Sunday 3 May 2020

യാത്രക്കാരന്റെ നിസ്ക്കാരം - ഹനഫി






وَإِذَا ضَرَبْتُمْ فِي الْأَرْضِ فَلَيْسَ عَلَيْكُمْ جُنَاحٌ أَن تَقْصُرُوا مِنَ الصَّلَاةِ 


(സത്യ വിശ്വാസികളേ)നിങ്ങള്‍ ഭൂമിയില്‍ യാത്ര ചെയ്യുന്നതായാല്‍ നിങ്ങള്‍ നമസ്‌കാരത്തില്‍ നിന്ന് (കുറച്ച്) ചുരുക്കുന്നതിന് നിങ്ങളുടെമേല്‍ തെറ്റില്ല;


സാധാരണ ഗതിയിൽ ഹനഫി മദ്ഹബ്കാർക്ക് യാത്രയിൽ ജംഅ് ആക്കി നിസ്‌ക്കരിക്കൽ എന്നൊരു മസ്'അല ഇല്ല . നിസ്‌ക്കാരത്തെ ചുരുക്കി ഖസ്ർ ആക്കി നിസ്‌ക്കരിക്കാനുള്ള ഇളവുണ്ട് . അപ്പോൾ ഒരാൾ യാത്രക്ക് പുറപ്പെടാൻ ഉദ്ദേശിച്ചാൽ , അത് കണക്കാക്കപ്പെട്ടിരിക്കുന്നത് 77, 79 , 82 , 85 കിലോമീറ്റെർ വഴിദൂരമാണ് . കിലോമീറ്ററിന്റെ വിഷയത്തിൽ പണ്ഡിതർക്കിടയിലുള്ള അഭിപ്രായ വ്യത്യാസമാണ് സൂചിപ്പിച്ചത്.ചുരുക്കി പറഞ്ഞാൽ 77 കിലോമീറ്റെർ ദൂരം യാത്ര ചെയ്യാൻ ഉദ്ദേശിച്ച വ്യക്തികൾക്കു നിസ്ക്കാരം കസർ ആക്കി നിസ്‌ക്കരിക്കാം.

ഞാൻ ഒരു യാത്രക്ക് പോകുന്നു എന്ന നിയ്യത്തോട് കൂടിയുള്ള യാത്രയാണെങ്കിൽ (സാധാരണ യാത്രക്ക് നമുക്ക് എന്തെങ്കിലും ഉദ്ദേശങ്ങൾ കാണുമല്ലോ) മുകളിൽ പറയപ്പെട്ട കിലോമീറ്ററോ അതിനപ്പുറമോ യാത്ര ചെയ്തു കഴിഞ്ഞാൽ നാല് റക്കഅത്തുള്ള നിസ്‌ക്കാരങ്ങളെ രണ്ടു റക്കഅത്തായി ചുരുക്കി നിസ്‌ക്കരിക്കൽ അവന്റെ മേൽ വാജിബാണ്‌ (നിർബന്ധം) . ളുഹർ ആണ് നിസ്‌കരിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ നിയ്യത്ത് ഇപ്രകാരം ചെയ്യണം .

നാല് റക്കഅത്തുള്ള ഫർളായ ളുഹർ നിസ്‌ക്കാരത്തെ രണ്ടു റക്കഅത്തായി ചുരുക്കി (ഖസ്റാക്കി) ഖിബിലയ്ക്കു അഭിമുഖമായി നിന്ന് അല്ലാഹു തആലായ്ക്കു വേണ്ടി ഞാൻ നിസ്‌ക്കരിക്കുന്നു എന്ന് കരുതണം.

ഇനി ശ്രദ്ധിക്കേണ്ടത് ആ സഞ്ചരിച്ച യാത്രയിൽ നിയ്യത്ത് ഉദ്ദേശിച്ചിട്ടില്ലെങ്കിൽ അവൻ ലോകം മുഴുവൻ സഞ്ചരിച്ചാലും കസർ വാജിബാകില്ല. അല്ലെങ്കിൽ കസർ നിസ്‌കരിക്കാൻ പറ്റില്ല.

