Thursday 21 May 2020

അറവും നിയമങ്ങളും


മനുഷ്യന്റെ മുഖ്യാഹാരങ്ങളില്‍ ഒന്നാണ് മാംസം. കന്നുകാലികള്‍, പക്ഷികളില്‍ പെട്ട കോഴി, താറാവ് തുടങ്ങിയവയാണ് ഇതിനായി പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്.

അറുക്കാതെ ജീവന്‍ നഷ്ടപ്പെട്ടത് ശവമാണ്. ഇത് രോഗം വന്നോ, പ്രായാധിക്യം കാരണമോ ചത്തത് മാത്രമല്ല, കഴുത്ത് കുരുങ്ങി ചത്തതും അടിയേറ്റു ജീവന്‍ നഷ്ടപ്പെട്ടതും മുകള്‍ ഭാഗത്ത് നിന്ന് താഴേക്ക് വീണു ചത്തതും മറ്റു മൃഗങ്ങള്‍ കുത്തിക്കൊന്നതുമെല്ലാം ശവങ്ങളാണ്. എന്നാല്‍, പരുക്കേറ്റ മൃഗങ്ങളെ അറുത്താല്‍ ഭക്ഷിക്കാവുന്നതാണ്.

ആവശ്യമില്ലാതെ ഒരു ജീവിയെ അറുത്തോ അല്ലാതെയോ കൊല്ലുന്നതും വേദനിപ്പിക്കുന്നതും നിഷിദ്ധമാണ്. മൃഗങ്ങളുടെ മുഖത്ത് പച്ചകുത്തുന്നതും ആവശ്യത്തിന് ആഹാരം കൊടുക്കാതെ അമിതഭാരം വഹിപ്പിക്കുന്നതും ജോലി ചെയ്യിപ്പിക്കുന്നതുമെല്ലാം നബി(സ) നിരോധിച്ചതായി കാണാം. അറവ് നടത്തുമ്പോള്‍ പോലും മൃഗങ്ങള്‍ക്ക് പ്രയാസം കുറക്കണം. നബി തങ്ങള്‍ പറഞ്ഞു: ‘നിങ്ങള്‍ അറവ് നടത്തുമ്പോള്‍ നല്ല രീതിയില്‍ അറുക്കുക. കത്തിയുടെ വായ്ത്തല നന്നായി മൂര്‍ച്ചവരുത്തുക മൃഗത്തിന് ആശ്വാസം നല്‍കുക. (മുസ്‌ലിം റഹ്)

അറക്കാൻ‍ സാധിക്കുന്ന ജീവിയെ കഴുത്തില്‍ അറുക്കേണ്ടതാണ്. അറക്കാൻ‍ സാധിക്കാതെ ഓടിപ്പോയി കൈയില്‍ കിട്ടാൻ‍ പ്രയാസമാകുന്ന ഘട്ടത്തില്‍ മൂർ‍ച്ചയുള്ള സാധനം കൊണ്ടെറിഞ്ഞു അതിന്റെ ദേഹത്തിലെവിടെയെങ്കിലും മുറിവേൽപ്പിക്കുകയും തൻ‍മൂലം അത് ജീവനറ്റു പോവുകയും ചെയ്താല്‍ അതിനെ ഭക്ഷിക്കാം.

കഴുത്തില്‍ അറുക്കുമ്പോള്‍ ശ്വാസനാളവും, അന്നനാളവും മുറിയല്‍ നിർ‍ബന്ധമാണ്. അതോടുകൂടി കഴുത്തിന്റെ ഇരു പാർശങ്ങളിലുള്ള രണ്ട് ഞരമ്പുകള്‍ (കണ്ഠനാളം) കൂട്ടിമുറിച്ചാല്‍ അറവ് പരിപൂർ‍ണ്ണമായി. അത് സുന്നത്തുമാകുന്നു.

അറുക്കുന്നവന്‍ മുസ്‌ലിമോ വിവാഹം അനുവദനീയമാവാനുള്ള നിബന്ധനകളൊത്തെ അഹല്‍കിതാബോ ആയിരിക്കണമെന്നതും നിബന്ധനയാണ്.

കത്തി മൂർ‍ച്ച കൂട്ടുക, അറവ് മൃഗത്തെ ഖിബലയിലേക്ക് തിരിച്ച് കിടത്തുക, കത്തി മൂർ‍ച്ച കൂട്ടുന്നതോ മറ്റു മൃഗങ്ങളെ അറുക്കുന്നതോ മൃഗത്തെ കാണിക്കാതിരിക്കുക എന്നിവ സുന്നത്താണ്.

