Saturday 7 March 2020

ജമാഅത് നിസ്‌കാരത്തിന്റെ മഹത്വങ്ങൾ



പ്രാര്‍ത്ഥന മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, (അല്ലാഹുവിന്റെ മുമ്പില്‍) തലകുനിക്കുന്നവരോടൊപ്പം നിങ്ങള്‍ തലകുനിക്കുകയും ചെയ്യുവിന്‍.(ഖു൪ആന്‍ :2/43)

മാലിക് ബ്നു ഹുവൈരിസില്‍(റ) നിന്ന്  നിവേദനം: ഞാൻ എന്റെ ജനതയിലെ ഒരു സംഘത്തോടൊപ്പം നബിയുടെ(സ്വ) അടുക്കൽ ചെന്നു. ശേഷം നബിയുടെ(സ്വ) അടുത്ത് ഇരുപത് ദിവസം താമസിച്ചു. നബി(സ്വ) വളരെ ദയാലുവായിരുന്നു. ഞങ്ങളുടെ കുടുംബത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം നബി(സ്വ)  കണ്ടപ്പോൾ അവിടുന്ന് അരുളി: നിങ്ങൾ തിരിച്ചുപോയി അവരൊടൊപ്പം തന്നെ താമസിക്കുക. അവർക്ക് നിങ്ങൾ മതതത്വങ്ങൾ പഠിപ്പിക്കുകയും നമസ്ക്കാരം അനുഷ്ഠിക്കുകയും ചെയ്യുക. നമസ്ക്കാരസമയമായാൽ നിങ്ങളിലൊരാൾ ബാങ്ക് കൊടുക്കുകയും നിങ്ങളിൽ വെച്ച് ഉന്നതൻ നിങ്ങൾക്ക് ഇമാമായി നമസ്ക്കരിക്കുകയും ചെയ്യട്ടെ. (ബുഖാരി റഹ്:628)

ഇബ്‌നു ഉമ്മുമക്തൂം(റ) ഒരിക്കൽ പ്രവാചകനോട്‌(സ്വ) ഇങ്ങനെ പറയുകയുണ്ടായി: പ്രവാചകരേ, ഞാൻ അന്ധനായ വ്യക്തിയാണ്‌, എന്റെ വീട്‌ വിദൂരത്താണ്‌, എനിക്ക്‌ വഴികാട്ടുവാനായി ഒരു വഴികാട്ടിയുമില്ല, ആയതിനാൽ എനിക്ക്‌ എന്റെ വീട്ടിൽ വെച്ച്‌ നമസ്കരിക്കുവാൻ വല്ല ഇളവുമു‍ണ്ടോ? അപ്പോൾ അല്ലാഹുവിന്റെ റസൂല്‍(സ്വ) ചോദിച്ചു: നീ ബാങ്ക്‌ കേൾക്കാറു‍ണ്ടോ? അദ്ദേഹം ഉത്തരം നൽകി: അതെ. നബി(സ്വ)  പറഞ്ഞു: ഞാൻ നിനക്ക്‌ ഇളവ്‌ കാണുന്നില്ല (അബൂദാവൂദ്:552)

മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെയാണ്‌ : ഇബ്‌നു ഉമ്മുമക്തൂം(റ) അല്ലാഹുവിന്റെ റസൂലിനോട്(സ്വ) ചോദിക്കുന്നു: പ്രവാചകരേ, മദീനയിൽ ധാരാളം ഉപദ്രവിക്കുന്ന ഇഴജന്തുക്കളുണ്ട്‌, അതുപോലെ ധാരളം വന്യമൃഗങ്ങളും. അപ്പോൾ റസൂല്‍(സ്വ) അദ്ദേഹത്തോട്‌ ചോദിക്കുകയുണ്ടായി: നമസ്കാരത്തിലേക്ക്‌ വരുവീൻ, വിജയത്തിലേക്ക്‌ വരുവീൻ എന്ന(വിളി) നീ കേൾക്കാറു‍ണ്ടോ? എങ്കിൽ നീ അതിലേക്ക്‌ വരേണ്ടതുണ്ട്‌. (അബൂദാവൂദ്)

