Tuesday 1 September 2020

അബൂ ഉബൈദ ബിന്‍ ജര്‍റാഹ് (റ)






പ്രമുഖ സ്വഹാബി വര്യൻ . അബൂ ഉബൈദ ആമിർ ബിൻ അബ്ദില്ല ബിൻ ജര്‍റാഹ് എന്ന് പൂർണ നാമം 

ഖുറൈശി ഗോത്രത്തിലാണ്‌ അബൂ ഉബൈദ:(റ) ജനിച്ചത്‌. യഥാര്‍ത്ഥനാമം ആമിര്‍ എന്നാണ്‌. പിതാവ്‌ അബ്‌ദുല്ലയും മാതാവ്‌ ഉമൈമയുമാകുന്നു. പിതാമഹനിലേക്ക്‌ ചേര്‍ത്തി, അബൂഉബൈദ: ആമിറുബ്‌നുല്‍ ജര്‍റാഹ്‌ എന്നാണ്‌ പറയപ്പെടാറുള്ളത്‌. അബൂബക്‌ര്‍ (റ)വിന്റെ ക്ഷണമനുസരിച്ചാണ്‌ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചത്‌. അദ്ദേഹം മദീനയിലേക്ക്‌ ഹിജ്‌റ: പോയി. അവിടെ അദ്ദേഹത്തിന്‌ സഹോദരനായി നബി(സ്വ) നിശ്ചയിച്ചത്‌ സഅ്‌ദുബ്‌നു മുആദ്‌ (റ) വിനെയായിരുന്നു.തിരു നബി (ﷺ)യുടെ പിതാമഹന് ഫിഹ്റ് ബ്നു മാലിക്കിലേക്കാണ് മഹാന്റെ ശൃംഖല ചെന്നെത്തുന്നത്. 

മെലിഞ്ഞ് നീളമുള്ള ശരീരം, ചെറിയ താടി, മികച്ച പടയാളി,വിനയാന്വിതന് എന്നീ ഗുണഗണങ്ങളുടെ സമ്മിശ്രമായിരുന്നു അബൂഉബൈദ(റ). അബൂബക്റിനോടുള്ള അഗാധ ബന്ധമാണ് ഇസ്ലാമിലേക്ക് വഴി കാണിച്ചത്.പണ്ടെ ബിംബത്തിനോടും ശിര്ക്കിനോടും എതിര്പ്പുമാണ് താനും. വിശ്വാസിയായത് മുതല്ക്ക് ശത്രുക്കളുടെ കണ്ണിലെ കരടായി മാറി. പിതാവിന്റെ ഭാഗത്ത്നിന്നുമുള്ള പീഢനങ്ങളേല്ക്കവയ്യാതെ ഏത്യോപ്യയിലേക്ക് യാത്ര പോവേണ്ടി വന്നു. റസൂല് മദീനയിലേക്ക് ഹിജ്റ പോയതിന് ശേഷമാണ് മഹാന് ഏതോപ്യയില്നിന്നും മദീനയിലേക്ക് പോവുന്നത്.

സ്വർഗംകൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട പത്തിൽ ഒരാൾ . അമീനുൽ  ഉമ്മ (സമുദായത്തിന്റെ സൂക്ഷിപ്പുകാരൻ) എന്ന് പ്രവാചകൻ (സ) വിശേഷിപ്പിച്ചു. പ്രവാചകൻ (സ) ഏറ്റവും കൂടുതൽ സ്നേഹിച്ച വ്യക്തികൾ ആരെന്നു ചോദിക്കപ്പെട്ടപ്പോൾ  ആയിശ (റ) എണ്ണിയ മൂന്നു പേരിൽ  ഒരാൾ

ആദ്യകാലം മുതൽ പ്രവാചകരോടൊപ്പം (സ) ഇസ്ലാമിൽ ഉറച്ചുനിന്നു. അബ്സീനിയയിലേക്കും മദീനയിലേക്കും ഹിജ്റ പോയി. പ്രവാചകരോടൊപ്പം (സ) എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. പല സരിയ്യത്തുകളുടെയും നായക സ്ഥാനം വഹിച്ചു. ബദർ യുദ്ധത്തിൽ ശത്രുപക്ഷത്തുണ്ടായിരുന്ന പിതാവുമായി ഏറ്റുമുട്ടുകയും വധിക്കുകയും ചെയ്തു. ശേഷം, പ്രവാചക സവിധം വന്നു സലാം പറഞ്ഞു. പ്രവാചകൻ (സ) സലാം മടക്കിയില്ല. താമസിയാതെ അദ്ദേഹത്തിന്റെ പ്രവർത്തനത്തെ ശരിവെച്ചുകൊണ്ട് ഖുർആൻ അവതരിച്ചു.

ഇസ്ലാമിന്റെ ശത്രുക്കൾ സ്വന്തം മാതാപിതാക്കൾ ആയാൽ പോലും അവരോട് യുദ്ധം ചെയ്യാമെന്ന വിധിയുണ്ടായി. അതോടെ പ്രവാചകൻ (സ) സലാം മടക്കി. അദ്ദേഹത്തിന്റെ പ്രവർത്തനത്തെ ശരിവെച്ചു. ഇസ്ലാമിന്റെ വഴിയിൽ ഒരാളെയും പേടിക്കാത്ത ധീര വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെത്. ഉഹ്ദ് യുദ്ധത്തിൽ പ്രവാചകരുടെ (സ) മുഖത്ത് തറച്ച വട്ടക്കണ്ണികൾ കടിച്ചൂരിയത് അദ്ദേഹമായിരുന്നു.

ലോകത്തിന്റെ നേതാവായ നബി (സ) യുടെ മേൽ വിശേഷണത്തിനർഹനാവാൻ ഭാഗ്യം ലഭിക്കുന്ന ഒരാളുടെ മഹത്വം എത്രമാത്രമായിരിക്കും അദ്ദേഹത്തെ ഇതിനർഹനാക്കിയ കാരണങ്ങൾ എന്തെല്ലാം 

ആദ്യകാല വിശ്വാസികളിൽ ഒരാളായ ബദ്റും, ഉഹ്ദും തുടങ്ങി ഒട്ടേറെ പോരാട്ടങ്ങളിൽ പങ്കെടുത്ത് നബി (സ) യുടെ ജീവൻ സംരക്ഷിക്കാൻ തന്റെ ശരീരം പണയപ്പെടുത്തിയ മഹാനുഭാവൻ 

ഇസ്ലാമിക ചരിത്രത്തിൽ അവർണനീയ സ്ഥാനീയരാണ് സ്വഹാബീ പ്രമുഖൻ അബൂഉബൈദതുബ്നുൽ ജറാഹ് (റ)  

നബിതിരുമേനി (സ) സ്വർഗ്ഗം ഉറപ്പു നൽകിയ സ്വഹാബീ ശ്രേഷ്ഠരായ പത്തിൽ ഒരാൾ  

അല്ലാഹുവിന്റെ പ്രീതിക്ക് പാത്രരായ ആദ്യകാല വിശ്വാസികളിൽ എട്ടാമത്തെ സ്വഹാബി 

ഒരിക്കല് നജ്റാനില് നിന്നൊരു സംഘം റസൂൽ [ﷺ]ലേക്ക് വന്നു. അവര്ക്ക് ഖുര്ആന് പഠിക്കാനും അനുബന്ധ കര്മ്മങ്ങളുടെ പ്രയോഗവല്ക്കരണത്തിനും റസൂൽ [ﷺ] തങ്ങളുടെ ശിഷ്യരെ തേടിയാണവര് വന്നിരിക്കുന്നത്. റസൂല് പറഞ്ഞു: “നിങ്ങള്ക്കൊപ്പം ഞാന് യഥാര്ത്ഥ വിശ്വസ്ഥനെ അയച്ചുതരാം”. ഞാനാവണം ആ ബഹുമതിയുള്ളവന്എന്നെല്ലാവരും കൊതിച്ചു. റസൂലിന്റെ കണ്ണുകള് മിന്നി മറഞ്ഞു അവസാനം പതിച്ചത് അബൂഉബൈദായുടെ നേര്ക്കാണ്. “ഓ അബൂഉബൈദ ഇവര്ക്ക് ഒപ്പംപുറപ്പെടുക. പഠിപ്പിച്ച് കൊടുക്കുക”. റസൂല് (ﷺ) പറയുന്നതായി അനസ് (റ) ന്റെ ഉദ്ധരണി. “ഏതൊരു സമൂഹത്തിനും ഒരു വിശ്വസ്തന് ഉണ്ടാകും. എന്റെ സമുദായത്തില് അത് അബൂഉബൈദയാണ്”.

ജാബിര് (റ) പറയുന്നു. ഒരിക്കല് അബൂഉബൈദയുടെ നേതൃത്വത്തില് ഖുറൈശികളുമായി യുദ്ധം ചെയ്യാന് റസൂല് ഞങ്ങളെ യാത്രയാക്കി. ഒരു തോല്പാത്രത്തില് അല്പം ഈത്തപ്പഴമുണ്ട് കൂടെ. ഇടവിട്ട് ഓരോ ഈത്തപ്പഴം ഉബൈദ ഞങ്ങള്ക്ക് തരും. ഞങ്ങളത് ഊമ്പി അല്പാല്പമായിസമയമെടുത്ത് കഴിക്കും. പിന്നെ വെള്ളം കുടിച്ച് വയര് നിറക്കും. ഒരു ദിവസത്തെ രംഗമാണിത്. അത് തീരാറായപ്പോള് പച്ചിലകളായി ഭക്ഷണം.അങ്ങനെ ദൂരമേറിയ ആ യാത്രക്കിടയില് ഞങ്ങള് ഒരു കടല്ക്കരയിലൂടെ നടന്നു നീങ്ങി. പെട്ടെന്ന് വലിയൊരു മണല്ക്കൂന പോലോത്ത രൂപം ഞങ്ങള്ക്ക്മുന്നില് പ്രത്യക്ഷ്യപ്പെട്ടു. ഞങ്ങള് ചെന്ന് നോക്കിയപ്പോള് അമ്പര് ( ഒരു തരം അത്തര് ) തരുന്ന മൃഗമാണത്. അബൂ ഉബൈദ പറഞ്ഞു. ഇത് നമുക്കുള്ളഭക്ഷണമാണ്. ഞങ്ങള് ആകെ മുന്നൂറ് പേരുണ്ട്. അവിടെ ഒരു മാസത്തോളം ഞങ്ങള് കഴിച്ചു കൂട്ടി. ഞങ്ങളോരോരുത്തരും തടിച്ച് കൊഴുത്തിരുന്നു.

അബൂ ഉബൈദ (റ) ന്റെ നേതൃത്വം ഇസ്ലാമിക ജിഹാദിന് ഒഴിച്ച് കൂടാനാകാത്തതാണ്. പ്രശസ്തരും പ്രഗല്ഭരുമായ ധാരാളം നബി അനുചരന്മാര് ഉള്ളിടത്താണ് മഹാനെ ഈ മഹത്വങ്ങള് വന്നണഞ്ഞത്. വിട്ട് വീഴ്ച, അധികാര മോഹിയാവാതിരിക്കുക തുടങ്ങിയ വിശേഷണങ്ങ്ള് അബൂ ഉബൈദയുടെവ്യതിരികതതയാണ്. അബൂബക്ര് (റ) ന്റെ കാലത്ത് ശാമിലേക്ക് ഖാലിദ് ബ്നുല് വലീദ് (റ) നെ ഗവര്ണ്ണറായി നിയമിച്ചു. അബൂഉബൈദക്ക് പകരമായിരുന്നു ഈ നിയമനം. ഖാലിദ് ശാമിലേക്ക് വന്നപ്പോള് നിറഞ്ഞ മനസ്സോടെ സ്വീകരിച്ച് അധികാരം കൈമാറുകയാണുണ്ടായത്.

തിരുനബി (സ) വചനങ്ങൾ 

'എല്ലാ സമൂഹത്തിനും ഒരു അമീനുണ്ട് (വിശ്വസ്തൻ) എന്നാൽ എന്റെ സമൂഹത്തിലെ അമീൻ അബൂഉബൈദയാകുന്നു '  

'സ്വഭാവത്തിന്റെ വിഷയത്തിൽ എന്റെ സ്വഹാബികൾക്കിടയിൽ അബൂ ഉബൈദയെപ്പോലെ ഞാൻ അംഗീകരിച്ച മറ്റാരുമില്ല'  

ഉമ്മുൽ മുഅ്മിനീൻ ആഇശ (റ) യോട് ഒരാൾ വന്നു ചോദിച്ചു 'തിരുനബി (സ) യുടെ സ്വഹാബിമാരിൽ തങ്ങൾക്കേറ്റവും ഇഷ്ടപ്പെട്ട വ്യക്തി ആരാണ്?' അബൂബക്കറും പിന്നെ അബൂഉബൈദതുബ്നുൽ ജർറാഹുമാകുന്നു അവർ ' ബീവി ആഇശ (റ) പ്രതികരിച്ചു

ധീരതയും ലാളിത്യവും വിനയവും ആദരവും അറിവും പക്വതയുമെല്ലാം ഒത്തുചേർന്ന ചരിത്രത്തിലെ അപൂർവ വ്യക്തിത്വമാണിദ്ദേഹം സ്വന്തം പിതാവിന്റെ തല അറുത്തുമാറ്റി, പടക്കളങ്ങളിലെ പടനയിച്ച്, സിറിയ ജയിച്ചടക്കി അവസാനം പ്ലേഗ് ബാധിച്ചു രക്തസാക്ഷിയായ അബൂഉബൈദ (റ) വിന്റെ ചരിത്രത്തോടൊപ്പം നമുക്ക് പ്രയാണം നടത്താം 

അല്ലാഹു അവരോടൊപ്പം നമ്മെയും അവന്റെ ദാറുസ്സലാമിൽ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ ആമീൻ 


അടർക്കളത്തിലെ അമരക്കാരൻ

കിഴക്കൻ ചക്രവാളത്തിൽ അരുണൻ സുഖനിദ്രയിൽ നിന്നുണർന്നെണീറ്റു ആർത്തിരമ്പുന്ന സാഗരത്തിനുള്ളിലേക്ക് ഊളിയിട്ട ശേഷം സ്നാനം കഴിഞ്ഞെണീറ്റു വന്നു പ്രഭാതത്തിലെ സൂര്യരശ്മികളുടെ കിരണങ്ങളേറ്റ് മാലോകർ വീടുവിട്ടിറങ്ങാൻ തുടങ്ങി 

'ഇനി നമുക്ക് യാത്രയാവാം ഉദ്ദേശം രണ്ടായിരം കിലോമീറ്റർകൾ യാത്ര ചെയ്യണം എന്നാലെ നജ്റാനിൽ നിന്നും മദീനാശരീഫിലെത്തൂ....' 

യാത്രാസംഘത്തെ സജ്ജരാക്കി നിർത്തിയതിനു ശേഷം ദൗത്യ സംഘ നായകൻ പറഞ്ഞു 

അതിവിശാലമായ പരന്നു കിടക്കുന്ന മരുപ്പറമ്പ് മരുഭൂമിയിലൂടെ ഏറെ സഞ്ചരിക്കണം അതിതീക്ഷ്ണമായ ഉഷ്ണവും ചൂടുകാറ്റും സഹിച്ചുകൊണ്ട് പകൽനേരം ഏറെ സമയമൊന്നും പ്രയാണം നടത്താനൊക്കില്ല ശരീരം തളർന്നു പൊള്ളും...! അതുകൊണ്ട് തന്നെ യാത്ര രാത്രി സമയത്താക്കാമെന്ന് സംഘത്തിലെ ചിലർ അഭിപ്രായപ്പെട്ടു 

എത്യോപ്യയിലേക്ക് പുറപ്പെട്ട യാത്രാസംഘത്തിൽ നിന്നാണ് നജ്റാനിലെ ക്രിസ്ത്യാനികൾ ആ വിവരമറിയുന്നത് മക്കയിൽ 'മുഹമ്മദ് ' എന്നൊരു പ്രവാചകൻ വന്നിരിക്കുന്നു തങ്ങളുടെ വേദഗ്രന്ഥങ്ങളിൽ പരാമർശിച്ച ലക്ഷണങ്ങൾ പലതും ഒത്തുവന്ന പ്രവാചകൻ അദ്ദേഹത്തെയൊന്ന് നേരിൽ കാണണം 

വേദഗ്രന്ഥങ്ങളിൽ പറഞ്ഞ പ്രവചനങ്ങളും മറ്റും ചോദിച്ചറിയാം തന്റെ ജനതയോട് എന്തെല്ലാമാണദ്ദേഹം പറയുന്നതെന്ന് നേരിട്ടറിയാം തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണവർ യാത്ര പുറപ്പെടാനൊരുങ്ങിയത് 

മാത്രമല്ല, നജ്റാനുകാർക്കിടയിൽ നിരവധി പ്രശ്നങ്ങൾ ഏറെ സങ്കീർണ്ണമായി നിലനിൽക്കുന്നുണ്ട് സ്വത്ത് വിഹിതം വെക്കുന്നതും സാമ്പത്തികമായി ക്രയവിക്രയങ്ങളുമായി ബന്ധപ്പെട്ടതാണവിടുത്തെ മുഖ്യപ്രശ്നങ്ങൾ പ്രവാചകനല്ലേ, വല്ല പരിഹാരമാർഗങ്ങളും നിർദേശിച്ചു തരാനിടയുണ്ട് 

ഏതായാലും നമുക്ക് പുറപ്പെടാം കൂറെ നാളുകളായി അവർ മദീനാ സന്ദർശനത്തെപ്പറ്റി ചർച്ച തുടങ്ങിയിട്ട് അങ്ങനെയാണവർ അന്ന് പ്രഭാത സമയത്ത് തന്നെ യാത്രയായത് 

മരുഭൂമിയുടെ സ്വഭാവം മാറാൻ തുടങ്ങുംമുമ്പേ ഒട്ടകത്തെ ധൃതിയിൽ നടത്തിച്ച് 'ഖാഫില' നീങ്ങി കണ്ണെത്താദൂരം നീണ്ടു നിവർന്നു കിടക്കുകയാണ് അവർക്കു മുമ്പിൽ മരുപ്പറമ്പ് മണലാരണ്യത്തിന്റെ ശൂന്യതയിലേക്ക് മിഴികളയച്ചുകൊണ്ട് ഖാഫില പ്രയാണം തുടർന്നു 

ഏറെ യാത്ര ചെയ്തപ്പോൾ അവർക്ക് പ്രതീക്ഷയുടെ നാമ്പുകൾ വിടർന്നു നടുക്കടലിലെ പിടിവള്ളി പോലെ വിദൂരതയിൽ ഒരു കൊച്ചു കുളത്തിന്റെ ലക്ഷണങ്ങൾ തെളിഞ്ഞു കാണുന്നു ഒട്ടകപ്പുറത്തു നിന്നവർ സൂക്ഷിച്ചു നോക്കി പറവകൾ പറന്നിറങ്ങി വെള്ളം കുടിച്ചുയർന്നു പൊങ്ങുന്നത് കണ്ടപ്പോൾ ഒട്ടകത്തിന്റെ പാദങ്ങൾക്ക് വേഗത കൂടി 

ധൃതിയിൽ സഞ്ചരിച്ച ശേഷം ഖാഫില കുളത്തിനരികിൽ വന്നിറങ്ങി ഹാവൂ....! വെള്ളം.... വെള്ളം....! ആഹ്ലാദത്തിന്റെ പൂത്തിരികത്തുകയായിരുന്നു അവരുടെ ഹൃത്തടങ്ങളിൽ 

മതിവരുവോളം അവർ വെള്ളം കുടിച്ചു മുഖകമലങ്ങളാകെ കഴുകി തണുപ്പിച്ചപ്പോൾ ശരീരത്തിനൊരു കുളിര് ഒട്ടകം മരുഭൂമിയിലെ കപ്പലാണല്ലോ മൃഗത്തിനെ വെള്ളം കുടിപ്പിച്ചു മേയാൻ വിട്ടു പുൽത്തകടിലൂടെയവ മേഞ്ഞു മേഞ്ഞു നടന്നു 

സംഘ നായകൻ യാത്രാസംഘത്തെ എണ്ണിനോക്കിയപ്പോൾ അറുപതു പേരുണ്ട് സംഘത്തിൽ നജ്റാനിലെ ഗോത്രനായകൻ, പ്രമുഖ കുടുംബാംഗങ്ങൾ, പ്രമാണിമാർ, ധനാഢ്യൻ, വ്യാപാരി പ്രമുഖർ.... തുടങ്ങി ധാരാളം പേർ സംഘത്തിൽ ചേർന്നിരുന്നു  

അവർ എഴുന്നേറ്റു യാത്രയായി ഇനിയും ഏറെ കിലോമീറ്ററുകൾ യാത്ര ചെയ്യണം വിലപ്പെട്ട ധാരാളം വസ്തുക്കളവരുടെ പക്കലുണ്ട് വഴിയോരത്ത് കൊള്ളക്കാർ കച്ചവടസംഘത്തെയും യാത്രക്കാരെയും കൊള്ളയടിക്കാൻ പാത്തും പതുങ്ങിയും ഒളിഞ്ഞിരിക്കാറുണ്ട് കയ്യിലുള്ളതെല്ലാം അവർ പിടിച്ചു പറിച്ച് കൊള്ള ചെയ്യും 

കൊള്ള സംഘത്തെ സൂക്ഷിക്കാൻ ഗോത്രനേതാക്കൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു അവർ സംഘാംഗങ്ങൾക്ക് നിർദേശങ്ങൾ നൽകി വിദൂരതയിലേക്ക് കണ്ണുംനട്ട് ഖാഫില അതിവേഗതയിൽ പ്രയാണം തുടർന്നു 

സംഘാംഗങ്ങളും യാത്രചെയ്ത് ക്ഷീണിച്ചിട്ടുണ്ട് ക്ഷീണം വകവെക്കാതെ അവർ ധൃതിയിൽ യാത്ര തുടർന്നു മദീനാശരീഫിന്റെ അതിർത്തിയിലെത്താനായ വിവരം സംഘനേതാവ് അറിയിച്ചതോടെ പാദങ്ങൾക്ക് വേഗത കൂടി ഒട്ടകത്തെ അതീവ വേഗതയിൽ പായിച്ചു അതിശ്രീഘ്രം മുന്നോട്ടവർ കുതിച്ചു 

മദീനയിലെത്തിയപ്പോൾ അവരാകെ തളർന്നവശരായിരുന്നു ലക്ഷ്യസ്ഥാനത്തെത്തിയ സന്തോഷം അവരുടെ ക്ഷീണത്തെ വിസ്മരിപ്പിക്കുന്നതായിരുന്നു 

വിശ്രമം കഴിഞ്ഞ ശേഷം അവർക്ക് തിരുനബി (സ) യെ കാണാൻ ധൃതിയായി പ്രവാചകനെ കാണാൻ മോഹിച്ചാണല്ലോ അങ്ങകലെ നജ്റാനിന്റെ ഭൂമികയിൽ നിന്നും ഇത്രയും പ്രയാസങ്ങൾ സഹിച്ചിവിടെയെത്തിയത് പ്രവാചകൻ എവിടെ? 

പ്രവാചകന്റെ ബംഗ്ലാവെവിടെ? 

വളരെ ഉത്കണ്ഠയോടെ അവരുടെ നയനങ്ങൾ പരിസര വീക്ഷണം നടത്തി തൂവെള്ള വസ്ത്രധാരികളായ അറബികൾ ഭവ്യതയോടെ നടന്നു നീങ്ങുന്നു ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് അവർ പള്ളികളിലേക്കാണെന്ന് മനസ്സിലായത് 

സംഘം മുന്നോട്ട് നടന്നു മദീനാ നിവാസികൾക്കു പിന്നിൽ അൽപം നടന്നപ്പോൾ തന്നെ പള്ളിയുടെ പൂമുഖത്തെത്തി ജനങ്ങൾ അങ്ങിങ്ങായി തടിച്ചുകൂടിയിട്ടുണ്ട് എല്ലാ അധരങ്ങളും മന്ത്രം ജപിക്കുന്നു എന്തോ പ്രാർത്ഥനകളിൽ മുഴുകിയിരിക്കുകയാണവർ  

ക്രിസ്ത്യൻ സംഘം പ്രവാചകനെ അന്വേഷിച്ചു പള്ളിയുടെ ഉള്ളിലുണ്ടെന്ന് ചിലർ വന്നു പറഞ്ഞു ഒരു പറ്റം സ്വഹാബികൾ ധൃതിയിൽ നബി സന്നിധിയിൽ ചെന്നു വിവരം പറഞ്ഞു പത്തറുപത് പേരടങ്ങുന്ന ഒരു സംഘം നജ്റാനീ ക്രിസ്ത്യാനികൾ വന്നിരിക്കുന്നു അവർക്ക് പ്രവാചകനെ നേരിൽ കണ്ടു സംസാരിക്കണം  

തിരുനബി (സ) അകത്തേക്ക് കടന്നുവരാൻ അനുമതി നൽകി 

സംഘാംഗങ്ങളെ ഓരോരുത്തരും വളരെ അച്ചടക്കത്തോടെ മുസ്ലിംകളെ വീക്ഷിക്കുകയായിരുന്നു അംഗസ്നാനം നടത്തുന്നു ചിലർ, മറ്റു ചിലർ പ്രാർത്ഥനകളിൽ ഏർപ്പെട്ടിരിക്കുന്നു വേറെ ചിലർ മധുര മനോഹരമായ ശൈലിയിൽ വിശുദ്ധ ഖുർആൻ പാരായണത്തിൽ മുഴുകിയിരിക്കുന്നു 

പെട്ടെന്ന് തന്നെ സ്വഹാബികൾ വന്ന് പ്രവാചകൻ കടന്നുവരാൻ അനുമതി നൽകിയ വിവരമറിയിച്ചു 

വിശാലമായ മസ്ജിദുന്നബവിയുടെ പൂമുഖത്തു നിന്നും ക്രിസ്ത്യൻ സംഘം അകത്തേക്ക് കയറി കയ്യിൽ വലിയ ഭാണ്ഡങ്ങൾ തൂക്കിപ്പിടിച്ചിരിക്കുന്നു പ്രത്യേകമായ വസ്ത്രധാരണമാണവർ നടത്തിയിട്ടുള്ളത് യമനീ ഉടുപ്പുകൾ, വിലപിടിപ്പുള്ള ഉത്തരീയങ്ങൾ, കൈവിരലുകളിൽ വിലപ്പെട്ട സ്വർണമോതിരങ്ങൾ.... എല്ലാം ആകർഷണീയമാണ് 

ഇതേ വസ്ത്രധാരണത്തോടെ മസ്ജിദുന്നബവിയിൽ കടന്നു നബി സന്നിധിയിലേക്ക് നടന്നു ചെന്നു നിറഞ്ഞ പുഞ്ചിരിയോടെ പ്രവാചകർ (സ) എഴുന്നേറ്റുനിന്നു ഒപ്പം അബൂബക്കർ സിദ്ദീഖ് (റ), ഉമറുൽ ഫാറൂഖ് (റ) തുടങ്ങിയ പ്രമുഖരായ സ്വഹാബികളുമുണ്ട് എല്ലാവരും ചേർന്ന് നജ്റാനികളെ സ്വീകരിച്ചിരുത്തി 

അവർക്ക് എന്തെന്നില്ലാത്ത സന്തോഷവും ആവേശവുമായിരുന്നു ആ നിമിഷങ്ങളിൽ വേദഗ്രന്ഥങ്ങളിൽ പറഞ്ഞ പ്രവാചകൻ തന്നെയാണിത് ചിലർ തറപ്പിച്ചു പറഞ്ഞു അവർ പ്രവാചകരുമായി ഏറെ നേരം സംസാരിച്ചു 

എല്ലാം വളരെ ശ്രദ്ധയോടെ തന്നെ പ്രവാചകൻ കേട്ടിരുന്നു ചോദ്യങ്ങൾക്കെല്ലാം മറുപടിയും കൊടുത്തു വേദഗ്രന്ഥങ്ങളിലെ പരാമർശങ്ങളെക്കുറിച്ചറിയാൻ അവർക്കു ധൃതിയായി എല്ലാം സവിസ്തരം പ്രവാചകർ പറഞ്ഞു കൊടുത്തു 

അവർ പ്രത്യേകം ഒരുക്കി തയ്യാറാക്കിയ പാരിതോഷികങ്ങൾ പ്രവാചകർക്കു സമ്മാനിച്ചത് മനോഹരമായ ചിത്രങ്ങൾ മുദ്രണം ചെയ്ത വിരപ്പുകൾ, രോമം കൊണ്ട് നെയ്തെടുത്ത വസ്ത്രങ്ങൾ.... തുടങ്ങിയവയായിരുന്നു അവർ കരുതിവെച്ച പാരിതോഷികങ്ങൾ 

രോമവസ്ത്രങ്ങൾ തിരുനബി (സ) സ്വീകരിച്ചു ചിത്രങ്ങളുള്ള വസ്ത്രങ്ങൾ പുഞ്ചിരിയോടെ സ്വീകരിക്കാൻ വിസമ്മതം അറിയിച്ചു  

സംസാരിച്ച് സമയം പോയതവരറിഞ്ഞില്ല എല്ലാവരും പ്രവാചകരെ ശ്രദ്ധയോടെ നോക്കി നിൽക്കുകയാണ് എന്തു മധുരമായ സംസാരമാണ് പ്രവാചകരുടേത് എത്ര കേട്ടിരുന്നാലും മതിവരാത്ത വാക്കുകൾ ഇദ്ദേഹം ഈസയുടെ പിൻഗാമിയാണോ....? 

അതിനിടയിലാണ് ആരോ ഓർമ്മിപ്പിച്ചത് പ്രാർത്ഥനാ സമയമായിട്ടുണ്ടെന്ന് ക്രിസ്ത്യാനികളുടെ പ്രത്യേക പ്രാർത്ഥന നിർവഹിക്കണം പക്ഷേ, ഇവിടെ നിറയെ മുസ്ലിംകൾ അവരുടെ ആസ്ഥനമായ മസ്ജിദുന്നബവിയിലിരിക്കുകയല്ലേ പ്രാർത്ഥനക്കാര്യം എങ്ങനെ പ്രവാചകനെ ഉണർത്തും? എന്തായിരിക്കും പ്രതികരിക്കുക? ചിലർ പരസ്പരം ചോദിച്ചു 

സംഘ നേതാവ് ഇടപെട്ടു പ്രവാചകൻ വളരെ മാന്യനല്ലേ അദ്ദേഹം വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിത്തരാതിരിക്കില്ല

ധൈര്യം സംഭരിച്ചുകൊണ്ട് ചോദിക്കാനവരുറച്ചു പ്രവാചകരോട് വിവരം പറഞ്ഞു ഞങ്ങളുടെ പ്രാർത്ഥനക്ക് സമയമായിട്ടുണ്ട് വല്ല സൗകര്യവും? 

