Sunday 8 March 2020

അന്യമതസ്ഥരുടെ ആരാധനാ വസ്തുക്കൾ , അവരുടെ പൂജയ്ക്ക് ആവശ്യമായ സാധനങ്ങൾ മുതലായവ വിൽക്കുന്നതിന്റെ വിധി എന്ത്



പൂജാ വസ്തുക്കൾ വിൽപ്പന നടത്തൽ ഹറാമും വളരേ ഗൌരവമുള്ള കാര്യവുമാണ്. അന്യ മതക്കാരനായി എന്നത് ബഹുദൈവാരാധന അനുവദനീയമാകാനുള്ള ലൈസൻസായി ഇസ്ലാം കാണുന്നില്ല. അല്ലാഹുവിന്റെ വിധിവലക്കുകൾ പാലിക്കാൻ വിശ്വാസികളും അവിശ്വാസികളുമായ ലോകത്തെല്ലാവരോടുമാണ് അല്ലാഹു അഭിസംഭോധന ചെയ്യുന്നത് (ശറഹു മുസ്ലിം). അതിനാൽ ഇസ്ലാം നിഷിദ്ധമാക്കിയ ഒരു കാര്യം ചെയ്യാൻ ആരെയും സഹായിക്കാൻ പാടില്ല ഇത് വിശുദ്ധ ഖുർആനും തിരു ഹദീസും വ്യക്തമാക്കിയതും ഇസ്ലാമിക പണ്ഡിതർക്കിടയിൽ അഭിപ്രായ വ്യത്യാസമില്ലാത്ത കാര്യവുമാണ്. അല്ലാഹു തആലാ പറയുന്നു: ‘നിങ്ങൾ നന്മയുടേയും തഖ് വയുടേയും മേൽ പരസ്പരം സഹായിക്കുക, തിന്മയുടേയും ശത്രുതയുടേയും മേൽ നിങ്ങൾ പരസ്പരം സഹായിക്കരുത്’ (സൂറത്തുൽ മാഇദഃ).


ഇസ്ലാമിക ദൃഷ്ട്യാ ഏറ്റവും വലിയ തിന്മ അല്ലാഹുവിനെ നിഷേധിക്കലും ശിർക്ക് ചെയ്യലുമാണ്. അല്ലാഹു പൊറുക്കാത്ത ഏക പാപം അത് ശിർക്കാണ് (സൂറത്തുൽ മാഇദഃ). ശിർക്ക് ഏറ്റവും വലിയ അക്രമമാണ് (സൂറത്തു ലുഖ്മാൻ), ശിർക്ക് ചെയ്യുന്നവർ ചെന്നെത്തുന്നത് നരകത്തിലേക്കാണ് (സൂറത്തുൽ മാഇദഃ), ശിർക്ക് ചെയ്താൽ അത് വരേ ചെയ്ത എല്ലാ സൽകർമ്മങ്ങളും പൊളിഞ്ഞു പോകും (സൂറത്തുസ്സുമർ), ശിർക്ക് ചെയ്തവൻ ഏറേ ദൂരം പിഴച്ചു പോയവനാണ് (സൂറത്തുന്നിസാഅ്).

ഇത്തരത്തിൽ പൊറുക്കപ്പെടാത്ത പാപവും വലിയ അക്രമവും നരത്തിലേക്കുള്ള കുറുക്കു വഴിയും ഏറ്റവും വലിയ ദുർമ്മാർഗവുമായ ഈ കാര്യത്തിൽ  സഹായിക്കുന്നത് വൻപാപമാണ്. അതിനാൽ ഇത്തരം വല്ലുതും ആരിൽ നിന്നെങ്കിലും സംഭവിച്ചു പോയിട്ടുണ്ടെങ്കിൽ വേഗം തൌബ ചെയ്തു ഖേദിച്ചു മടങ്ങുകയും കൂടുതൽ ആരാധനകളിൽ മുഴുകി അല്ലാഹുവിന്റെ ദേഷ്യം ശമിപ്പിക്കാൻ നേക്കേണ്ടതുമാണ്.  അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്ന വിഷയത്തിൽ യാതൊരു വിട്ടു വീഴ്ചക്കും ഒരുക്കമല്ലെന്ന് ഓരോ വിശ്വാസിയോടും അവിശ്വാസികളൊട് വെട്ടിത്തുറന്ന് പറയാൻ അല്ലാഹു പറഞ്ഞിട്ടുണ്ട് (സൂറത്തുൽ കാഫിറൂൻ).

ഹറാമായ കാര്യം ചെയ്യുന്ന അല്ലെങ്കിൽ കഴിക്കുന്ന ആളെ ആ കാര്യം ചെയ്യാൻ വേണ്ടി അല്ലെങ്കിൽ കഴിക്കാൻ വേണ്ടി സഹായിക്കൽ ഹറാമാണ് (ഹാശിയത്തുൽ മഹല്ലീ, ശറഹു മുസ്ലിം).


മറുപടി നൽകിയത് :  നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി

No comments:

Post a Comment