Friday, 6 March 2020

ഗ്രാഫിക് ഡിസൈനറായ ഒരു വ്യക്തിക്ക് ജോലിയുടെ ഭാഗമായി ഇതര മതസ്ഥരുടെ ആഘോഷങ്ങളുടെയും , ദൈവങ്ങളുടേയുമൊക്കെ ചിത്രം ഡിസൈൻ ചെയ്തു നൽകാൻ പറ്റുമോ



ജോലിയുടെ ഭാഗമായിട്ടാണെങ്കിലും അല്ലെങ്കിലും അനിസ്ലാമികമായ കാര്യങ്ങൾ ചെയ്യൽ ഒരു സത്യവിശ്വാസിക്ക് അനുവദനീയമല്ല. ഒരു സത്യ വിശ്വാസി തന്റെ വാക്കിലും പ്രവൃത്തിയിലും ചിന്തയിലും സദാ അല്ലാഹുവിനേയും റസൂൽ (സ്വ)യേയും അനുസരിക്കുന്നവനാകണം.  റസൂൽ (സ്വ) നമ്മോട് എന്ത് ചെയ്യാൻ കൽപ്പിച്ചുവോ അത് നാം ഏത് ഘട്ടത്തിലും അനുവർത്തിക്കണം. എന്ത് ചെയ്യരുത് എന്ന് പറഞ്ഞുവോ അതിൽ നിന്ന് നാം വിട്ടു നിൽക്കുകയും വേണം. ഇക്കാര്യം പരിശുദ്ധ ഖുർആനും തിരു ഹദീസും നിരവധി തവണ നമ്മോട് ഉണർത്തിയതും ദീനിൽ തെളിവുകൾ ആവശ്യമില്ലാത്ത വിധം പ്രസിദ്ധമായതുമാണ്. അതിനാൽ ദീനിന് വിരുദ്ധമായ കാര്യങ്ങളിൽ അത് ചെയ്യുന്നവരെ സഹായിക്കുന്ന യാതൊന്നും തൊഴിലിന്റെ ഭാഗമായാലും അല്ലെങ്കിലും ചെയ്യാൻ നമുക്ക് അനുവാദമില്ല. അല്ലാഹു തആലാ പറയുന്നു: “നിങ്ങൾ നല്ല കാര്യങ്ങളിലും തഖ്വയിലും പരസ്പരം സഹായിക്കുക, ചീത്ത കാര്യങ്ങളിലും ശത്രുതയിലും നിങ്ങൾ പരസ്പരം സഹായിക്കരുത്. (ഇക്കാര്യം യഥാവിധി പാലിക്കുന്നതിൽ) നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടണം. (കാരണം ഇത് നിങ്ങൾ പാലിച്ചില്ലെങ്കിൽ നിങ്ങളെ) അല്ലാഹു അതി ശക്തമായി ശിക്ഷിക്കുന്നവനാണ് (സൂറത്തുൽ മാഇദഃ).


