Monday, 19 October 2026

‎ഇദ്ധ : കർമ്മശാസ്ത്ര പഠനം (ഹനഫി)


‎ഇദ്ധ: നിർവചനവും പ്രാധാന്യവും

`ഭാഷാപരമായ അർത്ഥം`

‎അറബി ഭാഷയിൽ എണ്ണുക, കണക്കാക്കുക എന്നൊക്കെയാണ് ഇദ്ദത്ത് എന്ന പദത്തിന്റെ അടിസ്ഥാന അർത്ഥം. ഒരു നിശ്ചിത എണ്ണം ഹൈളുകളോ മാസങ്ങളോ കണക്കാക്കി പൂർത്തിയാക്കേണ്ട കാലയളവായതിനാലാണ് ഈ പേരുവന്നത്.

`കർമ്മശാസ്ത്ര നിർവചനം`

‎ഇസ്‌ലാമിക ശരീഅത്തിന്റെ ഭാഷയിൽ വിവാഹബന്ധം വേർപിരിയുകയോ ഭർത്താവ് മരണപ്പെടുകയോ ചെയ്തശേഷം ഒരു സ്ത്രീ നിർബന്ധമായും കാത്തിരിക്കേണ്ട നിശ്ചിത കാലയളവിനാണ് ഇദ്ദത്ത് എന്നു പറയുന്നത്.

‎ഈ കാലയളവ് വിവാഹബന്ധത്തിന്റെ ശേഷിക്കുന്ന ചില പ്രത്യാഘാതങ്ങൾ അവസാനിക്കുന്നതിനും ഗർഭസ്ഥിതിയുമായി ബന്ധപ്പെട്ട സംശയങ്ങൾ ഒഴിവാക്കുന്നതിനും സഹായിക്കുന്നു.

‎‎പ്രമുഖ ഹനഫി പണ്ഡിതനായ അല്ലാമാ കസാനി (റ) ഇദ്ദത്തിനെ നിർവചിക്കുന്നത് ഇപ്രകാരമാണ്:

‎فَالْعِدَّةُ فِي عُرْفِ الشَّرْعِ اسْمٌ لِانْقِضَاءِ ضَرْبٍ مِمَّا بَقِيَ مِنْ آثَارِ النِّكَاحِ

വിവാഹബന്ധത്തിന്റെ ശേഷിക്കുന്ന പ്രത്യാഘാതങ്ങളിൽ ഒരു നിശ്ചിത കാലയളവ് അവസാനിക്കുന്നതിനാണ് ശരീഅത്തിന്റെ ഭാഷയിൽ ഇദ്ദത്ത് എന്നു പറയുന്നത്.


ഇദ്ദയുടെ യുക്തിയും പ്രാധാന്യവും‎

‎വിവാഹം ഇസ്‌ലാമിൽ പവിത്രവും മഹത്തായതുമായ ഒരു ബന്ധമാണ്. ഈ ബന്ധത്തിലൂടെ ഭാര്യയും ഭർത്താവും പരസ്പരം സ്നേഹിക്കുകയും ജീവിതത്തിലെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും പങ്കുചേരുകയും ചെയ്യുന്നു. ഇരുവരും പരസ്പരം സമാധാനത്തിന്റെയും ആശ്വാസത്തിന്റെയും തണലായി മാറുന്നു.

‎അത്തരമൊരു ബന്ധം വിവാഹമോചനത്തിലൂടെ അവസാനിക്കുമ്പോഴോ ഭർത്താവ് മരണപ്പെടുമ്പോഴോ സ്ത്രീക്ക് ദുഃഖവും മാനസിക പ്രയാസങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഈ സാഹചര്യത്തിൽ സ്ത്രീയുടെ അവസ്ഥ പരിഗണിക്കുകയും അവൾക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നതിൽ ഇദ്ദത്തിന് പ്രധാനപ്പെട്ട സ്ഥാനമുണ്ട്.

വിവാഹബന്ധത്തിന്റെ പ്രാധാന്യം പരിഗണിക്കുക

‎വിവാഹബന്ധം അവസാനിക്കുന്നതോടെ അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരുനിമിഷംകൊണ്ട് ഇല്ലാതാകുന്നില്ല. പ്രത്യേകിച്ച് ഭർത്താവിന്റെ മരണശേഷം ഭാര്യക്ക് ദുഃഖം പ്രകടിപ്പിക്കാനും ആ ബന്ധത്തിന്റെ പ്രാധാന്യം പരിഗണിക്കാനും ഇസ്‌ലാം ഒരു നിശ്ചിത കാലയളവ് നിശ്ചയിച്ചിട്ടുണ്ട്.

‎ഭർത്താവ് മരണപ്പെട്ട സ്ത്രീ പാലിക്കേണ്ട ഇദ്ദത്ത്, ആ ബന്ധത്തോടുള്ള ആദരവും ദുഃഖവും പ്രകടിപ്പിക്കുന്നതിനുള്ള മതപരമായ ഒരു ക്രമീകരണം കൂടിയാണ്.‎

സ്ത്രീയുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കുക

‎വിവാഹമോചനത്തിനുശേഷം സ്ത്രീയെ അവഗണിക്കുകയോ അവളുടെ താമസത്തിനും ചെലവുകൾക്കുമുള്ള ഉത്തരവാദിത്വങ്ങളിൽനിന്ന് ഭർത്താവ് ഒഴിഞ്ഞുമാറുകയോ ചെയ്യാനുള്ള സാഹചര്യം ഉണ്ടായേക്കാം.

‎ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഇസ്‌ലാം വ്യക്തമായ നിയമങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഇദ്ദത്ത് കാലയളവിൽ സ്ത്രീയുടെ താമസം, ചെലവുകൾ തുടങ്ങിയ കാര്യങ്ങളിൽ ശരീഅത്ത് നിർദേശിച്ചിട്ടുള്ള ഉത്തരവാദിത്വങ്ങൾ പാലിക്കപ്പെടണം.

‎എന്നാൽ എല്ലാ സാഹചര്യങ്ങളിലും സാമ്പത്തിക ബാധ്യതകൾ ഒരുപോലെയല്ല. വിവാഹമോചനത്തിന്റെ സ്വഭാവം, ഇദ്ദത്തിന്റെ സാഹചര്യം തുടങ്ങിയവ അനുസരിച്ച് വിധികളിൽ വ്യത്യാസമുണ്ടാകും.

ദാമ്പത്യബന്ധം പുനഃസ്ഥാപിക്കാനുള്ള അവസരം

‎ചിലപ്പോൾ ദേഷ്യത്തിലോ എടുത്തുചാട്ടത്തിലോ ഒരാൾ വിവാഹമോചനം നടത്തിയേക്കാം. പിന്നീട് അതിൽ ഖേദം തോന്നുകയും ഭാര്യയുമായി വീണ്ടും ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്തേക്കാം.

‎ഇത്തരമൊരു സാഹചര്യത്തിൽ, ഇദ്ദത്ത് ചില വിവാഹമോചനങ്ങളിൽ ദാമ്പത്യബന്ധം പുനഃസ്ഥാപിക്കാനുള്ള അവസരം നൽകുന്നു.

‎ഒന്നാമത്തെയോ രണ്ടാമത്തെയോ റജ്ഈ ത്വലാഖ് ആണെങ്കിൽ ഇദ്ദയുടെ കാലയളവിനുള്ളിൽ പുതിയ വിവാഹം കൂടാതെ തന്നെ ശരീഅത്ത് നിർദേശിച്ച രീതിയിൽ ഭർത്താവിന് തിരിച്ചെടുക്കാൻ സാധിക്കും.

‎ബാഇൻ ത്വലാഖിന്റെ കാര്യത്തിൽ തിരിച്ചുചേരുന്നതിന് പുതിയ വിവാഹവും മഹ്റും ആവശ്യമായിവരും. അതിനും മറ്റ് ശരീഅത്ത് നിബന്ധനകൾ ബാധകമാണ്.

‎ഇങ്ങനെ, വിവാഹബന്ധം അവസാനിച്ചശേഷം ആലോചിക്കാനും തീരുമാനങ്ങൾ പുനഃപരിശോധിക്കാനും ചില സാഹചര്യങ്ങളിൽ ബന്ധം പുനഃസ്ഥാപിക്കാനും ഇദ്ദത്ത് അവസരം നൽകുന്നു.

വംശപരമ്പരയുടെ വ്യക്തത ഉറപ്പാക്കുക

‎ഇദ്ദത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന് വംശപരമ്പരയുടെ വ്യക്തത സംരക്ഷിക്കുകയാണ്.

‎വിവാഹബന്ധം അവസാനിച്ച ഉടനെ സ്ത്രീ മറ്റൊരു വിവാഹത്തിലേക്ക് കടന്നാൽ മുൻവിവാഹത്തിൽനിന്നുള്ള ഗർഭധാരണവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

‎ഇദ്ദത്ത് നിശ്ചയിക്കുന്നതിലൂടെ ഗർഭസ്ഥിതിയുമായി ബന്ധപ്പെട്ട സംശയങ്ങൾ ഒഴിവാക്കാനും കുട്ടിയുടെ വംശപരമ്പര വ്യക്തമായി നിലനിർത്താനും സാധിക്കുന്നു.

‎കുടുംബബന്ധങ്ങളുടെയും അവകാശങ്ങളുടെയും സംരക്ഷണത്തിൽ വംശപരമ്പരയ്ക്ക് വലിയ പ്രാധാന്യമുള്ളതിനാൽ ഇസ്‌ലാം ഈ വിഷയത്തിൽ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്.


ഇദ്ദയുടെ കാര്യത്തിൽ ഇസ്‌ലാമിന്റെ മിതത്വം

‎ഇസ്‌ലാം വരുന്നതിനുമുമ്പ് ചില സമൂഹങ്ങളിൽ ഭർത്താവ് മരണപ്പെട്ട സ്ത്രീകളോട് ക്രൂരവും അന്യായവുമായ രീതികൾ നിലനിന്നിരുന്നു. ഭർത്താവിന്റെ മരണശേഷം സ്ത്രീകളെ ദീർഘകാലം ഇരുണ്ടതും ഇടുങ്ങിയതുമായ മുറികളിൽ അടച്ചിടുകയും അവരുടെ ശുചിത്വം, ആരോഗ്യം, സാമൂഹികജീവിതം തുടങ്ങിയവയ്ക്ക് വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

‎വിധവകളെ നിർഭാഗ്യത്തിന്റെ അടയാളമായി കാണുകയും അവരുടെ ജീവിതത്തിലെ പല സന്തോഷങ്ങളും നിഷേധിക്കുകയും ചെയ്തിരുന്ന സാഹചര്യങ്ങളും ഉണ്ടായിരുന്നു.

