Monday 21 September 2020

വഴിമറന്ന യാത്രക്കാരൻ

 


വിജനമായ വീഥി . അയാൾ നടന്നകന്നു . തെരുവുകൾ താണ്ടി കാടും , മലകളും പിന്നിട്ടു. അലക്ഷ്യമായാണയാളുടെ യാത്ര.

ഇപ്പോൾ അയാൾ സഞ്ചരിക്കുന്നത് ഒരു നിരന്ന പറമ്പിലൂടെയാണ് . അങ്ങിങ്ങായി കുറ്റിച്ചെടികളും പാറക്കെട്ടുകളും മാത്രം. വഴി സുരക്ഷിതമല്ല.കൽച്ചീളുകളും മുള്ളുകളും നിറഞ്ഞതാണ്  .

കുറേക്കൂടി പിന്നിട്ടപ്പോൾ പിറകിൽ നിന്നൊരു ശബ്ദം . "ഗ്ർർർർർ ..... " ഒരു ഗർജനം.

അയാൾ തിരിഞ്ഞു നോക്കി . "ഹയ്യോ" അയാൾ ആർത്തലറി കുതിച്ചോടി. കാരണം , പിന്നിൽ കേട്ട ഗർജ്ജനം ഒരു സിംഹത്തിന്റേതാണ്. അത് തന്റെ നേരെ കുതിച്ചു വരികയാണ് . 

"രക്ഷിക്കണേ .. " അയാൾ അലറിക്കരഞ്ഞു . പക്ഷെ ഒരു മനുഷ്യ ജീവിപോലും വഴിതെറ്റി വരാനിടയില്ലാത്ത ആ വിജനമായ പ്രദേശത്ത് അയാളെ രക്ഷിക്കാൻ ആരാണ് വരുന്നത്.

സിംഹം പിറകിൽ തന്നെയുണ്ട്. അതുകൊണ്ടു തന്നെ അയാൾ ഓട്ടത്തിന് വേഗത കൂട്ടി . കാൽ വിരലുകൾ കല്ലിലും , മുള്ളിലും തട്ടി പലയിടത്തും മുറിവും ചതവും ഏറ്റിട്ടുണ്ട്.  പക്ഷെ ....., അതൊന്നും നോക്കാൻ പറ്റിയ സമയമല്ല. അഥവാ നോക്കാൻ നിന്നാൽ സിംഹം തന്നെ ശെരിപ്പെടുത്തിയത് തന്നെ. അയാൾ സർവ്വ കഴിവും ഉപയോഗിച്ച് വീണ്ടും മുന്നോട്ടു കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു .

ഒരു മരം കണ്ടിരുന്നെങ്കിൽ അതിൽ കയറിയെങ്കിലും രക്ഷപ്പെടാമായിരുന്നു . പക്ഷെ .........., ആ മരുഭൂമിക്ക് സമാനമായ മണ്ണിൽ അതെങ്ങനെ ഉണ്ടാവാനാണ്. അദ്ദേഹം കുറേക്കൂടി വേഗതയിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു കൊണ്ടിരുന്നു.

അകലെ ....... , കുറെ അകലെ എന്തോ ഒന്ന് പൊട്ടുപോലെ കാണുന്നു. അടുക്കുംതോറും അത് വലുതായി കാഴ്ചയിൽ വരുന്നു. ഒരു ചെടി , ഒരു മരം .. അല്ലല്ല ഒരു ചെറിയ മരം .

പിന്നെയും മുന്നോട്ട് പോയപ്പോൾ അതൊരു വലിയ വൃക്ഷം തന്നെയാണെന്ന് അയാൾക്ക് മനസ്സിലായി . ഭാഗ്യം തന്നെ തുണച്ചിരിക്കുന്നു. എങ്ങനെയെങ്കിലും അതിൽ കയറിപ്പറ്റി സിംഹത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാം. അങ്ങനെ ആ മരത്തിനരികിലേക്കു പാഞ്ഞെത്തി പെട്ടെന്ന് തന്നെ ഒരു ശിഖരത്തിൽ അള്ളിപ്പിടിച്ചു മരത്തിലേക്ക് കയറിപ്പറ്റി .

