Saturday 9 May 2020

തറാവീഹും ചില സംശയങ്ങളും






തറാവീഹ് നിസ്കാരം എത്ര റക്അത്താണ്.❓

ഇരുപത് റക്അത്ത് ( ഫത്ഹുൽ മുഈൻ)

എല്ലാ ഈരണ്ടു റക്അത്തിലും സലാം വീട്ടൽ നിർബന്ധമുണ്ടോ❓

അതേ ,നിർബന്ധമാണ്. ഈ വസ്തുത അറിവുള്ളവൻ മന:പൂർവ്വം രണ്ടിൽ കൂടുതൽ റക്അത്ത് ഒരുമിച്ചു (ഈരണ്ടു റക്അത്തിൽ സലാം വീട്ടാതെ ) നിസ്കരിച്ചാൽ സാധുവാകില്ല (ഫത്ഹുൽ മുഈൻ) അറിയാത്തവനോ മറന്നവനോ നിസ്കരിച്ചാൽ കേവലം സുന്നത്തായി (തറാവീഹ് ആയിട്ടല്ല ) പരിഗണിക്കും (തുഹ്ഫ :1/241, ഇആനത്ത്: 1/306)

തറാവീഹിൻ്റെ സമയം❓

ഇശാ നിസ്കരിച്ച ശേഷം സുബ്ഹ് വരെ (ഫത്ഹുൽ മുഈൻ)

യാത്രക്കാരൻ ഇശാഇനെ മഗ് രിബിൻ്റെ കൂടെ മുന്തിച്ചു ജംആക്കി നിസ്കരിക്കുകയാണെങ്കിൽ മഗ് രിബിൻ്റെ സമയത്ത് തറാവീഹ് നിസ്കരിക്കാമോ❓

അതേ ,നിസ്കരിക്കാം ( ഫത്ഹുൽമുഈൻ ,ഇആനത്ത്: 1/306)

തറാവീഹിൻ്റെ നിയ്യത്ത്❓

ഉസ്വല്ലിത്തറാവീഹ, ഉസ്വല്ലീ ഖിയാമ റമളാന , ഉസ്വല്ലീ സുന്നതത്തറാവീഹി,  എന്നിങ്ങനെയെല്ലാം നിയ്യത്ത് ചെയ്യാം.(തുഹ്ഫ:  ശർവാനി: 2/ 241)

أصلي التراويح
أصلي قيام رمضان
أصلي سنة التراويح

നിയ്യത്തിൽ റക്അത്തിൻ്റെ എണ്ണം നിർണയിക്കൽ നിർബന്ധമില്ലേ❓

ഇല്ല , ഈ വീക്ഷണമാണ് ഇമാം ഇബ്നു ഹജർ(റ)പ്രബലമാക്കിയത്(തുഹ്ഫ: ശർവാനി: 2/ 241)

എന്നാൽ റക്അത്തിൻ്റെ എണ്ണം നിർണയിക്കൽ നിർബന്ധമാണ് എന്ന വീക്ഷണമാണ് ഇമാം മുഹമ്മദ് റംലി (റ)വും ഇമാം ഖത്വീബുശ്ശിർബീനി (റ)വും പ്രബലമാക്കിയത്.( ശർവാനി: 2/ 241, ബിഗ് യ) അപ്പോൾ നിയ്യത്തിൽ റക്അതയ്നി എന്നു ചേർക്കണം

ഭിന്നത പരിഗണിച്ച് ചേർക്കലാണു നല്ലത്. ചേർക്കൽ സുന്നത്താണെന്നതിൽ അവർക്കിടയിൽ തർക്കവുമില്ല.

നിയ്യത്തിൽ സുന്നത്തുക്കളെല്ലാം കൊണ്ടുവന്നുള്ള രൂപം എങ്ങനെ❓

തറാവീഹ് എന്ന സുന്നത്തു നിസ്കാരം രണ്ടു റക്അത്ത് ഖിബ് ലക്ക് മുന്നിട്ടു അദാആയി അല്ലാഹു തആലാക്കു വേണ്ടി ഞാൻ നിസ്കരിക്കുന്നു.

أصلي سنة التراويح ركعتين متوجها إلى القبلة أداء لله تعلى 

ഇമാമത്ത് നിൽക്കുന്നവൻ ,ഇമാമൻ ,എന്നും മഉമൂം , مع الإمام
എന്നും നിയ്യത്തിൽ കൊണ്ടുവരണം.(ഫത്ഹുൽ മുഈൻ)

ഓരോ ഈരണ്ടു റക്അത്തിലും നിയ്യത്തു വേണ്ടേ❓

അതേ ,അതു നിർബന്ധമാണ്.തക്ബീറത്തുൽ ഇഹ്റാമിൻ്റെ മുമ്പ് നിയ്യത്തു നിർബന്ധമാണെന്ന നിയമം പ്രസിദ്ധമാണല്ലോ.

