Friday, 2 October 2026

ഹനഫി ഫിഖ്ഹിലെ സാങ്കേതിക പദങ്ങൾ


  • ഫർള് (فرض)

ഫർള് എന്നത് ഉറപ്പോടെ സ്ഥിരപ്പെട്ടതും (قطعي الثبوت), അതിന്റെ അർത്ഥം വ്യക്തമായി നിർണയിക്കപ്പെട്ടതുമായ (قطعي الدلالة) തെളിവിലൂടെ സ്ഥിരപ്പെട്ട ശറഈ വിധിയാണ്. ഖുർആനിലെ വ്യക്തമായ ആയത്ത്, നിരവധിപേരിലൂടെ ഉറപ്പോടെ കൈമാറപ്പെട്ട ഹദീസ് (متواتر حديث) മുതലായ ഉറപ്പുള്ള തെളിവുകൾ (قطعي دليل) മുഖേന സ്ഥിരപ്പെടുന്നതാണ് ഫർള്.

ഫർളിന്റെ നിർബന്ധിതത നിഷേധിക്കുന്നവൻ കാഫിറാകും. ഫർള് യാതൊരു ന്യായമായ കാരണവുമില്ലാതെ ഉപേക്ഷിക്കുന്നവൻ പാപിയും ശിക്ഷയ്ക്ക് അർഹനുമാണ്.

  • വാജിബ് (واجب)

വാജിബ് എന്നത് പൂർണ്ണമായ ഉറപ്പില്ലാത്ത, സാധ്യതയുള്ള തെളിവ് (دليل ظني) വഴി സ്ഥിരപ്പെട്ട ശറഈ വിധിയാണ്. അതായത്, തെളിവിൽ മറ്റൊരു ദുർബലമായ സാധ്യതയ്ക്കോ വ്യാഖ്യാനത്തിനുള്ള ഇടമോ ഉള്ളതായിരിക്കും.

വാജിബിന്റെ നിർബന്ധിതത നിഷേധിക്കുന്നവൻ കാഫിറാകുകയില്ല. എന്നാൽ യാതൊരു ന്യായമായ കാരണവുമില്ലാതെ വാജിബ് ഉപേക്ഷിക്കുന്നവൻ ദുർമാർഗിയും (فاسق) കഠിനമായ ശിക്ഷയ്ക്ക് അർഹനുമാണ്. എന്നാൽ ഫർളിനേക്കാൾ അതിന്റെ സ്ഥാനം കുറവാണ്.

  • സുന്നത്ത് മുഅക്കദ (سنت مؤکدہ)

നബി ﷺയും സ്വഹാബാക്കളും എപ്പോഴും ചെയ്തിരിക്കുകയും അത് ചെയ്യാൻ പ്രത്യേകമായി ഊന്നിപ്പറയുകയും യാതൊരു ന്യായമായ കാരണവുമില്ലാതെ ഉപേക്ഷിക്കാതിരിക്കുകയും ചെയ്ത സുന്നത്താണ് സുന്നത്ത് മുഅക്കദ.

ഇതിനെ സുനനുൽ ഹുദ (سنن هدىٰ) എന്നും പറയുന്നത്.

സുന്നത്ത് മുഅക്കദ പ്രവർത്തിയുടെ കാര്യത്തിൽ വാജിബിനോട് സാമ്യമുള്ളതാണ്. അതിനാൽ അതിനെ യാതൊരു ന്യായമായ കാരണവുമില്ലാതെ ഉപേക്ഷിക്കുകയും, ഉപേക്ഷിക്കുന്നത് പതിവാക്കുകയും ചെയ്യുന്നവൻ ദുർമാർഗിയും (فاسق) പാപിയും ആണ്. അത്തരത്തിലുള്ള വ്യക്തി നബി ﷺയുടെ ശുപാർശയിൽ നിന്ന് തടയപ്പെടുമെന്ന് (محروم) മുന്നറിയിപ്പും പണ്ഡിതന്മാർ നൽകിയിട്ടുണ്ട്.

  • സുന്നത്ത് ഗൈർ മുഅക്കദ( سنت غیر مؤکدہ)

നബി ﷺയും സ്വഹാബാക്കളും അധികസമയവും ചെയ്തിരുന്നെങ്കിലും, യാതൊരു ന്യായമായ കാരണവുമില്ലാതെ ചിലപ്പോൾ ഉപേക്ഷിക്കുകയും ചെയ്ത സുന്നത്താണ് സുന്നത്ത് ഗൈർ മുഅക്കദ.

ഇതിനെ സുനനുസ്സവായിദ്, സുനൻ ആദിയ്യ എന്നും വിളിക്കുന്നു.

ഇത് അനുഷ്ഠിച്ചാൽ പ്രതിഫലവും പുണ്യവും ലഭിക്കും. എന്നാൽ ഉപേക്ഷിച്ചാൽ പാപമോ ആക്ഷേപമോ ഇല്ല.

  • മുസ്തഹബ്ബ് (مستحب)

നബി ﷺയോ സ്വഹാബാക്കൾ رضي الله عنهم യോ ഇടയ്ക്കിടെ ചെയ്തതും, അല്ലെങ്കിൽ അത് നല്ലതായി കണക്കാക്കിയതും, അതുപോലെ മുൻഗാമികളായ പണ്ഡിതന്മാർ ഇഷ്ടപ്പെട്ടതുമായ, എന്നാൽ എപ്പോഴും അല്ലെങ്കിൽ അധികസമയവും ചെയ്യാതിരുന്ന പ്രവർത്തിയാണ് മുസ്തഹബ്ബ്.