ഉടനെ പ്രവാചകൻ (സ) എഴുന്നേറ്റു ഒപ്പം സിദ്ദീഖും (റ) ഫാറൂഖും (റ) മറ്റു സ്വഹാബികളെല്ലാം എഴുന്നേറ്റു പള്ളിയിൽ വെച്ചു തന്നെ അവരുടെ പ്രാർത്ഥന നിർവഹിക്കാൻ പ്രവാചകർ (സ) അവർക്കനുമതി നൽകി 

ഈ അനുമതി കേട്ടപ്പോൾ ക്രിസ്ത്യൻ സംഘത്തിന്റെ ആനന്ദം അവർണ്ണനീയമായി രോമങ്ങൾ എഴുന്നേറ്റു  നിൽക്കുന്നതുപോലെ ആദ്യം പ്രവാചകന്റെ വാക്കുകൾ അവർക്ക് വിശ്വസിക്കാനായില്ല മുസ്ലിംകളുടെ ദേവാലയത്തിൽ വെച്ച് ക്രിസ്ത്യാനികളായ നമുക്ക് നമ്മുടെ ആരാധനകൾ നിർവഹിക്കാൻ പ്രവാചകർ  അനുമതി നൽകിയിരിക്കുന്നു 

അവർ ആരാധനക്കുള്ള ഒരുക്കങ്ങൾ നടത്തി എല്ലാവരും സജ്ജരായി പള്ളിയിലങ്ങിങ്ങായി ഖുർആൻ പാരായണവും മറ്റ് ആരാധനകളും നടത്തിയിരുന്ന സ്വഹാബികളെല്ലാം എഴുന്നേറ്റു പിന്മാറിക്കൊടുത്തു നജ്റാനികൾ എല്ലാവരും ബൈതുൽ മുഖദ്ദസിലേക്ക് തിരിഞ്ഞുനിന്നു 

അതെ, അവരുടെ 'ഈലിയായിലെ വിശുദ്ധ പള്ളി 'യിലേക്ക് അഭിമുഖമായി നിന്നു കൊണ്ട് പ്രാർത്ഥന നടത്തി  

മതമൈത്രയുടെ മകുടോദാഹരണം 

എല്ലാ മതസ്ഥരും അവരുടേതായ പ്രാർത്ഥനകളും ആരാധനാ കർമ്മങ്ങളും അതാത് സമയങ്ങളിൽ നിർവഹിക്കട്ടെ അവരുടെ മത തത്വങ്ങളും കൽപനകളും ആദർശങ്ങളും അനുസരിക്കട്ടെ എല്ലാ മതവും സ്നേഹവും ശാന്തിയും സാഹോദര്യവും മാത്രമാണ് ഉദ്ഘോഷിക്കുന്നത് 

വർഗീയതയും അക്രമവും വൈരാഗ്യവും നടത്താൻ ഒരു മതവും ഉദ്ഘോഷിക്കുന്നില്ല എന്നാൽ ഇവിടെയിതാ കുറെ മതത്തിന്റെ വക്താക്കൾ... മതം മനസ്സിലാക്കാത്ത, മതം പഠിക്കാത്ത മതനാമധാരികൾ.... മദമിളകുന്നതവർക്കാണിവിടെ പ്രശ്നങ്ങൾ തലപൊക്കുന്നത് അവരിലൂടെയാണിവിടെ 

പ്രാർത്ഥന കഴിഞ്ഞു അവർ എഴുന്നേറ്റു പ്രവാചകനെ അന്വേഷിച്ചു വീണ്ടും വീണ്ടും പ്രവാചകനെ കാണാൻ അവർക്ക് പെരുത്തു മോഹമായി 


എന്റെ സമൂഹത്തിലെ വിശ്വസ്തൻ

നജ്റാനികൾ നബി സന്നിധിയിലെത്തി പ്രവാചകരുമായി പലതും സംസാരിക്കാനാരംഭിച്ചു പ്രവാചകരുടെ ആദർശത്തെക്കുറിച്ചറിയാൻ വലിയ താൽപര്യം ചിലർ പ്രകടിപ്പിച്ചു 

പ്രവാചകർക്ക് സന്തോഷമായി ഇസ്ലാമിന്റെ ദർശനങ്ങളെയും സൗന്ദര്യത്തെയും പറ്റി പ്രവാചകൻ (സ)  വാചാലരായി ഒപ്പം അവരെ ഇസ്ലാമിലേക്ക് പ്രവാചകൻ (സ) ക്ഷണിച്ചു 

ഇതുകേട്ടപ്പോൾ അവർ വിസമ്മതിച്ചു കൊണ്ട് പറഞ്ഞു: നിങ്ങൾ മുസ്ലിംകളാകുന്നതിനു മുമ്പേ ഞങ്ങൾ മുസ്ലിംകളാണ് ' 

വളരെ സൗമ്യമായി പ്രവാചകൻ (സ) സംസാരം തുടർന്നു നിങ്ങൾ മുസ്ലിംകളായിരിക്കാം എന്നാൽ വിശുദ്ധ ഇസ്ലാമിനും നിങ്ങൾക്കുമിടയിൽ വിഘ്നമായി മൂന്നു കാര്യങ്ങൾ നിലനിൽക്കുന്നുണ്ട് 

ഒന്ന്: കുരിശാരാധന 

നിങ്ങൾ കുരിശിനെ ആരാധിക്കുന്നു എന്നാൽ മുസ്ലിംകൾ ഏകനും നിരാശ്രയനുമായ അല്ലാഹുവിനെ ആരാണെന്ന് മനുഷ്യർ ജീവിതത്തിലൊരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത ദൈവമാണ് അല്ലാഹു മുസ്ലിംകൾക്ക് കുരിശാരാധന പറ്റില്ല 

രണ്ട്: പന്നിമാംസ ഭോജനം 

മുസ്ലിംകളെ സംബന്ധിച്ചിടത്തോളം പന്നിയുടെ മാംസം ഭക്ഷിക്കൽ നിഷിദ്ധമാണ് നിങ്ങളാണെങ്കിൽ അതു ഭക്ഷിക്കുന്നു നിങ്ങൾക്കും മുസ്ലിംകൾക്കുമിടയിലെ തടസ്സവാദമാണിത് 

മൂന്ന്: ദൈവത്തിന് സന്താനമുണ്ടെന്ന വാദം

അല്ലാഹുവിന് സന്താനങ്ങളില്ല മലക്കുകൾ അല്ലാഹുവിന്റെ പെൺകുട്ടികളാണെന്ന വാദവും ശരിയല്ല ആണും പെണ്ണുമായി ഒരു സന്താനമില്ലാത്തവനാണല്ലാഹു അല്ലാഹു സന്താനമായി ജനിച്ചവനല്ല അവനു സന്തുനങ്ങളുമില്ല  

പ്രവാചകൻ ഇസ്ലാമിനും അവർക്കുമിടയിലെ തടസ്സങ്ങളായ മൂന്ന് കാര്യങ്ങവതരിപ്പിച്ചപ്പോൾ പുതിയൊരു സംശയം 

'എന്നാൽ ഈസയെപ്പോലെ പിതാവില്ലാതെ ജനിച്ച മറ്റാരാണുള്ളത് ' 

ഈ ചോദ്യം ശ്രവിച്ചപ്പോൾ പ്രവാചകർ (സ) മൗനിയായി മുഖകമലങ്ങളിൽ ഭാവമാറ്റം ദൃശ്യമായി ദൈവിക  സന്ദേശം അവതരിക്കപ്പെടുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമായി 

നിമിഷങ്ങൾക്കകം വാനലോകത്ത് നിന്നും മാലാഖയായ ജിബ്രീൽ (അ) ഇറങ്ങി വന്നു വിശുദ്ധ ഖുർആനിലെ സൂറത്തു ആലുഇംറാനിലെ ചില സൂക്തങ്ങൾ ജിബ്രീൽ (അ) പ്രവാചക തിരുമേനി (സ) യെ ഓതിക്കേൾപ്പിച്ചു 

'തീർച്ചയായും അല്ലാഹുവിന്റെ പക്കൽ ഈസാ (നബി) യുടെ സ്ഥിതി ആദം (നബി) യുടെ സ്ഥിതി പോലെയാകുന്നു അദ്ദേഹത്തെ അവൻ മണ്ണ് കൊണ്ട് സൃഷ്ടിക്കുകയും പിന്നീട് 'ഉണ്ടാകുക' എന്ന് പറയുകയും ചെയ്തു അപ്പോഴതാ അദ്ദേഹം ഉണ്ടാകുന്നു 

(ഈസാ നബിയെക്കുറിച്ച് ഈ പറഞ്ഞതെല്ലാം) താങ്കളുടെ നാഥന്റെ പക്കൽ നിന്നുളള സത്യമാകുന്നു അതുകൊണ്ട് സംശയാലുക്കളിൽ താങ്കൾ പെട്ടുപോകരുത് 

അതിനാൽ അറിവു ലഭിച്ചു കഴിഞ്ഞതിനു ശേഷം ഈസാനബിയുടെ കാര്യത്തിൽ ആരെങ്കിലും താങ്കളോട് തർക്കിച്ചാൽ അവരോട് പറയുക വരൂ! ഞങ്ങളുടെ സന്താനങ്ങളെയും നിങ്ങളുടെ സന്താനങ്ങളെയും ഞങ്ങളുടെ സ്ത്രീകളെയും നിങ്ങളുടെ സ്ത്രീകളെയും നമുക്കു വിളിക്കാം നമുക്കും നിങ്ങൾക്കും ഹാജരാകാം എന്നിട്ട് നമ്മിൽ അസത്യവാദികളാരോ അവരെ ശപിക്കാനായി അല്ലാഹുവോട് വിനയപൂർവ്വം നമുക്ക് പ്രാർത്ഥിക്കാം ' (59-61) 

വിശുദ്ധ ഖുർആൻ വചനങ്ങളിലൂടെ അല്ലാഹു അറിയിച്ച വിഷയങ്ങൾ പ്രവാചകർ മുഹമ്മദ് (സ) നജ്റാൻ സംഘത്തെ അറിയിച്ചു ഖുർആൻ പറഞ്ഞ ഈ വിഷയത്തിലേക്ക് പ്രവാചകർ (സ) അവരെ ക്ഷണിച്ചു പക്ഷേ, അവർ വരാൻ കൂട്ടാക്കിയില്ല 

പിന്നീട് പ്രവാചകർ (സ) ജിസ് യ (കപ്പം) നൽകുന്നതിനെകുറിച്ച് അവരോട് സംസാരിച്ചു അവർ അതംഗീകരിക്കുകയായിരുന്നു എല്ലാ അറബി മാസങ്ങളിലെ സഫറിലും റജബിലും ആയിരം വസ്ത്രവും ആയിരം ഊഖിയ (ഒരു അളവ്) സ്വർണ്ണവും നൽകാൻ അവർക്ക് സമ്മതമായിരുന്നു  

ഇതിനു ശേഷം അവർ പ്രവാചകൻ മുഹമ്മദ് (സ) യുടെ മുമ്പിൽ തങ്ങളുടെ ആവശ്യം അവതരിപ്പിച്ചു അവരുടെ ആവശ്യം ഇപ്രകാരമായിരുന്നു 

'അബുൽ ഖാസിം...! താങ്കളുടെ അനുയായികളിൽ നിന്നും ഒരാളെ ഞങ്ങൾക്കൊപ്പം അയച്ചു തന്നാലും താങ്കൾക്ക് പൂർണ്ണ സംതൃപ്തിയുള്ള അനുയായിയെ തന്നെ അയച്ചു തരണം സാമ്പത്തിക വിഷയങ്ങളിൽ ഞങ്ങൾക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളെയും തർക്കങ്ങളെയും പരിഹരിച്ചു തരാൻ പറ്റിയ വിശ്വസ്തനായ ആളെയാവണം പറഞ്ഞയക്കുന്നത് നിങ്ങൾ മുസ്ലിംകളെക്കുറിച്ച് ഞങ്ങളുടെ നാട്ടിൽ നല്ല അഭിപ്രായവും മതിപ്പുമാണ് ഉള്ളത് ' നജ്റാൻ ക്രിസ്തീയ സംഘത്തിന്റെ അവസാനത്തെ ആവശ്യമാണിത് അവരുടെ വലിയ അഭിലാഷവും പ്രതീക്ഷയുമാണ് പക്ഷെ, അവർക്ക് ഒരു സാധാരണ സ്വഹാബിയെ ലഭിച്ചാൽ പോരാ.... സത്യസന്ധനും വിശ്വസ്തനുമാവണം അവരുടെ സാമ്പത്തികമായ പ്രശ്നങ്ങളിൽ മതിയായ തീർപ്പ് കൽപ്പിക്കാൻ പറ്റിയ പ്രവാചകന്റെ അനുയായിയാവണം മാത്രമല്ല, തിരുനബി (സ) തങ്ങൾക്ക് പൂർണ്ണ സംതൃപ്തിയും മതിപ്പുമുള്ള സ്വഹാബിയുമായിരിക്കണം 

ഈ നിബന്ധനകളെല്ലാം ഒത്ത അതീവ വിശ്വസ്തനും സത്യസന്ധനുമായ സ്വഹാബിയെ തേടി പ്രവാചകരുടെ മനസ്സ് അന്വേഷണം തുടങ്ങി അൽപ സമയം മൗനം പൂണ്ട ശേഷം തിരുനബി (സ) അവരോട് പറഞ്ഞു  'നിങ്ങൾ ഇപ്പോൾ തിരിച്ചുപോവൂ സായാഹ്ന സമയത്ത് വന്നോളൂ അതിശക്തനും വിശ്വസ്തനുമായ ഒരാളെ നിങ്ങൾക്കൊപ്പം ഞാൻ അയച്ചു തരാം....' 

പ്രഗൽഭരായ സ്വഹാബിമാർ ഇത് കേട്ടു അവർ പരസ്പരം പറഞ്ഞു എല്ലാവരും ഒരേ ചോദ്യം തന്നെയാണ് ചോദിക്കുന്നത് 

ആരായിരിക്കും ആ വിശ്വസ്തനായ സ്വഹാബി? 

വിലപ്പെട്ട വിശേഷങ്ങളാണ് ആ സൗഭാഗ്യവാന് ലഭിക്കാൻ പോവുന്നത് ഈ മഹത്വങ്ങൾ മേളിച്ച വ്യക്തിയായി പ്രവാചകൻ എന്നെ അംഗീകരിച്ച് തിരഞ്ഞെടുത്തിരുന്നെങ്കിൽ അത് ജീവിതത്തിലെ അത്യപൂർവ്വ സൗഭാഗ്യമായിരിക്കും ഓരോ സ്വഹാബിയുടെയും ഉള്ളകം പ്രാർത്ഥനാനിരതമായി

'നാഥാ... പ്രവാചകർ (സ) എന്നെ തിരഞ്ഞെടുത്തയച്ചിരുന്നെങ്കിൽ...' 

പ്രഗൽഭനായ സ്വഹാബി വര്യൻ ഉമറുബ്നുൽ ഖത്താബിന്റെ മോഹം അണപൊട്ടി ഒഴുകാൻ തുടങ്ങി മനസ്സിൽ ഈയൊരു ചിന്ത മാത്രം അലട്ടിക്കൊണ്ടേയിരുന്നു 

അന്ന് സന്ധ്യക്ക് ഭക്ഷണം കഴിച്ച ശേഷം ഉമറുൽ ഫാറൂഖ് (റ) ഉറങ്ങാൻ കിടന്നു പക്ഷേ, ഏറെ നേരം ഉറക്കം വന്നില്ല മനസ്സിൽ ചിന്തകൾ ചിറകടിക്കുകയാണ് നജ്റാനിലെ ക്രിസ്തീയ സംഘത്തിനൊപ്പം പ്രവാചക തിരുമേനി (സ) തിരിഞ്ഞെടുത്തയക്കുന്ന അത്യപൂർവ്വ സൗഭാഗ്യം സിദ്ധിക്കുന്ന നാളത്തെ വിശ്വസ്തൻ ഞാനായിരുന്നെങ്കിൽ.... ആ മനസ്സ് ആശ വെച്ചു 

മോഹങ്ങളുടെ ചിറകിലേറി പ്രയാണം നടത്തുന്നതിനിടയിൽ ഉമറുൽ ഫാറൂഖ് (റ) സുഖനിദ്രയിലേക്ക് വഴുതി വീണു 

പ്രഭാതത്തോടടുത്ത സമയമായി ഉറക്കിൽ നിന്നും ഞെട്ടിയെണീറ്റു പള്ളി വന്നു നിസ്കാരവും പ്രാർത്ഥനയും നിർവ്വഹിച്ചു പക്ഷേ, പ്രവാചകർ (സ) എന്നെ പ്രത്യക്ഷമായി ശ്രദ്ധിക്കുന്നില്ല 

ഉമറുൽ ഫാറൂഖ് (റ) വീട്ടിലേക്ക് തിരിച്ചു സൂര്യകിരണങ്ങൾ പരന്ന് വിണ്ണിൽ വെളിച്ചം വീശി സമയം മുന്നോട്ട് ഇഴഞ്ഞു നീങ്ങുന്നുണ്ടായിരുന്നു ഉമർ (റ) നേരത്തെ തന്നെ പള്ളിയിലേക്ക് നീങ്ങി മദീനയിലെ വിശുദ്ധ പള്ളി മസ്ജിദുന്നബവിയിലേക്ക് 

ജനങ്ങളാരും പള്ളിയിലെത്തിയിട്ടില്ല ഇന്ന് ഞാൻ പതിവിലും വളരെ നേരത്തെയാണ് പുറപ്പെട്ടിരിക്കുന്നത് ഒന്നാം സ്വഫ്ഫിൽ പ്രവാചകൻ (സ) യുടെ തൊട്ടു പിന്നിൽ ഇന്നെനിക്കിരിക്കണം ഉമറുൽ ഫാറൂഖ് (റ) ദൃഢ നിശ്ചയം ചെയ്തു 

പ്രാർത്ഥനകളും ദിക്റുകളുമായി ഉമറുൽ ഫാറൂഖ് (റ) കഴിയുന്നതിനിടെ സമയം പോയതറിഞ്ഞില്ല ജനങ്ങൾ പള്ളിയിലേക്കൊഴുകി ബിലാലുബ്നു റബാഹ് (റ) ബാങ്കൊലി മുഴക്കി  തൗഹീദിന്റെ അമരധ്വനികൾ പ്രകൃതിയിൽ പ്രകമ്പനം കൊണ്ടു 

അൽപ സമയത്തിനു ശേഷം ഇഖാമത്തിന്റെ ശബ്ദം മസ്ജിദുന്നബവിയെ മുഖരിതമാക്കി പ്രവാചകൻ (സ) നിസ്കാരത്തിന് നേതൃത്വം നൽകാൻ വേണ്ടി മുന്നോട്ട് നിന്നു തൊട്ടുപിന്നിൽ ഉമറുൽ ഫാറൂഖും (റ) മറ്റു സ്വഹാബീ പ്രമുഖരെല്ലാം അണി നിരന്നു നിസ്കാരം നിർവഹിക്കാൻ 

ളുഹ്ർ നിസ്കാരം കഴിഞ്ഞു പ്രാർത്ഥനകളും മറ്റു ദിക്റുകളും നിർവ്വഹിച്ച ശേഷം തിരുനബി (സ) പിന്നിലേക്ക് തിരിഞ്ഞു ഏതോ ഒരു സ്വഹാബിയെ തിരയും പോലെ പ്രവാചകരുടെ പരതുന്നുണ്ടായിരുന്നു  

ഉമറുൽ ഫാറൂഖ് (റ) പ്രവാചകരെ തന്നെ ശ്രദ്ധിച്ചു പക്ഷെ, പ്രവാചകർ (സ) ഉമറുൽ ഫാറൂഖി (റ) നെ ശ്രദ്ധിക്കുന്നില്ല അദ്ദേഹത്തിന്റെ വലതുഭാഗത്തേക്കും ഇടതുഭാഗത്തേക്കും തിരുനബി (സ) യുടെ ദൃഷ്ടി പായുന്നുണ്ടായിരുന്നു 

അൽപസമയം നീണ്ടു നിന്നു പ്രവാചകർ (സ) യുടെ തിരച്ചിൽ സ്വഹാബികൾ തിങ്ങി നിറഞ്ഞ മദീന പള്ളിയുടെ പിൻഭാഗത്തുള്ള ഒരു സ്വഫ്ഫിൽ നിന്നും പ്രവാചകർ (സ) തങ്ങൾക്ക് അന്വേഷിച്ച സ്വഹാബിയെ കിട്ടി പ്രവാചകർ (സ) ക്ക് സന്തോഷമായി 

സ്വഹാബിയെ കണ്ടപാടെ പ്രവാചകർ (സ) അവിടുത്തെ അരികിലേക്ക് മാടി വിളിച്ചു അദ്ദേഹം വിനയാന്വിതനായി പതുക്കെ നടന്നടുത്തു മുത്ത് നബി (സ) യുടെ പുണ്യ സദസ്സിലേക്ക്  

അത്യുപൂർവ്വ സൗഭാഗ്യം സിദ്ധിച്ച ഈ വിശ്വസ്തനും സത്യസന്ധനുമായ മഹാനായ സ്വഹാബിവര്യൻ ആരായിരുന്നു എന്നറിയേണ്ടേ  

അബൂ ഉബൈദതുബ്നു ജർറാഹ് (റ) 

പ്രവാചകൻ മുഹമ്മദ് നബി (സ) പറഞ്ഞു 'അബൂ ഉബൈദാ നീ അവർക്കൊപ്പം പോവണം അവർക്കിടയിൽ അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങളിൽ വളരെ സത്യസന്ധമായി നീ തീർപ്പ് കൽപ്പിക്കണം' 

അത്ഭുതത്തോടെയാണീ വാക്കുകൾ ഉബൈദ (റ) ശ്രദ്ധിച്ചത് മദീനയിലെ മസ്ജിദുന്നബവിയിൽ തടിച്ചു കൂടിയ എണ്ണമറ്റ സ്വഹാബികൾക്കിടയിൽ വെച്ച് പ്രവാചകൻ (സ) തിരഞ്ഞെടുക്കുന്നത് പാവപ്പെട്ട എന്നെയാണോ? 

അബൂ ഉബൈദ (റ) ക്ക് തന്നെ വിശ്വസിക്കാനായില്ല ഇത് സ്വപ്നമോ അതോ യാഥാർത്ഥ്യമോ....? ഒരു വേള അദ്ദേഹം ചിന്താനിമഗ്നനായി 

വിസ്മയത്തോടെയാണ് ഉമറുൽ ഫാറൂഖ് (റ) ഈ രംഗം നോക്കി നിൽക്കുന്നത് ഏറെ താലോലിച്ചു മോഹിച്ചു നടന്ന ഈ മഹാ സൗഭാഗ്യം അബൂ ഉബൈദ (റ) ക്ക് ലഭിച്ചതു കണ്ടപ്പോൾ ഉമറുൽ ഫാറൂഖ് (റ) പറഞ്ഞു: 

'ഈ മഹാ സൗഭാഗ്യവുമായി അബൂ ഉബൈദ കടന്നു കളഞ്ഞിരിക്കുന്നു ..... മുത്ത് നബി (സ) അബൂ ഉബൈദയെക്കുറിച്ച് പറഞ്ഞത് എത്ര സത്യമായിരുന്നു.... എല്ലാ സമൂഹത്തിനും ഒരു അമീനുണ്ട് (വിശ്വസ്തൻ) എന്റെ സമുദായത്തിലെ അമീൻ അബൂ ഉബൈദതുബ്നുൽ ജർറാഹ് ആകുന്നു....' 


എട്ടാമത്തെ സ്വഹാബി

അബൂ ഉബൈദതുബ്നു ജർറാഹ് (റ) എന്ന വിളിപ്പേരിലറിയപ്പെട്ട ഈ സ്വഹാബി വര്യന്റെ യഥാർത്ഥ നാമം ആമിറുബ്നു അബ്ദുല്ലാഹിബ്നുൽ ജർറാഹ് (റ) എന്നാകുന്നു 

ആമിർ- ഉമാമ ദമ്പതികളുടെ പുത്രനായി ജനിച്ച അബൂ ഉബൈദ (റ) ഉയർന്ന  തറവാട്ടുകാരനും സൽഗുണ സമ്പന്നനുമായിരുന്നു ജർഹുബ്നു ഹിലാലിന്റെ മകനാണ് മാതാവാകട്ടെ പ്രഗൽഭനായ ഗനമുബ്നു ജാബിറിന്റെ പുത്രിയും 

കച്ചവടമായിരുന്നു മുഖ്യതൊഴിൽ ആടിനെ മേച്ചും  വിറക് വെട്ടിയും ജീവിക്കാറുണ്ട് വ്യാപാരി കുടുംബത്തിൽ ജനിച്ചതുകൊണ്ടു തന്നെ ആ മേഖലയുമായി ബന്ധപ്പെട്ട തൊഴിലിനോടായിരുന്നു ഏറെ കമ്പം മക്കയിലെ പ്രഗൽഭരായ വ്യാപാരികളുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു 

ഈത്തപ്പനത്തോട്ടങ്ങളിൽ അത്യധ്വാനം ചെയ്ത് പൊന്ന് വിളയിക്കും വിളവെടുപ്പിനു സമയമായാൽ കൊട്ടകളെടുത്ത് തോട്ടത്തിലിറങ്ങും പഴുത്ത് പാകമായ ഈത്തപ്പഴക്കുലകൾ പറിച്ചെടുക്കും കൊട്ടകളിൽ നിറച്ച് ഈത്തപ്പഴങ്ങൾ സ്റ്റോക്ക് ചെയ്യുന്നത് വളരെ ഭദ്രമായിട്ടായിരിക്കും 
 
മുന്തിരിയും വ്യാപകമായി കൃഷി ചെയ്തിരുന്നു അറബികൾക്ക് ഏറെ ഇഷ്ടപ്പെട്ട വിഭവമാണ് മുന്തിരി, മരണശേഷം തങ്ങളെ മുന്തിരി വള്ളിക്കു താഴെയായിരിക്കണം കുഴിച്ചു മൂടേണ്ടതെന്ന് അറബികൾ അന്ത്യാഭിലാഷ കവിതകൾ ആലപിക്കാറുണ്ടായിരുന്നു 

അബൂ ഉബൈദ (റ) മുന്തിരിത്തോട്ടത്തിലും നന്നായി പണിയെടുക്കും പടർന്നു പന്തലിച്ചു നിൽക്കുന്ന വള്ളികളിൽ നിന്നും മുന്തിരിക്കുലകൾ പറിച്ചെടുക്കുന്ന ദിവസം ഏറെ പ്രതീക്ഷയോടെയാണ് അവർ കാത്തിരിക്കാറ് 

സിറിയയാണ് അന്നത്തെ പ്രമുഖ വ്യാപാര കേന്ദ്രം ഒട്ടകപ്പുറത്ത് മുന്തിരിയും ഈത്തപ്പഴങ്ങളും മറ്റു ചരക്കുകളും വളരെ ഭദ്രമായി അടുക്കിവെക്കും കച്ചവടസംഘങ്ങളായി ഖാഫിലകൾ മക്കയിൽ നിന്നും യാത്ര ചെയ്യുന്നത് കാണാനെന്തു ഹരമായിരിക്കും ഉറ്റവരും ബന്ധു കുടുംബാഗങ്ങളും ഹൃദ്യമായി ഖാഫിലകളെ യാത്രയാക്കും 

പലപ്പോഴും കൂടെ യാത്ര ചെയ്യാനും വ്യാപാരം നടത്താനും ഉറ്റ സുഹൃത്തായ അബൂബക്കറാണുണ്ടാവുക കഥകൾ പറഞ്ഞും പാട്ടുകൾ പാടിയും, പുതിയ കവിതകൾ രചിച്ചുമൊക്കെ സിറിയയിലേക്ക് വ്യാപാരത്തിന് പോയ നല്ല നാളുകൾ ഒരിക്കലും മറക്കാൻ പറ്റാത്തതായിരുന്നു 

അന്നൊരിക്കൽ വ്യാപാരം കഴിഞ്ഞു നല്ല ലാഭവുമായി നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അബൂ ഉബൈദയുടെ കാതിൽ പുതിയൊരു വാർത്ത എത്തിയത് ഏറെ കൗതകമുള്ള വിവരം ജനങ്ങൾ കൂട്ടംകൂട്ടമായി കഅ്ബാലയത്തിന്റെ ഓരങ്ങളിൽ ചാരിനിന്ന് വളരെ ഗൗരവപൂർവ്വം വാർത്തയെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ട് 

പലതും കേൾക്കുന്നുണ്ട് മക്കയിൽ പുതിയൊരവതാരമുണ്ടെന്ന് ചിലർ പറയുന്നു അബ്ദുൽ മുത്വലിബിന്റെ പൗത്രൻ മുഹമ്മദ് പ്രവാചകനാണെന്ന് മറ്റു ചിലരും 

അബൂ ഉബൈദക്ക് ഒന്നും മനസ്സിലാവുന്നില്ല കേൾക്കുന്നതിനെപ്പറ്റി ഒരെത്തും പിടിയും കിട്ടുന്നില്ല 

എന്ത് ചെയ്യും....? വിവരങ്ങളുടെ നിജസ്ഥിതി അറിയണം താൻ നാട്ടിലില്ലാത്തത് കൊണ്ട് തന്നെ വിവരങ്ങളുടെ തുടക്കമെങ്ങനെയെന്നറിയില്ല കാര്യങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് എങ്ങനെ മനസ്സിലാക്കും 

യാദൃശ്ചികമായാണ് മനസ്സിന്റെ ഏതോ കോണിൽ ആ പേര് ഓടി വന്നത് അബൂബക്കർ...! സത്യസന്ധനും വിശ്വസ്തനുമാണയാൾ നല്ല കൂട്ടുകാരനും പക്ഷേ, ഇത്തവണ യാത്രക്കൊരുങ്ങിയപ്പോൾ അവൻ മാറിനിൽക്കുകയായിരുന്നു അതുകൊണ്ട് തന്നെ നാട്ടിൽ നടന്ന കാര്യങ്ങളത്രയും നേരാംവിധം അവനിലൂടെ അറിയാം 

പിന്നെ ഏറെ താമസിച്ചില്ല വസ്ത്രം മാറ്റി വീട്ടിൽ നിന്നിറങ്ങി ധൃതിയിൽ ചെന്നത് അബൂഖുഹാഫയുടെ വീട്ടിലേക്കായിരുന്നു 

'എവിടെ അബൂബക്കർ..? അടിയന്തിരമായി അവനെയൊന്ന് കാണണം അബൂഉബൈദ വരവിന്റെ ഉദ്ദേശ്യം ഒറ്റശ്വാസത്തിൽ തന്നെ പറഞ്ഞു തീർത്തു 

ശബ്ദം കേട്ട് അബൂബക്കർ നിറഞ്ഞ പുഞ്ചിരിയോടെ പുറത്തേക്കിറങ്ങി വന്നു അബൂബക്കറിന് ആ ശബ്ദം കേൾക്കുമ്പോഴേക്കും ആളെ തിരിച്ചറിയാനാവും അത്രയ്ക്കും സുപരിചിത ശബ്ദമാണ് അബൂ ഉബൈദയുടേത് അത്രയ്ക്കും പിരിയാത്ത ചങ്ങാതിമാരായിരുന്നു ഇരുവരും 

അവർ അടുത്തിരുന്നു പരസ്പരം സംസാരിച്ചു അബൂബക്കർ സുഹൃത്തിനോട് കാര്യങ്ങൾ നേരാംവിധം സംസാരിച്ചു ന്യായാന്യായങ്ങൾ പങ്കുവെച്ചു 

ജാഹിലിയ്യാ യുഗത്തിലെ അനാചാരങ്ങൾ, ബിംബാരാധനയിലെ വ്യർത്ഥതകൾ, ഉപകാരോപദ്രവങ്ങൾക്ക് ആവതില്ലാത്ത കൽപ്രതിമകളുടെ നിസ്സഹായാവസ്ഥ എല്ലാം അബൂബക്കർ വളരെ തന്ത്രപൂർവം വിവരിച്ചു പറഞ്ഞപ്പോൾ അബൂ ഉബൈദയുടെ മനസ്സുണർന്നു  

വഴിതെറ്റിയ മാർഗത്തിലൂടെയാണ് തന്റെ ജീവിതം മുന്നോട്ട് നീങ്ങുന്നത് ജീവിത നൗകയെ നേരിന്റെയും ന്യായത്തിന്റെയും പന്ഥാവിലേക്ക് തിരിച്ച് തുഴയണം അബൂബക്കർ പറയുന്നതിൽ കാര്യമുണ്ട് അബൂ ഉബൈദയുടെ അകതാരിൽ പുതിയ കാഴ്ചപ്പാടുകൾ തലയുയർത്തുകയായിരുന്നു 

മുഹമ്മദ് പ്രവാചകനാണ് മുൻകാല പ്രവാചകരുടെ പിൻഗാമി പ്രവാചക പരമ്പരയുടെ പരിസമാപ്തി മുഹമ്മദിലൂടെയാണ് അല്ലാഹു സംവിധാനിച്ചിരിക്കുന്നത്  മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകൻ തന്നെയാണ് അല്ലാഹുവിനെ മാത്രമേ ആരാധിക്കാവാൻ പാടുള്ളൂ അവനാണ് യഥാർത്ഥ ദൈവം! 

അബൂബക്കർ പറഞ്ഞുവന്നത് മുഹമ്മദിന്റെ സന്ദേശങ്ങളിലെത്തിയപ്പോൾ അബൂ ഉബൈദയുടെ വദനം പ്രസന്നമായി മുഖത്ത് ഒരു പ്രത്യേക തിളക്കം പെട്ടെന്നാണ് അബൂബക്കറിന്റെ ശബ്ദമുയർന്നത് 

'ഓ... ഇബ്നുൽ ജറാഹ്, നിന്റെ ഹൃദയത്തിൽ ഇനിയും വെളിച്ചമെത്തിയില്ലേ...?   
നിനക്കിനിയും ചിന്തിക്കാനായില്ലേ....?' 