തറാവീഹിൻ്റെ സമയം സുബ്ഹ് വരെ നീണ്ടു നിൽക്കുന്നുണ്ടല്ലോ.എന്നാൽ എപ്പോൾ നിസ്കരിക്കലാണു കൂടുതൽ പുണ്യം❓

ആദ്യ സമയത്തു നിർവ്വഹിക്കൽ എന്നാണു ശൈഖ് മഖ്ദൂം (റ) പ്രസ്താവിച്ചത് ( ഫത്ഹുൽ മുഈൻ)

തറാവീഹ് നിസ്കാരത്തിൻ്റെ ഇടയിൽ മറ്റു നിസ്കാരം കൊണ്ടുവരൽ (ഉദാ: ആറു റക്അത്തു തറാവീഹു നിസ്കരിച്ച ശേഷം വിത്ർ നിസ്കരിക്കുക. പിന്നെ തറാവീഹ് പതിനാലു റക്അത്ത് നിസ്കരിക്കുക)വിരോധമുണ്ടോ❓

വിരോധമില്ലെങ്കിലും അങ്ങനെ ചെയ്യാതിരിക്കലാണു ഉത്തമം (ബിഗ് യ)

തറാവീഹ് നിസ്കാരം ഖളാ വീട്ടാമോ❓ 

വീട്ടാം സുന്നത്തുണ്ട്.രാത്രിയിലും പകലിലും റമളാൻ മാസത്തിലും അല്ലാത്ത മാസത്തിലും ഖളാ വീട്ടാം. (തുഹ്ഫ: 2/ 237 ,മഹല്ലി: 1/217)

സമയം നിർണയിക്കപ്പെട്ട ഏതു സുന്നത്തു നിസ്കാരവും നഷ്ടപ്പെട്ടാൽ ഖളാ വീട്ടൽ സുന്നത്തുണ്ട് (തുഹ്ഫ: 2/ 217)

തറാവീഹ് നിസ്കാരം ജമാഅത്തായി നിർവ്വഹിക്കപ്പെടുമ്പോൾ അതിൻ്റെ മുമ്പായി الصلاة جامعة എന്നു വിളിച്ചു പറയൽ സുന്നത്തുണ്ടോ❓

അതേ ,സുന്നത്തുണ്ട്.(ഫത്ഹുൽ മുഈൻ)

എത്ര തവണ 

الصلاة جامعة എന്നു വിളിച്ചു പറയലാണു സുന്നത്ത്❓

ഒരു തവണ മാത്രം ( നിഹായത്തു സൈൻ: 1/95)

തറാവീഹിൻ്റെ ഓരോ ഈരണ്ടു റക്അത്തു തുടങ്ങുമ്പോഴും പ്രസ്തുത വാക്യം വിളിച്ചു പറയൽ സുന്നത്തുണ്ടോ❓

അതേ ,സുന്നത്തുണ്ട്.( നിഹായത്തുസൈൻ 1/95)

പ്രസ്തുത വാക്യം കേൾക്കുമ്പോൾ അതിനു ഇജാബത്ത് നൽകൽ സുന്നത്തുണ്ടോ❓

അതേ ,لا حول ولا قوة إلا بالله العلي العظيم എന്നു ഇജാബത്ത് നൽകൽ സുന്നത്തുന്നന്നു  വ്യക്തമാക്കിയ ഇമാമുകളുണ്ട്.(ശർവാനി: 1/481)


തറാവീഹ് ഇരുപതിൽ താഴെ റക്അത്ത് നിസ്കരിച്ചാൽ (ഉദാ: രണ്ടു റക്അത്ത് ) അതിനു തറാവീഹിൻ്റെ പ്രതിഫലം ലഭിക്കുമോ?

