Wednesday, 11 November 2026

ഡ്രോപ്പ് ഷിപ്പിംഗ് (Drop Shipping) വ്യാപാരത്തിന്റെ ഇസ്‌ലാമിക വിധി എന്താണ്


സാധാരണയായി ഡ്രോപ്പ് ഷിപ്പിംഗ് രീതിയിൽ ഒരാൾ തന്റെ ഉടമസ്ഥതയിലില്ലാത്ത കൈവശമില്ലാത്ത വസ്തുവാണ് ഉപഭോക്താവിന് വിൽക്കുന്നത്.

കാരണം, ഈ രീതിയിൽ വ്യാപാരി ആദ്യം ഉപഭോക്താവിൽനിന്ന് ഓർഡർ സ്വീകരിക്കുകയും വിൽപ്പന ഉറപ്പിക്കുകയും ചെയ്യുന്നു. അതിനുശേഷം മൊത്തവ്യാപാരിയിൽനിന്ന് (Wholesaler) സാധനം വാങ്ങി ഉപഭോക്താവിന്റെ വിലാസത്തിലേക്ക് അയച്ചുകൊടുക്കാൻ ആവശ്യപ്പെടുന്നു. അങ്ങനെ മൊത്തവ്യാപാരി നേരിട്ട് ഉപഭോക്താവിന് സാധനം അയച്ചുകൊടുക്കുന്നു.

അതായത്, ഒരു വസ്തു സ്വന്തം ഉടമസ്ഥതയിൽ വരുന്നതിനുമുമ്പ് തന്നെ വ്യാപാരി മറ്റൊരാൾക്ക് വിൽക്കുന്നു. മാത്രമല്ല, മൊത്തവ്യാപാരിയിൽനിന്ന് സാധനം വാങ്ങിയതിനുശേഷവും അത് സ്വന്തം കൈപറ്റുന്നതിന് മുമ്പ് തന്നെ ഉപഭോക്താവിന് അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.

‎‎എന്നാൽ ഇസ്‌ലാമിക ശരീഅത്തിൽ ഒരാളുടെ ഉടമസ്ഥതയിലില്ലാത്ത സാധനം വിൽക്കുന്നതും കൈപ്പറ്റി കൈവശം ഏറ്റെടുക്കുന്നതിനു മുമ്പ് ആ വസ്തു വീണ്ടും വിൽക്കുന്ന (بیع قبل القبض) രീതിയിലുള്ള ഇടപാടാണ്. ഷറഇൽ ഇത് തടയപ്പെട്ടതാണ്. അനുവദനീയമല്ല.

‎വഴിയിൽവെച്ച് സാധനത്തിന് എന്തെങ്കിലും നഷ്ടമുണ്ടായാൽ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാമെന്ന് വ്യവസ്ഥ ചെയ്താലും ഈ വിധിയിൽ മാറ്റമുണ്ടാകില്ല. 

അതിനാൽ ഈ രീതിയിലുള്ള കച്ചവടം ശരീഅത്ത് പ്രകാരം അസാധുവാണ്. പ്രസ്തുത കച്ചവടത്തിലൂടെ ലാഭം നേടുന്നതും അനുവദനീയമല്ല.

ഡ്രോപ്പ് ഷിപ്പിംഗിന് പകരം സ്വീകരിക്കാവുന്ന അനുവദനീയമായ മൂന്ന് രൂപങ്ങൾ

‎ഒന്നാമത്തെ രൂപം:` വിൽപ്പനയ്ക്കുള്ള വാഗ്ദാനം 

‎വ്യാപാരി ഉപഭോക്താവിനോട് ഈ സാധനം ഇപ്പോൾ തന്റെ കൈവശമില്ലെന്നും മറ്റൊരാളിൽനിന്ന് വാങ്ങിയശേഷം വിൽക്കാമെന്നും വ്യക്തമായി അറിയിക്കണം. അല്ലെങ്കിൽ ഇടപാടിന്റെ തുടക്കത്തിൽ ഉപഭോക്താവിനോട് ഈ സാധനം നിങ്ങൾക്ക് ഞാൻ വിൽക്കുകയാണ് എന്ന് പറയാതെ, ഈ സാധനം വിൽക്കുന്നതിനുള്ള കരാറിൽ ഏർപ്പെടാം എന്നാണ് പറയേണ്ടത്. അങ്ങനെ ചെയ്യുമ്പോൾ അത് വിൽപ്പനയാകാതെ വിൽപ്പന നടത്താമെന്ന വാഗ്ദാനമായി മാറും.

