Friday, 17 July 2026

മൃഗങ്ങളുടെ സകാത്ത് : ഹനഫി മദ്‌ഹബിൽ


വളർത്തപ്പെടുന്ന എല്ലാ മൃഗങ്ങളിലും സകാത് ബാധകമല്ല. അതിന്റെ നിബന്ധനകളുടെ പരിധിയിൽ ഉൾപ്പെടുന്ന മൃഗങ്ങളിൽ മാത്രമാണ് സക്കാത്ത് നിർബന്ധമാകുന്നത്. 

നിബന്ധനകൾ

മൃഗങ്ങളിൽ സകാത്ത് നിർബന്ധമാകാൻ രണ്ട് നിബന്ധനകളുണ്ട്.

  1. ഒരു വർഷം (ഹൗൽ) പൂർത്തിയായിരിക്കണം.
  2. സാഇമ (സൗജന്യമായി മേയുന്ന) മൃഗങ്ങളായിരിക്കണം.

താഴെ പറയുന്ന രണ്ട് നിബന്ധനകളും ഉള്ള മൃഗങ്ങളെയാണ് സാഇമ മൃഗങ്ങൾ എന്ന് പറയുന്നത്.

  • വർഷത്തിലെ അധിക സമയവും പുറത്തുള്ള സൗജന്യമായ പുല്ല് മേയുന്നതായിരിക്കണം. ഉടമയ്ക്ക് തീറ്റ ഒരുക്കേണ്ടിവരരുത്. ആറുമാസമോ അതിലധികമോ തീറ്റ വാങ്ങി കൊടുക്കേണ്ടിവരുന്ന മൃഗങ്ങൾ സാഇമയല്ല. അവക്ക് സകാത്തില്ല
  • പാൽ ലഭിക്കാനും, സന്തതി വർധിപ്പിക്കാനും, തടിപ്പിക്കാനും ആരോഗ്യവാന്മാരാക്കാനും വേണ്ടിയാണ് വളർത്തിയിരിക്കേണ്ടത്. മാംസത്തിന്, ഭാരം ചുമക്കാൻ, ഉഴവ് ചെയ്യാൻ, വാഹനമായി ഉപയോഗിക്കാൻ തുടങ്ങിയ ആവശ്യങ്ങൾക്കൊ മറ്റ് ജോലികൾക്കോ വേണ്ടി വളർത്തുന്ന മൃഗങ്ങൾ സാഇമയല്ല. അവക്ക് സകാത്തില്ല. (അദ്ദുറുൽ മുഖ്താർ 2/275)

ആട്/ചെമ്മരിയാടുകളുടെ നിസാബ്

  • 40ൽ താഴെ സകാത്തില്ല.
  • 40 മുതൽ 120 വരെ ഒരു വയസ്സുള്ള ഒരു ആട്.
  • 121 മുതൽ 200 വരെ രണ്ട് ആടുകൾ
  • 201 മുതൽ 399 വരെ മൂന്ന് ആടുകൾ.
  • 400-ന് നാല് ആടുകൾ.
  • തുടർന്ന് ഓരോ 100 എണ്ണം കൂടുമ്പോഴും ഒരു ആട് വീതം വർധിക്കും. 500ൽ അഞ്ച്, 600ൽ ആറ് എന്നിങ്ങനെ.
  • ആടിനും ചെമ്മരിയാടിനും സകാത്തിന്റെ നിസാബിൽ വ്യത്യാസമില്ല. (അദ്ദുറുൽ മുഖ്താർ 2/281)