അതേ ,തറാവീഹ് ഇരുപത് റക്അത്ത് എന്ന വിശ്യാസത്തോടെ ഇരുപതിൽ താഴെ റക്അത്തുകൾ നിസ്കരിച്ചാൽ നിസ്കരിച്ചതിൻ്റെ പ്രതിഫലം തറാവീഹ് എന്ന നിലക്ക് ലഭിക്കും. അപ്പോൾ തറാവീഹിൽ നിന്നു ആറു റക്അത്തു നിസ്കരിച്ചാൽ ആറു റക്അത്ത് തറാവീഹ് നിസ്കരിച്ച പ്രതിഫലം ലഭിക്കും. പത്തു റക്അത്ത് നിസ്കരിച്ചാൽ അതിൻ്റെ പ്രതിഫലം ലഭിക്കും.(ഇആനത്തുൽ മുസ്തഈൻ: 1/353 ,തുഹ്ഫ: 2/ 225 ,നിഹായ :2/112 , ബുഷ്റൽ കരീം: 1/312)

ഫർളു നിസ്കാരം ഖളാഉള്ളവർക്ക് തറാവീഹ് അടക്കം സുന്നത്തു നിസ്കാരങ്ങൾ നിഷിദ്ധമാണല്ലോ.എന്നാൽ തറാവീഹ് നിസ്കരിക്കുന്ന ഇമാമിനെ തുടർന്നു സുബ്ഹ് ഖളാ വീട്ടാമോ?

അതേ , അങ്ങനെ ചെയ്യാം. (ഫത്ഹുൽ മുഈൻ) അങ്ങനെ ഒരു തറാവീഹ് (20 റക്അത്ത് ) ഇമാം നിസ്കരിക്കുമ്പോൾ മഉമൂമിൻ്റ പത്തു സുബ്ഹ് ഖളാ വീടും.

അപ്പോൾ ഖുനൂതിനു സമയം കിട്ടുകയില്ലല്ലോ. എന്തു ചെയ്യും.?

പ്രസിദ്ധമായ ഖുനൂത് ഓതുമ്പോഴാണല്ലോ സമയം കിട്ടാതിരിക്കുക.ഖുനൂത് ഓതുക എന്ന പുണ്യം കിട്ടാൽ ഏതെങ്കിലും പ്രാർത്ഥനാ വാക്യം കൊണ്ടു വന്നാലും മതി. (ഉദാ: റബ്ബിഗ്ഫിർലീ) (ഫത്ഹുൽ മുഈൻ: പേജ്:47)

തറാവീഹിനു ശേഷം സാധാരണ പ്രാർത്ഥിക്കുന്ന
اللهم ان لك في كل ليلة.... من النار എന്ന പ്രാർഫനാ പദം ഹദീസിൽ വന്നതാണോ?

അല്ല .ഫിഖ്ഹിൻ്റെ ഗ്രന്ഥങ്ങളിലും വിവരിച്ചതല്ല. നമ്മുടെ മുൻഗാമികളായ ഗുരുനാഥന്മാർ സന്ദർഭത്തിനു യോജിച്ചു കൊണ്ട് ക്രോഡീകരിച്ചതാണ്.

തറാവീഹ് നിസ്കാരത്തിൽ നിന്നു സലാം വീട്ടിയ ഉടനെ ( ചില സ്ഥലങ്ങളിൽ ഈരണ്ടു റക്അത്തുകൾക്കു ശേഷം മറ്റു ചിലയിടങ്ങളിൽ നന്നാലു റക്അത്തുകൾക്കു ശേഷം ) സ്വലാത്തു ചൊല്ലുന്ന പതിവുണ്ട്.അതു സുന്നത്തുണ്ടോ?

സ്വലാത്തുചൊല്ലൽ എപ്പോഴും സുന്നത്താണല്ലോ.
ആ നിലക്ക് ചൊല്ലാം.പ്രതിഫലാർഹമാണ്. എന്നാൽ തറാവീഹ് നിസ്കാരങ്ങൾക്കിടയിൽ സ്വലാത്ത് ചൊല്ലൽ പ്രത്യേകം സുന്നത്താണെന്ന വിശ്വാസത്തോടെ ചൊല്ലൽ ബിദ്അത്താണ്.(ഫതാവൽ കുബ്റാ: 1/186)

തറാവീഹ് നിസ്കാരത്തിൽ ഫാതിഹയുടെ മുമ്പ് അഊദു ചൊല്ലൽ സുന്നത്തുണ്ടോ?

അതേ , ഫർളും സുന്നത്തുമായ എല്ലാ നിസ്കാരങ്ങളിലും എല്ലാ റക്അത്തുകളിലും അഊദു സുന്നത്തുണ്ട് (ഫത്ഹുൽ മുഈൻ)

ആദ്യത്തെ റക്അത്തിൽ പ്രത്യേക സുന്നത്തുണ്ടോ?

ആദ്യ റക്അത്തിൽ അഊദു ചൊല്ലൽ ശക്തമായ സുന്നത്താണ്.(ഫത്ഹുൽ മുഈൻ)

അഊദു ഉപേക്ഷിക്കൽ കറാഹത്തുണ്ടോ?

