Tuesday 20 October 2020

നാഗൂർ സുൽത്താൻ ശാഹുൽ ഹമീദ് (റ)



ഔലിയാക്കൾ 

അല്ലാഹുവിന്റെ ഔലിയിക്കൾ ദീനിന്റെ പ്രചാരകരാണ് ഖുർആൻ ഒട്ടേറെ ഔലിയാക്കളുടെ ചരിത്രം പരാമർശിക്കുന്നു വെള്ളിയാഴ്ച സൂറതുൽ കഹ്ഫ് പാരായണം ചെയ്യാൻ കൽപിക്കപ്പെട്ടതിന്റെ രഹസ്യങ്ങളിലൊന്ന് അതിൽ ഔലിയാക്കളായ അസ്ഹാബുൽ കഹ്ഫിന്റെ ചരിത്രം പറയുന്നു എന്നതുകൂടിയാണ് 

ഔലിയാക്കളായ അസ്ഹാബുൽ കഹ്ഫിന് അല്ലാഹു നൽകിയ അനുഗ്രഹ ഔദാര്യങ്ങൾ ജോർദ്ദാനിൽ ചെന്നാൽ ഇന്നും നമുക്ക് നേരിൽ കാണാം അവരെ ബഹുമാനിച്ചുകൊണ്ട് ആ കാലക്കാർ നിർമിച്ച പള്ളിയും അവർ വുളൂ ചെയ്ത പാറപ്പുറത്തെ ജല സംഭരണിയും അവരോടൊപ്പമുണ്ടായിരുന്ന നായയുടെ എല്ല് ഉൾപ്പെടെയുള്ള വസ്തുക്കളെല്ലാം ആയിരക്കണക്കിന് വർഷങ്ങൾക്കു ശേഷവും ചിന്തിക്കുന്നവർക്ക് ഗുണപാഠമായി നിലനിൽക്കുന്നു 

 നാം ഔലിയാക്കളുടെ ചരിത്രം അറിയണം, അതിൽനിന്നും പാഠമുൾക്കൊള്ളണം അവരുടെ മഖാമുകൾ സന്ദർശിക്കണം ജീവിതകാലത്തും വഫാത്തിനു ശേഷവും സ്വലിഹീങ്ങളെ സന്ദർശിക്കൽ പുണ്യകരമത്രെ 

ശൈഖ് ശാഹുൽ ഹമീദ് (റ) വിനെയും നാഗൂർ ദർഗാ ശരീഫിനെയും സംബന്ധിച്ച് നാം അപരിചിതരല്ല 

തമിഴ്നാട്ടിലെ കാവേരി നദീതീരത്തെ പ്രമുഖ മുസ്ലിം തീർത്ഥാടന കേന്ദ്രമാണ് നാഗൂർ ശാഹുൽ ഹമീദ് നാഗൂരി (റ) യുടെ പുണ്യ ദർഗാശരീഫിന്റെ തങ്ക മിനാരം ദർഗയെ വ്യതിരിക്തമാക്കുന്നു 

ഹൈന്ദവനായ രാജാവ് മാറാരോഗം സുഖപ്പെട്ടതിനു പ്രത്യുപകാരമായി നൽകിയ മുവ്വായിലം ഏക്കർ സ്ഥലവും ദർഗതും ഇന്ന് ജാതിമത മേ സമസ്ത ജനങ്ങളുടെയും അഭയ കേന്ദ്രമാണ് 

കാവേരി നദീ തീരത്തെ അയ്യായിരത്തോളം ക്ഷേത്രങ്ങൾക്കു മുമ്പിൽ ഉയർന്നുനിൽക്കുന്ന പുണ്യ ദർഗാ ശരീഫ് ഭാരതത്തിലെ മതനിരപേക്ഷതയുടെ മഹാപ്രതീകവുമാണ് 

ഇന്ന് നാഗൂർ ദർഗയോട് ചേർന്ന് അഞ്ച് മിനാരങ്ങൾ പിൽക്കാലത്ത് പണി കഴിപ്പിച്ചതാണ് വലിയ മിനാരം നിർമിച്ചത് 'പ്രതാപ്സിംഗ് ' എന്ന താഞ്ചാവൂർ മഹാരാജാവാണ് 

ചുരുങ്ങിയ നിലയിൽ നാഗൂർ ശാഹുൽ ഹമീദ് (റ) വിനെ പരിചയപ്പെടുത്തുകയാണിവിടെ 

ആ മഹാനുഭാവനോടൊപ്പം റബ്ബ് നമ്മെയും അവന്റെ ജന്നാത്തുന്നഈമിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ, ആമീൻ  

അല്ലാഹു പറയുന്നു: 'അല്ലാഹുവിന്റെ ഔലിയാക്കൾ ഭക്തന്മാർ മാത്രമാണ് ' (സൂറത്തുൽ അൻഫാൽ: 34) 

അല്ലാഹുവിന്റെ മതമായ പരിശുദ്ധ ഇസ്ലാമിന്റെ പ്രചരണത്തിനു ലക്ഷക്കണക്കിനു പ്രവാചകന്മാരെയും അതോടൊപ്പം അല്ലാഹുവിന്റെ ഇഷ്ടദാസരും മഹാത്മാക്കളുമായ ഔലിയാക്കളെയും അല്ലാഹു ഈ ഭൂമിയിൽ നിയോഗിച്ചു 

പ്രവാചകന്മാരുടെ പ്രബോധനം മുഅ്ജിസത്തിന്റെ പിൻബലത്തോടെയും ഔലിയാക്കളുടെ പ്രബോധനത്തിന് അവരുടെ അമാനുഷിക സിദ്ധികളായ കറാമത്തുകളിലൂടെയുമാണ് 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്ലാം പ്രചരിച്ചത് സൂക്ഷ്മ ജ്ഞാനികളും സർവസംഗ പരിത്യാഗികളുമായ ഔലിയാക്കളും സൂഫികളുമായിരുന്നുവെന്നതിനു ചരിത്രലോകം സാക്ഷിയാണ് 

പ്രവാചകന്മാരുടെ കാലത്തും അവർക്ക് ശേഷവും ഔലിയാക്കളുടെ ശൃംഖല ഭൂമിയിലുണ്ടായിട്ടുണ്ട് നബി (സ) യുടെ ശേഷം സ്വഹാബികളും താബിഉകളും ഔലിയാക്കളുടെ പദവി അലങ്കരിച്ചവരാണ് 

സ്വഹാബികൾ അവരുടെ പിൻഗാമികളായ ഔലിയാക്കളുടെയാത്ര കറാമത്തുകൾ ചരിത്രത്തിൽ രേഖപ്പെടുത്താത്തതിന്റെ കാരണം ഇമാം ശഅ്റാനി (റ) രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്: 

സ്വഹാബികൾക്ക് നബി (സ) യുമായുള്ള അതീവ ബന്ധത്താൽ അവരുടെ ഈമാൻ ശക്തമായിരുന്നു അതിനാൽ കറാമത്ത് വഴി അതിനെ ശക്തിപ്പെടുത്തുകയോ മറ്റുള്ളവരുടെ വിശ്വാസ ബലഹീനത നികത്തേണ്ടി വരേണ്ട ആവശ്യമോ അപൂർവമായിരുന്നു (അൽ യവാഖീത്) 

പ്രവാചകന്മാരെ സ്നേഹിക്കും പ്രകാരം ഔലിയാക്കളെയും സ്നേഹിക്കേണ്ടത് സത്യവിശ്വാസികളുടെ ബാധ്യതയാണ് ഔലിയാഇനെ നിന്ദിക്കുന്നവർ ഇസ്ലാമിനെ നിന്ദിക്കുന്നവനും അല്ലാഹുവിന്റെ ശത്രുവുമാണെന്നാണ് ഇസ്ലാമിക പാഠം

അബൂഹുറൈറ (റ) യെതൊട്ട് നിവേദനം: നബി (സ) പറഞ്ഞു: നിശ്ചയം അല്ലാഹു പറഞ്ഞു: 'എന്റെ വലിയ്യിന്റെ കാര്യത്തിൽ എന്നെ ആരെങ്കിലും ബുദ്ധിമുട്ടിച്ചാൽ അവനോട് ഞാൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു ' (ഫത്ഹുൽ ബാരി: 11/296) 

എന്റെ ദാസൻ എന്നോടടുക്കുന്ന തോതനുസരിച്ച് അവന്റെ കയ്യും കാലും കണ്ണുമെല്ലാം ഞാനാകുമെന്ന അല്ലാഹുവിന്റെ പ്രഖ്യാപനം എല്ലാ പ്രബല ഹദീസുകളിലും പ്രസിദ്ധമാണെന്നറിവുള്ള സത്യവിശ്വാസി ഔലിയാക്കളിൽ നിന്നുണ്ടാകുന്ന ഏതൊരു അമാനുഷിക കഴിവും അൽഭുതവും നിഷേധിക്കുന്നത് സംശയിക്കുന്നതും കരണീയമല്ല 

ചുരുക്കത്തിൽ ധാർമിക ജീവിതത്തിന്റെ വഴികൾ മനുഷ്യനു നൽകാൻ അല്ലാഹു അന്ത്യനാൾ വരെ നിയമിക്കപ്പെടുന്ന മഹാത്മാക്കളാണ് അല്ലാഹുവിന്റെ ഔലിയാക്കൾ .


കറാമത്ത് 

ശൈഖ് ശാഹുൽ ഹമീദ് (റ) ന്റെ ജീവിതത്തിലും വിയോഗാനന്തരവും സംഭവിച്ച അമാനുഷിക സംഭവങ്ങൾ നിരവധിയാണ് ഹിജ്റയുടെ പത്താം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുണ്യ ഭാരതത്തിൽ ജനിച്ച ജഹാനവർകളുടെ അമാനുഷിക സിദ്ധികൾ വിവരിക്കുന്നതിനു മുമ്പ് കറാമത്തിന്റെ യഥാർത്ഥ നിർവചനമെന്തെന്ന് നാമറിയേണ്ടതുണ്ട് 

പ്രവാചകന്മാർക്ക് മുഅ്ജിസത്ത് പ്രത്യക്ഷപ്പെടുത്തിയത് പോലെ അല്ലാഹുവിന്റെ ഇഷ്ടദാസരായ ഔലിയാഇന് നൽകുന്ന അമാനുഷികമായ കഴിവാണ് കറാമത്ത് 

പരിശുദ്ധ ഖുർആനിലും ഹദീസിലും സ്വഹാബികൾ, പ്രവാചകന്മാരുടെ മാതാപിതാക്കൾ, താബിഉകൾ, അല്ലാഹുവിന്റെ സാമീപ്യം നേടിയ സദ് വൃത്തരായ  മഹാത്മാക്കൾ തുടങ്ങിയവരുടെ കറാമത്തുകൾ നിരവധിയാണ് 