ഞൊടിയിടയിൽ തന്നെ അബൂ ഉബൈദ പ്രതികരിച്ചു വളരെ സന്തോഷ ഭാവത്തിലുള്ള മറുപടി 

'അതെ, അബൂ അബ്ദുറഹ്മാൻ, നമുക്ക് നിന്റെ കൂട്ടുകാരനെ കാണണം വരൂ നമുക്ക് പോകാം അദ്ദേഹം നന്മയുടെ പാതയിലേക്കാണ് ക്ഷണിക്കുന്നത് സന്മാർഗത്തിലേക്കുള്ള പ്രബോധനമാണദ്ദേഹം നിർവഹിക്കുന്നതെന്നത് സത്യം തന്നെയാണ് ലോക രക്ഷിതാവിന്റെ തിരുദൂതൻ തന്നെയാണാ പ്രവാചകൻ 

അബൂബക്കറും അബൂ ഉബൈദയും തിരുസന്നിധിയിലേക്ക് പുറപ്പെട്ടു തിരുനബി സന്നിധിയിലെത്താൻ വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു അബൂ ഉബൈദയുടെ ഹൃദയം 

അബൂ ഉബൈദയുടെ പാദങ്ങൾക്ക് വേഗതയേറി പ്രവാചകനെ കാണാനുള്ള കൊതിയിൽ നടത്തം ധൃതിയായി  

വീട്ടിലിരിക്കുകയായിരുന്നു പ്രവാചകൻ മുഹമ്മദ് (സ) ഭാര്യ ഖദീജ (റ) യും കൂടെയുണ്ട് ഇരുവരും കയറിച്ചെന്നപ്പോൾ പ്രവാചകൻ എഴുന്നേറ്റ് നിന്നു നിറപുഞ്ചിരിയോടെ സ്വീകരിച്ചിരുത്തി 

അബൂ ഉബൈദ ആ കാൽക്കൽ വീണു പ്രവാചകൻ പിടിച്ചെഴുന്നേൽപ്പിച്ചു ശഹാദത്തിന്റെ വചനങ്ങൾ പ്രവാചകൻ (സ) ചൊല്ലിക്കൊടുത്തു അതേറ്റു പറഞ്ഞ് സത്യവിശ്വാസിയായിത്തീർന്നു അബൂ ഉബൈദ (റ) 

അത് ഇസ്ലാമിന്റെ ആദ്യകാലത്തായിരുന്നു അബൂബക്കറിനെ കൂടാതെ വിരലിലെണ്ണാവുന്നവർ മാത്രമാണ് ഇസ്ലാം സ്വീകരിച്ചിരുന്നത് പലരും ശങ്കിച്ചു നിന്നു ചിലർ ശക്തിയായി എതിർക്കാനാണ് ഒരുങ്ങിപ്പുറപ്പെട്ടത് 

പ്രവാചകരുടെ ഇഷ്ട പത്നി ഖദീജതുൽ കുബ്റ (റ), വളർത്തു പുത്രൻ സൈദുബ്നു ഹാരിസ (റ), പിതൃ സഹോദരപുത്രൻ അലിയ്യുബ്നു അബീത്വാലിബ് (റ) തുടങ്ങിയ ഏഴോളം പേർ മാത്രമാണന്ന് മുസ്ലിംകളായി നിലവിലുള്ളൂ എട്ടാമനായി ഇസ്ലാമാശ്ലേഷിക്കാൻ മഹാഭാഗ്യം ലഭിച്ചത് അബൂ ഉബാദതുബ്നുൽ ജർറാഹ് (റ) ന് ആയിരുന്നു 

അബൂ ഉബൈദ (റ) ന്റെ കൂടെ ഇസ്ലാം സ്വീകരിച്ചവരാണ് സ്വഹാബി പ്രമുഖരായ ഉസ്മാനുബ്നു മത്ഊൻ, അബ്ദുർറഹ്മാനുബ്നു ഔഫ് (റ) എന്നിവർ തിരുനബി (സ) ശത്രുക്കളുടെ എതിർപ്പ് ശക്തമായതു നിമിത്തം മക്കയിലെ മലഞ്ചെരിവിലുള്ള അർഖമുബ്നു അബുൽ അർഖം (റ) ന്റെ വീട്ടിലേക്ക് മാറിത്താമസിച്ചു അതിന് മുമ്പ് ഇസ്ലാം സ്വീകരിച്ച അപൂർവ്വം ചിലരിൽ ഒരാളാണ് മഹാനായ അബൂ ഉബൈദ (റ) 


അബ്സീനിയയിലേക്ക്

വിശുദ്ധ ഇസ്ലാമിന്റെ ആദ്യഘട്ടം അബൂ ഉബൈദ (റ) നേരത്തെ തന്നെ ഇസ്ലാമിലേക്ക് കടന്നു വരികയായിരുന്നു സത്യ പ്രസ്ഥാനമേതെന്ന് തിരിച്ചറിയാൻ സാധിച്ചതിൽ അതീവ സന്തുഷ്ടനായിക്കൊണ്ടാണ് അബൂ ഉബൈദ ഇസ്ലാമിന്റെ ശാദ്വല തീരത്ത് വന്നണയുന്നത് 

നേരും നെറികേടുമില്ലാത്ത ഒരു സമൂഹത്തിനിടയിൽ, സാംസ്കാരികവും മാനുഷികവുമായ മൂല്യങ്ങൾക്ക് വിലകൽപിക്കാത്ത ജനങ്ങൾക്കൊപ്പമുള്ള ജീവിതം അബൂ ഉബൈദക്ക് മടുത്തിരുന്നു ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെ തുറന്നവതരിപ്പിക്കുന്ന ഒരു നേരിന്റെ സരണിയെ ആ മനസ്സ് തേടി അലയുകയായിരുന്നു അങ്ങനെയാണ് ഇസ്ലാമിനെക്കുറിച്ചറിയാനവസരം ലഭിക്കുന്നത് 

സത്യസന്ധനായ അബൂബക്കർ, ആത്മമിത്രമാണദ്ദേഹം അദ്ദേഹം പോലും അനുധാവനം ചെയ്യുന്ന ഈ പ്രസ്ഥാനം ഒരു സാധാരണ സരണിയാവില്ല, തീർച്ച പിന്നെ അടുത്തറിയുന്തോറും അബൂ ഉബൈദയുടെ ഈമാനികാവേശം പതിന്മടങ്ങ് ശോഭയോടെ വർധിക്കുകയായിരുന്നു  

മക്കയിലെ ഖുറതശി കാരണവർക്കിത് ഒട്ടും സഹിച്ചില്ല അവർ സംഗമിച്ചു സംസാരിച്ചു ചർച്ചകൾ നടന്നു മുഹമ്മദിനെയും അനുയായികളെയും ആട്ടിപ്പുറത്താക്കണം മുഹമ്മദിനെ ഈ വിധം വളരാൻ അനുവദിച്ചു കൂടാ അവനൊപ്പം ആളുകൾ ചേരുന്നത് അവസാനിപ്പിക്കണം സ്വന്തം കാലിനടിയിൽ നിന്നും മണ്ണൊലിച്ചു നീങ്ങുന്നതിനെ മുളയിലേ തടഞ്ഞിടണം അല്ലാത്തപക്ഷം അതൊരു വലിയ പ്രസ്ഥാനമായി പന്തലിക്കും, തീർച്ച പക്ഷേ, ശത്രുക്കളെ വിസ്മയിപ്പിക്കും വിധത്തിലാണ് മുഹമ്മദിന്റെ പിന്നിൽ അനുയായികൾ ചേർന്നു കൊണ്ടിരിക്കുന്നത് ഇതിനൊരന്ത്യം വരുത്തണം ഖുറൈശി കാരണവർ ഇത്തരം സംഗതികളെല്ലാം ഗൗരവത്തിൽ ചർച്ച ചെയ്യുകയാണ് വിശുദ്ധ കഅ്ബാലയത്തിന്റെ തിരുമുറ്റത്തിരുന്ന് പലവട്ടം യോഗം ചേർന്നു പക്ഷേ, മുഹമ്മദിനെ തടയാൻ അവരുടെ ഉപായങ്ങൾക്കൊന്നും ആവില്ലെന്ന് അവരിൽ ചിലർ തന്നെ പരസ്പരം പറയുന്നുണ്ടായിരുന്നു  

മുഹമ്മദിന്റെ പുതിയ മതത്തിലേക്ക് ഇനി ആളെക്കൂട്ടുന്നത് നിർത്തണം കൂടിയവരെ പിന്തിരിപ്പിക്കണം അതിനെന്താണ് വഴി? അനുയായികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു കളയാം ചിലർ അഭിപ്രായപ്പെട്ടു ശക്തമായ ഉപദ്രവങ്ങളേൽപ്പിച്ചാൽ ആരും പിന്നീട് മുഹമ്മദിന്റെ വഴിക്ക് നീങ്ങില്ലെന്നാണ് അബൂജഹ്ലിനെപ്പോലോത്ത ചില ക്രൂരമനസ്കർ നിർദ്ദേശിച്ചത് 

അവസാനം അവരിറങ്ങി ഉപദ്രവങ്ങൾ, ഭീഷണികൾ, പീഢനങ്ങൾ.... അവർ നിസ്സഹായരും ദുർബലരുമായ സ്വഹാബിമാർക്കു നേരെ പ്രയോഗിച്ചു അബൂ ഉബൈദ (റ) ന് പ്രവാചക തിരുമേനിയോടുള്ള സ്നേഹം അനുദിനം വർധിക്കുകയായിരുന്നു ശത്രുക്കൾ പ്രയോഗിക്കുന്ന ഏത് ഭീഷണികളെയും ഉപദ്രവത്തെയും സഹിക്കാൻ അദ്ദേഹം സന്നദ്ധനായി ക്ഷമയോടെ എല്ലാ കുതന്ത്രങ്ങളെയും എതിർത്തു തോൽപ്പിച്ചു സത്യ പ്രസ്ഥാനത്തിൽ നിന്ന് അബൂ ഉബൈദയെ പിന്തിരിപ്പിക്കാൻ തങ്ങളുടെ ഭീഷണിക്കോ പീഢനങ്ങൾക്കോ സാധ്യമല്ലെന്ന് അബൂജഹ്ലും ഉത്ബയും ശൈബത്തുമെല്ലാം തിരിച്ചറിഞ്ഞു 

പക്ഷേ, ഇതുകൊണ്ടൊന്നും അവർ പിന്തിരിഞ്ഞില്ല അബൂ ഉബൈദയെക്കൊണ്ട് മുഹമ്മദിനെ കയ്യൊഴിക്കാൻ ഏതറ്റം വരെ പോകാനും ക്രൂരമായ പീഢന മുറികൾ അടിച്ചേൽപ്പിക്കാനും കാപാലികർ തീരുമാനിച്ചു 

ഒരു നാൾ അബൂ ഉബൈദ നബി സന്നിധിയിൽ വന്നു ഒപ്പം മറ്റു പല സ്വഹാബികളുമുണ്ട് അർഖമുബ്നു അബുൽ അർഖം (റ) വിന്റെ മലയടിവാരത്തുള്ള കൊച്ചു വീട്ടിലാണ് പ്രവാചകർ ഇരിക്കുന്നത് രഹസ്യ പ്രബോധ പ്രവർത്തനങ്ങൾ അവിടെ വെച്ചായിരുന്നു രഹസ്യമായി ആരാധനയും പ്രാർത്ഥനയും അവിടെവെച്ച്  നടത്താറുണ്ടായിരുന്നു 

പരസ്യ പ്രബോധനം നടത്തി മുന്നോട്ട് നീങ്ങാൻ അല്ലാഹുവിന്റെ കൽപന പിന്നീടാണുണ്ടായത് അതിനു മുന്നേ അബൂ ഉബൈദ (റ) പരസ്യ പ്രബോധനം നടത്താൻ  തിരക്കു കൂട്ടുകയായിരുന്നു ഈ മഹത്തായ ദീനുൽ ഇസ്ലാമിന്റെ സന്ദേശങ്ങൾ രഹസ്യമാക്കി വെക്കാനുള്ളതല്ലെന്നും പൊതു ജനങ്ങൾക്കു മുമ്പിൽ ഇത് പരസ്യപ്പെടുത്തണമെന്നും അബൂ ഉബൈദ (റ) ക്ക് അതിയാത താൽപര്യം നിരവധി സ്വഹാബി പ്രമുഖരും അതേ ആഗ്രഹവുമായി നബി (സ) യെ സമീപിച്ചിരുന്നു എന്നാൽ അല്ലാഹുവിന്റെ കൽപ്പന വന്നപ്പോൾ മാത്രമാണ് പ്രവാചകർ (സ) പരസ്യ പ്രബോധനത്തിന് സ്വഹാബികളെ അനുവദിച്ചത് 

നബി തിരുമേനി (സ) സഫാ പർവ്വതത്തിനു മീതെ കയറി ഖുറൈശീ ഗോത്രങ്ങളെ ഓരോന്നിനെയും ഉറക്കെ വിളിച്ചു അവരെല്ലാം ഒരുമിച്ചു കൂടി വളരെ തന്ത്രപരമായി പ്രവാചകൻ (സ) അവരെ ഇസ്ലാമിന്റെ സുന്ദര സന്ദേശത്തിലേക്ക് ക്ഷണിച്ചു അബൂലഹബിനിത് അസഹ്യമായി അവൻ ക്രോധത്തോടെ പ്രവാചകർ (സ) യെ ശപിച്ചു ഉടനെ അല്ലാഹു വിശുദ്ധ ഖുർആനിലെ സൂറത്തുൽ മസദ് എന്ന അധ്യായത്തിലൂടെ അവനെ ശപിച്ചു ലോകാന്ത്യം വരെ ആ സൂക്തം പാരായണം ചെയ്യപ്പെടുമ്പോഴെല്ലാം അബൂലഹബ് ശപിക്കപ്പെട്ടു കൊണ്ടിരിക്കുന്നു 

ആശയത്തെ ആശയം കൊണ്ട് നേരിടാൻ ഖുറൈശികൾക്കായില്ല അവർ ദേഹോപദ്രവങ്ങളേൽപ്പിച്ചും പരിഹാസവാക്കുകൾ പ്രയോഗിച്ചും നിരന്തരം പ്രവാചകരെയും മുസ്ലിംകളെയും ദ്രോഹിച്ചുകൊണ്ടിരുന്നു 

അവസാനം നിൽക്കപ്പൊറുതിയില്ലാതായി സ്വസ്ഥമായൊന്ന് പ്രാർത്ഥിക്കണം ശാന്തമായി നിസ്കരിക്കുകയും ദിക്റുകളുരുവിടാനും ഖുർആൻ പാരായണത്തിനും സൗകര്യം വേണം അല്ലാഹുവിന്റെ വിശാലമായ ഭൂമിയിലതിനൊരിടം ലഭിക്കാൻ അബൂ ഉബൈദ (റ) ക്ക് മോഹമുദിച്ചു പല സ്വഹാബികളും ഇതേ ആശ പരസ്പരം പങ്കുവെച്ചു അവർ പ്രവാചകരോട് കാര്യങ്ങൾ പറഞ്ഞു ബോധിപ്പിച്ചു പക്ഷേ, ജീവനു തുല്യം സ്നേഹിക്കുന്ന പുണ്യ പ്രവാചകരെ കൈവിടാൻ അബൂ ഉബൈദ (റ) ക്ക് മനസ്സുണ്ടായിരുന്നില്ല അത്രയ്ക്കു പ്രവാചകരെ നെഞ്ചിലേറ്റി നടക്കുകയായിരുന്നു അവരെല്ലാം 

സ്നേഹ സമ്പന്നരായ അനുയായി വൃന്ദത്തിന്റെ സങ്കടങ്ങൾ കേട്ടപ്പോഴേക്കും തിരുമനസ്സ് വല്ലാതെ വേദനിച്ചു അല്ലാഹുവിന്റെ സത്യമാർഗം സ്വീകരിച്ചതിന്റെ പേരിൽ എല്ലാ ഉപദ്രവങ്ങളും ഏറ്റുവാങ്ങാൻ മാത്രം വിധിക്കപ്പെട്ട പ്രിയപ്പെട്ട സ്വഹാബിമാർ.... പ്രവാചകർക്ക് അതോർക്കുമ്പോഴേക്കും മനോവിഷമം വർധിക്കുകയായിരുന്നു 

പ്രവാചകർ (സ) എല്ലാം അല്ലാഹുവിൽ ബോധിപ്പിച്ചു അവസാനം അല്ലാഹുവിന്റെ പ്രത്യേക നിർദ്ദേശം ലഭിച്ചു അതനുസരിച്ച് സ്വഹാബികളെ വിളിച്ചു വരുത്തി പ്രവാചകർ പ്രഖ്യാപിച്ചു 

'നിങ്ങൾ ഭൂമിയിൽ എവിടേക്കെങ്കിലും യാത്ര തിരിച്ചു കൊള്ളുക....; പിന്നീട് ജഗന്നിയന്താവായ അല്ലാഹു നിങ്ങളെയെല്ലാവരെയും ഒരുമിച്ച് കൂട്ടുക തന്നെ ചെയ്യും...' 

ഇത്രയും കേട്ടപ്പോൾ അബൂ ഉബൈദ (റ) യുടെ മനസ്സ് ചിന്താനിമഗ്നമായി പ്രവാചകർ (സ) എന്താണീ പറയുന്നത് അവിടുത്തെയും വിട്ട് എവിടേക്കാണ് നാം യാത്ര തിരിക്കുക നബി (സ) ഇല്ലാതെ എവിടെ പോയിട്ടെന്താണ്? അവിടുന്ന് ശത്രു മധ്യത്തിലും നാം സുരക്ഷിത കേന്ദ്രത്തിലും ആയിട്ടെന്തു കാര്യം അതേസമയം അല്ലാഹുവിന്റെ കൽപന എങ്ങനെ തിരസ്കരിക്കും? ഒടുവിൽ അവരാ തീരുമാനത്തിലെത്തി അല്ലാഹുവിനെയും പ്രവാചകരെയും അനുസരിക്കുക ബാക്കിയെല്ലാം കാത്തിരുന്നു കാണാം പിന്നീട് സംഗമിപ്പിക്കാമെന്ന വാഗ്ദാനവുമുണ്ടല്ലോ? സ്വഹാബികൾ നബി (സ) യോട് ചോദിച്ചു: 

'പ്രവാചകരേ (സ)... ഞങ്ങളെവിടേക്കാണ് പോവേണ്ടത്?'

'നിങ്ങൾ അബ്സീനിയ (എത്യോപ്യ) യിലേക്ക് നീങ്ങിക്കൊള്ളുക'  പ്രവാചകർ (സ) അനുയായികളെ സമാശ്വസിപ്പിച്ചു .


രണ്ടാം സംഘം എത്യോപ്യയിലേക്ക്

തീഷ്ണമായ പരീക്ഷണങ്ങളെ സഹനപൂർവ്വം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു അബൂ ഉബൈദ എന്തെല്ലാം വിധത്തിലുള്ള പീഢനങ്ങൾ... പ്രതിസന്ധികൾ 

വളരെ ക്ഷമാപൂർവ്വം എല്ലാം നേരിട്ടു ഈ ക്ഷമക്ക് ഒരതിരില്ലേ എന്ന് ചിന്തിച്ചുപോകും വിധമായിരുന്നു അനുദിനം അനുഭവിക്കേണ്ടിവന്ന ഓരോ പീഢനങ്ങളുടേയും കാഠിന്യം 

ഇതിനിടയിലാണ് സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ ചിറകിട്ടടിച്ച് വരുംപോലെ ആ വാക്കുകൾ കാതുകളിൽ മന്ത്രിച്ചത് എത്യോപ്യ എന്ന കടലിനക്കരെയുള്ള നാട്ടിലേക്ക് പാലായനം നടത്താൻ അല്ലാഹുവിന്റെ അനുമതി ലഭിച്ച സന്തോഷ മുഹൂർത്തം പ്രവാചകർ (സ) അനുയായികളുമായി പങ്കുവെച്ചു 
 
അബൂ ഉബൈദയെ തെല്ലൊന്നുമല്ല ഈ വാർത്ത ഹർഷപുളകിതനാക്കിയത് എന്തെന്നില്ലാത്ത ആഹ്ലാദം ദുരിതം നിറഞ്ഞ ഈ നാട്ടിൽ നിന്ന് മോചനം ലഭിക്കുകയായി 

പ്രവാചകർ (സ) മലഞ്ചെരുവിലെ കൊച്ചു ഭവനത്തിലേക്ക് അനുചരരെ വിളിച്ചു വരുത്തി അബൂ ഉബൈദ അവരുടെ  മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു വിരളമായിരുന്നു അന്ന് അനുയായികൾ അവരെല്ലാമെത്തിയപ്പോൾ പ്രവാചകർ (സ) ദൈവ സന്ദേശം പറഞ്ഞു കേൾപ്പിച്ചു ഇനി അബ്സീനിയ (എത്യോപ്യ) യിലേക്ക് പോവാനാഗ്രഹിക്കുന്നവർക്ക് പോകാം സമാധാനത്തോടെ ശാന്തമായി അവിടെ വെച്ച് നിസ്കാരവും മറ്റു പ്രാർത്ഥനകളും നിർവ്വഹിക്കാം അവിടെ ഭരിക്കുന്നത് നജ്ജാശി ചക്രവർത്തിയാണ് മാന്യനും നീതിമാനുമായ അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ സ്വസ്ഥമായി നിങ്ങൾക്ക് ജീവിതം നയിക്കാം 

അബൂ ഉബൈദക്ക് ആവേശമായി ഇനിയും ദുരിത ജീവിതം സഹിക്കാനൊക്കില്ല പോവാം എത്യോപ്യയിലേക്ക് പോവാൻ ഞാനുമുണ്ട് അബൂ ഉബൈദ ഉറച്ച സ്വരത്തിൽ പ്രഖ്യാപിച്ചു 

ഇതേ അഭിപ്രായം രേഖപ്പെടുത്തി വളരെ കുറഞ്ഞ സ്വഹാബിമാരും രംഗത്തെത്തി പ്രവാചകർ (സ) യുടെ മരുമകൻ ഉസ്മാനുബ്നു അഫ്ഫാൻ (റ), പത്നിയും നബി പുത്രിയുമായ റുഖിയ്യ ബീവി (റ), അബൂ സലമ, പത്നി ഉമ്മു സലമ, അബൂ സുബ്റ, പത്നി ഉമ്മു കുൽസൂ, ആമിറുബ്നു റബീഅ, പത്നി ലൈല, അബൂ ഹുദൈഫ ബിൻ ഉത്ബ, ഭാര്യ സഹ്ല, അബ്ദുർറഹ്മാനുബ്നു ഔഫ്, ഉസ്മാനുബ്നു മത്ഊൻ, മിസ്അബുബ്നു ഉമൈർ , സ്വഹ്ല്ബ്നു അൽ ബൈളാഅ്, സുബൈറുബ്നു അവ്വാം (റ.അ) തുടങ്ങിയ പത്ത് പുരുഷന്മാരും അഞ്ച് സ്ത്രീകളും പാലായന സന്നദ്ധരായി മുന്നോട്ടു വന്നു 

യാത്രയാവാനൊരുങ്ങുന്നതിനിടെയാണ് അബൂ ഉബൈദയുടെ മനസ്സിൽ ദുഃഖത്തിന്റെ കാർമേഘം ഉരുണ്ടു കൂടിയത് കാർമേഘത്തിന്റെ വർണ്ണം കടുത്തു വന്നു ദുഃഖം മനസ്സിൽ അടങ്ങി ഒതുങ്ങാൻ വിസമ്മതിച്ചു അതിരുകൾ ലംഘിച്ച് വ്യസനം സങ്കടമായി പെയ്തു ഇരു കവിളുകളിലും നീർത്തുള്ളികൾ ഉരുണ്ടുവന്നു 

ജീവനിലേറെ സ്നേഹിക്കുന്ന പ്രവാചകർ (സ) എത്യോപ്യയിലേക്കില്ല പ്രവാചകർ ഇവിടെ മക്കയിൽ തന്നെ താമസിക്കുകയാണ് അല്ലാഹുവിന്റെ നിർദ്ദേശങ്ങൾക്കപ്പുറം അവിടുന്ന് ഒന്നും ചെയ്യില്ല അനുയായികളായ നമുക്ക് മാത്രമാണ് എത്യോപ്യയിലേക്ക് പാലായനം ചെയ്യാൻ അനുമതി ലഭിച്ചത് 

പ്രാണനേക്കാൾ സ്നേഹിക്കുന്ന പ്രവാചകന്റെ കൂടെ കഴിച്ചു കൂട്ടിയ നല്ല ജീവിതത്തിന് വിട ഇനി നബിതിരുമേനിക്കൊപ്പമൊരു ജീവിതം ഉണ്ടാകുമോ എന്നറിയില്ല പ്രവാചകരെ വെടിഞ്ഞ് അധികനാൾ ജീവിക്കാൻ മനസ്സനുവദിക്കുമോ...? അബൂ ഉബൈദായുടെ മനസ്സ് ചിന്തകളുടെ അസ്വസ്ഥ ലോകത്തേക്ക് ചിറകടിച്ചുയർന്നു 

മനഃക്കരുത്ത് മുഴുവൻ സംഭരിച്ച് വളരെ രഹസ്യമായി സ്വഹാബികൾ പാലായനത്തിനൊരുങ്ങി വെള്ളം, യാത്രാ സാമഗ്രികൾ, ഭക്ഷണം തുടങ്ങി ദീർഘ യാത്രക്കുവേണ്ടതെല്ലാം അവർ സജ്ജമാക്കി 

അവസാനമായി അബൂ ഉബൈദ തിരുനബിയുടെ പൂമുഖത്തെത്തി ആ വിശുദ്ധ വദനം കൺകുളിർക്കെ സ്വഹാബികളൊന്നടങ്കം  നോക്കി വിശുദ്ധ കരങ്ങൾ പിടിച്ച് സലാം പറഞ്ഞിറങ്ങുമ്പോൾ അബൂ ഉബൈദയുടെ കണ്ഠമിടറുന്നുണ്ടായിരുന്നു വിശുദ്ധമായ ഒരു സത്യമതം പുൽകിയതാണല്ലോ ഞാൻ ചെയ്തുപോയ ഏക പാതകം ഇതോർത്തപ്പോൾ അബൂ ഉബൈദയുടെ മനസ്സ് ഹർഷപുളകിതമായി രോമാഞ്ചജനകമായ ആമോദം മനസ്സിൽ മഴ പെയ്തൊഴിഞ്ഞ പ്രതീതി 

അല്ലാഹുവിന്റെ വിശുദ്ധ നാമത്തിൽ തിരുനബി (സ) അവരെ യാത്രയാക്കി പതിനഞ്ച് പേരടങ്ങിയ ആ കൊച്ചു സംഘം ഇരുട്ടിന്റെ മറവിലൂടെ പതിയെ പ്രയാണമാരംഭിച്ചു മക്കാനിവാസികളറിയാതെ ശത്രുക്കൾക്ക് ഒരു സൂചനപോലും കൊടുക്കാതെ അവർ കടപ്പുറത്തേക്ക് നടന്നു നീങ്ങി 

സംഘ നായകൻ ഉസ്മാനുബ്നു മത്ഊൻ (റ) ആയിരുന്നു തിരമാലകൾ ആഞ്ഞടിക്കുന്നു കടപ്പുറത്തുകൂടെ അവർ അൽപം മുന്നോട്ടുനീങ്ങിയപ്പോൾ വിദൂരതയിൽ നിന്നും ഒരു വെളിച്ചം ശ്രദ്ധയിൽപ്പെട്ടു ഒരു കപ്പലിൽ നിന്നായിരുന്നു വെളിച്ചമെന്ന് പിന്നീടവർ തിരിച്ചറിഞ്ഞു 

അതൊരു വാടക കപ്പലായിരുന്നു കപ്പിത്താനെ സമീപിച്ച് വിവരങ്ങൾ കൈമാറി സംഘനായകൻ കാര്യങ്ങൾ പറഞ്ഞു ധരിപ്പിച്ചപ്പോൾ കപ്പിത്താൻ തലയാട്ടി 

മണൽത്തരികളിൽ നിന്നും പതുക്കെ അവർ കപ്പലിലേക്ക് കാലെത്തു വെച്ചു കപ്പൽ മുന്നോട്ട് ഗമിച്ചു നാവികൻ എത്യോപ്യ ലക്ഷ്യമാക്കി കപ്പലിന്റെ പായ സംവിധാനിച്ചു 

കാതങ്ങൾ താണ്ടി അവർ എത്യോപ്യയുടെ മണ്ണിലെത്തി ശാന്തമായ മരുപ്രദേശം തണുത്ത കാറ്റ് അടിച്ചു വിശൂന്നു ജീവിതത്തിൽ തീരെ കാണാത്ത ഒരന്യദേശത്താണ് തങ്ങൾ കാലുകുത്തിയതെന്നറിഞ്ഞപ്പോൾ അബൂ ഉബൈദയുടെ അകതാരിൽ അസ്വസ്ഥ 

പ്രവാചകർ (സ) യാണ് തങ്ങളെ യാത്രയാക്കിയത് ഇവിടെ ശാന്തമായി ജീവിക്കാമെന്നവർ മോഹിച്ചു രാജാവിനെ കണ്ട് വിവരങ്ങൾ കൈമാറിയപ്പോൾ നീതിമാനായ നജ്ജാശി ചക്രവർത്തി തിരുവായ്കൊണ്ട് മൊഴിഞ്ഞു 

'ഈ ഭൂമിയിൽ ഉദ്ദേശിക്കുന്നിടത്ത് നിങ്ങൾക്ക് താമസിക്കാം നിങ്ങൾ ഷുയൂമുകളാണ് ' (എത്യോപ്യൻ പദം, നിർഭയരെന്നർഥം) 

രാജകൽപന വന്നു ഇനി നമുക്കീ നാട്ടിൽ ജീവിക്കാം ആരെയും പേടിക്കേണ്ടതില്ല ഖുറൈശികളുടെ പീഡനങ്ങളെ ഭയപ്പെടേണ്ട ദുരിതം നിറഞ്ഞ ജീവിതത്തിന് തിരശ്ശീല വീണിരിക്കുന്നു അബൂ ഉബൈദ നെടുവീർപ്പിട്ടു 

ദിവസങ്ങൾ മുന്നോട്ടു നീങ്ങി പതിനഞ്ചംഗ സ്വഹാബിമാർക്ക് എത്യോപ്യയിൽ വേറിട്ട ജീവിതമായിരുന്നു ഒരന്യനാട്ടിൽ വിദേശികൾ ഇഴകിച്ചേരാൻ താമസം വേണ്ടിവരുമല്ലോ 

മാസങ്ങൾ കഴിഞ്ഞു മൂന്നുമാസം പിന്നിട്ടപ്പോൾ ചിലർ മക്കയിലേക്ക് തന്നെ തിരിച്ചു പോവാൻ ആഗ്രഹം പ്രകടിപ്പിച്ചു അവർക്ക് എത്യോപ്യയിലെ ജീവിതം അത്ര രസകരമായില്ല മാത്രമല്ല, കുറഞ്ഞ സ്വഹാബികളേ ഭാര്യമാരെയും കൂട്ടി എത്യോപ്യയിലെത്തിയിട്ടുള്ളൂ ഇത് സ്വാഭാവികമായും ചിലർക്ക് പ്രയാസം സൃഷ്ടിച്ചു 

സുഹൃത്തുക്കളിൽ ചിലർ തിരിച്ചുപോക്കിന്റെ ആഗ്രഹവുമായി വന്ന് അനുമതി തേടിയപ്പോൾ അബൂ ഉബൈദ സമ്മതം നൽകി ഇവിടം അടങ്ങിയൊതുങ്ങി ജീവിക്കാം പ്രയാസങ്ങളും പ്രശ്നങ്ങളും ക്ഷമിച്ചാൽ അത് പിന്നീട് അനുഗ്രഹമായിത്തീരുമെന്ന നിലപാടായിരുന്നു അബൂ ഉബൈദക്ക് 

