Friday 6 March 2020

ജനാബത്തിന്‍റെ കുളി ഉദ്ദേശിച്ചു ബാത്ത്റൂമിൽ കയറുകയും കുളിക്കുമ്പോൾ നിയ്യത്ത് മറക്കുകയും ചെയ്താൽ ആ കുളി സ്വീകാര്യമാകുമോ?



വലിയ അശുദ്ധി ഉയര്‍ത്തുന്നതിന് വേണ്ടി കുളിക്കുമ്പോള്‍ കുളിയുടെ തുടക്കത്തോട് ചേര്‍ന്ന് നിയ്യത്ത് വെക്കല്‍ നിര്‍ബന്ധമാണ്.


കുളിയുടെ മുന്നോടിയായുള്ള മിസ്’വാക്ക് ചെയ്യുക പോലോത്ത  സുന്നത്തുകള്‍ക്ക് പ്രതിഫലം ലഭിക്കണമെങ്കില്‍ അവയുടെ തുടക്കത്തോട് ചേര്‍ന്ന രീതിയില്‍ നിയ്യത്ത് വെക്കേണ്ടതാണ്.


വുളൂ ചെയ്യുമ്പോള്‍ നാം ചെയ്യാറുള്ളത് പോലെ, കുളിയുടെ സുന്നത്തുകള്‍ ചെയ്യുമ്പോള്‍ 'ഞാന്‍ കുളിയുടെ സുന്നത്തിനെ കരുതുന്നു' എന്ന് നിയ്യത്ത് വെക്കുകയും പിന്നീട് കുളിയുടെ ഫര്‍ളായ ശരീരഭാഗങ്ങള്‍ കഴുകല്‍ തുടങ്ങുമ്പോള്‍, ഞാന്‍ ജനാബതിനെ ഉയര്‍ത്തുന്നു എന്നോ ഫര്‍ള് കുളി നിര്‍വഹിക്കുന്നു എന്നോ നിസ്കരിക്കാന്‍ വേണ്ടി കുളിക്കുന്നു എന്നോ അല്ലെങ്കില്‍ മറ്റു പരിഗണനീയമായ ഏതെങ്കിലും നിയ്യത്തുകളോ കരുതുകയുമാണ് വേണ്ടത്. (ഫത്ഹുല്‍ മുഈന്‍, ഇആനതുത്ത്വാലിബീന്‍ 1/129)


ചോദ്യത്തില്‍ പറഞ്ഞതനുസരിച്ച് നിയ്യത്ത് ഫര്‍ളിനോട് ചേര്‍ന്ന് വരാത്തതിനാല്‍ ആ കുളി പരിഗണനീയമല്ല. നിയ്യത്ത് ബാത്റൂമില്‍ കയറുന്നതിനോട് മാത്രം ചേര്‍ന്നുവന്നാല്‍ മതിയാകില്ലെന്ന് സാരം.


കുളി തുടങ്ങിയ ശേഷം ഇടക്ക് വെച്ചാണ് നിയ്യത്ത് വെച്ചതെങ്കില്‍ നിയ്യത്ത് വെക്കുന്നതിന് മുമ്പ് കഴുകിയ ഭാഗങ്ങള്‍ വീണ്ടും കഴുകിയാലേ ഫര്‍ള് വീടുകയുള്ളൂ. എന്നാല്‍ നിയ്യത്ത് വെച്ച് ശരീരത്തിന്‍റെ അല്‍പഭാഗം കഴുകുകയും പിന്നീട് ഉറങ്ങി എണീറ്റ് ബാക്കി കഴുകി കുളി പൂര്‍ത്തിയാക്കാനുദ്ദേശിക്കുകയും ചെയ്താല്‍ നിയ്യത്ത് മടക്കേണ്ടതുമില്ല. (ഫതഹുല്‍മുഈന്‍)


മറുപടി നൽകിയത്   മുബാറക് ഹുദവി അങ്ങാടിപ്പുറം

No comments:

Post a Comment