പശു / എരുമയുടെ നിസാബ്

  • 30ൽ താഴെ സകാത്തില്ല
  • 30- ഒരു തബീഅ് (ഒരു വയസ്സുള്ള കാളക്കുട്ടിയോ പശുക്കുട്ടിയോ)
  • 40-ന് ഒരു മുസിന്ന (രണ്ട് വയസ്സുള്ളത്).
  • 60-ന് രണ്ട് തബീഅ്.
  • 70-ന് ഒരു മുസിന്നയും ഒരു തബീഅും
  • തുടർന്ന് ഓരോ 30-നും ഒരു തബീഅും ഓരോ 40-നും ഒരു മുസിന്നയും നൽകണം.
  • 120 പോലുള്ള സംഖ്യയിൽ 30-ന്റെ കണക്കിലോ 40-ന്റെ കണക്കിലോ നൽകാം. (അദ്ദുറുൽ മുഖ്താർ 2/280)

ഒട്ടകങ്ങളുടെ നിസാബ്

  • 5 ൽ താഴെ സകാത്തില്ല.
  • 5-ന് ഒരു ആട്.
  • 10-ന് രണ്ട് ആടുകൾ.
  • 15-ന് മൂന്ന് ആടുകൾ.
  • 20-ന് നാല് ആടുകൾ.
  • 25 മുതൽ 35 വരെ ഒരു വയസ്സുള്ള പെൺ ഒട്ടകം.
  • 36 മുതൽ 45 വരെ രണ്ട് വയസ്സുള്ള പെൺ ഒട്ടകം.
  • 46 മുതൽ 60 വരെ മൂന്ന് വയസ്സുള്ള പെൺ ഒട്ടകം.
  • 61 മുതൽ 75 വരെ നാല് വയസ്സുള്ള പെൺ ഒട്ടകം.
  • 76 മുതൽ 90 വരെ രണ്ട് വയസ്സുള്ള രണ്ട് പെൺ ഒട്ടകങ്ങൾ.
  • 91 മുതൽ 120 വരെ മൂന്ന് വയസ്സുള്ള രണ്ട് പെൺ ഒട്ടകങ്ങൾ.

120-ന് ശേഷം വീണ്ടും പുതിയ കണക്കാണ് ആരംഭിക്കുന്നത്. ഓരോ അഞ്ച് ഒട്ടകങ്ങൾ കൂടുമ്പോഴും ആദ്യം ഒരു ആട് വീതം വർധിക്കും. പിന്നീട് നിശ്ചിത എണ്ണത്തിൽ എത്തിയാൽ ഒരു വയസ്സുള്ള, രണ്ട് വയസ്സുള്ള, മൂന്ന് വയസ്സുള്ള പെൺ ഒട്ടകങ്ങൾ എന്നിങ്ങനെ നിയമം മാറും. 200-ന് ശേഷവും ഇതേ ക്രമം തുടരും. (അദ്ദുറുൽ മുഖ്താർ 2/277)

കുതിരകളുടെ സകാത്ത്

രണ്ട് അഭിപ്രായങ്ങളുണ്ട്.

  1. ഇമാം അബൂ യൂസുഫും ഇമാം മുഹമ്മദ് (റ), കൂടാതെ ഇമാം മാലിക്, ശാഫിഈ, അഹ്മദ് (റ) എന്നിവരുടെ അഭിപ്രായത്തിൽ കുതിരയ്ക്ക് സകാത്തില്ല.
  2. ഇമാം അബൂഹനീഫ (റ) യുടെ അഭിപ്രായത്തിൽ സാഇമയായതും ആണും പെണ്ണും കലർന്നതുമായ കുതിരകളിൽ സകാത്തുണ്ട്.

കണക്കാക്കുന്ന വിധം

  • ഓരോ കുതിരയ്ക്കും ഒരു ദീനാർ (അല്ലെങ്കിൽ അതിന്റെ വില) അല്ലെങ്കിൽ
  • എല്ലാ കുതിരകളുടെയും ആകെ വിലയുടെ 2.5% നൽകണം.

