Sunday 8 March 2020

നിങ്ങള്‍ കണക്കാക്കുന്ന തരത്തിലുള്ള ആയിരം വര്‍ഷമാകുന്നു ആ ദിവസത്തിന്‍റെ അളവ്‌



ഇറാഖിലെ ശയ്ഖുശ്ശുയൂഖ് ഇബ്നു സുകയ്ന തങ്ങൾക്കൊരു മുരീദുണ്ട്. നന്നായി കൈവേലയറിയുന്ന തൊഴിലാളിയാണെങ്കിലും അദ്ദേഹത്തിന്റെ ഡ്യൂട്ടി വെള്ളിയാഴ്ച പള്ളിയിൽ വിരിക്കാനുള്ള വിരിപ്പുകൾ മഹാന്റെ ഖാൻഗാഹിൽ (സൂഫി ആശ്രമം) നിന്നെടുത്ത് പള്ളിയിലെത്തിക്കുക എന്നതായിരുന്നു. ജുമുഅ കഴിഞ്ഞാൽ അവ വീണ്ടും തിരിച്ച് ഖാൻഗാഹിലെത്തിക്കണം.

അങ്ങിനെയിരിക്കെ ഒരു വെള്ളിയാഴ്ച.. പള്ളിയിലെത്തിക്കേണ്ട സജ്ജാദകളെല്ലാം ചുമടാക്കി കെട്ടിവെച്ചതിനു ശേഷം ജുമുഅക്കുള്ള സുന്നത് കുളിക്ക് വേണ്ടി അദ്ദേഹം തൊട്ടടുത്തുള്ള ടൈഗ്രീസ് നദിക്കരയിലേക്ക് പോയി. ഡ്രസ്സുകളെല്ലാം കരയിൽ അഴിച്ചു വെച്ച് അരമുണ്ടുടുത്ത് അദ്ദേഹം നദിയിലിറങ്ങി. ഒന്നു മുങ്ങാംകുഴിയിട്ട് പൊങ്ങിനോക്കിയപ്പോൾ കണ്ട കാഴ്ചയിൽ അദ്ദേഹം സ്തബ്ധനായി..!
ഒട്ടുമേ പരിചയമില്ലാത്ത പരിസരവും പുഴയും..!! ജീവിതത്തിൽ ഇന്നേ വരേ കണ്ടിട്ടില്ലാത്ത നാട്...!!!

തൊട്ടപ്പുറത്ത് കുളിച്ചു കൊണ്ടിരിക്കുന്ന ആളോട് "ഇത് ഏതാണ് പുഴ" എന്ന് ചോദിച്ചു.

"നൈൽ നദി" അദ്ദേഹം പറഞ്ഞു.

'ഒരൊറ്റ മുങ്ങാംകുഴിക്ക് ഞാൻ ഈജിപ്തിൽ എത്തിയോ' അദ്ദേഹത്തിന് വിശ്വാസമായില്ല.

'ഇതെന്തു കഥ പടച്ചോനെ' എന്ന് മനസ്സിൽ വിചാരിച്ചു അദ്ദേഹം കരയ്ക്കു കയറി.

കുളിക്കാനുടുത്ത മുണ്ട് മാത്രമേ ദേഹത്തുള്ളൂ. നടന്നു നടന്ന് അദ്ദേഹം നഗര വീഥിയിൽ എത്തി. അടുത്തുകണ്ട ഒരു തൊഴിൽശാലക്ക് മുന്നിൽ നിന്നു. കടക്ക് മുമ്പിൽ അനുചിത വേഷത്തിൽ നിൽക്കുന്ന ആ അപരിചിതനെ ഉടമ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഒറ്റനോട്ടത്തിൽ തന്നെ 'നല്ലൊരു തൊഴിലാളിയാണ് ഈ വന്നു നിൽക്കുന്നതെന്ന്' എന്ന് അദ്ദേഹത്തിന് മനസ്സിലായി. കടയുടമ അദ്ദേഹത്തെ തന്റെ പർണശാലയിലേക്ക് വിളിക്കുകയും പണിയെടുപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ തൊഴിൽ വൈദഗ്ധ്യം കണ്ട് കടയുടമക്ക് നന്നായി ഇഷ്ടപ്പെട്ടു. അയാളെ ഉടമ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി സൽക്കരിച്ചു. എന്നുമാത്രമല്ല; തന്റെ പൊന്നു മോളെ നിക്കാഹ് ചെയ്തു കൊടുക്കുകയും ചെയ്തു. അങ്ങനെ സസന്തോഷം അദ്ദേഹം അവിടെ തൊഴിൽ ചെയ്യുകയും; ഏഴുവർഷം നീണ്ടു നിന്ന ആ ദാമ്പത്യ ജീവിതത്തിൽ മൂന്നു മക്കൾ ഉണ്ടാവുകയും ചെയ്തു.


അങ്ങനെയിരിക്കെ ഒരു വെള്ളിയാഴ്ച..

അദ്ദേഹം കുളിക്കാനായി നൈൽ നദിയിലേക്ക് നീങ്ങി. കുളിവസ്ത്രം ധരിച്ച് വെള്ളത്തിലേക്കി. ഒന്ന് മുങ്ങിയതേയുള്ളൂ. പൊങ്ങി നോക്കിയപ്പോൾ ചുറ്റും നോക്കിയ അദ്ദേഹം അത്ഭുതപ്പെട്ടു. മുമ്പെന്നോ കണ്ടുപരിചയമുള്ള ഉള്ള നാട്..!!

അതെ.. അതെ.. ബാഗ്ദാദിലെ ടൈഗ്രീസ് ആണല്ലോ ഇതെന്ന് അദ്ദേഹത്തിന് എന്ന് മനസ്സിലായി. കരക്കു കയറി നോക്കിയപ്പോഴുണ്ട് വർഷങ്ങൾക്ക് മുമ്പ് താൻ അഴിച്ചുവെച്ച ഡ്രസ്സുകൾ അപ്പടി അവിടെ ഇരിക്കുന്നു..!!!
വേഗം വസ്ത്രം മാറി അദ്ദേഹം ശൈഖിന്റെ ഖാൻഗാഹി ലേക്ക് നടന്നു. അവിടെ എത്തിയപ്പോഴോ താൻ കെട്ടിവെച്ച സജ്ജാദകൾ അതുപോലെ തന്നെയിരിക്കുന്നു..!!

ഇതെന്തു മായാജാലം..!! ഒന്നും മനസ്സിലാവുന്നില്ല.

കൂടെയുള്ളവർ പറഞ്ഞു: "ഇന്ന് വരാനൽപം വൈകിയല്ലേ... വിരിപ്പുകളെല്ലാം പെട്ടെന്ന് എടുത്ത് പള്ളിയിലേക്ക് പൊയ്ക്കോളൂ; വെള്ളിയാഴ്ച അല്ലേ.. ആളുകൾ വന്നു തുടങ്ങിയിട്ടുണ്ട്.."

ചുമടാക്കി കെട്ടിവെച്ച വിരിപ്പുകൾ എടുത്തു അദ്ദേഹം പെട്ടെന്ന് പള്ളിയിലെത്തി. അവയെല്ലാം വെടിപ്പായി വിരിച്ചു വെച്ചു. ജുമുഅ കഴിഞ്ഞ് അവയെല്ലാം മടക്കിയെടുത്ത് കെട്ടാക്കി തിരിച്ച് ഖാൻഗാഹിൽ തന്നെ എത്തിച്ചു. ശേഷം വീട്ടിൽ പോയി ഭക്ഷണം കഴിച്ചു. കണ്ടവർ കണ്ടവർ ആരും ഒന്നും ചോദിക്കുന്നുമില്ല, പറയുന്നുമില്ല..!! വീട്ടിലുള്ളവർക്കും ഒരു ഭാവമാറ്റങ്ങളുമില്ല..!!! അദ്ദേഹത്തിന് അത്ഭുതം ഇരട്ടിയായി.