ഈ ഘട്ടത്തിൽ മുൻകൂർ തുകയായി അഡ്വാൻസ് വാങ്ങുന്നതും അനുവദനീയമാണ്.

അതനുസരിച്ച് ഉപഭോക്താവിന് വിൽക്കാമെന്ന വാഗ്ദാനം നൽകാം. പിന്നീട് വ്യാപാരി മൊത്തവ്യാപാരിയിൽനിന്ന് സാധനം വാങ്ങി സ്വന്തം കൈവശത്തിൽ ഏറ്റെടുക്കണം. അല്ലെങ്കിൽ സാധനം ഏറ്റുവാങ്ങുന്നതിനായി മറ്റൊരാളെ, ഉദാ: സാധനം എത്തിക്കുന്ന വാഹനത്തിന്റെ ഡ്രൈവറെ, തന്റെ പ്രതിനിധിയായി (വക്കീൽ) നിയോഗിക്കാം.

അങ്ങനെ സാധനം ഏറ്റെടുത്തതിനുശേഷം ഉപഭോക്താവിന് എത്തിച്ചുകൊടുക്കാം. സാധനം ഉപഭോക്താവിന് കൈമാറുകയും ഇരുകൂട്ടരും സാധനത്തിലും വിലയിലും കൈവശാവകാശം നേടുകയും ചെയ്യുന്നതോടെ വിൽപ്പന പൂർത്തിയാകും.

‎എന്നാൽ സാധനം വാങ്ങിയശേഷം കൈവശത്തിൽ ഏറ്റെടുത്തുകൊണ്ട് മാത്രമേ മറ്റൊരാൾക്ക് വിൽക്കാൻ പാടുള്ളൂ. കൈവശത്തിൽ ഏറ്റെടുക്കാതെ വീണ്ടും വിൽക്കുന്നത് ശരിയാകില്ല.

‎രണ്ടാമത്തെ രൂപം:` കമ്മീഷൻ ഏജന്റായി പ്രവർത്തിക്കുക

‎മറ്റൊരു മാർഗം ഇടനിലക്കാരൻ ഉപഭോക്താവിനും മൊത്തവ്യാപാരിക്കും ഇടയിൽ കമ്മീഷൻ ഏജന്റായി പ്രവർത്തിക്കുകയാണ്.

ഉദാ: സൈദിന് ഒരു ഉപഭോക്താവിൽനിന്ന് ഓർഡർ ലഭിച്ചാൽ, സാധനം വാങ്ങാൻ ഉദ്ദേശിക്കുന്ന കമ്പനിയുമായി ഇപ്രകാരം ധാരണയിലെത്താം:

‎'ഞാൻ നിങ്ങൾക്ക് ഉപഭോക്താക്കളെ കൊണ്ടുവന്നുതരാം. അവർ നിങ്ങളുടെ പക്കൽനിന്ന് വാങ്ങുന്ന സാധനങ്ങളുടെ വിലയിൽനിന്ന് നിശ്ചിത ശതമാനം എനിക്ക് കമ്മീഷനായി നൽകണം.'

‎അല്ലെങ്കിൽ ഓരോ കാർട്ടൺ സാധനവും വിൽക്കുമ്പോൾ ഇത്ര രൂപ വീതം കമ്മീഷൻ നൽകണമെന്ന് നിശ്ചയിക്കാം.

‎ഈ രീതിയിൽ ഇടനിലക്കാരന് ലഭിക്കുന്ന കമ്മീഷൻ പ്രതിഫലം അനുവദനീയമാണ്.