നാം എല്ലാ വെള്ളിയാഴ്ചയും പാരായണം ചെയ്യാറുള്ള സൂറത്തുൽ കഹ്ഫിൽ അല്ലാഹുവിന്റെ ഇഷ്ട ദാസരായ യുവാക്കൾ മുന്നൂറ്റി ഒമ്പത് വർഷം പർവത ഗുഹയിൽ കിടന്നുറങ്ങിയ സംഭവത്തെ ഉദ്ധരിച്ചു ശൈഖ് ഫഖ്റുദ്ദീൻ റാസി (റ) പറയുന്നു: 'ഗുഹാവാസികളുടെ ഈ ചരിത്രം ഔലിയാക്കളുടെ കറാമത്തിനു ഖുർആൻ നൽകുന്ന സ്പഷ്ടമായ തെളിവാണ് ' (റാസി: 5/682) 

മഹാനായ ഈസാ നബി (അ) യുടെ പ്രിയ മാതാവ് മർയം (റ) ഉണങ്ങിയ ഈത്തപ്പന മരം പിടിച്ചു കുലുക്കിയപ്പോൾ അത് പച്ചപിടിച്ചു പഴുത്ത് പാകമായ ഈത്തപ്പഴം പ്രസ്തുത മരത്തിൽ നിന്നു  കൊഴിഞ്ഞുവീണ സംഭവം മർയം സൂറത്തിലെ ഇരുപത്തഞ്ചാം സൂക്തത്തിൽ നിന്നും വ്യക്തമാണ് 

സുലൈമാൻ നബി (അ) യുടെ ആജ്ഞപ്രകാരം ആസിഫുബ്നു ബർഖയാ (റ) യമനിലെ ബൽഖീസ് രാജ്ഞിയുടെ കൊട്ടാരം ഫലസ്തീനിലെ സുലൈമാൻ നബി (അ) യുടെ സന്നിധിയിൽ നിമിഷത്തിനകമെത്തിച്ച സംഭവം, ജുറൈജ് എന്ന പുണ്യ പുരുഷനോട് തൊട്ടിലിൽ വെച്ച് പിഞ്ചുകുഞ്ഞ് സംസാരിച്ചത്, പർവതത്തിലെ ഗുഹാമുഖത്ത് ഭീമർ പാറ ഉതിർന്നു വീഴുകയും തുടർന്നു ഗുഹയിലുള്ള മൂന്നുപേരുടെ നിഷ്കളങ്ക പ്രാർത്ഥനയിലൂടെ പാറ യഥാസ്ഥാനത്ത് നിന്നും നീങ്ങി മൂവരും രക്ഷപ്പെട്ട സംഭവം തുടങ്ങിയവ പരിശുദ്ധ ഖുർആൻനിലെ സൂറതു കഹ്ഫ്, ബുഖാരി, മുസ്ലിം  തുടങ്ങിയ ആധികാരിക ഹദീസ് ഗ്രന്ഥങ്ങൾ തുടങ്ങിയവയിൽ നിന്നും ഗ്രഹിക്കാവുന്ന മഹാസത്യങ്ങളാണ് 

ചുരുക്കത്തിൽ അന്ത്യനാൾ വരെ ഇസ്ലാമിക പ്രബോധനത്തിനു നിയോഗിക്കപ്പെട്ട പ്രവാചകന്മാർ, സച്ചരിതരായ മഹാത്മാക്കൾ തുടങ്ങിയവർക്ക് ഇസ്ലാമിക മഹിമയും അല്ലാഹുവിന്റെ അനന്തമായ കഴിവിന്റെ വ്യാപ്തിയും ബോധ്യപ്പെടുത്തി ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കാനാണ് മുഅ്ജിസത്ത്, കറാമത്തുകൾ എന്നു നാമറിയണം .


മശാഇഖുമാരുടെ വഴി 

ഖാദിരിയ്യ ത്വരീഖത്ത്, രിഫാഇയ്യ തുടങ്ങിയ ആത്മീയ സരണിയും അവയുടെ വഴിയും ഇസ്ലാമിക സംഹിതകൾക്കനുസൃതമാവുമ്പോഴാണ് ത്വരീഖത്ത് അല്ലാഹുവിന്റെ മാർഗത്തെ അവലംബിക്കുന്നത് 

ഇന്ന് കൂൺ പോലെ മുളച്ചുപൊന്തുന്ന ത്വരീഖത്ത് പ്രസ്ഥാനങ്ങൾ ശൈഖ് ശാഹുൽ ഹമീദുന്നാഗൂർ (റ) അടക്കമുള്ള മഹാരഥന്മാരെ ഉപയോഗപ്പെടുത്തുമ്പോൾ ത്വരീഖത്തുകളിൽ സത്യവും അസത്യവും വിവേചിച്ചറിയാനാവാതെ ജനങ്ങൾ അങ്കലാപ്പിലാവുന്നു സമാധാനവും സംതൃപ്ത ജീവിതവും അങ്കലാപ്പിലാവുന്നു സമാധാനവും സംതൃപ്ത ജീവിതവും മനസ്സിൽ സ്വപ്നം കാണുന്ന മനുഷ്യർ സത്യവും മിഥ്യയും വിവേചിച്ചറിയാതെ കണ്ടതിലെല്ലാം ബൈഅത്ത് ചെയ്യുന്ന ദയനീയാവസ്ഥയാണ് നാടെങ്ങും കാണുന്നത് 

പിശാച് സേവകരും മാരണ വിദഗ്ധരും ഇന്നത്തെ മശാഇഖുമാരും മുറബ്ബികളുമായി വിലസുമ്പോൾ നന്മയുടെ പൂങ്കാവനങ്ങളായ ഔലിയാക്കളിൽ ഉന്നതരായ ശൈഖ് ശാഹുൽ ഹമീദുന്നാഗൂർ (റ) ന്റെ ജീവിചരിത്രം നമുക്ക് വഴികാട്ടിയാവും 

ജനങ്ങളേ, നിങ്ങൾക്ക് രക്ഷിതാവിൽ നിന്ന്  ഉപദേശവും ശാന്തിയും വിശ്വാസികൾക്ക് സന്മാർഗവും അനുഗ്രഹവും എത്തിയിട്ടുണ്ട് (സൂറത്തുൽ: യൂനുസ്) 

അധ്യാത്മികതയുടെ അനന്ത ലോകത്തേക്ക് വെളിച്ചം പകരുന്ന മാഹസൂക്തമാണ് നടേ പറഞ്ഞതെന്ന് ഇമാം റാസി (റ) പറയുന്നു പ്രസ്തുത ആയത്തിലെ ഉപദേശം (മൗഇളത്ത്) ഹൃദയ ശുദ്ധി, ധാർമിക ജീവിതം തുടങ്ങിയവക്കനുപേക്ഷണീയമായ ശരീഅത്തിനെയും, ശാന്തി സന്മാർഗം (ശിഫാ, ഹുദാ) എന്ന ദ്വിപദം സൽസ്വഭാവവും ആത്മ ശുദ്ധീകരണവും നേടിയെടുക്കാവുന്ന ത്വരീഖത്തിനെയും അനുഗ്രഹം (റഹ്മത്ത്) ഒരു വ്യക്തിയുടെ ആത്മീയ പരിപൂർണതയെ സൂചിപ്പിക്കുന്ന ഹഖീഖത്തിനെയും സൂചിപ്പിക്കുന്നു 

ശൈഖ് ശാഹുൽ ഹമീദുന്നാഗൂരി (റ) യുടെ ഖാദിരിയ്യ, ചിശ്തിയ്യ, നഖ്ശബന്തിയ്യ, സുഹ്റവർദിയ്യ വഴികളെല്ലാം സമ്പൂർണ്ണ ആത്മീയതയുടെ വിളനിലമായിരുന്നു മഹാനവർകളുടെ ത്വരീഖത്ത് സിൽസില ഈ ചരിത്രത്തിലെ അവസാന ഭാഗങ്ങളിൽ കൃത്യമായി ചേർക്കുന്നതോടൊപ്പം മഹാനവർകളുടെ ആത്മീയ സരണിയും മഹാ ജീവിതവും വിവരിക്കുന്നതിലൂടെ ആത്മീയ പുരുഷന്മാരുടെ വഴിയെങ്ങനെയാവണമെന്ന നമ്മുടെ ചോദ്യത്തിനു ഈ ചരിത്രം നമുക്ക് പ്രത്യുത്തരം നൽകും 

അല്ലാഹുവിന്റെ നിയമങ്ങളായ ശരീഅത്തിനു വിരുദ്ധമായി സഞ്ചരിക്കുന്നവരെ വലിയ്യും ശൈഖുമായി അവലംബിക്കുന്ന പ്രവണത നമുക്കിടയിൽ വർധിക്കുന്നത് ഏറെ ഗൗരവമുള്ളതാണ് ഇമാം അഹ്മദുൽ കബീർ രിഫാഈ (റ) പറയുന്നു: ശരീഅത്തിനു വിരുദ്ധമായ എല്ലാ ത്വരീഖത്തുകളും പിഴച്ചതാണ് ശർഹു ഖസ്വീദതിഅല്ലഫൽ അലിഫ്: 55) 

മാത്രമല്ല, ഖാദിരിയ്യ, സുഹ്റവർദിയ്യ ത്വരീഖത്തിലെ ഗുരു പരമ്പരയിൽ പ്രമുഖനും തന്റെ കാലഘട്ടത്തിലെ ഖുത്വുബുമായിരുന്ന ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) പറയുന്നു: ഖുർആനിനെയും സുന്നത്തിനെയും അവലംബിക്കാത്തവർ വായുവിലൂടെ സഞ്ചരിക്കുന്നവരായാലും അവനെ അവഗണിക്കണം (അൽ യവാഖീത്ത്: 2/38) 


ആധുനിക യുഗത്തിൽ ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് ഇന്ന് വ്യാജ ശൈഖുമാരുടെയും ഔലിയാക്കളുടെയും രംഗപ്രവേശനം മാരണ സിദ്ധിയും പൈശാചിക സേവയും പരോക്ഷമായി ഉപയോഗപ്പെടുത്തിയും തലപ്പാവും താടിയും പ്രത്യക്ഷമായി പ്രദർശിപ്പിച്ചും സുഖലോലുപരായിരിക്കുന്ന മശാഇഖുമാരാണ് ഇന്ന് നാട് ഭരിക്കുന്നത് ഇസ്ലാമിക നിയമസംഹിതകൾ സാധാരണ ജനങ്ങളുടെ പ്രത്യക്ഷാനുഷ്ഠാനം പോലെ നിർവഹിക്കേണ്ടത് ശൈഖിനു അത്യന്താപേക്ഷിതമായ വസ്തുതയാണെന്നാണ് ഇസ്ലാമികമാനം ഇമാം ശഅ്റാനി (റ) പറയുന്നു: ആത്മീയ ഗുരുവര്യന്മാർ ശരീഅത്തിലെ പ്രത്യക്ഷ ആരാധന കർമങ്ങളും നിബന്ധനകളും നിർവഹിച്ചേ തീരൂ (അൽ യവാഖീത്: 1/135)

ചുരുക്കത്തിൽ ഏതൊരു ശൈഖിനെയും വിലയിരുത്തപ്പെടേണ്ടത് ശരീഅത്തിന്റെ അളവുകോലിലാണ് നാഗൂരിലെ വിശ്വപ്രസിദ്ധ മഹാമനീഷി ശൈഖ് ശാഹുൽ ഹമീദ് (റ) ന്റെ ജീവിത ദർശനങ്ങൾ നമുക്ക് ഇതിനു പ്രചോദന പാഠമാവേണ്ടതുണ്ട് .