"രക്ഷപ്പെട്ടു" .. മരത്തിന്റെ ഒരു സുരക്ഷിത സ്ഥലത്തയാൾ ചാരിയിരുന്നു . താഴെ സിംഹം ഗർജ്ജിച്ചുകൊണ്ടു തന്നെ ആക്രമിക്കാനായി നിലയുറപ്പിച്ചിരിക്കുന്നു. അദ്ദേഹം തന്റെ കാലിലേക്ക് നോക്കി . ചുവപ്പ് നിറം . ഓടിയപ്പോൾ കല്ലിലും , മുള്ളിലും തറച്ചു ചോര പൊടിഞ്ഞതിന്റെ ഫലം . ശരീരം വിയർപ്പൊലിച്ചിരിക്കുന്നു . നല്ലവണ്ണം കിതയ്ക്കുന്നുമുണ്ട്‌ . കുറെ സമയങ്ങൾക്കു ശേഷം ശരീരം തണുത്തു . പഴയ നില വീണ്ടെടുത്തു.

കുറെ സമയം കഴിഞ്ഞു . ക്ഷീണമൊക്കെ തെല്ലൊന്നു കുറഞ്ഞപ്പോൾ മരത്തിന് കുറച്ചപ്പുറത്തേക്കു നോക്കി. ആ നിമിഷം വീണ്ടും ഞെട്ടി ?! ആ സിംഹം തോറ്റു പിന്തിരിഞ്ഞെന്നാണ് അദ്ദേഹം കരുതിയിരുന്നത് . പക്ഷെ ..........., അതും കൂറ്റൻ തീറ്റയും കാണിച്ച് , അയാൾ ഇറങ്ങി വന്നാൽ ശെരിയാക്കുമെന്ന മട്ടിൽ കുറച്ചകലെ ഇരിപ്പുറപ്പിച്ചിരിക്കുന്നു. 

അയാൾ വീണ്ടും വിയർക്കാൻ തുടങ്ങി . രക്ഷപ്പെടാനുള്ള പഴുതിനായി ചുറ്റും കണ്ണോടിച്ചു. മരത്തിന്റെ താഴ്ഭാഗത്ത് അയാളുടെ ശ്രദ്ധ ചെന്നെത്തി . "ഹയ്യോ" അയാൾ അലറിക്കരഞ്ഞു. വലിയൊരു ഗർത്തം . അത് നിറയെ അഗ്നി ജ്വാലകൾ! ആ തീനാമ്പുകൾക്കിടയിലൂടെ കൂറ്റൻ മൃഗങ്ങളും , പാമ്പുകളും , തേളുകളും , മറ്റിതര ജീവികളും വിഹാരം നടത്തുന്നു. അയാൾ ഒരു നിമിഷം ചിന്തിച്ചു . ഈ മരത്തിൽ നിന്നും ഒരു നിമിഷം കാലെങ്ങാനും വഴുതിപ്പോയാൽ ആ വലിയ ഗർത്തത്തിലേക്ക് പതിക്കും , അല്ലെങ്കിൽ സിംഹത്തിന്റെ മുന്നിലേക്ക് . ഏതായാലും പിന്നത്തെ അവസ്ഥ ചിന്തിക്കാൻ കൂടി വയ്യ.

അയാൾ ആ കൂറ്റൻ മരത്തിൽ അമർത്തിപ്പിടിച്ചിരുന്നു. പിന്നെ മരത്തിന്റെ താഴ്ഭാഗത്തേക്കു കണ്ണോടിച്ചു. "ആഹ്" ?! ഒരുൾക്കിടിലം കൂടി ! മരത്തിനു രണ്ടേ രണ്ടു വേരുകളേയുള്ളു... ആ വേരുകൾ ഒന്നിൽ കറുത്ത ഒരെലിയും , മറ്റേതിൽ വെളുത്തൊരു എലിയും കരണ്ടു കൊണ്ടിരിക്കുന്നു . 