അതേ , കറാഹത്തുണ്ട്. ആദ്യ റക്അത്തിലും മറ്റു റക്അത്തുകളിലും അഊദു ഉപേക്ഷിക്കൽ കറാഹത്താണ്.(ഇആനത്ത്: 1/172)

തറാവീഹ് നിസ്കാരത്തിൽ മറ്റു സാധാ നിസ്കാരങ്ങളെ പോലെ ഫാതിഹക്ക് ശേഷം ആയത്ത് ഓതൽ സുന്നത്തുണ്ടോ?

അതേ ,സുന്നത്തുണ്ട്. തറാവീഹിലായി ഖുർആൻ ഖത്മ് തീർക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ സൂറത്തുകളിൽ നിന്നു അല്പം ഓതുന്നതിനേക്കാൾ പുണ്യം എല്ലാ റക്അത്തുകളിലും സൂറത്ത് പൂർണമായി ഓതലാന്ന് ഏറ്റവും പുണ്യം (ഇആനത്ത്: 1/175, ശർവാനി: 2/52 )

തറാവീഹ് നിസ്കാരത്തിൽ ഫാതിഹക്കു ശേഷം ആയത്തു ഓതാതിരിക്കൽ കറാഹത്തുണ്ടോ?

അതേ , കറാഹത്തുണ്ട്. ആയത്തു ഓതൽ നിർബന്ധമാണു എന്ന പണ്ഡിതരുടെ അഭിപ്രായം മാനിച്ചാണ് ഉപേക്ഷിക്കൽ കറാഹത്തായത് എന്നാണു ശൈഖ് മഖ്ദൂം വിവരിച്ചത്.( ഫത്ഹുൽ മുഈൻ) അപ്പോൾ അഊദു , ആയത്ത് എന്നിവ നിർവ്വഹിക്കൽ സുന്നത്തും അവ ഉപേക്ഷിക്കൽ കറാഹത്തുമാണെന്നു വ്യക്തം.

തറാവീഹ് നിസ്കാരത്തിലെ അത്തഹിയ്യാത്തുകളിൽ ഏതു രീതിയാണു ഇരിക്കൽ സുന്നത്തുള്ളത് ?

സാധാ നിസ്കാരത്തിൽ അവസാനത്തെ അത്തഹിയ്യാത്തിൽ ഇരിക്കുന്ന (തവർറുക്ക്) രീതിയിൽ . സലാം വീട്ടുന്നതിൻ്റെ മുന്നോടിയായി വരുന്ന എല്ലാ അത്തഹിയ്യാത്തിലും തവർറുക്കിൻ്റെ ഇരുത്തമാണ് സുന്നത്ത് ( ഫത്ഹുൽ മുഈൻ)

റവാതിബ് നിസ്കാരങ്ങൾക്കോ തറാവീഹിനോ കൂടുതൽ പുണ്യം?

റവാതിബു നിസ്കാരങ്ങൾക്ക് ( ഫത്ഹുൽ മുഈൻ ,തുഹ്ഫ: 2/ 242)

റവാതിബു നിസ്കാരങ്ങളിൽ ഏറ്റവും മഹത്വമുള്ളതേത്?

സുബ്ഹിയുടെ മുമ്പുള്ള രണ്ടു റക്അത്ത് (ഫത്ഹുൽ മുഈൻ)

തറാവീഹിനോ വിത്റിനോ കൂടുതൽ പുണ്യം?

വിത്റിന് (ഫത്ഹുൽ മുഈൻ)

റവാതിബ് നിസ്കാരങ്ങൾക്കോ വിത്റിനോ കൂടുതൽ മഹത്വം?

വിത്റിന് ,തറാവീഹിനേക്കാളും റവാതിബുകളേക്കാളും പുണ്യമുള്ള നിസ്കാരമാണ് വിത്റ് (ഫത്ഹുൽ മുഈൻ)


തറാവീഹ് നിസ്കാരത്തിൽ പ്രാരംഭ പ്രാർത്ഥന സുന്നത്തുണ്ടോ?

അതേ ,സുന്നത്തുണ്ട്. മയ്യിത്തു നിസ്കാരമല്ലാത്ത എല്ലാ നിസ്കാരങ്ങളിലും തക്ബീറത്തുൽ ഇഹ്റാമിനു ശേഷം പ്രാരംഭ പ്രാർത്ഥന സുന്നത്തുണ്ട്. (തുഹ്ഫ: 2/29)

അപ്പോൾ ഇരുപത് റക്അത്ത് തറാവീഹ് നിസ്കരിക്കുമ്പോൾ പത്തു പ്രാവശ്യം പ്രാരംഭ പ്രാർത്ഥന സുന്നത്തുണ്ട്.