ശാഹുൽ ഹമീദ് (റ) ജനനം

ഉത്തർപ്രദേശിലെ അയോധ്യക്കടുത്ത് മാണികൃഷൂർ നഗത്തിലെ കുലീന കുടുംബത്തിൽപെട്ട സയ്യിദ് ഹസൻ ഖുദ്സി (റ) പത്നി സയ്യിദഃ ഫാത്വിമ (റ) എന്നിവരുടെ ഏക പുത്രനാണ് ചരിത്ര പുരുഷനായ ശൈഖ് ശാഹുൽ ഹമീദുന്നാഗൂരി (റ) 

ഹിജ്റ വർഷം 910, ജമാദുൽ ആഖിർ മാസം പത്തിനു (ക്രി. 1489) വ്യാഴാഴ്ച സന്ധ്യ കഴിഞ്ഞ് വെള്ളിയാഴ്ച രാവിലെയാണ് വിശ്വപ്രസിദ്ധനായ മഹാ പ്രതിഭ ശൈഖ് ശാഹുൽ ഹമീദ് (റ) ജനിക്കുന്നത് 

മഹതി ഫാത്വിമ (റ) ഗർഭിണിയാവുന്നതിനു മുമ്പ് നിരവധി അത്ഭുത സംഭവങ്ങൾക്ക് മഹാനവർകളുടെ മാതാപിതാക്കൾ സാക്ഷിയായി 

ഒരിക്കൽ വെള്ള വസ്ത്രവും തലപ്പാവും ധരിച്ച ഒരു വന്ദ്യവയോധികനായ മഹാപുരുഷൻ സ്വപ്നത്തിലൂടെ മാതാവ് ഫാത്വിമയുടെ സമീപമെത്തി സലാം ചൊല്ലുകയും തുടർന്ന് ഇപ്രകാരം പറയുകയും ചെയ്തു: ഓ ഫാത്വിമാ... അല്ലാഹുവിന്റെ ഔലിയാക്കളിൽ അത്യുന്നതനായ ഒരു മഹാരഥനെയാണ് നിങ്ങൾ ഗർഭം ധരിക്കാൻ പോവുന്നത് 

നിങ്ങൾക്ക് ഈ സന്തോഷവാർത്തയുമായി വന്ന ഞാൻ അല്ലാഹുവിന്റെ ദാസരിലൊരാളായ ഖിള്ർ (അ) ആണെന്നും പറഞ്ഞ് മഹാനവർകൾ അപ്രത്യക്ഷനായി 

സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്ന മഹതി കണ്ട സ്വപ്നം പ്രിയതമൻ സയ്യിദ് ഹസൻ ഖുദ്സി (റ) യെ അറിയിക്കുകയും അവർ അല്ലാഹുവിനു സ്തുതികളർപ്പിക്കുകയും ചെയ്തു 

നബി (സ) യുടെ കുടുംബ പരമ്പരയിൽപെട്ട സയ്യിദ് ഹസൻ ഖുദ്സി (റ) മുഹ്‌യദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (റ) യുടെ ആറാമത്തെ പുത്ര പരമ്പരയിൽ പെട്ടവരാണ് .


സാമൂഹികാവസ്ഥ 

ഹിജ്റ ഒമ്പതാം നൂറ്റാണ്ടിന്റെ അന്ത്യവും പത്താം നൂറ്റാണ്ടിന്റെ ആദ്യവും ഡൽഹി തലസ്ഥാനമായി രാജ്യം ഭരിച്ചിരുന്നത് തുഗ്ലക്ക് രാജാവായിരുന്നു 

അജ്ഞതയുടെ കൂരിരുളിൽ ലയിച്ചിരുന്ന ഒരു സമൂഹമായിരുന്നു അന്നുണ്ടായിരുന്നത് സ്വാർത്ഥത മന്ത്ര ആഭിചാര വിദ്യകളെ മാത്രം ആശ്രയിച്ചിരുന്ന ജനസമൂഹം ബഹുദൂരം പിറകിലായിരുന്നു അക്രമവും അനാശ്യാസവും കവർച്ചയും അവരുടെ നിത്യവൃത്തിയായിരുന്നു 

ഇതിനിടെയാണ് തുഗ്ലക്ക് വംശ രാജാവായ ഫിറോസ് ഷാ പണ്ഡിതരെയും സച്ചരിതരെയും ഉപയോഗപ്പെടുത്തി തൗഹീദിന്റെ കുളിർക്കാറ്റ് നാട്ടിലെങ്ങും വ്യാപിപ്പിച്ച് ഇസ്ലാമിന്റെ യഥാർത്ഥ മാർഗത്തെ സമൂഹത്തിനു തെര്യപ്പെടുത്താൻ പദ്ധതികളാവിഷ്കരിച്ചത് 

ഫിറോസ് ഷായുടെ ഈ പദ്ധതി ഏറെക്കുറെ സ്വപ്നം സഫലീകരിച്ചെങ്കിലും വീണ്ടും അന്ധതയിലേക്ക് തന്നെ ജനങ്ങളിൽ പലരും തിരിയാൻ തുനിഞ്ഞത് ഈ പദ്ധതിയെ അവതാളത്തിലാക്കി 

മാണികൃഷൂരിലുണ്ടായിരുന്ന പണ്ഡിതരും സൂഫികളും മൺമറിഞ്ഞ് പോയി അനുദിനം വഷളായ മാണിക്ക്യപ്പൂരിലെ ഓരോ സംഭവങ്ങളും സയ്യിദ് ഹസൻ ഖുദ്സി (റ) യെ വല്ലാതെ വിഷമിപ്പിച്ചു നിഷ്കളങ്കനും സച്ചരിതരിലുന്നതരുമായിരുന്ന മഹാനവർകളുടെ പ്രാർത്ഥനക്ക് പ്രത്യുത്തരമായിരുന്നു അദ്ദേഹത്തിന്റെ പ്രിയ പുത്രൻ ശാഹുൽ ഹമീദ് (റ) .


ഗർഭാശയത്തിൽ നിന്നും വിളി 

'അല്ലാഹുവിന്റെ ഇഷ്ട ദാസരായ പ്രവാചകന്മാർ, ഔലിയാക്കൾ തുടങ്ങിയവർ അവർക്ക്  പ്രസ്തുത പദവി ലഭിക്കുന്നതിനു മുമ്പുതന്നെ അവരിൽ നിന്നും പ്രകടമാവുന്ന അമാനുഷിക സംഭവങ്ങൾക്ക് 'ഇർഹാസ്വാത് ' എന്നാണ് പറയുക ' (ദലീലുൽ ഫാലിഹീൻ: 4/315) 

ഈസാ നബി (അ) തൊട്ടിലിൽ വെച്ച് സംസാരിച്ചത്, മുഹമ്മദ് നബി (സ) ക്ക് എട്ടു വയസ്സാകുന്ന സമയം നബി (സ) യോടൊപ്പം കഅ്ബയുടെ ഖില്ലയിൽ പിടിച്ച് പിതാമഹൻ പ്രാർത്ഥിച്ചപ്പോൾ വരൾച്ചയുടെ കാലത്ത് മഴ പെയ്തത്, നബി (സ) ബാലനായപ്പോൾ ആട് മേയ്ക്കുന്ന സ്ഥലത്ത് വെച്ച് മലക്കുകൾ നബി (സ) യുടെ തിരുനെഞ്ച് കീറി കറുത്ത മാംസക്കഷ്ണമുപേക്ഷിച്ച് നെഞ്ച് പൂർവസ്ഥിതിയിലായതുമെല്ലാം ഈ ഗണത്തിലുൾപ്പെടുന്നു 

സയ്യിദ് ശാഹുൽ ഹമീദ് (റ) ന്റെ പ്രിയ മാതാവ് ഫാത്വിമ ബീവി മഹാനവർകളെ ഗർഭം ചുമന്ന സമയം പിതാവ് സയ്യിദ് ഹസൻ ഖുദ്സി (റ) ക്ക് കഠിനമായ രോഗം വന്നെത്തി വിവിധ വിദഗ്ധ വൈദ്യന്മാരെക്കൊണ്ട് ചികിത്സിച്ചെങ്കിലും രോഗത്തിനു പ്രത്യേക ശമനമൊന്നുമുണ്ടായില്ല 

ഭർത്താവിന്റെ രോഗനിലയോർത്ത പത്നി ബീവി ഫാത്വിമ (റ) കഠിന ദുഃഖിതയായിരുന്നു ഒരിക്കൽ ഉമ്മാ എന്ന ഒരു അദൃശ്യവിളി അവർ കേട്ടു ശബ്ദം കേട്ട സ്ഥലത്തേക്ക് നോക്കുമ്പോൾ വീണ്ടും ഉമ്മാ എന്ന വിളി വീണ്ടും അവരെ തേടിയെത്തി 

അൽപനേരം കഴിഞ്ഞപ്പോൾ ഇങ്ങനെയൊരു സംസാരമുണ്ടായി 'ഉമ്മാ, നിങ്ങൾ ഒന്നുകൊണ്ടും ഭയപ്പെടേണ്ട അല്ലാഹുവിന്റെ കാരുണ്യത്താൽ എന്റെ പിതാവിന്റെ രോഗം ഏറെ താമസിയാതെ പരിപൂർണ്ണ ശമനമാകും ' എന്റെ ഗർഭാശയത്തിൽ നിന്നാണ് കുഞ്ഞിന്റെ സംസാരമുണ്ടായതെന്നറിഞ്ഞ പ്രിയ മാതാവ് അല്ലാഹുവിനെ സ്തുതിച്ചു ദിവസങ്ങൾക്കകം പ്രിയ പിതാവ് ഹസൻ ഖുദ്സി (റ) യുടെ രോഗത്തിനു ശമനമുണ്ടാവുകയും ചെയ്തു ..