അബുൽ അഹ്‌വസ്വിൽ(റ) നിന്ന്‌ നിവേദനം: അബ്ദുല്ലാഹ്‌(റ) പറഞ്ഞു: രോഗികളോ, കാപട്യം അറിയപ്പെട്ട കപട വിശ്വാസികളോ അല്ലാതെ നമസ്കാരത്തെ തൊട്ട്‌ ആരും പിന്തുന്നതായി ഞങ്ങൾ കാണാറില്ലായിരുന്നു, രോഗിയാണെങ്കിൽ രണ്ടാളുകൾക്കിടയിൽ നടന്നുകൊ‍ണ്ടെങ്കിലും നമസ്കാരത്തിലേക്ക്‌ വരാറുന്മായിരുന്നു. അദ്ദേഹം തുടരുന്നു: തീർച്ചയായും പ്രവാചകൻ(സ്വ) ഞങ്ങൾക്ക്‌ സന്മാർഗ്ഗ ചര്യ പഠിപ്പിച്ച്‌ തന്നിരിക്കുന്നു, ആ സന്മാർഗ്ഗ ചര്യയിൽ പെട്ടതാണ്‌ ബാങ്ക്‌ കൊടുക്കുന്ന പള്ളിയിൽ വെച്ച്‌ നമസ്കരിക്കുകയെന്നത്‌. (മുസ്ലിം റഹ്:654)

ആയിശ(റ) നിവേദനം: തിരുമേനിയെ(സ്വ) രോഗം ബാധിക്കുകയും രോഗം മൂർച്ചിക്കുകയും ചെയ്തപ്പോൾ തിരുമേനിക്ക്(സ്വ) എന്റെ വീട്ടിൽ വെച്ച് രോഗശുശ്രൂഷ നടത്താൻ മറ്റു ഭാര്യമാരോട് തിരുമേനി(സ്വ) സമ്മതം ആവശ്യപ്പെട്ടു. അപ്പോൾ എല്ലാവരും അതനുവദിച്ചു കൊടുത്തു. അങ്ങനെ അബ്ബാസിന്റെയും(റ) മറ്റൊരു പുരുഷന്റെയും ഇടയിലായി തന്റെ രണ്ടു കാലുകൾ ഭൂമിയിലൂടെ വലിച്ചിഴച്ചുകൊണ്ട് അവിടുന്ന് പുറപ്പെട്ടു. ഇബ്നു അബ്ബാസ്(റ) പറയുന്നു: ആയിശ(റ) പേര് പറയാത്ത ആ പുരുഷൻ അലി(റ) ആയിരുന്നു. (ബുഖാരി റഹ്:665)