പ്രാരംഭ പ്രാർത്ഥനയായിوجهت وجهي للذي فطر എന്ന പ്രാർത്ഥന തന്നെ പ്രാർത്ഥിക്കണമെന്നുണ്ടോ?

പ്രസ്തുത പ്രാർത്ഥന നിർവ്വഹിക്കലാണു ഏറ്റവും പുണ്യം. എന്നാൽ പ്രാരംഭ പ്രാർത്ഥനയുടെ സുന്നത്തു ലഭ്യമാകാൻ ഹദീസുകളിൽ പ്രാരംഭ പ്രാർത്ഥനയായി വന്ന മറ്റു ദുആഉകൾ നിർവ്വഹിച്ചാലും മതി. (തുഹ്ഫ: ശർവാനി: 2/30 ,നിഹായ :1/472 ,ജമൽ: 1/352)

ഹദീസിൽ വരാത്ത പ്രാർത്ഥന കൊണ്ട് പ്രാരംഭ പ്രാർത്ഥനയുടെ സുന്നത്ത് ലഭിക്കുമോ?

ലഭിക്കുമെന്ന് ഖൽ യൂബിയിൽ (1/167) രേഖപ്പെടുത്തിയിട്ടുണ്ട്.


പ്രാരംഭ പ്രാർത്ഥനയായി ഹദീസുകളിൽ വന്ന ദുആകൾ ഏതെല്ലാം?

ചിലതു വിവരിക്കാം

(1)  الحمد لله حمدا كثيرا طيبا مباكا فيه
(2)   سبحان الله والحمد لله ولاإله إلا الله والله أكبر
(3)   الله أكبر كبيرا والحمد لله كثيرا وسبحان الله بكرة وأصيلا
(4) سبحانك اللهم وبحمدك وتبارك اسمك وتعالى جدك ولا إله غيرك

(ശർഹുൽ മുഹദ്ദബ്: 3/321, ജമൽ: 1/352)


പ്രാരംഭ പ്രാർത്ഥനയുടെ അടിസ്ഥാന സുന്നത്തു കിട്ടാൻ سبحانك اللهم وبحمدك എന്നു ചൊല്ലിയാൽ മതിയോ?

അതേ ,തറാവീഹിലും മറ്റു നിസ്കാരങ്ങളിലും പ്രാരംഭ പ്രാർത്ഥന തീരെ നിർവ്വഹിക്കാത്തവർ പ്രസ്തുത വാക്യം ചൊല്ലി കൊണ്ടെങ്കിലും സുന്നത്തുകരസ്ഥമാൻ ശ്രമിക്കണം.

ഫാതിഹയിൽ പ്രവേശിച്ചാൽ പ്രാരംഭ പ്രാർത്ഥനയുടെ അവസരം നഷ്ടപ്പെടുമോ?

അതേ ,മറന്നു കൊണ്ടാണെങ്കിലും അഊദുവിൽ പ്രവേശിച്ചാൽ തന്നെ പ്രാരംഭ പ്രാർത്ഥനയുടെ അവസരം നഷ്ടപ്പെടും.(ബുഷ്റൽ കരീം: 1/219)

പ്രാരംഭ പ്രാർത്ഥന മറ്റു മദ്ഹബുകളിൽ ഉണ്ടോ?

ഹനഫീ ,ഹമ്പലീ മദ്ഹബുകളിൽ ശാഫിഈ മദ്ഹബ് പോലെത്തന്നെ പ്രാരംഭ പ്രാർത്ഥന സുന്നത്താണ്.

എന്നാൽ മാലികി മദ്ഹബിൽ നിസ്കാരത്തിൽ പ്രാരംഭ പ്രാർത്ഥനയില്ല. കറാഹത്താണെന്നഭിപ്രായം ഉണ്ട്.  മാലിക് (റ)വിൻ്റെ അരികിൽ നിസ്കാരത്തിൽ പ്രവേശിക്കും മുമ്പാണ് പ്രാരംഭ പ്രാർത്ഥന സുന്നത്തുള്ളത് (ശർഹുൽ മുഹദ്ദബ്: 3/321 ,അൽ മദാഹിബുൽ അർബഅ: ഖൽയൂബി: 1/167 ,ജമൽ: 1/352)

പ്രാരംഭ പ്രാർത്ഥന നിർബന്ധമാണെന്നഭിപ്രായമുണ്ടോ?