അറുക്കുന്നത് ബുദ്ധിയുള്ള പുരുഷനാവലാണ് ഉത്തമം. അറുക്കുമ്പോള്‍ ബിസ്മില്ലാഹി റഹ്മാനിറഹീം, അല്ലാഹുമ്മ സ്വല്ലി വസല്ലിം അലാ മുഹമ്മദ് എന്ന് ചൊല്ലലും സുന്നതാണ്.

പക്ഷികള്‍, മൃഗങ്ങള്‍ എന്നിവയെ വിട്ട് വേട്ടയാടല്‍ അനുവദനീയമാണ്. പരിശീലനം സിദ്ധിച്ച വേട്ടനായ, പ്രാപ്പിടിയന്‍ പക്ഷി മുതലായവ വേട്ടയാടിയത് അറുക്കാന്‍ സാധിക്കുന്നതിന്ന് മുമ്പ് ജീവന്‍ പോയാലും ഭക്ഷിക്കല്‍ അനുവദനീയമാകും. വിട്ടയച്ചാല്‍ വേഗത്തില്‍ പോകുക, നില്‍ക്കാന്‍ പറഞ്ഞാല്‍ ഉടന്‍ നില്‍ക്കുക, പിടിക്കാന്‍ പറഞ്ഞാല്‍ പിടിക്കുക, വിടാന്‍ പറഞ്ഞാല്‍ വിടുക, വേട്ടക്കയച്ച ജീവി വേട്ടയാടിയ ഉരുവില്‍ നിന്ന് ഭക്ഷിക്കാതിരിക്കുക-എന്നീ കാര്യങ്ങളെല്ലാം പലപ്പോഴും പരീക്ഷിക്കപ്പെട്ടതായിരിക്കല്‍ വേട്ടയാടുന്ന ജീവിയിലുള്ള നിബന്ധനയാണ്. ഇതില്‍ ഏതെങ്കിലുമൊരു കാര്യം ഒക്കാതെ വന്നാല്‍ അവ വേട്ടയാടിപ്പിടിച്ചു ജീവന്‍ പോയതിനെ തിന്നല്‍ അനുവദനീയമല്ല. ശരിയായ ജീവനുണ്ടെങ്കില്‍ അറുത്ത് ഭക്ഷിക്കാവുന്നതാണ്.

മൂര്‍ച്ചയുള്ള എല്ലാ സാധനങ്ങള്‍ കൊണ്ടും അറുക്കാം. പല്ല്, എല്ല്, നഖം എന്നിവ കൊണ്ട് അറുക്കാന്‍ പാടില്ല. തള്ളയെ അറുത്ത കാരണത്താല്‍ വയറ്റിലുള്ള കുഞ്ഞിന്റെ ജീവന്‍ പോയാല്‍ അതിനെ (അറുക്കാതെ തന്നെ) തിന്നല്‍ അനുവദനീയമാണ്. ജീവനുണ്ടെങ്കില്‍ അറുത്താല്‍ മാത്രമേ തിന്നാവൂ.

തിന്നാന്‍ പറ്റിയ മൃഗങ്ങളില്‍ നിന്ന് ജീവനുള്ളപ്പോള്‍ വേര്‍പെട്ട (മുടി പോലുള്ളതല്ലാത്ത) അവയവങ്ങള്‍ക്ക് ശവത്തിന്റെ വിധിയാണ്.

ഇസ്ലാമിക അറവ് രീതിയുടെ ആരോഗ്യ വശം

വൈദ്യുതി (Electricity) ,മര്‍ദ്ദനം (Stunning) ആകുമ്പോള്‍ ഹൃദയാഗാദം ഉണ്ടാകുകയും രക്തം മാസത്തില്‍ കട്ട പിടിച്ച് ഇരിക്കുകയും ,അത്തരം മാംസം കഴിക്കുമ്പോള്‍ പല തരത്തിലുള്ള അസുഖം പിടിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്.അത് പോലെ തന്നെയാണ് Spinal Cord (സുഷ്‌മ്‌നാകാണ്‌ഡം) മുറിക്കപ്പെടുമ്പോള്‍ അതിനോട് ചേര്‍ന്നുള്ള ഹൃദയതിലോട്ട് പോകുന്ന ഞരമ്പുകള്‍ മുറിയുകയും അത് മൂലം ഹൃദയാഖാതം സംഭവിക്കുന്നു ,അത് സംഭവിച്ചു കഴിഞ്ഞാല്‍ ഹൃദയം രക്തം പമ്പ്‌ ചെയ്യുന്നത് തടസപ്പെടുന്നു