നാം ഒരു ബഹുസ്വര സമൂഹത്തിൽ ജീവിക്കുമ്പോൾ ഇതര മതസ്ഥരുമായി വളരെ നല്ല രീതിയിലും സൌഹാർദ്ധത്തിലും മാതൃകാപരമായുമാണ് ഇടപഴകേണ്ടത്. എന്നാലത് നമ്മുടെ മതപരമായ അസ്ഥിത്വം പണയപ്പെടുത്തിയാവരുത്, പ്രത്യുത അല്ലാഹുവിന്റെ വിധിവിലക്കുകൾ പാലിച്ചും മത മൂല്യങ്ങളെ സംരക്ഷിച്ചുമാകണം. അത്തരം വിഷങ്ങളിൽ “നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം" എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായിരിക്കണം ഒരു വിശ്വാസിയുടെ നിലപാട് എന്ന് വളരെ വ്യക്തമായി വിശുദ്ധ ഖുർആൻ അനുശാസിച്ചിട്ടുണ്ട് (സൂറത്തുൽ കാഫിറൂൻ). യഥാർത്ഥത്തിൽ എതൊരു ജനതയുടേയും സാമൂഹിക ഘടനയുടെ ഭദ്രത കോട്ടം തട്ടാതെ ആരോഗ്യകരമായി നിലനിൽക്കാൽ ഈ നിലപാട് അത്യാവശ്യമാണ്. സമകാലിക സാമൂഹിക പരിസരത്ത് തന്നെ ഈ ആശയത്തിന്റ സാംഗത്യം വിളിച്ചോതുന്ന ധാരാളം ഉദാഹരണങ്ങൾ നമുക്ക് കാണാൻ കഴിയും. ഉദാ:-വല്ല കാര്യത്തിലും നമ്മുടെ മാതാപിതാക്കളുടെ കൽപന ധിക്കരിക്കാൻ ആരെങ്കിലും നമ്മോട് പറഞ്ഞാൽ അത് ചെയ്യാൻ എനിക്ക് സാധിക്കില്ലെന്ന് പറയാൻ നമുക്ക് പ്രയാസം തോന്നാറില്ലല്ലോ. അതുപോലെ ഒരു രാഷ്ട്രീയ പാർട്ടിയുടെ അടിയുറച്ച പ്രവർത്തകനോട് ഇതര പാർട്ടിക്കാരനായ ഒരു സുഹൃത്ത് അയാളുടെ പാർട്ടിക്കനുകൂലമായി പ്രവർത്തിക്കാൻ പ്രേരിപ്പിച്ചാൽ ന്യായമാണെങ്കിൽ കൂടി അത് പാർട്ടീ വിരുദ്ധ പ്രവർത്തനമായതിനാൽ ചെയ്യുവാൻ ഇയാൾ തയ്യാറാകില്ലല്ലോ. ആ നിരാസം മൂലം അദ്ദേഹത്തിലെ ബഹുസ്വരതയും സാമൂഹിക പ്രതിബദ്ധതയും വിശാല കാഴ്ചപ്പാടുമൊന്നും ആരും ചോദ്യം ചെയ്യാറുമില്ലല്ലോ. കാരണം ഏത് ബഹുസ്വര സമൂഹത്തിൽ ജീവിക്കുന്നവനും പാലിക്കുകയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന സ്വാഭാവികമായ ചില പരിമിതികളാണ് ഇവ. എന്നാൽ മാതാപിതാക്കളേക്കാളും രാഷ്ട്രീയ പാർട്ടികളേക്കാളും നേതാക്കളേക്കാളുമൊക്കെ എത്രയോ ഉന്നതനും അവരടക്കമുള്ള എല്ലാവരുടേയും സ്രഷ്ടാവുമായ അല്ലാഹുവിന്റെ വിധിവിലക്കുകളെ “നാലാൾ അറിഞ്ഞാലോ” എന്ന് ഭയന്ന് അടിയറവെക്കാൻ ഒരു വിശ്വാസി തയ്യാറാകുന്നുവെങ്കിൽ അയാളുടെ വിശ്വാസം എത്ര ക്ഷയിച്ചിരിക്കണം എന്ന് ഗൌരവത്തോടെ ചിന്തിക്കേണ്ടതാണ്.


അതു പോലെ തൊഴിലിന്റെ കാര്യം ഓർത്താണ് ആശങ്കയെങ്കിൽ, നമുക്ക് ഉപജീവനം നൽകുന്നതും അത് ലഭിക്കാനുള്ള  വ്യത്യസ്ഥ വഴികൾ തുറന്ന് തരുന്നതും നാമോ നമുക്ക് ചുറ്റുമുള്ളവരോ അല്ല, മറിച്ച് അല്ലാഹുവാണ് എന്നാണ് ഒരു സത്യവിശ്വാസി ഓർക്കേണ്ടത്. അല്ലാഹു തആലാ നമ്മെ ഹൃദയത്തോട് ചേർത്തു നിർത്തി പറയുന്നു: “(ഏത് കാര്യത്തിലായാലും) ആരെങ്കിലും അല്ലാഹുവിനെ സൂക്ഷിച്ച് ജീവിച്ചാൽ അവൻ അഭിമുഖീകരിക്കുന്ന ഏത് പ്രശ്നത്തിനും തക്കതായ പരിഹാരം അല്ലാഹു ഉണ്ടാക്കിക്കൊടുക്കും. അവൻ പ്രതീക്ഷിക്കാത്ത വഴികളിലൂടെ അവന് ആവശ്യമുള്ള ഉപജീവനം അല്ലാഹു നൽകുകയും ചെയ്യും (സൂറത്തുത്വലാഖ്).


മറുപടി നൽകിയത്   നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി

No comments:

Post a Comment