അബൂ ഉബൈദയുടെ കൂടെ മറ്റു ചിലരും അവിടെ താമസമാക്കാനുറച്ചു അബൂ സലമ, ഉസ്മാനുബ്നുൽ മത്ഊൻ, തുടങ്ങിയ സ്വഹാബിമാർ മക്കയിലേക്ക് തിരിച്ചു പോയവരായിരുന്നു 

കൂട്ടുകാർ തിരിച്ചു പോയതിൽ അബൂ ഉബൈദ വിഷമിച്ചു മൂന്നു മാസക്കാലം എല്ലാവരും ഒരുമിച്ച് കഴിഞ്ഞതിനാൽ അറിയാതെ നാളുകൾ പിന്നിടുകയായിരുന്നു ഇപ്പോൾ തങ്ങൾ കുറച്ചുപേർ മാത്രം ഈ വിരസ ജീവിതത്തിനറുതിയുണ്ടാവില്ലേ? അബൂ ഉബൈദ സ്വയം ചോദിച്ചു 

അതിനിടയിലാണ് അറേബ്യയിൽ നിന്ന് ഒരു വലിയ കപ്പൽ എത്യോപ്യൻ കടപ്പുറത്ത് നങ്കൂരമിട്ട വാർത്ത പരന്നത് വിവരമറിഞ്ഞ് ആളുകൾ ഓടിക്കൂടി അബൂ ഉബൈദയും സുഹൃത്തുക്കളും ആവേശത്തോടെ കടപ്പുറത്തെത്തി 

കുറേ പരിചിത മുഖങ്ങൾ ജഅ്ഫറുബ്നു അബീത്വാലിബ്, പത്നി അസ്മാഅ് ബിൻതു ഉമൈസ്, മിഖ്ദാദുബ്നുൽ അസ് വദ്, അബ്ദുല്ലാഹിബ്നുൽ ജഹ്ശ്, പത്നി ഉമ്മു ഹബീബ തുടങ്ങിയവർ കപ്പലിൽ നിന്നും പുറത്തേക്കിറങ്ങിയത് കണ്ടപ്പോൾ അബൂ ഉബൈദയുടെ ആഹ്ലാദത്തനതിരുണ്ടായിരുന്നില്ല 

ജനങ്ങളെ വകഞ്ഞുമാറ്റി അബൂ ഉബൈദയും സുഹൃത്തുക്കളും അവരെ സ്വീകരിക്കാൻ മുന്നോട്ടു വന്നു 

മക്കയിൽ നിന്ന് രണ്ടാം പാലായനത്തിനിറങ്ങിയവരായിരുന്നു അവർ അൺപത്തിമൂന്ന് പുരുഷന്മാരും പതിനെട്ടു സ്ത്രീകളും പ്രസ്തുത സംഘത്തിലുണ്ടായിരുന്നു മക്കയിൽ ഖുറൈശികൾ മുസ്ലിംകൾക്കുനേരെ ബഹിഷ്കരണം പ്രഖ്യാപിച്ചതു കാരണം ജീവിക്കാൻ ഗതിമുട്ടി പ്രവാചകർ വിഷമിച്ചു മലഞ്ചെരുവിൽ കുടുംബത്തോടൊപ്പം ജീവിക്കാൻ തുടങ്ങിയ പ്രവാചകർ (സ) അനുയായികളോട് എത്യോപ്യയിലേക്ക് പാലായനം ചെയ്യാൻ നിർദ്ദേശിക്കുകയായിരുന്നു അങ്ങനെയാണ് മക്കയിലെ ഭൂരിഭാഗം മുസ്ലിംകളും എത്യോപ്യയിലേക്ക് പുറപ്പെടുന്നത് 

കുറച്ചു സുഹൃത്തുക്കൾ തിരിച്ചുപോയതിനു പകരം ധാരാളം നാട്ടുകാരെ കൂട്ടിന് നൽകി അല്ലാഹു സമാധാനിപ്പിച്ചപ്പോൾ അബൂ ഉബൈദക്ക് അതിയായ ആവേശവും സന്തോഷവും അലതല്ലുകയായിരുന്നു അദ്ദേഹം അല്ലാഹുവിനെ വീണ്ടും സ്തുതിച്ചുകൊണ്ടിരുന്നു 


ശത്രുക്കൾ എത്യോപ്യയിലും

രാജ കൊട്ടാരത്തിലേക്ക് കപ്പലിൽ വന്നിറങ്ങിയ മുഴുവൻ പേരെയും ഹാജറാക്കി വരവിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ചും മറ്റും അന്വേഷിക്കാനാണവരെ വിളിച്ചു കൂട്ടിയത് അവരുടെ സംഘനായകൻ ജഅ്ഫറുബ്നു അബീത്വാലിബ് (റ) എല്ലാം സവിസ്തരം വിശദീകരിച്ചു നൽകിയപ്പോൾ നജ്ജാശി രാജാവ് മുസ്ലിംകൾക്ക് എത്യോപ്യയിൽ ജീവിക്കാൻ അനുമതി നൽകി 

മക്കയിൽ പ്രത്യേകമായ ഒരന്തരീക്ഷമായിരുന്നു അന്നത്തെ പുലരിയിൽ ഖുറൈശികൾ മുസ്ലിംകൾക്ക് നേരെ ബഹിഷ്കരണമേർപ്പെടുത്തിയതായിരുന്നു ഭക്ഷണവും മറ്റ് വസ്തുക്കളും മുസ്ലിംകൾക്ക് കൊടുക്കുകയോ വാങ്ങുകയോ ചെയ്യാൻ ആരെയും അനുവദിക്കാതെ ഒറ്റപ്പെടുത്താനും പട്ടിണിക്കിട്ട് കൊല്ലാനുമായിരുന്നു അവർ ആസൂത്രണം നടത്തിയിരുന്നത് 

എന്നാൽ നേരം പുലർന്നപ്പോൾ മുസ്ലിംകളെ കാൺമാനില്ല വീടുകൾ പലതും അടഞ്ഞിരിക്കുന്നു പ്രവാചകനും വളരെകുറച്ച് മുസ്ലിംകളും മാത്രമാണ് മക്കയിലുള്ളത് നല്ലൊരു ശതമാനം മുസ്ലിംകളെയും കാണുന്നില്ല അവർ എവിടെ പോയി? 

ഖുറൈശീ പ്രമുഖർ അന്വേഷണം തുടങ്ങി മക്കയിലെ സകലമുക്കുമൂലകളിലും അരിച്ചുപെറുക്കി പക്ഷെ, ഒറ്റപ്പെട്ട മുസ്ലിംകളെ മാത്രമേ കാണുന്നുള്ളൂ കഴിഞ്ഞ ദിവസം രാത്രി ഇരുട്ടിന്റെ മറവിൽ അവർ എത്യോപ്യയിലെ നജ്ജാശി ചക്രവർത്തിയുടെ അരികിലേക്ക് നാടുവിട്ടിരിക്കുന്നു  

രാത്രി സമയത്ത് മുസ്ലിംകൾ കടലുകടന്ന വിവരം ഖുറൈശികൾ മണത്തറിഞ്ഞു ഉടനെ ഖുറൈശികൾ വിശുദ്ധ കഅ്ബയുടെ മുറ്റത്ത് സമ്മേളിച്ചു കാരണവർ നേതൃത്വം നൽകിയ പ്രസ്തുത യോഗത്തിൽ പങ്കെടുത്ത ശത്രുക്കൾ അവശേഷിക്കുന്ന മുസ്ലിംകളെ ഉന്മൂലനം ചെയ്യാൻ ഇനിയെന്ത് ചെയ്യുമെന്നാലോചിച്ചു പലരും പല അഭിപ്രായങ്ങളും പ്രകടിപ്പിച്ചു അതിനിടയിലാണ് ആരോ അത് പറഞ്ഞത് വിലപ്പെട്ട പാരിതോഷികങ്ങൾ നൽകി നജ്ജാശി രാജാവിന്റെ മനം മാറ്റണം എന്നിട്ട് മുസ്ലിംകളെ സ്വദേശത്തേക്ക് തന്നെ തിരിച്ചയക്കാൻ രാജാവിനോടാവശ്യപ്പെടാം അവർ കൊള്ളക്കാരും ചതിയന്മാരുമെല്ലാമാണെന്ന് രാജാവിനെ പറഞ്ഞു ധരിപ്പിക്കുകയും ചെയ്യാം 

അതു നല്ല അഭിപ്രായമാണെന്നായി പ്രമുഖർ പക്ഷേ, ഫലപ്രദമായ രീതിയിൽ രാജാവിനെ വശപ്പെടുത്തി വിവരങ്ങൾ ധരിപ്പിക്കാൻ പറ്റിയ രണ്ടാളെ തിരഞ്ഞെടുത്തേ പറ്റൂ എന്നാലേ കാര്യം നേടാനൊക്കൂ വേറെ ചിലർ കണിശമായി പറഞ്ഞു മാരത്തോൺ ചർച്ചകൾ നടന്നു അഭിപ്രായങ്ങൾ ഉയർന്നു വന്നു അവസാനം ഈ അഭിപ്രായത്തിന് അംഗീകാരം ലഭിച്ചു സമർത്ഥരും യോഗ്യരുമായ അംറുബ്നുൽ ആസ്വ്, അബ്ദുല്ലാഹിബ്നു അബീ റബീഅ എന്നീ രണ്ടുപേരെ ഈ ദൗത്യവുമായി എത്യോപ്യയിലേക്കയക്കാൻ ഖുറൈശികൾ തീരുമാനിച്ചു 

വിലപ്പെട്ട പാരിതോഷികങ്ങൾ പലരും സംഭാവന ചെയ്തു വ്യാപാരികളാണ് കൂടുതൽ മികച്ച സംഭാവന നൽകിയത് യമനിലേക്കും സിറിയയിലേക്കും വ്യാപാരാവശ്യാർത്ഥം പോയി വരുമ്പോൾ വാങ്ങിക്കൂട്ടിയവയായിരുന്നു അവ 

മുസ്ലിംകൾ പുറപ്പെട്ട് നാളുകൾ ഏറെ കഴിയും മുമ്പേ ഖുറൈശീ ദൂതന്മാർ ഒരു കപ്പലിൽ യാത്ര പുറപ്പെട്ടു ഏറെ പ്രതീക്ഷയോടെയും ആവേശാഹ്ലാദത്തോടെയുമാണ് മക്കക്കാർ അവരെ യാത്രയാക്കിയത് 

ഇരുവരും എത്യോപ്യൻ കടൽ തീരത്ത് കപ്പലിറങ്ങി രാജാകൊട്ടാരമന്വേഷിച്ച് അവർ നടന്നു ദൗത്യം വളരെ രഹസ്യമാക്കാനും മുസ്ലിംകൾ തങ്ങളെ കാണാതിരിക്കാനും അവർ പ്രത്യേകം ശ്രദ്ധിച്ചു പാറാവുകാരന്റെ അരികിലെത്തി കൊട്ടാരത്തിനകത്ത് കയറാനും രാജാവുമായി സംസാരിക്കാനും അനുമതി ചോദിച്ചു 

ഏറെ സമയം കഴിഞ്ഞ ശേഷമാണ് അനുമതി ലഭിച്ചത് പാരിതോഷികങ്ങൾ നൽകി രാജാവിനെയും പരിവാരങ്ങളെയും സന്തോഷിപ്പിച്ചു കൂട്ടത്തിൽ മുസ്ലിംകളെ ക്രൂരന്മാരും ദുർജനങ്ങളുമായി വിശേഷിപ്പിച്ചുകൊണ്ട് സംസാരം തുടങ്ങി അവരെ സ്വദേശത്തേക്ക് തിരിച്ചയക്കാൻ വളരെ തന്ത്രപരമായി ആവശ്യമുന്നയിച്ചു 

എല്ലാം നിശബ്ദം കേട്ട ശേഷം രാജാവ് അവിടെയുണ്ടായിരുന്ന മുഴുവൻ മുസ്ലിംകളെയും വിളിപ്പിച്ചു ശത്രുക്കളുടെ ദൂതന്മാർ പറഞ്ഞു ധരിപ്പിച്ച കാര്യങ്ങളോരോന്നിനെപ്പറ്റിയും രാജ കൊട്ടാരത്തിൽ നിന്നും ചോദ്യമുയർന്നു അബൂ ഉബൈദ (റ) യും സുബൈർ (റ) യും വളരെ അത്ഭുതത്തോടെയാണീ ചോദ്യങ്ങൾ ഓരോന്നും കേട്ടത് ഖുറൈശികൾ തങ്ങൾക്കെതിരെ കെട്ടിച്ചമച്ചുണ്ടാക്കിയ ആരോപണങ്ങളോരോന്നിനും സത്യസന്ധമായി മറുപടി കൊടുക്കാൻ അവർ ജഅ്ഫറുബ്നു അബീത്വാലിബ് (റ) നെ ചുമതലപ്പെടുത്തി 

ഒരു നീണ്ട പ്രഭാഷണത്തിലൂടെ വിശുദ്ധ ഇസ്ലാമിനെ കുറിച്ചും പ്രവാചകന്റെ പ്രവർത്തനങ്ങളും സന്ദേശങ്ങളും ഈസാ നബി (അ) ന്റെ വിശ്വാസാദർശങ്ങളുമെല്ലാം ജഅ്ഫർ (റ) വിശദീകരിച്ചു രാജകൊട്ടാരത്തിനകത്തുള്ളവരെ കോൾമയിർ കൊള്ളിക്കുന്ന പ്രഭാഷണമായിരുന്നു ഇത് 

ജഅ്ഫർ (റ) തന്റെ  പ്രഭാഷണത്തിന്റെ പ്രധാന ഭാഗം ഇങ്ങനെ വായിക്കാം 

'രാജതിരുമേനി, ഞങ്ങൾ അജ്ഞരായിരുന്നു ബിംബങ്ങളെ ആരാധിക്കുന്നവർ, പെൺകുട്ടികളെ കൊല്ലുന്നവർ, ശവം തീനികൾ, അശ്ലീലം പ്രവർത്തിക്കുന്നവർ, കുടുംബ ബന്ധങ്ങൾ മുറിച്ചു മാറ്റുന്നവർ, അയൽവാസികളോട് മോശമായി പെരുമാറുന്നവരുമെല്ലാമായിരുന്നു ഞങ്ങൾ ആയിടക്കാണ് ഞങ്ങളിൽ നിന്നൊരു ദൂതരെ അല്ലാഹു ഞങ്ങൾക്കവതരിപ്പിച്ചു നൽകിയത് 

ആ പ്രവാചകരുടെ കുടുംബവും സത്യ സന്ധതയും വിശ്വസ്തതയും ഞങ്ങൾക്കു സുപരിചിതമായിരുന്നു ഏകനായ അല്ലാഹുവിനെ ആരാധിക്കുവാനാണദ്ദേഹം വിളിച്ചത് ഞങ്ങളും പിതാക്കളും ആരാധിച്ചു പോന്ന കല്ലുകളെയും ബിംബങ്ങളെയും കൈയൊഴിഞ്ഞ് സത്യം പറയാനും കുടുംബബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും, അയൽക്കാരോട് നല്ലനിലയിൽ വർത്തിക്കാനും പ്രവാചകൻ ഞങ്ങളെ ഉപദേശിച്ചു രക്തവും അഭിമാനവും പാഴാക്കാതെ അനാവശ്യങ്ങളും ദുർവാക്കുകളും വെടിഞ്ഞ് ജീവിക്കാനും അനാഥരുടെ ധനം അപഹരിക്കരുതെന്നും പതിവ്രതകളുടെ മേൽ വ്യാജാരോപണങ്ങളുന്നയിക്കരുതെന്നും കൽപ്പിച്ചു പ്രവാചകൻ പെൺകുട്ടികളെ വധിക്കുന്നത് വിലക്കി ഏകദൈവത്തെ ആരാധിക്കുന്നതിൽ ശിർക്ക് ചെയ്യരുതെന്നും നിസ്കാരവും നോമ്പും സകാതും പാലിക്കണമെന്നും പ്രവാചകൻ ഞങ്ങളോട് കൽപ്പിച്ചു 

ജഅ്ഫർ (റ) ന്റെ നീണ്ട പ്രഭാഷണത്തിനിടയിൽ നജ്ജാശി രാജാവ് പറഞ്ഞു ദൈവ സന്നിധിയിൽ നിന്നും അവതരിച്ച വല്ലതും നിങ്ങളുടെ വശമുണ്ടെങ്കിൽ അതൊന്ന് പാരായണം ചെയ്താൽ കേൾക്കാമായിരുന്നു 

'കാഫ് ഹാ യാ ഐൻ സ്വാദ് ' എന്നു തുടങ്ങുന്ന സൂറത്തിന്റെ ആദ്യഭാഗം നജ്ജാശിയുടെ മുമ്പിൽ ജഅ്ഫർ (റ) വശ്യമനോഹര ശബ്ദത്തിൽ പാരായണം ചെയ്തു 

ഇത് കേട്ടു കഴിയുമ്പോഴേക്കും  നജ്ജാശി കരഞ്ഞു കണ്ണുകളിൽ നിന്നും നീർത്തുള്ളികൾ അണമുറിയാതെ പെയ്തൊഴിഞ്ഞു രാജാവിന്റെ താടിരോമങ്ങൾ നനഞ്ഞു കുതിരും വിധമായിരുന്നു കരച്ചിൽ 

വിശുദ്ധ ഖുർആന്റെ ശബ്ദ വീചികൾ വീണ്ടും വീണ്ടും കാതിൽ വന്ന് മന്ത്രിക്കുംപോലെ രാജാവിന് അനുഭവപ്പെട്ടു വിതുമ്പലടക്കി ശാന്തമായ ശേഷം നജ്ജാശി രാജാവ് മുസ്ലിംകളെ നോക്കി ഉറക്കെ പ്രഖ്യാപിച്ചു 

'തീർച്ചയായും ഈ വചനങ്ങളും ഈസാ പ്രവാചകന് അവതരിച്ചതും ഒരേ വിളക്കുമാടത്തിൽ നിന്നും നിർഗളിച്ചതാകുന്നു നിങ്ങൾക്ക് പോവാം, ശത്രുക്കൾക്ക് ഒരിക്കലും ഞാൻ നിങ്ങളെ ഏൽപ്പിച്ച് കൊടുക്കുകയില്ല ' 

ഇത്രയും കേട്ടതോടെ അബൂ ഉബൈദക്കാശ്വാസമായി ഇനി രാജാവിനു കീഴിൽ ഇവിടെ സ്വസ്ഥമായി ജീവിക്കാം രാജ തിരുമേനി നമ്മുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നു ഒരു ശത്രുവിനും നമ്മെ വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം ഉറപ്പു നൽകിയിരിക്കുന്നു അല്ലാഹുവിനാണ് സർവ സ്തുതിയും അബൂ ഉബൈദ (റ) അല്ലാഹുവിന് സ്തുതികളർപ്പിച്ചു കൊട്ടാരം വിട്ടിറങ്ങി ആ വാർത്തയറിഞ്ഞ മുസ്ലിംകൾ ആഹ്ലാദിച്ചു അതേ സമയം മക്കാ ദൂതന്മാർ വിഷണ്ണരായി സ്വദേശത്തേക്കു മടങ്ങി


മദീനയിലേക്കൊരു മടക്കയാത്ര

എത്യോപ്യയിൽ ജീവിതം നയിക്കുകയാണ് അബൂ ഉബൈദ (റ)വും സുഹൃത്തുക്കളും ആ ജീവിതത്തിനിടയിൽ ഒത്തിരി ഒത്തിരി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് പ്രവാചക പുത്രി റുഖിയ്യയും ഭർത്താവ് ഉസ്മാനുബ്നു അഫ്ഫാൻ (റ) ഉം എത്യോപ്യയിലുണ്ട് റുഖിയ (റ) ഗർഭിണിയായി പ്രസവിച്ചത് ആൺകുട്ടിയെയാണ് അബ്ദുല്ലാഹിബ്നു ഉസ്മാൻ (റ) കുട്ടിക്ക് അധിക കാലം ജീവിക്കാൻ അല്ലാഹുവിന്റെ വിധി ഉണ്ടായില്ല ഒരു കോഴി കൊത്തിയ ആഘാതം നിമിത്തം കുട്ടി മരണപ്പെട്ടു 

ജഅ്ഫറുബ്നു അബീത്വാലിബ് (റ) വും പത്നി അസ്മാഉം (റ) ഇവിടെ ഏറെക്കാലം സന്തോഷത്തോടെ കഴിഞ്ഞിട്ടുണ്ട് അവർക്കും അബ്ദുല്ല എന്നൊരു കുഞ്ഞ് ജനിച്ചിട്ടുണ്ട് സുന്ദരനായ കുഞ്ഞിനെ കാണാനെത്തിയ അബൂ ഉബൈദ (റ) വിന് മറ്റു പല വിവരങ്ങളും അറിയാനായി 

അവിടെ നജ്ജാശി രാജാവിന്റെ പ്രത്യേക ദൂതൻ വന്നിട്ടുണ്ട് രാജ കൊട്ടാരത്തിൽ രാജാവ് പറഞ്ഞയച്ചതാണ് ദൂതനെ രാജ്ഞി പ്രസവിച്ച് സന്തോഷ വാർത്ത അറിയിച്ചതോടൊപ്പം അസ്മാഇന്റെ കുഞ്ഞിന് നൽകിയ പേരെന്താണെന്നും ദൂതൻ അന്ന് 'അബ്ദുല്ലാഹ് ' എന്ന പേരിട്ട വിവരം ജഅ്ഫർ (റ) ദൂതനെ അറിയിച്ചു ദൂതൻ നേരെ കൊട്ടാരത്തിലെത്തി രാജാവിനോട് വിവരങ്ങളെല്ലാം ഭവ്യതയോടെ പറഞ്ഞു മുസ്ലിം സംഘത്തലവൻ ജഅ്ഫറുബ്നു അബീത്വാലിബ് (റ) തന്റെ കുഞ്ഞിനു നൽകിയ അതേ നാമം തന്നെ രാജകുമാരനും നാമകരണം ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു അബ്ദുല്ലാഹിബ്നു നജ്ജാശിയെ കാണാൻ അസ്മാ (റ) രാജകൊട്ടാരത്തിലെത്തി കുഞ്ഞിനെ വാരിയെടുത്ത് മുത്തം നൽകി മുലയൂട്ടിയ അസ്മാ (റ) യോട് രാജകൊട്ടാരത്തിലുള്ളവർക്കെല്ലാം പെരുത്ത് ഇഷ്ടമായി

അങ്ങനെ എത്രയെത്ര  അനുഭവങ്ങൾ.... എന്തെല്ലാം സംഭവങ്ങൾ എല്ലാത്തിനും അബൂ ഉബൈദ (റ) സാക്ഷിയായി  

മുസ്ലിംകൾ മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ പുറപ്പെട്ട വാർത്ത എത്യോപ്യയിലെത്തി മുസ്ലിംകളിൽ പെട്ട ചിലർ പ്രവാചകരുടെ ഹിജ്റക്ക് മുമ്പ് മക്കയിലേക്ക് തന്നെ പുറപ്പെടുകയും മുസ്ലിം സംഘത്തോടൊപ്പം മദീനയിലേക്ക് ഹിജ്റപോവുകയും ചെയ്തിരുന്നു 

പ്രവാചകർ (സ) മദീനയിലെത്തി അവിടെ ശാന്ത സുന്ദരമായൊരു ജീവിതം മുസ്ലിംകൾക്ക് ലഭിച്ചിട്ടുണ്ടെന്നറിഞ്ഞപ്പോൾ അബൂഉബൈദ (റ) യുടെ മനം തണുത്തു സന്തോഷമായി പ്രവാചകരുടെ സന്തോഷ ജീവിതം നേരിൽ കാണണം പുണ്യ സദസ്സിൽ അറിവുകൾ നേടണം പ്രവാചകർക്കൊപ്പം പ്രാർത്ഥനകളിലും നിസ്കാരത്തിലുമെല്ലാം പങ്കെടുക്കണം.... അബൂഉബൈദയുടെ മനസ്സിൽ മോഹങ്ങളുടെ വേലിയേറ്റം തന്നെയുണ്ടായി 

ഒരുപറ്റം സ്വഹാബിമാരെ സംഘടിപ്പിച്ചു അബൂ ഉബൈദ (റ) മദീനയിലേക്ക് പുറപ്പെട്ടു 

പ്രവാചകർ (സ) യും അനുയായികളും മദീന പള്ളിയിലിരിക്കവെ അബൂ ഉബൈദ (റ) കയറി വന്നു ആരിത്? അബൂഉബൈദയോ? രണ്ടു സ്നേഹഭാജനങ്ങൾ ആലിംഗന ബദ്ധരായി പ്രിയപ്പെട്ട അനുയായിയും കൂട്ടുകാരനായ അബൂഉബൈദ (റ) യെ പ്രവാചകർ (സ) ആശ്ലേഷിച്ചു 

മദീനയിലെത്തിയതോടെ അബൂ ഉബൈദ (റ) വിന് എന്തെന്നില്ലാത്ത സന്തോഷം ബിലാലി (റ) ന്റെ ബാങ്കൊലി കേട്ട് മദീനാ പള്ളിയിലേക്ക് നടന്നു നീങ്ങുമ്പോൾ പാദങ്ങൾക്ക് വേഗതയേറുന്നു തിരുനബി (സ) ക്കൊപ്പം നിസ്കാരത്തിൽ പങ്കെടുക്കുമ്പോൾ അവർണ്ണനീയമായ ആത്മ നിർവൃതിയും 

അബൂ ഉബൈദ (റ) വളർന്നു വന്നു യുവത്വം തുടിക്കുന്ന സ്വഹാബി വര്യന് ജീവിത സഖിയായി വന്നെത്തിയത് മഹതി ഹിന്ദ് ബിൻതു ജാബിർ (റ) യാണ് സുന്ദരിയും സുശീലയുമാണ് സ്നേഹമുള്ള കുടുംബിനി അവസരത്തിനൊത്ത് പെരുമാറാനും ഭർതൃ മനസ്സിനെ തൊട്ടറിയാനും കഴിവുള്ളവൾ 

ആനന്ദ ദായകമായ ദാമ്പത്യ നൗക തുഴഞ്ഞു നീങ്ങുന്നതിനിടയിൽ ബീവി ഹിന്ദ് ഗർഭിണിയായി പ്രസവത്തിന്റെ നാളുകൾ അടുക്കാറായപ്പോൾ അബൂ ഉബൈദ (റ) യുടെ മുഖം പ്രസന്നമായി ഹിന്ദ് പ്രസവിച്ചു ആൺ കുഞ്ഞ് കുടുംബത്തിലേക്ക് പുതിയൊരംഗം കൂടി കടന്നുവന്നതറിഞ്ഞ സ്ത്രീകളും ബന്ധുക്കളും സന്തോഷിച്ചു 

'യസീദ് ' എന്നാണ് അബൂ ഉബൈദ (റ) കുഞ്ഞിന് പേരിട്ടത് യസീറുബ്നു അബൂ ഉബൈദ വളർന്നു വലുതായി കുടുംബത്തിന്റെ സ്നേഹലാളനകൾ ഏറ്റുവാങ്ങിക്കൊണ്ട് എല്ലാവരുടെയും കണ്ണിലുണ്ണിയായി അവൻ മാറി 

കാലം അതിന്റെ ദിശയിലേക്ക് സഞ്ചരിച്ചു അബൂ ഉബൈദ (റ) പ്രവാചകർക്കൊപ്പം ഇരുന്ന് വിശുദ്ധ ഖുർആൻ വചനങ്ങൾ ശ്രദ്ധയോടെ കേട്ടിരിക്കും മനസ്സിനെന്തൊരു ആനന്ദമാണ് വിശുദ്ധ ഖുർആൻ കേൾക്കുമ്പോൾ പലപ്പോഴും നബി സന്ദർശിക്കാൻ വന്നിരുന്ന് ഖുർആൻ കേൾക്കുകയും പാരായണം നടത്തുകയും ചെയ്യും 

ഹിന്ദ് വീണ്ടും ഗർഭിണിയായി രണ്ടാമത്തെ പ്രസവത്തിൽ ജനിച്ചതും ആൺകുട്ടിയായിരുന്നു ഉമൈർ എന്നാണ് ഈ കുട്ടിക്ക് പേര് വിളിച്ചത് 

ഹിന്ദിന്റെ മടിത്തട്ടിൽ കളിച്ചു ചിരിച്ചു വളർന്ന ഉമൈർ അബൂഉബൈദയുടെ സ്നേഹ ഭാജനമായിരുന്നു എപ്പോഴും ഉമൈറിനെ വാരിയെടുത്ത് ഉമ്മ വെക്കും കുട്ടികളോട് വലിയ സ്നേഹമായിരുന്നു അബൂ ഉബൈദ (റ) വിന് 

സ്നേഹ തലോടലുകളേറ്റ് ഉമൈറും വളർന്ന് വലുതായി ഉപ്പയെ ജോലികളിൽ സഹായിക്കാനും മറ്റും യസീദും ഉമൈറും ഒപ്പമുണ്ടാവും വീട്ടിൽ അവരുടെ ബഹളവും കളികളും കണ്ട് അബൂ ഉബൈദ (റ) യും ഹിന്ദും ആനന്ദിക്കും എന്നാൽ ഇതേറെ നാളുകൾ നീണ്ടുനിന്നില്ല 

അല്ലാഹുവിന്റെ തീരുമാനം മറ്റൊന്നായിരുന്നു ഉപ്പയുടെ കാലംതീരും മുന്നേ രണ്ട് സന്താനങ്ങളും മരണത്തിന് മുന്നിൽ കീഴടങ്ങാനായിരുന്നു ഇലാഹീ നിശ്ചയം 

യസീദിന്റെയും പിന്നീട് ഉണ്ടായ ഉമൈറിന്റെയും മരണം അബൂ ഉബൈദ (റ) നെ തെല്ലൊന്നുമല്ല തളർത്തിയത് ധീരനും ശക്തനായ വില്ലാളിയുമായിരുന്ന അബൂ ഉബൈദ (റ) തന്റെ സ്നേഹ നിറകുടങ്ങളായ രണ്ട് ആൺ തരികൾ വിട പറഞ്ഞതോടെ ആകെ തളർന്നു പറ്റെ അവശതയിലായി വേദനകൾ നെഞ്ചിലേറ്റി സങ്കടപ്പെട്ട് കരഞ്ഞ പ്രിയ പത്നി ഹിന്ദിനെ സമാശ്വസിപ്പിക്കാൻ മഹാനായ അബൂ ഉബൈദ (റ) പ്രയാസപ്പെട്ടു 

സ്നേഹവും സന്തോഷവും കളിയാടിയിരുന്ന കുടുംബത്തിൽ മൂകത തളം കെട്ടി നിന്നു എല്ലാം റബ്ബിന്റെ വിധിയായി ആശ്വസിക്കുക മാത്രമായിരുന്നു ആ ദമ്പതികൾക്ക് ഏക മാർഗം 

മരണശേഷം അബൂ ഉബൈദ (റ) ക്ക് അനന്തരാവകാശികളായി ഒരൊറ്റ സന്താനവും അവശേഷിച്ചിരുന്നില്ലയെന്നത് കഥാവിശേഷം


തിരുനബി (സ) ക്കൊപ്പം 

മദീനയിൽ ശാന്തസുന്ദരമായ ജീവിതം നയിക്കുകയാണ് അബൂ ഉബൈദ (റ) ശത്രുക്കളുടെ കപട മുഖം കാണാതെ സ്വസ്ഥമായി ആരാധനകൾ നിർവ്വഹിച്ച് കഴിയാവുന്ന നല്ല ഭൂമിക 

അതിനിടയിലാണ് ബദറിലേക്ക് പുറപ്പെടാൻ മുത്ത് നബി (സ) യുടെ നിർദ്ദേശമുണ്ടായത് സ്വഹാബിമാരുടെ മുൻനിരയിൽ അണിനിരന്ന് അദ്ദേഹം പുറപ്പെട്ടു 

ബദറിന്റെ ഭൂമികയിൽ യുദ്ധത്തിന്റെ അന്തരീക്ഷം സംജാതമായി മുസ്ലിം പടയാളികൾക്കൊപ്പം അബൂ ഉബൈദ (റ) പടനയിക്കാനിറങ്ങി പെട്ടെന്നാണ് ഒരാൾ തന്നെ ലക്ഷ്യംവെച്ച് വരുന്നത് കണ്ടത് കുറെ മാറി നോക്കിയെങ്കിലും അദ്ദേഹം താൻ മാറിപ്പോകുന്നിടത്തേക്കെല്ലാം വരുന്നു മുഖാമുഖം പൊരുതാൻ തന്നെ പുറപ്പാട് 

അയാൾ മാറിപ്പോകില്ലെന്ന് കണ്ടപ്പോൾ അബൂ ഉബൈദ (റ) യും ഒരു കൈ നോക്കാനുറച്ചു അയാൾ ചാടി വീണു വെട്ടു തടുത്ത് തലക്കൊരു വെട്ട് ശിരസ്സറ്റു നിലത്തേക്ക് മലർന്നുവീണു അയാൾ 

എത്ര ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും വിടാതെ പിന്തുടർന്നു യുദ്ധത്തിന് വിഘ്നം നിന്ന് ശിരസ്സറുക്കേണ്ടി വന്ന ഇദ്ദേഹം ആരെന്നെല്ലേ...?