 

ഖിള്ർ നബി (അ) ന്റെ ഉപദേശം 

അബൂൽ അബ്ബാസ് ഖിളർ നബി (അ), ഇല്യാസ് നബി (അ) എന്നിവർ ഇന്നും ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടെന്നാണ് ഇസ്ലാമിക വിശ്വാസം ഇരുവരും സത്യവിശ്വാസികളുമായി സഹവസിക്കുമെന്നും ഹജ്ജ് വേളയിൽ അറഫയിൽ രണ്ട് പേരും ഒരുമിച്ചു കണ്ടുമുട്ടുകയും ഹജ്ജിൽ നിന്നും വിരമിക്കുമ്പോൾ രണ്ടുപേരുടെയും മുടി പരസ്പരം ഇരു പ്രവാചകന്മാർ തന്നെയാണ് കളയുകയെന്നും ഇസ്ലാമിക ഗ്രന്ഥങ്ങളിൽ സുവിദിതമാണ് (മിർഖാതുൽ മഫാതീഹ്) 

മാതാവ് ഫാത്വിമ (റ) യുടെ ഗർഭാവസ്ഥ ആറ് മാസമായപ്പോൾ വീണ്ടും ഖിള്ർ നബി (അ) പ്രത്യക്ഷപ്പെട്ട് മഹതിയോടിപ്രകാരം പറഞ്ഞു: 'മഹതീ, നിങ്ങൾക്ക് പിറക്കാൻ പോവുന്ന കുഞ്ഞ് ഒരു മഹാപുരുഷനാണ് ഔലിയാക്കളുടെ നേതാവായി വഴാനാനുള്ള അദ്ദേഹത്തിന് അബ്ദുൽ ഖാദിർ എന്ന് നാമകരണം ചെയ്യണം ' 


ബക്കറ്റ് നിറയെ ജലം 

ഒരിക്കൽ തഹജ്ജുദ് നിസ്കാരത്തിനു വുളൂ ചെയ്യാൻ കിണറ്റിൻ കരയിൽ ചെന്ന് വെളളമെടുക്കാൻ ശ്രമിച്ചപ്പോൾ കയറും ബക്കറ്റും കിണറ്റിലേക്ക് ചാടി ഇത്രയും കാലങ്ങളായി അനുഷ്ഠിച്ചുവന്നിരുന്ന തഹജ്ജുദ് നിസ്കാരത്തിനു ഇന്ന് മുടക്കം വരുമോ നാഥാ എന്നു മഹതി ഉള്ളുരുകി പ്രാർത്ഥിച്ചു അൽപ സമയങ്ങൾക്കകം അറ്റുവീണ ബക്കറ്റ് കിണറ്റിൻകരയിലെത്തുകയും അതിൽ നിറയെ വെള്ളവും കണ്ട മഹതി അല്ലാഹുവിനു ശുക്ർ ചെയ്തു 


തീരാത്ത ഭക്ഷണ പാത്രം 

മഹതി ഫാത്വിമ (റ) ക്ക് ഏഴ് മാസമായപ്പോൾ മാണിക്യപ്പൂർ നഗരം വറുതിയുടെ ഘട്ടമായിരുന്നു കാലങ്ങളായി ലഭ്യമായിരുന്ന മഴയുടെ കുറവ്, കാർഷിക വിളവിന്റെ അഭാവം എന്നിവയെല്ലാം ദാരിദ്ര്യത്തെ ഏറെ സ്വാധീനിച്ച ഘടകങ്ങളായിരുന്നു  

നാട്ടു പ്രധാനിയായ സയ്യിദ് ഹസൻ ഖുദ്സി (റ) യും പത്നി ഫാത്വിമ (റ) യും ഈ ദുരവസ്ഥയിൽ ഏറെ വിഷമിച്ചു കൈവശമുണ്ടായിരുന്ന ഭക്ഷണ ശേഖരത്തിൽ നിന്നും ഏറെ നാട്ടുകാർക്ക് വിതരണം ചെയ്തു കഴിഞ്ഞു ഇവ്വിഷയകമായി എന്ത് ചെയ്യണമെന്ന് ചിന്തിച്ച ഈ ദമ്പതികൾ കേൾക്കെ ഒരശരീരി അവരുടെ കർണപുടങ്ങളിൽ അലയടിച്ചു 'എന്റെ ബഹുമാന്യ മാതാപിതാക്കളേ.... നിങ്ങൾ രണ്ടുപേരും ഒന്നുകൊണ്ടും വിഷമിക്കരുത് നമ്മുടെ ബാക്കിയുള്ള ധാന്യ ശേഖരത്തിൽ നിന്നും അൽപമെടുത്ത് അവ പാചകം ചെയ്ത് നാട്ടുകാർക്കെല്ലാം വിതരണം ചെയ്യുക കരുണാനിധിയായ അല്ലാഹു ധർമം നൽകുന്ന കരങ്ങളെ നിസ്സഹായരാക്കുന്നതല്ല 

അത്ഭുതം വീണ്ടും ആവർത്തിച്ചു അൽപം ഭക്ഷണ ധാന്യം കൊണ്ട് പാകം ചെയ്ത ആഹാരം നാട്ടുകാർക്ക് മുഴുവനും നൽകിയപ്പോൾ എല്ലാവരും സുഭിക്ഷമായി വയർ നിറക്കുകയും ഭക്ഷണം പിന്നെയും ബാക്കിയാവുകയും എല്ലാവർക്കും മതിവരുവോളം വീണ്ടും വിതരണം ചെയ്യുകയും ചെയ്തു .


ശൈഖവർകളുടെ ബാല്യം

ഭൂമിയിൽ പിറക്കുന്നതിനു മുമ്പുതന്നെ അമാനുഷിക സിദ്ധിയാൽ പ്രസിദ്ധനായ സയ്യിദ് അബ്ദുൽ ഖാദിർ ഷാഹുൽ ഹമീദ് (റ) വിന്റെ ജീവിതം വിപ്ലവാത്മകമായിരുന്നു 

ബീവി ഫാത്വിമ (റ) യുടെ പിഞ്ചോമനയെ കാണാൻ ജനങ്ങളുടെ നീണ്ട ക്യൂ തന്നെയുണ്ടായിരുന്നുവെന്നാണ് ചരിത്രം 

പ്രസവ ദിവസം അപരിചിതരായ രണ്ടുപേർ അവിടെയെത്തി മഹതിയോട് സലാം പറഞ്ഞു സയ്യിദുനാ ഖിള്ർ നബി (അ), ഇൽയാസ് നബി (അ) എന്നിവരായിരുന്നു അവർ ഖിള്ർ (അ) കുട്ടുകാരൻ ഇൽയാസ് നബിയെയും പരിചയപ്പെടുത്തിയ ശേഷം ഖിള്ർ (അ) കുഞ്ഞിനെ മടിയിൽ വെച്ച് കുഞ്ഞിന്റെ വലതു ചെവിയിൽ ബാങ്കും ഇടതു ചെവിയിൽ ഇഖാമത്തും കൊടുത്തു ശേഷം 'സയ്യിദ് അബ്ദുൽ ഖാദിർ ' എന്നു ഖിള്ർ (അ) പേര് വിളിക്കുകയും ചെയ്തു 

ശേഷം കുഞ്ഞിനെ ഇൽയാസ് നബി (അ) യുടെ തിരുകരങ്ങളിലേൽപിച്ചപ്പോൾ അദ്ദേഹം മൂന്ന് തവണ അബ്ദുൽ ഖാദിർ എന്ന നാമം ഉച്ചരിച്ച് കുഞ്ഞിനെ മാതാവിനെ ഏൽപിച്ച ശേഷം അവിടെ നിന്നും പോയി  

ബാലനായ സയ്യിദ് അബ്ദുൽ ഖാദിർ ശാഹുൽ ഹമീദ് (റ) വിന് നാല് വയസ്സ് പൂർത്തിയായപ്പോൾ പ്രായത്തിൽ മികച്ച ബുദ്ധിവൈഭവം പ്രകടിപ്പിച്ചതിനാൽ പ്രസ്തുത വയസ്സിൽ തന്നെ മത പഠനമാരംഭിക്കുകയും പണ്ഡിത ഗുരുക്കന്മാരെല്ലാം അദ്ദേഹത്തിന് ഏറെ സ്നേഹബഹുമാനം നൽകി ആദരിക്കുകയും ചെയ്തിരുന്നു മഹാനവർകളുടെ ഖുർആൻ പാരായണം ശ്രവണ സുന്ദരമായിരുന്നതിനാൽ അത് കേൾക്കാനായി ആബാലവൃദ്ധം ജനങ്ങൾ തടിച്ചുകൂടിയിരുന്നു 

കുട്ടിയായിരിക്കുമ്പോൾ നിസ്കാരം, നോമ്പ് പോലുള്ള അനുഷ്ഠാന കർമങ്ങളിൽ സ്ക്ഷ്മത പുലർത്തിയിരുന്ന ശൈഖ് ശാഹുൽ ഹമീദ് (റ) വിനു മാതാപിതാക്കൾ മധുര പലഹാരം വാങ്ങിക്കഴിക്കാൻ പണമെല്ലാം ദരിദ്രരായ കുട്ടികൾക്ക് നൽകിയിരുന്നു 


ഉമിനീരിലൂടെ ജ്ഞാനം 

ഒരു വൈകുന്നേര സമയത്ത് സ്വഭവനത്തിനൽപം അകലെയായി ഒരിക്കൽ ശൈഖ് ശാഹുൽ ഹമീദ് (റ) അല്ലാഹുവിനെക്കുറിച്ചുള്ള ആത്മീയ ചിന്തയിൽ നിരതനായി ഇരിക്കുകയായിരുന്നു അതിനിടെ ശുഭ വസ്ത്രധാരിയായ ഒരാൾ ശാഹുൽ ഹമീദ് എന്ന ബാലന്റെയരികിലെത്തി സലാം ചൊല്ലുകയും വാൽസല്യത്തോടെ വായ തുറക്കാനാവശ്യപ്പെടുകയും ചെയ്തു അനുസരണപൂർവം വായ തുറന്ന സമയം അദ്ദേഹത്തിന്റെ വായയിൽ നിന്നും മൂന്ന് തവണ ഉമിനീർ ശാഹുൽ ഹമീദ് (റ) വിനു പകർന്നു നൽകി പ്രസ്തുത ഉമിനീർ കഴിച്ച ശേഷം മഹാനവർകൾക്ക് ആത്മാജ്ഞാനത്തിന്റെ വാതിലുകൾ തുറക്കപ്പെട്ടുവെന്നാണ് ചരിത്രം  മഹാന്മാരായ ഔലിയാക്കളുടെ കൂടെ സഹവസിക്കാറുള്ള ഖിള്ർ നബി (അ) യായിരുന്നു ആഗതനെന്ന് ചരിത്ര ഗ്രന്ഥങ്ങളിൽ നിന്നും സ്പഷ്ടമാവുന്നു 

പതിനെട്ട് വയസ് പൂർത്തിയായപ്പോഴും തഫ്സീർ, ഹദീസ്, ഫിഖ്ഹ്, അഖീദ, ചരിത്രം, ഗണിതം, ഗോളശാസ്ത്രം, തർക്കശാസ്ത്രം, തത്ത്വജ്ഞാനം തുടങ്ങിയവയെല്ലാം അതിനിപുണനായി മാറി 

ബാല്യകാലം മുതൽ കുറച്ച് മാത്രം സംസാരിക്കുകയും എല്ലാ സമയങ്ങളിലും ഇബാദത്തുകളിലും ദിക്റിലും ജ്ഞാന സേവനത്തിലുമായി കഴിഞ്ഞിരുന്ന മഹാനവർകൾക്ക് പിന്നീടുള്ള അടങ്ങാത്ത ആഗ്രഹം ഒരു മുറബ്ബിയായ ശൈഖിനെ കണ്ടെത്തലായിരുന്നു 

ശൈഖിനെ ലഭ്യമാവാനുള്ള ആഗ്രഹം പിതാവിനെ അറിയിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു: മകനേ, ഇവിടെ നിന്നും ഇരുനൂറ്റി ഇരുപത് മൈൽ അകലെ 'കുവാലിയാർ' നഗരത്തിൽ ഒരു മഹാഗുരുവുണ്ട് മഹാനവർകളുമായി സഹവസിക്കുക വഴി നിന്റെ ആഗ്രഹം സഫലീകരിക്കപ്പെടും 

ഹിജ്റ 928 ജമാദുൽ ആഖിർ മാസം ഒരു തിങ്കളാഴ്ച മഹാനവർകൾ മാതാപിതാക്കളുടെ അനുഗ്രഹത്തോടെ യാത്ര പറഞ്ഞു കുവാലിയാർ ലക്ഷ്യമാക്കി യാത്ര തിരിച്ചു വഴിമദ്ധ്യേ, മഹാനായ ഇൽയാസ് നബി (അ) യെ കണ്ടുമുട്ടുകയും അദ്ദേഹവുമായി സംഭാഷണത്തിലേർപ്പെടുകയും നിരവധി സദുപദേശങ്ങൾ നൽകി സലാം പറഞ്ഞ് പിരിയുകയും ചെയ്തു 

അവിടെ നിന്നും യാത്ര തുടർന്നൽപം കഴിഞ്ഞപ്പോൾ വഴിയിൽ മുഈനുദ്ദീൻ എന്ന സത്യന്വേഷിയും മഹാനവർകളുടെ സഹചാരിയായി കൂടെ യാത്ര ചെയ്തു.



