Saturday 21 March 2020

മാതാപിതാക്കൾ വിളിച്ചാൽ ഫർള് നിസ്കാരമോ സുന്നത് നിസ്കാരമോ മുറിക്കാമോ ?



ഫർള് നിസ്കരിക്കുന്നതിനിടയിലാണ് ഒരാളെ തന്‍റെ മാതാപിതാക്കൾ വിളിക്കുന്നതെങ്കിൽ അവരുടെ വിളിക്കുത്തരം ചെയ്യാൻ വേണ്ടി നിസ്കാരം മുറിക്കാൻ പാടില്ല. എന്നാൽ സുന്നത്ത് നിസ്കാരത്തിനിടയിൽ മാതാവോ പിതാവോ വിളിച്ചാൽ അവരെ ഗൌനിക്കാതെ നിസ്കാരം തുടരുന്നത് അവർക്ക് മനഃപ്രായാസമുണ്ടാക്കുമെങ്കിൽ നിസ്കാരം മുറിച്ച് അവരുടെ വിളിക്കുത്തരം ചെയ്യൽ നിർബ്ബന്ധമാണ്. നിസ്കരിക്കുകയാണെന്നറിഞ്ഞാൽ അവർക്ക് വിഷമമാകില്ലെങ്കിൽ നിസ്കാരം മുറിക്കരുത്. പകരം കൂടുതൽ ദീർഘിപ്പിക്കാതെ നിസ്കാരം പൂർത്തിയാക്കി അവരെ ബന്ധപ്പെടണം. മാതാ പിതാക്കൾക്ക് ഗുണം ചെയ്യൽ നിർബ്ബന്ധമാണ്. അവർക്ക് പ്രയാസമുണ്ടാക്കൽ ഹറാമുമാണ്. അതിനാൽ അവർക്ക് പ്രയാസമാകുമെങ്കിൽ സുന്നത്തായ നിസ്കാരം മുറിച്ച് അവർക്ക് പറയാനുള്ളത് കേട്ട് അവരെ തൃപ്തിപ്പെടുത്തിയതിന് ശേഷം വിണ്ടും നിസ്കരിക്കുകയാണ് വേണ്ടത്.(ശറഹു മുസ്ലിം, ഫത്ഹുൽ ബാരി, ബുജൈരിമി, ശറഹുൽ ഇഖ്നാഅ്)


മാതാ പിതാക്കൾക്ക് ചെറിയ വിഷമം പോലും ഉണ്ടാകാതിരിക്കാൻ മക്കൾ വളരേ ജാഗ്രത പുലർത്തണമെന്നാണിത് സൂചിപ്പിക്കുന്നത്. അവർ വിഷമിക്കുമെങ്കിൽ അവരുടെ വിളി കേൾക്കാതെ സുന്നത്ത് നിസ്കാരം പോലും തുടരരുതെന്നാണ് ശറഇന്റെ ശാസനയെങ്കിൽ നമ്മുടെ ദൈനം ദിന തിരക്കുകൾക്കിടിയിൽ അവരുടെ കോളുകൾ അറ്റന്റ് ചെയ്യാൻ വൈകുകയോ അവർ നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്ന വല്ല കാര്യവും ചെയ്തു കൊടുക്കുന്നതിൽ വീഴ്ച വരുത്തുകയോ ചെയ്യുക വഴി അവർക്ക് മനഃപ്രായസമുണ്ടാകുന്നതിനെ നാം എത്രമേൽ ഭയപ്പെടണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.


മറുപടി നൽകിയത്   :  നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി

No comments:

Post a Comment