അബ്ദുല്ലാഹിബ്നുൽ ജർറാഹ് 

അതെ, അബൂ ഉബൈദ (റ) വിന്റെ പിതാവ്  

പിതാവിനെയല്ല; പിതൃ മനസ്സിലെ ശിർക്കിനെയാണ് അബൂ ഉബൈദ (റ) ഇവിടെ കഥകഴിപ്പിച്ചത് ഈ സംഭവുമായി ബന്ധപ്പെട്ടാണ് വിശുദ്ധ ഖുർആനിലെ സൂറത്തുൽ മുജാദലയിലെ 22 മത്തെ സൂക്തം അവതീർണ്ണമായത്  

لَّا تَجِدُ قَوْمًا يُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ يُوَادُّونَ مَنْ حَادَّ اللَّهَ وَرَسُولَهُ وَلَوْ كَانُوا آبَاءَهُمْ أَوْ أَبْنَاءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ ۚ أُولَٰئِكَ كَتَبَ فِي قُلُوبِهِمُ الْإِيمَانَ وَأَيَّدَهُم بِرُوحٍ مِّنْهُ ۖ وَيُدْخِلُهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ ۚ أُولَٰئِكَ حِزْبُ اللَّهِ ۚ أَلَا إِنَّ حِزْبَ اللَّهِ هُمُ الْمُفْلِحُونَ


'അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന ഒരു ജനത, അല്ലാഹുവിനോടും അവന്റെ ദൂതനോടും മത്സരിക്കുന്നവരുമായി സ്നേഹ ബന്ധം പുലർത്തുന്നതായി താങ്കൾ കാണകയില്ല അവർ ആ ജനതയുടെ പിതാക്കളോ, പുത്രന്മാരോ, സഹോദരന്മാരോ, കുടുംബക്കാരോ, ആയിരുന്നാലും ശരി അവരുടെ ഹൃദയങ്ങളിൽ അവൻ സത്യവിശ്വാസം രേഖപ്പെടുത്തുകയും, തന്റെ പക്കൽ നിന്നുളള ഒരു ആത്മാവ് കൊണ്ട് അവൻ അവരെ ഭയപ്പെടുത്തുകയും ചെയ്തിരിക്കുന്നു താഴ് ഭാഗത്തു കൂടി നദികൾ ഒഴികിക്കൊണ്ടിരിക്കുന്ന സ്വർഗത്തിൽ അവൻ അവരെ പ്രവേശിപ്പിക്കും അവരതിൽ ശാശ്വതവാസികളായിരിക്കും അല്ലാഹു അവരെ സംബന്ധിച്ചും അവർ അവനെ സംബന്ധിച്ചും തൃപ്തിപ്പെട്ടിരിക്കുന്നു അല്ലാഹുവിന്റെ പാർട്ടിക്കാരാണ് തീർച്ചയായും വിജയികൾ ' (സൂറത്തുൽ: മുജാദല 22)

കാലം മുന്നോട്ട് പ്രയാണം തുടർന്നു ഉഹ്ദ് യുദ്ധം വന്നു അബൂ ഉബൈദ (റ) അന്നും മുസ്ലിം സേനയുടെ മുന്നണിയിൽ നിലയുറപ്പിച്ചു തിരുനബി (സ) യെ ആക്രമിക്കാൻ ശത്രുക്കൾ ചുറ്റിലും കൂടിയപ്പോൾ അബൂ ഉബൈദ (റ) ശത്രുക്കൾക്കിടയിലേക്ക് ചാടി വീണു പ്രവാചകർ (സ) ക്ക് രക്ഷാകവചം തീർത്തു 

തിരുനബി (സ) ക്ക് അമ്പേറ്റ വേളയിൽ സ്വഹാബത്ത് മുത്ത് നബി (സ) യെ വളഞ്ഞപ്പോൾ അബൂ ഉബൈദ (റ) തിരുനബിയുടെ സുരക്ഷക്കായി ചെയ്ത ധീരകൃത്യങ്ങൾ സിദ്ദീഖ് (റ) വിവരിക്കുന്നുണ്ട് 

തിരു നബി (സ) യെ സ്വന്തം ജീവനേക്കാളേറെ എക്കാലവും സ്നേഹിച്ച അബൂ ഉബൈദ (റ) യുദ്ധവേളകളിലും പ്രതിസന്ധി ഘട്ടങ്ങളിലും തിരുനബി (സ) യുടെ അത്താണിയും സഹായിയുമായി നിലകൊണ്ടിരുന്നു 


സിദ്ദീഖ് (റ) ന്റെ ഉപദേശം

ചരിത്ര പ്രസിദ്ധമായ ഉഹ്ദ് യുദ്ധത്തിന് ശേഷം അബൂ ഉബൈദ (റ) പങ്കെടുത്ത പ്രധാന സമരം ദാതുസ്സലാസിൽ പോരാട്ടമാണ് 

സ്വഹാബീ പ്രമുഖനും ഈജിപ്ത് ഭരണാധികാരിയുമായിരുന്ന അംറുബ്നുൽ ആസ്വ് (റ) ആയിരുന്നു ആദ്യ സൈന്യാധിപൻ പിന്നീട് പ്രഗൽഭരായ അബൂബക്കർ (റ), ഉമർ (റ) തുടങ്ങിയ മുഹാജിറുകളായ സ്വഹാബികളെ പ്രവാചകർ (സ) അബൂ ഉബൈദ (റ) ന്റെ അരികിലേക്കയച്ചു നേതൃസംബന്ധമായ ചർച്ച സൈന്യം അവിടെയെത്തിച്ചേർന്നതിനു ശേഷം നടന്നു അപ്പോൾ അബൂബക്കർ സിദ്ദീഖ് (റ), ഉമറുൽ ഫാറൂഖ് (റ) തുടങ്ങിയ പ്രമുഖരായ മുഹാജിറുകളായ സ്വഹാബികൾ പ്രഖ്യാപിച്ചു 

'താങ്കൾ താങ്കളുടെ അനുയായികളുടെ നായകനാണ് എന്നാൽ ഞങ്ങളുടെ നായകൻ അബൂ ഉബൈദ തന്നെയാകുന്നു ' 

സ്വഹാബികൾക്കിടയിൽ സർവ്വാംഗീകൃതനായ സ്വഹാബിയാണ് അബൂ ഉബൈദ (റ) പ്രവാചകർ (സ) യും സിദ്ദീഖും (റ) ഫാറൂഖും (റ) മെല്ലാം യുദ്ധ നേതൃത്വം പലപ്പോഴും അബൂ ഉബൈദ (റ ) നെയായിരുന്നു ഏല്പിച്ചിരുന്നത് ഖാലിദുബ്നുൽ വലീദും (റ) അബൂ ഉബൈദ (റ) യുമായിരുന്നു ഇസ്ലാമിക സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിന് നേതൃത്വം വഹിച്ച ധീര സേനാധിപന്മാർ 

പ്രവാചകർ തിരുമേനി (സ) യുടെ കാലശേഷം ഭരണമേറ്റെടുത്ത സിദ്ദീഖ് (റ) തന്റെ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാനും തീരുമാനങ്ങളെടുക്കാനുമെല്ലാം അബൂ ഉബൈദ (റ) യുടെ സഹായം സ്വീകരിച്ചിരുന്നു 

റോമാ സാമ്രാജ്യമായിരുന്നു അന്നത്തെ ഏറ്റവും വലിയ ശക്തി രാഷ്ട്രങ്ങളിലൊന്ന് റോമയെ കീഴടക്കുകയെന്നത് അസംഭവ്യമാണെന്ന ഉറച്ച ധാരണയായിരുന്നു പ്രഗൽഭരായ പലർക്കും ഉണ്ടായിരുന്നത് ഇത് തിരുത്തിക്കുറിക്കാൻ ശക്തമായ നേതൃത്വം നൽകിയവരിലൊരാൾ അബൂ ഉബൈദ (റ) തന്നെയായിരുന്നു 

റോമാ സാമ്രാജ്യത്തോട് പൊരുതാൻ സൈന്യത്തെ സജ്ജമാക്കി നിർത്തിയ ശേഷം ഖലീഫ അബൂബക്കർ സിദ്ദീഖ് (റ) ഉറക്കെ പ്രഖ്യാപിച്ചു നിങ്ങൾ വിവിധ സൈന്യങ്ങൾ സംഗമിച്ചു ചേർന്നാൽ നിങ്ങളുടെ നായകൻ അബൂ ഉബൈദയാകുന്നു 

സൈന്യത്തെ വിവിധ ഗ്രൂപ്പുകളാക്കിത്തിരിച്ചുകൊണ്ട് വളരെ ആസൂത്രിതവും തന്ത്രപരവുമായ ക്രമീകരണമാണ് മുസ്ലിം സൈന്യം റോമിൽ പയറ്റിയത് സൈന്യത്തെ വിവിധ ഗ്രൂപ്പുകളാക്കി മാറ്റിയത് മൂലം എണ്ണപ്പെരുപ്പം കാണിച്ച് ശത്രുക്കളെ അങ്കലാപ്പിലും ആശങ്കയിലുമകപ്പെടുത്താൻ മുസ്ലികൾ കൊണ്ടുപിടിച്ച ആസൂത്രിത ശ്രമമായിരുന്നു നടത്തിയിരുന്നത്

പ്രഥമ സൈന്യത്തെ ജോർദാൻ ഭാഗത്തേക്ക് തിരിച്ചു വിട്ടു നേതൃത്വം യസീദുബ്നു അബൂസുഫ് യാൻ (റ) ആയിരുന്നു രണ്ടാം ബാച്ച് ബൽഖാഅ് ഭാഗമാണ് നിയന്ത്രിച്ചിരുന്നത് പ്രമുഖനായ ശുറഹ്ബീൽ ഇബ്നു ഹസനാ (റ)ണ് നായകൻ അംറുബ്നുൽ ആസ്വ് (റ) ന്റെ നേതൃത്വത്തിലുള്ള മൂന്നാമത്തെ സൈന്യമാണ് ഫലസ്തീൻ ഭാഗത്തെ ശ്രദ്ധിച്ചിരുന്നത് ശത്രുക്കളുടെ പ്രധാന താവളങ്ങളിലൊന്നായ 'ഹിംസ് ' ഭാഗത്തിന്റെ നിയന്ത്രണം അബൂ ഉബൈദ (റ) ന്റെ നേതൃത്വത്തിലുള്ള നാലാം സൈന്യത്തിനായിരുന്നു എല്ലാ സൈന്യവും രണാങ്കണത്തിൽ സംഗമിച്ചാൽ ചീഫ് കമാൻഡർ അബൂ ഉബൈദ (റ) തന്നെയാണെന്നും ഖലീഫ സിദ്ദീഖ് (റ) പ്രഖ്യാപിച്ചു 

തുടർന്ന് ഖലീഫ സിദ്ദീഖ് (റ) ന്റെ സുപ്രസിദ്ധ നയപ്രഖ്യാപനം സൈന്യാധിപനോടായി നടത്തി 'നിങ്ങൾ യാത്ര പുറപ്പെട്ടു കഴിഞ്ഞാൽ സ്വശരീരത്തെ ക്ഷീണിപ്പിക്കരുത് യാത്രയിൽ അനുയായികളെയും പ്രയാസപ്പെടുത്തരുത് വിഷയങ്ങളോരോന്നും സേനാ നായകനെ പറഞ്ഞു ബോധ്യപ്പെടുത്തി 


ഖൈസറിനോട് നേരിടാൻ

ഖലീഫ സിദ്ദീഖ് (റ) മുസ്ലിം സൈന്യത്തെ പ്രധാനമായും നാല് ഗ്രൂപ്പുകളാക്കിയാണല്ലോ തിരിച്ചിരുന്നത് പ്രഥമ സൈന്യം യസീദുബ്നു അബൂ സുഫ് യാന്റെ (റ) നേതൃത്വത്തിൽ ആറായിരം വരുന്ന ധീരരായ മുസ്ലിംകളായിരുന്നു ഡമസ്കസിനെ ലക്ഷ്യം വെച്ച് പുറപ്പെടാനായിരുന്നു ഖലീഫ അവരോട് നിർദ്ദേശിച്ചിരുന്നത് 

ഇത്ര തന്നെ പേരടങ്ങുന്ന മറ്റൊരു സൈന്യത്തെ ശുറഹ്ബീലുബ്നു ഹസൻ (റ) ന്റെ നേതൃത്വത്തിൽ ജോർദാൻ ഭാഗത്തേക്കും ഖലീഫ അയച്ചു അൽപം ചെറിയ ഒരു സൈന്യത്തെ ഫലസ്തീൻ പ്രവിശ്യയിലേക്കയച്ചു അംറുബ്നുൽ ആസ്വ് (റ) ന്റെ നേതൃത്വത്തിലാണ് ഈ സൈന്യത്തെ  അയച്ചത് നാലാമതായി പ്രഗൽഭരും ശക്തരുമടങ്ങുന്ന സൈന്യത്തെയാണയച്ചത് മഹാനായ അബൂ ഉബൈദതുബ്നുൽ ജർറാഹ് (റ) ന്റെ നേതൃത്വത്തിൽ ആറായിരം പേരുണ്ടായിരുന്നു ഈ സൈന്യത്തിൽ ഇവരെ സഹായിക്കാൻ ഒരു കൊച്ചു സൈന്യത്തെ ഇക്രിമ (റ) ന്റെ നേതൃത്വത്തിൽ ഖലീഫ പറഞ്ഞയച്ചു ശക്തനും വില്ലാളിവീരനുമായ അബൂ ജഹ്ലിന്റെ പുത്രനാണിദ്ദേഹം മക്കം ഫത്ഹിന്റെ വേളയിലാണ് ഇക്രിമ (റ) സത്യസാക്ഷ്യം മൊഴിഞ്ഞ് മുസ്ലിംമാവുന്നത് 

മുസ്ലിം സൈന്യം എല്ലാം അല്ലാഹുവിൽ ഏൽപിച്ചുകൊണ്ട് പടിയിറങ്ങി അവർ നിർദ്ദേശിക്കപ്പെട്ടതുപോലെ വിവിധ ഭാഗത്തേക്ക് തിരിച്ചു ഒരു സംഘം ഡമസ്കസിന്റെ ഭാഗത്തേക്കാണെങ്കിൽ ഹിംസിലേക്കായിരുന്നു മറ്റേ സൈന്യം മറ്റൊരു സൈറ്റ് ഫലസ്തീനിലേക്കും എന്നാൽ അബൂ ഉബൈദ (റ) ന്റെ സൈന്യം 'ജാബിയ' യിലേക്കാണ് നീങ്ങിയത് 

ശത്രു സൈന്യം സുസജ്ജരാണ് അറേബ്യയിലെ ഏറ്റവും വലിയ ശക്തി സാമ്രാജ്യമാണവർ ഖൈസർ രാജാവിനെ കേൾക്കാത്തവർ  അറേബ്യയിലില്ല നാടിനെ വിറപ്പിച്ച ധീരനായ ചക്രവർത്തിയാണ് ഖൈസർ 

ഖൈസർ രാജാവ് ശക്തരായ രണ്ട് സൈന്യത്തെയാണ് മുസ്ലിംകളോട് നേരിടാൻ അണിനിരത്തിയത് ഒന്നാമത്തെ സൈന്യം രണ്ട് ലക്ഷത്തി നാൽപതിനായിരത്തിലധികം വരും താരതമ്യേന ചെറുതായിരുന്നു രാജാവിന്റെ രണ്ടാം സൈന്യം എഴുപതിനായിരം പേരടങ്ങുന്നതാണ് പ്രസ്തുത സംഘം അവർ കൊട്ടാരത്തിൽ നിന്നും പുറത്തിറങ്ങി വിശാലമായ മരുപ്പറമ്പിലേക്ക് മുസ്ലിം സൈന്യത്തെ തുരത്തിയോടിക്കാൻ  

മുസ്ലിം സൈന്യം ശത്രുക്കളെക്കുറിച്ചും അവരുടെ എണ്ണവും വണ്ണവും മനസ്സിലാക്കി ഖലീഫ അബൂബക്കർ സിദ്ദീഖ് (റ) നെ വിവരങ്ങളെല്ലാം അറിയിച്ചു സഹായിക്കാൻ ഒരു സൈന്യത്തെ അയച്ചുതരണമെന്നും ആവശ്യം 

ഖലീഫ മുസ്ലിം സൈന്യത്തിന്റെ ആവശ്യം അംഗീകരിച്ചു അബൂ ഉബൈദ (റ) നേതൃത്വത്തിലുള്ള മുസ്ലിം സൈന്യത്തെ സഹായിക്കുന്നതിനെക്കുറിച്ച് പ്രഗൽഭരായ സ്വഹാബിമാരുമായി ചർച്ച നടത്തി ഒടുവിൽ ഖാലിദ് (റ) ന്റെ സൈന്യത്തെ അയച്ചുകൊണ്ട് അബൂ ഉബൈദ (റ) നെ സഹായിക്കാമെന്ന് ഖലീഫ സിദ്ദീഖ് (റ) തീരുമാനിച്ചു 

ഉടനെ ദൂതനെ പറഞ്ഞയച്ചു ഖാലിദുബ്നുൽ വലീദ് (റ) ന്റെ നേതൃത്വത്തിലുള്ള സൈന്യം ഇറാഖിലായിരുന്നു അന്നേരം ഖലീഫയുടെ ദൂതൻ വന്ന് സന്ദേശം കൈമാറിയ ഉടനെ തന്നെ ഖാലിദുബ്നുൽ വലീദ് (റ) നേരെ യർമൂഖിലേക്ക് പുറപ്പെട്ടു 

ശാമിലെത്തിയ ഖാലിദ്ബ്നുൽ വലീദ് (റ) നെയും സൈന്യത്തെയും വളരെ ആവേശത്തോടെയാണ് മുസ്ലിം സൈന്യം എതിരേറ്റത് സൈന്യത്തിനിടയിൽ വലിയ സന്തോഷവും ആനന്ദവുമുണ്ടാക്കാനും ആവേശത്തോടെ രണാങ്കണത്തിലിറങ്ങാനും മുസ്ലിംകൾക്കിതോടെ ധൈര്യമായി 


ഹിംസ് ജയിച്ചടക്കുന്നു

ഖലീഫ അബൂബക്കർ സിദ്ദീഖ് (റ) ന്റെ നിർദ്ദേശ പ്രകാരം അബൂ ഉബൈദ (റ) തന്റെ സൈന്യത്തെ നയിച്ചുകൊണ്ട് ഹിംസിലേക്ക് നീങ്ങി അവിടെ ശത്രുക്കൾ സംഘടിച്ച് നിൽക്കുകയായിരുന്നു അവർ മുസ്ലിം സൈന്യത്തോട് പൊരുതാനൊരുങ്ങി 

അബൂ ഉബൈദ (റ) ഹിംസുകാരോട് ഇസ്ലാമിന്റെ സന്ദേശങ്ങളും പ്രാധാന്യവും പറഞ്ഞെങ്കിലും അവർ അത് കേൾക്കാൻ കൂട്ടാക്കിയില്ല നികുതി നൽകി കഴിയുകയാണെങ്കിൽ സ്വന്തം മതംവിശ്വാസപ്രകാരം ജീവിക്കാൻ അനുമതി നൽകിയെങ്കിലും അത് അംഗീകരിച്ചില്ല ആറായിരത്തോളം വരുന്ന അബൂ ഉബൈദ (റ) ന്റെ സൈന്യത്തിന് അവസാനം അവരെ ശക്തമായി നേരിടേണ്ടി വന്നു 

അങ്ങനെ 'ഹിംസ് ' അബൂ ഉബൈദ (റ) ന്റെ കീഴിലായി വളരെ മാന്യമായാണ് അദ്ദേഹം അവരോട് പെരുമാറിയത് അവരിൽ ഇസ്ലാം സ്വീകരിച്ചവർക്ക് വേണ്ട നിർദ്ദേശങ്ങളും അറിവുകളും പഠിക്കാൻ അബൂ ഉബൈദ (റ) അവസരം നൽകി അതിന് വേണ്ടി സൈന്യത്തിലെ ചിലരെ ഏർപ്പാട് ചെയ്യുകയും ചെയ്തു 

എന്നാൽ ചില ഹിംസുകാർ മുസ്ലിംകൾക്ക് നികുതി നൽകാനാണ് തീരുമാനിച്ചത് അവരിൽ നിന്ന് നികുതി പിരിപ്പിക്കാനും ഭരണകാര്യങ്ങൾ നോക്കാനും ചിലരെ അബൂ ഉബൈദ (റ) ചുമതലപ്പെടുത്തി മാത്രമല്ല ഹിംസിലെ പ്രമുഖരും പ്രധാനികളുമായ ചിലരെ ഹിംസിൽ തന്നെ നിർത്തിയ ശേഷം അബൂ ഉബൈദ (റ) 'ജാബിയ ' യിലേക്ക് പുറപ്പെട്ടു 

അബൂ ഉബൈദ (റ) ചിലരെ ശത്രുക്കളുടെ നീക്കുപോക്കുകളും സജ്ജീകരണങ്ങളും രഹസ്യമായറിയാൻ വേണ്ടി നിയോഗിച്ചു റോമാ സൈന്യത്തെക്കുറിച്ചും അവരുടെ നേതാവ് ഹിർഖലിനെ കുറിച്ചും ഇവർ രഹസ്യവിവരം മുഖ്യ സൈന്യാധിപൻ അബൂ ഉബൈദ (റ) യെ അറിയിച്ചു 

ഹിർഖലിന്റെ സൈന്യം ശൈസർ എന്ന സ്ഥലത്തെത്തിയപ്പോൾ  അബൂ ഉബൈദ (റ) ന്റെ രഹസ്യ സംഘം അവിടെ മാറിനിന്നു അവർ ഹിർഖലിന്റെ സൈശ്യത്തെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചു ശത്രുക്കളുടെ എണ്ണപ്പെരുപ്പവും സജ്ജീകരണങ്ങളും അബൂ ഉബൈദ (റ) വിനെ അവർ അറിയിച്ചു 

വിവരങ്ങളെല്ലാം രഹസ്യ സംഘത്തിൽ നിന്നും കേട്ടറിഞ്ഞപ്പോൾ അബൂ ഉബൈദ (റ) ചിന്താവിഷ്ടനായി അദ്ദേഹം വിസ്മയത്തോടെ പറഞ്ഞു 'ലാ ഹൗല വലാഖുവ്വത ഇല്ലാ ബില്ലാഹിൽ അലിയ്യുൽ അളീം....' 

(ഉന്നതനായ അല്ലാഹുനാണ് എല്ലാ കഴിവുകളും ശക്തിയും) 

അബൂ ഉബൈദ (റ) ഏറെ നേരം ചിന്താനിമഗ്നനായി നിന്നു മുസ്ലിം സൈന്യം ഇവിടെ ഈ വലിയ ശത്രു സൈന്യത്തെ നേരിട്ട് പരാജയപ്പെട്ടു കൂടാ എന്ന ചിന്ത അദ്ദേഹത്തെ അലോസരപ്പെടുത്തി അറേബ്യയിലെ പടുകൂറ്റൻ ശക്തി രാജ്യമാണിത് സർവായുധ സജ്ജരായാണ് മുസ്ലിംകളോടവർ ഏറ്റുമുട്ടുന്നത്  

അബൂ ഉബൈദ (റ) എല്ലാം അല്ലാഹുവിനെ ഏൽപിച്ചു തന്റെ കൊച്ചു തമ്പിലിരുന്ന് നിശയുടെ നിശബ്ദതയിൽ പ്രാർത്ഥനകളും നിസ്കാരവും നിർവ്വഹിച്ചു അന്ന് രാത്രി അബൂ ഉബൈദ (റ) ക്ക് ഉറക്കമുണ്ടായിരുന്നില്ല കണ്ണടക്കാതെ ധ്യാനനിരതനായി അല്ലാഹുവിലേക്ക് കൈകളുയർത്തിക്കൊണ്ട് അദ്ദേഹം പ്രാർത്ഥനാ നിരതനായി 

പ്രഭാത നമസ്കാരത്തിന് മുസ്ലിംകൾ എഴുന്നേറ്റു എന്നാൽ ഉറക്കമുപേക്ഷിച്ച് നിസ്കാരവും പ്രാർത്ഥനയുമായി അങ്ങകലെ അറേബ്യയിൽ മരുഭൂമിയിൽ പ്രാർത്ഥനാ നിരതനായി നിൽക്കുന്ന മുഖ്യസൈന്യാധിപനെയാണ് മുസ്ലിംകൾക്ക് കാണാനായത് ബാങ്ക് വിളിച്ച ശേഷം നമസ്കാരത്തിന് വേണ്ടി മുസ്ലിംകൾ മരുഭൂമിയിൽ അണിയൊപ്പിച്ച് നിന്നു അബൂ ഉബൈദ (റ) അവർക്ക് നേതൃത്വം നൽകി 


കമാൻഡറുടെ പ്രഭാഷണം 

വിശാലമായി പരന്നു കിടക്കുന്ന മൈതാനം കൊച്ചു കൊച്ചു തമ്പുകൾ കെട്ടി താവളമടിച്ചിരിക്കുന്ന മുസ്ലിം പടയാളികൾ പുലർകാല സമയം സുബ്ഹിനിസ്കാരവും പ്രാർത്ഥനയും കഴിഞ്ഞ് മുസ്ലിം പടയാളികളെ മുഴുവനും വിളിച്ചു ചേർത്തിരിക്കുന്നു മുഖ്യ സൈന്യാധിപൻ അബൂ ഉബൈദതുബ്നുൽ ജർറാഹ് (റ) 

ഒരു പ്രഭാഷണം നടത്താൻ തയ്യാറായി നിൽക്കുന്ന അബൂ ഉബൈദ (റ) അല്ലാഹുവിനെ സ്തുതിച്ചും തിരുനബി (സ) യെ അനുസ്മരിച്ചും തുടങ്ങി ഒപ്പം ഖലീഫ സിദ്ദീഖ് (റ) ന് വേണ്ടിയും മുസ്ലിം സേനയുടെ വിജയത്തിനുവേണ്ടിയും പ്രാർത്ഥന നടത്തി 

'യാ മഅ്ശറൽ മുസ്ലിമീൻ.... മുസ്ലിം സമൂഹമേ.... അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾക്കുണ്ടാവട്ടെ... ചില സുപ്രധാന സൂചനകൾ നൽകാനാണ് ഞാനെഴുന്നേറ്റ് നിൽക്കുന്നത് 

അല്ലാഹു നിങ്ങളെ ചില പരീക്ഷണങ്ങൾക്ക് വിധേയരാക്കുകയാണെന്ന ബോധം നിങ്ങൾക്കുണ്ടാവണം ഈ പരീക്ഷണ വേളയിൽ നിങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതന്ന് അവൻ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട് നിങ്ങൾ വാഗ്ദത്തം പൂർത്തീകരിച്ചവരാണ് നിരവധി സ്ഥലങ്ങളിൽ വിജയം നൽകി അല്ലാഹു നിങ്ങളെ അജയ്യരാക്കി  

എന്റ പ്രത്യേക രഹസ്യ സംഘത്തിൽ നിന്നും ചില സുപ്രധാന വിവരങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട് അല്ലാഹുവിന്റെ ശത്രു ഹിർഖൽ ശിർക്കിന്റെ വലിയ സാമ്രാജ്യ ശക്തിയുമായി നമ്മെ ആക്രമിക്കാനൊരുമ്പെടുകയാണ് അവർ നിങ്ങളെത്തേടി പുറപ്പെട്ടിട്ടുണ്ട് (ഹിംസിൽ അബൂ ഉബൈദയുടെ സൈന്യത്തെത്തേടി അവർ എത്തിയെങ്കിലും അപ്പോഴേക്കും മുസ്ലിംകൾ നാടുവിട്ടിരുന്നു ദൂതന്മാർ ഈ വാർത്ത മുഖ്യസൈന്യാധിപൻ അബൂ ഉബൈദ (റ) യെ അറിയിച്ചു) ഭക്ഷണവും മറ്റും സർവ്വായുധങ്ങളുമായി സുസജ്ജരായിട്ടാണ് അവർ ഇറങ്ങിത്തിരിച്ചത് വിശുദ്ധ ഖുർആനിലെ ഒരു സൂക്തം അദ്ദേഹം പാരായണം ചെയ്തു 'തങ്ങളുടെ വായ കൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കളയാൻ അവരുദ്ദേശിക്കുന്നു അല്ലാഹുവാകട്ടെ, തന്റെ പ്രകാശത്തെ പൂർത്തിയാക്കുന്നവനാകുന്നു സത്യനിഷേധികൾ അതെത്ര തന്നെ വെറുത്താലും ശരി '  (സൂറത്തുസ്വഫ്ഫ്:8) 

വിഭിന്നി പാതകളിലൂടെ ശത്രുക്കൾ നിങ്ങളെത്തേടി പുറപ്പെട്ടിട്ടുണ്ടെന്ന വിവരം വളരെ ഗൗരവത്തോടെ നിങ്ങൾ മധസ്സിലാക്കണം മാത്രമല്ല, നിങ്ങളുടെ ആയുധങ്ങളും വാഹനങ്ങളും പിടിച്ചെടുത്ത് നിങ്ങൾക്കെതിരെ പ്രയോഗിക്കാനും അവർ നിർദ്ദേശം നൽകിയിട്ടുണ്ട് എന്നാൽ അല്ലാഹു നിങ്ങൾക്കൊപ്പം തന്നെയാണുള്ളത് അല്ലാഹുവിനെ വഞ്ചിക്കുന്നവൻ എത്രപെരുത്തുണ്ടായാലും അല്ലാഹു അവർക്കൊപ്പമുണ്ടാകില്ല അല്ലാഹുവിനെ സഹായിക്കുന്നവർ എത്ര വിരളമാണെങ്കിലും അവർക്കൊപ്പം അവർക്കൊപ്പം അവനുണ്ടാവുക തന്നെ ചെയ്യും സൗഭാഗ്യവാന്മാരേ... എന്താണ് നിങ്ങൾക്ക് പറയുവാനുള്ളത്...' 

രഹസ്യ സംഘത്തിലുള്ളവരെ നോക്കിക്കൊണ്ട് അബൂ ഉബൈദ (റ) പറഞ്ഞു 'എഴുന്നേൽക്കൂ... നിങ്ങൾ കണ്ട ശത്രുസൈന്യത്തെക്കുറിച്ച് ഇവർക്ക് വിവരിച്ചു കൊടുക്കൂ...' 