പുലിക്കൂട്ടം സേവകരായി 

ഒരാൾ അല്ലാഹുവിനെ ഭയപ്പെട്ടാൽ അവനെ പ്രപഞ്ചത്തിലെ എല്ലാം ഭയപ്പെടുമെന്നാണ് തിരുനബി (സ) യുടെ മൊഴി 

വനത്തിലൂടെ സഞ്ചരിച്ചിരുന്ന ശൈഖ് ശാഹുൽ ഹമീദ് (റ) യും ശിഷ്യരും ഒരു പുലിക്കൂട്ടത്തിനു മുമ്പിലാണ് ചെന്നു പെട്ടത് പുലികളുടെ നേതാവ് മഹാനവർകളെ കണ്ടയുടൻ മഹാനവർകളെ എന്ന് അഭിസംബോധന ചെയ്തു തദവസരം പുലി മഹാനവർകളോട് പുറത്ത് കയറി യാത്ര ചെയ്യാനാവശ്യപ്പെട്ടു മഹാനവർകൾ പ്രസ്തുത അപേക്ഷ നന്ദിപൂർവം നിരസിച്ച് അവകളോട് യാത്ര പറഞ്ഞു അവിടെ നിന്നും പുറപ്പെട്ടു (അൽ മവാഹിബ്) .


ശൈഖിന്റെ സന്നിധാനം 

രാജസ്ഥാനിലെ കുവാലിയാർ നഗരം വൈജ്ഞാനിക രംഗത്തും ആത്മീയതയിലും അന്ന് പ്രസിദ്ധമാണ് ഹിജ്റ പത്താം നൂറ്റാണ്ടിൽ അന്നത്തെ മനുഷ്യ- ജിന്നുകളുടെ ആത്മീയ ഗുരുവായിരുന്ന സയ്യിദ് മുഹമ്മദ് ഗൗസ് (റ) നെയായിരുന്നു മഹാനായ ശാഹുൽ ഹമീദ് (റ) വിനു ആത്മീയ ഗുരുവായി ലഭ്യമാവാൻ പോവുന്നത് 

കുവാലിയർ നഗരത്തിലെത്തിയ ശാഹുൽ ഹമീദ് (റ) ആത്മീയ ഗുരുവായി ഒരു മുറബ്ബിയായ ശൈഖിനെ ലഭ്യമാവാൻ നോമ്പിലും ഇബാദത്തിലുമായി അല്ലാഹുവിനോട് നിഷ്കളങ്കമായി നിരന്തര പ്രാർത്ഥനയിലേർപ്പെട്ടു  

ആഴ്ചകൾ കടന്നുപോയി ഒരു ദിവസം സുബ്ഹിക്ക് ശേഷം ഒരശരീരി മഹാനവർകൾ ഇപ്രകാരം കേട്ടു: 'അബ്ദുൽ ഖാദർ! താങ്കളുടെ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചിരിക്കുന്നു ഇനി മുതൽ താങ്കൾ 'ഷാഹ് അൽ ഹമീദ് ' എന്ന ഉത്തമ നാമത്തിലറിയപ്പെടും നിങ്ങളുടെ ആത്മീയ ഗുരു 'സയ്യിദ് മുഹമ്മദ് ഗൗസ് ' എന്നവരാണ് മഹാനവർകളുടെ സന്നിധിയിലെത്തിച്ചേരുക 

ശൈഖ് ശാഹുൽ ഹമീദ് (റ) ശൈഖിന്റെ സമീപത്തെത്തിയപ്പോൾ ഗുരുവര്യരുടെ സമീപം ബഹുമാനപുരസ്സരം നിന്നു സലാം ചൊല്ലി ആലിംഗനം ചെയ്തു ദിവസങ്ങൾക്കകം മഹാനവർകളെ ബൈഅത്ത് ചെയ്ത ശേഷം മഹാനവർകളുടെ മുരീദായി കഴിഞ്ഞു കൂടി 

ദിനംപ്രതി ശൈഖ് ശാഹുൽ ഹമീദ് (റ) വിന്റെ 
ആത്മീയ പദവി അത്യുന്നതിയിലേക്ക് കുതിച്ചു ശാഹുൽ ഹമീദ് (റ) വിന്റെ പേരും പദവിയും അടുത്തറിഞ്ഞ ശൈഖവർകളുടെ പത്നിക്ക്  ഒരാഗ്രഹമുണ്ടായി 

പ്രിയ പുത്രിയെ ശാഹുൽ ഹമീദിനു വിവാഹം ചെയ്യണമെന്ന അഭിലാഷം മഹതി രണ്ട് സ്ത്രീകളെ ദൂതരായയച്ച് ശാഹുൽ ഹമീദ് (റ) വിനെ അറിയിക്കാനായി ഏർപ്പെടുത്തി 

വന്ന സ്ത്രീകൾ കാര്യം പറയുന്നതിനു മുമ്പ് അവരുടെ മുഖം വായിച്ചറിഞ്ഞ ശാഹുൽ ഹമീദ് (റ) അവരോട് പറഞ്ഞു: 'ഉമ്മമാരെ, നിങ്ങളുടെ ആഗ്രഹം നിറവേറ്റാൻ എനിക്ക് സാധ്യമല്ല അല്ലാഹുവിന്റെ വിധി മറ്റൊന്നാണ് നിങ്ങൾ തിരിച്ചുപോവുക' 

നിരാശയോടെ അവർ ശൈഖ് മുഹമ്മദ് ഗൗസ് (റ) യുടെ പത്നിയുടെ സമീപത്തെത്തി വിവരം ധരിപ്പിച്ചതോടെ പ്രസ്തുത ഉദ്യമത്തിൽ നിന്നും അവർ പിന്തിരിയുകയും ചെയ്തു .


ശൈഖിനോട് വിട 

രാജസ്ഥാനിലെ കവാലിയറിയിൽ നിന്നും ശൈഖവർകൾ പുറപ്പെടാനൊരുങ്ങി ഗുരുവര്യരുടെ ഗുരുത്ത പൊരുത്തവും അവരിൽ നിന്നും വേണ്ടുവോളം ആത്മജ്ഞാനവും ശിക്ഷണവും സമ്പാദിച്ച ശാഹുൽ ഹമീദ് (റ) യാത്ര പുറപ്പെടുമ്പോൾ മഹാനവർകളുടെ കൂടെ നാനൂറ്റി നാൽപത് ശിഷ്യന്മാരുണ്ടായിരുന്നുവെന്നാണ് ചരിത്രം 

വടക്ക് മലനിരകളിലൂടെ യാത്ര തുടർന്ന ശാഹുൽ ഹമീദ് (റ) വും ശിഷ്യരും വഴിയിൽ നിരവധി അത്ഭുത ദൃഷ്ടാന്തങ്ങൾക്ക് സാക്ഷിയായി .


കാട്ടുമനുഷ്യൻ 

യാത്രയിൽ ശൈഖ് ശാഹുൽ ഹമീദ് (റ) വും അനുയായികളും ഒരു കാട്ടു മനുഷ്യനെ കാണാനിടയായി രോമങ്ങൾ തിങ്ങിനിറഞ്ഞ അദ്ദേഹത്തിന്റെ ശരീര പ്രകൃതി സാധാരണ മനുഷ്യരിൽ നിന്നും വിഭിന്നമായിരുന്നു അദ്ദേഹം ശാഹുൽ ഹമീദ് (റ) വിനോട് ഇപ്രകാരം പരാതി ബോധിപ്പിച്ചു 'ശൈഖവർകളേ, ഈ പർവത ശിഖിരത്തിൽ മുടികൾ നീണ്ട് വലുതായ ഒരു മനുഷ്യനുണ്ട് അപരിചിതനായ അദ്ദേഹം ഇന്നുവരെ ഉറങ്ങിയതായി എനിക്കറിയില്ല എപ്പോഴും ഇബാദത്തിലായി കഴിഞ്ഞു കൂടുന്ന അദ്ദേഹത്തിന്റെ അവസ്ഥയെന്താണെന്നറിഞ്ഞാൽ കൊള്ളാമായിരുന്നു 

ശിഷ്യന്മാരോട് പ്രസ്തുത സ്ഥലത്ത് ഇരിക്കാനാവശ്യപ്പെട്ട ശേഷം ശാഹുൽ ഹമീദ് (റ) അയാളുടെ സവിധത്തിലെത്തി നീണ്ടു വളർന്ന രോമങ്ങളോടെയും ഒരു മനുഷ്യരൂപമായിരുന്നു അദ്ദേഹം 

അദ്ദേഹത്തെ കണ്ടയുടനെ  മഹാനവർ ചെവിയിലെന്തോ മന്ത്രിച്ചു തദവസരം സന്തോഷാശ്രുക്കൾ പൊഴിച്ചുകൊണ്ട് അദ്ദേഹം ശൈഖവർകളെ ആലിംഗനം ചെയ്തു ശേഷം അദ്ദേഹം പറഞ്ഞു: 'ശൈഖവർകളേ, ഞാൻ നാനൂറ് വർഷമായി ഈ മലമടക്കുകളിൽ ജീവിക്കുന്നു മഹാപുരുഷനായ താങ്കൾ ഈ വഴി വരുമെന്ന അറിവ് എനിക്ക് ലഭ്യമായതിനാൽ ഇത്രയും കാലം എന്റെ ആയുസ്സ് നീട്ടിത്തരാൻ ഞാൻ നാഥനോട് പ്രാർത്ഥിച്ചു എന്റെ പ്രാർത്ഥന ഇന്ന് അല്ലാഹു സഫലമാക്കിയിരിക്കുന്നു ' അൽപ സമയത്തിനകം അദ്ദേഹം മരണപ്പെടുകയും അദ്ദേഹത്തിന്റെ മരണാനന്തര കർമ്മങ്ങൾ നിർവഹിച്ച ശേഷം ശാഹുൽ ഹമീദ് (റ) വും സംഘവും അവിടെ നിന്നും യാത്രയാവുകയും ചെയ്തു .


