൊടുത്തും ഖുസാഅ ഗോത്രത്തെ സംരക്ഷിക്കുമെന്ന് പ്രവാചകര്‍ ശപഥം ചെയ്തു.


വര്‍ത്തമാന കാലം


"തന്റെ ദൂതനെ സത്യദീനും സന്മാര്‍ഗവുമായി നിയോഗിച്ചത് അവനാകുന്നു. അതിനെ സകല ദീനിനെക്കാളും വിജയിപ്പിക്കുന്നതാണ്-ബഹു ദൈവാരാധകര്‍ക്ക് അത് എത്ര അസഹ്യമാണെങ്കിലും ശരി''(സൂറ:അസ്സ്വാഫ്.9)

ഈ സൂക്തത്തില്‍ വ്യക്തമാക്കിയ പോലെ ദീനിന്റെ വിജയവും പ്രവാചകന്റെ സുരക്ഷിതത്വവും അല്ലാഹു ഏറ്റെടുത്തതാണ്. വിശ്വാസികള്‍ക്ക് അവരുടെ ബുദ്ധിയും ശക്തിയും ഊര്‍ജവുമൊക്കെ കേവലം നിമിത്തം മാത്രമാണ്. മുഅ്തത് യുദ്ധവേളയില്‍ ശത്രുക്കളുടെ ബാഹുല്യം കണ്ട് ഭയന്ന് സഹായ സൈന്യത്തെ കാത്തിരിക്കാനോ യുദ്ധരംഗത്ത് നിന്ന് പിന്മാറാനോ ആലോചിച്ചപ്പോള്‍ അബ്ദുല്ലാഹിബ്നു റവാഹ പറഞ്ഞു:" ഈ ദീന്‍ കാരണമായിട്ടാണ് നാം ശത്രുക്കളെ പരാജയപ്പെടുത്തുന്നത്. നമ്മുടെ ആള്‍ബലമോ സൈനിക ശക്തിയോ അല്ല നമുക്ക് ഇത് വരെ വിജയങ്ങള്‍ പ്രദാനം ചെയ്തത്. 


മുസ്ലിംകള്‍ മുമ്പെങ്ങുമില്ലാത്ത അരക്ഷിതാവസ്ഥ നേരിട്ട് കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഹുദൈബിയാ സന്ധിയില്‍ നിന്ന് അവര്‍ക്ക് പലതും പഠിക്കാനുണ്ട്. മുസ്ലിമായി ജീവിക്കുന്നത് കാരണം വലിയ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അവര്‍ക്ക് സഹിക്കേണ്ടിവരും. പരലോക ജീവിതമാണ് പ്രധാനം എന്ന സന്ദേശം വിശ്വാസി ഉള്‍കൊള്ളുന്ന പക്ഷം ഏത് പ്രതിസന്ധിഘട്ടത്തിലും സമചിത്തത കൈവെടിയാതെ നേരിടാനുള്ള കരുത്തും നിര്‍ഭയത്വവും അവന് ലഭിക്കും. ശത്രുവിന്റെ വിജയവും പരിഹാസവും കേവലം നൈമിഷികവും അവസാന വിജയം സത്യവിശ്വാസിയുടേതുമായിരിക്കുമെന്ന ബോധം അവനുണ്ടാവും.


ഇറാഖിലും അഫ്ഗാനിസ്ഥാനിലും കശ്മീരിലും തുടങ്ങി ലോകത്തിന്റെ ഏതു ഭാഗത്തും മുസ്ലിം സമൂഹം പ്രതിസന്ധികള്‍ക്ക് മധ്യേ ആണ്. അല്ലാഹു ഉദ്ദേശിച്ചാല്‍ സകലതും നിമിഷങ്ങള്‍ക്കകം ഇല്ലാതാക്കാന്‍ കഴിയുമെന്നും അവന്റെ ഇംഗിതമില്ലാതെ ലോകത്ത് ഒരു ശക്തിക്കും തങ്ങളെ ഉപദ്രവിക്കാന്‍ ആവില്ലെന്ന സത്യം വിശ്വാസി സമൂഹം ഉള്‍കൊള്ളണം. ഹുദൈബിയ കരാര്‍ മുസ്ലിംകള്‍ക്ക് എതിരാണെന്ന് വിധിയെഴുതിയെങ്കിലും വലിയ നേട്ടമായാണ് പര്യവസാനിച്ചത്. പ്രതിസന്ധിഘട്ടങ്ങളില്‍ ഭയചകിതരാവുന്നതും വഴിവിട്ട് പെരുമാറുന്നതും നേതൃത്വത്തിന് അനുസരണക്കേട് കാണിക്കുന്നതും വിശ്വാസിക്ക് ചേര്‍ന്നതല്ല. ബാബരി മസ്ജിദ് തകര്‍ന്ന് വീണപ്പോള്‍ മുസ്ലിം സമൂഹത്തില്‍ കൂടുതല്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിപ്പുറപ്പെട്ടവര്‍ പ്രവാചക ചര്യ നന്നായി പഠിക്കേണ്ടതുണ്ട്. ബാബരി മസ്ജിദ് ഇന്ത്യന്‍ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാവാത്ത പൈതൃക സമ്പത്തായിരുന്നുവെങ്കില്‍ പരിശുദ്ധ മക്കയിലെ വിശുദ്ധ ഗേഹം മുസ്ലിംകളുടെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണ്. മദീനയില്‍ പ്രവാചകന്‍ മുസ്ലിം രാഷ്ട്രം സ്ഥാപിച്ച് മക്കാ മുശ്രിക്കുകളെ നേരിടാനും പരാജയപ്പെടുത്താനും തങ്ങള്‍ക്ക് ശക്തിയുണ്ടെന്ന് തെളിയിച്ചതിന് ശേഷവും കഅ്ബയുടെ സംരക്ഷണം ബിംബാരാധകരുടെ കയ്യിലായിരുന്നു. ഉംറക്ക് പുറപ്പെട്ട പ്രവാചകരോട് ഖുറൈശികള്‍ സന്ധിയായതിന് കാരണം ഭയമായിരുന്നു . എന്നിട്ടും പ്രവാചകര്‍ കഅ്ബ കീഴടക്കാനോ മക്കയില്‍ തിരിച്ചെത്താനോ ധൃതി കാണിച്ചില്ല.


