Thursday 15 October 2020

ശുക്റിന്‍റെ സുജൂദ് എങ്ങിനെയാണ്

 

കുഞ്ഞ് ജനിക്കുക, അഭിവൃതി ലഭിക്കുക, ദീർഘകാലം മറഞ്ഞ വ്യക്തി ആഗതനാവുക, ശത്രുവിനെതിരെ വിജയിക്കുക പോലെയുള്ള പ്രത്യേകമായ അനുഗ്രഹങ്ങൾ ഉണ്ടാവുമ്പോഴോ, മുങ്ങിമരണത്തിൽ നിന്നോ തീപിടുത്തത്തിൽ നിന്നോ രക്ഷപ്പെടുക പോലെയുള്ള വലിയ വിപത്തുകൾ നീങ്ങിപ്പോകുമ്പോഴോ അല്ലാഹുവിന് സ്തുതിയർപ്പിച്ചുകൊണ്ടുചെയ്യൽ സുന്നന്നതായ സുജൂദിനാണ് ശുക്റിൻറെ സുജൂദ് എന്ന് പറയുന്നത്. വലിയ വിപത്തുകൾ കൊണ്ടോ മാറാവ്യാധി രോഗങ്ങൾ കൊണ്ടോ പരീക്ഷിക്കപ്പെടവരെ കാണുമ്പോഴും പരസ്യമായി തിന്മകൾ ചെയ്യുന്നവരെ കാണുമ്പോഴും അത്തരം പരീക്ഷണങ്ങളിൽ നിന്ന് നമ്മെ ഒഴിവാക്കി ഇഹപരരക്ഷ നല്കിയ റബ്ബിന് സ്തുതി ചെയ്തുകൊണ്ട് ശുക്റിൻറെ സുജൂദ് സുന്നത്താണ് (ഇആനത് 1-246).

സാധാരണ നിസ്കാരത്തിലെ സുജൂദ് പോലെത്തന്നെയാണ് ശുക്റിൻറെ സുജൂദും നിർവഹിക്കേണ്ടത്. നിസ്കാരത്തിലെ ശുദ്ധിയുണ്ടാവുക, ഔറത്ത് മറക്കുക, സുജൂദിൻറെ അവയവങ്ങൾ നിലത്ത് വെക്കുക പോലെയുള്ള സുജൂദിന് വേണ്ട എല്ലാ നിബന്ധനകളും ഇവിടെയും നിർബന്ധമാണ്. അതിൽ ചൊല്ലേണ്ട ദിക്റുകളും സാധാരണ ദിക്റുകൾ തന്നെയാണ്. ശേഷം കൂടുതൽ ദുആകൾ ചെയ്യാവുന്നതാണ്. ശുക്റും ഹംദും അറിയിക്കുന്ന പദങ്ങളും ദിക്റുകളും വർദ്ദിപ്പിക്കുന്നത് നല്ലതാണെന്നും പണ്ഡിതർ പറയുന്നുണ്ട്.

തിലാവതിൻറെ സുജൂദ് ചെയ്യുന്ന രീതിയിൽ തന്നെയാണ് ശുക്റിൻറെ സുജൂദും നിർവ്വഹിക്കേണ്ടത്. എന്നാൽ തിലാവതിൻറെ സുജൂദ് നിസ്കാരത്തിനിടയിലും ചെയ്യാമെങ്കിലും ശുക്റിൻറെ സുജൂദ് നിസ്കാരത്തിനിടയിൽ അനുവദനീയമല്ല. മറ്റു നിബന്ധനകളെല്ലാം തിലാവതിൻറെ സുജൂദ് പോലെത്തന്നെയാണ്.

ശുക്റിൻറെ സുജൂദിൻറെ രൂപവും ഫർളുകളും ശർത്തുകളും സുന്നത്തുകളുമെല്ലാം നിസ്കാരത്തിലല്ലാത്ത സമയത്ത് ചെയ്യുന്ന തിലാവതിൻറെ സുജൂദ് പോലെയാണ് (തുഹ്ഫ 2-237)

ശുദ്ധിയുണ്ടായിരിക്കുക, ഔറത്ത് മറക്കുക, ഖിബ്ലക്ക് മുന്നിടുക തുടങ്ങിയ ശർതുകൾ പാലിച്ച് ശുക്റിൻറെ സൂജൂദ് ചെയ്യുന്നു എന്ന നിയ്യത്തോടെ തക്ബീറതുൽ ഇഹ്റാം കെട്ടി സുജൂദിലേക്ക് പോകുകയും നിസ്കാരത്തിലുള്ളതു പോലെയുള്ള ഒരു സൂജൂദ് ചെയ്ത് സുജൂദിൽ നിന്ന് ഉയർന്ന് സലാം വീട്ടുകയും ചെയ്യുകയാണ് ചെയ്യേണ്ടത്. 

No comments:

Post a Comment