Sunday 27 September 2020

വാഹനങ്ങളിൽ ഒറ്റക്ക് സഞ്ചരിക്കുമ്പോൾ മാസ്ക് ധരിക്കണോ

 

ഒറ്റയ്ക്ക് കാറിൽ സഞ്ചരിക്കുന്ന വ്യക്തി മാസ്ക് ധരിക്കേണ്ടതില്ല എന്ന് കേന്ദ്ര നിർദേശം ഉള്ളതായി വായിച്ചു.

ഇതു സംബന്ധിച്ച ഔദ്യോഗിക മാർഗ്ഗ നിർദേശം / ഓർഡർ ലഭ്യമാകുമോ?

സൈക്ലിംഗ്, വ്യായാമം മുതലായവ ഒറ്റയ്ക്ക് ചെയ്യുമ്പോൾ മാസ്ക് വേണോ ? 

ഒറ്റയ്ക്ക് കാറിൽ സഞ്ചരിക്കുമ്പോൾ മാസ്ക് ധരിച്ചില്ലെങ്കിൽ പോലീസ് കേസെടുക്കുമോ ? 


പൊതു സ്ഥലത്ത് പെരുമാറുമ്പോൾ അത് വാഹനങ്ങളിൽ ആണെങ്കിലും മാസ്ക് ധരിക്കണം എന്നാണ് 9.8.2020 തീയതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിനോടൊപ്പമുള്ള അനുബന്ധത്തിൽ പറയുന്നത്. പൊതുനിരത്തിൽ ഓടുന്ന കാർ പൊതുസ്ഥലം ആണ് എന്നതിൽ നിലവിൽ കോടതി വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തിൽ നിയമപരമായി തർക്കമില്ല. 


ചോദ്യവും മറുപടിയും 


ഇക്കാര്യം സംബന്ധിച്ച് ചോദ്യം ഉന്നയിക്കപ്പെട്ടത് കേന്ദ്രആരോഗ്യ മന്ത്രാലയത്തോടാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ മാധ്യമങ്ങൾക്ക് നൽകിയ മറുപടിയിൽ ഒറ്റയ്ക്ക് കാറിൽ യാത്രചെയ്യുമ്പോൾ മാസ്ക് ധരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് നിർദേശം നൽകിയിട്ടില്ല എന്നാണ് പറഞ്ഞത്. സൈക്ലിംഗ്, വ്യായാമം മുതലായവ ഒറ്റയ്ക്ക് ചെയ്യുന്നതിന് മാസ്ക് ധരിക്കാൻ നിർദേശം നൽകിയിട്ടില്ല എന്നും പറയുന്നു. 


പോലീസ് കേസെടുക്കുമോ ?


മാസ്ക് ധരിക്കണമെന്ന് ഉത്തരവിറക്കിയത് ആഭ്യന്തരമന്ത്രാലയമാണ് ആരോഗ്യമന്ത്രാലയമല്ല. അതുകൊണ്ടുതന്നെ ആരോഗ്യമന്ത്രാലയം ഇങ്ങനെയൊരു നിർദേശം നൽകിയിട്ടില്ല എന്ന് ബന്ധപ്പെട്ട സെക്രട്ടറി പറയുന്ന മറുപടി മനസ്സിൽ വയ്ക്കാം എന്നേയുള്ളൂ. അത് ഫലത്തിൽ നടപ്പിലാകണമെങ്കിൽ ഒന്നുകിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച് മറുപടി പറയണം; അല്ലെങ്കിൽ സംസ്ഥാനതലത്തിൽ പോലീസ് വകുപ്പിന് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകണം. അതുവരെയും കാറിൽ ഒറ്റയ്ക്ക് ആണെങ്കിലും, വ്യായാമം ഒറ്റക്കാണെങ്കിലും പൊതുസ്ഥലത്ത് ഇറങ്ങിയാൽ മാസ്ക് ധരിക്കണം. ഒറ്റയ്ക്ക് കാറിൽ (ചില്ലുകൾ ഉയർത്തി) യാത്ര ചെയ്യുമ്പോൾ  മാസ്കിൻറെ ആവശ്യം എന്ത് എന്നത് മറ്റൊരു ചോദ്യം....


No comments:

Post a Comment