അതേ ,ദുർബലമായ ഒരു അഭിപ്രായമുണ്ട്. قيل يجب എന്നാണു ആ അഭിപ്രായത്തെ കുറിച്ച് തുഹ്ഫ: യിലും ഫത്ഹുൽ മുഈനിലും മറ്റും ഇബാറത്തിട്ടത്.

നിഹായ :യിലും മുഗ് നി യിലും ഈ ദുർബല വീക്ഷണം പറഞ്ഞിട്ടുമില്ല.


പ്രാരംഭ പ്രാർത്ഥന ഉപേക്ഷിക്കൽ കറാഹത്തുണ്ടോ?


   (يسن التعوذ للمتمكن منه فيكره تركه) كما في المجموع عن نص الشافعي ومثله دعاء الإفتتاح
(الإيعاب في شرح العباب لإبن حجر الهيتمي)

അഊദു നിർവ്വഹിക്കാൻ സൗകര്യപ്പെടുന്നവർക്ക് അതു സുന്നത്താണ്. അതുപേക്ഷിക്കൽ കറാഹത്താണ്. ഇമാം ശാഫിഈ (റ)വിൻ്റെ നസ്വ് ഇമാം നവവി(റ) മജ്മൂഇൽ വിവരിച്ചതു പോലെ. അഊദു പോലെ തന്നെയാണ് പ്രാരംഭ പ്രാർത്ഥനയും (അൽ ഈആബ്: പേജ് 64 )

ഇമാം നവവി(റ)യുടെ റൗളത്തു ത്വാലിബീൻ എന്ന ഗ്രന്ഥം ചുരുക്കിയതാണ് അൽ ഉബാബ് എന്ന കിതാബ് .ഇമാം അഹ് മദുബ്ന ഉമറൽ മുസജ്ജദ് (റ)വാണ് രചയിതാവ്. അൽ ഉബാബ് എന്ന ഗ്രന്ഥത്തിൻ്റെ ശർഹാണ് അൽ ഈആബ് എന്ന കിതാബ് .ഇമാം ഇബ്നു ഹജർ(റ)വാണ് രചയിതാവ്. ഈ ശർഹു പൂർണമായിട്ടില്ല. ബാബുൽ വകാലത്ത് വരെ രചിച്ചിട്ടുള്ളൂ. (ശദറാത്ത്: 8/ 169)


നിർബന്ധമാണ് എന്ന വീക്ഷണമുള്ള സുന്നത്ത് നിസ്കാരത്തിൽ ഒഴിവാക്കൽ കറാഹത്താണ് എന്ന ഒരു പൊതു നിയമമുണ്ടല്ലോ.  وقيل يجب എന്നു പ്രാരംഭ പ്രാർത്ഥനയിൽ അഭിപ്രായമില്ലേ. അപ്പോൾ പ്രാരംഭ പ്രാർത്ഥന ഉപേക്ഷിക്കൽ കറാഹത്താണെന്നു ലഭിക്കില്ലേ?

പൊതു നിയമം പറഞ്ഞ ഫുഖഹാഉ തന്നെ നിരവധി മസ്അല വിവരിച്ചുകൊണ്ട് നിർബന്ധം എന്ന വീക്ഷണം പരിഗണിച്ച് അതു ഉപേക്ഷിക്കൽ കറാഹത്താണ് എന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്. അല്ലാതെ പൊതു നിയമം മാത്രം പറഞ്ഞു നിർത്തിയിട്ടില്ല. എന്നാൽ ദുആഉൽ ഇഫ്തിതാഹ് ഉപേക്ഷിക്കൽ കറാഹത്താണെന്ന് അവർ പറഞ്ഞതേയില്ല എന്നത് നാം ആലോചിക്കണം.

പൊതു നിയമം നാം കൈകാര്യം ചെയ്തു കറാഹത്ത് എന്ന വിധി പ്രഖ്യാപിക്കാനൊരുങ്ങിയാൽ ഫിഖ്ഹിഗ്രന്ഥങ്ങളിൽ കാണാത്ത നിരവധി കറാഹത്തുകൾ പ്രഖ്യാപിക്കേണ്ടി വരും.