‎അതുപോലെ, സതി പോലുള്ള ആചാരങ്ങളിൽ ഭർത്താവിന്റെ മരണശേഷം ഭാര്യയും ചിതയിൽ ജീവനൊടുക്കേണ്ടിവന്നിരുന്നു. ഇത്തരം ആചാരങ്ങൾ സ്ത്രീകളുടെ ജീവനും അവകാശങ്ങൾക്കും വലിയ ഭീഷണിയായിരുന്നു.

‎ഈ സാഹചര്യങ്ങളിൽനിന്ന് വ്യത്യസ്തമായി, ഇസ്‌ലാം ഇദ്ദത്തിന് വ്യക്തമായ കാലപരിധിയും നിയമങ്ങളും നിശ്ചയിച്ചു. സ്ത്രീകളെ അനാവശ്യമായി പീഡിപ്പിക്കുന്നതോ അവരുടെ ജീവിതം ദുരിതപൂർണമാക്കുന്നതോ ഇദ്ദത്തിന്റെ ലക്ഷ്യമല്ല.

‎മറിച്ച്, വിവാഹബന്ധത്തിന്റെ പ്രാധാന്യം പരിഗണിക്കുക, ഗർഭസ്ഥിതിയുമായി ബന്ധപ്പെട്ട സംശയങ്ങൾ ഒഴിവാക്കുക, ആവശ്യമായ സാഹചര്യങ്ങളിൽ സ്ത്രീയുടെ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇദ്ദത്തിന്റെ നിയമങ്ങളിൽ കാണാൻ കഴിയുന്നത്.

‎ഇദ്ദത്ത് കാലയളവിൽ സ്ത്രീ പാലിക്കേണ്ട നിയന്ത്രണങ്ങൾ സാഹചര്യത്തിനനുസരിച്ച് വ്യത്യാസപ്പെടും. വിവാഹമോചനത്തെ തുടർന്നുള്ള ഇദ്ദത്തിനും ഭർത്താവിന്റെ മരണത്തെ തുടർന്നുള്ള ഇദ്ദത്തിനും ഒരേ നിയമങ്ങളല്ല ബാധകമാകുന്നത്.

‎അതിനാൽ ഇദ്ദത്തിനെ സ്ത്രീകളെ ബുദ്ധിമുട്ടിക്കുന്ന ഒരു ആചാരമായി മാത്രം കാണുന്നത് ശരിയല്ല. അതിന്റെ നിയമങ്ങളും ലക്ഷ്യങ്ങളും ശരിയായി മനസ്സിലാക്കുകയാണ് വേണ്ടത്.


ഇദ്ധ: ഖുർആനിലും ഹദീസിലും

വിവാഹബന്ധം അവസാനിച്ചശേഷം സ്ത്രീ ഒരു നിശ്ചിത കാലയളവ് കാത്തിരിക്കേണ്ടതിന് ശരീഅത്ത് നിർദേശിച്ചിട്ടുണ്ട്. ഈ കാലയളവിനാണ് ഇദ്ദത്ത് (العدة) എന്നു പറയുന്നത്. ഭർത്താവ് മരണപ്പെട്ടതിനെത്തുടർന്ന് ആചരിക്കുന്ന ഇദ്ദത്തിനെ ഇദ്ദത്തുൽ വഫാത്ത് (عدة الوفاة) എന്നും വിവാഹബന്ധം വേർപിരിയുന്നതിനെത്തുടർന്ന് ആചരിക്കുന്ന ഇദ്ദത്തിനെ ഇദ്ദത്തുത്ത്വലാഖ് (عدة الطلاق) എന്നും പറയുന്നു.

ഇദ്ദത്ത് നിർബന്ധമാണെന്നതിന് ഖുർആനിലും ഹദീസുകളിലും വ്യക്തമായ തെളിവുകളുണ്ട്.

1. ഇദ്ദത്ത് നിർബന്ധമാണെന്നതിന് വിശുദ്ധ ഖുർആനിലുള്ള തെളിവുകൾ

വിവാഹമോചിതയായ സ്ത്രീയുടെ ഇദ്ദത്ത്

വിവാഹമോചിതയായ സ്ത്രീയുടെ ഇദ്ദത്തിനെക്കുറിച്ച് അല്ലാഹു പറയുന്നു:

وَالْمُطَلَّقَاتُ يَتَرَبَّصْنَ بِأَنْفُسِهِنَّ ثَلَاثَةَ قُرُوءٍ

വിവാഹമോചിതരായ സ്ത്രീകൾ മൂന്ന് ഖുർഅ് കഴിയുന്നതുവരെ കാത്തിരിക്കേണ്ടതാണ്.(സൂറത്തുൽ ബഖറ: 228)

ഈ വചനത്തിൽ വിവാഹമോചിതയായ സ്ത്രീ ഇദ്ദത്ത് ആചരിക്കണമെന്ന് അല്ലാഹു കൽപ്പിക്കുന്നു. ഹനഫീ മദ്ഹബ് അനുസരിച്ച്, ആർത്തവമുണ്ടാകുന്ന വിവാഹമോചിതയായ സ്ത്രീയുടെ ഇദ്ദത്ത് മൂന്ന് പൂർണ ആർത്തവകാലങ്ങളാണ്.

ഭർത്താവ് മരണപ്പെട്ട സ്ത്രീയുടെ ഇദ്ദത്ത്

ഭർത്താവ് മരണപ്പെട്ട സ്ത്രീയുടെ ഇദ്ദത്തിനെക്കുറിച്ച് അല്ലാഹു പറയുന്നു:

وَالَّذِينَ يُتَوَفَّوْنَ مِنْكُمْ وَيَذَرُونَ أَزْوَاجًا يَتَرَبَّصْنَ بِأَنْفُسِهِنَّ أَرْبَعَةَ أَشْهُرٍ وَعَشْرًا

നിങ്ങളിൽനിന്ന് മരണപ്പെടുകയും ഭാര്യമാരെ വിട്ടുപോകുകയും ചെയ്യുന്നവരുടെ ഭാര്യമാർ നാല് മാസവും പത്ത് ദിവസവും കാത്തിരിക്കേണ്ടതാണ്.(സൂറത്തുൽ ബഖറ: 234)

ഈ വചനത്തിൽ ഭർത്താവ് മരണപ്പെട്ട സ്ത്രീയുടെ ഇദ്ദത്ത് നാല് മാസവും പത്ത് ദിവസവുമാണെന്ന് വ്യക്തമാക്കുന്നു. എന്നാൽ ഗർഭിണിയായ സ്ത്രീയുടെ ഇദ്ദത്ത് സംബന്ധിച്ച വിധി മറ്റൊരു ഖുർആൻ വചനത്തിൽ വിശദീകരിക്കുന്നുണ്ട്.

ആർത്തവമില്ലാത്ത സ്ത്രീയുടെയും ഗർഭിണിയുടെയും ഇദ്ദത്ത്

അല്ലാഹു പറയുന്നു:

وَاللَّائِي يَئِسْنَ مِنَ الْمَحِيضِ مِنْ نِسَائِكُمْ إِنِ ارْتَبْتُمْ فَعِدَّتُهُنَّ ثَلَاثَةُ أَشْهُرٍ وَاللَّائِي لَمْ يَحِضْنَ وَأُولَاتُ الْأَحْمَالِ أَجَلُهُنَّ أَنْ يَضَعْنَ حَمْلَهُنَّ وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مِنْ أَمْرِهِ يُسْرًا

നിങ്ങളുടെ സ്ത്രീകളിൽ ആർത്തവം നിലച്ചുപോയവരുടെ ഇദ്ദത്തിന്റെ കാര്യത്തിൽ നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ അവരുടെ ഇദ്ദത്ത് മൂന്ന് മാസമാണ്. ആർത്തവം ഉണ്ടായിട്ടില്ലാത്തവരുടെയും ഇദ്ദത്ത് അതുതന്നെയാണ്. ഗർഭിണികളായ സ്ത്രീകളുടെ കാലാവധി അവർ തങ്ങളുടെ ഗർഭം പ്രസവിക്കുന്നതുവരെയാണ്. അല്ലാഹുവിനെ സൂക്ഷിക്കുന്നവർക്ക് അല്ലാഹു അവരുടെ കാര്യങ്ങളിൽ എളുപ്പമുണ്ടാക്കിക്കൊടുക്കും.(സൂറത്തുത്ത്വലാഖ്: 4)

ഈ വചനത്തിൽ ആർത്തവം നിലച്ച സ്ത്രീകളുടെയും ആർത്തവം ആരംഭിച്ചിട്ടില്ലാത്ത സ്ത്രീകളുടെയും ഇദ്ദത്ത് മൂന്ന് മാസമാണെന്ന് വ്യക്തമാക്കുന്നു.

അതേസമയം, ഗർഭിണിയായ സ്ത്രീയുടെ ഇദ്ദത്ത് പ്രസവിക്കുന്നതോടെയാണ് അവസാനിക്കുന്നത്. ഇത് വിവാഹമോചനത്തെത്തുടർന്നുള്ള ഇദ്ദത്തായാലും ഭർത്താവിന്റെ മരണത്തെത്തുടർന്നുള്ള ഇദ്ദത്തായാലും ഒരുപോലെയാണ്.

അതിനാൽ ഇദ്ദത്തിന്റെ കാലയളവ് സ്ത്രീയുടെ അവസ്ഥയ്ക്കും വിവാഹബന്ധം അവസാനിച്ചതിന്റെ കാരണത്തിനും അനുസരിച്ച് വ്യത്യാസപ്പെടുന്നു.


ഇദ്ദത്ത് നിർബന്ധമാണെന്നതിന് ഹദീസിലുള്ള തെളിവുകൾ

ഇദ്ദത്തിനെക്കുറിച്ച് തിരുനബി ﷺ വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട രണ്ട് ഹദീസുകൾ താഴെ കൊടുക്കുന്നു.

