Thursday 15 October 2020

ഖുസൈമ ബിന്‍ സാബിത് (റ)

 

നബി (സ) ഒരിക്കൽ ഒരു അഅറാബിയിൽ നിന്നും ഒരു കുതിരയെ വാങ്ങി. അയാൾക്ക് പണം നൽകാൻ വേണ്ടി ആ കുതിരയയെയുമായി തന്നെ പിന്തുടരാൻ ആവശ്യപ്പെട്ടുകൊണ്ട് പ്രവാചകൻ(സ) അല്പം ധൃതിയിൽ മുന്നിൽ നടന്നു. അഅറാബിയാകട്ടെ കുതിരയയേയും കൊണ്ട് സാവധാനം പിന്നിലും നടന്നു. വില്പനക്കുള്ള കുതിരയാണെന്ന് കരുതി ആളുകൾ കുതിരക്ക് വില പറയാൻ തുടങ്ങി. പ്രവാചകൻ(സ) കുതിരയെ വാങ്ങിച്ച കാര്യം അവർ അറിഞ്ഞിരുന്നില്ല. അഅറാബിയാകട്ടെ അക്കാര്യം മിണ്ടിയതുമില്ല. ജനങ്ങൾ വലിയ വില പറയുന്നത് കേട്ടപ്പോൾ അഅറാബിയുടെ മനസ് മാറി. ഇതൊന്നുമറിയാതെ മുന്നിൽ നടന്നു നീങ്ങുന്ന പ്രവാചകനോട്(സ) 'ഏ മനുഷ്യാ... നിങ്ങൾ ഇത് വാങ്ങുന്നുണ്ടെങ്കിൽ വാങ്ങിക്ക്. അല്ലെങ്കിൽ ഞാനിതിവർക്ക് വിൽക്കും' എന്നയാൾ വിളിച്ചു പറഞ്ഞു.

അത് കേട്ട പ്രവാചകൻ(സ) ആശ്ചര്യത്തോടെ പറഞ്ഞു: 'ഞാനത് താങ്കളിൽ നിന്നും നേരത്തെ തന്നെ വാങ്ങിയതല്ലേ.. അതിന്റെ പണം താങ്കൾക്ക് തരാൻ വേണ്ടി താങ്കളെന്നോടൊപ്പം വാരുകയാണല്ലോ' ...

അഅറാബി : 'അല്ലാഹുവാണ് സത്യം ഞാൻ താങ്കൾക്കതിനെ വിറ്റിട്ടില്ല'...

പ്രവാചകൻ(സ) : 'അല്ല. ഉറപ്പായിട്ടും താങ്കൾ എനിക്കതിനെ വിറ്റതാണല്ലോ !'.

അഅറാബി : എന്നാൽ ഞാൻ താങ്കൾക്ക് ഇതിനെ വിറ്റു എന്നതിന് ആരെങ്കിലും സാക്ഷിയുണ്ടോ ?!..

ഇത് കണ്ടു നിന്ന ഖുസൈമ ബിൻ സാബിത് (റ) പറഞ്ഞു: 'താങ്കൾ അത് അദ്ദേഹത്തിന് വിറ്റു എന്നതിന് ഞാൻ സാക്ഷിയാണ്'.

അത്ഭുതത്തോടെ പ്രവാചകൻ(സ) ഖുസൈമയുടെ അടുത്തേക്ക് നീങ്ങി. എന്നിട്ട് ചോദിച്ചു: ഞാനത് വാങ്ങിക്കുമ്പോൾ താങ്കൾ അവിടെ ഉണ്ടായിരുന്നില്ലല്ലോ ! പിന്നെ എങ്ങനെയാണ് താങ്കൾ എനിക്ക് വേണ്ടി സാക്ഷി പറയുക !..

ഖുസൈമ പറഞ്ഞു : താങ്കൾക്ക് അല്ലാഹു അവതരിപ്പിച്ചിട്ടുള്ളതിൽ വിശ്വസിക്കുന്നവനാണ് ഞാൻ. താങ്കൾ സത്യമല്ലാതെ പറയുകയില്ല എന്നും എനിക്കുറപ്പാണ്.... അദ്ധേഹത്തിന്റെ അർത്ഥവത്തായ ആ മറുപടി കേട്ട പ്രവാചകൻ(സ) അവിടെ വച്ച് പ്രഖ്യാപിച്ചു: " മൻ ശഹിദ ലഹു ഖുസൈമ ഫഹുവ ഹസ്ബുഹ് - ഖുസൈമ ആർക്കെങ്കിലും സാക്ഷി പറയുന്നുവെങ്കിൽ അവന് മറ്റു സാക്ഷികളുടെ ആവശ്യമില്ല ".

No comments:

Post a Comment