മുസ്ലിം സമുദായത്തിനും ദീനിനും ആത്യന്തിക വിജയവും സമാധാനവും നല്‍കുന്ന നിലപാടാണ് നേതൃത്വം കൈക്കൊള്ളേണ്ടത്. ബാബരി പള്ളിയുടെ സംരക്ഷണത്തിനെന്ന് പറഞ്ഞ് മുസ്ലിംകളെ വികാരഭരിതരാക്കി കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളി വിടുന്നത് ശരിയല്ല. നമുക്ക് സാധ്യമായത് നിര്‍വഹിക്കാനാണ് ഖുര്‍ആന്‍ ഓര്‍മ്മപ്പെടുത്തുന്നത്. അസാധ്യമായത് ചെയ്യാത്ത പക്ഷം നാം ശിക്ഷക്ക് അര്‍ഹരാവുകയില്ല. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസമാണ് മുസ്ലിമിന്റെ ശക്തി. പ്രതിസന്ധിഘട്ടങ്ങളില്‍ അവനോട് സഹായമര്‍ത്ഥിക്കുകയും അവനില്‍ ശരണം പ്രാപിക്കുകയും പരലോക ഗുണം ആഗ്രഹിച്ച് ക്ഷമിക്കുകയുമാണ് അവന് ഗുണകരം. വഴിവിട്ട മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ നിരാശരാവുകയോ ചെയ്യാതെ അന്ത്യവിജയത്തില്‍ വിശ്വാസമര്‍പ്പിച്ച് സ്വന്തം ന്യൂനതകള്‍ വിലയിരുത്തി, പരിഹരിച്ച് കൂടുതല്‍ കര്‍മ്മ നിരതരാവുകയാണ് സമുദായ ദൌത്യം. 
     

ഹുദൈയ്‌ബിയയുമായി ബന്ധപ്പെട്ട ചില ചോദ്യോത്തരങ്ങൾ


? ഹുദൈബിയ്യാ സന്ധി നടന്നത് എന്ന്?

– ഹിജ്‌റ 6ല്‍

? ഹുദൈബിയ്യയുടെ തുടക്കം?

– തിരുനബി(സ)യും അനുചരരും നിര്‍ഭയരായി കഅ്ബയില്‍ പ്രവേശിക്കുന്നതായി തിരുനബി(സ) കണ്ട സ്വപ്നം.

? എന്നാണ് പുറപ്പെട്ടത്?

– ദുല്‍ഖഅദ ഒന്നിന്

? എത്ര പേരുണ്ടായിരുന്നു?
– 1400 പേര്‍

? തിരുനബി(സ)യുടെ ഒട്ടകം മുട്ട് കുത്തിയത് എവിടെ?

– ഹുദൈബിയ്യ താഴ്‌വരയില്‍

? പിന്തിരിഞ്ഞ് പോകാനാവശ്യപ്പെട്ട് ഖുറൈശികള്‍ തിരുനബി(സ)യുടെ അടുക്കലേക്ക് എത്ര ദൗത്യസംഘത്തെ അയച്ചു?

– 3 സംഘത്തെ

? പ്രതികരണം ലഭിക്കാഞ്ഞതിനാല്‍ ഖുറൈശികളിലേക്ക് തിരുനബി(സ) ദൗത്യവുമായി എത്ര പേരെ പറഞ്ഞയച്ചു?

– രണ്ട് പേരെ

? രണ്ടാമത് ദൗത്യവുമായി പോയ ഉസ്മാന്‍(റ) തിരിച്ചുവരുന്നത് താമസിച്ചപ്പോള്‍ പരന്ന കിംവദന്തി എന്ത്?

– ഉസ്മാന്‍(റ) വധിക്കപ്പെട്ടു.