വൈകല്യം സുഖപ്പെട്ടു

ശൈഖ് ശാഹുൽ ഹമീദ് (റ) പൾവാ ഗ്രാമത്തിലെത്തിയപ്പോൾ ആ നാട്ടിലെ രാജാവ് ശൈഖവർകളുടെ മഹത്വത്തെക്കുറിച്ച് കേട്ടറിഞ്ഞിരുന്നു 

ഒരു ദിവസം ശാഹുൽ ഹമീദ് (റ) വിനെയും അനുയായികളെയും വേണ്ടവിധം സ്വീകരിച്ച ശേഷം വികലാംഗനായ തന്റെ പുത്രനെ മഹാനവർകളെ കാണിച്ചു കൊടുത്ത ശേഷം ഇങ്ങനെ പറഞ്ഞു: 'വലിയ്യവർകളേ, എന്റെ സീമന്ത പുത്രനാണിത് ഇവന്റെ വൈകല്യാവസ്ഥ മാറാൻ ഞാൻ പല നേൻച്ചകളും വഴിപാടുകളും നടത്തി ചെയ്യാവുന്ന ഭൗതിക ചികിത്സകളും ചെയ്തെങ്കിലും ഫലം നിരാശ മാത്രമായിരുന്നു മഹാനവർകളെ, എന്റെ ഈ ദുഃഖത്തിനൊരു പരിഹാരം നൽകാൻ നിങ്ങൾക്ക് കഴിയില്ലേ? 

ഏറെ സമയത്തെ മൗനത്തിനു ശേഷം ശാഹുൽ ഹമീദ് (റ) പറഞ്ഞു: ഇതുവരെ പ്രശ്ന പരിഹാരത്തിനായി നിങ്ങൾ ചെയ്ത എല്ലാ കർമ്മങ്ങളും നിഷ്ഫലവും ഏകനായ അല്ലാഹുവിന്റെ മാർഗത്തിനു വിരുദ്ധവുമാണ് ഇസ്ലാമിന്റെ അന്തസത്തയും നിയമ സംഹിതകളും ജീവിത രീതിയും ശൈഖവർകൾ വിശദമായി വിവരിച്ചപ്പോൾ രാജാവും ഒപ്പമുണ്ടായിരുന്നവരും ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു ശേഷം ഒരൽപം ജലമെടുത്ത് വികലാംഗനായ രാജകുമാരന്റെ വൈകല്യ ഭാഗത്ത് ഒഴിച്ചപ്പോൾ വൈകല്യം മാറി പൂർണനും സുന്ദരനുമായ യുവാവായി മാറി .


അജ്മീർ സന്ദർശനം 

നീണ്ട യാത്രകളിലൂടെ ഇസ്ലാമിക പ്രബോധനം നിർവഹിച്ചിരുന്ന സയ്യിദ് ശാഹുൽ ഹമീദ് (റ) വിന് സുൽത്വാനുൽ ഹിന്ദ് ഖാജാ മുഈനുദ്ദീനുൽ ചിശ്തി (റ) യുടെ അജ്മീർ സവിധത്തിലെത്താൻ അടങ്ങാത്ത ആഗ്രഹമുണ്ടായി കുന്നുകളും കാടുകളും മലകളും താണ്ടിയ മഹാനവർകൾ അജ്മീറിലെത്തിയപ്പോൾ വികാരാധീനമായ അന്തരീക്ഷമായിരുന്നുവെന്നാണ് ചരിത്രം അജ്മീർ ദർഗയിലെത്തിയ മഹാനവർകളുടെ അധരങ്ങളിൽ നിന്നും ഖാജാ (റ) യെ കുറിച്ചുള്ള മധുര കാവ്യങ്ങൾ ഒഴുകിവന്നു 

ദർഗ ശരീഫിനുള്ളിൽ പ്രവേശിച്ചപ്പോൾ പുറം വാതിലുകൾ സ്വയം അടഞ്ഞു ഏറെ നേരം ദർഗ ശരീഫിൽ ചിലവഴിച്ച ശൈഖവർകൾ സുൽത്വാനുൽ ഹിന്ദ് (റ) യോട് വിടപറഞ്ഞു പോരുന്ന രംഗവും വികാരനിർഭരമായിരുന്നു തുടർന്നു ദിവസങ്ങളോളം ശാഹുൽ ഹമീദ് (റ) അജ്മീറിന്റെ പരിസരത്ത് കഴിച്ചുകൂട്ടുകയും ചെയ്തു .


ഇറച്ചിക്കൂമ്പാരം ഒട്ടകമായി 

അജ്മീർ ദർഗ ശരീഫിന് തൊട്ടടുത്ത് ഒരു പർവത താഴ് വരയിൽ  ശൈഖവർകളും ശിഷ്യരും താവളമടിച്ചു താമസിച്ചു തദവസരം ശിഷ്യന്മാർക്ക് ഉടമയായുണ്ടായിരുന്ന ഒരു ഒട്ടകം പുൽപ്രദേശത്ത് മേഞ്ഞ് നടക്കുന്നതിനിടയിൽ മലമുകളിൽ താമസിച്ചിരുന്ന ചിലർ അവരറിയാതെ അതിനെ അറുത്ത് തിന്നു 

പിറ്റെ ദിവസം യാത്രക്കൊരുങ്ങിയ ശൈഖവർകളും ശിഷ്യരും ഒട്ടകത്തെ കാണാതായപ്പോൾ മലവാസികളോട് കാര്യം തിരക്കി അവർ നിഷേധ സ്വരത്തിൽ പറഞ്ഞു: 'നിങ്ങളുടെ ഒട്ടകം ഞങ്ങൾക്കെന്തിനു വേണം?' 

ശൈഖ് ശാഹുൽ ഹമീദ് (റ) പറഞ്ഞു: ഒട്ടകം എവിടെ പോയെന്ന് താമസിയാതെ അല്ലാഹുവിന്റെ അനുഗ്രഹാനുവാദത്താൽ ഞാൻ കാണിച്ചുതരാം ഇപ്രകാരം പറഞ്ഞപ്പോഴേക്കും പലരുടെയും മുഖം വിറളിപൂണ്ടിരുന്നു ശൈഖവർകൾ പറഞ്ഞു: 'മേഞ്ഞ് നടന്നിരുന്ന ഒട്ടകമേ, അല്ലാഹുവിന്റെ നാമത്തിൽ ഞാൻ പറയുന്നു, നീ എന്റെ സമീപം വരിക ' തൽസമയം ഒട്ടകം അതിനെ ഭക്ഷണമാക്കിയവരുടെ വയറുകളിൽ നിന്നും ഇങ്ങനെ പ്രതികരിച്ചു 'ഇവരുടെ ഉദരത്തിൽ നിന്നും ഞാൻ എങ്ങനെ പുറത്തുവരും ' ഇത് കേട്ട് ശൈഖവർകൾ അറിയാതെ ചിരിച്ചുപോയി ശേഷം മഹാനവർകൾ പറഞ്ഞു: ബുദ്ധിമുട്ടാണെങ്കിൽ മറ്റൊരു വഴി ഞാൻ കാണിച്ചുതരാം ഇത് പറഞ്ഞ് തീരുമ്പോഴേക്ക് മലവാസികളുടെ കാലുകൾ വഴി മാംസം പുറത്ത് വന്നു ഒരു കൂമ്പാരമായി മാറുകയും ഒട്ടകം എഴുന്നേൽക്കുകയും ചെയ്തു ഈ മഹാൽഭുത ദൃശ്യം നേരിൽക്കണ്ടവരെല്ലാം ഇസ്ലാം മതം സ്വീകരിച്ചു.


നാട്ടിലേക്ക് മടക്കയാത്ര

പല നാടുകളും സഞ്ചരിച്ച് മഹാനവർകളും ശിഷ്യരും സ്വദേശമായ മാണിക്യപൂരിലെത്തി അവരെ ബഹുമാനപുരസ്സരം സ്വീകരിച്ച സ്വന്തം നാട്ടുകാരുടെ സന്തോഷപ്രകടനങ്ങൾ നിർവചനനാതീതമായിരുന്നു ദീർഘമായ ഇടവേളക്ക് ശേഷം മഹാനവർകളെ കണ്ടുമുട്ടിയ മാതാവ് ബീവി ഫാത്വിമ (റ) യും പിതാവ് സയ്യിദ് ഹസൻ ഖുദ്സി (റ) യും അളവറ്റ സന്തോഷത്തിലായിരുന്നു  .

ഖലീഫമാർ വിവിധ നാടുകളിൽ

ശൈഖ് ശാഹുൽ ഹമീദ് (റ) മാണിക്യപ്പൂരിലെത്തിയതോടെ അവിടെ വിജ്ഞാന ലോകത്തിന്റെയും ആത്മീയതയുടെയും പറുദീസയായി പരിണമിച്ചു ആത്മജ്ഞാനികളായ നിരവധി പണ്ഡിത ശ്രേഷ്ഠരെ വാർത്തെടുത്ത ശൈഖവർകൾ ഓരോരുത്തർക്കും നൽകിയ ഖാദിരിയ്യ, ചിശ്തിയ്യ, സുഹ്റവർദിയ്യ, നഖ്ശബന്തിയ ത്വരീഖത്തനുസരിച്ച് പല സംഘങ്ങളായി ഖലീഫമാരെ നിശ്ചയിച്ച് വിവിധ നാടുകളിലേക്ക് ഇസ്ലാമിക പ്രബോധനത്തിനയച്ചു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ത്വരീഖത്തുകളിലൂടെ ഇസ്ലാമിന്റെ വളർച്ചയും വികാസവും സൃഷ്ടിക്കാൻ ശൈഖ് ശാഹുൽ ഹമീദ് (റ) വിന്റെ ഖലീഫമാർക്കും ശിഷ്യർക്കും സാധ്യമായെന്ന് ചരിത്ര ഗ്രന്ഥങ്ങളിൽ നിന്നും വ്യക്തമാണ് .


വിവാഹപ്പന്തൽ ആളിപ്പടർന്നു

ഒരു ദിവസം മഹാനവർകളുടെ  സ്വഗൃഹത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം സമ്മേളിച്ചത് കണ്ടപ്പോൾ മഹാനാവർകൾ മാതാപിതാക്കളോട് കാരണമന്വേഷിച്ചു അവർ പറഞ്ഞു: കൂടുതൽ ആലോചിക്കാതെ നമ്മുടെ കുടുംബത്തിൽ പെട്ട ഒരു പെൺകുട്ടിയെക്കൊണ്ട് നിന്റെ വിവാഹം നടത്താനുള്ള ഒരുക്കമാണിത് പന്തലുകളും  അലങ്കാര അലങ്കാര ദൃശ്യങ്ങളും കണ്ട ശാഹുൽ ഹമീദ് (റ) പറഞ്ഞു: മാതാപിതാക്കളേ, നിങ്ങളുടെ ഈ ആഗ്രഹം സഫലീകരിച്ചു തരാൻ എനിക്ക് സാധ്യമല്ല അല്ലാഹുവിന്റെ അലംഘനീയമായ തീരുമാനത്താൽ വിവാഹ ജീവിതം വേണ്ടെന്നു വെച്ച് ആരാധനാനിരതനായി ജീവിക്കാനാണ് എന്റെ തീരുമാനം ഇത് പറഞ്ഞു തീർന്നപ്പോഴേക്കും പ്രസ്തുത പന്തൽ തീപന്തമായി ചാമ്പലായി ഇതോടെ മാതാപിതാക്കളുടെ ഈ അഭിലാഷം പൂവണിയാതെ പോയി .


