Saturday 24 October 2020

ഖുർആൻ ഭാര്യമാരെ കൃഷിയിടത്തോട് ഉപമിച്ചത് സ്ത്രീവിരുദ്ധതയല്ലേ



ഇസ്ലാം വിമർശകർ പലപ്പോഴും തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ഖുർആൻ സൂക്തം ആണ് ഇവിടെ വിശകലനം ചെയ്യാൻ ഉദ്ദേശിക്കുന്നത്. ഇസ്ലാം സ്ത്രീകളെ മോശമായി കാണുന്നു; അതിനുള്ള തെളിവാണ് ഖുർആൻ ഭാര്യമാരെ പറ്റി കൃഷിയിടം എന്ന് ഉപമിച്ചത് എന്നൊക്കെയാണ് ആണ് ഇസ്ലാം വിമർശകരുടെ വാദങ്ങൾ. വിമർശകർ ഉന്നയിക്കുന്ന ഖുർആൻ സൂക്തവും അതിൻറെ നിജസ്ഥിതിയും എന്താണെന്ന് നമുക്ക് പരിശോധിക്കാം. 

സൂറത്തുൽ ബഖറയിലെ 223 ആയത്താണ് പ്രസ്തുത ആയത്. ആയത്ത് ഇതാണ്

نِسَآؤُكُمْ حَرْثٌۭ لَّكُمْ فَأْتُوا۟ حَرْثَكُمْ أَنَّىٰ شِئْتُمْ ۖ وَقَدِّمُوا۟ لِأَنفُسِكُمْ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّكُم مُّلَٰقُوهُ ۗ وَبَشِّرِ ٱلْمُؤْمِنِينَ

നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങള്‍ക്ക്‌ നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്‌. നിങ്ങളുടെ നന്‍മയ്ക്ക്‌ വേണ്ടത്‌ നിങ്ങള്‍ മുന്‍കൂട്ടി ചെയ്തു വെക്കേണ്ടതുമാണ്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനുമായി നിങ്ങള്‍ കണ്ടുമുട്ടേണ്ടതുണ്ടെന്ന്‌ അറിഞ്ഞിരിക്കുകയും ചെയ്യുക. സത്യവിശ്വാസികള്‍ക്ക്‌ നീ സന്തോഷവാര്‍ത്ത അറിയിക്കുക.
(Surat:2, Verse:223)

പ്രസ്തുത ആയത്തിലെ പ്രതിപാദ്യ വിഷയം എന്താണെന്ന് ഇസ്ലാം വിമർശകർക്കും ഒരുപക്ഷേ നല്ലൊരു ശതമാനം മുസ്ലിങ്ങൾക്ക് പോലും അറിവില്ലാത്തത് കൊണ്ടാണ് ഇത്തരം വിമർശനങ്ങൾ ഉണ്ടാവുന്നത്. അതുകൊണ്ടുതന്നെ ഒരു വിശദീകരണം നല്ലതാവും എന്ന് കരുതുന്നു. 

ആമുഖമായി പറയാനുള്ളത് ഇവിടെ സ്ത്രീകളെ കൃഷിയിടത്തോട്ട് ഉപമിച്ചത് എന്തോ മോശപ്പെട്ട കാര്യമായി ചിലർ തെറ്റിദ്ധരിച്ചിരിക്കുന്നു. മലയാളികൾക്ക് കൃഷിയോടുള്ള പുച്ഛ മനോഭാവത്തിൽ നിന്ന് ആയിരിക്കണം അത്തരമൊരു ചിന്ത ഉണ്ടായത്. എന്നാൽ മണ്ണിനെ സ്നേഹിക്കുന്ന ഒരു കർഷകനെ സംബന്ധിച്ചിടത്തോളം കൃഷിയിടം എന്നത് അവൻറെ ജീവനാണ് അവൻറെ എല്ലാമെല്ലാമാണ്. 

പ്രസ്തുത സൂക്തം അവതരിപ്പിക്കപ്പെട്ടത് മദീനയിൽ വെച്ചാണ്. മദീനയിലെ ആളുകൾക്ക് കൃഷി അവരുടെ രക്തത്തിൽ അലിഞ്ഞുചേർന്ന ഒന്നാണ്. എത്രത്തോളമെന്നാൽ, സ്വർഗ്ഗത്തിൽ ഉള്ള ഒരാൾ അല്ലാഹുവിനോട് തനിക്ക് കൃഷി ചെയ്യാൻ അവസരം തരണമെന്ന് ആവശ്യപ്പെടുന്ന ഒരു സംഭവം ഹദീസിൽ കാണാൻ സാധിക്കും. "നിനക്ക് ആഗ്രഹിക്കുന്നതെല്ലാം ഈ സ്വർഗ്ഗത്തിൽ ലഭിക്കുന്നില്ലേ" എന്ന് അല്ലാഹു അയാളോട് ചോദിക്കുമ്പോൾ അയാൾ മറുപടി പറയും "അതെ. പക്ഷേ എനിക്ക് മണ്ണിൽ കൃഷി ചെയ്യാൻ അത്രയ്ക്ക് ഇഷ്ടമാണ്" അങ്ങിനെ അയാൾക്ക് സ്വർഗ്ഗത്തിൽ കൃഷിചെയ്യാൻ അനുവാദം നൽകപ്പെടുകയും വിത്ത് വിതച്ച് സ്വർഗ്ഗത്തിൽ കായ്കനികൾ ഉൽപാദിപ്പിക്കുകയും പർവ്വത സമാനമായ ആയ അളവിൽ അയാൾ വിളവ് എടുക്കുകയും ചെയ്യുന്ന സംഭവത്തെപ്പറ്റി പ്രവാചകൻ പറഞ്ഞതായി ഹദീസിൽ കാണാം. പ്രസ്തുത സംഭവം പ്രവാചകനിൽ നിന്ന് കേട്ടു കൊണ്ടിരിക്കുകയായിരുന്ന ഒരു അഅറാബി (Bedouin Arab) പറഞ്ഞു " തീർച്ചയായും ഇത് ചോദിക്കുന്നത് ഒരു ഖുറൈശ് വംശജനോ മദീനകാരനോ ആയിരിക്കണം". പ്രവാചകൻ ഒരു പുഞ്ചിരിയോടെ ആ അഅറാബി പറഞ്ഞത് അംഗീകരിച്ചതായി ഹദീസിൽ കാണാൻ സാധിക്കും. (സ്വഹീഹുൽ ബുഖാരി 2348)

കൃഷി എന്നുള്ളത് അവർക്ക് അത്ര മാത്രം വൈകാരിക ബന്ധമുള്ള ഒന്നായിരുന്നു എന്ന് മനസ്സിലാക്കുക. സുഖാനുഭൂതികളുടെ സ്വർഗ്ഗത്തിൽ പോലും തനിക്ക് മണ്ണിൽ കൃഷി ചെയ്യണമെന്ന് അല്ലാഹുവിനോട് ആഗ്രഹം പറയുന്ന ആളുകളുടെ കൃഷിയോടുള്ള സ്നേഹം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. 

സാഹിത്യത്തിലെ ഉപമാലങ്കാരപ്രയോഗങ്ങൾ അനുവാചകരുടെ നിലവാരത്തിനനുസരിച്ച് ആണ് മനസ്സിലാക്കപ്പെടുക. "മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻ മുഖം" എന്ന് കവി പാടുമ്പോൾ അരസികനായ ഒരു ദോഷൈകദൃക്കായ യുക്തിവാദി മനസ്സിലാക്കുന്നത് ചന്ദ്രോപരിതലത്തിലെ പോലെ കുണ്ടും കുഴിയും ഒക്കെയായി വികൃതമായ മുഖമാണ് രാജാവിന് എന്നായിരിക്കും. അത് സാഹിത്യത്തിൻറെയോ സാഹിത്യകാരന്റെയോ കുഴപ്പമല്ല അനുവാചകന്റെ മാത്രം കുഴപ്പമാണ്. മനോഹരമായ ഒരു ഉപമയെ പോലും തങ്ങളുടെ വികല യുക്തികൊണ്ട് വക്രീകരിക്കുന്നതിന്റെ മാത്രം പ്രശ്നമാണ്. 

ആമുഖമായി ഇത്രയും കാര്യങ്ങൾ മനസ്സിലാക്കിയതിനുശേഷം നമുക്ക് ഖുർആൻ ആയത്തിന്റെ വിശദീകരണങ്ങളിലേക്ക് വരാം. പ്രസ്തുത ഉപമയുടെ കൃത്യമായ ആശയം എന്താണെന്ന് മനസ്സിലാക്കണമല്ലോ. ഈയൊരു ഖുർആൻ വചനം ഇറങ്ങുന്നതിന് ഒരു പശ്ചാത്തലമുണ്ട്. മദീനയിൽ അറബികളും ജൂതന്മാരും ആയിരുന്നു ഉണ്ടായിരുന്നത്. ജൂതന്മാർക്ക് ഇടയിൽ ഒരു അന്ധവിശ്വാസം ഉണ്ടായിരുന്നു. ഭാര്യമാരുമായി ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ ഭർത്താവ് ഭാര്യയുടെ പുറകിൽ ആയി കൊണ്ടുള്ള പൊസിഷനിൽ ലൈംഗികബന്ധത്തിലേർപ്പെടാൻ പാടില്ലെന്നും അങ്ങനെ ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ അതിൽ ജനിക്കുന്ന കുഞ്ഞിന് കോങ്കണ്ണ് ഉണ്ടായിരിക്കുമെന്നും ആയിരുന്നു മദീനയിലെ ജൂതന്മാർക്ക് ഇടയിൽ ഉണ്ടായിരുന്ന വിശ്വാസം. 

ജൂതന്മാരിൽ നിന്ന് ഈയൊരു അന്ധവിശ്വാസം മദീനയിലെ അറബികളിലും പ്രചരിച്ചിരുന്നു. അതുകൊണ്ടുതന്നെ ഭാര്യയും ഭർത്താവും പരസ്പരം അഭിമുഖം കണ്ടുകൊണ്ടുള്ള സെക്സ് പൊസിഷനുകൾ മാത്രമേ പാടുള്ളൂ എന്ന അന്ധവിശ്വാസം മദീനയിലെ ആളുകൾക്കിടയിൽ ഉണ്ടായിരുന്നു. (കൃത്യമായി മനസ്സിലാക്കേണ്ട കാര്യം സാധാരണ ലൈംഗികബന്ധം- യോനിയിൽ ഉള്ള സംഭോഗം- ആണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഗുദമൈഥുനം അഥവാ anal sex ഇസ്ലാമിൽ ഹറാമാണ്. കടുത്ത പാപമായിട്ടാണ് ഇസ്ലാമിക പ്രമാണങ്ങൾ ഗുദമൈഥുനത്തെ പരിചയപ്പെടുത്തുന്നത്).

ജൂതന്മാർക്കിടയിൽ നിലവിലുണ്ടായിരുന്ന ഈ ഒരു അന്ധവിശ്വാസം തെറ്റാണെന്നും യാതൊരു അടിസ്ഥാനവും അതിന് ഇല്ലെന്നുമാണ് ഖുർആൻ വ്യക്തമാക്കിയത്. ഭാര്യാഭർത്താക്കന്മാർക്ക് തങ്ങൾക്ക് ഇഷ്ടമുള്ള ഉള്ള സെക്സ് പൊസിഷനുകൾ സ്വീകരിക്കാമെന്നും അതെല്ലാം അനുവദനീയമാണെന്നും അതിന് മതപരമായ വിലക്കുകൾ ഒന്നുമില്ലെന്നും ഖുർആൻ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ഈയൊരു കാര്യം യാതൊരുവിധത്തിലുള്ള അശ്ലീല പ്രയോഗങ്ങളും ഇല്ലാതെ, എന്നാൽ കേൾക്കുന്ന ആളുകൾക്ക് കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്യാവുന്ന രൂപത്തിൽ മനോഹരമായ അറബി സാഹിത്യ ഭാഷയിലൂടെ ഖുർആൻ അവതരിപ്പിച്ചു. 

نِسَآؤُكُمۡ حَرۡثٌ لَّكُمۡ فَأۡتُواْ حَرۡثَكُمۡ أَنَّىٰ شِئۡتُمۡۖ 

"നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്‌. "

പ്രമുഖ സഹാബി യും ഖുർആൻ വ്യാഖ്യാതാവായ ഇബ്നു അബ്ബാസ് പറഞ്ഞു. "സ്ത്രീകൾ നിങ്ങളുടെ കൃഷിയിടം ആണ് എന്ന് പറഞ്ഞതിൻറെ ഉദ്ദേശ്യം അവർ ഗർഭപാത്രം വഹിക്കുന്നവരാണ് എന്നതാണ്. നിങ്ങൾ ആഗ്രഹിക്കുന്ന വിധം നിങ്ങൾക്ക് നിങ്ങളുടെ കൃഷിയിടത്തിൽ ചൊല്ലാവുന്നതാണ് എന്നതിൻറെ അർത്ഥം നിങ്ങൾക്ക് ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ ഇഷ്ടമുള്ള പൊസിഷനുകൾ സ്വീകരിക്കാം എന്നതാണ്. അഭിമുഖമായി കൊണ്ടും തിരിഞ്ഞു നിന്നു കൊണ്ടും ഒക്കെ ലൈംഗികബന്ധത്തിലേർപ്പെടാവുന്നതാണ്. അതിൽ യാതൊരു വിരോധവുമില്ല."

ബുഖാരിയും മുസ്ലിമും അബൂദാവൂദും എല്ലാം ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം :ജാബിർ (റ) പറഞ്ഞു." ഭാര്യയുടെ പിറകുവശത്ത് കൂടെ (യോനിയിൽ) ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ജനിക്കുന്ന കുട്ടികൾക്ക് കോങ്കണ്ണ് ഉണ്ടാവുമെന്ന് മദീനയിലെ ജൂതന്മാർ വിശ്വസിച്ചിരുന്നു. അപ്പോൾ പ്രസ്തുത ആയത്ത് അവതരിക്കപ്പെട്ടു ( ഈ അന്ധവിശ്വാസം തിരുത്താനായി അവതരിക്കപ്പെട്ടു). "

Jabir (Allah be pleased with him) declared that the Jews used to say:

When a man has intercourse with his wife through the vagina but being on her back. the child will have squint, so the verse came down:" Your wives are your tilth; go then unto your tilth as you may desire" (ii. 223)

حَدَّثَنَا قُتَيْبَةُ بْنُ سَعِيدٍ، وَأَبُو بَكْرِ بْنُ أَبِي شَيْبَةَ وَعَمْرٌو النَّاقِدُ - وَاللَّفْظُ لأَبِي بَكْرٍ - قَالُوا حَدَّثَنَا سُفْيَانُ عَنِ ابْنِ الْمُنْكَدِرِ سَمِعَ جَابرًا يَقُولُ كَانَتِ الْيَهُودُ تَقُولُ إِذَا أَتَى الرَّجُلُ امْرَأَتَهُ مِنْ دُبُرِهَا فِي قُبُلِهَا كَانَ الْوَلَدُ أَحْوَلَ فَنَزَلَتْ ‏{‏ نِسَاؤُكُمْ حَرْثٌ لَكُمْ فَأْتُوا حَرْثَكُمْ أَنَّى شِئْتُمْ‏}‏

Reference : Sahih Muslim 1435 

പ്രമുഖ സഹാബി ആയ ഇബ്നു അബ്ബാസ് (റ) പറഞ്ഞതായി ഇമാം അഹ്മദ് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. മദീനയിലെ ചില മുസ്ലീങ്ങൾ, ഭാര്യമാരുമായി ഇപ്രകാരത്തിൽ ബന്ധപ്പെടാൻ ഇസ്‌ലാമിൽ വിലക്കുണ്ടോ എന്ന കാര്യം അന്വേഷിച്ചു വന്നു. ഒരാൾക്ക് ഇഷ്ടമുള്ള പൊസിഷനുകളിൽ ഭാര്യയുമായി ബന്ധപ്പെടാവുന്നതാണെന്നും എന്നാൽ യോനിയിൽ മാത്രമേ ബന്ധപ്പെടാവൂ എന്നും പ്രവാചകൻ മറുപടി കൊടുത്തു. 

മദീനയിലെ ചില അൻസാരി വനിതകൾ പ്രവാചക ഭാര്യയായ ഉമ്മുസലമ യോട് ഇക്കാര്യം സംശയം ചോദിച്ചതും മേൽപ്പറഞ്ഞ രൂപത്തിൽ അതിന് മറുപടി നൽകപ്പെട്ടതും ഒക്കെ വേറെ ഹദീസുകളിൽ കാണാൻ സാധിക്കും. 

മറ്റൊരു പ്രമുഖ സഹാബി ആയ അബ്ദുല്ലാഹിബ്നു ഉമർ പ്രസ്തുത ആയത്ത് അവതരിക്കപ്പെട്ട സാഹചര്യം വിശദീകരിക്കുന്നതും തഫ്സീറുകളിൽ കാണാവുന്നതാണ്. മക്കയിൽ നിന്നും പലായനം ചെയ്തു വന്ന മുഹാജിറുകൾ മദീനയിലെ സ്ത്രീകളെ വിവാഹം കഴിക്കുകയും വൈവാഹിക ജീവിതം ആരംഭിക്കുകയും ചെയ്തു. എന്നാൽ സ്ത്രീകളുടെ പിറകിൽ പുരുഷൻ നിൽക്കുന്ന സെക്സ് പൊസിഷനുകൾക്ക് മദീനയിലെ സ്ത്രീകൾ വിസമ്മതം പ്രകടിപ്പിച്ചു. ജൂത സ്വാധീനംമൂലം മദീനയിലെ ആളുകൾക്കിടയിൽ നിലവിലുണ്ടായിരുന്ന അന്ധ വിശ്വാസം ആയിരുന്നു ഇതിനു കാരണം. അപ്പോഴാണ് ആണ് ഖുർആനിലെ ഈ ആയത്ത് അവതരിക്കപ്പെട്ടത്. 

ചുരുക്കിപ്പറഞ്ഞാൽ ജനങ്ങൾക്കിടയിൽ നിലവിലുണ്ടായിരുന്ന അന്ധവിശ്വാസത്തെ തിരുത്തുകയും അത് ഒട്ടും അശ്ലീലത ഇല്ലാതെ മനോഹരമായ അറബി സാഹിത്യ ശൈലിയിൽ അവതരിപ്പിക്കുകയാണ് ഖുർആൻ ചെയ്തത്. ആയത്തിൽ പരാമർശിക്കപ്പെട്ട വിഷയത്തെപ്പറ്റി വിമർശകരുടെ ധാരണ ഇല്ലായ്മയാണ് ഈ വിമർശനങ്ങളിലൂടെ എല്ലാം വെളിപ്പെടുന്നത് എന്നതാണ് സത്യം. 


കടപ്പാട് :Dr Jauzal CP

No comments:

Post a Comment