ഉദാഹരണത്തിനു ഒന്നു പറയാം: അവസാനത്തെ അത്തഹിയ്യാത്തിൽ ഇബ്റാഹീം നബി(അ)യുടെ മേൽ സ്വലാത്ത് ചൊല്ലലിനെ ഉപേക്ഷിക്കൽ കറാഹത്താണെന്നു ഫുഖഹാഉ വിവരിച്ചതു കാണുന്നില്ല. എന്നാൽ അതു നിർബന്ധമാണെന്ന അഭിപ്രായം ഉണ്ട് (തുഹ്ഫ: 2/81)

പൊതു നിയമം പറഞ്ഞു കറാഹത്താക്കുന്നവർക്ക് ഇബ്റാഹീം നബി(അ)യുടെ മേൽ സ്വലാത്ത് ഉപേക്ഷിക്കൽ കറാഹത്താണെന്നു വിധി പ്രഖ്യാപിക്കാം.!!!


നിന്നു നിസ്കരിക്കാൻ സാധിക്കുന്നവർക്ക് തറാവീഹ് നിസ്കാരം ഇരുന്നു നിസ്കരിക്കാമോ?

അതേ , സുന്നത്തു നിസ്കാരമാണല്ലോ. (ഫത്ഹുൽ മുഈൻ)

തറാവീഹിലെ ഈ രണ്ടു റക്അത്തുകൾക്കിടയിൽ സ്ഥലം മാറൽ സുന്നത്തുണ്ടോ?

സ്ഥലം മാറുകയോ സംസാരം കൊണ്ട് പിരിക്കുകയോ ചെയ്യൽ സുന്നത്തുണ്ട്. 

തറാവീഹിൽ സ്ഥലം മാറൽ പല ബുദ്ധിമുട്ടുകളും ഉണ്ടാകാൻ കാരണമാകും. ഒന്നാം സ്വഫ് ,ഇമാമിൻ്റെ അടുത്തുനിൽക്കൽ ,ഇമാമിൻ്റെ വലതു ഭാഗത്തു നിൽക്കൽ തുടങ്ങിയ സുന്നത്തുകൾ നഷ്ടപ്പെടൽ ,സ്വഫ് കീറി കടക്കൽ എന്ന ബുദ്ധിമുട്ട് എന്നിവ ഉണ്ടാകുമ്പോൾ നിസ്കാര സ്ഥലം മാറൽ സുന്നത്തില്ല. സംസാരം കൊണ്ട് പിരിക്കൽ സുന്നത്തുണ്ട്.

തറാവീഹ് ജമാഅത്തായി നിസ്കരിക്കുമ്പോൾ സ്ഥലം മാറ്റം സാധാരണ പ്രായോഗികമല്ല. അപ്പോൾ സംസാരം കൊണ്ട് പിരിക്കാം. സംസാരം എന്നതിൽ ദിക്ർ ,ദുആകളും ഉൾപ്പെടുമെന്ന് ഇആനത്തിൽ (1/304) വിവരിച്ചിട്ടുണ്ട്.

സലാം വീട്ടിയ ഉടനെ ഇമാം فضلا من الله ونعمة എന്നും മഉമൂമുകൾ ومغفرة ورحمة എന്നും പറഞ്ഞാൽ സംസാരം കൊണ്ട് പിരിക്കുകയെന്ന സുന്നത്തു കിട്ടുമോ ?

അതേ ,കിട്ടും. അതും കൂടി ഉദ്ദേശിച്ചു കൊണ്ടാകാം നമ്മുടെ മുൻ കഴിഞ്ഞ ഉസ്താദുമാർ അതു ശീലമാക്കിയത്. അല്ലാതെ അങ്ങനെ പ്രസ്തുത പദങ്ങൾ പറയണമെന്ന് കർമശാസ്ത്ര ഗ്രന്ഥങ്ങളില്ലല്ലോ. അല്ലാഹുവിൻ്റെ ഔദാര്യവും പാപമോചനവും ചോദിക്കലാണ് പ്രസ്തുത വാക്യം കൊണ്ടുദ്ദേശിക്കുന്നത്.

തറാവീഹ് നിസ്കാരത്തിൽ അത്തഹിയ്യാത്തിനും സ്വലാത്തിനും ശേഷം പ്രാർത്ഥന സുന്നത്തുണ്ടോ?

അതേ ,സുന്നത്തുണ്ട്.ഫർളും സുന്നത്തുമായ എല്ലാ നിസ്കാരത്തിലും പ്രാർത്ഥന സുന്നത്തുണ്ട്.(ഫത്ഹുൽ മുഈൻ)

പ്രാർത്ഥന ഒഴിവാക്കൽ കറാഹത്തുണ്ടോ?