മൂന്നാമത്തെ രൂപം:` മൊത്തവ്യാപാരിയുടെ കടയിലോ ഗോഡൗണിലോ സ്വന്തം സാധനങ്ങൾ സൂക്ഷിക്കുക

വ്യാപാരി പതിവായി സാധനങ്ങൾ വാങ്ങുന്ന മൊത്തവ്യാപാരിയുടെ കടയിലോ ഗോഡൗണിലോ പോയി ആദ്യം തന്നെ സാധനങ്ങൾ വാങ്ങണം. ‎ശേഷം ആ കടയിലോ ഗോഡൗണിലോ ഒരു നിശ്ചിത സ്ഥലം വാടകയ്ക്കെടുത്ത് തന്റെ ഉടമസ്ഥതയിലുള്ള സാധനങ്ങൾ അവിടെ സൂക്ഷിക്കാം. ‎പിന്നീട് ഉപഭോക്താവിൽനിന്ന് ഓർഡർ ലഭിക്കുമ്പോൾ മൊത്തവ്യാപാരിയെ ഫോണിലൂടെ അറിയിച്ച് തന്റെ സാധനങ്ങളിൽനിന്ന് ആവശ്യമായ അളവ് പ്രസ്തുത ഉപഭോക്താവിന് അയച്ചുകൊടുക്കാൻ ആവശ്യപ്പെടാം.

‎ഈ രീതി അനുവദനീയമാണ്. കാരണം വ്യാപാരി സാധനങ്ങൾ നേരത്തെതന്നെ വാങ്ങിയിട്ടുണ്ട്. മാത്രമല്ല, മൊത്തവ്യാപാരിയുടെ ഗോഡൗണിൽ തന്റെ സാധനങ്ങൾ പ്രത്യേകമായി വേർതിരിച്ച് സൂക്ഷിക്കുകയും അവയിൽ തടസ്സങ്ങളില്ലാതെ ഇടപെടാനുള്ള അധികാരം നേടുകയും ചെയ്തതിലൂടെ ശരീഅത്ത് പ്രകാരമുള്ള കൈവശാവകാശവും (التخلية) ലഭിക്കുന്നതാണ്.


عَنْ حَكِيمِ بْنِ حِزَامٍ قَالَ: أَتَيْتُ رَسُولَ اللّٰهِ ﷺ فَقُلْتُ: يَأْتِينِي الرَّجُلُ يَسْأَلُنِي مِنَ الْبَيْعِ مَا لَيْسَ عِنْدِي، أَأَبْتَاعُ لَهُ مِنَ السُّوقِ ثُمَّ أَبِيعُهُ؟ قَالَ: «لَا تَبِعْ مَا لَيْسَ عِنْدَكَ».

(سُنَنُ التِّرْمِذِيِّ، كِتَابُ الْبُيُوعِ، بَابُ كَرَاهِيَةِ بَيْعِ مَا لَيْسَ عِنْدَكَ، رَقْمُ الْحَدِيثِ: ١٢٣٢)

فَنَقُولُ: مِنْ حُكْمِ الْمَبِيعِ إِذَا كَانَ مَنْقُولًا أَنْ لَا يَجُوزَ بَيْعُهُ قَبْلَ الْقَبْضِ... وَأَمَّا إِذَا تَصَرَّفَ فِيهِ مَعَ بَائِعِهِ، فَإِنْ بَاعَهُ مِنْهُ لَمْ يَجُزْ بَيْعُهُ أَصْلًا قَبْلَ الْقَبْضِ.

(الْفَتَاوَى الْهِنْدِيَّةُ، الْفَصْلُ الثَّالِثُ فِي مَعْرِفَةِ الْمَبِيعِ وَالثَّمَنِ وَالتَّصَرُّفِ، ٣/١٣، ط: دَارُ الْفِكْرِ)

وَشَرْطُهَا: كَوْنُ الْأُجْرَةِ وَالْمَنْفَعَةِ مَعْلُومَتَيْنِ؛ لِأَنَّ جَهَالَتَهُمَا تُفْضِي إِلَى الْمُنَازَعَةِ.

(الدُّرُّ الْمُخْتَارُ، كِتَابُ الْإِجَارَةِ، ٦/٥، ط: دَارُ الْفِكْرِ)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

No comments:

Post a Comment