അല്ലാഹ് .... ആ വേരങ്ങാനും അറ്റു പോയാൽ തന്റെ ഗതി ? ഒന്നുകിൽ അഗാധമായ ഗർത്തത്തിലേക്ക് , അല്ലെങ്കിൽ വിശന്നു വലഞ്ഞിരിക്കുന്ന സിംഹത്തിന്റെ മുന്നിലേക്ക് . റബ്ബേ എന്ത് ചെയ്യും ?

അങ്ങനെ അയാൾ ആലിലപോലെ വിറയ്ക്കാൻ തുടങ്ങി . അദ്ദേഹം പതിയെ മരത്തിനു മുകളിലേക്ക് ശ്രദ്ധിച്ചു. അന്നേരം തുറക്കപ്പെട്ട അയാളുടെ വായിലേക്ക് ഒരിറ്റ് തേൻ വന്നു വീണു . അയാളത് നുണഞ്ഞിറക്കി. അതിന്റെ മധുരം ! ലഹരി! ആനന്ദം.... അയാൾ നിർവൃതി കൊണ്ടു . ഒരു നിമിഷത്തേക്ക് മറ്റെല്ലാം മറന്നു . ആ മറവിക്കിടയിൽ എലികളുടെ ജോലി തീർന്നു . "കിർ... ർ.. ർ... ർ " മരം മുറിഞ്ഞു വീണു . അയാൾ തെറിച്ചു ചെന്ന് വീണതോ കാത്തിരിക്കുന്ന സിംഹത്തിന്റെ വായിലേക്ക് . അതയാളെ കടിച്ചു കുടഞ്ഞു . പിന്നെ വലിച്ചെറിഞ്ഞു . അയാൾ ചെന്ന് പതിച്ചത് ആ വലിയ ഗർത്തത്തിലേക്കും . തീ ജ്വാലകൾ അദ്ദേഹത്തെ പൊതിഞ്ഞു. ക്രൂര ജന്തുക്കൾ അയാളെ ആക്രമിച്ചു . അവസാനം ഒരു കൂറ്റൻ ജന്തുവിന്റെ തേറ്റ മൂർദ്ധാവിൽ ആഴ്ന്നിറങ്ങിയപ്പോൾ "ഹയ്യോ" എന്നലറി വിളിച്ചു കൊണ്ട് തന്റെ കിടപ്പറയിലെ വിരിപ്പിൽ നിന്നും എഴുന്നേറ്റിരുന്നു .

ഭർത്താവിന്റെ ഉച്ചത്തിലുള്ള അലർച്ച കേട്ട് ഭാര്യയും ഞെട്ടിയുണർന്നു . കുട്ടികൾ കരയാൻ തുടങ്ങി . 

ഭാര്യ ചോദിച്ചു : എന്തേ മനുഷ്യാ സംഭവിച്ചത് ?

വെള്ളം ..... അയാൾ കിതപ്പിനിടയിൽ വിക്കി വിക്കി പറഞ്ഞു . അവൾ വെള്ളമെടുക്കാനോടി . ഒരു കുടം വെള്ളം അയാൾ കുടിച്ചു തീർത്തു . പിന്നെ വിറയ്ക്കാൻ തുടങ്ങി , വിയർക്കാനും . 

അൽപ്പം കഴിഞ്ഞപ്പോൾ പതുക്കെ പതുക്കെ ശാന്തനായി. 

ഭാര്യ ചോദിച്ചു : "നിങ്ങൾക്കെന്താണ് പറ്റിയത്" 

"ഞാൻ ---- ഞാൻ ഒരു സ്വപ്നം കണ്ടു" .

