Friday 25 September 2020

യോജിപ്പില്ലാത്ത ബാങ്കുവിളി


യാത്ര പുറപ്പെടുമ്പോളും പ്രസവിച്ച ഉടനെ കുട്ടിയുടെ ചെവിയിലും ബാങ്കുവിളിക്കണമെന്നുണ്ടല്ലോ. ഇത് മുൻകാലങ്ങളിൽ തന്നെ നടന്നുപോരുന്നതാണോ? ബാങ്കുവിളി മേൽ പറഞ്ഞ കാര്യങ്ങളുമായി യാതൊരു യോജിപ്പും കാണുന്നില്ലല്ലോ. എന്തിനാണ് ഈ ബാങ്കു വിളി? മുൻകാലങ്ങളിൽ നടന്നില്ലെങ്കിൽ ഇതൊരു അനാചാര പ്രവർത്തനമല്ലേ? 


യാത്രക്കാരനു പിന്നിലും നവജാത ശിശുവിന്റെ കാതുകളിലും ബാങ്കും ഇഖാമത്തും വിളിക്കൽ സുന്നത്താണ്. ഇതു മുമ്പേ നടന്നു വരുന്ന സദാചാരമാണ്. നബി(സ) തങ്ങൾ അവിടത്തെ പൗത്രൻ ഹുസൈനി (റ)ന്റെ കാതിൽ ബാങ്ക് വിളിച്ചതായി പ്രബല ഹദീസിലുണ്ട്. ഇത്തരം ഹദീസുകൾ അടിസ്ഥാനമാക്കിയാണ് ഇത് സുന്നത്താണെന്ന് ഇമാമുകൾ പ്രസ്താവിച്ചതും.

പ്രസ്തുത രണ്ടു ബാങ്കു വിളിയും ഇസ്ലാമിക വീക്ഷണപ്രകാരം സന്ദർഭത്തോടു തികഞ്ഞ യോജിപ്പുണ്ട്. എന്തെന്നാൽ, നമ്മുടെ നഗ്നദൃഷ്ടിക്കും ഇന്ദ്രിയങ്ങൾക്കും ഗോചരമല്ലാത്ത പിശാചുകൾ ബാങ്കുവിളി കേട്ടാൽ അതു സഹിക്കവയ്യാതെ ഓടിയകലുമെന്നു നഗ്നനേത്രങ്ങൾ കൊണ്ട് ഇതു കാണാൻ കഴിയുന്ന, അവരിലേക്കു കൂടി പ്രവാചകരായ നബി(സ) തങ്ങൾ പ്രസ്താവിച്ചിട്ടുണ്ട്. നവജാത ശിശുവിനെ പിശാചു സമീപിക്കുമെന്നും നബി (സ) തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരം പിശാചുകളെ അകറ്റലും 'ഉമ്മു സ്സ്വിബ് യാൻ' എന്ന ഭൂതബാധയേല്ക്കാതെ ശിശുവിനെ രക്ഷപ്പെടുത്തലുമാണു നവജാത ശിശുവിന്റെ കാതുകളിൽ ബാങ്കും ഇഖാമത്തും വിളിക്കുന്നതിന്റെ രഹസ്യം. തുഹ്ഫ:9-376. കേവല യുക്തിക്കു യോജിപ്പില്ലെങ്കിലും പ്രവാചകരെ വിശ്വസിക്കുകയും അവിടുത്തെ മൊഴി അല്ലാഹുവിന്റെ വഹ് യ് പ്രകാരമാണെന്നംഗീകരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ച് ഇത് അവസരോചിതമാണെന്നു വ്യക്തമായല്ലോ. 

യാത്രക്കാരന്റെ പിന്നിലുള്ള ബാങ്കിന്റെ രഹസ്യവും അവനെ പല വിധം ഉപദ്രവിക്കാനിടയുള്ള പിശാചിനെ ഓടിച്ചകറ്റുക തന്നെ. തുഹ്ഫ: 1-461 ൽ നിന്നും ഇതു ഗ്രഹിക്കാം.(മൗലാനാ നജീബുസ്താദ് മമ്പാട് ,പ്രശ്നോത്തരം :  2/24 )

No comments:

Post a Comment