Monday 16 March 2020

ഭക്ഷിക്കാനുള്ള മാംസം കഴുകിയതിന് ശേഷം ഇറച്ചിയില്‍ അവശേഷിക്കുന്ന രക്തത്തിന് വിട്ടുവീഴ്ചയുണ്ടോ?



മാംസം കഴുകിയതിനു ശേഷം അതില്‍ അവശേഷിക്കുന്ന രക്തത്തെ തൊട്ട് വിട്ടുവീഴ്ചയുണ്ടെന്നാണ് മതവിധി. ഖതീബു ശിര്‍ബീനി(റ) പറയുന്നു: ‘കഴുകിയതിനു ശേഷം എല്ലിലും ഇറച്ചിയിലും ബാക്കിയാകുന്ന രക്തം ശുദ്ധിയുള്ളതാണ്. ഇമാം നവവി(റ)യുടെ മജ്മൂഅ് എന്ന ഗ്രന്ഥത്തില്‍ പറഞ്ഞ വാചകത്തിന്‍റെ ഉദ്ദേശ്യവും അതുതന്നെ.’


കഴുകിയ ശേഷം മാംസത്തിലും എല്ലിലും അവശേഷിക്കുന്ന രക്തം ത്വാഹിറാണെന്നതിന് ആഇശ(റ)യുടെ ഹദീസുകള്‍ തെളിവാണെന്ന് ഇമാം സുബ്കി(റ) പ്രസ്താവിച്ചതും മേല്‍ അഭിപ്രായത്തെ സാധൂകരിക്കുന്നു. മഹതി പറഞ്ഞു: ഞങ്ങള്‍ നബി(സ്വ)യുടെ കാലത്ത് അലീസ(ബുര്‍മത്) വേവിക്കാറുണ്ടായിരുന്നു. രക്തത്താലുള്ള ഒരു മഞ്ഞ നിറം അലീസയില്‍ ഉയര്‍ന്നുവരും. അത് ഞങ്ങള്‍ ഭക്ഷിക്കാറുണ്ടായിരുന്നു. അത് ഭക്ഷിക്കുന്നതിനെ തൊട്ട് നബി(സ്വ) വിലക്കാറുണ്ടായിരുന്നില്ല. ഇമാം ഹലീമി(റ)യുടെയും ഒരു കൂട്ടം പണ്ഡിതന്മാരുടെയും പ്രസ്താവനകളുടെ പ്രത്യക്ഷ സാരം, അത് നജസാണെങ്കിലും വിട്ടുവീഴ്ച ചെയ്യപ്പെടുമെന്നത്രെ (മുഗ്നില്‍ മുഹ്താജ്: 1/79).

സുലൈമാനുല്‍ ജമല്‍(റ) രേഖപ്പെടുത്തി: കൂടുതലായി സംഭവിക്കുന്ന ഒരു വിഷയത്തെ സംബന്ധിച്ച് ദര്‍സില്‍ ചോദ്യമുയര്‍ന്നു. മാംസം ധാരാളം തവണ കഴുകിയിട്ടും വൃത്തിയാകാതെ അതേ രൂപത്തില്‍ വേവിച്ചു. കറിയില്‍ രക്തത്തിന്‍റെ നിറം വെളിവാകുകയും ചെയ്തു. ഈ രക്തത്തെ തൊട്ട് ഇളവുണ്ടോ എന്നതാണ് ചോദ്യം. ഇവിടെ വിട്ടുവീഴ്ചയുണ്ടെന്നാണ് മനസ്സിലാകുന്നത്. ആ രക്തത്തെ തൊട്ട് സൂക്ഷിക്കാന്‍ പ്രയാസമായതാണ് കാരണം (ഹാശിയതുല്‍ ജമല്‍: 1/193).

No comments:

Post a Comment