ഭർത്താവ് മരണപ്പെട്ട സ്ത്രീയുടെ ഇദ്ദത്ത്

ഉമ്മു അതിയ്യാ رضي الله عنها യിൽനിന്ന് നിവേദനം:

عَنْ أُمِّ عَطِيَّةَ أَنَّ رَسُولَ اللَّهِ ﷺ قَالَ: لَا تُحِدُّ امْرَأَةٌ عَلَى مَيِّتٍ فَوْقَ ثَلَاثٍ إِلَّا عَلَى زَوْجٍ أَرْبَعَةَ أَشْهُرٍ وَعَشْرًا

അല്ലാഹുവിന്റെ ദൂതൻ ﷺ പറഞ്ഞു: “ഒരു സ്ത്രീ ഭർത്താവിനല്ലാത്ത മറ്റൊരു മരണപ്പെട്ട വ്യക്തിക്കുവേണ്ടി മൂന്ന് ദിവസത്തിലധികം ദുഃഖാചരണം നടത്തരുത്. എന്നാൽ ഭർത്താവിന്റെ കാര്യത്തിൽ നാല് മാസവും പത്ത് ദിവസവും ദുഃഖാചരണം നടത്തണം.”(സ്വഹീഹുൽ ബുഖാരി, സ്വഹീഹു മുസ്‌ലിം)

ഈ ഹദീസ് ഭർത്താവ് മരണപ്പെട്ട സ്ത്രീ നാല് മാസവും പത്ത് ദിവസവും ദുഃഖാചരണം നടത്തേണ്ടതിന്റെ തെളിവാണ്. ഭർത്താവിന്റെ മരണത്തെത്തുടർന്നുള്ള ഇദ്ദത്തിൽ ദുഃഖാചരണവുമായി ബന്ധപ്പെട്ട പ്രത്യേക നിയമങ്ങളും പാലിക്കേണ്ടതുണ്ട്.

വിവാഹമോചിതയായ സ്ത്രീ ഇദ്ദത്ത് ആചരിക്കേണ്ടതിന്റെ തെളിവ്

ഫാത്വിമ ബിൻത് ഖൈസ് (റ) യെക്കുറിച്ച് നിവേദനം ചെയ്യപ്പെട്ട ഹദീസിൽ ഇപ്രകാരം വന്നിരിക്കുന്നു:

أَنَّ رَسُولَ اللَّهِ ﷺ قَالَ لِفَاطِمَةَ بِنْتِ قَيْسٍ: اعْتَدِّي فِي بَيْتِ ابْنِ أُمِّ مَكْتُومٍ

അല്ലാഹുവിന്റെ ദൂതൻ ﷺ ഫാത്വിമ ബിൻത് ഖൈസ് رضي الله عنها യോട് പറഞ്ഞു: “നീ ഇബ്‌നു ഉമ്മി മക്തൂമിന്റെ വീട്ടിൽ ഇദ്ദത്ത് ആചരിക്കുക.”(സ്വഹീഹു മുസ്‌ലിം)

ഈ ഹദീസ് വിവാഹബന്ധം വേർപിരിഞ്ഞ സ്ത്രീ ഇദ്ദത്ത് ആചരിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്നു.


ഇദ്ദത്തിന്റെ വിധികളും കാരണങ്ങളും

ഇദ്ദത്ത് നിർബന്ധമാകുന്ന സാഹചര്യങ്ങൾ

വിവാഹബന്ധം വേർപെടുകയോ ഭർത്താവ് മരണപ്പെടുകയോ ചെയ്താൽ ചില സാഹചര്യങ്ങളിൽ സ്ത്രീക്ക് ഇദ്ദ നിർബന്ധമാകും. ഇദ്ദ നിർബന്ധമാകുന്നതിന്റെ പ്രധാന കാരണങ്ങൾ മൂന്നാണ്:

  1. 1. വിവാഹമോചനം (طلاق)
  2. ഭർത്താവിന്റെ മരണം (وفاة)
  3. സംശയത്തിന്റെ അടിസ്ഥാനത്തിലുള്ള ലൈംഗികബന്ധം (وطء بشبهة)

ഇദ്ദത്ത് നിർബന്ധമാകുന്ന സമയം, അതിന്റെ ദൈർഘ്യം, പാലിക്കേണ്ട വിധികൾ എന്നിവ ഓരോ സാഹചര്യത്തിന്റെയും പ്രത്യേകതകൾക്കനുസരിച്ച് വ്യത്യാസപ്പെടും.(ബഹിഷ്തി സേവർ, 2/284; ബദാഇഉസ്സനാഇഅ്, 3/301–303)

ഒന്ന് : വിവാഹമോചനം

ഭർത്താവ് ഭാര്യയെ വിവാഹമോചനം ചെയ്യുമ്പോൾ, ദാമ്പത്യബന്ധം ഉണ്ടായിട്ടുണ്ടോ, ശരിയായ വിവാഹമാണോ, ഇരുവരും തനിച്ചായിരുന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് ഇദ്ദത്ത് നിർബന്ധമാകുമോ എന്ന് തീരുമാനിക്കുന്നത്.

`ലൈംഗികബന്ധത്തിന് ശേഷം വിവാഹമോചനം`

ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടശേഷം ഭർത്താവ് അവളെ വിവാഹമോചനം ചെയ്താൽ അവൾക്ക് ഇദ്ദത്ത് നിർബന്ധമാണ്. വിവാഹം സാധുവായിരുന്നാലും അസാധുവായിരുന്നാലും ഈ സാഹചര്യത്തിൽ ഇദ്ദത്ത് നിർബന്ധമാകും.

ഉദാ: സാക്ഷികളില്ലാതെ നടന്ന വിവാഹം, വിവാഹനിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ നടന്ന വിവാഹം തുടങ്ങിയവയിൽ ലൈംഗികബന്ധം ഉണ്ടായിട്ടുണ്ടെങ്കിൽ വേർപിരിയലിനുശേഷം ഇദ്ദത്ത് നിർബന്ധമാകും.

എന്നാൽ വിവാഹം അസാധുവായിരുന്ന സാഹചര്യത്തിൽ പാലിക്കേണ്ട ഇദ്ദത്തിന്റെ ദൈർഘ്യം സാധാരണ വിവാഹമോചനത്തിന്റെ ഇദ്ദത്തിൽനിന്ന് വ്യത്യസ്തമായിരിക്കും.(ബഹിഷ്തി സേവർ, 2/285–286; അദ്ദുറുൽ മുഖ്താർ, 3/501)

`ലൈംഗികബന്ധമില്ലാതെ തനിച്ചാകൽ (خلوت صحيحة)`

ഭർത്താവും ഭാര്യയും ലൈംഗികബന്ധത്തിൽ ഏർപ്പെടാതെ, അതിന് തടസ്സങ്ങളില്ലാത്തവിധം സ്വകാര്യമായി ഒരുമിച്ചിരുന്നശേഷം വിവാഹമോചനം സംഭവിച്ചാൽ, വിവാഹം സാധുവായിരുന്നുവെങ്കിൽ സ്ത്രീക്ക് ഇദ്ദത്ത് നിർബന്ധമാകും.

എന്നാൽ വിവാഹം അസാധുവായിരുന്നുവെങ്കിൽ ഇത്തരം സ്വകാര്യമായ ഒരുമിച്ചിരിക്കൽ മാത്രം ഇദ്ദത്ത് നിർബന്ധമാകാൻ മതിയാകില്ല. ലൈംഗികബന്ധം നടന്നിട്ടുണ്ടെങ്കിൽ മാത്രമാണ് ഈ സാഹചര്യത്തിൽ ഇദ്ദത്ത് നിർബന്ധമാകുന്നത്.(ബഹിഷ്തി സേവർ, 2/285; ബദാഇഉസ്സനാഇഅ്, 3/303)

`സ്വകാര്യമായി ഒരുമിച്ചിരിക്കുന്നതിനുമുമ്പ് വിവാഹമോചനം`

വിവാഹശേഷം ഭർത്താവും ഭാര്യയും ലൈംഗികബന്ധത്തിൽ ഏർപ്പെടുകയോ ഇദ്ദത്ത് നിർബന്ധമാക്കുന്ന വിധത്തിൽ സ്വകാര്യമായി ഒരുമിച്ചിരിക്കുകയോ ചെയ്യുന്നതിനുമുമ്പ് വിവാഹമോചനം സംഭവിച്ചാൽ സ്ത്രീക്ക് ഇദ്ദത്ത് നിർബന്ധമില്ല.

ഇത് സാധുവായ വിവാഹത്തിനും അസാധുവായ വിവാഹത്തിനും ബാധകമാണ്.(ബഹിഷ്തി സേവർ, 2/285)

ശ്രദ്ധിക്കുക: ഖുൽഅ് (خلع), നികാഹ് റദ്ദാക്കൽ (فسخ النكاح) തുടങ്ങിയ സാഹചര്യങ്ങളിലും ഇദ്ദത്തിന്റെ വിധി നിർണയിക്കുമ്പോൾ വിവാഹത്തിന്റെ സ്വഭാവവും ദാമ്പത്യബന്ധം ഉണ്ടായിട്ടുണ്ടോ എന്നതും പരിഗണിക്കണം. എല്ലാ സാഹചര്യങ്ങളിലും ഇവയുടെ വിധി വിവാഹമോചനത്തിന് തുല്യമാണെന്ന് പൊതുവായി പറയാനാവില്ല.

`വിവാഹം അസാധുവായിരുന്ന സാഹചര്യത്തിലെ ഇദ്ദത്ത്`

വിവാഹം അസാധുവായിരുന്നെങ്കിലും ലൈംഗികബന്ധം നടന്നിട്ടുണ്ടെങ്കിൽ വേർപിരിയലിനുശേഷം സ്ത്രീക്ക് ഇദ്ദത്ത് നിർബന്ധമാകും.

എന്നാൽ ലൈംഗികബന്ധം നടന്നിട്ടില്ലെങ്കിൽ, ഇരുവരും സ്വകാര്യമായി ഒരുമിച്ചിരുന്നിട്ടുണ്ടെങ്കിലും ഇദ്ദത്ത് നിർബന്ധമാകില്ല.