"ഒരു സ്വപ്നം കണ്ടതിനാണോ നിങ്ങളിങ്ങനെ അലറി വിളിച്ചത് ? അവൾ രോഷത്തോടെ ചോദിച്ചു ? "

"എന്നാൽ നീ കേൾക്കണം . ഞാൻ കണ്ടത് സ്വപ്നം തന്നെയാണോ എന്നെനിക്കുറപ്പില്ല " . അയാൾ പറയാൻ തുടങ്ങി . എല്ലാം അവൾ പേടിയോടെ മൂളിക്കേട്ടു. അവരുടെ ഉറക്കച്ചവടെല്ലാം പോയി മറഞ്ഞു . ഇപ്പോൾ അവളും വിയർക്കാനും , വിറയ്ക്കാനും തുടങ്ങി  . 

എന്താണിതിന്റെ അർഥം . അവർ രണ്ടു പേരും നേരം പുലരുവോളം ഈ സ്വപ്നത്തെക്കുറിച്ചു ചിന്തയിലാണ്ടു . നേരം വെളുത്തയുടനെ ഈ സ്വപ്നത്തിന്റെ വ്യാഖ്യാനമറിയാൻ തന്റെ നാട്ടിലെ പണ്ഡിതനെ സമീപിച്ചു . എല്ലാം അറിഞ്ഞ അദ്ദേഹവും നെടുവീർപ്പിട്ടു. പിന്നെ അയാളോടായി പറഞ്ഞു : നീ ഉടൻ തന്നെ ബാഗ്‌ദാദിലേക്കു പോകണം. അവിടെ ശൈഖ് ജീലാനി (റ) യെ ചെന്ന് കാണണം. താങ്കൾ കണ്ട ഈ വിചിത്ര സ്വപ്നത്തിന്റെ വ്യാഖ്യാനം അദ്ദേഹത്തിനെ പറയാനാകൂ . 

വീട്ടിലേക്ക് മടങ്ങി ഭാര്യയോട് യാത്ര പറഞ്ഞ് അയാൾ ബാഗ്‌ദാദിലേക്കു തിരിച്ചു . വഴിത്താരകളൊക്കെ പിന്നിടുന്നതൊന്നും അയാൾ അറിയുന്നേയില്ല. അത്രമാത്രം കലങ്ങി മറിഞ്ഞ മനസ്സുമായാണ് അയാളുടെ യാത്ര ..

അങ്ങനെ ബാഗ്‌ദാദിലെ ജീലാനി തങ്ങളുടെ സന്നിധാനത്തിൽ വളരെ ബഹുമാന ആദരവുകളോടെ അയാൾ നിന്നു . പിന്നെ താൻ കണ്ട സ്വപ്നം വിവരിക്കാൻ തുടങ്ങി.

ഓരോ കാര്യം കേൾക്കുമ്പോളും ശൈഖ് അയാളെ ഉറ്റു നോക്കി . അതിന്റെ പൊരുളുകൾ അപ്പപ്പോൾ ശൈഖിന്റെ മനസ്സിൽ വിരിയുന്നുണ്ടായിരുന്നു . .

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ജീലാനി തങ്ങൾ ഏതാനും നിമിഷം മൗനം പാലിച്ചു . പിന്നെ വളരെ സാവകാശം ലളിതമായി ആ നാടൻ മനുഷ്യന് മനസ്സിലാകും വിധം വ്യാഖ്യാനം പറയാൻ തുടങ്ങി .

"സഹോദരാ ...... നീ യാത്ര ചെയ്ത വിജനമായ വഴിത്താരകൾ അതാണ് ദുനിയാവ് . അതിലൂടെയുള്ള നിന്റെ യാത്രയോ അലക്ഷ്യവും . മുള്ളും , കല്ലും നിറഞ്ഞ ആ ദുനിയാവിലൂടെ സഞ്ചരിക്കുമ്പോൾ മരണം നിന്നെ പിന്തുടരുന്നുണ്ടായിരുന്നു. അതാണ് നീ കണ്ട ആ സിംഹം ,അഥവാ മലക്കുൽ മൗത്ത് . 