ഉബയ്യ് ബ്നു കഅ‍ബ്‌(റ) പറയുന്നു: ഒരു ദിവസം പ്രവാചകൻ(സ്വ) ഞങ്ങളെയും കൊണ്ട് സുബ്ഹി നമസ്ക്കരിക്കുകയുന്മായി, എന്നിട്ട്‌ ഇന്ന വ്യക്തി നമസ്ക്കാരത്തിന്‌ സന്നിഹിദനായിട്ടുണ്ടോ, ഇന്ന വ്യക്തി നമസ്ക്കാരത്തിന്‌ സന്നിഹിദനായിട്ടുണ്ടോ  എന്ന്‌ ചോദിക്കുകയുന്മായി. സ്വഹാബികൾ പറഞ്ഞു: 'ഇല്ല പ്രവാചകരെ'. അപ്പോൾ തിരുമേനി(സ്വ) പറയുകയുന്മായി: ഈ രണ്ട് നമസ്കാരങ്ങളാണ്‌ കപട വിശ്വാസികൾക്ക്‌ ഭാരം കൂടിയത്‌, എന്നാൽ അവക്കുള്ള പ്രതിഫലം അവർ അറിഞ്ഞിരുന്നുവേങ്കിൽ അവർ അവരുടെ മുട്ടുകളിൽ ഇഴഞ്ഞ്‌ കൊണ്ടെങ്കിലും അതിലേക്ക്‌ എത്തിച്ചേരുമായിരുന്നു. ഒന്നാമത്തെ സ്വഫ്ഫിനുള്ള പ്രത്യേകത മലക്കുകളുടെ സ്വഫ്ഫ്‌ പോലെയാണ്‌, അവർ അതിന്റെ പ്രതിഫലം മനസിലാക്കിയിരുന്നെങ്കിൽ അത്‌ കരസ്ഥമാക്കുവാൻ വേണ്ടി അവർ ധൃതിപ്പെട്ട്‌ വരുമായിരുന്നു. ഒരാൾ മറ്റൊരാളുമായി ജമാഅത്തായി നമസ്ക്കരിക്കുന്നതാണ്‌ അയാൾ ഒറ്റക്ക്‌ നമസ്ക്കരിക്കുന്നതിനേക്കാൾ ഏറ്റവും നല്ലത്‌. ഒരാൾ രണ്ടാളുമായി ജമാഅത്തായി നമസ്ക്കരിക്കുന്നതാണ്‌ രണ്ടാള്‍ ജമാഅത്തായി നമസ്ക്കരിക്കുന്നതിനേക്കാൾ ഏറ്റവും നല്ലത്‌. എത്രത്തോളം ആളുകൾ വർദ്ദിക്കുന്നുവോ അത്രക്കും അല്ലാഹു വിന്‌ ഇഷ്ടമാണത്‌. (അബൂദാവൂദ് റഹ്:554)

അബ്ദുല്ലാഹിബ്‌നു ഉമറില്‍(റ)  നിന്ന് നിവേദനം :  അല്ലാഹുവിന്റെ റസൂൽ(സ്വ) പറഞ്ഞു: തനിച്ച് നമസ്കരിക്കുന്നതിനേക്കാൾ ജമാഅത്ത് നമസ്കാരത്തിന് ഇരുപത്തി ഏഴ് ഇരട്ടി പ്രതിഫലമുണ്ട്.(ബുഖാരി റഹ്: 645)

ഒരാൾ ഫർള് നിസ്കാരം ജമാഅത്തായി നിസ്കരിക്കാൻ വേണ്ടി നടന്നു പോയി അത് നിർവ്വഹിച്ചാൽ അത് ഒരു ഹജ്ജ് നിർവ്വഹിക്കുന്നതിന് പോലെ പുണ്യരകമാണ്. ഒരാൾ സുന്നത്ത് നിസ്കരിക്കാൻ വേണ്ടി നടന്ന് പോയി അത് നിർവ്വഹിച്ചാൽ അത് ഒരു ഉംറ നിർവ്വഹിക്കുന്നത് പോലെ പുണ്യകരമാണ്’. (ത്വബ്റാനി).

ആരെങ്കിലും നാൽപത് ദിവസം, ഇമാമിനോട് കൂടെ തക്ബീറത്തുൽ ഇഹ്റാം കിട്ടും വിധം, ജമാഅത്തായി നിസ്കരിച്ചാൽ രണ്ട് തരത്തിലുള്ള മോചനം അവന് വേണ്ടി എഴുതപ്പെടും, ഒന്ന് നരകത്തിൽ നിന്നുള്ള മോചനവും രണ്ട് കാപട്യത്തിൽ നിന്നുള്ള മോചനവുമാണവ’ (തിർമ്മിദി).