ഇത്തരം സാഹചര്യങ്ങളിൽ ഇദ്ദത്തിന്റെ ദൈർഘ്യം ആർത്തവമുള്ളവൾ, ആർത്തവം നിലച്ചവൾ, ഗർഭിണി എന്നീ വിഭാഗങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടും.(ബഹിഷ്തി സേവർ, 2/285–286; അദ്ദുറുൽ മുഖ്താർ, 3/501)

`ഭർത്താവോ ഭാര്യയോ ഇസ്‌ലാം ഉപേക്ഷിക്കുന്ന സാഹചര്യം`

ഭർത്താവ് ഇസ്‌ലാം ഉപേക്ഷിക്കുകയോ ഭാര്യ ഇസ്‌ലാം ഉപേക്ഷിക്കുകയോ ചെയ്താൽ വിവാഹബന്ധത്തിന്റെ നിലനിൽപ്പിനെയും വേർപിരിയലിനെയും സംബന്ധിച്ച് പ്രത്യേക ഫിഖ്ഹ് വിധികളുണ്ട്. ഇദ്ദത്തിന്റെ കാര്യത്തിലും സാഹചര്യമനുസരിച്ച് വിധി വ്യത്യാസപ്പെടാം.

ഹനഫീ മദ്ഹബിലെ ചില ഗ്രന്ഥങ്ങളിൽ, ഭർത്താവോ ഭാര്യയോ മുർത്തദ്ധ് ആയാലും ഇദ്ദത്ത് നിർബന്ധമാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആർത്തവമുള്ളവൾക്ക് ആർത്തവം മുഖേനയും, ആർത്തവമില്ലാത്തവൾക്ക് മാസങ്ങൾ മുഖേനയും, ഗർഭിണിക്ക് പ്രസവം മുഖേനയുമാണ് ഇദ്ദത്തിന്റെ ദൈർഘ്യം കണക്കാക്കുന്നത്.(ഫതാവാ ഹഖ്ഖാനിയ്യ, 4/547; റദ്ദുൽ മുഹ്താർ, 3/501)

രണ്ട് : ഭർത്താവിന്റെ മരണം

ഭർത്താവ് മരണപ്പെട്ടാൽ ഭാര്യക്ക് ഇദ്ദത്ത് നിർബന്ധമാകും. എന്നാൽ വിവാഹം സാധുവായിരുന്നോ, ലൈംഗികബന്ധം നടന്നിരുന്നോ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് വിധി നിർണയിക്കുന്നത്.

`ലൈംഗികബന്ധത്തിന് ശേഷം ഭർത്താവ് മരിക്കൽ`

ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടശേഷം ഭർത്താവ് മരണപ്പെട്ടാൽ സ്ത്രീക്ക് ഇദ്ദത്ത് നിർബന്ധമാണ്. വിവാഹം സാധുവായിരുന്നാലും അസാധുവായിരുന്നാലും ഈ സാഹചര്യത്തിൽ ഇദ്ദത്ത് നിർബന്ധമാകും.

എന്നാൽ വിവാഹം അസാധുവായിരുന്നുവെങ്കിൽ അവൾക്ക് സാധാരണ മരണാനന്തര ഇദ്ദത്തായ നാലു മാസവും പത്തു ദിവസവും ബാധകമാകില്ല. പകരം, വിവാഹബന്ധത്തിലെ അസാധുതയും ലൈംഗികബന്ധവും പരിഗണിച്ച് വേർപിരിയലിന്റെ ഇദ്ദത്ത് പാലിക്കേണ്ടിവരും.

ആർത്തവമുള്ളവൾക്ക് മൂന്ന് പൂർണ ആർത്തവചക്രങ്ങളും, ആർത്തവമില്ലാത്തവൾക്ക് മൂന്ന് മാസങ്ങളും, ഗർഭിണിക്ക് പ്രസവം വരെയുമാണ് ഈ സാഹചര്യത്തിൽ ഇദ്ദത്തിന്റെ ദൈർഘ്യം.(ബഹിഷ്തി സേവർ, 2/286; അദ്ദുറുൽ മുഖ്താർ, 3/501)

`ലൈംഗികബന്ധമില്ലാതെ സ്വകാര്യമായി ഒരുമിച്ചശേഷം ഭർത്താവ് മരിക്കൽ`

വിവാഹം സാധുവായിരുന്നുവെങ്കിൽ, ലൈംഗികബന്ധം നടന്നിട്ടില്ലെങ്കിലും ഇരുവരും ശരിയായ രീതിയിൽ സ്വകാര്യമായി ഒരുമിച്ചശേഷം ഭർത്താവ് മരിച്ചാൽ ഭാര്യക്ക് മരണാനന്തര ഇദ്ദത്ത് നിർബന്ധമാണ്.

ഈ സാഹചര്യത്തിൽ ഇദ്ദത്തിന്റെ ദൈർഘ്യം നാലു മാസവും പത്തു ദിവസവുമാണ്. എന്നാൽ സ്ത്രീ ഗർഭിണിയാണെങ്കിൽ പ്രസവം വരെയാണ് ഇദ്ദത്ത്.(ബഹിഷ്തി സേവർ, 2/286)

`സ്വകാര്യമായി ഒരുമിക്കുന്നതിനുമുമ്പ് ഭർത്താവ് മരിക്കൽ`

വിവാഹം സാധുവായിരുന്നുവെങ്കിൽ, ഭർത്താവും ഭാര്യയും ലൈംഗികബന്ധത്തിൽ ഏർപ്പെടുകയോ സ്വകാര്യമായി ഒരുമിക്കുകയോ ചെയ്യുന്നതിനുമുമ്പ് ഭർത്താവ് മരണപ്പെട്ടാലും ഭാര്യക്ക് ഇദ്ദത്ത് നിർബന്ധമാണ്.

ഇവിടെയും സാധാരണയായി നാലു മാസവും പത്തു ദിവസവുമാണ് ഇദ്ദത്തിന്റെ ദൈർഘ്യം. ഗർഭിണിയാണെങ്കിൽ പ്രസവം വരെയാണ് ഇദ്ദത്ത്.

എന്നാൽ വിവാഹം അസാധുവായിരുന്നുവെങ്കിൽ ലൈംഗികബന്ധം നടന്നിട്ടില്ലാത്ത സാഹചര്യത്തിൽ മരണാനന്തര ഇദ്ദത്ത് നിർബന്ധമാകില്ല.(ബഹിഷ്തി സേവർ, 2/286; ബദാഇഉസ്സനാഇഅ്, 3/303)

`പ്രായപൂർത്തിയാകാത്ത ദമ്പതികളുടെ സാഹചര്യം`

ഭർത്താവോ ഭാര്യയോ പ്രായപൂർത്തിയാകാത്തവരാണെന്ന കാരണത്താൽ മാത്രം മരണാനന്തര ഇദ്ദത്ത് ഒഴിവാകില്ല. സാധുവായ വിവാഹബന്ധം നിലനിന്നിരിക്കെ ഭർത്താവ് മരിച്ചാൽ ഭാര്യക്ക് ഇദ്ദത്ത് നിർബന്ധമാണ്.(ബഹിഷ്തി സേവർ, 2/286)

`ഭർത്താവിന്റെ മരണാനന്തര ഇദ്ദത്തിനിടെ സ്ത്രീ ഇസ്‌ലാം സ്വീകരിക്കൽ`

മരണാനന്തര ഇദ്ദത്ത് പാലിച്ചുകൊണ്ടിരിക്കുന്ന ഒരു അമുസ്‌ലിം സ്ത്രീ ഇസ്‌ലാം സ്വീകരിച്ചാൽ, അവളുടെ സാഹചര്യവും ഇദ്ദത്ത് ആരംഭിച്ച സമയവും ഇതിനകം കഴിഞ്ഞ കാലയളവും പരിഗണിച്ചാണ് വിധി നിർണയിക്കേണ്ടത്. ശേഷിക്കുന്ന കാലയളവിൽ ഇദ്ദത്ത് തുടരേണ്ട സാഹചര്യമുണ്ടാകാം. ഇതുമായി ബന്ധപ്പെട്ട പ്രത്യേക കേസുകളിൽ വിശദമായ ഫിഖ്ഹ് പരിശോധന ആവശ്യമാണ്.

മൂന്ന് : സംശയത്തിന്റെ അടിസ്ഥാനത്തിലുള്ള ലൈംഗികബന്ധം

വിവാഹബന്ധമില്ലാത്ത ഒരു സ്ത്രീയെ സ്വന്തം ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് ഒരാൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സാഹചര്യം ഇതിനുദാഹരണമാണ്. യഥാർഥത്തിൽ വിവാഹബന്ധമില്ലെങ്കിലും സംഭവിച്ച തെറ്റിദ്ധാരണയുടെ കാരണത്താൽ ഇതിന് പ്രത്യേക ഫിഖ്ഹ് വിധികളുണ്ട്.

ഇത്തരം ലൈംഗികബന്ധത്തെ വത്അ് ബി ശുബ്ഹത്ത് (وطء بشبهة) എന്നു പറയുന്നു.

ഈ സാഹചര്യത്തിൽ സ്ത്രീക്ക് ഇദ്ദത്ത് നിർബന്ധമാകും. ഇദ്ദത്ത് പൂർത്തിയാകുന്നതിനു മുമ്പ് അവളുമായി മറ്റൊരാൾ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പാടില്ല.

ഇത്തരം ബന്ധത്തിൽ ഗർഭധാരണം സംഭവിച്ചാൽ പ്രസവം വരെയാണ് ഇദ്ദത്ത്. നിബന്ധനകൾ പാലിക്കപ്പെടുന്ന സാഹചര്യത്തിൽ, ആ കുട്ടിയുടെ വംശബന്ധം സംശയത്തിന്റെ അടിസ്ഥാനത്തിലുള്ള ബന്ധത്തിൽ ഏർപ്പെട്ട വ്യക്തിയിലേക്ക് ചേർക്കപ്പെടുന്നതുമാണ്.(ബഹിഷ്തി സേവർ, 2/286; ബദാഇഉസ്സനാഇഅ്, 3/303)


ഖൽവത് സ്വഹീഹയും ഖൽവത് ഫാസിദയും

വിവാഹശേഷം ഭാര്യാഭർത്താക്കന്മാർക്ക് ഒരുമിച്ച് സ്വകാര്യമായി കഴിയാൻ അവസരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാനമായ ഒരു ഫിഖ്ഹ് വിഷയമാണ് ഖൽവത് സ്വഹീഹ (الخلوة الصحيحة). ഈ സ്വകാര്യതയുടെ സ്വഭാവമനുസരിച്ച് വിവാഹമോചനത്തിനു ശേഷമുള്ള ഇദ്ദത്തിന്റെ വിധിയിലും വ്യത്യാസങ്ങൾ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

ഖൽവത് സ്വഹീഹയുടെ നിർവചനം

ഭാര്യാഭർത്താക്കന്മാർക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ തടസ്സമാകുന്ന യഥാർഥമായതോ ഷറഇയ്യായോ പ്രകൃതിപരമായതോ ആയ കാരണങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിൽ അവർ സ്വകാര്യമായി ഒരുമിച്ചുകഴിയുന്നതിനാണ് ഖൽവത് സ്വഹീഹ എന്നു പറയുന്നത്.