അങ്ങനെ രക്തം മാംസത്തില്‍ കട്ട പിടിച്ച് ഇരിക്കുകയും ചെയ്യുന്നു.എന്നാല്‍ ഇസ്ലാമിക രീതി ആകുമ്പോള്‍ ഹൃദയം രക്തം പമ്പ് ചെയ്തു പുറത്തേക്ക് ഒഴുക്കുന്നു .അങ്ങനെ മാംസത്തില്‍ രക്തം കട്ട പിടിച്ച് ഇരിക്കാനുള്ള സാധ്യത കുറയുന്നു.രക്തം രോകാനുക്കളുടെ ഒരു കലവറ തന്നെയാണ്.ഇത്തരം മാംസം കുറെ നേരം ഫ്രഷ്‌ ആയി നില്‍ക്കുകയും ചെയ്യുന്നു.അങ്ങനെ ഇസ്ലാമിക രീതി നമുക്ക്‌ ശുദ്ധമായ ഭക്ഷണ രീതി പരിചയപ്പെടുത്തുന്നു.

മദ്യപാനി നിസ്‌ക്കരിക്കാത്തവർ തുടങ്ങിയ ദീനിബോധമില്ലാത്തവരൊക്കെയാണ് ചില ചിക്കൻ സ്റ്റാളുകളിൽ ജോലിയെന്ന നിലക്കു കോഴിയെ അറുക്കുന്നത് ഇത്തരത്തിൽ അറുത്താൽ അറവ് ശരിയാവുമോ ❓

ശരിയാവും കാരണം  അറുക്കുന്നവൻ ഏത് രീതിയിലുള്ള മുസ്ലിമാണെങ്കിലും അറവ് ശരിയാവും (തുഹ്ഫ, ശർവാനി, 9/316)എങ്കിലും ദീനുള്ളവർ അറക്കൽ തന്നെയാണ് നല്ലത്.

മദ്യ ലഹരിയിലുള്ളവൻ അറുത്തത് ഭക്ഷിക്കാമോ ❓

കറാഹത്താണ്.  (ശർവാനി 9/316)

സ്ത്രീകൾ അറുത്തത് ഭക്ഷിക്കാമോ ❓

ഭക്ഷിക്കാം (ശർവാനി 9/315)

ആർത്തവകാരിയാണെങ്കിലോ ❓

എങ്കിലും ഭക്ഷിക്കാം (ശർവാനി 9/315)

ഊമയായവർ അറുത്തതോ❓

ഹലാലാണ്  (ശർവാനി  9/315)

കുട്ടികൾക് അറുക്കാമോ?പ്രായപൂർത്തിയവൽ അറുക്കുന്നവന്റെ ശർതാണോ ❓

മുസ്ലിമായ വകതിരിവുള്ള കുട്ടി അറുത്താൽ മതിയാകും. വാകാത്തരിവില്ലാത്തവർ അറുത്തത് കറാഹത്താണ്. (ശർവാനി 9/316)

ചില കച്ചവടക്കാർ ഒറ്റയ്ക് കോഴി, പോത്ത് , ആട് എന്നിവയെ അറുക്കുന്നത് കാണാറുണ്ട് ഇത് ശരിയാവുമോ❓

ശരിയാവും. കാരണം ഒന്നിലധികം ആളുകളുണ്ടാവുക എന്നത് അറവിന്റെ ശർത്വൽ പെട്ടതല്ല  അന്നനാളവും ശ്വാസനാളവും മുറിയണമെന്നാണ് ശർത്.

കണ്ണു കാണാത്ത വ്യക്തി അറുത്താലോ  ?