മറ്റൊരു പ്രധാന കാരണം ശ്രദ്ധിക്കേണ്ടത് ഒരു യാത്രക്കാരൻ കസർ നിസ്‌കരിക്കാൻ അനുവദിച്ച വഴിദൂരം പിന്നിട്ടു . അവൻ നിസ്‌കരിക്കാൻ വേണ്ടി തയ്യാറെടുത്തു . ളുഹർ നിസ്‌കരിക്കാൻ വേണ്ടി നാല് റക്കഅത്ത് നിസ്‌ക്കരിച്ചാൽ അവന്റെ നിസ്ക്കാരം ശെരിയാവുമെങ്കിൽ തന്നെയും അത് കറാഹത്താണ്. അങ്ങനെ നിസ്‌ക്കരിച്ചാൽ തന്നെ ആദ്യ അത്തഹിയ്യാത്ത് അവൻ ഇരിക്കാൻ മറക്കുകയോ , മനപ്പൂർവം ഒഴിവാക്കുകയോ ചെയ്‌താൽ അവന്റെ നിസ്ക്കാരം ബാഥ്വിലാണ്. ഇനി തെറ്റൊന്നും കൂടാതെ നാല് റക്കഅത്തും പൂർത്തിയാക്കിയാൽ രണ്ടു റക്കഅത്ത് ഫർളായും , അടുത്ത രണ്ടു റക്കഅത്ത് സുന്നത്തായും വീട്ടപ്പെടും.

ഒരു വഴിയാത്രക്കാരൻ കസർ ആക്കി നിസ്‌കരിക്കാൻ ഒരു പള്ളിയിൽ പ്രവേശിച്ചു , അവിടെ ആ സമയം ജമാഅത്ത് നിസ്ക്കാരം നടക്കുന്നു. അങ്ങനെ വന്നാൽ അവൻ ഒറ്റയ്ക്ക് കസർ ആക്കി നിസ്‌ക്കരിക്കണോ അതോ ആ ജമാഅത്തിന്റെ കൂടെ പങ്കെടുക്കണോ എന്നൊരു സംശയം ചിലർക്കുണ്ടാവും. അവനിക്ക് ആ ജമാഅത്തിൽ പങ്കെടുക്കാവുന്നതാണ് എന്നാണ് പ്രബലാഭിപ്രായം.

ഈ യാത്രക്കാരൻ ഇമാമായി നിസ്‌ക്കരിക്കുന്നു . നാട്ടുകാർ ഇവനെ പിന്തുടരുന്നു . ഈ അവസരത്തിൽ ഈ ഇമാമു നിൽക്കുന്ന യാത്രക്കാരൻ ആദ്യമേ നാട്ടുകാരോട് ഉണർത്തണം , ഞാൻ യാത്രക്കാരനാണ് എനിക്ക് രണ്ടു റക്കഅത്ത് മാത്രമാണ് വാജിബുള്ളത് എന്നുള്ള വിഷയം. ശേഷം പിന്തുടരുന്നവർ അവരുടെ അടുത്ത രണ്ടു റക്കഅത്തുകൾ കൂടി പൂർത്തീകരിക്കണം.

ആ യാത്രക്കാരൻ ഇമാമായി നിന്ന് നാല് റക്കഅത്തും നിസ്‌ക്കരിക്കുന്നു. പിറകിൽ പിന്തുടരുന്നവർ നാട്ടുകാരനാണ് എങ്കിൽ ആ നാട്ടുകാരുടെ നിസ്ക്കാരം സ്വഹീഹ് ആവുകയില്ല. കാരണം യാത്രക്കാരന്റെ ആദ്യ രണ്ടു റക്കഅത്ത് ഫർളും , അടുത്ത രണ്ടു റക്കഅത്ത് സുന്നത്തുമാണ്.