ഇരു അഭിപ്രായങ്ങൾക്കും കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളിൽ പിന്തുണയുള്ളതിനാൽ സൂക്ഷ്മതയുടെ ഭാഗമായി ഇമാം അബൂഹനീഫ (റ) യുടെ അഭിപ്രായം സ്വീകരിക്കുന്നതാണ് നല്ലത്. (അദ്ദുറുൽ മുഖ്താർ 2/282)

കഴുതയും കോവർകഴുതയും

വ്യാപാരത്തിനല്ലാതെ വളർത്തുന്ന കഴുതകൾക്കും കോവർകഴുതകൾക്കും സകാത്തില്ല. വ്യാപാരത്തിനായി വളർത്തുന്നവയാണെങ്കിൽ വ്യാപാരമുതലിന്റെ സകാത്ത് നൽകണം. (അദ്ദുറുൽ മുഖ്താർ 2/282)

ഒരേ വർഗത്തിലുള്ള മൃഗങ്ങളെ കൂട്ടിച്ചേർക്കൽ

  • പശുവും എരുമയും ഒരേ വർഗമാണ്.
  • ആടും ചെമ്മരിയാടും ഒരേ വർഗമാണ്.

ഇവയുടെ എണ്ണം പ്രത്യേകം നിസാബിലെത്തിയില്ലെങ്കിലും ഒന്നിച്ച് ചേർത്ത് നിസാബ് പൂർത്തിയായാൽ സകാത്ത് നിർബന്ധമാകും. എണ്ണം കൂടുതലുള്ള ഇനത്തിൽ നിന്നാണ് സകാത്ത് നൽകേണ്ടത്. (റദ്ദുൽ മുഹ്താർ 2/280)

കുഞ്ഞുങ്ങൾ മാത്രം ഉള്ള മൃഗങ്ങൾ

കുഞ്ഞുങ്ങൾ മാത്രം ഉണ്ടെങ്കിൽ അവയ്ക്ക് സകാത്തില്ല. എന്നാൽ അതേ വർഗത്തിൽപ്പെട്ട വലിയ മൃഗങ്ങളും കൂടെയുണ്ടെങ്കിൽ കുഞ്ഞുങ്ങളെയും കണക്കിൽ ഉൾപ്പെടുത്തും. സകാത്തായി നൽകേണ്ടത് വലിയ മൃഗമായിരിക്കും. (അദ്ദുറുൽ മുഖ്താർ 2/282)

വ്യാപാരത്തിനായി വളർത്തുന്ന മൃഗങ്ങൾ

വ്യാപാരത്തിനായി വളർത്തുന്ന മൃഗങ്ങൾ വ്യാപാരമുതലായി കണക്കാക്കും. ഒരു വർഷം കഴിഞ്ഞാൽ അവയുടെ മൊത്തം വിലയുടെ 2.5% സകാത്ത് നൽകണം. (അദ്ദുറുൽ മുഖ്താർ 2/275)

ഡയറി ഫാമിലെ മൃഗങ്ങൾ

ഡയറി ഫാമിൽ ഉടമ തീറ്റ ഒരുക്കുന്നതിനാൽ അവ സാഇമയല്ല. അതിനാൽ സാഇമ മൃഗങ്ങളുടെ സകാത്ത് ബാധകമല്ല. എന്നാൽ മൃഗങ്ങളെയും വിൽക്കാനുള്ള വ്യാപാര ഉദ്ദേശ്യമുണ്ടെങ്കിൽ അവയുടെ വില വ്യാപാരമുതലിൽ ഉൾപ്പെടുത്തി സകാത്ത് നൽകണം. (അദ്ദുറുൽ മുഖ്താർ 2/282)

കൃഷിക്കും ജോലിക്കും ഉപയോഗിക്കുന്ന മൃഗങ്ങൾ

കൃഷി, ചരക്കുവഹിക്കൽ, വെള്ളം കോരൽ തുടങ്ങിയ ജോലികൾക്കായി ഉപയോഗിക്കുന്ന മൃഗങ്ങൾക്ക് സകാത്തില്ല. (അദ്ദുറുൽ മുഖ്താർ 2/282)