ആരെങ്കിലും പളളിയിൽ പോയി ജമാഅത്തായി നിസ്കരിച്ചാൽ ഓരോ പോക്കിനും അല്ലാഹു അവന് വേണ്ടി വേണ്ടി സ്വർഗത്തിൽ ഓരോ അഥിതി മന്ദിരം ഒരുക്കും’ (ബുഖാരി, മുസ്ലിം റഹ്).

‘ആരെങ്കിലും നിസ്കരിക്കാൻ വേണ്ടി (ആദാബുകൾ പാലിച്ചുള്ള പൂർണ്ണമായ) വുളൂഅ് എടുത്ത് ജമാഅത്തിൽ പങ്കെടുക്കാൻ വേണ്ടി നടന്നു പോകുകയും പള്ളിയിൽ വെച്ചോ മറ്റോ ജമാഅത്തായി നിസ്കരിക്കുകയും ചെയ്താൽ അവന്റെ ദോഷങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കും’ (സ്വഹീഹ് മുസ്ലിം റഹ്) .

‘ആരെങ്കിലും ഇശാഅ് നിസ്കാരം ജമാഅത്തായി നിസ്കരിച്ചാൽ അവൻ ആ രാത്രി പകുതിയോളം നിന്ന് നിസ്കരിച്ചവനെപ്പോലെയാണ്. ആരെങ്കിലും സുബ്ഹ് നിസ്കകാരം ജമാഅത്തായി നിസ്കരിച്ചാൽ ആ രാത്രി മുഴുവനും നിന്ന് നിസ്കരിച്ചവനെപ്പോലെയാണ്’ (സ്വഹീഹ് മുസ്ലിം റഹ്).

മുൻഗാമികൾ അവർക്ക് ജമാഅത്ത് നിസ്കാരം നഷ്ടപ്പെടുന്നത് ഒരു ആപത്ത് സംഭവിക്കുന്നത് പോലെയാണ് കണ്ടിരുന്നത്. മുൻഗാമികളിലൊരാൾ ഒരിക്കൽ തന്റെ ഈത്തപ്പനത്തോട്ടത്തിൽ പോയി തിരിച്ച് വന്നപ്പോഴേക്കും പള്ളിയിൽ അസ്വറിന്റെ ജമാഅത്ത് കഴിഞ്ഞിരുന്നു. ഉടൻ അദ്ദേഹം ആപത്ത് സംഭവിക്കുമ്പോൾ ചൊല്ലുന്ന വചനമായ إنا لله.... എന്ന് ചൊല്ലിയിട്ട് പറഞ്ഞു:

‘ഇന്നെനിക്ക് ഈ ഇത്തപ്പനത്തോട്ടം കാരണം ജമാഅത്ത് നിസ്കാരം നഷ്ടപ്പെട്ടിരിക്കുന്നു. അതു കൊണ്ട് ഞാൻ ഈ തോട്ടം പാവങ്ങൾക്കിതാ ധർമ്മം ചെയ്യുന്നു’.....

അബ്ദുല്ലാഹിബ്നു ഉമർ (റ) വിന് ഒരിക്കൽ ഇശാഇന്റെ ജമാഅത്ത് നഷ്ടപ്പെട്ടപ്പോൾ ആ നഷ്ടം പരിഹരിക്കാൻ വേണ്ടി ആ രാത്രി നേരം പുലരുവോളം മഹാനവർകൾ നിസ്കരിച്ചു കൊണ്ടേയിരുന്നു......