അപ്പോൾ സംഘത്തിൽപ്പെട്ട ഒരാൾ താൻ കണ്ട രംഗങ്ങൾ ഓരോന്നാരോന്നായി വിവരിക്കാൻ തുടങ്ങി എണ്ണത്തിലും വണ്ണത്തിലും സജ്ജീകരണത്തിലും സൈന്യത്തിന്റെ വലിപ്പവും മറ്റും അദ്ദേഹം അത്ഭുതത്തോടെ പറഞ്ഞു 

ഇതുകേട്ട മുസ്ലിം സേന പരിഭ്രമിച്ചു ചിലരുടെയെല്ലാം ഉള്ളൊന്നുകാളി പരസ്പരം മുഖത്തോടുമുഖം നോക്കുകയല്ലാതെ ആരും ഒന്നും ഉരിയാടുന്നില്ല എല്ലാവരും മൗനം ഭജ്ഞിച്ച് നിൽക്കുന്നു ഈ ഭീതിതരംഗം കണ്ടു നിന്ന അബൂ ഉബൈദ (റ) ചോദിച്ചു ഓ അല്ലാഹുവിന്റെ അനുഗ്രഹം സിദ്ധിച്ച പുണ്യവാന്മാരേ... എന്താണ് ഒരു പ്രത്യുത്തരവും നൽകാതെ നിങ്ങളെല്ലാം മൗനികളായി നിൽക്കുന്നത്....? അല്ലാഹു നിങ്ങളെ ശക്തിപ്പെടുത്തട്ടെ, കാരണം അല്ലാഹു അവന്റെ തിരുനബി (സ) യോട് പറഞ്ഞത് 'വിഷയങ്ങളിൽ അവരുമായി കൂടിയാലോചന നടത്തുവീൻ അങ്ങനെ നിങ്ങൾ ഒരു തീരുമാനമെടുത്താൽ അല്ലാഹുവിൽ ഏൽപ്പിക്കുകയും ചെയ്യുക ' എന്നാണല്ലോ

മുൻനിരയിൽ നിന്നും ഒരാൾ എഴന്നേറ്റ് നിന്നുകൊണ്ട് സംസാരമാരംഭിച്ചു 'ഓ, ഞങ്ങളുടെ നായകാ.... സ്ഥാനവും മാനവും ഉള്ള വ്യക്തിത്വമാണ് നിങ്ങൾ നിങ്ങളുടെ കാര്യത്തിൽ വിശുദ്ധ ഖുർആൻ സൂക്തം തന്നെ അവതരിച്ചിട്ടുണ്ടല്ലോ ഈ സമൂഹത്തിലെ 'അമീൻ' -വിശ്വസ്തൻ- ആയി അല്ലാഹു തിരെഞ്ഞെടുത്തത് താങ്കളെയല്ലയോ അന്ന് തിരുനബി (സ) പറഞ്ഞതത്രെ പരമാർത്ഥം 'എല്ലാ സമൂഹത്തിനും ഒരു വിശ്വസ്തനുണ്ട് എന്റെ സമൂഹത്തിന്റെ അമീൻ അബൂ ഉബൈദതുബ്നുൽ ജർറാഹ് (റ) ആകുന്നു..... 

താങ്കൾ തന്നെ മുസ്ലിംകൾക്ക് നന്മയുള്ള തീരുമാനം ഞങ്ങളെ അറിയിച്ചു തന്നാലും...' 

അബൂ ഉബൈദ (റ) പതുക്കെ എഴുന്നേറ്റ് നിന്നുകൊണ്ട് പറഞ്ഞു: 'നിങ്ങളിൽപ്പെട്ട ഒരാൾ മാത്രമാണ് ഞാൻ നിങ്ങളഭിപ്രായം പറയുന്നത് പോലെ ഞാനും പറയുന്നു നിങ്ങൾ കൂടിയാലോചിക്കും പ്രകാരം ഞാനും കൂടിയാലോചന നടത്തുന്നു അല്ലാഹുവാണ് ഇതിൽ സഹായം നൽകുന്നവർ ' 

പിന്നീട് എഴുന്നേറ്റ് നിന്ന് സംസാരം തുടങ്ങിയത് യമൻ സ്വദേശിയായ ഒരു മുസ്ലിം പോരാളിയാണ് 'വന്ദ്യരായ സൈന്യാധിപാ.... നിങ്ങളെയീ സ്ഥാനത്ത് തന്നെ നിലയുറപ്പിക്കാനാണ് ഞങ്ങൾ ആലോചന നടത്തുന്നത് 'വാദിൽ ഖുറ 'യിൽ നിന്ന് നമുക്ക് സഹായം ലഭിച്ചേക്കും ഖലീഫാ ഉമറുബ്നുൽ ഖത്താബ് (റ) ന്റെ നിർദ്ദേശ പ്രകാരം നജ്ദിൻ സൈന്യവും നമുക്കൊപ്പം വരും ശത്രുക്കൾ പ്രതികാരം ചോദിച്ചു വന്നാൽ, അവർ നമ്മെ നേരിട്ടാൽ അവർക്ക് നേരെ നമുക്ക് പരസ്യമായി തന്നെ പൊരുതണം ' 

യമൻ സ്വദേശിയുടെ സംസാരം കഴിഞ്ഞപ്പോൾ ആവേശ ഭരിതരായി ഇളകിമറിയുന്ന മുസ്ലിം യോദ്ധാക്കളുടെ മുമ്പിൽ അബൂ ഉബൈദ (റ) എഴുന്നേറ്റു നിന്നു പറഞ്ഞു 'ഇരിക്കൂ... അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.... നിങ്ങൾക്ക് സൂചിപ്പിക്കാനുള്ളത് സൂചിപ്പിച്ചു കഴിഞ്ഞു ഞാൻ ഈ സ്ഥാനം ഉപേക്ഷിച്ചു മുന്നോട്ടു നീങ്ങിയാൽ ഉമറുബ്നുൽ ഖത്താബ് (റ) എന്നെ വെറുക്കും വളരെ ശകാര സ്വരത്തിൽ എന്നോടദ്ദേഹം ഇങ്ങനെ പറയുകയും ചെയ്യും ' നീ മദാഇൻ ഉപേക്ഷിക്കുകയാണല്ലേ, നിന്റെ കരങ്ങളിലൂടെ അല്ലാഹു മദാഇനിനെ ജയിച്ചടക്കിത്തന്നില്ലേ, എന്നിട്ട് അവിടം വിട്ട് നീ നീങ്ങുകയാണെങ്കിൽ അത് നിന്റെ ഭാഗത്ത് നിന്നുളള പരാജയം തന്നെയായിരിക്കും  

അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ..... അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടേ....' 

പെട്ടെന്നാണ് ഖയ്സുബ്നു ഹുബൈറതുൽ മുറാദീ എഴുന്നേറ്റത് അദ്ദേഹം പറഞ്ഞു 'മുസ്ലിംകളുടെ നായകാ... സിറിയയിൽ നിന്നും നാം മടങ്ങുകയാണെങ്കിൽ യാതൊരു പ്രയാസവും കൂടാതെ അല്ലാഹു നമ്മെ നാട്ടിലെത്തിക്കും   

വളരെ പരുക്കൻ ജീവിതം നയിച്ചവരല്ലേ നമ്മൾ...
?! 

നീരുറവകൾ നീർഗളിച്ചു ചേർന്നൊഴുകുന്ന ഈ കൊച്ചരുവികൾ നാമെങ്ങിനെ വിട്ടേച്ചുപോകും...?! 

വിശാലമായ ഈന്തപ്പനത്തോട്ടങ്ങളും കൃഷിത്തോപ്പുകളും സ്വർണ്ണവും വെള്ളിയുമെല്ലാം നാമെങ്ങിനെ ഉപേക്ഷിച്ചു പോവും ...?!  

ഹിജാസിലെ ദാരിദ്ര്യവും ക്ഷാമവും നിറഞ്ഞ ജീവിതത്തിലേക്ക് നാം മടങ്ങുകയോ...? 

ബാർലിയും റൊട്ടിയും തിന്നുകൊണ്ട് പരുക്കൻ വസ്ത്രങ്ങൾ ധരിച്ചു ജീവിക്കാൻ നാം തുനിയണോ? 

അവർ നമ്മെ വധിച്ചു കളഞ്ഞാൽ നാമെന്തിനു ഭയക്കണം? സ്വർഗ്ഗം നമുക്ക് വാഗ്ദാനം ചെയ്യപ്പെട്ടതല്ലേ, ഭൗതിക അന്ഥം ഭരണത്തോട് തുലനം ചെയ്യാൻ പറ്റാത്തത്രയും നല്ല ശാശ്വതസൗഖ്യമല്ലേ സ്വർഗത്തിൽ നമ്മെ കാത്തിരിക്കുന്നത്?' 

ഖൈസിന്റെ ചോദ്യങ്ങൾ കേട്ട് ശ്വാസമടക്കിപ്പിടിച്ചു നിൽക്കുകയാണ് സദസ്സ് എല്ലാവരും ചിന്താനിമഗ്നരാണ് പെട്ടെന്ന് എഴുന്നേറ്റ് നിന്നു കൊണ്ട് അബൂ ഉബൈദ (റ) ഖൈസിനെ ശ്ലാഖിച്ചു 'അല്ലാഹുവാണേ.... ഖൈസ് പറഞ്ഞത് സത്യം തന്നെ ' 

അബൂ ഉബൈദ (റ) തുടർന്നു പറഞ്ഞു : 'മുസ്ലിം സമൂഹമേ.... ഹിജാസിലേക്കും മദീനയിലേക്കും നിങ്ങളിനി മടങ്ങുകയാണോ? ഇവിടെയുള്ള കോട്ടകൊത്തങ്ങളെ ഉപേക്ഷിച്ചു നീങ്ങുകയാണോ? 

ഇവിടെയിതാ തോട്ടങ്ങളും നദികളും.... ഭക്ഷണവും പാനീയവും....  സ്വർണ്ണ ഖനികളും വെള്ളികളും....  

ശാശ്വതമായ അല്ലാഹുവിന്റെ ഭവനത്തിൽ മുന്തിയ ഭക്ഷണം ലഭിക്കുന്നതോടൊപ്പം ഇതും നിങ്ങൾക്കവൻ നൽകിയതാണ് 

ഖൈസുബ്നു ഹുബൈറ (റ) പറഞ്ഞത് എത്ര സത്യം ഇനി നമുക്കിവിടെ തന്നെ കഴിഞ്ഞുകൂടാം നമ്മുടെ കാര്യത്തിൽ അല്ലാഹുവിന്റെ തീരുമാനം വരുന്നത് വരെ ഇവിടെ നിന്നും നാം പുറപ്പെടരുത് ഏറ്റവും നല്ല വിധികർത്താവാണല്ലോ അവൻ 

അബൂ ഉബൈദ (റ) തന്റെ ഭാഷണം അവസാനിപ്പിക്കേണ്ട താമസം ഖൈസുബ്നു ഹുബൈറ (റ) ചാടിയെണീറ്റുകൊണ്ട് പ്രഖ്യാപിച്ചു  

ഓ ആദരണീയനായ നായകാ....
 
അല്ലാഹുവാണു സത്യം, താങ്കളുടെ വാക്കുകൾ ഞങ്ങൾ അംഗീകരിക്കുന്നു താങ്കളുടെ ഭരണകാര്യത്തിൽ ഞങ്ങൾ സഹായിക്കാം നിങ്ങൾ പദവി ഒഴിയരുത് അല്ലാഹുവിൽ എല്ലാം ഭരമേൽപ്പിക്കുക അല്ലാഹുവിന്റെ ശത്രുക്കളോട് പൊരുതുക ഇനി നാം പൊരുതുകയാണെങ്കിൽ അല്ലാഹു നമുക്ക് വിജയം തരും, മഹാപ്രതിഫലവും അവൻ നൽകും 

വളരെ സമർത്ഥനായ തന്റെ അഭിപ്രായങ്ങൾ പക്വമായി അവതരിപ്പിച്ച ഖൈസുബ്നു ഹുബൈറയോട് അബൂ ഉബൈദക്ക് നന്ദി തോന്നി അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു 'അല്ലാഹു നമുക്കും നിങ്ങൾക്കും പൊറുത്തു തരട്ടേ, നിങ്ങളുടെ അഭിപ്രായം നല്ല അഭിപ്രായമാണ് ' 

അബൂ ഉബൈദ (റ) യുടെ സൈന്യം ജയിച്ചടക്കിയ സിറിയയിൽ അവിടുത്തെ വിഭവങ്ങളാസ്വദിച്ച് കഴിയാമെന്ന സൈന്യാധിപരുടെ അഭിപ്രായത്തോട് യോജിക്കുകയായിരുന്നു മുഖ്യ സൈന്യാധിപൻ ഇറാഖിൽ നിന്നും അവിടേക്ക് ഖലീഫ ഉമറുൽ ഫാറൂഖിന്റെ നിർദ്ദേശ പ്രകാരം പുറപ്പെട്ട ഖാലിദി (റ) ന്റെ അഭിപ്രായമറിയാൻ കാത്തു കഴിയുകയാണ് അബൂ ഉബൈദ (റ) 


യർമൂഖിലേക്ക് 

പ്രഗൽഭരായ നിരവധി സ്വഹാബിമാരോടും മുഖ്യ സൈന്യാധിപരോടും അബൂ ഉബൈദ (റ) ചർച്ചകൾ നടത്തി യുദ്ധത്തിന്റെ ഗതി എന്തായിരിക്കണമെന്നും ഇനി നാം എന്തെല്ലാമാണ് ചെയ്യേണ്ടതെന്നും അദ്ദേഹം സംസാരിച്ചു 

ഖാലിദുബ്നുൽ വലീദ് (റ) 'അല്ലാഹുവിന്റെ വാൾ ' എന്ന് തിരനബി (സ) വിശേഷിപ്പിച്ച ഇസ്ലാമിലെ ഏറ്റവും പ്രഗൽഭരായ സൈന്യാധിപരിൽ ഒരാളാണ് ഇറാഖിൽ നിന്നും ഖലീഫയുടെ നിർദ്ദേശ പ്രകാരം വന്ന ഖാലിദ് (റ) യുമായി വിഷയങ്ങൾ സംസാരിക്കാൻ അബൂ ഉബൈദ (റ) തീരുമാനിച്ചു 

ഖാലിദ് (റ) ന്റെ സമീപം വന്ന അബൂ ഉബൈദ (റ) ചോദിച്ചു: 'ഓ... അബൂ സുലൈമാൻ.... നിങ്ങൾ ധീരനായ പോരാളിയും ശക്തനായ കുതിരപ്പടയാളിയുമാണ് നല്ല പക്വമായ തീരുമാനം നിങ്ങളുടെ അടുത്തുണ്ടാവുമെന്നെനിക്കറിയാം പറയൂ ... ഖൈസിന്റെ അഭിപ്രായത്തെക്കുറിച്ച് പറയൂ....' 

ഖാലിദ് (റ) പറഞ്ഞു: 'ഖൈസ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ് പക്ഷേ, മുസ്ലിംകൾക്കിടയിലേക്ക് മറ്റൊരു അഭിപ്രായം കൂടി വലിച്ചിട്ട് ഭിന്നത സൃഷ്ടിക്കാൻ ഞാനുദ്ദേശിക്കുന്നില്ല ' 

അബൂ ഉബൈദ (റ) ഇതിനെ ശക്തമായി എതിർത്തു: 'പറ്റില്ല, പറയണം മുസ്ലിംകൾക്ക് ഗുണകരമായ അഭിപ്രായമാണ് നിങ്ങൾക്കുള്ളതെങ്കിൽ ഞങ്ങളതറിയണം അതിനെ അംഗീകരിക്കുകയും ചെയ്യും ' 

'അമീറേ... നിങ്ങളുടെ അറിവിലേക്ക് ഞാൻ പറയട്ടേ

നിങ്ങളിവിടെ തന്നെ സ്ഥിര താമസമുറപ്പിച്ചാൽ നിങ്ങൾക്കത് പ്രയാസം സൃഷ്ടിക്കും 'ജാബിയ' കൈസറിന്റെ അടുത്ത പ്രദേശമാണല്ലോ ഹിർഖൽ രാജാവിന്റെ മകൻ 'ഖുസ്തുൻതീൻ ' അവിടെ നാൽപതിനായിരം കുതിരപ്പടയാളികളെയുമായി ജോർദാനിലെ സൈനികർ നിങ്ങളെ ഭയന്ന് രാജാവിന്റെ സൈന്യത്തോടൊപ്പം ചേരാൻ പോവുകയാണ് അതുകൊണ്ട് തന്നെ എനിക്കു സൂചിപ്പിക്കാനുള്ളത് നിങ്ങൾ യർമൂഖിലേക്ക് ഉടനെ പുറപ്പെടണമെന്നാണ് അമീറുൽ മുഅ്മിനീൻ ഉമറുൽ ഫാറൂഖ് (റ) ന്റെ സഹായം അടുത്ത സമയം തന്നെ ലഭിക്കുകയും ചെയ്യും അവർ വന്നാൽ നമുക്കൊപ്പം ചേരും വിജയം സുനിശ്ചിതമാണ് ' 

ഖാലിദി (റ) ന്റെ അഭിപ്രായത്തോട് ഭൂരിപക്ഷം മുസ്ലിംകൾക്കും യോജിപ്പാണുണ്ടായത് 'അതേ, ഖാലിദുബ്നുൽ വലീദിന്റെ അഭിപ്രായമാണ് ശരി' അവർ വിളിച്ചു പറഞ്ഞു സ്വഹാബീവര്യനും യുദ്ധ തന്ത്രജ്ഞനുമായ അബൂസുഫ് യാനുബ്നു ഹർബ് (റ) അബൂ ഉബൈദ (റ) യെ സമീപിച്ച് പറഞ്ഞു: 'അമീറേ, ഖാലിദുബ്നുൽ വലീദിന്റെ അഭിപ്രായ പ്രകാരം ചെയ്താലും.... സൈന്യത്തെ അപ്രകാരം വിന്യസിച്ചാലും... ശത്രുക്കളുടെ വരവിനെപ്പറ്റിയും വരാനിരിക്കുന്ന അപകട സാധ്യതകളെക്കുറിച്ചും സൂചനകൾ അദ്ദേഹം അബൂ ഉബൈദയെ ബോർഡ് 

'നിങ്ങൾ പറഞ്ഞതിനോടെനിക്കും യോജിപ്പാണ് ഇബ്നു ഹർബ് ' - ഖാലിദ് (റ) പറഞ്ഞു 

സൈന്യത്തിനു പുറപ്പെടാൻ അബൂ ഉബൈദ (റ) യുടെ നിർദ്ദേശമുണ്ടായി ഖാലിദുബ്നുൽ വലീദിന്റെ നേതൃത്വത്തിൽ ഇറാഖിൽ നിന്നും വന്ന സൈന്യം നാലായിരത്തോളം ഉണ്ടായിരുന്നു കുതിരപ്പടയാളികളായ അവർ ജോർദാൻ ഭാഗത്തേക്ക് പുറപ്പെട്ടു മുസ്ലിംകളെ പേടിച്ചു കഴിയുന്ന അവർ ഭയന്നോടി പലരും കടലിൽ ചാടി മരിച്ചു അവിടം ജയിച്ചടക്കിയ ഖാലിദിന്റെ സൈന്യം പിന്നീട് നീങ്ങിയത് യർമൂഖിലേക്കാണ് അവർ യർമൂഖിലെത്തുമ്പോഴേക്കും മറ്റൊരു വഴിയിലൂടെ അബൂ ഉബൈദ (റ) യും അവിടെ എത്തിച്ചേർന്നു  

യുദ്ധം രൂക്ഷമാകുമ്പോൾ പുതുമുസ്ലിംകളിൽ ആത്മാർത്ഥത കുറഞ്ഞവർ പിന്തിരിഞ്ഞോടാനുള്ള സാധ്യത അബൂ ഉബൈദ (റ) മനസ്സിലാക്കി കുറഞ്ഞ പേരാണെങ്കിലും പിന്തിരിഞ്ഞോടാൻ തുടങ്ങിയാൽ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും സൈന്യത്തിന്റെ മനോവീര്യം തകരാനും പരാജയപ്പെടാനും വരെ അതു നിമിത്തമാകും 

സൈന്യത്തെ അണിനിരത്തിയ ശേഷം അബൂ ഉബൈദ (റ) മുസ്ലിം സ്ത്രീകളുടെ തമ്പിലേക്ക് നീങ്ങി അദ്ദേഹം പറഞ്ഞു: 'നിങ്ങൾ കല്ലുകളും, തമ്പിന്റെ കാലുകളും എടുത്തെറിയാൻ ഒരുങ്ങി നിൽക്കണം വല്ല മുസ്ലിം ഭടനും പിന്തിരിഞ്ഞോടുകയാണെങ്കിൽ അവനെ വെറുതെ വിടരുത് കല്ലെറിഞ്ഞും വടികൊണ്ട് അവരുടെ മുഖത്തടിച്ചും അക്രമിക്കണം അവരുടെ സന്താനങ്ങളെ ഉയർത്തിപ്പിടിച്ചു കൊണ്ട് നിങ്ങൾ പറയണം 'നിങ്ങളുടെ കുടുംബത്തിന്റെയും ഇസ്ലാമിന്റെയും മോചനത്തിന് വേണ്ടി പൊരുതുവീൻ...' 

എന്നാൽ ഇതുകേട്ട ഖാലിദുബ്നുൽ വലീദി (റ) ന് തൃപ്തിയായില്ല അദ്ദേഹം മുസ്ലിം സ്ത്രീകളോട് വിളിച്ചു പറഞ്ഞു 'ഓ മുസ്ലിം സ്ത്രീകളേ,.... നിങ്ങളുടെ നേരെ പിന്തിരിഞ്ഞോടി വരുന്നവരെ നിങ്ങൾ കൊന്നുകളയണം ' 

മുസ്ലിം സൈന്യം യർമൂഖിൽ തമ്പടിച്ചു ശത്രുക്കൾ വന്നുകൊണ്ടേയിരിക്കുന്നു മറു ഭാഗത്ത് അവരും തമ്പടിക്കുന്നു എണ്ണപ്പെരുപ്പം കൊണ്ട് മുസ്ലിംകളേക്കാൾ വലിയ വ്യൂഹമായിരുന്നു അവരുടേത് ഇതുകണ്ട സ്വഹാബിമാർ അല്ലാഹുവിന്റെ സഹായത്തിനായി ഇങ്ങനെ പറഞ്ഞു: 'ലാഹൗല വലാ ഖുവ്വത ഇല്ലാബില്ലാഹിൽ അലിയ്യുൽ അളീം...'  

(ഉന്നതനായ അല്ലാഹുവിന്റെ കഴിവിനും ശക്തിക്കുമപ്പുറം മറ്റൊരു ശക്തിയുമില്ല...) 

മഹാനായ അബൂ ഉബൈദ (റ) പ്രാർത്ഥനയിൽ മുഴുകി: 'റബ്ബനാ അഫ്രിഅ് അലൈനാ സ്വബ്റൻ.... 

നാഥാ... ഞങ്ങൾക്ക് നീ ക്ഷമ ചൊരിഞ്ഞു തരണേ പാദങ്ങൾ ഉറപ്പിച്ചു നിർത്തി അവിശ്വാസികൾക്കെതിരെ വിജയം നൽകണേ....' 

മുസ്ലിംകളിൽപ്പെട്ട പലരും ശത്രുക്കളുടെ എണ്ണവും സജ്ജീകരണവും കണ്ട് ആശങ്കപ്പെടുന്നത് കണ്ട അബൂ ഉബൈദ (റ) പറഞ്ഞു: 'അല്ലാഹുവിൽ നിന്നും ഗനീമതായി അവരെ നമുക്ക് ലഭിക്കുമെന്ന് എനിക്ക് ഉറച്ച പ്രതീക്ഷയുണ്ട് 


ശക്തമായ പോരാട്ടം 

വിവിധ സൈന്യങ്ങൾ യമാമയിൽ തമ്പടിച്ചിട്ടുണ്ട് ഓരോ സംഘത്തിനും നായകന്മാരുണ്ട് അവരെല്ലാം തങ്ങളുടെ സൈന്യത്തിന് മാർഗ നിർദ്ദേശങ്ങൾ നൽകുന്നു ഭൗതിക താൽപര്യങ്ങൾ അവഗണിച്ച് അല്ലാഹുവിന്റെ മാർഗത്തിൽ സുധീരം അടരാടിയാൽ ലഭിക്കുന്ന സ്വർഗീയാനുഗ്രഹങ്ങൾ പറഞ്ഞ് ബോധിപ്പിച്ചു കൊണ്ട് മുസ്ലിം സേനയെ യുദ്ധ സജ്ജരാക്കുന്ന തിരക്കിലാണവർ 

മറ്റുള്ള മുസ്ലിംകൾ വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നതിൽ മുഴുകിയിരിക്കുന്നു ഒരു സൈന്യത്തലവനായ സ്വഹാബീ പ്രമുഖൻ മിഖ്ദാദ് (റ) തന്റെ സൈന്യത്തിന് സൂറത്തുൽ അൻഫാൽ പാരായണം ചെയ്തു കൊടുക്കുന്നത് മറ്റുള്ളവരും വീക്ഷിക്കുന്നുണ്ട് 

തിരുനബി (സ) യുടെ പ്രിയ സ്വഹാബി വര്യൻ അംറുബ്നുൽ ആസ്വ് (റ) തന്റെ പ്രഭാഷണത്തിൽ യോദ്ധാക്കളോടുള്ള ഉപദേശങ്ങൾ സംഗ്രഹിച്ചിട്ടുണ്ട് 'നിങ്ങൾ കണ്ണിമകൾ താഴ്ത്തി വാഹനപ്പുറത്ത് കയറുവീൻ, കുന്തങ്ങൾ ശരിക്ക് പിടിച്ചു കൊണ്ട് മുന്നേറുവീൻ, ശത്രുക്കൾ അക്രമിക്കാൻ വരുമ്പോൾ അവയെ അവഗണിച്ചു കൊണ്ട് അവർക്കു നേരെ സിംഹച്ചാട്ടം ചാടീവീഴുക സത്യത്തിൽ സംതൃപ്തനും അസത്യത്തിൽ അപ്രിയനുമായ അല്ലാഹുവാണേ സത്യം, അല്ലാഹു സൽക്കർമ്മങ്ങൾക്ക് മഹത്തായ പ്രതിഫലം നൽകുക തന്നെ ചെയ്യും അവരുടെ എണ്ണപ്പെരുപ്പവും സജ്ജീകരണങ്ങളും നിങ്ങളുടെ വീര്യം ചോർത്തരുത് നിങ്ങൾ സത്യവാഹകരാണെങ്കിൽ കടന്നലാക്രമണം പോലെ ശത്രുക്കളുടെ ഇടയിലേക്ക് ഇരച്ചു കയറുക .....' 

യുദ്ധം ആരംഭിക്കുന്നതിന്  മുമ്പ് ഖാലിദുബ്നുൽ വലീദ് (റ) പ്രഗൽഭ സ്വഹാബിമാരെയും പ്രമുഖ സേനാനായകരെയും മറ്റും വിളിച്ചു കൂട്ടി മുസ്ലിം സേനയുടെ മുൻനിരയിൽ അവരെ അണിനിരത്തിയ ശേഷം തന്റെ അഭിപ്രായം അവരെ അറിയിക്കാനാഗ്രഹിച്ചു മുസ്ലിംസേന വിവിധ ഗ്രൂപ്പുകളായാണിപ്പോൾ നിൽക്കുന്നത് അവർ അനേക സംഘങ്ങളായി പോരാട്ടം തുടങ്ങുന്നത് ഉചിതമല്ലെന്നും അവരെ ഏകോപിപ്പിച്ചു നിർത്തി ഒരേ നായകന്റെ പിന്നിൽ നിന്ന് പൊരുതുന്നതിലാണ് തന്ത്രവും വിജയവും കുടികൊള്ളുന്നതെന്നും അദ്ദേഹം ഗ്രഹിച്ചു 

ഖാലിദ് (റ) അവരോട് പറഞ്ഞു: 'അല്ലാഹുവിന്റെ ദിനങ്ങളിൽ പെട്ട ഒരു ദിനം തന്നെയാണിന്ന് ഇന്ന് അഹങ്കാരവും അതിക്രമവും പാടില്ല പോരാട്ടത്തെ നിങ്ങൾ ആത്മാർത്ഥപരമാക്കണം നിങ്ങളുടെ കർമ്മങ്ങൾ കൊണ്ട് അല്ലാഹുവിനെ തൃപ്തിപ്പെടുത്തണം ഈ ദിവസത്തിനുള്ളതാണ് ഇതിനുശേഷമുള്ള ദിനങ്ങൾ ഒരേ നേതൃത്വത്തിനുകീഴിൽ ഒരുമയോടെ പൊരുതുന്ന ഒരു ജനതയോട് നിങ്ങൾ ഭിന്നിച്ചുകൊണ്ട് ഒരിക്കലും പടനയിക്കരുത്...' 
 
എല്ലാവരും ഖാലിദിന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്നത് ഏറെ കൗതുകത്തോടെയാണ് യുദ്ധ തന്ത്രജ്ഞനായ അല്ലാഹുവിന്റെ വാൾ ഖാലിദ് (റ) പറഞ്ഞത് വളരെ പരമാർത്ഥം തന്നെയാണ് ആ നയനങ്ങൾ സ്ഥിരീകരിക്കുന്നുണ്ടായിരുന്നു 

ഖാലിദ് (റ) പറഞ്ഞു നിർത്തിയതിനു ശേഷം വീണ്ടും തുടർന്നു: 'വരൂ.... നമുക്ക് നേതൃത്വം പങ്കിടാം, ഇന്ന് ചിലരെ നേതാവാക്കാം, അടുത്ത ദിവസങ്ങളിൽ മറ്റുള്ളവർക്കും നേതൃത്വം കൈമാറാം അങ്ങനെ നേതാക്കന്മാരെല്ലാം ഓരോ ദിവസങ്ങളിൽ സൈനിക നേതൃത്വം വഹിക്കണം ഇതിനു നിങ്ങൾക്ക് സമ്മതമാണെങ്കിൽ ഇന്നത്തെ നേതൃത്വം ഞാൻ ഏറ്റെടുക്കാം...' 

അബൂ ഉബൈദ (റ) ഉടനെ ഖാലിദ് (റ) നെ നേതാവാക്കി പ്രഖ്യാപിച്ചു മറ്റുള്ളവരും ഇതിനെ പിന്താങ്ങി ഖാലിദ് (റ) സൈന്യത്തെ യുദ്ധത്തിന് തയ്യാറെടുക്കാൻ പാകത്തിൽ പ്രത്യേകം രൂപത്തിൽ അണി നിരത്തി വലതു പക്ഷത്തിന്റെ നായകനായി അംറുബ്നുൽ ആസ്വ് (റ) നെയും ഇടതുഭാഗത്തിന്റെ നായകനായി യസീദുബ്നു അബൂസുഫ് യാൻ (റ) നെയും  മധ്യ ഭാഗത്തിന്റെ പ്രധാന ചുമതലയുടെ നായകത്വം അബൂ ഉബൈദതുബ്നുൽ ജർറാഹി (റ) നെയും ഏൽപ്പിച്ചു വിവിധ ഗ്രൂപ്പുകാരെ ഒന്നിച്ചു നിർത്തി, പൊതു നേതൃത്വം ഖാലിദ് (റ) വഹിക്കുകയും ചെയ്തു 

ഖാലിദ് (റ) ന്റെ നേതൃത്വത്തിൽ മുമ്പ് മുസ്ലിം സേനയും റോമാ സൈന്യവും തമ്മിൽ ശക്തമായ പോരാട്ടം ആരംഭിച്ചു ആദ്യഘട്ടത്തിൽ വിജയവും മുന്നേറ്റവും റോമാ സൈന്യത്തിനായിരുന്നു രണ്ടാം ഘട്ടത്തിൽ നേതൃത്വത്തിന്റെ ശരിയായ മാർഗനിർദ്ദേശങ്ങളനുസരിച്ച് മുസ്ലിം സേന പോരാടിയപ്പോൾ വിജയ പ്രതീക്ഷയുണ്ടായി  

വലതുഭാഗത്ത് കൂടെ റോമൻ സൈന്യത്തിന് പിന്തിരിഞ്ഞോടാൻ സൗകര്യമൊരുക്കി മുസ്ലിംകൾ ആക്രമണം തുടങ്ങി മുസ്ലിം സൈന്യത്തിന്റെ കുതിരകൾ പിന്നോട്ട് ഓടാൻ തുടങ്ങി ഇതുകണ്ട മുസ്ലിം സ്ത്രീകൾ കുതിരകളുടെ മുഖത്തേക്ക് കയ്യിൽ കിട്ടിയതുകൊണ്ടടിച്ചു കൊണ്ടലറി: 'എവിടേക്കാണ് ഇസ്ലാമിന്റെ സംരക്ഷകരേ നിങ്ങൾ പോകുന്നത്? രക്തസാക്ഷിത്വം കൊതിക്കുന്നില്ലേ നിങ്ങൾ?' 