? കിംവദന്തി പരന്നപ്പോള്‍ മുസ്‌ലിംകളോട് യുദ്ധസജ്ജരാവാന്‍ നബി(സ) പറഞ്ഞു. യുദ്ധരംഗത്ത് നിന്നും പിന്തിരിയില്ലെന്ന് മുസ്‌ലിംകള്‍ തിരുനബി(സ)യുടെ കരം പിടിച്ച് ബൈഅത്ത് ചെയ്തു. ഈ സംഭവം അറിയപ്പെടുന്ന പേര് ഏത്?

– ബൈഅത്തുര്‍രിള്‌വാന്‍

? ഉസ്മാന്‍(റ) തിരിച്ചുവന്നു. പിറകെ ഖുറൈശികള്‍ തിരുനബി(സ)യുടെ അടുക്കലേക്കയച്ച ദൂതന്‍ ആര്?

– സുഹൈല്‍ ബിന്‍ അംറ്

? സുഹൈലുമായുള്ള ചര്‍ച്ചയില്‍ തിരുനബി(സ) നിരവധി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി. 10 വര്‍ഷത്തേക്ക് കരാര്‍ ഒപ്പുവെച്ചു. ഈ സന്ധിക്ക് പറയുന്ന പേര്?

– ഹുദൈബിയ്യാ സന്ധി.

? ഹുദൈബിയ്യാ സന്ധി വ്യവസ്ഥകള്‍ എഴുതിയത് ആര്?

– അലി(റ)

? ഹുദൈബിയ്യാ സന്ധിയിലെ പ്രധാന വ്യവസ്ഥകള്‍ എന്തെല്ലാം?

1. മുസ്‌ലിംകള്‍ക്ക് അടുത്തവര്‍ഷം വന്ന് ഹജ്ജ് നിര്‍വ്വഹിക്കാം.

2. മുസ്‌ലിമായി മദീനയിലെത്തുന്ന മക്കക്കാരെ തിരിച്ചയക്കണം.

3. മദീനയില്‍ നിന്നും ആരെങ്കിലും മക്കയിലേക്ക് വന്നാല്‍ അവരെ തിരിച്ചയക്കുകയില്ല.

4. ഇരുകൂട്ടരും പത്ത് വര്‍ഷം വരെ യുദ്ധം ചെയ്യാതെ സഹകരിച്ച് കഴിയണം.

? പ്രത്യക്ഷത്തില്‍ പരാജയമെന്ന് തോന്നുന്ന ഈ ഉടമ്പടിയെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത് എന്ത്? ഏത് സൂറയില്‍?

– പ്രത്യക്ഷമായ വിജയം എന്ന്. സൂറതുല്‍ ഫത്ഹില്‍

? മക്കയില്‍ നിന്നും നാടുവിട്ട് മദീനയിലെത്തിയ അബൂ ബസ്വീര്‍ എന്ന സ്വഹാബിയെ തിരുനബി(സ) എന്തുചെയ്തു?

– തേടിവന്ന ഖുറൈശികള്‍ക്കൊപ്പം പറഞ്ഞയച്ചു.

? വഴിമദ്ധ്യേ ഖുറൈശികളില്‍ ഒരുത്തനെ കൊന്ന് തിരുനബി(സ)യുടെ അടുത്തെത്തിയ അബൂ ബസ്വീര്‍(റ) എവിടെയാണ് പിന്നീട് താമസിച്ചത്?

– ഈസ് എന്ന പ്രദേശത്ത്.

? ഹുദൈബിയ്യാ സന്ധിക്ക് ശേഷം ഇസ്‌ലാം സ്വീകരിച്ച് മദീനയിലെത്തിയ സ്ത്രീ ആര്?

– ഉഖ്ബയുടെ മകള്‍ ഉമ്മുകുല്‍സൂം(റ)

? ഉമ്മുകുല്‍സൂമിനെ തിരിച്ചയക്കണമെന്ന് സഹോദരന്‍ ആവശ്യപ്പെട്ടു. പക്ഷെ, തിരുനബി(സ) അവരെ മക്കയിലേക്ക് അയച്ചില്ല. കാരണം?

– സ്ത്രീകളുടെ കാര്യത്തില്‍ കരാര്‍ ബാധകമായിരുന്നില്ല.

? മദീനയിലെത്തുന്ന മക്കക്കാരായ മുസ്‌ലിംകളെ തിരിച്ചയക്കണമെന്ന് വ്യവസ്ഥ റദ്ദാക്കിയത് ആര്? എപ്പോള്‍?


– ഈസില്‍ താവളമടിച്ച പരദേശികളായ മുസ്‌ലിംകള്‍ ഖുറൈശി കച്ചവടസംഘത്തെ ആക്രമിച്ചുകൊണ്ടിരുന്നു. പൊറുതിമുട്ടിയ ഖുറൈശികള്‍ വ്യവസ്ഥ റദ്ദ് ചെയ്യണമെന്നഭ്യര്‍ത്ഥിച്ചു.

No comments:

Post a Comment