ഇമാം കസാനി (റ) ഇതിനെ നിർവചിക്കുന്നത് ഇപ്രകാരമാണ്:

«ثُمَّ تَفْسِيرُ الْخَلْوَةِ الصَّحِيحَةِ هُوَ أَنْ لَا يَكُونَ هُنَاكَ مَانِعٌ مِنْ وَطْءٍ حَقِيقِيٌّ وَلَا شَرْعِيٌّ وَلَا طَبْعِيٌّ»

(بدائع الصنائع)

അതായത്, ലൈംഗിക ബന്ധത്തിന് യഥാർഥമായതോ ഷറഇയ്യായോ പ്രകൃതിപരമായതോ ആയ തടസ്സങ്ങളൊന്നും ഇല്ലാത്ത സ്വകാര്യസാഹചര്യമാണിത്.

ഈ നിർവചനത്തിൽ പരാമർശിച്ച മൂന്ന് തടസ്സങ്ങൾ വിശദീകരിക്കാം.

1. യഥാർഥമായ തടസ്സം (المانع الحقيقي)

ഭാര്യാഭർത്താക്കന്മാരിൽ ഒരാൾക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ശാരീരികമായി കഴിയാത്ത സാഹചര്യമാണിത്.

  • ഉദാ:ഭർത്താവിനോ ഭാര്യയ്ക്കോ ലൈംഗികബന്ധം അസാധ്യമാക്കുന്ന ഗുരുതരമായ രോഗമുണ്ടാകുക.
  • ഭർത്താവ് ലൈംഗികബന്ധത്തിന് പ്രാപ്തിയില്ലാത്തത്ര പ്രായം കുറഞ്ഞവനായിരിക്കുക.
  • ഭാര്യ അതിന് പ്രാപ്തിയില്ലാത്തത്ര പ്രായം കുറഞ്ഞവളായിരിക്കുക.
  • ഭാര്യയുടെ ജനനേന്ദ്രിയത്തിൽ ലൈംഗികബന്ധം അസാധ്യമാക്കുന്ന തരത്തിലുള്ള തടസ്സമുണ്ടാകുക.

ഇമാം കസാനി (റ) എഴുതുന്നു:

«أَمَّا الْمَانِعُ الْحَقِيقِيُّ فَهُوَ أَنْ يَكُونَ أَحَدُهُمَا مَرِيضًا مَرَضًا يَمْنَعُ الْجِمَاعَ، أَوْ صَغِيرًا لَا يُجَامِعُ مِثْلُهُ، أَوْ صَغِيرَةً لَا يُجَامِعُ مِثْلُهَا، أَوْ كَانَتِ الْمَرْأَةُ رَتْقَاءَ أَوْ قَرْنَاءَ؛ لِأَنَّ الرَّتْقَ وَالْقَرْنَ يَمْنَعَانِ مِنَ الْوَطْءِ»

(بدائع الصنائع)

2. ഷറഇയ്യായ തടസ്സം (المانع الشرعي)

ഷറഇയ്യായ തടസ്സം കാരണം ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പാടില്ലാത്ത സാഹചര്യമാണിത്.

  • ഉദാ: ഭാര്യാഭർത്താക്കന്മാരിൽ ഒരാൾ റമദാൻ മാസത്തിലെ നിർബന്ധ നോമ്പിലായിരിക്കുക.
  • ഹജ്ജിന്റെയോ ഉംറയുടെയോ ഇഹ്റാമിലായിരിക്കുക.
  • ഭാര്യ ആർത്തവകാലത്തിലോ പ്രസവാനന്തര രക്തസ്രാവത്തിന്റെ കാലത്തിലോ ആയിരിക്കുക.

ഇമാം കസാനി (റ) എഴുതുന്നു:

«وَأَمَّا الْمَانِعُ الشَّرْعِيُّ فَهُوَ أَنْ يَكُونَ أَحَدُهُمَا صَائِمًا صَوْمَ رَمَضَانَ، أَوْ مُحْرِمًا بِحَجَّةٍ فَرِيضَةٍ أَوْ نَفْلٍ أَوْ بِعُمْرَةٍ، أَوْ تَكُونَ الْمَرْأَةُ حَائِضًا أَوْ نُفَسَاءَ»

(بدائع الصنائع)

3. പ്രകൃതിപരമായ തടസ്സം (المانع الطبعي)

ഭാര്യാഭർത്താക്കന്മാരുടെ സ്വകാര്യതയിൽ മറ്റൊരാളുടെ സാന്നിധ്യമുണ്ടാകുന്നതാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

  • ഉദാ: അവരോടൊപ്പം മൂന്നാമതൊരാൾ ഉണ്ടായിരിക്കുക.
  • ആ വ്യക്തി ഉറങ്ങുകയാണെങ്കിലും ഉണർന്നിരിക്കുകയാണെങ്കിലും വിധിയിൽ വ്യത്യാസമില്ല.
  • കാഴ്ചയുള്ളവനായാലും കാഴ്ചയില്ലാത്തവനായാലും വ്യത്യാസമില്ല.
  • പ്രായപൂർത്തിയായ ആളായാലും കാര്യങ്ങൾ മനസ്സിലാക്കാൻ കഴിവുള്ള പ്രായപൂർത്തിയാകാത്ത കുട്ടിയായാലും വ്യത്യാസമില്ല.
  • ആ വ്യക്തി അന്യസ്ത്രീയോ ഭർത്താവിന്റെ മറ്റൊരു ഭാര്യയോ ആയാലും ഇതേ വിധി ബാധകമാണ്.

ഇമാം കസാനി (റ) എഴുതുന്നു:

«وَأَمَّا الْمَانِعُ الطَّبْعِيُّ فَهُوَ أَنْ يَكُونَ مَعَهُمَا ثَالِثٌ ... وَسَوَاءٌ كَانَ الثَّالِثُ بَصِيرًا أَوْ أَعْمَى، يَقْظَانَ أَوْ نَائِمًا، بَالِغًا أَوْ صَبِيًّا بَعْدَ أَنْ كَانَ عَاقِلًا، رَجُلًا أَوِ امْرَأَةً أَجْنَبِيَّةً أَوْ مَنْكُوحَتَهُ»

(بدائع الصنائع)

ചുരുക്കത്തിൽ: ലൈംഗികബന്ധത്തിന് തടസ്സമാകുന്ന മേൽപ്പറഞ്ഞ മൂന്ന് കാരണങ്ങളിൽ ഒന്നുപോലും ഇല്ലാത്ത സാഹചര്യത്തിൽ ഭാര്യാഭർത്താക്കന്മാർ സ്വകാര്യമായി ഒരുമിച്ചുകഴിയുന്നതാണ് ഖൽവത് സ്വഹീഹ.


ഖൽവത് ഫാസിദയുടെ നിർവചനം

ഭാര്യാഭർത്താക്കന്മാർ സ്വകാര്യമായി ഒരുമിച്ചുകഴിയുന്ന സാഹചര്യത്തിൽ ലൈംഗികബന്ധത്തിന് തടസ്സമാകുന്ന മേൽപ്പറഞ്ഞ കാരണങ്ങളിൽ ഏതെങ്കിലുമൊന്ന് നിലനിൽക്കുന്നുവെങ്കിൽ അതിനെ ഖൽവത് ഫാസിദ (الخلوة الفاسدة) എന്നു പറയുന്നു.

അതായത്, സ്വകാര്യമായി ഒരുമിച്ചുകഴിയുന്ന സാഹചര്യമുണ്ടെങ്കിലും ശാരീരികമോ ഷറഇയ്യായോ പ്രകൃതിപരമോ ആയ തടസ്സം നിലനിൽക്കുന്നതിനാൽ ആ സ്വകാര്യത ഖൽവത് സ്വഹീഹയുടെ നിർവചനത്തിൽ ഉൾപ്പെടുന്നില്ല.


`ഖൽവത് ഫാസിദയ്ക്കുശേഷം വിവാഹമോചനം ഉണ്ടായാൽ ഇദ്ദത്ത് നിർബന്ധമാണോ?`

ഖൽവത് ഫാസിദയ്ക്കുശേഷം ലൈംഗികബന്ധത്തിൽ ഏർപ്പെടാതെ ഭർത്താവ് ഭാര്യയെ വിവാഹമോചനം ചെയ്താൽ അവൾക്ക് ഇദ്ദത്ത് നിർബന്ധമാണോ എന്ന കാര്യത്തിൽ ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ വിശദമായ ചർച്ചയുണ്ട്.

ഇമാം കസാനി (റ) ഉദ്ധരിച്ച വിശദീകരണമനുസരിച്ച്, ഖൽവത് ഫാസിദയാകാനുള്ള കാരണം യഥാർഥമായ തടസ്സമാണെങ്കിൽ ഇദ്ദത്ത് നിർബന്ധമാകില്ലെന്നും, ഷറഇയ്യായോ പ്രകൃതിപരമോ ആയ തടസ്സമാണെങ്കിൽ ഇദ്ദത്ത് നിർബന്ധമാകുമെന്നും ഒരു അഭിപ്രായമുണ്ട്.

എന്നാൽ ഹനഫി മദ്ഹബിലെ മുഫ്താബിഹിയായ അഭിപ്രായമനുസരിച്ച്, ഖൽവത് സ്വഹീഹയായാലും ഫാസിദയായാലും വിവാഹമോചനത്തിനുശേഷം ഇദ്ദത്ത് നിർബന്ധമാണ്.

അല്ലാമാ ഇബ്നു ആബിദീൻ ശാമി (റ) എഴുതുന്നു:

«قَوْلُهُ (أَيْ صَحِيحَةٌ) فِيهِ نَظَرٌ، فَإِنَّ الَّذِي تَقَدَّمَ فِي بَابِ الْمَهْرِ أَنَّ الْمَذْهَبَ وُجُوبُ الْعِدَّةِ لِلْخَلْوَةِ صَحِيحَةً أَوْ فَاسِدَةً ... وَتَجِبُ الْعِدَّةُ بِخَلْوَتِهِ وَإِنْ كَانَتْ فَاسِدَةً؛ لِأَنَّ تَصْرِيحَهُمْ بِوُجُوبِهَا بِالْخَلْوَةِ الْفَاسِدَةِ شَامِلٌ لِخَلْوَةِ الصَّبِيِّ، كَذَا فِي الْبَحْرِ مِنْ بَابِ الْعِدَّةِ»

(رد المحتار، كتاب الطلاق، باب العدة)

ഇതിന്റെ അടിസ്ഥാനത്തിൽ താഴെ പറയുന്ന സാഹചര്യങ്ങളിലും ഖൽവത് ഫാസിദയ്ക്കുശേഷം വിവാഹമോചനം ഉണ്ടായാൽ ഇദ്ദത്ത് നിർബന്ധമാകുമെന്ന് പ്രസ്തുത ഗ്രന്ഥങ്ങളിൽ വ്യക്തമാക്കുന്നു.

ഖൽവത് ഫാസിദയുമായി ബന്ധപ്പെട്ട ചില ഉദാഹരണങ്ങൾ

`മസ്അല :` ഭാര്യാഭർത്താക്കന്മാരിൽ ഒരാൾക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പ്രാപ്തിയില്ലാത്തത്ര പ്രായക്കുറവുണ്ടാകുക, ലൈംഗികബന്ധം അസാധ്യമാക്കുന്ന രോഗമുണ്ടാകുക, അല്ലെങ്കിൽ ഭാര്യയുടെ ജനനേന്ദ്രിയത്തിൽ അതിന് തടസ്സമാകുന്ന ശാരീരിക വൈകല്യമുണ്ടാകുക തുടങ്ങിയ സാഹചര്യങ്ങളിൽ അവർ സ്വകാര്യമായി ഒരുമിച്ചുകഴിഞ്ഞശേഷം ഭർത്താവ് ലൈംഗികബന്ധത്തിൽ ഏർപ്പെടാതെ വിവാഹമോചനം ചെയ്താലും ഭാര്യക്ക് ഇദ്ദത്ത് നിർബന്ധമാണ്. (ഖവാതൈൻ കെ മസാഇൽ 1/245)


`മസ്അല :`

പ്രായപൂർത്തിയാകാത്ത ഭർത്താവ് ഭാര്യയുമായി സ്വകാര്യമായി ഒരുമിച്ചുകഴിയുകയും പിന്നീട് പ്രായപൂർത്തിയായശേഷം വീണ്ടും സ്വകാര്യമായി ഒരുമിച്ചുകഴിയാതെ വിവാഹമോചനം നടത്തുകയും ചെയ്താലും ഭാര്യക്ക് ഇദ്ദത്ത് നിർബന്ധമാണ്. (ഖവാതൈൻ കെ മസാഇൽ 1/244)

`മസ്അല :`

ഭർത്താവിന് ലൈംഗികശേഷിയില്ലാത്ത അവസ്ഥയോ ലൈംഗികബന്ധം അസാധ്യമാക്കുന്ന ശാരീരിക വൈകല്യമോ ഉണ്ടായിരിക്കെ, ഭാര്യയുമായി സ്വകാര്യമായി ഒരുമിച്ചുകഴിഞ്ഞശേഷം വിവാഹമോചനം നടത്തിയാലും ഭാര്യക്ക് ഇദ്ദത്ത് നിർബന്ധമാണ്.(ഖവാതൈൻ കെ മസാഇൽ 1/245)

`മസ്അല :`

ഭാര്യാഭർത്താക്കന്മാരിൽ ഒരാൾ റമദാനിലെ നിർബന്ധ നോമ്പിലായിരിക്കുകയോ ഹജ്ജിന്റെയോ ഉംറയുടെയോ ഇഹ്റാമിലായിരിക്കുകയോ, അല്ലെങ്കിൽ ഭാര്യ ആർത്തവത്തിലോ പ്രസവാനന്തര രക്തസ്രാവത്തിന്റെ കാലത്തിലോ ആയിരിക്കുകയോ ചെയ്താൽ, ആ സാഹചര്യത്തിൽ സ്വകാര്യമായി ഒരുമിച്ചുകഴിഞ്ഞശേഷം ലൈംഗികബന്ധത്തിൽ ഏർപ്പെടാതെ ഭർത്താവ് വിവാഹമോചനം നടത്തിയാലും ഭാര്യക്ക് ഇദ്ദത്ത് നിർബന്ധമാണ്. (കിഫായത്തുൽ മുഫ്തി, 8/579)

`മസ്അല :`

ഭാര്യാഭർത്താക്കന്മാർ സ്വകാര്യമായി ഒരുമിച്ചിരിക്കുമ്പോൾ മൂന്നാമതൊരാൾ അവിടെ ഉണ്ടായിരിക്കുക, ആ വ്യക്തി ഭർത്താവിന്റെ മറ്റൊരു ഭാര്യയായിരിക്കുക, അല്ലെങ്കിൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിവുള്ള പ്രായപൂർത്തിയാകാത്ത കുട്ടിയായിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ, ലൈംഗികബന്ധത്തിൽ ഏർപ്പെടാതെ വിവാഹമോചനം നടത്തിയാലും ഭാര്യക്ക് ഇദ്ദത്ത് നിർബന്ധമാണ്. (കിഫായത്തുൽ മുഫ്തി, 8/579)


ഇദ്ദയുടെ ആരംഭവും വിവിധ മസ്അലകളും

`ഇദ്ദത്ത് ആരംഭിക്കുന്ന സമയം`

ഭർത്താവ് ത്വലാഖ് ചൊല്ലുകയോ മരണപ്പെടുകയോ ചെയ്ത ഉടൻതന്നെ ഇദ്ദ ആരംഭിക്കുന്നതാണ്. ത്വലാഖിനെക്കുറിച്ചോ ഭർത്താവിന്റെ മരണത്തെക്കുറിച്ചോ ഭാര്യ അറിഞ്ഞിട്ടുണ്ടോ ഇല്ലയോ എന്നത് ഇതിൽ പരിഗണിക്കപ്പെടുകയില്ല.

ഉദാ: ത്വലാഖ് ചെയ്യപ്പെട്ട ഒരു സ്ത്രീക്ക് മൂന്ന് ആർത്തവങ്ങൾ കഴിഞ്ഞ ശേഷമാണ് ഭർത്താവ് മൂന്ന് ആർത്തവങ്ങൾക്കു മുമ്പ് തന്നെ ത്വലാഖ് നടത്തിയിരുന്നുവെന്ന് അറിയുന്നതെങ്കിൽ അവളുടെ ഇദ്ദത്ത് അവസാനിച്ചതായി കണക്കാക്കും. അതുപോലെ, ഭർത്താവ് മരണപ്പെട്ട് നാല് മാസവും പത്ത് ദിവസവും കഴിഞ്ഞ ശേഷമാണ് ഭാര്യ മരണവിവരം അറിയുന്നതെങ്കിലും അവളുടെ ഇദ്ദ അവസാനിച്ചതായിരിക്കും.

എന്നാൽ സാക്ഷികളില്ലാതെ നടന്ന വിവാഹം പോലുള്ള അസാധുവായ വിവാഹത്തിൽ (നികാഹ് ഫാസിദ്) ഏർപ്പെട്ട സ്ത്രീയുമായി ഭർത്താവ്  ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടുണ്ടെങ്കിൽ, ഇരുവരും തമ്മിൽ ഖാദി വേർപിരിയൽ വിധിക്കുകയോ ഇരുവരും സ്വമേധയാ ബന്ധം അവസാനിപ്പിക്കുകയോ ചെയ്യുന്ന സമയത്താണ് ഇദ്ദത്ത് ബാധകമാകുന്നത്. (അഹ്കാമുൽ മയ്യിത്ത് 222, ബഹിഷ്തീ സേവർ 286)

ഇമാം കസാനി (റ) വ്യക്തമാക്കുന്നതനുസരിച്ച്, ത്വലാഖ്, ഭർത്താവിന്റെ മരണം തുടങ്ങിയ ഇദ്ദത്ത് നിർബന്ധമാകാനുള്ള കാരണങ്ങൾ സംഭവിക്കുന്ന സമയം മുതലാണ് ഇദ്ദത്ത് ആരംഭിക്കുന്നത്. എന്നാൽ അസാധുവായ വിവാഹത്തിൽ വേർപിരിയൽ സംഭവിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദത്ത് നിർബന്ധമാകുന്നത്.


ഇദ്ദത്തിന്റെ വിഭാഗങ്ങൾ

ഇദ്ദത്ത് പ്രധാനമായും രണ്ട് വിഭാഗങ്ങളാണ്:

  1. ത്വലാഖിനെ തുടർന്നുള്ള ഇദ്ദത്ത്.
  2. ഭർത്താവിന്റെ മരണത്തെ തുടർന്നുള്ള ഇദ്ദത്ത്.

ഖുൽഅ്, വിവാഹബന്ധം റദ്ദാക്കൽ (ഫസ്ഖ്), ഈലാഅ് തുടങ്ങിയ സാഹചര്യങ്ങളിലും അവയുടെ പ്രത്യേക വിധികൾക്കനുസരിച്ച് ഇദ്ദത്ത് ബാധകമാകും.

`ത്വലാഖിനെ തുടർന്നുള്ള ഇദ്ദത്തിന്റെ വിഭാഗങ്ങൾ`

ത്വലാഖ് ചെയ്യപ്പെട്ട സ്ത്രീയുടെ അവസ്ഥയനുസരിച്ച് ഇദ്ദത്ത് മൂന്ന് തരത്തിലാണ്:

  1. മൂന്ന് പൂർണ ഹൈള് .
  2. മൂന്ന് മാസങ്ങൾ.
  3. പ്രസവം വരെ.

ഒന്ന്: മൂന്ന് പൂർണ ഹൈള്

ആർത്തവമുണ്ടാകുന്നവളും ത്വലാഖ് ചെയ്യുന്ന സമയത്ത് ഗർഭിണിയല്ലാത്തവളുമായ സ്ത്രീയുടെ ഇദ്ദത്ത് മൂന്ന് പൂർണ ആർത്തവചക്രങ്ങളാണ്.

അല്ലാഹു പറയുന്നു:

“ത്വലാഖ് ചെയ്യപ്പെട്ട സ്ത്രീകൾ മൂന്ന് ഖുറൂഅ് കാലങ്ങൾ കഴിയുന്നതുവരെ കാത്തിരിക്കണം.” (സൂറത്തുൽ ബഖറ: 228)

ഇവിടെ ഹനഫീ മദ്ഹബനുസരിച്ച് മൂന്ന് ആർത്തവചക്രങ്ങളാണ് ഉദ്ദേശിക്കുന്നത്.

മസ്അല : ആർത്തവം ആരംഭിച്ചിരിക്കുമ്പോഴാണ് ഭർത്താവ് ത്വലാഖ് നടത്തിയതെങ്കിൽ, ആ ആർത്തവം ഇദ്ദത്തിൽ ഉൾപ്പെടുകയില്ല. അതിനുശേഷം മൂന്ന് പൂർണ ആർത്തവചക്രങ്ങൾ കൂടി പൂർത്തിയാക്കണം.

ഉദാ: ആർത്തവം ആരംഭിച്ച് നാല് ദിവസം കഴിഞ്ഞപ്പോഴാണ് ത്വലാഖ് നടത്തിയത് എങ്കിൽ, ആ ആർത്തവം ഒഴിവാക്കി അടുത്ത മൂന്ന് പൂർണ ആർത്തവചക്രങ്ങൾ കണക്കാക്കണം. (ബഹിഷ്തീ സീവർ, പേ. 285)

മസ്അല : ഒരു ആർത്തവചക്രം പൂർണമായി കണക്കാക്കാൻ രക്തം കുറഞ്ഞത് മൂന്ന് രാവും പകലും നീണ്ടുനിൽക്കണം. അതിൽ കുറവായാൽ അത് ആർത്തവമായി കണക്കാക്കുകയില്ല; മറിച്ച് ഇസ്തിഹാദത്ത് (രോഗാവസ്ഥയിലുള്ള രക്തസ്രാവം) ആയിരിക്കും.

ഉദാ: ത്വലാഖ് ചെയ്യപ്പെട്ട സ്ത്രീക്ക് ആദ്യത്തെയും രണ്ടാമത്തെയും ആർത്തവങ്ങൾ പൂർണമായി ഉണ്ടായെങ്കിലും മൂന്നാമത്തേത് രണ്ട് ദിവസം മാത്രം നീണ്ടുനിന്ന് നിലച്ചാൽ, അതുകൊണ്ട് ഇദ്ദത്ത് അവസാനിക്കുകയില്ല. മൂന്നാമത്തെ ആർത്തവം ശരിയായ രീതിയിൽ പൂർത്തിയാകുന്നതുവരെ കാത്തിരിക്കണം. (ഫതാവാ റഹീമിയ്യ, 8/413)

മസ്അല : ഒന്നോ രണ്ടോ വർഷത്തിലൊരിക്കൽ മാത്രം ആർത്തവമുണ്ടാകുന്ന സ്ത്രീയെ ഭർത്താവ് ത്വലാഖ് ചെയ്താൽ, അവളുടെ ഇദ്ദത്തും മൂന്ന് ആർത്തവചക്രങ്ങൾ തന്നെയാണ്. കാത്തിരിപ്പ് പ്രയാസകരമാണെങ്കിൽ, യഥാർഥ സാഹചര്യം വിശദീകരിച്ച് വിശ്വസ്തനായ മുഫ്തിയോട് വിധി ചോദിക്കണം. (ഫതാവാ റഹീമിയ്യ, 8/413)

മസ്അല : ഇദ്ദത്തിനിടയിൽ ഭർത്താവ് രണ്ടാമത്തെയോ മൂന്നാമത്തെയോ ത്വലാഖ് നടത്തിയാൽ, അതുകൊണ്ട് ഇദ്ദത്ത് പുതുതായി ആരംഭിക്കുകയില്ല. ആദ്യത്തെ ത്വലാഖിന്റെ അടിസ്ഥാനത്തിൽ ആരംഭിച്ച ഇദ്ദത്ത് തന്നെയാണ് പൂർത്തിയാക്കേണ്ടത്.

ഗർഭിണിയല്ലെങ്കിൽ മൂന്ന് ആർത്തവചക്രങ്ങളും ഗർഭിണിയാണെങ്കിൽ പ്രസവം വരെയും ഇദ്ദത്ത് തുടരും. (ഫതാവാ റഹീമിയ്യ, 8/427)

മസ്അല : ബാഇൻ ത്വലാഖിനുശേഷമോ മൂന്ന് ത്വലാഖുകൾക്കുശേഷമോ ഭർത്താവ് അറിഞ്ഞുകൊണ്ട് മനഃപൂർവം ലൈംഗികബന്ധത്തിലേർപ്പെട്ടാൽ, ആ ബന്ധം മൂലം പുതിയ ഇദ്ദത്ത് നിർബന്ധമാകുകയില്ല. എന്നാൽ അത്തരം ബന്ധം ഗുരുതരമായ പാപമാണ്; അതിൽനിന്ന് പശ്ചാത്തപിച്ച് മടങ്ങണം. (ഫതാവാ ഹഖാനിയ്യ, 4/536)

മസ്അല : ഭർത്താവ് കിനായ വാക്കുകൾ ഉപയോഗിച്ച് ബാഇൻ ത്വലാഖ് നടത്തിയശേഷം, ഇദ്ദത്തിനിടയിൽ ആ ബന്ധം അനുവദനീയമാണെന്ന് തെറ്റിദ്ധരിച്ച് ലൈംഗികബന്ധത്തിലേർപ്പെട്ടാൽ, മറ്റൊരു ഇദ്ദത്തും നിർബന്ധമാകും. രണ്ട് ഇദ്ദത്തുകളും ഒരുമിച്ചാണ് കണക്കാക്കപ്പെടുക. അതിനാൽ ലൈംഗികബന്ധം നടന്നതിനുശേഷം മൂന്ന് ആർത്തവചക്രങ്ങൾ പൂർത്തിയാക്കണം. (അഹ്സനുൽ ഫതാവാ, 5/428; ബഹിഷ്തീ സീവർ, പേ. 286)

എന്നാൽ ബാഇൻ ത്വലാഖിനുശേഷമോ മൂന്ന് ത്വലാഖുകൾക്കുശേഷമോ ബന്ധം നിഷിദ്ധമാണെന്ന് അറിഞ്ഞുകൊണ്ട് മനഃപൂർവം ലൈംഗികബന്ധത്തിലേർപ്പെട്ടാൽ, അതുകൊണ്ട് മറ്റൊരു ഇദ്ദത്ത് നിർബന്ധമാകുകയില്ല. അത് വ്യഭിചാരമായി കണക്കാക്കപ്പെടും. (ഫതാവാ ഹഖാനിയ്യ, 4/536)

രണ്ട് : മൂന്ന് മാസങ്ങൾ

ആർത്തവം ഉണ്ടാകാത്തതും ഗർഭിണിയല്ലാത്തതുമായ സ്ത്രീയുടെ സാഹചര്യത്തിനനുസരിച്ചാണ് മാസങ്ങൾ കണക്കാക്കുന്നത്.

ഖുർആനിൽ അല്ലാഹു പറയുന്നു:

“ആർത്തവത്തെക്കുറിച്ച് നിരാശരായ നിങ്ങളുടെ സ്ത്രീകളുടെ ഇദ്ദത്ത് മൂന്ന് മാസങ്ങളാണ്. ആർത്തവം ഉണ്ടായിട്ടില്ലാത്തവരുടെയും ഇദ്ദത്ത് അങ്ങനെത്തന്നെയാണ്.” (സൂറത്തുത്ത്വലാഖ്: 4)

എന്നാൽ മുമ്പ് ആർത്തവമുണ്ടായിരുന്ന സ്ത്രീക്ക് പിന്നീട് ആർത്തവം നിലച്ചാൽ, അവളുടെ ഇദ്ദത്തിന്റെ വിധി വ്യത്യസ്തമാണ്.

മസ്അല : ത്വലാഖിനുശേഷം രണ്ട് ആർത്തവങ്ങൾ ഉണ്ടായിട്ട് പിന്നീട് ആർത്തവം നിലച്ചാൽ, ആർത്തവം തിരിച്ചുവരുന്നതുവരെ അല്ലെങ്കിൽ ആർത്തവം പ്രതീക്ഷിക്കാനാവാത്ത പ്രായത്തിലെത്തുന്നതുവരെ ഇദ്ദത്ത് തുടരും.

ആ പ്രായത്തിലെത്തുന്നതിന് മുമ്പ് മൂന്നാമത്തെ ആർത്തവം ഉണ്ടാകുകയും അത് കുറഞ്ഞത് മൂന്ന് രാവും പകലും നീണ്ടുനിൽക്കുകയും ചെയ്താൽ ഇദ്ദത്ത് അവസാനിക്കും. അല്ലാത്തപക്ഷം, ആർത്തവം പ്രതീക്ഷിക്കാനാവാത്ത പ്രായത്തിലെത്തിയശേഷം മൂന്ന് മാസത്തെ ഇദ്ദത്ത് പൂർത്തിയാക്കണം. (അഹ്സനുൽ ഫതാവാ, 5/444)

മസ്അല : ആർത്തവം പ്രതീക്ഷിക്കാനാവാത്ത പ്രായം സംബന്ധിച്ച് പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. ഭൂരിപക്ഷ പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം അത് 55 വയസ്സാണ്. എന്നാൽ ഹനഫീ ഗ്രന്ഥങ്ങളിൽ 50, 55, 60 തുടങ്ങിയ വ്യത്യസ്ത അഭിപ്രായങ്ങൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

അതിനാൽ ഈ പ്രായം സംബന്ധിച്ച സങ്കീർണമായ കേസുകളിൽ സ്ത്രീയുടെ സാഹചര്യം വിശദീകരിച്ച് വിശ്വസ്തനായ മുഫ്തിയോട് വിധി ചോദിക്കണം. (അഹ്സനുൽ ഫതാവാ, 5/444)

മസ്അല : ആർത്തവരക്തം തുടർച്ചയായി വന്നുകൊണ്ടിരിക്കുന്ന സ്ത്രീക്ക് സ്വന്തം ആർത്തവത്തിന്റെ പതിവ് ദിവസങ്ങൾ അറിയില്ലെങ്കിൽ, അത്തരമൊരു സ്ത്രീയുടെ ഇദ്ദത്ത് സംബന്ധിച്ച് ഹനഫീ പണ്ഡിതന്മാർ ഏഴ് മാസത്തെ കണക്കാണ് പ്രബലമായ അഭിപ്രായമായി രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ ആർത്തവത്തിന്റെ പതിവ് ദിവസങ്ങൾ അറിയാമെങ്കിൽ, ആ പതിവനുസരിച്ചാണ് കണക്കാക്കേണ്ടത്.

ഉദാ: ഒരു സ്ത്രീക്ക് പതിവായി ഏഴ് ദിവസമാണ് ആർത്തവമുണ്ടായിരുന്നത്. പിന്നീട് രോഗം മൂലം തുടർച്ചയായി രക്തം വന്നാൽ, അവളുടെ പതിവ് പരിഗണിച്ചാണ് ഇദ്ദത്ത് കണക്കാക്കേണ്ടത്. (റദ്ദുൽ മുഹ്താർ, 3/301)

മസ്അല : പ്രായപൂർത്തിയായ ഉടൻ ആർത്തവരക്തം തുടർച്ചയായി വന്നുകൊണ്ടിരിക്കുന്ന പെൺകുട്ടിയുടെ കാര്യത്തിൽ, ഓരോ മാസത്തിലും ആദ്യത്തെ പത്ത് ദിവസമാണ് ആർത്തവമായി കണക്കാക്കുന്നതെങ്കിൽ, ത്വലാഖിനെ തുടർന്നുള്ള ഇദ്ദത്ത് മൂന്നാമത്തെ മാസത്തിലെ ആദ്യത്തെ പത്ത് ദിവസം പൂർത്തിയാകുന്നതുവരെ തുടരും.

ഈ വിധി തുടർച്ചയായ രക്തസ്രാവത്തിന്റെ പ്രത്യേക സാഹചര്യവുമായി ബന്ധപ്പെട്ടതാണ്.

മസ്അല : ത്വലാഖിനുശേഷം രണ്ട് ആർത്തവങ്ങൾ ഉണ്ടായിട്ട് പിന്നീട് ആർത്തവം നിലച്ച ഒരു സ്ത്രീ ചികിത്സയിലൂടെ ഒരു വർഷത്തിനുശേഷം മൂന്നാമത്തെ ആർത്തവം കാണുകയാണെങ്കിൽ, ആ രക്തം കുറഞ്ഞത് മൂന്ന് രാവും പകലും നീണ്ടുനിന്നാൽ അത് ആർത്തവമായി കണക്കാക്കുകയും ഇദ്ദത്ത് അവസാനിക്കുകയും ചെയ്യും.

എന്നാൽ ഒന്നോ രണ്ടോ ദിവസം മാത്രം രക്തം വന്ന് നിലച്ചാൽ അതിനെ പൂർണ ആർത്തവമായി കണക്കാക്കുകയില്ല. അതിനാൽ ഇദ്ദത്ത് അവസാനിക്കുകയുമില്ല. തുടർന്നുള്ള സാഹചര്യമനുസരിച്ച് വിധി നിർണയിക്കണം. (അഹ്സനുൽ ഫതാവാ, 5/435)

മസ്അല : പ്രായപൂർത്തിയായ സമയത്ത് ഒന്നോ രണ്ടോ ദിവസം മാത്രം ആർത്തവരക്തം കണ്ടശേഷം പിന്നീട് ആർത്തവം ഒരിക്കലും ഉണ്ടാകാത്ത സ്ത്രീയുടെ കാര്യത്തിൽ, അവൾക്ക് 30 വയസ്സ് പൂർത്തിയായാൽ ആർത്തവം പ്രതീക്ഷിക്കാനാവാത്ത അവസ്ഥയായി കണക്കാക്കുന്ന അഭിപ്രായം ഹനഫീ ഗ്രന്ഥങ്ങളിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

അത്തരം സ്ത്രീയെ ത്വലാഖ് ചെയ്താൽ, മൂന്ന് മാസത്തെ ഇദ്ദത്ത് പൂർത്തിയാക്കുന്നതോടെ ഇദ്ദത്ത് അവസാനിക്കും.

എന്നാൽ ഈ വിഷയത്തിൽ പ്രായവും മുൻകാല ആർത്തവചരിത്രവും ഉൾപ്പെടെയുള്ള വിവരങ്ങൾ പരിഗണിച്ച് വിശ്വസ്തനായ മുഫ്തിയോട് വിധി ചോദിക്കേണ്ടതാണ്. (അഹ്സനുൽ ഫതാവാ, 5/435)

മൂന്ന് : പ്രസവം വരെ

ത്വലാഖ് ചെയ്യുന്ന സമയത്ത് സ്ത്രീ ഗർഭിണിയാണെങ്കിൽ, അവളുടെ ഇദ്ദത്ത് പ്രസവം വരെയാണ്.

അല്ലാഹു പറയുന്നു:

“ഗർഭിണികളായ സ്ത്രീകളുടെ കാലാവധി അവർ പ്രസവിക്കുന്നതുവരെയാണ്.” (സൂറത്തുത്ത്വലാഖ്: 4)

ഭർത്താവിന്റെ മരണത്തെ തുടർന്നുള്ള ഇദ്ദത്ത്

ഭർത്താവ് മരണപ്പെടുമ്പോൾ ഭാര്യ ഗർഭിണിയല്ലെങ്കിൽ, അവളുടെ ഇദ്ദത്ത് നാല് മാസവും പത്ത് ദിവസവുമാണ്.

അല്ലാഹു പറയുന്നു: “നിങ്ങളിൽ മരണപ്പെടുകയും ഭാര്യമാരെ വിട്ടുപോകുകയും ചെയ്യുന്നവരുടെ ഭാര്യമാർ നാല് മാസവും പത്ത് ദിവസവും കാത്തിരിക്കണം.” (സൂറത്തുൽ ബഖറ: 234)

എന്നാൽ ഭർത്താവ് മരണപ്പെടുമ്പോൾ ഭാര്യ ഗർഭിണിയാണെങ്കിൽ, അവളുടെ ഇദ്ദത്ത് പ്രസവം വരെയാണ്.

അല്ലാഹു പറയുന്നു:“ഗർഭിണികളായ സ്ത്രീകളുടെ കാലാവധി അവർ പ്രസവിക്കുന്നതുവരെയാണ്.” (സൂറത്തുത്ത്വലാഖ്: 4)

`ആർത്തവം വൈകുകയോ നിലയ്ക്കുകയോ ചെയ്യുന്ന സ്ത്രീയുടെ ഇദ്ദത്ത്`

മസ്അല : ത്വലാഖ് ചെയ്യപ്പെട്ട സ്ത്രീക്ക് രണ്ട് ആർത്തവങ്ങൾ ഉണ്ടായശേഷം ആർത്തവം നിലച്ചാൽ, മൂന്നാമത്തെ ആർത്തവം ഉണ്ടാകുന്നതുവരെ അല്ലെങ്കിൽ ആർത്തവം പ്രതീക്ഷിക്കാനാവാത്ത പ്രായത്തിലെത്തുന്നതുവരെ ഇദ്ദത്ത് അവസാനിക്കുകയില്ല.

ആ പ്രായത്തിലെത്തുന്നതിന് മുമ്പ് മൂന്നാമത്തെ ആർത്തവം ശരിയായ രീതിയിൽ ഉണ്ടായാൽ അതോടെ ഇദ്ദത്ത് അവസാനിക്കും. അല്ലാത്തപക്ഷം, ആർത്തവം പ്രതീക്ഷിക്കാനാവാത്ത പ്രായത്തിലെത്തിയശേഷം മൂന്ന് മാസത്തെ ഇദ്ദത്ത് പൂർത്തിയാക്കണം. (അഹ്സനുൽ ഫതാവാ, 5/444)

മസ്അല : ആർത്തവം പ്രതീക്ഷിക്കാനാവാത്ത പ്രായം സംബന്ധിച്ച് ഹനഫീ ഗ്രന്ഥങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഭൂരിപക്ഷ അഭിപ്രായപ്രകാരം 55 വയസ്സാണ് പറയപ്പെടുന്നത്. എന്നാൽ ചില ഗ്രന്ഥങ്ങളിൽ 50 വയസ്സും മറ്റ് പ്രായങ്ങളും ഉദ്ധരിച്ചിട്ടുണ്ട്. അതിനാൽ പ്രത്യേക കേസുകളിൽ മുഫ്തിയുടെ നിർദേശം തേടണം. (അഹ്സനുൽ ഫതാവാ, 5/444)

`ആർത്തവത്തിന്റെ പരമാവധി കാലാവധിയും ഇദ്ദത്ത് അവസാനിക്കുന്നതും`

ഹനഫീ മദ്ഹബനുസരിച്ച് ആർത്തവത്തിന്റെ പരമാവധി കാലാവധി പത്ത് ദിവസമാണ്.

മസ്അല : ത്വലാഖ് ചെയ്യപ്പെട്ട സ്ത്രീയുടെ മൂന്നാമത്തെ ആർത്തവം പത്ത് ദിവസത്തെ പരമാവധി കാലാവധിക്കുള്ളിൽ അവസാനിച്ചാൽ, രക്തം നിലയ്ക്കുന്നതോടെ ഇദ്ദത്ത് അവസാനിക്കും. അവൾ കുളിച്ചിട്ടുണ്ടോ ഇല്ലയോ എന്നതും അതിനുശേഷം ഒരു നമസ്കാരത്തിന്റെ സമയം കഴിഞ്ഞിട്ടുണ്ടോ ഇല്ലയോ എന്നതും ഇതിൽ വ്യത്യാസമുണ്ടാക്കുകയില്ല.

മസ്അല : ആർത്തവരക്തം പത്ത് ദിവസത്തിനുമുമ്പ് അവസാനിച്ചാൽ, ഇദ്ദത്ത് അവസാനിക്കാൻ സ്ത്രീ കുളിക്കുകയോ ഒരു പൂർണ നമസ്കാരസമയം കടന്നുപോകുകയോ വേണം. അതുവരെ ഇദ്ദത്ത് അവസാനിച്ചതായി കണക്കാക്കുകയില്ല. (ഫതാവാ ആലംഗീരി, 1/528)



No comments:

Post a Comment