പോരാട്ടത്തിന്റെ വീര്യം കൂടി ഒരു മുസ്ലിം ഭടൻ തന്റെ നായകൻ അബൂ ഉബൈദ (റ) യെ യുദ്ധത്തിനിടയിൽ കാണാനെത്തി 'ഓ.... നായകാ.... ഞാൻ രക്തസാക്ഷിയാകാൻ തീരുമാനിച്ചു കഴിഞ്ഞു മഹാനായ നബിതിരുമേനി (സ) യെ കണ്ടുമുട്ടുമ്പോൾ ഞാൻ താങ്കൾക്കു വേണ്ടി വല്ലതും പറയേണ്ടതുണ്ടോ?' 'അതെ, പറയണം' അബൂ ഉബൈദ (റ) പറഞ്ഞു: 'പ്രവാചകരേ, ഞങ്ങളുടെ നാഥൻ ഞങ്ങൾക്ക് നൽകിയ വാഗ്ദാനം പുലർന്നുകഴിഞ്ഞുവെന്ന് താങ്കൾ നബി (സ) യെ അറിയിക്കുക ' തുടർന്ന് രണാങ്കണത്തിലേക്ക് എടുത്തുചാടി വൻ കുതിപ്പോടെ പുറപ്പെട്ട ആ പോരാളി ശത്രുക്കളെ അരിഞ്ഞുവീഴ്ത്തി ശഹീദായി 

യർമൂഖ് യുദ്ധത്തിലെ ഭീകരമായ ഘട്ടത്തിൽ മഹാനായ ഇക്രിമതുബ്നു അബൂ ജഹൽ (റ) മുന്നോട്ടു വന്നു ഭാര്യ ഉമ്മു ഹകീം ബിൻതു ഹാരിസ് (റ) യോടൊപ്പമാണദ്ദേഹം യുദ്ധത്തിന് വന്നത് പ്രവാചകരുടെയും ഇസ്ലാമിന്റെയും ശത്രുവായി ഇരുപതോളം വർഷം ജീവിച്ച ഈ ദമ്പതികൾ മക്കം ഫത്ഹിനാണ് മുസ്ലിംമാവുന്നത് യർമൂഖിൽ ശത്രു സൈന്യത്തിന്റെ ആക്രമണം ശക്തമായി മുസ്ലിംകൾ പരാജയത്തിന്റെ വക്കിലാണെന്ന ഭീതിത രംഗത്തെത്തിയപ്പോൾ ഇക്രിമ (റ) ഒരു പാറപ്പുറത്ത് കയറി ഉറക്കെ പ്രഖ്യാപിച്ചു 'മരിക്കാൻ തയ്യാറുള്ളവർ എന്നോട് പ്രതിജ്ഞ ചെയ്യുവീൻ ....'  

നിരവധി മുസ്ലിംകൾ ഇക്രിമ (റ) യുടെ അടുത്തെത്തി പലരും അദ്ദേഹത്തെ പിന്തിരിപ്പിച്ചു ഈ ഭീതിജനകമായ ഘട്ടത്തിൽ ഒരെടുത്ത് ചാട്ടത്തിന് മുതിരരുതെന്ന് ഓർമിപ്പിച്ചു അപ്പോൾ ഇക്രിമ (റ) യുടെ പ്രതികരണം ഇങ്ങനെ: 

'അല്ലാഹു എന്നെ സന്മാർഗത്തിലാക്കുന്നതിന് മുമ്പ് നബി തിരുമേനി (സ) യോട് നിരന്തരമായി യുദ്ധം ചെയ്ത ഞാനിന്ന് അല്ലാഹുവിന്റെ ശത്രുക്കളെ ഭയന്ന് പിന്നോട്ടുടുകയോ...?! ഇല്ല എന്നോടൊപ്പം രക്തസാക്ഷിത്വത്തിൽ പ്രതിജ്ഞയെടുക്കാൻ ആരെല്ലാമാണ് തയ്യാറുള്ളത്?' 

നാനൂറോളം ധീരസേനാനികൾ പൊരുതി മരിക്കാമെന്ന് ഉറപ്പു നൽകി ഇക്രിമ (റ) യുടെ പിന്നിൽ അണി നിരന്നു അവർ രണാങ്കണത്തിലേക്ക് ഒരു കുതിച്ചു ചാട്ടമായിരുന്നു പിന്നീട് ധീരധീരം അടരാടി ഇക്രിമ (റ) വാളുറ മുറിച്ചു കഷ്ണിച്ചു വലിച്ചെറിഞ്ഞു തന്റെ കുതിരയെ വധിച്ചു കളഞ്ഞു രക്തസാക്ഷിയായിത്തീർന്ന ശേഷം ഈ കുതിരയെ എന്റെ ഘാതകനായ ശത്രുവിന് ഒരിക്കലും ലഭിക്കരുതെന്നായിരുന്നു ഇക്രിമ (റ) യുടെ ദൃഢ തീരുമാനം 

യുദ്ധം കഴിഞ്ഞു രണാങ്കണത്തിലൂടെ യുദ്ധാനന്തര സ്ഥിതിഗതികൾ വീക്ഷിക്കാൻ ഗദ്ഗദചിത്തനായി നടന്നു നീങ്ങിയ ഹുദൈഫ (റ) എന്ന സ്വഹാബി തന്റെ അനുഭവം വിവരിക്കുന്നു 'നൂറോളം വെട്ടുകളേറ്റ് പിടഞ്ഞു പുളയുകയാണ് ഇക്രിമ (റ) ആ ഭാഗത്തേക്ക് നടന്നെത്തിയപ്പോൾ 'മാഅ്.... മാഅ്.... ' എന്നൊരു ശ്രിവിക്കാനായി വെള്ളത്തിന് വേണ്ടി മരണവേദനയിൽ ദാഹിച്ചു തളർന്നവശനായ ഇക്രിമ (റ) യുടെ ശബ്ദമായിരുന്നു അത് 

ഹുദൈഫ (റ) ഉടനെ വെള്ളമന്വേഷിച്ചു മടങ്ങി അൽപസമയത്തിനു ശേഷം ഒരു കുടത്തിൽ വെള്ളവുമായെത്തി പക്ഷേ, ഇക്രിമ (റ) കുടിക്കാൻ തയ്യാറാവാതെ തന്നെപ്പോലെ ദാഹിച്ചു തളർന്ന് 'വെള്ളം..... വെള്ളം...' എന്ന് നിലവിളിച്ച് മരണത്തോട് മല്ലിടുന്ന മുസ്ലിം പോരാളി ളിഹാർ (റ) ന്റെ ഭാഗത്തേക്ക് ആംഗ്യം കാണിക്കുന്നു അദ്ദേഹത്തിന് വെള്ളം കൊടുക്കാനാണ് മരണവെപ്രാളത്തിലും ഇക്രിമ (റ) ആവശ്യപ്പെടുന്നത് ഹുദൈഫ (റ) ളിഹാർ (റ) ന്റെ അടുത്തേക്ക് ചെന്നപ്പോൾ വെള്ളത്തിനാവശ്യപ്പെടുന്ന അദ്ദേഹത്തിന്റെ ശബ്ദം കേട്ടു ഉടനെ കയ്യിലുള്ള പാനപാത്രം നീട്ടി വെള്ളം കുടിപ്പിക്കാൻ ശ്രമിച്ചു അപ്പോൾ അദ്ദേഹവും ഇക്രിമ (റ) യെ പോലെ തൊട്ടടുത്ത്  'വെള്ളം.... വെള്ളം.... ' എന്നലറുന്ന മറ്റൊരു മുസ്ലിം പോരാളി ഹിലാൽ (റ) ന് വെള്ളം കൊടുക്കാൻ സൂചന നൽകി ഹിലാൽ (റ) ന്റെ അരികിലേക്ക് ധൃതിപ്പെട്ട് യർമൂഖിലെ മണൽ തരികളിലൂടെ സഞ്ചരിച്ചെത്തിയപ്പോഴേക്കും ഹിലാൽ (റ) മരണം പൂകിയിരുന്നു തിരിച്ച് ളിറാറി (റ) ന്റെയും ഇക്രിമ (റ) വിന്റെയും അരികിലേക്ക് തന്നെ മടങ്ങിയെത്തിയെങ്കിലും വെള്ളം കുടിക്കാൻ കാത്തുനിൽക്കാതെ അവരും രക്തസാക്ഷികളാവുകയായിരുന്നു 

ഇത്രയും കടുത്ത മരണവെപ്രാളത്തിൽ പോലുമുള്ള ഇസ്ലാമിലെ സാഹോദര്യവും സ്നേഹവും ഏവർക്കും പകർത്താൻ മുന്തിയ മാതൃകയാകുന്നു 

യർമൂഖ് യുദ്ധത്തിൽ നിരവധി പേർ മരണപ്പെട്ടിട്ടുണ്ട് വാൾ മുനക്കിരയായവർ തന്നെ ആയിരക്കണക്കിന് ശത്രുക്കളുണ്ട് ഒരു ലക്ഷത്തി  ഇരുപതിനായിരത്തിൽ പരം പേർ നദിയിൽ മുങ്ങി മരിച്ചതായി കണക്കാക്കപ്പെടുന്നു എന്നാൽ മുസ്ലിം പക്ഷത്ത് നിന്ന് 3000 ത്തോളം സൈനികർ രക്തസാക്ഷികളായിട്ടുണ്ട് ഇക്രിമ (റ) യും ഒപ്പം മരിക്കാൻ പ്രതിജ്ഞ ചെയ്തിറങ്ങിയ നാനൂറോളം പേരും ഇതിലുൾപ്പെടും 


നേതൃമാറ്റം 

യർമൂഖ് യുദ്ധം കൊടുമ്പിരികൊള്ളുകയാണ് ഒരു ഭാഗത്ത് പ്രഗൽഭരായ ഖാലിദുബ്നുൽ വലീദ് (റ), അബൂ ഉബൈദതുബ്നുൽ ജർറാഹ് (റ) , അബൂസുഫ് യാനുബ്നു ഹർബ് (റ), ഇക്രിമതുബ്നു അബൂസുഫ്യാൻ (റ), അംറുബ്നുൽ ആസ് വദ് (റ) തുടങ്ങിയവർ സിറിയയിൽ ഇസ്ലാമിക സാമ്രാജ്യത്തിനെതിരെ തിരിയുന്ന ശക്തി രാഷ്ട്രങ്ങളെ ജയിച്ചടക്കി മുന്നേറ്റം തുടരുകയാണ് 

എന്നാൽ ഇങ്ങകലെ തലസ്ഥാന നഗരിയിൽ- മദീനാ ശരീഫിൽ പ്രവാചക തിരുമേനി (സ) യുടെ പ്രിയപ്പെട്ട ഖലീഫ അബൂബക്കർ സിദ്ദീഖ് (റ) രോഗബാധിതനാണ് അനുദിനം രോഗം മൂർഛിക്കുകയാണ് സിദ്ദീഖ് (റ) ന്റെ ഭവനത്തിനു ചുറ്റും പുണ്യവാളന്മാരായ കിടന്ന് ഇഹലോകവാസം വെടിഞ്ഞു ഇന്നാലില്ലാഹ്.... 

മുസ്ലിം ലോകത്തിന്റെ സമാദരണീയനായ ഖലീഫ സിദ്ദീഖ് (റ) ന്റെ വിയോഗം നാടിനെ അഗാധ ദുഃഖത്തിലാഴ്ത്തി പ്രവാചകരുടെ ആത്മമിത്രം, ശത്രുക്കളുടെ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടു  ഗുഹയിൽ കഴിയുമ്പോഴുണ്ടായ കൂട്ടാളി, എല്ലാ യുദ്ധങ്ങളിലും പ്രവാചകരെ അനുഗമിച്ചു നീങ്ങിയ ഇഷ്ടമിത്രം, ഇഷ്ടഭാര്യ ആഇശ (റ) യുടെ പിതാവ്.... അബൂബക്കർ സിദ്ദീഖ് (റ) ചലനമറ്റു കിടക്കുന്നു 

ജനാസ സംസ്കരണവും പുതിയ ഖലീഫയായി ഉമറുൽ ഫാറൂഖ് (റ) നെ തിരഞ്ഞെടുക്കലും നടന്നു ഭരണകാര്യങ്ങൾ സൂക്ഷ്മ വിശകലനം നടത്തിയ പുതിയ ഖലീഫയുടെ ആദ്യത്തെ നടപടിക്രമങ്ങളിലൊന്ന് യർമൂഖിലെ സർവ്വ സൈന്യാധിപസ്ഥാനത്ത് നിന്നും ഖാലിദ് ബ്നുൽ വലീദ് (റ) നെ നീക്കം ചെയ്ത് തൽസ്ഥാനത്ത് അബൂ ഉബൈദ (റ) നെ നിയമിക്കുന്ന നടപടിയായിരുന്നു 

യുദ്ധ വിജയത്തിന്റെ ലക്ഷണങ്ങൾ പ്രകടമായിക്കൊണ്ടിരിക്കുന്ന വേളയിലാണ് ഖലീഫ ഉമറുൽ ഫാറൂഖ് (റ) ന്റെ കത്തുമായി ദൂതൻ യർമൂഖിലെത്തുന്നത് ഈ സന്ദർഭത്തിൽ തന്ത്രശാലിയും ബുദ്ധിമാനുമായ ഖാലിദുബ്നുൽ വലീദ്  (റ) ദൂതനിൽ നിന്നും കത്ത് വാങ്ങി വായിച്ചു തങ്ങളെ യുദ്ധത്തിനയച്ച പ്രിയപ്പെട്ട ഖലീഫ അബൂബക്കർ സിദ്ദീഖ് (റ) ന്റെ വിയോഗവാർത്തയായിരുന്നു ആദ്യം വായിച്ചറിഞ്ഞത് മനസ്സിനെ തെല്ലൊന്ന് വേദനിപ്പിച്ചെങ്കിലും ക്ഷമാപൂർവം തുടർന്നു വായിച്ചു പുതിയ ഖലീഫയായി ഉമറുൽ ഖത്താബ് (റ) നെ നിയമിക്കപ്പെട്ടിരിക്കുന്നു അദ്ദേഹം തനിക്കു പകരം മഹാനായ അബൂ ഉബൈദ (റ) നെ മുഖ്യ സൈന്യാധിപനായി നിയമിച്ചിരിക്കുന്നു... വിവരം യുദ്ധം വിജയ വക്കിലെത്തിയ ഈ ഘട്ടത്തിലെങ്ങാനും താൻ പുറത്തുവിട്ടാൽ മുസ്ലിം സൈന്യത്തിന്റെ ശ്രദ്ധ തെറ്റുകയും, ആ അവസരം മുതലെടുത്ത് ശത്രുക്കൾ മുന്നേറി ജയിച്ചടക്കുകയും ചെയ്താൽ...?! അദ്ദേഹം ചിന്തയിൽ മുഴുകി 

തുടർന്ന് ഖാലിദുബ്നുൽ വലീദ് (റ) പ്രവർത്തിച്ച നടപടിക്രമങ്ങൾ അന്തസ്സുറ്റതും പ്രശംസനീയവുമാണ് അവസരത്തിനൊത്ത് പെരുമാറാനുള്ള തന്റെ കഴിവും സാമർത്ഥ്യവും വിളിച്ചോതുന്നതാണ് ആദ്യം ഖലീഫാ സിദ്ദീഖ് (റ) ന്റെ ആത്മശാന്തിക്കുവേണ്ടി പ്രാർത്ഥന നടത്തി പുതിയ ഖലീഫ ഉമറുൽ ഫാറൂഖ് (റ) ന്റെ ഭരണം വിജയകരവും ഗുണകരവുമായിത്തീരാൻ പ്രാർത്ഥിച്ച ശേഷം ദൂതനെ അരികിൽ സ്വകാര്യമായി വിളിച്ചു ഈ വിവരങ്ങൾ യാതൊന്നും പുറത്തുവിടരുതെന്നും എല്ലാം രഹസ്യമാക്കിവെക്കണമെന്നും പ്രത്യേകം നിർദ്ദേശം നൽകി വളരെ രഹസ്യസ്ഥാനത്ത് ദൂതനെ മാറ്റി നിർത്തുകയും ചെയ്തു  

യാതൊരു ഭാവ വ്യത്യാസമോ, പുതിയ സന്ദേശത്തിലെ ആശയങ്ങൾ ഉൾക്കൊണ്ട ഭാവമോ കാണിക്കാതെ ഉശിരോടെ പടക്കളത്തിലേക്ക് പാഞ്ഞിറങ്ങിയ ഖാലിദ് (റ) ധീരമായ പോരാട്ടം തുടർന്നും നടത്തി മുസ്ലിം സൈന്യം വിജയിക്കുകയും ശത്രുക്കൾ പത്തിമടക്കി പരാജയം സമ്മതിച്ചു പിൻവാങ്ങുകയും ചെയ്തു മുസ്ലിംകൾ സന്തോഷാധിക്യത്താൽ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിക്കുമാറുച്ചത്തിൽ വിളിച്ചു പറഞ്ഞു 

അല്ലാഹു അക്ബർ.....
അല്ലാഹു അക്ബർ..... 

ഇതിനു ശേഷം അബൂഉബൈദതുബ്നുൽ ജർറാഹി (റ) നെ സമീപിച്ചു കൊണ്ട് വളരെ വിനയ സ്വരത്തിൽ സന്തോഷ വിവരമറിയിച്ചു  

ഖാലിദിന്റെ നടപടിയിൽ അബൂ ഉബൈദ (റ) ക്ക് സംതൃപ്തിയും മതിപ്പുമാണുണ്ടായിരുന്നത് തന്റെ മതിപ്പ് പ്രകടിപ്പിച്ച് അബൂ ഉബൈദ (റ) ഖാലിദ് (റ) നെ ചുംബിച്ചാലിംഗനം ചെയ്തു 

ഈ യുദ്ധത്തിനു ശേഷം മുസ്ലിംസേന സിറിയൻ തലസ്ഥാന നഗരിയായ ദമസ്കസിലേക്ക് നീങ്ങി അബൂ ഉബൈദ (റ) യുടെ നേതൃത്വത്തിൽ അവർ ദമസ്കസ് ഉപരോധിക്കാനാരംഭിച്ചു ശത്രുക്കൾ പരാജയം സമ്മതിക്കാതെ നിന്നു മുസ്ലിം സേനയ്ക്ക് അവിടുത്തെ കൊടും തണുപ്പും കാലാവസ്ഥയും രസിച്ചില്ല അവർ ഏറെ പ്രയാസപ്പെട്ടു കൊണ്ടാണ് ഉപരോധം തുടർന്നത് 

നഗരത്തിലെ ഗവർണർക്ക് ഒരാൺകുഞ്ഞ് ജനിച്ച സന്തോഷത്തിൽ ആഘോഷം നടക്കുകയാണ് ഒരു ഭാഗത്ത് അവർ മദ്യം മോന്തിക്കുടിച്ച് ലക്കുകെട്ട് പാട്ടും കൂത്തുമായി ബഹുജോറിലാണ് ഖാലിദ് (റ) ന്റെ നേതൃത്വത്തിൽ ഏതാനും മുസ്ലിം സൈനികർ കോട്ടയുടെ മതിലിൽ പറ്റിപ്പിടിച്ചു കയറി കാവൽ ഭടന്മാരെ ആദ്യം വകവരുത്തി പിന്നീട് കോട്ടയുടെ വാതിൽ തുറന്നപ്പോൾ പുറത്തുണ്ടായിരുന്ന മുസ്ലിം സേനയും അകത്തു  കടന്നു 

മറുവശത്തെ കതക് തുറന്ന് രക്ഷപ്പെടാനൊരുങ്ങുകയായിരുന്നു ഗവർണറും സംഘവും അവിടെ അബൂ ഉബൈദ (റ) യുടെ നേതൃത്വത്തിൽ ഒരു പറ്റം ധീരകൂട്ടുകാർ കാത്തുനിൽക്കുന്നുണ്ടായിരുന്നു അവർ ശത്രു നായകരെ കീഴടക്കി അങ്ങനെ ദമസ്കസ് അബൂ ഉബൈദ (റ) യുടെ നേതൃത്വത്തിൽ മുസ്ലിം സേന ജയിച്ചടക്കി 

തുടർന്ന് ദമസ്കസിന്റെ ഭരണകാര്യങ്ങളും സൈന്യാധിപസ്ഥാനവും യസീദുബ്നു അബൂസുഫ് യാൻ (റ) നെ അബൂ ഉബൈദ (റ) ഏൽപ്പിച്ച ശേഷം വീണ്ടും മുന്നേറ്റം നടത്തി അവർ പുതിയ മേഖലകളിലേക്ക് തിരിഞ്ഞു എന്നാൽ പെട്ടെന്നാണ് ശത്രുസേന ഇരച്ചുകയറിവന്നത് യസീദ് (റ) ന്റെ നേതൃത്വത്തിലുള്ള മുസ്ലിം സേന എണ്ണത്തിൽ വിരളമായിരുന്നു ശത്രുക്കളുടെ ആക്രമണത്തെ നേരിടാൻ സാഹസപ്പെടുന്നതിനിടെ അബൂ ഉബൈദ (റ) ന്റെ കീഴിലുള്ള ഒരു സൈന്യം ഖാലിദ് (റ) ന്റെ നേതൃത്വത്തിൽ രംഗത്തെത്തി അവർ ഒരുമിച്ചു ചേർന്ന് ശത്രു സൈന്യത്തെ വകവരുത്തി പലരും ഓടി രക്ഷപ്പെട്ടു 

സിറിയയിൽ ഒരു അടക്കം പറച്ചിൽ നടക്കുന്നതായി മുസ്ലിംകളിൽ ചിലർ അറിഞ്ഞു ഖാലിദുബ്നുൽ വലീദ് (റ) ൽ നിന്നും നേതൃത്വ പദവി അടർത്തിമാറ്റിയത് അവർക്ക് രസിച്ചില്ല ഖാലിദ് (റ) വാണ് ഏറ്റവും മികച്ച സൈന്യാധിപനെന്നും അവർ പറയുന്നുണ്ടായിരുന്നു അതുവഴി നടന്നു നീങ്ങുകയാണ് പ്രഗൽഭ സ്വഹാബി മുആദുബ്നു ജബൽ (റ) ഖാലിദ് ശക്തനാണെന്നും അബൂ ഉബൈദ അശക്തനാണെന്നും ചിലർ പറയുന്നതായി നേരിൽ കേൾക്കാനിടയായ മുആദുബ്നു ജബൽ (റ) ന്റെ മുഖം വിവർണ്ണമായി അദ്ദേഹം അവർക്കു മുഖാമുഖം നിന്ന്കൊണ്ട് കോപാകുലനായി ഗൗരവസ്വരത്തിൽ ചോദിച്ചു 

'അബൂ ഉബൈദയെക്കുറിച്ചാണോ നിങ്ങൾക്കിങ്ങനെയൊരു ധാരണ....?! എന്നാൽ നിങ്ങളൊരു കാര്യം ഗ്രഹിക്കണം അല്ലാഹുവാണെ സത്യം, ഭൂമിയുടെ മാറിടത്തിലൂടെ നടക്കുന്നവരിൽ അത്യുത്തമൻ അബൂ ഉബൈദ (റ) തന്നെയാകുന്നു ' പ്രഗൽഭനായ മുആദിന്റെ വാക്ക് അവരുടെ തെറ്റിദ്ധാരണ നികത്തി 


വ്യക്തിത്വം

നേരിയ താടിരോമങ്ങൾ, തടിച്ചു തുടുക്കാത്ത കവിളുകൾ, നീണ്ട ശരീരം, മുൻപല്ലുകളിൽ ചിലത് പൊട്ടിയിട്ടുണ്ട്, തലമുടിയും താടി രോമങ്ങളും മൈലാഞ്ചിയും കത്മും കൊണ്ട് ചുവപ്പിച്ചിരിക്കുന്നു (രോമം ചുവപ്പപ്പിക്കുന്ന ഒരിനം സസ്യമാണ് കത്മ്) അബൂ ഉബൈദതുബ്നുൽ ജർറാഹ്(റ) എന്ന ധീരശൂരനായ പടത്തലവന്റെ ഒരേകദേശ ചിത്രമാണിത് 

നർമ്മം പറഞ്ഞ് ജനങ്ങളെ ചിരിപ്പിക്കാനും ആവേശഭരിതരാക്കാനുമുള്ള അദ്ദേഹത്തിന്റെ സാമർത്ഥ്യം വ്യതിരിക്തമാണ് സ്വഭാവം വെച്ചു നോക്കുമ്പോൾ തിരുനബി (സ) യുടെ സ്വഹാബിമാരിൽ വളരെ വേറിട്ടുനിൽക്കുന്ന വ്യക്തിത്വമാണ് ഒരിക്കൽ അക്കാര്യം തിരുനബി (സ) പറഞ്ഞു 'സ്വഭാവത്തിന്റെ വിഷയത്തിൽ എടുത്തുപറയുകയാണെങ്കിൽ അബൂ ഉബൈദതുബ്നുൽ ജർറാഹിനെപ്പോലെ ഞാനംഗീകരിച്ച മറ്റൊരു അനുയായിയും എനിക്കില്ല തന്നെ ' 

സ്വഹാബിമാർക്കിടയിൽ 'അജയ്യനായ വിശ്വസ്ഥൻ ' എന്നാണിദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത് തിരുനബി (സ) പറഞ്ഞു: 'എല്ലാ സമൂഹത്തിനും ഒരു വിശ്വസ്തനുണ്ട്, എന്റെ സമൂഹത്തിലെ വിശ്വസ്തൻ അബൂ ഉബൈദതുബ്നുൽ ജർറാഹാകുന്നു ' മറ്റൊരിക്കൽ നജ്റാൻ നിവാസികൾ പഠിപ്പിച്ചു തരാൻ പറ്റിയ ഒരു നേതാവിനെ ആവശ്യപ്പെട്ടു തിരുനബി (സ) യുടെ സവിധത്തിൽ വന്നപ്പോൾ 'അജയ്യനായ വിശ്വസ്തനെ ഞാൻ നിങ്ങൾക്കൊപ്പം അയച്ചു തരിക തന്നെ ചെയ്യും ' എന്നാണ് അബൂ ഉബൈദ (റ) യെ കുറിച്ച് തിരുനബി (സ) പറഞ്ഞത് 

അനുയായികൾക്കിടയിൽ വെച്ച് പ്രവാചകർ (സ) യുടെ സ്നേഹവും താൽപര്യവും ഏറെ സമ്പാദിക്കാനിദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് നബി പത്നി ആഇശ ബീവി (റ) യുടെ അരികിൽ വന്ന് ഒരാളന്വേഷിച്ചു 'അനുയായികളിൽ പ്രവാചകർ (സ) ക്ക് ഏറ്റവും ഇഷ്ടം ആരോടായിരുന്നു?' 

'അബൂബക്കറും പിന്നെ അബൂ ഉബൈദതുബ്നുൽ ജർറാഹുമാണവർ ' ബീവി ആഇശ (റ) പ്രതികരിച്ചതിങ്ങനെ 

പ്രമുഖനായ  അബ്ദുല്ലാഹിബ്നു അംറ് (റ) പറയുന്നു: ജനങ്ങളിൽ ഏറ്റവും നല്ലമുഖ ശോഭയും, സ്വഭാവവും ലജ്ജയും ഉള്ളവർ മൂവരാണ്: 'അബൂബക്കർ, ഉസ്മാൻ, അബൂ ഉബൈദ (റ) എന്നിവരാണവർ ' 

ആദ്യമായി ഇസ്ലാം സ്വീകരിച്ച അതിശ്രേഷ്ഠരായ പത്തിൽ ഒരാളാണിദ്ദേഹം മാത്രമല്ല; സ്വർഗ്ഗം കൊണ്ട് സുവിശേഷം അറിയിക്കപ്പെട്ട പത്തു സ്വഹാബിമാരിൽ പ്രമുഖനാണ് അബൂ ഉബൈദ (റ) 


അബൂ ഉബൈദ (റ) ഖലീഫയോ

തിരുനബി (സ) യുടെ വിയോഗ വേളയിൽ സ്വഹാബിമാർ അതീവ ദുഃഖിതരാണ് പലരും ദുഃഖം സഹിക്കാനാവാതെ തുടരെ കണ്ണീർ പൊഴിച്ചു അബൂ ഉബൈദ (റ) യും അസഹ്യമായ കദന ഭാരത്തിലായിരുന്നു അന്നേരം 

ദുഃഖം തളം കെട്ടിനിന്ന ഈ വേളയിൽ പുതിയ ഭരണാധികാരിയെ തിരഞ്ഞെടുക്കുന്നതിനെപ്പറ്റി തിരക്കിട്ട ഗൗരവമേറിയ ചർച്ചകൾ നടക്കുകയാണ് തിരുനബി (സ) യുടെ വിയോഗ ശേഷം മുസ്ലിം ജനതയെ നയിക്കാനും അറേബ്യയുടെ ഭരണം നിയന്ത്രിക്കാനും ഏറ്റവും അനുയോജ്യമായ ഒരാളെ ഖലീഫയായി തിരഞ്ഞെടുക്കേണ്ട സാഹസം നിറഞ്ഞ പ്രശ്നമാണ് സ്വഹാബികളുടെ മുമ്പിലുള്ളത് 

ഒരുപറ്റം സ്വഹാബികൾ അബൂ ഉബൈദ (റ) നെ സമീപിച്ച് ഖലീഫയായി പ്രതിജ്ഞ ചെയ്യാനൊരുങ്ങി ഇതുകണ്ട അദ്ദേഹം വികാരാധീനനായി ചോദിച്ചു: 

'എന്ത്?! എങ്ങിനെയാണ് നിങ്ങൾക്കെന്നെ ഖലീഫയായി പ്രതിജ്ഞ ചെയ്യാനാവുക?, നിങ്ങൾക്കിടയിൽ തിരുനബി (സ) യുടെ ആത്മമിത്രം സിദ്ദീഖ് (റ) ഇല്ലേ?, തിരുനബി (സ) ക്കൊപ്പം അന്ന് ഗുഹാനിവാസിയായി സഹായത്തിനുണ്ടായ രണ്ടിൽ ഒരാളല്ലേ അദ്ദേഹം?' 

അതാ വരുന്നു ഉമറുബ്നുൽ ഖത്ത്ബ് (റ) അദ്ദേഹത്തിന്റെയും അഭിപ്രായം പുതിയ ഖലീഫ അബൂ ഉബൈദ (റ) ആവണമെന്നായിരുന്നു 

ഉമർ (റ) പറഞ്ഞു: 'താങ്കൾ കൈ നീട്ടിയാലും, ഞാൻ താങ്കളോട് പ്രതിജ്ഞ ചെയ്യുകയാണ് കാരണം തിരുനബി (സ) ഈ സമൂഹത്തിലെ വിശ്വസ്തനെന്ന് വിശേഷിപ്പിച്ചത് താങ്കളെക്കുറിച്ചാണല്ലോ....' 

ഇതുകേട്ട് വിസ്മയചിത്തനായി നിന്ന അബൂ ഉബൈദ (റ) പറഞ്ഞു 'ഇസ്ലാം സ്വീകരിച്ചനാൾ മുതൽ താങ്കളിൽ ഞാനിന്നേവരെ ഒരു ദൗബല്യവും കണ്ടിട്ടേയില്ല നിങ്ങൾക്കിടയിൽ രണ്ടിൽ രണ്ടാമനായി സിദ്ദീഖുണ്ടായിരിക്കെ എന്നോട് ബൈഅത്ത് ചെയ്യാനാണോ താങ്കൾ വന്നത്?!' 

എന്തൊരു വിനയസ്വരം....! തിരുനബി (സ) യുടെ കാലശേഷം അറേബ്യയുടെ ഭരണചക്രം തിരിക്കാനുള്ള ചെങ്കൊൽ കയ്യിൽ വെച്ച് കൊടുക്കാൻ പ്രമുഖനായ ഉമറുൽ ഫാറൂഖ് (റ) അടക്കമുള്ളവർ വന്നപ്പോൾ വിനയപൂർവ്വം നിരസിച്ച സ്വഹാബിവര്യനാണ് അബൂ ഉബൈദ (റ) അഹങ്കാരമോ അധികാരമോഹമോ ഒരിക്കലും ഒരൽപംപോലും ആ പുണ്യാത്മാവിൽ ദർശിക്കാനാർക്കുമാവില്ല 

ഒരു ഭാഗത്ത് അബൂ ഉബൈദ (റ) യും ഉമറുൽ ഫാറൂഖ് (റ) വൂം സജീവ ചർച്ചയിലാണ് മറ്റൊരു ഭാഗത്ത് അൻസ്വാരി സ്വഹാബികൾ തടിച്ചു കൂടി ഇതേ വിഷയം സംസാരിക്കുന്നുണ്ട് തുടർന്ന് എല്ലാവരും ബനൂ സാഇദ പന്തലിൽ സമ്മേളിച്ചു പുതിയ ഖലീഫയെ തിരഞ്ഞെടുക്കാനുള്ള ഒരുക്കത്തിലാണ് മുസ്ലിംകളെല്ലാം  

നബി പത്നിയും സിദ്ദീഖ് (റ) ന്റെ പുത്രിയുമായ ആഇശ (റ) യുടെ വീട്ടിലാണ് അബൂബക്കർ സിദ്ദീഖ് (റ) ഉമർ (റ) അവിടേക്ക് ഒരു ദൂതനെ പറഞ്ഞയച്ചു സിദ്ദീഖ് (റ) വും അങ്ങനെ ബനൂ സാഇദയിലെത്തി 

മുസ്ലിംകളെല്ലാം സമ്മേളിച്ചിടത്തേക്ക് തന്നെ വിളിച്ചു വരുത്തിയതിനെക്കുറിച്ച് സിദ്ദീഖ് (റ) ന് സംശയം 

'ഇതെന്താണ്?!' 

