Wednesday 25 March 2020

താടിയുടെ നീളം എത്രയാണ് ഒരു പിടിയാണെന്നു കേട്ടിട്ടുണ്ട് അത് ശരിയാണോ? ഒരു പിടിയില്‍ കുറച്ച് കഴിഞ്ഞാല്‍ നബി (സ) യുടെ സുന്നത്ത്‌ കിട്ടില്ലേ.



താടിയുടെ നീളത്തിന് ഒരു പരിധിയുമില്ല. ഒരിക്കലും വെട്ടാതെ നീട്ടിവളര്‍ത്തലാണ് ഉത്തമമെന്നാണ് കര്‍മ്മസാസ്ത്രഗ്രന്ഥങ്ങളില്‍ കാണുന്നത്. അബ്ദുല്ലാഹിബ്നുഉമര്‍ (റ)നിവേദനം ചെയ്യുന്ന ഹദീസില്‍ പ്രവാചകര്‍ (സ) പറഞ്ഞതായി ഇങ്ങനെ കാണാം, നിങ്ങള്‍ മീശ വെട്ടുകയും താടി നീട്ടിവളര്‍ത്തുകയും ചെയ്യുക (മുസ്ലിം, തുര്‍മുദീ, നസാഈ, മുസ്നദുഅഹ്മദ്)

ഈ ഹദീസിന്‍റെ വ്യാഖ്യാനത്തില്‍ പണ്ഡിതര്‍ പറയുന്നത്, താടി എന്നത് പുരുഷന് ഭംഗിയും അല്ലാഹുവിന്‍റെ പ്രത്യേക ബഹുമാനവും സ്ത്രീകളില്‍നിന്നുള്ള വ്യത്യാസവുമാണെന്നാണ്. അത് നീട്ടി വളര്‍ത്തുക എന്ന് ഹദീസില്‍ പറഞ്ഞത് നിരുപാധികമാണെന്നതിനാല്‍ അതിന്‍റെ വലുപ്പത്തിനോ നീട്ടത്തിനോ യാതൊരു പരിധിയുമില്ലെന്നാണ് പണ്ഡിതര്‍ അഭിപ്രായപ്പെടുന്നത്.

താടി ഒരു വിശ്വാസിയുടെ അടയാളമാണ്. അത് പൂര്‍ണ്ണമായും വടിച്ചുകളയല്‍ ശക്തമായ കറാഹത് ആണെന്നാണ് ശാഫീ മദ്ഹബിലെ പ്രബലാഭിപ്രായം. ട്രിം ചെയ്യുന്നതിലൂടെ പൂര്‍ണ്ണമായും വടിച്ചു കളയുക എന്ന കറാഹത് വരുന്നതല്ല. താടി വെക്കുക എന്നതിന്‍റെ ഏറ്റവും ചുരുങ്ങിയ സുന്നത് അതിലൂടെ ലഭിക്കുകയും ചെയ്യും. മറ്റു ചില മദ്ഹബുകളിലെ പണ്ഡിതന്മാര്‍ ഒരു പിടിയിലൊതുങ്ങുന്ന അത്രയെങ്കിലും താടി വെക്കണമെന്ന് നിഷ്കര്‍ശിച്ചിട്ടുണ്ട്.
  

No comments:

Post a Comment