ഉബൈദുല്ലാഹി ബിനു ഉമറുൽ ഖവാരീറി (റ) ഒരിക്കൽ തന്റെ വീട്ടിൽ വന്ന അഥിതിയെ സൽക്കരിക്കുന്ന തിരക്കിൽ ഇശാഇന്റെ ജമാഅത്ത് നഷ്ടപ്പെട്ടു. ഉടൻ അദ്ദേഹം എവിടെയെങ്കിലും ജമാഅത്ത് കഴിയാൻ ബാക്കിയുണ്ടോ എന്നറിയാൻ വേണ്ടി ആ നാട്ടിലെ മുഴുവൻ പള്ളികളിലും പോയി നോക്കി. പക്ഷേ എല്ലായിടത്തും നിസ്കാരം കഴിഞ്ഞ് പള്ളികൾ അടച്ചിരുന്നു. ദുഃഖിതനായ അദ്ദേഹം വീട്ടിൽ ചെന്നപ്പോൾ ‘ജമാഅത്തായി നിസ്കരിക്കുന്നത് ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാൾ 27 ഇരട്ടി സ്രേഷ്ഠതയുള്ളതാണ്’ എന്ന നബി
(സ)വചനം അദ്ദേഹത്തിന് ഓർമ്മവരികയും (ജമാഅത്ത് നഷ്ടപ്പെട്ടതിന് പകരമായി) 27 തവണ ഇശാഅ് നിസ്കരിച്ച് കിടന്നുറങ്ങുകയും ചെയ്തു. ആ ഉറക്കിൽ അദ്ദേഹം ഒരു സമൂഹത്തിന്റെ കൂടെ കുതിര സവാരി ചെയ്യുന്നത് സ്വപ്നം കണ്ടു. ആ സമൂഹം മുഴുവൻ മുന്നിലും അദ്ദേഹം അവർക്ക് പിന്നിലുമായിരുന്നു. അദ്ദേഹം തന്റെ കുതിരയെ എത്ര സ്പീഡിൽ ഓടിച്ചിട്ടും അവരുടെ അടുത്ത് എത്താൻ കഴിയുന്നില്ല. അപ്പോൾ അവരിലൊരാൾ അദ്ദേഹത്തെ തിരിഞ്ഞു നോക്കി പറഞ്ഞു: ‘താങ്കൾ കുതിരയെ എത്ര പ്രയാസപ്പെടുത്തിയാലും താങ്കൾക്ക് ഞങ്ങളുടെ കൂടെ എത്താൻ കഴിയില്ല’. എന്തു കൊണ്ടാണ് സാധിക്കാത്തത് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പ്രതിവചിച്ചു: ‘കാരണം ഞങ്ങളിന്ന് ഇശാഅ് നിസ്കരാം ജമാഅത്തായിട്ടും നിങ്ങൾ നിങ്ങൾ ഒറ്റക്കുമാണ് നിസ്കരിച്ചത്’. ഇത് കേട്ടപ്പോൾ ദുഃഖിതനായി അദ്ദേഹം ഉറക്കമുണർന്നു.


മുൻഗാമികളിലൊരാൾ പറഞ്ഞു: ‘താൻ ചെയ്ത എന്തെങ്കിലും ദോഷം കാരണല്ലാതെ ഒരാൾക്കും ഒരു ജമാഅത്തും നഷ്ടപ്പെടുകയില്ല’..... മുൻഗാമികൾക്ക് വല്ല കാരണത്താലും ഒരു ജമാഅത്ത് നിസ്കാരം നഷ്ടപ്പെട്ടാൽ (ഉറ്റവരും ഉടയവരും നഷ്ടപ്പെടുംപോലെ) ആ നഷ്ടം സഹിക്കാൻ കഴിയാത്തിന്റെ പേരിൽ ഏഴു ദിവസം അവർ അവരോട് തന്നെ അനുശോചനം രേഖപ്പെടുത്തുമായിരുന്നു. ഇനി ഒരു റക്അത്താണ് അവർക്ക് ജമാഅത്തിൽ നഷ്ടപ്പെട്ടതെങ്കിൽ മൂന്ന് ദിവസം ആ നഷ്ടത്തിൽ അവർ അവരോട് തന്നെ അനുശോചനം രേഖപ്പെടുത്തുമായിരുന്നു (അൽ മിനഹുസ്സനിയ്യ, ഇഹ്യാഉ ഉലൂമിദ്ദീൻ)


No comments:

Post a Comment