യാത്ര മതിയാക്കി തിരിച്ചു മടങ്ങാൻ നിയ്യത്തു ചെയ്താൽ പിന്നെ അവനു നിസ്‌ക്കാരത്തെ കസർ ആക്കി നിസ്‌കരിക്കാൻ പറ്റില്ല. ഇനി നിയ്യത്തു മുറിച്ചില്ലെങ്കിൽ നാട്ടിൽ തിരിച്ചെത്തുന്നത് വരെ അവനു കസർ ആക്കി നിസ്‌ക്കരിക്കാം. അവനു അപ്പോഴും വാജിബ് തന്നെയാണ്.

ഒരാൾ മറ്റൊരു നാട്ടിൽ പോയി അവിടെ 15 ദിവസത്തോളം തങ്ങാൻ ഉദ്ദേശിച്ചാൽ അവനിക്ക് കസർ നിർബന്ധമില്ല. ഒരേ സ്ഥലമല്ലാതെ പല സ്ഥലങ്ങളിലും മാറിമാറി യാത്ര ചെയ്യാനുണ്ടെങ്കിൽ അവനു ഖസ്റാക്കി നിസ്‌ക്കരിക്കൽ വാജിബ് തന്നെയാണ്.

യാത്ര നടന്നു കൊണ്ടാണെങ്കിൽ വിശ്രമിക്കുന്നതുൾപ്പടെ മധ്യമായ നടത്തം കൊണ്ട് നാം ഉദ്ദേശിക്കുന്ന രാജ്യത്തു അല്ലെങ്കിൽ സ്ഥലത്തു ചെന്നെത്തുവാൻ മൂന്നു ദിവസം ആവശ്യമെങ്കിൽ ആ യാത്രയിൽ കസർ നിർബന്ധമായിത്തീരും. ഇനി മൂന്ന് ദിവസം പറഞ്ഞാലും 77 കിലോമീറ്റെർ പിന്നിട്ടെന്ന് ഉറപ്പുണ്ടെങ്കിൽ നിസ്ക്കാരം കസറിന്റെ പരിധിയിലാണ്


യാത്ര തുടങ്ങി അതാതു നാടിന്റെ അതിർത്തി വിട്ടു കടന്നത് മുതൽ നിസ്‌ക്കാരത്തെ ചുരുക്കി നിസ്ക്കരിക്കാം .

മഗ്‌രിബ് , സുബ്ഹി എന്നീ നിസ്‌ക്കാരങ്ങൾക്കു ഖസ്ർ ഇല്ല


ഒരു യാത്രക്കാരൻ അവനു നിസ്ക്കാരം കസർ ആക്കാനുള്ള വഴിദൂരമൊക്കെ സഞ്ചരിച്ചു വീട്ടിലെത്തിയാൽ അവന്റെ വീട്ടിലെത്തിയ ശേഷം നിസ്‌ക്കരിക്കാനുള്ള നിസ്‌ക്കാരത്തെ കസർ ആക്കി നിസ്‌കരിക്കാൻ പറ്റുമോ ? അതായത് കസറിന്റെ അവസ്ഥ എപ്പോഴാണ് മുറിയുന്നത് ? വീട്ടിലെത്തിയ ശേഷവും നിസ്‌ക്കരിക്കാമെങ്കിൽ എത്ര സമയം വരെ അതിനു സാധിക്കും ?


യാത്രക്കാരന് നാട്ടിൽ പ്രവേശിക്കുന്നത് വരെയേ ഖസ്റിന് അനുവാദമുള്ളൂ, നാടിന്റെ അതിർത്തി കടന്നാൽ പൂർത്തിയാക്കി നമസ്കരിക്കണം, എന്നാൽ യാത്രയിൽ വെച്ച് ഖളാ ആയ 4 റക്അതുള്ള നമസ്കാരങ്ങൾ ഖസ്റായി ഖളാ വീട്ടണം.


77 കിലോമീറ്റർ വഴിദൂരത്തിനപ്പുറം ഒരാൾ യാത്രയുടെ നിയ്യത്തു വെച്ച് യാത്ര തുടർന്നാൽ ആ വ്യക്തിക്ക് ആ കിലോമീറ്റെർ പിന്നിടുന്നതിനു മുൻപ് തന്നെ കസർ ആക്കി നിസ്‌ക്കരിക്കാമോ ? ഇനി അങ്ങനെ നിസ്‌ക്കരിക്കാമെങ്കിൽ കസറിന്റെ വഴിദൂരം പിന്നിടുന്നതിനു മുൻപ് അവന്റെ യാത്ര ഉപേക്ഷിക്കേണ്ടി വന്നാൽ അവൻ ആ ഖസ്റാക്കിയ നിസ്‌ക്കാരത്തെ മടക്കി നിസ്‌ക്കരിക്കണോ ?

യാത്രയുടെ ഉദ്ദേശത്തോടെ നാടിന്റെ അതിർത്തി കടന്നാൽ ഖസ്റ് ആക്കാം, 

ദൂരം പിന്നിടും മുമ്പ് യാത്ര ഒഴിവാക്കിയാൽ,
അതിന് മുമ്പ്  നമസ്കരിച്ചവ മടക്കേണ്ടതില്ല, 


എന്നാൽ, ശേഷം നമസ്കരിക്കുന്നവ പൂർത്തിയാക്കണം.



ഒരു വ്യക്തിക്ക് നിസ്‌ക്കാരത്തെ സമയത്തു നിസ്‌കരിക്കാൻ സാധിച്ചില്ല . അവൻ ദീർഘദൂര വാഹനത്തിലോ , കപ്പലിലോ അല്ലെങ്കിൽ വിമാനത്തിലോ ആണ്. അവനു ആ സമയം ഖിബില അറിയില്ല , ഉളൂ എടുത്തു പറ്റുന്ന സൗകര്യത്തിൽ നിസ്‌ക്കരിക്കാനും ആ സാഹചര്യം സാധിക്കുന്നില്ല. എങ്കിൽ അവൻ അവന്റെ മനസ്സുകൊണ്ട് നിസ്‌കാര സമയം എത്തുന്ന വേളയിൽ നിസ്‌ക്കരിക്കേണ്ടതാണ് . ഖിബില അറിയില്ലെങ്കിൽ അവൻ ഏതു ഭാഗത്താണോ ഇരിക്കുന്നത് അവിടിരുന്നു തന്നെ മനസ്സിൽ ആ സമയത്തെ നിസ്‌കാരത്തിന്റെ രൂപം കൊണ്ട് വരേണ്ടതാണ് .പിന്നീട് ആ നിസ്‌ക്കാരങ്ങളൊക്കെ മടക്കി നിസ്‌ക്കരിക്കൽ അവന്റെ മേൽ നിർബന്ധമാണ്

ഫർളുകൾ പൂർത്തീകരിച്ച് ചെയ്യാനും നിസ്കാരത്തിൽ തീർത്തും ഖ്വിബ്‌ലക്ക് മുന്നിടാനും സാ‍ധിക്കാത്ത കാർ, ബസ്സ്, വിമാനം തുടങ്ങിയ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ സുന്നത്ത് നിസ്കരിക്കുന്നുവെങ്കിൽ തക്ബീറത്തുൽ ഇഹ്‌റാമിന്റെ സമയത്ത് സാധിക്കുമെങ്കിൽ ഖ്വിബ്‌ലക്ക് മുന്നിടണം. റുകൂഇനും സുജൂദിനും വേണ്ടി കുനിഞ്ഞാൽ മതി. സുജൂദിനു വേണ്ടി റുകൂഇനേക്കാൾ കൂടുതൽ കുനിയുകയും വേണം.

കപ്പൽ , നിർത്തിയിട്ട ട്രെയിൻ തുടങ്ങിയ വാഹനങ്ങളിൽ സുന്നത്ത് നിസ്കരിക്കുമ്പോൾ ഫർളുകൾ പൂർത്തിയാക്കി നിസ്കരിക്കുകയും ഖ്വിബ്‌ലക്ക് അഭിമുഖമായി തന്നെ നിസ്കരിക്കുകയും വേണം. കപ്പിത്താന് ഇത് ബാധകമല്ല. മറ്റു വാഹനങ്ങളിൽ നിസ്കരിക്കും വിധത്തിലാണ് അയാൾ നിസ്കരിക്കേണ്ടത്. ജുമുഅ നിർബന്ധമാവുന്നവർക്ക് പ്രഭാത ശേഷം അനിവാര്യമല്ലാത്ത യാത്ര ചെയ്യൽ ഹറാമാണ്. (ജുമുഅ നഷ്ടപ്പെടുമെന്ന് ഭയന്നാലാണിത് )

കൂടാതെ ളുഹ്റിനെ അസർ നിസ്‌ക്കാരത്തിലേക്കുപിന്തിച്ചു നിസ്‌ക്കരിക്കലും , അസറിനെ ളുഹറിന്റെ സമയത്തേക്ക് മുന്തിച്ചു നിസ്‌ക്കരിക്കലുമൊക്കെ (ഇതിനു ജംഅ് എന്ന് പറയുന്നു) ഹനഫി മദ്ഹബിൽ ജംഅ് ഇല്ല .

എന്നാൽ ദുൽ ഹജ്ജ് ഒൻപതിന്റെ അന്ന് ളുഹറും , അസറും , മഗ്‌രിബും , ഇശായും ഹനഫി മദ്ഹബ് അനുസരിച്ചു ജംഅ് ആക്കി നിസ്കരിക്കാം എന്ന് ഇമാമവറുകൾ അവരുടെ കിതാബുകളിൽ രേഖപ്പെടുത്തി വെച്ചിട്ടുണ്ട് .


എങ്കിൽ തന്നെയും അനിവാര്യ ഘട്ടത്തിൽ നിസ്ക്കാരം കളാ ആകുമെന്ന് ഉറപ്പുണ്ടെങ്കിൽ നിസ്‌ക്കാരത്തെ ജംഅ് ആക്കി നിസ്‌ക്കരിക്കൽ അവന്റെ മേൽ ബാധ്യതയാണ് . അപ്പോൾ അവൻ എന്താണ് ജംഅ്ന്റെ നിയമം എന്ന് വ്യക്തമായി പഠിച്ചിരിക്കണം .

ചില പ്രത്യേക സാഹചര്യങ്ങളിൽ രണ്ട് സമയത്തെ നിസ്കാരങ്ങൾ അവയിലൊന്നിന്റെ സമയത്ത് നിസ്കരിക്കുന്നതിനാണ് ‘ ജംഅ്’ എന്ന് പറയുന്നത്.

ളുഹ്‌റ്, അസ്വ്‌റ് എന്നിവ രണ്ടാലൊന്നിന്റെ സമയത്തും ,മഗ്‌രിബ്, ഇശാഅ് എന്നിവ രണ്ടാലൊന്നിന്റെ സമയത്തും നിസ്കരിക്കാം. അപ്പോൾ അസ്വ്‌റിനെ മഗ്‌രിബിലേക്കോ, തിരിച്ചോ, ഇശാഇനെ സുബ്‌ഹിയിലേക്കോ, തിരിച്ചോ സുബ്‌ഹിയെ ളുഹ്‌റിലേക്കോ തിരിച്ചോ ജംആക്കാൻ പാടുള്ളതല്ല.

അത്യാവശ്യ ഘട്ടത്തിൽ ഹനഫി മദ്ഹബിലെ ചില ഇമാമീങ്ങൾ ജംഅ് തഅ്ഖീറിനു അനുവാദം നൽകിയിട്ടുണ്ട് . അതായത് അസറിന്റെ സമയത്ത് അസറും , ളുഹറും കൂടി ഒരുമിച്ചു നിസ്‌ക്കരിക്കൽ

ളുഹ്‌റ്, അസ്വ്‌റ് എന്നിവ അസ്വ്‌റിന്റെ സമയത്തും മഗ്‌രിബ്, ഇശാ‍അ് എന്നിവ ഇശാഇന്റെ സമയത്തും നിസ്കരിക്കുന്നതിനെ ‘പിന്തിച്ചു ജംആക്കുക’ എന്നും പറയുന്നു.