അവസാനം തന്റെ ശൈഖവർകളായ ഇബ്നു സുകയ്ന (റ) ന്റെ ചാരത്തേക്ക് പോയി. നടന്ന സംഭവങ്ങളെല്ലാം വിശദീകരിച്ചു. ഈജിപ്തിലെ ഭാര്യയെക്കുറിച്ചും മക്കളെ കുറിച്ചും പറഞ്ഞു. വിടർന്ന കണ്ണുകളോടെ ശൈഖും മറ്റു കൂട്ടുകാരും എല്ലാം കേട്ടു. വിശ്വാസം വരാത്തതിനാൽ ശൈഖ് മിസ്റിലേക്ക് ആളെ അയച്ചു അദ്ദേഹത്തിന്റെ മക്കളെന്ന് പറഞ്ഞവരെ വിളിച്ചുവരുത്തി. അൽപ ദിവസങ്ങൾക്ക് ശേഷം മക്കൾ വന്നു. തങ്ങളുടെ പിതാവിനെ അവർ തിരിച്ചറിഞ്ഞു. സംഭവിച്ചതെല്ലാം സത്യം ആണെന്ന് എല്ലാവർക്കും അപ്പോൾ ബോധ്യമായി.

രഹസ്യത്തിന്റെ ചുരുൾ നിവർത്താനെന്നവണ്ണം ശൈഖ് ഇബ്നു സുകയ്ന ചോദിച്ചു: "ആ ദിവസം  എന്തായിരുന്നു നിങ്ങളുടെ മനസ്സിനെ അലട്ടിയിരുന്നത്..?"


അദ്ദേഹം പറഞ്ഞു:സൂറത്തു സജദയിലെ

فِي يَوْمٍ كَانَ مِقْدَارُهُ أَلْفَ سَنَةٍ

(നിങ്ങള്‍ കണക്കാക്കുന്ന തരത്തിലുള്ള ആയിരം വര്‍ഷമാകുന്നു ആ ദിവസത്തിന്‍റെ അളവ്‌)

എന്ന ആയത്തിനെ കുറിച്ച് അന്നു രാവിലെ മുതൽ ഞാൻ വല്ലാത്ത സന്ദേഹത്തിലും ചിന്തയിലും ആയിരുന്നു. എങ്ങനെയായിരിക്കും ഒരു ദിവസത്തിന് ഒരായിരം വർഷത്തിന്റെ നീളമുണ്ടാവുക..? അങ്ങനെ ഉണ്ടാവില്ലല്ലോ..? അത് അസംഭവ്യം അല്ലേ..? ഞാനിങ്ങനെ എന്നോട് സ്വയം പറഞ്ഞു കൊണ്ടിരുന്നു..

കേട്ടുടൻ ശൈഖ് പറഞ്ഞു: "അതെ, അപ്പോൾ നിന്റെ ഈമാനിനെ സംരക്ഷിക്കാൻ അല്ലാഹു ചെയ്ത അനുഗ്രഹമാണ് ഈ സംഭവം. ഈജിപ്തിൽ ഏഴുവർഷം ചെലവഴിച്ചിട്ടും ഇവിടെ ഞങ്ങൾക്കത് വളരെ ചുരുങ്ങിയ മിനുട്ടുകൾ ആയാണ് അനുഭവപ്പെട്ടത്. അതെ, അല്ലാഹുവിന് ഒരേ സമയം ചിലർക്ക് സമയങ്ങളെ / കാലത്തെ വിശാലമാക്കാനും മറ്റു ചിലർക്ക് ചുരുക്കാനും സാധിക്കും എന്ന് അല്ലാഹു നിന്നെ പഠിപ്പിക്കുകയായിരുന്നു."


അവലംബം:
نفحات الأنس من حضرات القدس

No comments:

Post a Comment