കറാഹത്താണ്  (തുഹ്ഫ 9/316)

അറുക്കാൻ ഏറ്റവും യോഗ്യതയുള്ളവൻ ആരാണ് ❓

ബുദ്ദിയുള്ള മുസ്ലിമായ പുരുഷൻ പിന്നെ സ്ത്രീ പിന്നെ കുട്ടി (ശർവാനി 9/316)

അറക്കുന്നതിനു നിബന്ധനയുണ്ടോ 

നാല് ഘടകങ്ങള്‍ ചേരുമ്പോഴാണ് അറവ് സംഭവിക്കുക. അറുക്കുന്നയാള്‍, അറുക്കപ്പെടുന്ന ജീവി, അറവിന്റെ ആയുധം, അറവ് എന്നിവയാണവ. ഇതില്‍ അറുക്കുന്നയാള്‍ മുസ്‌ലിമായിരിക്കുക എന്നത് ഒരു പ്രധാന നിബന്ധനയാണ്. ഉദ്ദേശ്യപൂര്‍വം അറുത്തതുമായിരിക്കണം. അറുക്കുന്ന സ്ഥലമായ കഴുത്തില്‍ കത്തി വീണു മുറിഞ്ഞുപോയത് അറുത്തതായി പരിഗണിക്കപ്പെടുകയില്ല. അറുക്കപ്പെടുന്ന ജീവി ഭക്ഷ്യയോഗ്യമായിരിക്കണം.

നായ, പന്നി പോലെയുള്ളതും അറുക്കുന്ന സമയത്ത് സ്വയേഷ്ടപ്രകാരം ശരീരം ചലിപ്പിക്കാന്‍ കഴിയുന്ന, ജീവന്‍ ഇല്ലാത്തതുമാവരുത്. അറവ് നടത്താനുപയോഗിക്കുന്ന ആയുധം പല്ല്, നഖം, എല്ല് എന്നിവയല്ലാത്തതും മൂര്‍ച്ചയുള്ളതുമായിരിക്കണം. ആയുധത്തിന്റെ ഭാരം കൊണ്ട് ജീവന്‍ പോയാല്‍ പോരാ.

പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം അറവാണ്. അറുക്കപ്പെടുന്നതിന്റെ ശ്വാസനാളവും അന്നനാളവും പൂര്‍ണമായും മുറിഞ്ഞിരിക്കണം. ഇത് കത്തിയെടുക്കാതെ തുടര്‍ച്ചയായി മുറിക്കുകയും വേണം. പല കോഴിക്കടകളിലും ശ്രദ്ധിച്ചാല്‍ ശരിയായ വിധത്തിലല്ല അറവ് നടത്തുന്നത് എന്ന് ബോധ്യമാകും. പലരും കഴുത്ത് പിടിച്ച് പിരടിയില്‍ ഒന്ന് വാര്‍ന്ന് ചോരയൊലിപ്പിക്കും. ഇനി കഴുത്തില്‍ അറുക്കുന്നവവരും അന്നനാളവും ശ്വാസ നാളവും പൂര്‍ണമായും മുറിയാന്‍ മാത്രം അറുക്കാതെ ഒന്ന് ചോരയൊലിപ്പിച്ചിടുന്നതാണ് കാണാറുള്ളത്. ഇത് ശവമാണ്. ഇങ്ങനെ അറവ് നടത്തുന്നവര്‍ മറ്റുള്ളവരെ ശവം തീറ്റിച്ച കുറ്റക്കാരാകും.

യാത്രയിലും മറ്റും ഹോട്ടലിലും കയറി ബീഫോ ചിക്കനോ വാങ്ങികഴിക്കുമ്പോൾ അറുത്തത് ആരാണെന്നറിയാതെ തിന്നാൻ പറ്റുമോ ❓

ഇസ്ലാമിക രാജ്യങ്ങൾ പോലെ മുസ്ലിങ്ങൾ കൂടുതലുള്ള പ്രദേശമാണെങ്കിൽ ഭക്ഷിക്കാവുന്നതാണ്. അപ്രകാരം തന്നെ അറുത്തവൻ നേരിട്ട് പറഞ്ഞാലും അത് കഴിക്കാം. അല്ലെങ്കിൽ ഹറാമാണ്. (തുഹ്ഫ 9/315, ബാജൂരി 2/486, ശർവാനി 1/300)

മത്സ്യത്തെ അറുക്കേണ്ടതുണ്ടോ

കൂടുതൽ സമയം കരയിൽ ജീവനോടെയിരിക്കുന്ന വലിയ മത്സ്യത്തെ അറുക്കൽ സുന്നത്താണ്. ചെറിയവയെ അറുക്കൽ കറാഹത്താണ്. (തുഹ്ഫ 9/317)

അമുസ്‌ലിം അറുത്ത കോഴി കൊണ്ടാണ് ബിരിയാണി വെച്ചത്. എങ്കിൽ മാംസം കഴിക്കാതെ ചോറ് മാത്രം കഴിക്കാമോ? അവർ അറുത്തത് നജസായാണോ, അതോ ആഹരിക്കൽ ഹറാമായ വസ്തു എന്നാണോ പരിഗണിക്കുന്നത്?