അത് ചെയ്യുന്നതിന് പുണ്യമുണ്ട് ഉപേക്ഷിച്ചാൽ പാപമോ ശിക്ഷയോ ഇല്ല.

മുസ്തഹബ്ബിനെ സുനനുസ്സവായിദ് ആദിയ്യ എന്നും ചില ഫിഖ്ഹ് സാങ്കേതിക പ്രയോഗങ്ങളിൽ വിളിക്കാറുണ്ട്. ഫുഖഹാക്കളുടെ ഭാഷയിൽ ഇതിനെ നഫൽ, മന്ദൂബ്, തതവ്വുഅ് എന്നീ പദങ്ങളും ഉപയോഗിക്കുന്നു.

കുറിപ്പ് : സുന്നത്ത് ഗൈർ മുഅക്കദ, സുനനുസ്സവായിദ്,  സുനൻ ആദിയ്യ, മുസ്തഹബ്ബ് എന്നീ പദങ്ങൾ ചില ഗ്രന്ഥങ്ങളിൽ വ്യത്യസ്തമായ സാങ്കേതിക അർത്ഥങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. അതിനാൽ എല്ലാ ഗ്രന്ഥങ്ങളിലും ഇവ പരസ്പരം പൂർണ്ണമായും ഒരേ അർത്ഥമാണെന്ന് പറയാൻ പറ്റില്ല.

  • ഹറാം (حرام)

ഉറപ്പോടെ സ്ഥിരപ്പെട്ടതും (قطعي الثبوت), അതിന്റെ അർത്ഥം വ്യക്തമായി നിർണയിക്കപ്പെട്ടതുമായ (قطعي الدلالة) തെളിവിലൂടെ ശരീഅത്ത് കർശനമായി വിലക്കിയ കാര്യമാണ് ഹറാം.

ഹറാമിന്റെ നിരോധനം നിഷേധിക്കുന്നവൻ കാഫിറാകും. ഹറാം പ്രവർത്തിക്കുന്നത് പാപമാണ്. അതിൽ നിന്ന് വിട്ടുനിൽക്കൽ നിർബന്ധമാണ്.

  • മക്റൂഹ് തഹ്‌രീമി

ഹറാമിനോട് അടുത്തതും, ഹറാമിനെപ്പോലെ ശക്തമായ നിരോധനമുള്ളതുമായ കാര്യമാണ് മക്റൂഹ് തഹ്‌രീമി. ഹനഫി പണ്ഡിതന്മാരുടെ സാങ്കേതിക പ്രയോഗത്തിൽ ഇത് സാധാരണയായി സാധ്യതയുള്ള തെളിവിന്റെ (دليل ظني) അടിസ്ഥാനത്തിലുള്ള ശക്തമായ നിരോധനവുമായി ബന്ധപ്പെട്ടതാണ്.

ഇത് ചെയ്യുന്നവൻ ആക്ഷേപത്തിനും ശാസനയ്ക്കും അർഹനാണ്; അതായത് അല്ലാഹുവിന്റെയും റസൂലിന്റെയും അതൃപ്തിക്ക് കാരണമാകുന്ന പ്രവർത്തനമാണ്. ഇത് ഉപേക്ഷിക്കേണ്ടതാണ്.

എന്നാൽ മക്റൂഹ് തഹ്‌രീമിയുടെ വിധി ഹറാമിനോട് വളരെ അടുത്തതാണെങ്കിലും ഹറാമിന് തുല്യമല്ല.

  • മക്റൂഹ് തൻസീഹീ

അനുവദനീയമായ കാര്യത്തോട് അടുത്തതും, ശരീഅത്ത് ഇഷ്ടപ്പെടാത്തതുമായ കാര്യമാണ് മക്റൂഹ് തൻസീഹീ.

ഇത് ചെയ്യുന്നത് ഇഷ്ടപ്പെട്ട പ്രവർത്തനമല്ല. അതിനാൽ ഒഴിവാക്കുന്നതാണ് ഉത്തമം. എന്നാൽ ചെയ്യുന്നവൻ ആക്ഷേപത്തിനോ ശാസനക്കോ അർഹനല്ല. അത് ഉപേക്ഷിക്കുന്നത് പുണ്യത്തിന് കാരണമാകാം.

  • മുബാഹ് — مباح

ഒരു കാര്യം ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ശറഈ വിധിയുടെ (حكم شرعي) കാര്യത്തിൽ തുല്യമായിരിക്കുമ്പോൾ അതിനെ മുബാഹ് എന്നു പറയുന്നു.

അത് സ്വതവേ ചെയ്യുന്നതിൽ പുണ്യമില്ല ഉപേക്ഷിക്കുന്നതിൽ പാപവുമില്ല. അതുപോലെ ഉപേക്ഷിക്കേണ്ടത് നിർബന്ധവുമല്ല.

വസ്തുക്കളുടെ അടിസ്ഥാനവിധി അനുവദനീയതയാണ് (أصل الأشياء الإباحة) എന്ന് ഫിഖ്ഹ് പണ്ഡിതന്മാർ വ്യക്തമാക്കുന്നു.



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവിഅൽ ഖാസിമി പത്തനംതിട്ട

No comments:

Post a Comment