ഹജ്ജ് യാത്ര 

ഒരു ദിവസം ശൈഖവർകൾ മാതാപിതോക്കളോട് പറഞ്ഞു: എനിക്ക് അല്ലാഹുവിന്റെ പ്രഥമ ഭവനം കാണാനും ഹജ്ജ് നിർവഹിക്കാനും ഏറെ ആഗ്രഹമുണ്ട് അതിനായി എന്റെ മാതാവിന്റെ എനിക്ക് സമ്മതം നൽകണം മകന്റെ ആത്മീയ സ്ഥാനം അടുത്തറിഞ്ഞ അവർ സ്വപുത്രനു സമ്മതം നൽകി പ്രാർത്ഥനയോടെ യാത്രയയച്ചു മാണിക്യപ്പൂരിൽ നിന്നും പടിഞ്ഞാറ് ഭാഗം കാടുകളും പർവതങ്ങളും ഭേദിച്ച് ലാഹോറിലെത്തിച്ചേർന്നു  

അവിടെ മഹാനവർകൾക്ക് ഊഷ്മള സ്വീകരണം നൽകിയിരുന്നു ലാഹോറിലെ നൂറുദ്ദീൻ മുഫ്ദിയെന്ന വ്യക്തിക്ക് സന്താനങ്ങളില്ലാതെ വിവിധ മരുന്നുകളും മറ്റു ചികിത്സാ രീതികളും പ്രയോഗിച്ചെങ്കിലും അബൂബക്കർ സിദ്ദീഖ് (റ) വിന്റെ സന്താന പരമ്പരയിൽപ്പെട്ട അദ്ദേഹത്തിനും ഭാര്യക്കും നിരാശയായിരുന്നു ഫലം 

തന്റെ വിഷമം ശാഹുൽ ഹമീദ് (റ) നെ ബോധിപ്പിച്ചപ്പോൾ മഹാനവർകൾ രണ്ട് റക്അത്ത് സുന്നത്ത് നിസ്കരിച്ച ശേഷം ഒരു വെറ്റില ചവച്ചരച്ച് ഭാര്യയോട് കഴിക്കാൻ പറഞ്ഞു ശേഷം ഇപ്രകാരം ശാഹുൽ ഹമീദ് (റ) തുടർന്നു പറഞ്ഞു: നൂറുദ്ദീൻ നിങ്ങളുടെ ഭാര്യക്ക് ആദ്യം ഒരു ആൺകുഞ്ഞ് ജനിക്കും ശേഷം നാല് ആൺ സന്താനങ്ങളും രണ്ട് പെൺമക്കളും നിങ്ങളുടെ ഭാര്യ പ്രസവിക്കും ഇവരിൽ നിന്നും ആദ്യ ജനിക്കുന്ന കുഞ്ഞ് എനിക്കവകാശപ്പെട്ടതാവും നൂറുദ്ദീൻ മുഫ്തിയുടെയും പത്നി ജഹ്റാബിവിയുടെയും കുഞ്ഞുങ്ങൾ അവരുടെ സ്വന്തമാണെങ്കിലും മഹാനവർകളുടെ അനുഗ്രഹീത കറാമത്തുകളാൽ ലഭ്യമായ സന്താന സൗഭാഗ്യത്തിനു നന്ദിയായി അവർ ആദ്യം ജനിച്ച സന്താനത്തെ ശൈഖ് ശാഹുൽ ഹമീദ് (റ) വിനു നൽകുകയും മഹാനവർകൾ കുഞ്ഞിനു 'സയ്യിദ് മുഹമ്മദ് യൂസുഫ് ' എന്ന് നാമകരണം ചെയ്യുകയും ചെയ്തു 

മഹാനവർകൾ നൽകിയ ചവച്ചരച്ച വെറ്റിലയുടെ സിദ്ധി അടുത്തറിഞ്ഞ ജനങ്ങൾ മഹാനവർകളുടെ ആത്മീയോന്നതിയെ ഏറെ അടുത്തറിഞ്ഞ് തുടങ്ങി (അൽ മവാഹിബു ഫീ ശമാഇലി ഖൈരിൽ ബരിയ്യ) 

ഹജ്ജ് യാത്രക്കിടെ ഒരു ദിവസം ശാഹുൽ ഹമീദ് (റ) ശിഷ്യരോടായി ഇങ്ങനെ പറഞ്ഞു: 'പ്രിയപ്പെട്ടവരെ നാളെ എന്റെ പിതാവ് അല്ലാഹുവിന്റെ സവിധത്തിലേക്ക് നീങ്ങും 

ഹിജ്റ വർഷം 949, ജമാദുൽ അവ്വൽ അഞ്ചിനു സയ്യിദ് ഹസൻ ഖുദ്സി (റ) വഫാത്തായി പിതാവിന്റെ നിര്യാണാനന്തരം അഞ്ച് ദിവസം കഴിഞ്ഞ് പ്രിയ മാതാവ് സയ്യിദത്ത് ഫാത്വിമ (റ) യും വഫാത്തായി 

ഹജ്ജ് യാത്രയിൽ ജിദ്ദയിലെത്തിയ ശാഹുൽ ഹമീദ് (റ) ആദി മാതാവ് ഹവ്വാ (റ) യുടെ ഖബർ സിയാറത്ത് ചെയ്തതിനു ശേഷമാണ് പിന്നീട് മക്കാനഗരം ലക്ഷ്യമാക്കി പോയത് ഹജ്ജും ഉംറയും നിർവഹിച്ച ശേഷം മക്കയിലും മദീനയിലുമുള്ള മഹാന്മാരുടെ മഖ്ബറ ശരീഫുകൾ സിയാറത്ത് നടത്തുകയും മദീനയിലെ പുണ്യ റൗളാ ശരീഫ് വേണ്ടുവോളം സിയാറത്ത് ചെയ്ത് വികാര നിർഭരമായ മുഖഭാവത്തോടെ നബി (സ) യോട് യാത്ര ചോദിച്ചു പിരിയുകയും ചെയ്തു ശേഷം ആരാധനാ ധന്യമായ ജീവിതം ആറുവർഷം മക്കയിൽ കഴിച്ചുകൂട്ടിയെന്നാണ് ചരിത്ര ഗ്രന്ഥങ്ങളിൽ കാണുന്നത് 

അറേബ്യൻ നാടുകളിൽ ഒമ്പത് വർഷം കഴിച്ചുകൂട്ടിയ ശാഹുൽ ഹമീദ് (റ) ജിദ്ദ തുറമുഖത്ത് നിന്നും കപ്പൽ കയറിയ സയ്യിദ് ശാഹുൽ ഹമീദ് (റ) വും ശിഷ്യരും മലബാറിലെ പൊന്നാനി കടൽത്തീരത്ത് വന്നണഞ്ഞു ശൈഖ് സൈനുദ്ദീൻ മഖ്ദൂം (റ) ന്റെ സവിധത്തിൽ അൽപകാലം ചെലവഴിച്ച അവർ അവിടെ നിന്നും വീണ്ടും യാത്ര തിരിച്ചു ലക്ഷദ്വീപ്, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളും രാജ്യങ്ങളും സന്ദർശിച്ച ശേഷം തമിഴ്നാട്ടിൽ കായൽപട്ടണം വഴി തൃഷ്ണാ പള്ളിയിലെത്തിച്ചേരുകയും അവിടെ നിന്നും പിന്നീട് തഞ്ചാവൂർ ലക്ഷ്യമാക്കി നാഗൂരിലെത്തി താമസമാരംഭിക്കുകയും ചെയ്തു .


രാജാവിന്റെ മാറാരോഗം

പ്രസിദ്ധമായ തഞ്ചാവൂർ തലസ്ഥാനമാക്കി ചോഴ സാമ്രാജ്യത്തിന്റെ അധിക ഭാഗവും നായക്ക രാജാക്കന്മാരാൽ ഭരിച്ചിരുന്നു അതിനിപുണനായ മന്ത്രവാദിയുടെ കരങ്ങളാൽ മാരണത്തിലൂടെ നിത്യരോഗിയായി കൈകാലുകൾ ചലിപ്പിക്കാനാവാതെ സ്തംഭിതനായി രാജാവ് അച്ചുതപ്പനായക്കൻ കിടപ്പിലാണ് രോഗത്തിന്റെ യഥാർത്ഥാവസ്ഥയറിയാതെ രാജ്യവൈദ്യന്മാരും മന്ത്രവാദികളും ജ്യോൽസ്യന്മാരുമെല്ലാം നടത്തിയ തീവ്രപരിചരണം പ്രതിവിധികളെല്ലാം നിഷ്ഫലമായിരുന്നു 

മഹാനവർകളുടെ മഹിമ അറിഞ്ഞിരുന്ന തഞ്ചാവൂർ രാജാവിന്റെ മന്ത്രി രാജാവിന്റെ പത്നിയുടെ സമീപം ചെന്ന് ഇപ്രകാരം പറഞ്ഞു: 'നമ്മുടെ പ്രിയതമനായ മഹാരാജാവിന്റെ രോഗം സുഖപ്പെടുത്താൻ കഴിയുന്ന മഹാദിവ്യൻ നമ്മുടെ രാജ്യത്തെത്തിയിട്ടുണ്ട് വർഷങ്ങളായി ലോകത്തിന്റെ നാനാദിക്കുകളിൽ നിന്നും പല ഭിഷഗ്വരരും മന്ത്രവാദികളും എത്തി ശ്രമം പരാജയപ്പെട്ടതാണെങ്കിലും അല്ലാഹുവിന്റെ മഹാകാരുണ്യത്താൽ നമ്മുടെ രാജാവിന്റെ രോഗം സുഖപ്പെടുത്താൻ ശൈഖ് സയ്യിദ് അബ്ദുൽ ഖാദിർ ശാഹുൽ ഹമീദ് വലിയ്യിനു സാധിക്കുമെന്നാണ് ജനങ്ങളെല്ലാം വിശ്വസിക്കുന്നത് ' മന്ത്രിയുടെ വാക്കുകൾ കേൾക്കേണ്ട താമസം റാണി മന്ത്രിയോട് പറഞ്ഞു: 'ഇനി താമസിക്കരുത് അതിനു വേണ്ട എല്ലാ സന്നാഹങ്ങളും ഇപ്പോൾ തന്നെ സജ്ജീകരിക്കുക ' 

കൊട്ടാരത്തിൽ നിന്നും രണ്ട് മൈൽ അകലെയായി ശാഹുൽ ഹമീദ് (റ) വും ശിഷ്യരും താവളമടിച്ചിരിക്കുന്ന വിവരം മന്ത്രി മുമ്പേ അറിഞ്ഞിരുന്നതിനാൽ മന്ത്രിയും കൊട്ടാരത്തിലെ മറ്റു പ്രധാനികളും ശൈഖവർകളുടെ സന്നിധിയിലേക്ക് പുറപ്പെട്ടു 