മരണത്തിൽ നിന്നും രക്ഷപ്പെടാൻ നീ ബഹുദൂരം ഓടി നോക്കി . പക്ഷെ അത് നിന്നെ വിട്ടില്ല . അവസാനം രക്ഷപ്പെടാൻ നീ കയറിയ മരം , അത് നിന്റെ ആയുസ്സാണ് . അതിന്റെ രണ്ടു വേരുകൾ കറുത്തതും , വെളുത്തതുമായ എലികൾ കരളുന്നത് നീ കണ്ടില്ലേ . രാവിനെയും , പകലിനെയുമാണ് അത് സൂചിപ്പിക്കുന്നത് .

ആ രണ്ടു എലികളും വേര് കരളുന്നു, അഥവാ രാത്രിയും , പകലും മാറിമാറി വരുമ്പോൾ നിന്റെ ആയുസ്സ് തീർന്നു കൊണ്ടിരിക്കുന്നു . മരച്ചുവട്ടിൽ കണ്ട ആ വലിയ ഗർത്തം അത് നരകത്തെയാണ് സൂചിപ്പിക്കുന്നത് .

എന്നിട്ട് നിന്റെ രക്ഷപ്പെടൽ ഫലിച്ചുവോ ? ഇല്ല 

മരണം എന്ന സിംഹം നിന്റെ ആയുസ്സ് തീർന്നാൽ പിടിക്കാൻ കാത്തിരിക്കുന്നുണ്ടായിരുന്നു . അങ്ങനെ നിന്റെ മരണം നീ അതിലൂടെ കണ്ടു . പിന്നെ സിംഹം കടിച്ചു കുടഞ്ഞെറിഞ്ഞത് ആ വലിയ ഗർത്തത്തിലേക്കും . അത് നരകമെന്ന ഗർത്തമാണ് .

അതെല്ലാം നിന്നെ ആകെ ഭയത്തിന്റെ കൊടുമുടിയിൽ എത്തിച്ചപ്പോൾ നിന്റെ വായിലേക്ക് ഒരിറ്റ് തേൻ വന്നു വീണു . അതാണ് സഹോദരാ , ഈ ദുനിയാവിലെ ആകെ സുഖം .

ആ സുഖത്തിന്റെ അനുഭൂതിയിൽ നീ മറ്റെല്ലാ പ്രശ്നങ്ങളും മറന്നു . ഫലമോ എലികളുടെ ജോലി തീർന്നു . അഥവാ നിന്റെ ദുനിയാവിലെ ആയുസ്സ് അവസാനിച്ചു. പിന്നെ മരണമെന്ന സിംഹത്തിന്റെ വായിലേക്ക് തെറിച്ചു വീണു . മരണം നിന്നെ നരകമെന്ന ആ ഗർത്തത്തിലേക്ക് വലിച്ചെറിഞ്ഞു .അവിടെ അഗ്നിജ്വാലകളും , ഭീകര ജന്തുക്കളും നിന്നെ വേട്ടയാടി .

ഇതാണ് സഹോദരാ , നീ കണ്ട സ്വപ്നത്തിന്റെ പൊരുൾ . ഇതിൽ നിനക്കെന്നല്ല ലോക മനുഷ്യർക്കെല്ലാം പാഠമുണ്ട് .

എല്ലാം കേട്ട ആ യുവാവ് ശൈഖിനോട് സലാം പറഞ്ഞ് യാത്ര തിരിച്ചു . ഒരുറച്ച തീരുമാനത്തോടെ , ഇല്ല ദുനിയാവിലെ പച്ചപ്പുകൾക്കിനി എന്നെ പറ്റിക്കാനാവില്ല . ഇന്ന് മുതൽ ഞാനൊരു പുതിയ മനുഷ്യനാണ് . 

No comments:

Post a Comment