അൻസ്വാറുകൾ: 'ഞങ്ങളിൽ നിന്നൊരു നായകൻ; നിങ്ങളിൽ നിന്നും ഒരു നായകൻ ' 

സിദ്ദീഖ് (റ) 'നേതാക്കൾ ഞങ്ങളിൽ നിന്ന് തന്നെയാവട്ടേ, സഹായികൾ നിങ്ങളിൽ നിന്നും ' 'ഖലീഫയായി ഞാൻ രണ്ട് പുരുഷന്മാരെ നിങ്ങൾക്ക് തൃപ്തിപ്പെട്ടു സമർപ്പിക്കുന്നു ഒന്ന്: ഉമർ (റ) രണ്ട്: 'ഈ സമൂഹത്തിലെ വിശ്വസ്തൻ അബൂ ഉബൈദ (റ) 

അൻസാരികളും മുഹാജിറുകളും സംഗമിച്ച വേദിയിൽ വെച്ച് അബൂബക്കർ സിദ്ദീഖി (റ) നോടും ഉമറും (റ) അബൂ ഉബൈദ (റ) യും പറഞ്ഞു: 'ഓ അബൂബക്കർ, താങ്കൾക്കു മീതെ നിൽക്കാൻ ഒരാൾക്കും സാധ്യമല്ല ' ഇതും പറഞ്ഞ് രണ്ട് പേരും സിദ്ദീഖ് (റ) നെ ഖലീഫയായി പ്രതിജ്ഞ ചെയ്തു ഇതോടെ മുസ്ലിംകളെല്ലാം സിദ്ദീഖ് (റ) ന്റെ കൈ പിടിച്ചു പ്രതിജ്ഞ ചെയ്തു അങ്ങനെയാണ് ആദ്യ ഖലീഫയായി അബൂബക്കർ സിദ്ദീഖ് (റ) നെ തെരഞ്ഞെടുക്കപ്പെടുന്നത്


സിറിയയിലെ ഗവർണർ 

സിദ്ദീഖ് (റ) ഖലീഫയായി ചുമതലയേറ്റെടുത്ത ശേഷം സിറിയയുടെ പൊതുഭരണകാര്യങ്ങളെല്ലാം അബൂ ഉബൈദതുബ്നുൽ ജർറാഹി (റ) നെ ചുമതലപ്പെടുത്താനാഗ്രഹിച്ചു ഇക്കാര്യം അബൂ ഉബൈദ (റ) യെ നേരിൽ വിളിച്ചേൽപിക്കുകയും ചെയ്തു എന്നാൽ ഗവർണർ സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായില്ല തന്നെ തൽസ്ഥാനത്ത് നിയമിക്കരുതെന്നും പകരം യോജിച്ച മറ്റൊരാളെ തിരഞ്ഞെടുക്കണമെന്നും അബൂ ഉബൈദ (റ) ആവശ്യപ്പെട്ടെങ്കിലും ഖലീഫ അബൂബക്കർ (റ) അത് നിരസിച്ചു തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു കൊണ്ട് പ്രഖ്യാപനം നടത്തുകയും ചെയ്തു 

സൈന്യത്തിന്റെ പൊതു നേതൃത്വമേറ്റെടുത്ത് സിറിയയിലേക്ക് നീങ്ങിയ അബൂ ഉബൈദ (റ) ന് യർമൂഖിലേക്ക് യുദ്ധത്തിന് പുറപ്പെടാൻ ഖലീഫ ഉത്തരവിട്ടു സർവ്വസൈന്യാധിപസ്ഥാനത്ത് നിന്ന് അബൂ ഉബൈദ (റ) ന് പകരം ഖാലിദുബ്നുൽ വലീദി (റ) നെ അബൂബക്കർ (റ) നിയമിക്കുകയും ചെയ്തു പിന്നീട് ഖലീഫയായി അധികാരമേറ്റെടുത്ത ഉമറുൽ ഫാറൂഖ് (റ) ഖാലിദി (റ) നെ മാറ്റി പകരം അബൂ ഉബൈദ (റ) യെ തന്നെ സർവ്വ സൈന്യധിപനായി നിയമിച്ചു 

തന്നെ മാറ്റി അബൂ ഉബൈദ (റ) വിനെ തൽസ്ഥാനത്ത് ഖലീഫാ ഉമർ (റ) നിയമനം നടത്തിയതിലോ മറ്റോ ഖാലിദ് (റ) നും മുമ്പ് അബൂ ഉബൈദ (റ) ക്കും യാതൊരു വെറുപ്പോ, അനിഷ്ടമോ ഉണ്ടായിരുന്നില്ല ഖലീഫയുടെ നിർദ്ദേശങ്ങൾ അച്ചടക്കത്തോടെ ഇരു  സൈന്യാധിപരും അനുസരിച്ചംഗീകരിക്കുകയായിരുന്നു തനിക്കു പകരം അബൂ ഉബൈദ (റ) യെ മാറ്റിയ സന്ദേശം ലഭിച്ച ഖാലിദുബ്നുൽ വലീദ് (റ) ജനങ്ങളെ അഭിസംബോധന ചെയ്തതിപ്രകാരമാണ് ' 

'തീർച്ചയായും ഈ സമൂഹത്തിലെ വിശ്വസ്തനെ നിങ്ങളുടെ നായകനായി നിയമിക്കപ്പെട്ടിരിക്കുന്നു....' 

ഖാലിദി (റ) നെക്കുറിച്ച് അബൂ ഉബൈദ (റ) ഇങ്ങനെ സംബോധന ചെയ്തു: 'വളരെ നല്ല യുവാവാണദ്ദേഹം ഖാലിദ് അല്ലാഹുവിന്റെ വാളുകളിൽ നിന്നൂരിയെടുത്ത ഒരു വാളാണെന്ന് തിരുനബി (സ) പറയുന്നത് ഞാൻ ശ്രവിച്ചിരിക്കുന്നു '  


ഭൗതിക വിരക്തി 

അബൂ ഉബൈദ (റ) അല്ലാഹുവിനെയും പരലോകത്തെയും ഓർത്ത് ജീവിച്ച ദൈവഭക്തനും ഭൗതിക വിരക്തനുമായിരുന്നു ഒരിക്കൽ ഖലീഫ ഉമറുൽ ഫാറൂഖ് (റ) 4000 ദിർഹമും 400 ദീനാറും ഒരു ദൂതൻ വശം അബൂ ഉബൈദ (റ) ന് കൊടുത്തയച്ചു ഒപ്പം ദൂതൻ ഒരു നിർദ്ദേശവും നൽകി 

'അദ്ദേഹം അവ എന്താണ് ചെയ്യുന്നതെന്ന് നീ നിരീക്ഷിക്കണം ' 

എന്നാൽ സമ്പത്തിനോടോ ഭൗതികതയോടോ യാതൊരു താൽപര്യവും കാണിക്കാത്ത ആ മഹാമനീഷീ അവ മുഴുവനും പാവപ്പെട്ട ജനങ്ങൾക്കിടയിൽ വിതരണം ചെയ്യുകയാണുണ്ടായത് 

ദൂതൻ ഈ വാർത്തയുമായി ഖലീഫാ ഉമറുൽ ഫാറൂഖ് (റ) ന്റെ സന്നിധിയിലെത്തി വിവരമറിഞ്ഞ ഖലീഫയുടെ മൗനം നൊന്തു അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിനാണ് സർവ്വ സ്തുതിയും ഇപ്രകാരം ചെയ്യുന്നവരെയും ഒരു അവൻ ഇസ്ലാമിക സമൂഹത്തിൽ ഉണ്ടാക്കിയല്ലോ.....' 

തന്റെ പ്രിയകൂട്ടുകാരന്റെ ജീവിതരീതിയും ഭരണവിശേഷങ്ങളും നേരിട്ടറിയാൻ ഖലീഫ ഉമർ (റ) സിറിയയിലേക്ക് പുറപ്പെട്ടു അറേബ്യൻ ഭരണാധികാരിയുടെ വരവറിഞ്ഞ അവിടുത്തെ നാട്ടു പ്രമാണിമാരും സൈനിക നേതൃത്വവും ഖലീഫ ഉമർ (റ) ന് വമ്പിച്ച സ്വീകരണം നൽകി എന്നാൽ അവയിലൊന്നും ശ്രദ്ധിക്കാതെ ഖലീഫ തിരക്കി: 

'എവിടെ എന്റെ സഹോദരൻ?!' 

'ആരാണ് നിങ്ങളുടെ സഹോദരൻ?!' - അവർ വിസ്മയത്തോടെ അന്വേഷിച്ചു ' 

'അബൂ ഉബൈദ (റ) യാണെന്റെ സഹോദരൻ' 

'അദ്ദേഹം ഇപ്പോൾ വരും' 

ഖലീഫയും ജനങ്ങളും അബൂ ഉബൈദ (റ) നെ കാത്തിരിക്കുകയാണ് ദൂതന്മാർ ഓടിയെത്തി വിവരമറിയിച്ചത്തിന്റെ അടിസ്ഥാനത്തിൽ കയർ പൊട്ടിയ ഒരൊട്ടകത്തിന്റെ പുറത്ത് കയറി വിനയപൂർവ്വം ആർഭാടമോ ആഡംബരമോ ഇല്ലാതെ അതാവരുന്നു സിറിയയുടെ ഗവർണർ അബൂ ഉബൈദ (റ) സലാം പറഞ്ഞ് സ്വീകരിച്ച് ഖലീഫാ ഉമർ (റ) ന്റെ ഉള്ളൊന്ന് പുളഞ്ഞു റസൂൽ തിരുമേനി  (സ) യുടെ വിശ്വസ്തനായ സഹചാരി അബൂ ഉബൈദ (റ) ന്റെ ലാളിത്യപൂർണ്ണമായ ജീവിതാവസ്ഥ ഖലീഫയെ സ്തബ്ധനാക്കി അദ്ദേഹം ജനങ്ങളോടെല്ലാം പിരിഞ്ഞുപോവാനാവശ്യപ്പെട്ടു 

ഉമർ (റ) പറഞ്ഞു: 'അബൂ ഉബൈദ (റ), താങ്കളുടെ വീട്ടിലേക്ക് എന്നെയും കൂടെ കൊണ്ട് പോവാമോ 

ഗവർണർ: 'അമീറുൽ മുഅ്മിനീൻ, എന്റെ വീട്ടിൽ എന്തുണ്ടാവുമെന്നാണ് താങ്കൾ പ്രതീക്ഷിക്കുന്നത് ?!' 

ഖലീഫ: 'ഒന്നും പ്രതീക്ഷിച്ചിട്ടല്ല; എല്ലാം ഒന്ന് കണ്ടറിയാൻ മാത്രം ' 

ഖലീഫ: 'നിങ്ങൾ നിങ്ങൾക്കായി യാതൊന്നും സമ്പാദിച്ചില്ലയോ?'

ഗവർണർ: 'എനിക്കൊന്നും ആവശ്യമില്ല, അമീറുൽ മുഅ്മിനീൻ ' 

ജനങ്ങൾ പിരിഞ്ഞുപോയതിനുശേഷം ഗവർണറുടെ കൊട്ടാരവും ഭരണാസിരാകേന്ദ്രവും കാണാൻ ഖലീഫാ ഉമർ (റ) അബൂ ഉബൈദ (റ) യെ അനുഗമിച്ചു വീട്ടിലെത്തിയപ്പോൾ ഇരുവരും വാഹനപ്പുറത്ത് നിന്നും താഴെ ഇറങ്ങി 

ഖലീഫ വീട്ടിനുള്ളിലേക്ക് കയറിയപ്പോൾ അവിടെ വിശാലമായ റൂമുകളോ, മറ്റു ആർഭാടങ്ങളോ കണ്ടില്ല മാത്രമല്ല ആവശ്യമായ സജ്ജീകരണങ്ങൾ പോലും ഗവർണറുടെ കൊച്ചു വീട്ടിൽ ഏർപ്പാടു ചെയ്തിരുന്നില്ല അബൂ ഉബൈദ (റ) യുടെ വീട്ടിൽ കാര്യമായൊന്നും ഖലീഫ ഉമറി (റ) ന് കണ്ടെത്താൻ സാധിച്ചില്ല 

വിസ്മയത്തോടെ ഖലീഫാ ഉമർ (റ) അന്വേഷിച്ചു: 'നിങ്ങളുടെ വീട്ടുവസ്തുക്കളെല്ലാം എവിടെ ' ഇവിടുത്തെ ഗവർണറല്ലേ താങ്കൾ? എന്നിട്ട് നിങ്ങളുടെ വീട്ടിൽ താങ്കളുടെ കമ്പിളിവസ്ത്രവും, തളികയും, തോൽപാത്രവും മാത്രമാണല്ലോ എനിക്ക് കാണാൻ സാധിക്കുന്നത്....! താങ്കളുടെ അരികിൽ ഭക്ഷണം വല്ലതും....?!' 

അവിടെ റൂമിന്റെ ഒരു മൂലയിൽ തൂക്കിക്കെട്ടിയ വൃത്തക്കൊട്ടയിൽ നിന്നും റൊട്ടിക്കഷ്ണങ്ങളെടുത്ത് കൊടുത്തു അബൂ ഉബൈദ (റ ) 

ഇതു കണ്ട ഖലീഫ ഉമർ (റ) നിയന്ത്രണം വിട്ടുകരഞ്ഞുപോയി  ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരിയായിരുന്നിട്ട് പോലും ലാളിത്യത്തിന്റെ വഴിയിൽ, ദാരിദ്ര്യത്തിന്റെ  തീച്ചൂളയിൽ, ഉണങ്ങിയ റൊട്ടിക്കഷ്ണങ്ങൾ ഭക്ഷിച്ചു ജീവിക്കുന്ന തന്റെ പ്രിയകൂട്ടുകാരൻ എത്ര അത്യുന്നതൻ! ഖലീഫാ ഉമർ ഗദ്ഗദത്തോടെ ഏറെ സമയം സ്തബ്ധനായി തേങ്ങി 

ഇതുകണ്ട അബൂ ഉബൈദ (റ) ചോദിച്ചു: 'താങ്കൾക്കിത് കുറഞ്ഞുപോയി അല്ലേ, താങ്കളെ വിഷമിപ്പിച്ചു പോയല്ലോ ഞാൻ, ഓ അമീറുൽ മുഅ്മിനീൻ.... താങ്കൾക്ക് മതിയായ ഭക്ഷണം ഞാനെത്തിക്കാം....' 

ഉടനെ ഗദ്ഗദത്തോടെ കണ്ണീരിൽ ചാലിച്ചുകൊണ്ട് ഖലീഫാ ഉമർ (റ) പറഞ്ഞു: 'അബൂ ഉബൈദാ, താങ്കളുടെ ഈ പരിവർത്തനം ഞങ്ങളുടെയെല്ലാം ഭൗതികതയിൽ മാറ്റം വരുത്തിയിരിക്കുന്നു....' 

ഗവർണറുടെ വീട്ടിൽ ഒരു വാളും വില്ലും മാത്രമാണുണ്ടായിരുന്നതെന്ന് ചില ചരിത്ര പണ്ഡിതർ രേഖപ്പെടുത്തുന്നു 


ഖലീഫാ ഉമറി (റ) ന്റെ പിൻഗാമി 

സിറിയയുടെ ഗവർണറായി ജീവിതം നയിക്കുന്നതിനിടയിൽ ഒരു ദിവസം അബൂ ഉബൈദ (റ) എന്തോ ചിന്തയിൽ മുഴുകി പെട്ടെന്നദ്ദേഹം കരയാൻ തുടങ്ങി ഒടുങ്ങാത്ത കണ്ണീർ പ്രവാഹം നിലക്കാതെ തേങ്ങിക്കരയുന്ന ഗവർണർ അബൂ ഉബൈദ (റ) യോട് അനുയായികളിൽ ഒരാൾ വന്നന്വേഷിച്ചു 

'എന്തേ ഇങ്ങനെ കരയാൻ മാത്രം അബൂ ഉബൈദാ (റ)....?' 

'ഞാനൊരു ദിനം ഓർത്തുപോയതാണ് കരയാൻ നിമിത്തമായത് മുസ്ലിംകൾ ജയിച്ചടക്കുന്ന ഒരു ദിവസത്തെക്കുറിച്ച് തിരുനബി (സ) മുമ്പ് ഉണർത്തിയിരുന്നു സിറിയയുടെ കാര്യവും അക്കൂട്ടത്തിൽ തങ്ങൾ പറഞ്ഞു: 'അബൂ ഉബൈദാ, നിന്റെ ആവശ്യങ്ങളിൽ അല്ലാഹുവിനെ വിസ്മരിക്കരുതേ.... അപ്പോൾ നിനക്ക് മൂന്ന് സേവകർ വേണ്ടി വരും നിന്നെ സേവിക്കാനൊരാൾ, നിനക്കൊപ്പം യാത്ര ചെയ്യാൻ മറ്റൊരാൾ, നിന്റെ വീട്ടുകാരെ സേവിക്കാനും അവരുടെ അരികിലേക്ക് പോയി വരാനും വേറൊരാൾ നിനക്ക് മൃഗങ്ങളും മൂന്നെണ്ണം വേണ്ടി വരും നിന്റെ യാത്രക്കൊരു വാഹനം, നിന്റെ ചെറിയ പോക്കുവരവുകൾക്ക് മറ്റൊന്ന്, നിന്റെ സേവകന് വേറെയൊന്ന്...' 

പിന്നീട് ഞാൻ എന്റെ വീട്ടുകാര്യങ്ങൾ നിരീക്ഷിക്കാൻ തുടങ്ങി അവിടെ ലാളിത്യം നിറച്ചു എന്റെ ആവശ്യങ്ങൾക്കൊരു കുതിരയെ മതിയാക്കി അല്ലെങ്കിൽ ഇതിന് ശേഷം ഞാൻ എങ്ങനെയാണ് തിരുനബി (സ) യുടെ മുഖം നോക്കുക?'

'അന്ന് പുന്നാര നബി (സ) ഉപദേശിച്ചപ്പോൾ പറഞ്ഞു: 'തീർച്ചയായും നിങ്ങളിൽ എനിക്കേറ്റം പ്രിയപ്പെട്ടവരും, എന്നോടേറ്റവും സാമീപ്യമുള്ളവരും ഞാൻ നിങ്ങളുമായി വേർപിരിയുമ്പോൾ കണ്ട അതേ അവസ്ഥയിൽ തന്നെ എന്നെ കണ്ടുമുട്ടുന്നവരോടാകുന്നു ' നനഞ്ഞ കണ്ണുകൾ തുടച്ച് അബൂ ഉബൈദ (റ) പറഞ്ഞു ഇതുകേട്ടപ്പോൾ ആശ്വസിപ്പിക്കാൻ വന്ന അനുയായിയുടെ കണ്ണുകളും നിറഞ്ഞു  

ഉഹ്ദ് യുദ്ധവേളയിൽ പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവാചകർ (സ) യോടൊപ്പം ഉറച്ചുനിന്നവരാണ് അബൂ ഉബൈദ (റ) നിരവധി സൈന്യങ്ങളിൽ അണിനിരന്ന സമുന്നതനായ ധീരപോരാളിയാണിദ്ദേഹം യാതൊരു അഹന്തയുമില്ലാതെ വിനയപൂർവ്വം യുദ്ധങ്ങളെക്കുറിച്ച് അദ്ദേഹം പറയും: 'ഞാൻ മുസ്ലിം സൈന്യത്തിലെ ഒരംഗം മാത്രമാണ് എനിക്ക് പ്രത്യേകമായ താൽപര്യങ്ങളൊന്നുമില്ല എന്റെയും അവരുടെയും (ശത്രുക്കൾ) കാര്യത്തിൽ അല്ലാഹുവിന്റെ തീരുമാനം വരുന്നത് വരെ അവരുമായി പിരിയാൻ ഞാനുദ്ദേശിക്കുന്നില്ല ' 

അബൂ ഉബൈദ (റ) പറയാറുള്ള ഒരു വചനം ഇങ്ങനെ: 'എത്രയെത്ര വെള്ള വസ്ത്രധാരികൾ, അവരുടെ മതം മലിനമാണ്, എത്രയെത്ര ആഭരണീയ ശരീരങ്ങൾ, അവൻ അതിന് നാളെ പണയമാവാം! പഴയ പാപങ്ങളെ പുതിയ നന്മകൾകൊണ്ട് പ്രതിരോധിക്കുവീൻ....' 

തിരുനബി (സ) തങ്ങളുടെ ജീവിതകാലത്ത് മൂന്ന് വൻസൈന്യത്തിന്റെ തലവനായി അബൂ ഉബൈദ (റ) യെ നിയമിച്ചിരുന്നു ആ യുദ്ധങ്ങളിൽ പ്രമുഖരായ അബൂബക്കർ സിദ്ദീഖ് (റ) ഉമറുൽ ഫാറൂഖും (റ) അദ്ദേഹത്തിന്റെ പിന്നണിയിൽ ഉണ്ടായിരുന്നു പ്രസ്തുത യുദ്ധങ്ങളിലെ വിജയം നേരിൽ കണ്ട അവർ അദ്ദേഹത്തിന്റെ സ്ഥൈര്യവും നേതൃപാടവവും യുദ്ധവീര്യവും നേരിട്ടറിഞ്ഞംഗീകരിച്ചിരുന്നു 

സിദ്ദീഖ് (റ) ന് ശേഷം ഭരണമേറ്റെടുത്ത ഫാറൂഖ് (റ) ഒരിക്കൽ പറഞ്ഞു: 'അബൂ ഉബൈദ ജീവിച്ചിരിപ്പുണ്ടെങ്കിൽ അധികാരം അദ്ദേഹത്തിന് ഞാൻ കൈമാറുക തന്നെ ചെയ്യും ' പ്രവാചകർ (സ) യുടെ ശേഷം ഒന്നാം ഖലീഫയായി വരാൻ യോഗ്യനെന്ന് ഉമർ (റ) ആദ്യം പ്രഖ്യാപിച്ചത് അബൂ ഉബൈദ (റ) യെ ആയിരുന്നു ആദ്യകാല സ്വഹാബികളിൽ അബൂ ഉബൈദ (റ) യെ വെല്ലുന്ന മറ്റാരും ഉമറി (റ) ന്റെ അറിവിൽ ജീവിച്ചിരിപ്പുണ്ടായിരുന്നില്ല അതുകൊണ്ടാണ് തന്റെ ശേഷം അബൂ ഉബൈദ (റ) ഖലീഫയാവാൻ ഏറ്റവും യോഗ്യനാണെന്ന് ഖലീഫ ഉമറി (റ) ന് ബോധ്യമായത് എന്നാൽ ഖലീഫ ഉമറി (റ) ന്റെ പിൻഗാമിയെ നിശ്ചയിക്കുന്ന കൂടിയാലോചനാ സമിതിയിൽ അദ്ദേഹം ഉണ്ടായിരുന്നില്ല അതിനുമുന്നേ ഇഹലോകവാസം വെടിയുകയായിരുന്നു അദ്ദേഹം  

സിറിയയിലേക്ക് ശത്രുക്കൾ കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ചു വരുന്നതിനെപ്പറ്റി പരിഭവം പറയാൻ ഒരിക്കൽ അംറുബ്നുൽ ആസ്വ് (റ) ഖലീഫാ ഉമറി (റ) നെ സമീപിച്ചു അബൂ ഉബൈദ (റ) യുടെ നേതൃത്വത്തെക്കുറിച്ചിതിൽ സൂചന കണ്ട ഉമർ (റ) ഇങ്ങനെയാണ് പ്രതികരിച്ചത് 

'അബൂ ഉബൈദ (റ) യേക്കാൾ മുന്തിയ ഒരു നായകനും ഇന്നിവിടെയില്ല, ഈ സമൂഹത്തിലെ വിശ്വസ്തനാണദ്ദേഹം' 

സിറിയയിലെ അബൂ ഉബൈദ (റ) യുടെ ഭരണത്തെ പറ്റിയോ സൈനിക നേതൃത്വത്തെപ്പറ്റിയോ ഖലീഫാ ഉമറിന് ആശങ്കയുണ്ടായിരുന്നില്ല അദ്ദേഹത്തിന്റെ കാര്യത്തിൽ ഖലീഫാ ഉമർ (റ) സംതൃപ്തനായിരുന്നു 

സിറിയയും പരിസര പ്രദേശങ്ങളായ ലബനാൻ, ഫലസ്തീൻ, ജോർദാൻ തുടങ്ങിയ രാഷ്ട്രങ്ങളും അബൂ ഉബൈദ (റ) യുടെ ശക്തി നേതൃത്വത്തിൽ ജയിച്ചടക്കിയ രാഷ്ട്രങ്ങളാണ് 

ജീവിതത്തിന്റെ അവസാന നിമിഷം വരെ പോരാട്ടം നടത്തിയ ഈ ധീരകേസരിയുടെ കരങ്ങളിൽ നിന്ന് ഒരിക്കൽ പോലും വാൾ നിലത്ത് വീണിട്ടില്ല അപൂർവ്വമായ യുദ്ധപാടവമാണിത് തെളിയിക്കുന്നത് 

ഇസ്ലാമിന്ന് വേണ്ടി രണാങ്കണത്തിൽ മരണത്തെ ഭയക്കാതെ, അതിനെ മുന്നിൽ കണ്ട് പൊരുതി ജീവിച്ച ഇദ്ദേഹം രക്തസാക്ഷിയായിത്തീരുമ്പോൾ ചരിത്രത്തിൽ ഉല്ലേഖനം ചെയ്യപ്പെട്ടിരുന്നു ഹദീസ് പണ്ഡിതനും, ധീരനായ പടത്തലവനും, രക്തസാക്ഷിയായ പോരാളിയും, അജയ്യനായ വിശ്വസ്തനുമെല്ലാമായിരുന്നു അബൂ ഉബൈദതുബ്നുൽ ജർറാഹുൽ ഫഹ്രിൽ ഖുറൈശീ (റ) 


വിയോഗം 

സിറിയൻ പ്രവിശ്യകളെ ജയിച്ചടക്കി മുന്നേറ്റം നടത്തിക്കൊണ്ടിരിക്കേ ജോർദാനിൽ വെച്ച് അബൂ ഉബൈദ (റ) ന് രോഗം പിടിപെട്ടു അവിടെയാകെ പ്ലേഗ് വ്യാപിച്ചു നിരവധി പേർ രോഗബാധിതരായി മരണത്തെ മുഖാമുഖം കണ്ടു 

അന്ന് അബൂ ഉബൈദ (റ) നെ പോലെ ഇരുപത്തയ്യായിരം പേർക്ക് പ്ലേഗ് രോഗം കഠിനമായി സ്വഹാബീ പ്രമുഖരായ മുത്തദ് (റ), യസീദ് (റ) തുടങ്ങിയവർക്കും രോഗബാധയുണ്ടായി 

രോഗം വ്യാപിച്ചപ്പോൾ അന്ന് ജോർദാനിലുണ്ടായിരുന്നവരെയെല്ലാം അരികിൽ വിളിച്ചു വരുത്തി അബൂ ഉബൈദ (റ) ഒരു പ്രഭാഷണം നടത്തി തന്റെ ജീവിതത്തിലെ അവസാനത്തെ ഉപദേശമായിരുന്നു അത്  

അബൂ ഉബൈദ (റ) പറഞ്ഞു: 'ഞാൻ നിങ്ങളെ ഒരു കാര്യം വസ്വിയ്യത്ത് ചെയ്യുകയാണ് അത് സ്വീകരിക്കുന്ന കാലത്തോളം ഗുണവാന്മാരായിരിക്കും നിങ്ങൾ 

നിങ്ങൾ നിസ്കാരം നിലനിർത്തണം, റമളാനിൽ വ്രതമനുഷ്ഠിക്കണം, ധർമം ചെയ്യണം, ഹജ്ജും ഉംറയും ചെയ്യണം, നിങ്ങളുടെ നായകന്മാരുമായി ഗുണകാംക്ഷയും പരസ്പര സഹകരണവും ചെയ്യണം അധർമ്മം ചെയ്യരുത്, ഭൗതിക ലോകം നിങ്ങളെ നശിപ്പിക്കാതിരിക്കട്ടെ, തീർച്ചയായും ഒരാൾക്ക് ഇവിടെ ആയിരം വർഷം ജീവിക്കാനായാലും എന്നെപ്പോലെ ഈ യാത്രയിൽ (മരണ) പങ്കെടുക്കാതെ യാതൊരു നിർവ്വാഹവുമില്ല 

വസ്സലാമു അലൈകും വറഹ്മത്തുല്ലാഹ് ' 

തുടർന്ന് മുആദുബ്നു ജബൽ (റ) ന്റെ ഭാഗത്തേക്ക് തിരിഞ്ഞു നിന്ന് പറഞ്ഞു: 'മുആദേ.... ജനങ്ങൾക്ക് നിസ്കാരത്തിന് നേതൃത്വം നൽകണം' 

പിന്നീട് ഏറെ താമസിച്ചില്ല ആ വിശുദ്ധാത്മാവ് പുണ്യലോകത്തേക്ക് പ്രയാണം ചെയ്തു 'ഇന്നാലില്ലാഹ്.....' 

ഇദ്ദേഹത്തെ അനുശോചിച്ചുകൊണ്ട് റമുത്തദുബ്നു ജബൽ (റ) എഴുന്നേറ്റു നിന്നു ജനങ്ങളോട് പറഞ്ഞു: 'ഓ ജനങ്ങളേ.... നിങ്ങളോട് വിട പറഞ്ഞ മനുഷ്യനില്ലേ, അല്ലാഹുവാണെ സത്യം, ഇദ്ദേഹത്തെക്കാൾ പുണ്യവാളനും, പരലോക പ്രേമിയും, പാപത്തിൽ നിന്നും വിദൂരതയിലുള്ളവരുമായ മറ്റൊരാളെ ഞാൻ കണ്ടിട്ടേയില്ല അബൂ ഉബൈദയേക്കാൾ ഗുണകാംക്ഷിയായ മറ്റാരുമില്ല നിങ്ങളദ്ദേഹത്തിന് കാരുണ്യത്തിനായി പ്രാർത്ഥിക്കുക, അല്ലാഹു അദ്ദേഹത്തിന് റഹ്മത്ത് കനിയട്ടേ...' 

അബൂ ഉബൈദ (റ) ന്റെ പിന്നാലെ മുത്തദുബ്നു ജബലും (റ) യസീദും (റ) മരണം പുൽകി ഹിജ്റ വർഷം പതിനെട്ടിന് തന്റെ അൻപത്തി എട്ടാം വയസ്സിലായിരുന്നു അബൂ ഉബൈദ (റ) ന്റെ വിയോഗം 

ചരിത്രത്തിന്റെ സീമാന്തരേഖകളിൽ ധീരപോരാളിയും വിശ്വസ്തതയുടെ മകുടോദാഹരണവും അതിഭക്തരുമായ അബൂ ഉബൈദ (റ) ഇന്നും അന്നും എന്നും ജീവിക്കും, ചർച്ച ചെയ്യപ്പെടും തിരുനബി (സ) യുടെയും ഫാറൂഖ് (റ) ന്റെയും വിശ്വാസ്ത അനുയായിയായ അബൂ ഉബൈദതുബ്നുൽ ജർറാഹി (റ) നൊപ്പം സ്വർഗീയ പൂവനത്തിൽ സംഗമിക്കാൻ നാഥൻ നമ്മളെ അനുഗ്രഹിക്കട്ടെ ആമീൻ 



അലി അഷ്‌കർ : 95267 65555

No comments:

Post a Comment