അറുക്കുന്നവൻ മുസ്‌ലിമോ നിബന്ധനകളൊത്ത അഹ്‌ലുകിതാബോ ആയിരിക്കണമെന്ന നിബന്ധനയുണ്ട്. എങ്കിലേ അറവ് സ്വഹീഹാവുകയുള്ളൂ. അല്ലാത്തവർ അറുത്താൽ അറവ് സ്വഹീഹല്ല. അതിനാൽ അത് ശവമാണ്. ശവം നജസാണ്. ഭക്ഷിക്കൽ നിഷിദ്ധവും.

ബലിയറുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

അന്നനാളവും ശ്വാസനാളവും മുറിക്കുന്നതിനു പുറമെ കണ്ഡനാഡികളും മുറിക്കുക. എന്നാല്‍ തല വേര്‍പെട്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. വഴിയില്‍ വെച്ചും പൊതുസ്ഥലത്ത് വെച്ചും അറുക്കുന്നതും രാത്രിയില്‍ അറുക്കുന്നതും ഒഴിവാക്കണം. പിടയാന്‍ അനുവദിക്കുന്നതിന് വേണ്ടി കൈകാലുകള്‍ കെട്ടിയിടുന്നുണ്ടെങ്കില്‍ അത് അഴിച്ചിടണം. ജീവ് പോകുന്നതിന് മുമ്പ് അതിനെ നീക്കിയിടുന്നതും തോല് പൊളിക്കുന്നതും പാടില്ലാത്തതാണ്.

അറവിന്റെ മര്യാദകൾ 

ബുദ്ധിയുള്ള മുസ്‌ലിമായ പുരുഷന്‍ അറുക്കുക, അറുക്കപ്പെടുന്നതിന്റെ മുന്നില്‍ വെച്ച് കത്തി മൂര്‍ച്ച കൂട്ടുന്നതും മറ്റൊരു മൃഗത്തെ അറുക്കുന്നതും ഒഴിവാക്കുക, അറുക്കുന്നതിന് മുമ്പ് വെള്ളം കൊടുക്കുക, ഒട്ടകത്തെ നിര്‍ത്തിയും ആടും മാടുമാണെങ്കില്‍ ഇടതു ഭാഗത്തിന്റെ മേല്‍ ഖിബ്‌ലക്ക് അഭിമുഖമായി ചെരിച്ചു കിടത്തിയും അറുക്കുക, അറുക്കുന്നയാള്‍ ബിസ്മിയും സ്വലാത്തും ചൊല്ലുക, ഉള്ഹിയ്യത്താണെങ്കില്‍ ബിസ്മിക്ക് മുമ്പും ശേഷവും മൂന്ന് വീതം തക്ബീര്‍ ചൊല്ലുകയും ശേഷം ‘അല്ലാഹുമ്മ ഹാദാ മിന്‍ക, വ ഇലൈക, ഫതഖബ്ബല്‍ മിന്നീ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുക.

മൃഗത്തെ അറുക്കുമ്പോള്‍ ബിസ്മിക്കു മുമ്പും ശേഷവും മൂന്നു തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ട് . (ബുഷ്റല്‍ കരീം) മൂന്നാമത്തേതിനു ശേഷം  'വലില്ലാഹില്‍ ഹംദ്' എന്നതിനെ അതികരിപ്പിക്കല്‍ സുന്നത്താണ്.(ബാജൂരി)                   
അറവിന്‍റെ സമയത്ത് ബിസ്മിയോടൊപ്പം നബി (സ ) തങ്ങളുടെ മേല്‍സ്വലാത്ത്‌ ചൊല്ലല്‍ സുന്നത്താണ്. " അറവിന്‍റെ സമയത്ത് 'അല്ലാഹുമ്മ സ്വല്ലി വസല്ലിം ലാ സയ്യിദിനാ മുഹമ്മദിന്‍ 'എന്ന് ചൊല്ലല്‍ സുന്നത്താണ്.".    അറവ് മൃഗത്തെ ഖിബ് ലയിലേക്ക് നേരിടീക്കലും അറവുകാരന്‍ ഖിബ് ലയിലേക്ക് മുന്നിടലും സുന്നത്താണ്. (ബാജൂരി).

