Monday 16 March 2020

ഖിബ്ലയിലേക്ക് കാല്‍ നീട്ടുമ്പോള്‍ ഹനഫീ മദ്ഹബുകാരായ സുഹൃത്തുകള്‍ ശക്തമായി എതിര്‍ക്കുന്നു. ശാഫിഈ-ഹനഫീ മദ്ഹബുകളുടെ പ്രമാണങ്ങളനുസരിച്ച് ഖിബ്ലയിലേക്ക് കാല്‍ നീട്ടുന്നതിന്‍റെ വിധിയെന്താണെന്ന് വിശദീകരിക്കാമോ?



ഹനഫീ മദ്ഹബനുസരിച്ച് ഖിബ്ലയുടെ ഭാഗത്തേക്ക് കാല്‍ നീട്ടല്‍ കറാഹത്താണ്. എന്നാല്‍ ശാഫിഈ മദ്ഹബില്‍ ഇത് കറാഹത്തില്ല. ശൈഖ് സാദ എന്നറിയപ്പെടുന്ന ഹനഫീ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ മുഹമ്മദുബ്നു സുലൈമാനുല്‍ കലാബൂലി(റ) പറയുന്നു: ഖിബ്ലയുടേയും മുസ്വ്ഹഫിന്‍റേയും ഫിഖ്ഹ് കിതാബുകളുടേയും ഭാഗത്തേക്ക് കാല്‍ നീട്ടല്‍ കറാഹത്താണ്. എന്നാല്‍ നമ്മള്‍ കാല്‍ നീട്ടുന്ന ഭാഗത്ത് ഖുര്‍ആന്‍ ഉള്‍പ്പെടെയുള്ള ഗ്രന്ഥങ്ങള്‍ ഉയരത്തിലാണെങ്കില്‍ പറയപ്പെട്ട കറാഹത്ത് വരുന്നില്ല (മജ്മഉ ഫീ ശറഹി മുല്‍തഖില്‍ അബ്ഹുര്‍: 1/ 100).



ഇബ്നു ആബിദീന്‍(റ) അദ്ദേഹത്തിന്‍റെ ഹാശിയയില്‍ പറയുന്നു: ഇമാം റഹ്മത്തി(റ), കിതാബു ശഹാദാത്തില്‍ ഖിബ്ലയിലേക്ക് കാല്‍ നീട്ടിയ ആളുടെ ശഹാദത്ത് തള്ളപ്പെടുമെന്ന് പറഞ്ഞതായി കാണാം. ഇത് തേടുന്നത് ഖിബ്ലയിലേക്ക് കാല്‍ നീട്ടല്‍ ഹറാമാണെന്നാണ് (ഹാശിയതു ഇബ്നു ആബിദീന്‍: 1/ 342).

ശാഫിഈ മദ്ഹബിലെ ഗ്രന്ഥമായ നിഹായതുല്‍ മുഹ്താജിന്‍റെ ഹാശിയയില്‍ അലിയ്യു ശിബ്റാ മുല്ലസി(റ) പറയുന്നു: നിസ്കാരത്തില്‍ കാല്‍ നീട്ടി ഇരിക്കല്‍ കറാഹത്താണ്. എന്നാല്‍ നിസ്കാരത്തിലല്ലാത്ത അവസരത്തില്‍ കറാഹത്തില്ല. എങ്കിലും ഖിബ്ലക്ക് നേരെ കാല്‍ നീട്ടല്‍ മോശമായി കാണുന്ന ആളുടെ അടുത്ത് വച്ച് ഖിബ്ലയിലേക്ക് കാല്‍ നീട്ടല്‍ കറാഹത്താണ്. ഖിബ്ലയിലേക്ക് കാല്‍ നീട്ടല്‍ അത്യാവശ്യമാകാത്ത(ളറൂറത്ത്) സാഹചര്യത്തിലാണിത് (ഹാശിയതു അലിയ്യുശിബ്റാ മുല്ലസി അലാ നിഹായതില്‍ മുഹ്താജ്: 1/548).

ഇമാം ഖല്‍യൂബി(റ) പറയുന്നു: മൂത്രമൊഴിക്കലും വിസര്‍ജിക്കലും ഖിബ്ലക്ക് മുന്നിട്ടും പിന്നിട്ടും ചെയ്യാന്‍ പാടില്ല എന്ന് പറഞ്ഞത് കൊണ്ട് സംയോഗം ചെയ്യുക, കൊമ്പ് വെക്കുക(ഹിജാമ), ചലം പുറത്തെടുക്കുക, നജസായ വസ്തുക്കള്‍ ഖിബ്ലക്ക് നേരെ ഇടുക മുതലായവ ഒഴിവാകും. ഖിബ്ലക്ക് മുന്നിട്ടോ പിന്നിട്ടോ അവ ചെയ്യുന്നതില്‍ കറാഹത്തോ ഹറാമോ വരില്ല (ഹാശിയതുല്‍ ഖല്‍യൂബി: 1/45).

No comments:

Post a Comment