തീറ്റ വാങ്ങിക്കൊടുക്കുന്ന മൃഗങ്ങൾ

വർഷത്തിന്റെ ഭൂരിഭാഗമോ പകുതിയോ ഉടമ തീറ്റ ഒരുക്കുന്ന മൃഗങ്ങൾ സാഇമയല്ല. അതിനാൽ അവയ്ക്ക് സകാത്തില്ല. (അൽബഹ്റുറ് റാഇഖ് 2/229)

വാടക ഭൂമിയിൽ മേയുന്ന മൃഗങ്ങൾ

വാടക കൊടുത്ത് ഉപയോഗിക്കുന്ന ഭൂമിയിൽ മേയുന്ന മൃഗങ്ങൾ സാഇമയല്ല. അതിനാൽ അവയ്ക്ക് സകാത്തില്ല. (അദ്ദുറുൽ മുഖ്താർ 2/275)

സ്വന്തം ഭൂമിയിലെ സ്വാഭാവിക പുല്ല് മേയുന്ന മൃഗങ്ങൾ

സ്വന്തം ഭൂമിയിലെ സ്വാഭാവികമായി വളരുന്ന പുല്ല് മേയുന്ന മൃഗങ്ങൾ സാഇമയാണ്. അവയ്ക്ക് സകാത്ത് നിർബന്ധമാണ്. (ഇംദാദുൽ അഹ്കാം 2/32)

സർക്കാർ ഭൂമിയിലോ മറ്റൊരാളുടെ ഭൂമിയിലോ സൗജന്യമായി മേയുന്ന മൃഗങ്ങൾ

പ്രതിഫലം നൽകാതെ സൗജന്യമായി മേയുന്ന മൃഗങ്ങളും സാഇമയാണ്. അവയ്ക്കും സകാത്ത് നിർബന്ധമാണ്. (ഇംദാദുൽ അഹ്കാം 2/32, അൽബഹ്റുറ് റാഇഖ് 2/229)

വഖ്ഫ് ചെയ്ത മൃഗങ്ങൾ

വഖ്ഫ് ചെയ്ത മൃഗങ്ങൾ ആരുടെയും സ്വകാര്യസ്വത്തല്ല. അതിനാൽ അവയ്ക്ക് സകാത്തില്ല. (അദ്ദുറുൽ മുഖ്താർ 2/277)

വന്യമൃഗങ്ങൾ

ഒട്ടകം, പശു, എരുമ, ആട് തുടങ്ങിയ ഉളുഹിയ സാധുവാകുന്ന ഇനങ്ങളിലാണ് സാഇമ സകാത്ത് ബാധകമാകുന്നത്. മാൻ, മുയൽ തുടങ്ങിയ വന്യമൃഗങ്ങൾക്ക് സാഇമ എന്ന നിലയിൽ സകാത്തില്ല. എന്നാൽ വ്യാപാരത്തിനായി വളർത്തിയാൽ വ്യാപാരമുതലിന്റെ സകാത്ത് നൽകണം.

സങ്കരയിനം മൃഗങ്ങൾ

സങ്കരയിനം മൃഗങ്ങളിൽ മാതാവിന്റെ വർഗമാണ് പരിഗണിക്കുന്നത്. മാതാവ് ഉളുഹിയ സാധുവാകുന്ന വർഗത്തിൽപ്പെട്ടതാണെങ്കിൽ സാഇമയുടെ സകാത്ത് ബാധകമാകും. (ഫതാവാ ഹിന്ദിയ്യ 1/178)

ഉളുഹിയക്ക് വേണ്ടി വളർത്തുന്ന മൃഗങ്ങൾ

ഉളുഹിയ ഉദ്ദേശിച്ചാണ് വളർത്തുന്നതെങ്കിൽ അവ സാഇമയല്ല. അതിനാൽ അവയ്ക്ക് സകാത്തില്ല. (അദ്ദുറുൽ മുഖ്താർ 2/275)


പാലിന്റെ സകാത്ത്

പാലിന് പ്രത്യേകം സകാത്തില്ല. എന്നാൽ പാൽ വിറ്റ് ലഭിക്കുന്ന പണം മറ്റ് സകാത്ത് ബാധകമായ സമ്പത്തിനൊപ്പം ചേർത്ത് ഒരു വർഷം കഴിഞ്ഞാൽ 2.5% സകാത്ത് നൽകണം.

സകാത്തായി മൃഗത്തിന് പകരം വില നൽകൽ

സകാത്തായി മൃഗത്തെ തന്നെ നൽകൽ നിർബന്ധമില്ല. അതിന്റെ വിപണിവില നൽകുന്നതും അനുവദനീയമാണ്. പലപ്പോഴും ഇത് സാധുക്കൾക്ക് കൂടുതൽ പ്രയോജനകരമാണ്. (ഫതാവാ ഹിന്ദിയ്യ 1/181)

ഏത് സ്ഥലത്തെ വിലയാണ് കണക്കാക്കേണ്ടത്?

മൃഗം ഉള്ള സ്ഥലത്തെ വിപണിവിലയാണ് പരിഗണിക്കേണ്ടത്. കാട്ടിലോ മരുഭൂമിയിലോ ആണെങ്കിൽ ഏറ്റവും അടുത്ത പട്ടണത്തിലെ വില കണക്കാക്കണം. (അദ്ദുറുൽ മുഖ്താർ 2/285)

സകാത്തായി നൽകേണ്ട മൃഗത്തിന്റെ ഗുണം

നിശ്ചയിച്ച പ്രായത്തിലുള്ള മൃഗങ്ങളിൽ മിതമായ നിലവാരമുള്ളത് നൽകണം. വളരെ മികച്ചതോ വളരെ ക്ഷീണിച്ചതോ നൽകേണ്ടതില്ല. അതേ പ്രായത്തിലുള്ള മൃഗമില്ലെങ്കിൽ കൂടുതൽ വിലയുള്ളത് നൽകി വ്യത്യാസം തിരികെ വാങ്ങുകയോ കുറഞ്ഞ വിലയുള്ളത് നൽകി ബാക്കി വില ചേർക്കുകയോ, അല്ലെങ്കിൽ മുഴുവൻ വില നൽകുകയോ ചെയ്യാം. (അദ്ദുറുൽ മുഖ്താർ 2/286)

വർഷത്തിനിടയിൽ എണ്ണം വർധിച്ചാൽ

ജനനം, വാങ്ങൽ, സമ്മാനം തുടങ്ങിയ കാരണങ്ങളാൽ അതേ വർഗത്തിലുള്ള മൃഗങ്ങളുടെ എണ്ണം വർഷത്തിനിടയിൽ വർധിച്ചാൽ, വർഷാവസാനത്തിൽ എല്ലാം ചേർത്ത് സകാത്ത് കണക്കാക്കണം. എന്നാൽ മറ്റൊരു വർഗത്തിലുള്ള മൃഗങ്ങൾ ചേർക്കരുത്. (അദ്ദുറുൽ മുഖ്താർ 2/288)

വർഷത്തിനിടയിൽ ഉദ്ദേശ്യം മാറിയാൽ

സാഇമ മൃഗങ്ങളെ പിന്നീട് വ്യാപാരമൃഗങ്ങളാക്കുകയോ വ്യാപാരമൃഗങ്ങളെ പിന്നീട് സാഇമ മൃഗങ്ങളാക്കുകയോ ചെയ്താൽ ഉദ്ദേശ്യം മാറിയ ദിവസം മുതൽ പുതിയ ഒരു വർഷം കണക്കാക്കും. പഴയ വർഷത്തിന്റെ കണക്ക് അസാധുവാകും. (അദ്ദുറുൽ മുഖ്താർ 2/276)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment