Thursday 1 October 2020

വാഹന ഉടമസ്ഥാവകാശ കൈമാറ്റ നടപടിക്രമങ്ങൾ

 

വാഹന ഉടമസ്ഥാവകാശ കൈമാറ്റ നടപടിക്രമങ്ങൾ ലളിതവൽകരിച്ചതിനെ തുടർന്ന് MVD Kerala ഫേസ് ബുക്ക് പേജിലെ പോസ്റ്റിനോടനുബന്ധിച്ച് നിരവധി സംശയങ്ങൾ വാഹന ഉടമകൾ ഉന്നയിച്ചിരുന്നു.


ചോ: ഏത് വെബ് വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്?

ഉ: www.parivahan.gov.in 


ചോ: ഓൺലൈനായി ഇത്തരം അപേക്ഷകൾ കൈകാര്യം ചെയ്ത് പരിചയം ഇല്ല.

ഉ: താങ്കൾക്ക് അടുത്തുള്ള അക്ഷയ കേന്ദ്രം വഴിയോ അല്ലെങ്കിൽ ഇൻറർനെറ്റ്‌ സൗകര്യമുള്ള കമ്പ്യൂട്ടറിൽ നിന്നോ മൊബൈലിൽ നിന്നോ സ്വയമോ മറ്റാരുടെയെങ്കിലും സഹായത്താലോ ചെയ്യാം.


ചോ: ആരാണ് അപേക്ഷിക്കേണ്ടത്?

ഉ: വാഹനം വാങ്ങുന്ന വ്യക്തിയും വാഹനം വിൽക്കുന്ന വ്യക്തിയും സംയുക്തമായാണ് അപേക്ഷിക്കേണ്ടത്.


ചോ: എങ്ങിനെയാണ് അപേക്ഷിക്കേണ്ടത്?

ഉ: വിൽക്കുന്ന വ്യക്തിയുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ വരുന്ന OTP നമ്പർ രേഖപ്പെടുത്തിയാണ് അപേക്ഷാ സമർപ്പണം ആരംഭിക്കുന്നത്.


ചോ: വാങ്ങുന്ന ആളുടെ മൊബൈൽ നമ്പർ ആവശ്യമുണ്ടോ?

ഉ: വാങ്ങുന്ന ആളുടെ മേൽവിലാസവും മൊബൈൽ  നമ്പറും രേഖപ്പെടുത്തണം. മേൽവിലാസം തെളിയിക്കുന്ന രേഖ നിർബന്ധമാണ്. ആ മേൽവിലാസം ആണ് അപേക്ഷയിൽ രേഖപ്പെടുത്തേണ്ടത്.


ചോ: എന്തൊക്കെയാണ് മേൽവിലാസം തെളിയിക്കുന്ന രേഖകൾ?

ഉ: ആധാർ കാർഡ്, പാസ്പോർട്ട്, ഇലക്ടറൽ റോൾ തുടങ്ങിയവ (മോട്ടോർ വാഹന ചട്ടത്തിൽ പ്രതിപാദിച്ചവ മാത്രം)


ചോ: വാങ്ങുന്ന ആളുടെ മൊബൈലിൽ വരുന്ന OTP രേഖപ്പെടുത്തേണ്ടതുണ്ടോ?

ഉ: ഉണ്ട്, ആ OTP രേഖപ്പെടുത്തിയാൽ മാത്രമേ അപേക്ഷാ സമർപ്പണം പൂർത്തിയാവുകയുള്ളൂ.


ചോ: ഏത് ഓഫീസിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്?

ഉ: വാങ്ങുന്നയാളുടെയോ വിൽക്കുന്നയാളുടെയോ സ്ഥിര താമസസ്ഥലത്തുള്ള ഓഫീസിൽ സമർപ്പിക്കാം.


ചോ: ഫീസ് എത്രയാണ്?

ഉ: മോട്ടോർ സൈക്കിൾ - 150,   ലൈറ്റ് മോട്ടോർ വെഹിക്കിൾ (പ്രൈവറ്റ് ) - 300, ലൈറ്റ് മോട്ടോർ വെഹിക്കിൾ (ട്രാൻസ്പോർട്ട്) & മീഡിയം - 500, ഹെവി - 750


ചോ: ഇറക്കുമതി ചെയ്ത വാഹനങ്ങളുടെ ഫീസ് എങ്ങിനെയാണ്?

മോട്ടോർ സൈക്കിൾ - 1250, മറ്റ് വാഹനങ്ങൾ - 2500


ചോ: ഇതിലൊന്നും ഉൾപ്പെടാത്ത മറ്റ് വണ്ടികളുടെ (JCB പോലുള്ളവ ) ഫീസെത്ര?

അത്തരം വണ്ടികൾ - 1500


ചോ: ഫീസല്ലാതെ വേറെ ചാർജ് എന്തെങ്കിലും ഉണ്ടോ?

ഉ: ഉണ്ട്, സർവ്വീസ് ചാർജ് . മോട്ടോർ സൈക്കിൾ - 35,  ലൈറ്റ് - 60, മീഡിയം -110, ഹെവി - 170


ചോ: ഫീസും സർവ്വീസ് ചാർജും എങ്ങിനെ അടക്കും?

ഉ: അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ ഓൺലൈനായി ഫീസ് അടക്കാം. ATM കാർഡോ/ ഇൻ്റർനെറ്റ് ബാങ്കിങ്ങോ ഉപയോഗിക്കാം.


ചോ: വാഹനത്തിന് ലോൺ ഉണ്ടെങ്കിലോ?

ഉ: ലോൺ അവസാനിപ്പിക്കുകയോ (Termination), ലോൺ തുടരുകയോ (Continuation) ചെയ്യാം .


ചോ: ലോൺ അവസാനിപ്പിക്കാൻ ഫിനാൻസിയറുടെ പക്കൽ നിന്ന് പേപ്പർ എന്തെങ്കിലും വാങ്ങേണ്ടതുണ്ടോ?

ഉ: ഉണ്ട്. ലോൺ അവസാനിപ്പിക്കുന്നതിനോ / നിലനിർത്തുന്നതിനോ ഫിനാൻസിയറുടെ ഒപ്പും സീലും പതിപ്പിച്ച ഫോറം വാങ്ങണം.


ചോ: ലോൺ അവസാനിപ്പിക്കാൻ ഫീസുണ്ടോ?

ഉ: ഇല്ല. എന്നാൽ സർവ്വീസ് ചാർജ് ഉണ്ട്. 85 രൂപ


ചോ: അപേക്ഷാ ഫോറവും ഫീസ് റസീറ്റും പ്രിൻ്റ് എടുത്ത് എങ്ങനെ അയക്കണം?

ഉ: അവ പ്രിൻ്റെടുത്ത് ഒപ്പിട്ട് അപ് ലോഡ് ചെയ്യണം. ഫിനാൻസിയർ ഒപ്പിട്ട ഫോറവും അപ് ലോഡ് ചെയ്യണം.


ചോ: അപ് ലോഡ് ചെയ്താൽ മാത്രം മതിയോ?

ഉ: പോര. ഒറിജിനൽ RC, ഫീസ് റസീപ്റ്റ്, അപ് ലോഡ് ചെയ്ത അപേക്ഷാ ഫോറം, അഡ്രസ് പ്രൂഫ്,  ട്രാൻസ്പോർട്ട് വാഹനമാണെങ്കിൽ പെർമിറ്റ് ക്യാൻസൽ ചെയ്ത / ട്രാൻസ്ഫർ ചെയ്ത ഉത്തരവ് എന്നിവ സഹിതം നേരത്തെ അപേക്ഷിച്ച ഓഫീസിലേക്ക് തപാൽ മാർഗം അയക്കുകയോ അല്ലെങ്കിൽ RT ഓഫിസിൽ സ്ഥാപിച്ച പെട്ടിയിൽ നിക്ഷേപിക്കുകയോ ചെയ്യാം.


ചോ: ട്രാൻസ്പോർട്ട് വാഹനങ്ങളുടെ പെർമിറ്റ് ക്യാൻസൽ ചെയ്ത ഉത്തര വോ പെർമിറ്റ് ട്രാന്സ്ഫർ ഗ്രാൻറ് ഉത്തരവോ കിട്ടാൻ ആർ.ടി.ഓഫീസിൽ പോവണോ?

ഉ: വേണ്ട. ആ ഉത്തരവുകൾ ഓൺലൈനായി പ്രിൻ്റ് എടുക്കാം


ചോ: ലോൺ തുടരാനാഗ്രഹിക്കുന്നെങ്കിൽ ഫീസ് എത്ര?

ഉ: മോട്ടോർ സൈക്കിൾ - 500, ലൈറ്റ് - 1500, മീഡിയം & ഹെവി - 3000. കൂടാതെ 85 രൂപ സർവ്വീസ് ചാർജും


ചോ: പുതുതായി ലോൺ എടുക്കുന്നുണ്ടെങ്കിലോ?

ഉ: അതും സാധിക്കും. ഫിനാൻസ് നോട്ടിംഗ് ഫീസ് അടച്ചാൽ മതി. ഫീസ് നിരക്കും സർവ്വീസ് ചാർജും  തൊട്ട് മുകളിലുള്ള ചോദ്യത്തിൻ്റെ ഉത്തരത്തിലുള്ളത് തന്നെയാണ്.


ചോ: വാങ്ങിയാൾക്ക് പുതിയ RC എങ്ങിനെ കിട്ടും?

ഉ: തപാൽ മുഖാന്തിരം. അതിനായി വാങ്ങിയ ആളുടെ മേൽവിലാസം എഴുതി സ്പീഡ് പോസ്റ്റിനാവശ്യമായ സ്റ്റാമ്പ് ഒട്ടിച്ച കവർ കൂടി അപേക്ഷയോടൊപ്പം മറക്കരുത്.


ചോ: വാഹനത്തിൻ്റെ പേരിൽ എന്തെങ്കിലും ശിക്ഷാ നടപടികളോ ചെക്ക് റിപ്പോർട്ടോ പെൻ്റിംഗ് ഉണ്ടെങ്കിലോ?

ഉ: അത്തരം ശിക്ഷാ നടപടികളോ ചെക്ക് റിപ്പോർട്ടോ തീർപ്പ് കൽപ്പിച്ചതിന് ശേഷമേ ഉടമസ്ഥാവകാശം മാറ്റാൻ സാധിക്കുകയുള്ളൂ. അല്ലാത്ത പക്ഷം ആയത് തീർപ്പ് കൽപ്പിക്കുമ്പോഴുള്ള ബാദ്ധ്യത വാങ്ങിയാൾക്കായിരിക്കും.


No comments:

Post a Comment