അറുക്കുമ്പോള്‍ കഴുത്ത് ഖിബ് ലയിലേക്ക് നേരിടീക്കണം. മുഖം നേരിടീക്കേണ്ടതില്ല.

ഒരിക്കല്‍ നബി (സ ) ഒരു മനുഷ്യന്‍റെ അരികിലൂടെ നടക്കാന്‍ ഇടയായി . ആ മനുഷ്യന്‍ അറുക്കാന്‍ വേണ്ടി ആടിനെ മറിച്ചിട്ട് ആടിന്‍റെ ഊരയുടെ മേല്‍ തന്‍റെ കാല്‍ കയറ്റി വെച്ച് കത്തി തേക്കുകയാണ്. ഇതു കണ്ട നബി (സ) പ്രിതികരിച്ചു. മറിച്ചിടുന്നതിന് മുമ്പ് നിനക്ക് കത്തി തേക്കാമായിരുന്നില്ലേ . എന്തിനാണ് അതിനെ രണ്ടു പ്രാവശ്യം കൊല്ലുന്നത്. (ഹാക്കിം).

അറുക്കുന്ന സ്ഥലത്തേക്ക് മയത്തോടെ കൊണ്ടുപോകലും അറുക്കുന്നതിനു മുമ്പ് വെള്ളം കൊടുക്കലും ഉത്തമമാണ്.ആടിനേയും മാടിനേയും ഇടതു ഭാഗത്തിന്‍റെ മേല്‍ ഖിബ് ലയിലേക്ക് നേരിടീച്ച് ചരിച്ചു കിടത്തണം.വലത്തേ കാല്‍ ഒഴികെയുള്ള കാലുകള്‍ തമ്മില്‍ കെട്ടുക. കഴുത്തിലൂടെ അറുക്കാതെ പിരടിയിലൂടെ അരുത്താലും മൃഗം ഹലാലാകുമെങ്കിലും അങ്ങനെ ചെയ്യുന്നവന്‍ വന്‍ പാപിയായി തീരുന്നതാണ്. നബി (സ ) പറയുന്നു. നിങ്ങള്‍ അറുക്കുകയാണെങ്കില്‍ നല്ല രീതിയില്‍ അറുക്കുക . (ത്വബ്റാനി).                                                             
അറവു മൃഗം കാണുന്ന രീതിയില്‍ കത്തിക്ക് മൂര്‍ച്ചവെക്കാനോ മറ്റു മൃഗം കാണുന്ന രീതിയില്‍ ഒരു മൃഗത്തെ അറുക്കാനോ പാടില്ല. അത് കറാഹത്താനെന്നു ഹാശിയതുല്‍ ഇഖ്‌നാഇല്‍ കാണാം .

ഗള്‍ഫ്‌ നാടുകളില്‍ കിട്ടുന്ന ഐസില്‍ വെച്ച കോഴി ഭക്ഷിക്കല്‍ അനുവദനീയമാണോ? അത് ദിവസങ്ങളോ അല്ലെങ്കില്‍ മാസങ്ങളോളം വെച്ച കോഴികളാണ്.

ദിവസങ്ങളോ മാസങ്ങളോ കഴിഞ്ഞു എന്നത് കൊണ്ട് മാത്രം അറുക്കപ്പെട്ട കോഴിയും മറ്റും നിഷിദ്ധമാവുകയില്ല. എന്നാല്‍ അത്തരം പാക്ക് ചെയ്ത് വരുന്നവ യഥാവിധി ഹലാലായ രൂപത്തില്‍ അറുത്തതാണെന്ന ധാരണ ഉണ്ടാവേണ്ടതാണ്. അറവ് ശരിയായ രീതിയിലാണോ അല്ലേ എന്നതിനെ അടിസ്ഥാനമാക്കിയാണ് ഭക്ഷിക്കാമോ ഇല്ലേ എന്ന് തീരുമാനിക്കപ്പെടുന്നത്.

അറവ് രീതി ക്രൂരമായ രീതിയല്ലേ ?

ഇസ്ലാമിക അറവ് രീതിയാണ് മൃഗങ്ങള്‍ക്ക് ഏറ്റവും വേദന കുറഞ്ഞ രീതി,കാരണം ഇങ്ങനെ അറുക്കപ്പെടുമ്പോള്‍ വേദനക്ക് കാരണമാകുന്ന തലചോരിലോറ്റ്‌ പോകുന്ന ഞരമ്പുകള്‍ മുറിയുകയും അത് മൂലം അവയ്ക്ക് വേദന ഒരു നിമിഷത്തില്‍ ഒതുങ്ങുന്നു,തുടര്‍ന്ന് അറുത്ത മൃഗം പ്രകടിപ്പിക്കുന്ന കാലിട്ട് അടിക്കലും മറ്റും വേദന മൂലമല്ല മറിച്ച് മുറിഞ്ഞ ഞരമ്പുകളില്‍ നിന്ന് പുറത്തേക്ക് രക്തം പോകുമ്പോള്‍ മൃഗത്തിന്റെ പേശികള്‍ വലിയുന്നതാണ് .

മൃഗങ്ങളെ കൊല്ലാമോ..?

ശരീഅത്തിന്റെ വീക്ഷണത്തില്‍ ഭക്ഷ്യ യോഗ്യമായ മൃഗങ്ങളെ നിര്‍ദിഷ്ഠ രൂപത്തില്‍ അറുത്ത് ഭക്ഷിക്കാനും, വേട്ടയാടിപ്പിടിക്കേണ്ട ജീവികളെ നിയമങ്ങള്‍ സ്വീകരിച്ച് വേട്ടയാടുന്നതിനും മനുഷ്യര്‍ക്ക് അനുമതിയുണ്ട്. എന്നാല്‍ കളിവിനോദങ്ങള്‍ക്ക് വേണ്ടിയോ മറ്റോ ഒരു ജീവിയെയും നോവിക്കാന്‍ പോലും മനുഷ്യന് അനുമതി ഇല്ല തന്നെ.

ഇബ്‌നുഉമര്‍(റ) നടന്നു പോകുമ്പോള്‍ ഖുറൈശികളിലെ ഒരു കൂട്ടം യുവാക്കള്‍ ജീവനുള്ള പക്ഷിക്കുഞ്ഞിനെ നാട്ടക്കുറിയാക്കി വെച്ച് അതിന് നേരെ അമ്പെയ്യുന്നത് കണ്ടു. ഇബ്‌നു ഉമറിനെ കണ്ടപ്പോള്‍ അവര്‍ പലയിടങ്ങളിലേക്കായി ഒഴിഞ്ഞു. അന്നേരം ഇബ്‌നുഉമര്‍(റ) ഇങ്ങനെ പറഞ്ഞു: ഇത് ചെയ്തവരെ അല്ലാഹു ശപിച്ചിരിക്കുന്നു. ജീവിനുള്ള വസ്തുവിനെ നാട്ടക്കുറിയാക്കിയവനെ നബി(സ്വ) ശപിച്ചിരിക്കുന്നു(സ്വഹീഹ് മുസ്‌ലിം).


ജീവനുള്ള വസ്തുക്കളെ കാരണമേതുമില്ലാതെയും നന്‍മയൊന്നും പ്രതീക്ഷിക്കാതെയും വധിക്കാന്‍ പാടില്ലെന്നാണ് ഇസ്‌ലാം പറയുന്നത്. ജീവനുള്ള വസ്തുക്കളെ കൊന്നു കളയുന്നത് നബി(സ്വ) നിരോധിച്ചിട്ടുണ്ടെന്ന ഇബ്‌നുഅബ്ബാസ്(റ) ഉദ്ധരിക്കുന്ന തിരുവചനത്തിന്റെ വിശാലാര്‍ത്ഥത്തില്‍ നമുക്കങ്ങനെ മനസ്സിലാക്കാം. മാത്രവുമല്ല, അകാരണമായി ഒരു ജീവിയെ വധിച്ചു കളയുന്നതിലൂടെ അല്ലാഹുവിന് സ്തുതി ചെയ്തു കൊണ്ടിരിക്കുന്ന ഒരു ജീവിയെയാണവന്‍ നിഷ്‌കാസനം ചെയ്യുന്നത്. പ്രപഞ്ചത്തിലുള്ളതെല്ലാം അല്ലാഹുവിനെ പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നുവെന്ന ഖുര്‍ആനിക സൂക്തത്തിന്റെ വിശാലതയില്‍ ഈ ജീവികളുമുണ്ട്.

No comments:

Post a Comment