അത്തഹിയ്യാത്തിൻ്റെ ശേഷമുള്ള പ്രാർത്ഥനകളിൽ നിർബന്ധം എന്ന അഭിപ്രായമുള്ള പ്രാർത്ഥന ഒഴിവാക്കൽ കറാഹത്താണ്. അതു

اللهم إني أعوذ بك من عذاب القبر ومن عذاب النار ومن فتنة المحيا والممات ومن فتنة المسيح الدجال
         
എന്ന പ്രാർത്ഥനയാണ്.(ഫത്ഹുൽ മുഈൻ)

സുന്നത്തു നിസ്കാരങ്ങളിൽ ഇതെങ്കിലും പ്രാർത്ഥിക്കാം നാം തയ്യാറാവണം. കറാഹത്തിൽ നിന്നു രക്ഷ നേടണം.

ഇത് ഇമാം മുസ് ലിം (റ) റിപ്പോർട്ട് ചെയ്ത ഹദീസാണ്.ഇതിൻ്റെ മുമ്പ് നാം സാധാരണ പ്രാർത്ഥിക്കുന്ന

اللهم اغفرلي ما قدمت........ لا إله إلا أنت

എന്നത് മറ്റൊരു ഹദീസാണ്. അതും ഇമാം മുസ് ലിം (റ) റിപ്പോർട്ട് ചെയ്ത ഹദീസാണ്.

അത്തഹിയ്യാത്തിനു ശേഷം اللهم صل على سيدنا محمد وعلى آل سيدنا محمد എന്നു ചൊല്ലി اللهم إني أعوذ بك എന്ന പ്രാർത്ഥന നിർവ്വഹിച്ചു സലാം വീട്ടിയാൽ നിസ്കാരം സാധുവാകില്ലേ?

സാധുവാകും. കറാഹത്തുമില്ല. സലാത്ത് പൂർണമായി ചൊല്ലലാണ് ഏറ്റം മഹത്വം എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

പ്രായം തികയാത്ത ഹാഫിളുകളെ തുടരൽ കറാഹത്താണോ?

അതേ ,കറാഹത്താ ന്ന്. (തുഹ്ഫ: 2/ 288) ഹാഫിളായതു കൊണ്ടല്ല കറാഹത്തായത്.പ്രായം തികയാത്തതു കൊണ്ടാണ്. ജമാഅത്തിൻ്റെ പ്രതിഫലം നഷ്ടപ്പെടുന്ന കറാഹത്താണിത്.

സത്രീകൾക്ക് സ്ത്രീ ഇമാമത്ത് നിൽക്കലാണോ പുരുഷൻ ഇമാമത്ത് നിൽക്കലാണോ കൂടുതൽ പുണ്യം?

പുരുഷൻ ഇമാമത്തു നിൽക്കൽ (കൻസുർറാഗിബീൻ:
1/2 22)

സ്ത്രീകൾക്ക് സത്രീ തന്നെ ഇമാമത്ത് നിൽക്കുമ്പോൾ ഇമാം മുന്തി നിൽക്കണോ?

പുരുഷ ഇമാം മുന്തി നിൽക്കുപോലെ നിൽക്കരുത്. അങ്ങനെ മുന്തി നിൽക്കൽ ജമാഅത്തിൻ്റെ പ്രതിഫലം നഷ്ടപ്പെടുന്ന കറാഹത്താണ്.(തുഹ്ഫ: ശർവാനി: 2/310 ) ഇമാമായ സത്രീ ഒന്നാം സ്വഫിൽ തന്നെ നിൽക്കണം. അവൾ മറ്റുള്ളവരിൽ നിന്നു വേറിട്ടറിയാൻ വേണ്ടി അല്പം മുന്തി നിൽക്കാമെന്ന് ഇമാം റംലി (റ) പറഞ്ഞിട്ടുണ്ട്.

പുരുഷൻ സ്ത്രീകൾക്ക് ഇമാമത്ത് നിൽക്കുമ്പോൾ അവർ മൂന്നു മുഴത്തിനേക്കാൾ മുന്തി നിൽക്കാമോ?

അതേ , കൂടുതൽ പിന്തി നിൽക്കകയാണ് വേണ്ടത്.അതാണു സുന്നത്ത്. ഇമാമിൻ്റെയും മഉമൂമുകളുടെയും ഇടയിൽ മൂന്നു മുഴത്തിനേക്കാൾ കൂടുതൽ ദൂരം ഉണ്ടാവരുതെന്ന നിയമം പുരുഷൻ്റെ പിന്നിൽ നിൽക്കുന്ന സ്ത്രീകൾക്ക് ബാധകമല്ല.(ഫതാവൽ കുബ്റ:(2/215)



ലേഖകൻ : എം.എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment