Thursday 15 October 2020

ലാളിത്യം മുഖമുദ്രയാക്കിയ ഗവര്‍ണര്‍



ഖലീഫ ഉമറുൽ ഫാറൂഖ്(റ)ൻറെ കാലത്ത് സിറിയ വലിയ വാണിജ്യകേന്ദ്രവും പരിഷ്കൃത നഗരവുമായിരുന്നു. ജനങ്ങളുടെ ജീവിത നിലവാരമാകട്ടെ വളരെ ഉയർന്ന നിലയിലുമായിരുന്നു. 

അങ്ങനെയുള്ള ഒരു നാട്ടിലെ ഗവർണറുടെ പത്നീപദം അലങ്കരിക്കുന്ന ഒരു പുതുമണവാട്ടിക്ക് മെച്ചപ്പെട്ട നിലയിൽ ജീവിക്കാൻ മോഹമുദിച്ചതിൽ അസ്വാഭാവികതയില്ല. അവർ തൻറെ പ്രിയതമനോട് ആവശ്യങ്ങളുടെ നീണ്ട പട്ടികതന്നെ നിരത്തി.

എനിക്ക് സുന്ദരമായ വസ്ത്രങ്ങളും മേത്തരം വീട്ടുപകരണങ്ങളും മറ്റു ജീവിത വിഭവങ്ങളും വേണം. അവശ്യ വസ്തുക്കളെല്ലാം വാങ്ങിയ ശേഷം ബാക്കിവരുന്ന സംഖ്യ സമ്പാദിച്ചു വെക്കണമെന്നാണ് എൻറെ ആഗ്രഹം. പ്രിയതമയുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും കേട്ടു ഗവർണർ പറഞ്ഞു:
പണം സമ്പാദിക്കാൻ ലാഭകരമായ ഒരു നല്ല മാർഗം നമുക്ക് അവലംബിക്കാം. അമിത ലാഭമായിരിക്കും നമുക്കതുവഴി ലഭിക്കുക. നമ്മുടെ താൽക്കാലികാവശ്യം കഴിച്ചു ബാക്കി പണം കച്ചവടത്തിനു പറ്റിയ ആരെയെങ്കിലും ഏൽപിക്കാം. നല്ല ലാഭം കിട്ടും.

കച്ചവടത്തിൽ നഷ്ടം പറ്റിയാലോ?

അക്കാര്യം ഞാനേറ്റു

ഗവർണർ അങ്ങാടിയിലിറങ്ങി. ലിസ്റ്റിലുള്ളവയിൽ നിന്ന് വളരെ അത്യാവശ്യമുള്ള സാധനങ്ങൾ മാത്രം വാങ്ങി. ബാക്കിവന്ന പണം മുഴുവൻ ദരിദ്രർക്ക് ധർമം ചെയ്തു. 

മാസങ്ങൾ പിന്നിട്ടു. ഒരു നാൾ ഭാര്യ തങ്ങളുടെ കച്ചവട പുരോഗതിയെ പറ്റി മാരനോട് അന്വേഷിച്ചു.

കച്ചവടം ലാഭകരമായി തന്നെ പുരോഗമിക്കുന്നുണ്ട് ഗവർണർ പറഞ്ഞു.

കുറച്ചുകാലം കഴിഞ്ഞപ്പോൾ കച്ചവട യാഥാർത്ഥ്യത്തെപ്പറ്റി ഗവർണറുടെ പത്നിക്ക് ആശങ്കയുദിച്ചു. പിന്നെ പിന്നെ അത് ഭൗതികലാഭം ലഭ്യമാവുന്ന കച്ചവടമല്ലെന്നു മനസ്സിലായതോടെ അവർ കരയാൻ തുടങ്ങി. 

അടക്കാനാവാത്ത സങ്കടക്കരച്ചിലിനിടയിൽ അവർ വിതുമ്പിപ്പറഞ്ഞു:

ഇപ്പോൾ എനിക്ക് എല്ലാം മനസ്സിലായി, അങ്ങ് എൻറെ ആവശ്യങ്ങൾ പോലും പരിഗണിക്കാതെയാണല്ലോ അവ മുഴുവനും അന്യർക്ക് കൊടുത്തത്
ഗവർണർ ആദ്യമൊന്ന് പുഞ്ചിരിച്ചു, അർത്ഥഗർഭമായി. പിന്നീട് ഗൗരവസ്വരത്തിൽ വിശദീകരിച്ചു:

പ്രിയേ, എൻറെ ചില കൂട്ടുകാർ റബ്ബിലേക്ക് നേരത്തെതന്നെ യാത്രതിരിച്ചു. ഈ ലോകം മുഴുവനും ഈയുള്ളവന് ലഭിച്ചാലും അവരുടെ മാർഗത്തിൽ നിന്നും സഞ്ചാരപാതയിൽ നിന്നും മാറിനടക്കാനും ഒറ്റപ്പെട്ടു പോകാനും ഞാനിഷ്ടപ്പെടുന്നില്ല.

ഭാര്യ മറുത്തൊന്നും പറഞ്ഞില്ല. തൻറെ രക്ഷിതാവിൻറെയും ഭർത്താവിൻറെയും അഭീഷ്ടത്തിനൊത്ത് ജീവിക്കുക തന്നെ.

ഇത് സഈദുബ്നു ആമിർ(റ). തഖ്വയിലും ഐഹിക പരിത്യാഗത്തിലും മാതൃകയായ ജീവിതം. ആ വേഷവിധാനത്തിൽ നിന്നുതന്നെ അതു വായിച്ചെടുക്കാം. ദാരിദ്ര്യം അടയാളപ്പെടുത്തിയ ശരീരം, പൊടിപടലങ്ങൾ പുരണ്ടവസ്ത്രം, കാറ്റിലാടുന്ന തലമുടി. ഒരു ഫഖീറിന് വേണ്ടതെല്ലാം മേളിച്ച ലളിതൻ. അതേ സമയം കാര്യപ്രാപ്തനായ ഒരു ഭരണാധിപനും. അതായിരുന്നു സഈദുബ്നു ആമിർ(റ). വൈകിയാണദ്ദേഹം ഇസ്ലാമിലെത്തിയത്. ഹിജ്റ ആറാം വർഷം നടന്ന ഖൈബർ യുദ്ധത്തിന് അൽപം മുന്പായിരുന്നു അത്.
ഭരണാധികാരികളെയും ഉദ്യോഗസ്ഥന്മാരെയും നിയമിക്കുന്നതിൽ വളരെ കാർക്കശ്യം പുലർത്തിയിരുന്നു രണ്ടാം ഖലീഫ ഉമർ(റ). താൻ നിയമനം നൽകുന്ന ഉദ്യോഗസ്ഥർക്ക് സംഭവിക്കുന്ന വീഴ്ചകളും തെറ്റുകളും തിരുത്താനും അതിന് മറുപടി പറയാനും ബാധ്യസ്ഥൻ താൻ തന്നെയാണെന്നായിരുന്നു അദ്ദേഹത്തിൻറെ പക്ഷം.

സിറിയയിലെ ഗവർണറെ തിരിച്ചു വിളിച്ചശേഷം തൽസ്ഥാനത്ത് തികച്ചും പ്രാപ്തനായ ഒരാളെ നിയമിക്കാൻ ഉമർ(റ) ആലോചിച്ചു. അതിനു തെരഞ്ഞെടുത്തത് സഈദ്(റ)യെയായിരുന്നു.

സഈദ്, താങ്കൾ ഹിമ്മസിലേക്ക് പോകണം. സിറിയയിലെ ഗവർണറായി താങ്കളെ നിയോഗിച്ചിരിക്കുന്നു

അമീറുൽ മുഅ്മിനീൻ, എന്നെ ആ പരീക്ഷണത്തിന് വിധേയനാക്കരുത്. എനിക്കതിൽ താൽപര്യമില്ല.

ഭരണാധികാരവും അമാനത്തുമെല്ലാം എൻറെ പിരടിയിൽ മാത്രം അർപ്പിച്ചു നിങ്ങളെല്ലാവരും രംഗം വിടുകയാണോ. താങ്കളിൽ അർപ്പിച്ച ഉത്തരവാദിത്വം ഞാൻ ഒഴിവാക്കിത്തരില്ല. സിറിയൻ ഗവർണർ പദവി താങ്കൾ തന്നെ ഏറ്റെടുക്കണം.

ഗത്യന്തരമില്ലാതെ സഈദ്(റ) സമ്മതിച്ചു.

വളരെ ചെറുപ്പവും സുന്ദരിയുമായിരുന്നു സഈദ്(റ)ൻറെ സഹധർമിണി. അവരുമൊത്ത് ഹിമ്മസിലേക്ക് പുറപ്പെട്ടു. ഗവർണർ സ്ഥാനം ഏറ്റെടുത്തു. ഖലീഫ അവർക്ക് മതിയായ ശമ്പളം നിശ്ചയിച്ചിരുന്നു. തൻറെ പ്രിയതമന് കൈവന്ന സൗഭാഗ്യത്തിൽ ആഹ്ലാദചിത്തയായിരുന്നു ഭാര്യ. പരിഷ്കൃത നഗരമായിരുന്ന ഹിമ്മസിൽ ആഢംബര പൂർണമായ ജീവിതമായിരുന്നു ജനങ്ങൾ നയിച്ചിരുന്നത്. ചെറുപ്പക്കാരിയായ പത്നിയും അതാഗ്രഹിച്ചു.
സഈദ്(റ) വലിയ ധർമിഷ്ഠനായിരുന്നു. ഖജനാവിൽ നിന്നും തനിക്ക് ലഭിച്ചിരുന്ന തുകയിൽ അത്യാവശ്യം കഴിച്ചു ബാക്കിയെല്ലാം അവശർക്കായി വിനിയോഗിച്ചുപോന്നു.

ആ വരുമാനമുപയോഗിച്ച് വീട്ടുകാർക്ക് സുഭിക്ഷമായി ഒന്നു ജീവിച്ചുകൂടെ? ഒരിക്കൽ ഗവർണറോട് ആരോ ചോദിച്ചു.

പ്രപഞ്ചനാഥൻറെ പൊരുത്തവും സംതൃപ്തിയും കുടുംബത്തിനുവേണ്ടി വിൽക്കാൻ ഞാൻ തയ്യാറല്ല.

ഈ നാട്ടിൽ, ഇക്കാലത്ത് വേഷത്തിലും ജീവിതരീതിയിലും കുറച്ചു മാറ്റമൊക്കെ അനിവാര്യമാണെന്ന് പലരും അദ്ദേഹത്തെ ഓർമപ്പെടുത്തിക്കൊണ്ടിരുന്നു. പക്ഷേ, ലാളിത്യം കൈവിടാൻ മഹാൻ തയ്യാറായില്ല. മുമ്പ് പത്നിയോട് പറഞ്ഞ മറുപടി തന്നെയായിരുന്നു അദ്ദേഹത്തിന് മറ്റുള്ളവരോടും പറയാനുണ്ടായിരുന്നത്.

സഈദ്(റ) അയവിറക്കുന്നു, തിരുദൂതർ(സ്വ) ഇങ്ങനെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: വിചാരണ നാളിൽ ജനങ്ങളെ അല്ലാഹു സമ്മേളിപ്പിക്കും. പാവങ്ങളായ സത്യവിശ്വാസികൾ മാടപ്രാവുകളെ പോലെ പറന്നുവരും. അപ്പോൾ അവരോട് പറയപ്പെടും: നിൽക്കൂ, ഐഹിക ലോകത്തെ കണക്കുകളൊക്കെ ഒന്നുപറയൂ. അവർ പറയും: കണക്കു പറയാൻ ഞങ്ങൾക്ക് അവിടെ ഒന്നുമുണ്ടായിരുന്നില്ലല്ലോ. അപ്പോൾ അല്ലാഹു പറയും: എൻറെ ദാസന്മാർ പറഞ്ഞത് സത്യം, അങ്ങനെ അവർ മറ്റുള്ളവർക്ക് മുന്പേ സ്വർഗത്തിൽ പ്രവേശിക്കും.

സന്ദർശനാർത്ഥം ഹിമ്മസിലെത്തിയ ഖലീഫ ഉമർ(റ) പുതിയ ഗവർണറെ പറ്റി പൊതുജനങ്ങളോട് അഭിപ്രായമാരാഞ്ഞു. ഭരണീയർക്ക് ഗവർണറെക്കുറിച്ച് ചില പരാതികളുണ്ടായിരുന്നു:

വളരെ വൈകിയല്ലാതെ രാവിലെ അദ്ദേഹം വസതിയിൽ നിന്ന് പുറത്തിറങ്ങാറില്ല. രാത്രി വസതിവിട്ട് പുറത്തുവരാറില്ല. മാസാന്തം രണ്ടുനാൾ പുറത്തിറങ്ങാറേയില്ല. ഗവർണർക്ക് ഇടക്കിടെ വരുന്ന ഒരു തരം അബോധാവസ്ഥ ജനങ്ങളിൽ വിഷമം സൃഷ്ടിക്കുന്നു.

ഗവർണറെക്കുറിച്ചുള്ള ഈ പരാതികൾ കേട്ട് ഖലീഫ ചിന്താകുലനായി. ഉമർ(റ)ൻറെ ഇതുസംബന്ധമായ ചോദ്യത്തിന് സഈദ്(റ)യുടെ മറുപടി ഏറെ ശ്രദ്ധേയമായിരുന്നു:

അമീറുൽ മുഅ്മിനീൻ, ജനങ്ങൾ എന്നെ പറ്റിപറഞ്ഞ പരാതികൾ സത്യമാണ്. പക്ഷേ, അതിൻറെ കാരണം പറയാൻ എനിക്ക് ലജ്ജതോന്നുന്നു. എങ്കിലും നിജസ്ഥിതി അറിയാൻ എല്ലാവർക്കും അവകാശമുണ്ടല്ലോ.

എൻറെ വീട്ടിൽ വേലക്കാരില്ല. അതിനാൽ പണിയൊക്കെ ഞാൻ ചെയ്യണം. രാവിലെ മാവ് കുഴച്ച് റൊട്ടിയുണ്ടാക്കി വിശപ്പടക്കി ളുഹ്റ് നിസ്കാരാനന്തരമാണ് ഞാൻ പുറത്തിറങ്ങാറ്.

പകൽസമയം ജനങ്ങൾക്കുവേണ്ടിയും രാത്രി സ്രഷ്ടാവിന് വേണ്ടിയും എന്ന നിലയിൽ ഞാനെൻറെ സമയം വീതിച്ചിരിക്കുന്നു. രാത്രി മുഴുവൻ നിസ്കരിക്കുന്നത് കൊണ്ട് ഞാൻ അന്നേരം പുറത്തിറങ്ങാറില്ല.

മാസത്തിൽ രണ്ടുതവണ ഞാൻ വസ്ത്രവും വീട്ടുപകരണങ്ങളും വൃത്തിയാക്കും. ഒരുജോഡി വസ്ത്രം മാത്രമേ എനിക്കുള്ളൂ. അതുകാരണം മാസത്തിൽ രണ്ടു പ്രാവശ്യം ഞാൻ വേകുന്നേരം മാത്രമേ പുറത്തിറങ്ങാറുള്ളൂ.

ഖുബൈബ്(റ)നെ കുരിശിലേറ്റിയത് ഞാൻ കാണുകയുണ്ടായി. അന്ന് ഞാൻ മുസ്ലിമായിരുന്നില്ല. ഖുറൈശികൾ ഖുബൈബിൻറെ മാംസം കഷ്ണങ്ങളാക്കി കുരിശിൽ തറച്ചു. അദ്ദേഹം കുരിശിൽ നിന്ന് പറഞ്ഞ വാക്കുകൾ ഇന്നും ഞാൻ ഓർക്കുന്നു. അന്ന് അദ്ദേഹത്തെ സഹായിക്കാൻ എനിക്ക് കഴിഞ്ഞില്ല. അതിനാൽ റബ്ബിൻറെ ശിക്ഷ എനിക്കുണ്ടാകുമോ എന്നോർത്ത് അതോർമവരുമ്പോഴെല്ലാം ഒരുൾക്കിടിലമുണ്ടാകുന്നു. അതാണ് ഇവർ പറയുന്ന ബോധക്ഷയം.

ഗവർണർ തൻറെ പരിതാവസ്ഥ വിവരിച്ചു കഴിഞ്ഞപ്പോൾ ഖലീഫ ഉമർ(റ) അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ചുംബനമർപ്പിച്ചുകൊണ്ട് പറഞ്ഞു: യാ അല്ലാഹ്, ഈ ഉമറിൻറെ അഭിപ്രായം പിഴച്ചിട്ടില്ല.

ഹിജ്റ ഇരുപതാം വർഷത്തിൽ മഹാനായ സഈദുബ്നു ആമിർ(റ) ഈ ലോകത്തോട് വിടപറഞ്ഞു.

(സുവറു മിൻ ഹയാതി സ്വഹാബ)


ടിടിഎ ഫൈസി പൊഴുതന

No comments:

Post a Comment