പക്ഷെ ഈ അവസരത്തിലും ജംഅ് തഖ്ധീം ചെയ്യാൻ അനുവാദം നൽകിയിട്ടില്ല .

കാരണം ഈ കാലഘട്ടത്തിൽ യാത്രാ സൗകര്യം ധാരാളമുണ്ട് . സമയത്തിനു നിസ്കരിക്കാൻ പറ്റുന്ന അവസരവുമുണ്ട്.

ഇനി ഒരു നിവൃത്തിയും നിസ്‌കരിക്കാൻ കിട്ടുന്നില്ലെങ്കിൽ , ആ സമയം നിസ്‌കരിക്കാൻ സാധിച്ചില്ലെങ്കിൽ നിസ്ക്കാരം കളാ ആയിപ്പോകാൻ സാധ്യത ഉണ്ടെങ്കിൽ അവിടെ ജംഅ് ആക്കലാണ് പരിഹാരമായി കാണുന്നതെങ്കിൽ അത്രക്കും അത്യാവശ്യ ഘട്ടത്തിൽ ആ നിസ്‌ക്കാരങ്ങളെ ഷാഫി മദ്ഹബ് പ്രകാരം ജംഅ് ആക്കി നിസ്‌ക്കരിക്കാം എന്ന് ആധുനിക പണ്ഡിതന്മാർ ഫത്വ നൽകിയിട്ടുണ്ട് . (അങ്ങനെ ഒരവസരം ഇപ്പോൾ വിരളമാണ്)

അപ്പോൾ ഹനഫി മദ്ഹബ് തഖ്ലീദ് ചെയ്തു അമലുകൾ ചെയ്യുന്ന വ്യക്തി നിസ്ക്കാരം ജംഅ് ആക്കേണ്ടുന്ന രൂപം പഠിച്ചിരിക്കൽ അത്യാവശ്യമാണ്.

ചിലർ ജോലി സംബന്ധമായ ബുദ്ധിമുട്ടു പറയുന്നുണ്ട് . നിസ്‌കാര സമയങ്ങളിൽ അതിന്റെ സമയത്തു നിസ്‌കരിക്കാൻ പറ്റുന്നില്ല എന്നൊക്കെ . അതൊന്നും ഒരു ന്യായമായി കാണാൻ പറ്റില്ല . നിസ്‌കാരത്തിന് അഞ്ചു മിനുട്ട് സമയമേ ആവശ്യമുള്ളു.


മുന്തിച്ച് ജംഅ് ആക്കി നിസ്കരിക്കുമ്പോഴുള്ള നിയ്യത്ത് :

ഉദാ :- അസ്‌ർ എന്ന ഫർള് നിസ്കാരത്തെ ളുഹ്‌റിലേക്ക് മുന്തിച്ച് ജംഅ് ആക്കി ഖസ്വ്‌റായിട്ട് അല്ലാഹുവിനു വേണ്ടി ഞാൻ നിസ്കരിക്കുന്നു. ജമാഅത്താണെങ്കിൽ ‘ഇമാമിനോട് കൂടെ‘ എന്നും ചേർക്കുക.

പിന്തിച്ച് ജംഅ് ആക്കി ഖസ്വ്‌റാക്കി നിസ്കരിക്കുമ്പോഴുള്ള നിയ്യത്ത് :

ഉദാ: - ളുഹർ എന്ന ഫർള് നിസ്കാരത്തെ അസറിനോട് കൂടെ പിന്തിച്ച് ജംഅ് ആക്കി ഖസ്വ്‌റാക്കി അല്ലാഹുവിന് വേണ്ടി ഞാൻ നിസ്കരിക്കുന്നു ( ജമാഅത്തായിട്ടാണെങ്കിൽ ‘ ഇമാമിനോട് കൂടെ’ എന്നും കൂടെ ചേർക്കുക )

No comments:

Post a Comment