മന്ത്രിയുടെ ആഗമന ഉദ്ദേശ്യം വ്യക്തമായറിഞ്ഞിരുന്ന ശാഹുൽ ഹമീദ് (റ) മന്ത്രിയെ നോക്കി പുഞ്ചിരിച്ച് ഇപ്രകാരം ചോദിച്ചു: രാജാവിന്റെ ഇപ്പോഴത്തെ അവസ്ഥ അത്യധികം ഭീകരമാണ് 'രാജകൊട്ടാരത്തിന്റെ മുകളിൽ തത്തിക്കളിക്കുന്ന പലതരം പ്രാവുകളിൽ നിന്നും ഒരു പ്രാവ് മരണത്തോട് മല്ലടിച്ചുകൊണ്ടിരിക്കുകയാണ് ഈ പ്രാവ് മരണപ്പെടുമ്പോൾ നമ്മുടെ രാജാവും മരണപ്പെടും അതിനു മുമ്പ് രാജാവ് രക്ഷപ്പെടണമെങ്കിൽ രാജാവിനെയും പ്രാവിനെയും എന്റെ മുമ്പിലെത്തിക്കണം  ഏറെ താമസിയാതെ രാജാവിനെയും പ്രാവിനെയും വൻ അകമ്പടിയോടെ ശാഹുൽ ഹമീദ് (റ) വിന്റെ സന്നിധിയിലെത്തിക്കപ്പെട്ടു പ്രാവിന്റെ ഇരു ചിറകുകൾക്കിടയിലും ശരീരത്തിലും ദുർമന്ത്രം ജപിച്ച് ചെറിയ ഇരുമ്പ് സൂചികൾ കുത്തിക്കയറ്റപ്പെട്ടിരുന്നു രാജാവിന്റെ ശത്രുക്കൾ ദുർമന്ത്രവാദികളെക്കൊണ്ട് ചെയ്ത വൻ മാരണക്രിയയായിരുന്നു ഇത് സൂചികളോരോന്നായി പ്രാവിന്റെ ശരീരത്തിൽ നിന്നും ഓരോരോ സൂചിയെടുക്കുമ്പോഴും പ്രാവും രാജാവും ഒരേ സമയം വേദനകൊണ്ട് പുളഞ്ഞു സൂചികൾ മുഴുവനും പറിച്ചു തീർന്നപ്പോൾ രാജാവിനു തന്റെ നിശ്ചലമായ ശരീരം മെല്ലെ ഇളക്കുവാൻ സാധ്യമായി ശേഷം ഒരൽപം ജലമെടുത്ത് മന്ത്രിച്ചൂതി രാജാവിന്റെ ശരീരത്തിൽ തളിക്കുകയും രാജാവിനെ കുടിപ്പിക്കുകയും ചെയ്തപ്പോൾ രാജാവിനു പഴയപോലെ ആരോഗ്യം വീണ്ടെടുക്കാൻ സാധ്യമായി 

രോഗം പൂർണമായും താമസമേതുമില്ലാതെ സുഖപ്പെട്ട രാജാവ് ശാഹുൽ ഹമീദ് (റ) വിന്റെ മുമ്പിൽ എല്ലാ ബഹുമാനാദരവുകളും സമർപ്പിച്ചു .


മുവ്വായിരം ഏക്കർ ദാനം

ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചുവരവുണ്ടാവില്ലെന്നുറപ്പിച്ചിരുന്ന രാജാവിന്റെയും കുടുംബത്തിന്റെയും സന്തോഷാഹ്ലാദങ്ങൾക്ക് അതിരില്ലായിരുന്നു 

രാജാവ് ശാഹുൽ ഹമീദ് (റ) വിനോടായി പറഞ്ഞു: 'എന്റെ ഈ ജന്മത്തിൽ താങ്കളെപ്പോലെയുള്ള ഒരു മഹാനെ ദർശിക്കാനായതാണ് ഏറ്റവും വലിയ സൗഭാഗ്യം 

ഈ മഹാകർമത്തിനു ഒരു ചെറിയ പ്രത്യുപകാരം നൽകാൻ ഞാൻ നിശ്ചയിച്ചുറച്ചിട്ടുണ്ട് പ്രസ്തുത തീരുമാനം നിങ്ങൾ അംഗീകരിക്കുകയാണെങ്കിൽ എന്റെ ജീവിതത്തിൽ അത് വലിയൊരു വഴിത്തിരിവായിത്തീരും ' 

ഏകദേശം മുവ്വായിരമേക്കർ സ്ഥലം അടയാളക്കല്ലുകൾ സ്ഥാപിച്ച് ഒരു ചെമ്പു പട്ടയത്തിൽ രാജാവ് ശൈഖ് ശാഹുൽ ഹമീദ് (റ) വിനു ഉടമവകാശമായി നൽകി രാജാവിന്റെയും രാജപത്നിയുടെയും കൊട്ടാര പ്രധാനികളുടെയും നിരന്തര അഭ്യർത്ഥന കാരണം ശൈഖ് ശാഹുൽ ഹമീദ് (റ) നന്ദിപൂർവ്വം അതിനെ സ്വീകരിക്കുകയും ചെയ്തു 

ഇന്ന് നാഗൂർ ദർഗ നിലകൊള്ളുന്ന സ്ഥലങ്ങളും പരിസരങ്ങളുമെല്ലാം ശൈഖ് ശാഹുൽ ഹമീദ് (റ) വിനു അച്ചുതപ്പനായക്കൻ രാജാവ് സമ്മാനമായി സമർപ്പിച്ചതാണ് 

അല്ലാഹുവിന്റെ മഹനീയാനുഗ്രഹത്താൽ ശൈഖ് ശാഹുൽ ഹമീദ് (റ) വും സംഘവും നാഗൂർ നിവാസികളായി മാറി ശാഹുൽ ഹമീദ് (റ) വും പുത്രൻ യൂസുഫ് നാഗൂരിലെ ഇസ്ലാമിക നവോത്ഥാനത്തിനു പുത്തനുണർവ് നൽകുകയും ഇസ്ലാമിക സ്ഥാപനങ്ങളും പള്ളികളും സ്ഥാപിക്കുക വഴി അന്നു ഇസ്ലാമിക തീരത്തേക്ക് ഒഴികിയെത്തിയവർക്ക് അഭയവും ആശ്വാസവും നൽകുകയും ചെയ്തുവെന്നത് ചരിത്ര രേഖയാണ്.


അന്ത്യനിമിഷങ്ങൾ

ശൈഖവർകളുടെ പുത്രനായ സയ്യിദ് യൂസുഫ് (റ) വിനു വിവാഹാനന്തരം എട്ട് സന്താനങ്ങൾ ജനിച്ചിരുന്നു അന്നത്തെ പ്രസിദ്ധ വ്യാപാരിയായിരുന്ന ഖാജാ മഖ്ദൂമിന്റെ പ്രിയ പുത്രി സയ്യിദത്ത് സുൽത്താന (റ) ആയിരുന്നു അദ്ദേഹത്തിന്റെ വധു 

ഒരു ദിവസം ഇശാ നിസ്കാരശേഷം മകൻ യൂസുഫിനെ വിളിച്ച് ശൈഖ് ശാഹുൽ ഹമീദ് (റ) ഇപ്രകാരം പറഞ്ഞു: 'മോനേ, എന്റെ അന്ത്യനാളുകൾ അടുത്തുവരാറായിട്ടുണ്ട് ഇസ്ലാമിക പ്രബോധനത്തിന്റെ എല്ലാ ഉത്തരവാദിത്വങ്ങളും ഇനിമുതൽ എന്റെ പിൻഗാമികളിൽ ഞാനേൽപിക്കാൻ തീരുമാനിച്ചിരിക്കുന്നു ശേഷം പേരമക്കളായ സയ്യിദ് ബഹ്റുദ്ദീൻ (റ), സയ്യിദ് ഹമീദുൽ ആശിഖീൻ (റ), സയ്യിദ് സുൽത്താൻ ഹഖാനി (റ), സയ്യിദ് നൂറുദ്ദീൻ കാമിൽ (റ), സയ്യിദ് സുൽത്താൻ സഖീർ (റ) , സയ്യിദത്ത് ജഹ്റ (റ), സയ്യിദത്ത് ഫാത്വിമ (റ) എന്നിവർക്ക് വേണ്ട ഉപദേശം നൽകുകയും അവരെയെല്ലാം അണഞ്ഞു പിടിച്ചു ചുംബിക്കുകയും ചെയ്തു 

പിതാവിന്റെ നീണ്ട അറുപത്തെട്ട് വർഷക്കാലത്തിനു വിരാമമിടാൻ സമയമായെന്ന് സയ്യിദ് യൂസുഫ് (റ) വിനും മനസ്സിലായിരുന്നുവെന്നതിനാൽ അദ്ദേഹം ദുഃഖം താങ്ങാനാവാതെ പൊട്ടിക്കരഞ്ഞു  

എന്നാൽ അന്ത്യനാളിന്റെ രണ്ട് ദിവസം മുമ്പ് മുതൽ ഒരാളോടും ശൈഖവർകൾ സംസാരിച്ചിരുന്നില്ലെന്നാണ് ചരിത്രത്തിൽ കാണപ്പെടുന്നത് 

ഹിജ്റ 978 ജമാദുൽ ആഖിർ പത്തിനു (എ.ഡി. 1557) വെള്ളിയാഴ്ച രാവിൽ തഹജ്ജുദ് നിസ്കരിക്കുന്ന സമയം സയ്യിദ് അബ്ദുൽ ഖാദിർ ശാഹുൽ ഹമീദ് (റ) 'ലാഇലാഹ ഇല്ലല്ലാഹ് ' എന്ന തിരുവചനമുച്ചരിച്ച് ഭൗതിക ലോകത്തോട് വിടപറഞ്ഞു 

ഇസ്ലാമിക പ്രബോധനത്തിനും വ്യാപനത്തിനും ജനക്ഷേമത്തിനും ധർമ സംസ്ഥാപനത്തിനും വേണ്ടി ഓരോ നിമിഷവും വൃഥാവിലാവാതെ ചിലവഴിച്ച ശൈഖ് ശാഹുൽ ഹമീദ് (റ) വിന്റെ തിരുജീവിതം ഭാരത ചരിത്രത്തിൽ വേറിട്ട അധ്യായമാണ് 

ഹൈന്ദവരുടെ മഹാരാജാവായിരുന്ന അച്ചുതപ്പനായക്കൻ ശൈഖ് ശാഹുൽ ഹമീദ് (റ) വിനെ വിളിച്ചിരുന്ന 'നാഗൂരാണ്ടവൻ ' എന്ന സ്ഥാനനാമം ഇന്നും പരമ്പരാഗതമായി ഹൈന്ദവ വിശ്വാസികൾ വിളിച്ചു പോരുന്നു .



അലി അഷ്‌കർ : 95267 65555

No comments:

Post a Comment