Monday 16 March 2020

അസ്വറിന്‍റെ സമയം പ്രവേശിച്ച ഉടനെ ഹൈളുണ്ടായതിനാല്‍ ഒരു സ്ത്രീക്ക് നിസ്കരിക്കാനുള്ള സമയം കിട്ടിയില്ലെങ്കില്‍ പിന്നീട് പ്രസ്തുത നിസ്കാരം ഖളാഅ് വീട്ടേണ്ടതുണ്ടോ?



ഏറ്റവും ചുരുങ്ങിയ രൂപത്തില്‍ നിസ്കരിക്കാനുള്ള സമയം (ഏകദേശം 1.5 മിനുട്ട്) അവള്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ പ്രസ്തുത നിസ്കാരം പിന്നീട് ഖളാഅ് വീട്ടി വീണ്ടെടുക്കല്‍ നിര്‍ബന്ധമാണ്. ഇത്രയും സമയം കിട്ടിയിട്ടില്ലെങ്കില്‍ ആ നിസ്കാരം ഖളാഅ് വീട്ടല്‍ അവള്‍ക്ക് നിര്‍ബന്ധവുമില്ല.

ഇബ്നു ഹജര്‍ ഹൈത്തമി(റ) പറയുന്നു: വഖ്തി(സമയം)ന്‍റെ തുടക്കത്തില്‍ നിസ്കാരത്തിന് തടസ്സമാകുന്ന വല്ലതുമുണ്ടായാല്‍; അതായത് അവള്‍ക്ക്  ഹൈള്, നിഫാസ്, ഭ്രാന്ത്, ബോധക്ഷയം ഇവയില്‍ ഏതെങ്കിലും ഒരു കാര്യം നിസ്കാരത്തിന്‍റെ സമയം പ്രവേശിച്ച ഉടനെ സംഭവിക്കുകയും ആ നിസ്കാര സമയം അവസാനിക്കുന്നതുവരെ പ്രസ്തുത തടസ്സം തുടരുകയും ചെയ്താല്‍, ഈ തടസ്സം ഉണ്ടാകുന്നതിനു മുമ്പ് ഏറ്റവും ചുരുങ്ങിയ രൂപത്തില്‍ നിസ്കരിക്കാനുള്ള സമയം കിട്ടിയെങ്കില്‍ ആ നിസ്കാരം ഖളാഅ് വീട്ടല്‍ നിര്‍ബന്ധമാണ്.

അതേസമയം നിസ്കാരത്തിന്‍റെ വഖ്ത് കടന്നതിനു ശേഷം മാത്രം നിസ്കാരത്തിനു വേണ്ടി ശുദ്ധീകരണം അനുവദനീയമായ അഥവാ തയമ്മും ചെയ്യേണ്ടവനോ നിത്യഅശുദ്ധിക്കാരനോ ആണ് ഇത്തരം തടസ്സങ്ങളുണ്ടായതെങ്കില്‍; അവന് വഖ്ത് കടന്നതിനു ശേഷം ഏറ്റവും ചുരുങ്ങിയ രൂപത്തില്‍ നിസ്കരിക്കാനുള്ള സമയത്തിന് പുറമെ ശുദ്ധീകരണത്തിനുള്ള സമയം കൂടി ലഭിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ പ്രസ്തുത നിസ്കാരം ഖളാഅ് വീട്ടല്‍ നിര്‍ബന്ധമാവുകയുള്ളൂ (തുഹ്ഫതുല്‍ മുഹ്താജ്: 1/487).

No comments:

Post a Comment