Wednesday 22 April 2020

ഇമാം ശാഫിഈ (റ) : ജ്ഞാനത്തിന്റെ നിറകുടം




നബി(സ്വ) പറഞ്ഞു: ‘നിങ്ങള്‍ ഖുറൈശികളെ അധിക്ഷേപിക്കരുത്. കാരണം അതിലൊരു പണ്ഡിതന്‍ ഭൂലോകമാസകലം വിജ്ഞാനത്താല്‍ നിറക്കുന്നതാണ്.’ ‘അല്ലാഹുവേ നീ ഖുറൈശിന് സന്‍മാര്‍ഗ പ്രാപ്തി നല്‍കേണമേ, നിശ്ചയം അവരിലൊരു പണ്ഡിതന്‍ ഭൂവിഭാഗങ്ങളെ വിജ്ഞാനത്താല്‍ നിറക്കുന്നതാണ്.’ ‘നിശ്ചയം ഒരു ഖുറൈശി പണ്ഡിതന്‍റെ വിജ്ഞാനം ഭൂതലമാകെ പരക്കുന്നതാണ്’ (കന്‍സുല്‍ ഉമ്മാല്‍).

ഈ ഹദീസുകളിലും സമാനമായ മറ്റു ഹദീസുകളിലും ഒരു ഖുറൈശീ പണ്ഡിതന്‍റെ വിജ്ഞാന വിതരണ സൗഭാഗ്യത്തെകുറിച്ച് വ്യക്തമായ സൂചനകളുണ്ട്. അത് ഇമാം ശാഫിഈ(റ) ആയിരുന്നുവെന്ന് ഇമാം അഹ്മദ്ബ്നു ഹമ്പല്‍(റ) അടക്കമുള്ള പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. മഹാന്‍മാരായ സ്വഹാബിവര്യന്‍മാരാണ് ദീനില്‍ പ്രധാനികള്‍. സ്വഹാബികളെ തുടര്‍ന്ന് വന്നവരില്‍ ഇമാം ശാഫിഈ(റ)ന് മുമ്പ് ഒരു ഖുറൈശി പണ്ഡിതനുണ്ടായിരുന്നില്ല. ശാഫിഈ ഇമാമിലുള്ള വിശേഷണങ്ങളൊത്ത ഒരാള്‍ ഇമാമവര്‍കള്‍ക്ക് മുമ്പോ ശേഷമോ ഉണ്ടായിട്ടില്ല. ഇതിന്‍റെ അടിസ്ഥാനത്തില്‍ മുന്‍ഗാമികളും അല്ലാത്തവരും-ശാഫിഈ മദ്ഹബുകാരല്ലാത്ത പണ്ഡിതരടക്കം-ഹദീസിലെ പരാമൃഷ്ടവ്യക്തി ഇമാം ശാഫിഈ(റ) ആണെന്ന് പറഞ്ഞിട്ടുണ്ട്.

ഈ ഹദീസുദ്ധരിച്ച് സുപ്രസിദ്ധ ഹദീസ്- ഫിഖ്ഹ് പണ്ഡിതനായ അബൂനുഐം അബ്ദുല്‍ മാലിക്ബ്നു മുഹമ്മദ്(റ) പറയുന്നു: ‘ഖുറൈശികളില്‍ പാണ്ഡിത്യം നേടുകയും വിശ്രുതനാവുകയും ചെയ്ത ഒരു മഹാമനുഷ്യനാണ്. ഇതുകൊണ്ടുദ്ദേശമെന്ന് വ്യക്തമാണ്. പണ്ഡിത ലോകം ആ മഹാന്‍റെ ഗ്രന്ഥങ്ങള്‍ പകര്‍ത്തി എഴുതുകയും അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കുകയും വിവരിക്കുകയും ചെയ്തിട്ടുണ്ട്. ഈ മാഹാത്മ്യങ്ങളെല്ലാം ഇമാം ശാഫിഈ(റ)യുടെ വ്യക്തിത്വത്തില്‍ കണ്ടെത്താന്‍ കഴിയും. കാരണം സ്വഹാബികളിലും താബിഉകളിലും ശേഷമുള്ള പണ്ഡിതരിലും ഒരു ഖുറൈശി വംശജനും ഹദീസില്‍ പറഞ്ഞ മാഹാത്മ്യങ്ങള്‍ മേളിച്ചിട്ടില്ല. ഒരു ഖുറൈശി പണ്ഡിതന്‍റെ മദ്ഹബനുസരിച്ച് ഫത്വ നല്‍കുന്നവരും ക്ലാസെടുക്കുന്നവരും രചന നടത്തുന്നവരും ശാഫിഈ ഇമാമല്ലാതെ കാണാന്‍ സാധിക്കില്ല. അതിനാല്‍ ഹദീസില്‍ പരാമര്‍ശിച്ചത് ഇമാം ശാഫിഈ(റ) തന്നെയാണെന്ന് വ്യക്തം.’ ഇമാം ശാഫിഈ(റ) അല്ലാതെ ഖുറൈശി വംശജനായ, ധാരാളം അനുയായികളുള്ള, ഗ്രന്ഥങ്ങളുള്ള, പ്രശസ്തിയുള്ള ഒരു പണ്ഡിതനെ ആര്‍ക്കാണ് ചൂണ്ടിക്കാണിക്കാനാവുക എന്ന് ഇമാം സുബ്കി(റ) ത്വബഖാത്തില്‍ ചോദിക്കുന്നുണ്ട്.

നൂറ്റാണ്ടിന്‍റെ നായകന്‍

ഓരോ നൂറ്റാണ്ടിന്‍റെയും ആദ്യത്തില്‍ അല്ലാഹു മുജദ്ദിദുമാരെ നിയോഗിക്കുമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ‘നിശ്ചയം അല്ലാഹു ഓരോ നൂറ്റാണ്ടിന്‍റെയും ആദ്യത്തില്‍ ഈ സമുദായത്തിന്‍റെ ദീനിബോധവും ദീനിരംഗവും പുത്തനുണര്‍വുള്ളതാക്കാനായി ഒരാളെ നിയോഗിക്കും’ (ഖത്തീബ് 2/61). 


എല്ലാ നൂറ്റാണ്ടുകളുടെയും ആദ്യത്തില്‍ ജനങ്ങള്‍ക്ക് പ്രവാചകചര്യ പഠിപ്പിക്കുകയും നബി(സ്വ) തങ്ങളെക്കുറിച്ച് കള്ളം പ്രചരിപ്പിക്കുന്നത് ഇല്ലായ്മ ചെയ്യുകയും ചെയ്യുന്ന ഒരാളെ അല്ലാഹു പ്രതിനിധിയായി നിശ്ചയിക്കും. നാം നിരീക്ഷിച്ചപ്പോള്‍ ആദ്യ നൂറ്റാണ്ടില്‍ അത് ഉമറുബ്നു അബ്ദുല്‍ അസീസാണ്(റ), രണ്ടാം നൂറ്റാണ്ടില്‍ ഇമാം ശാഫിഈ (റ)യുമാണ്. അതിനാല്‍ തന്നെ ഇമാം അഹ്മദ്ബ്നു ഹമ്പല്‍(റ) തനിക്ക് തെളിവായി ഹദീസ് ലഭിക്കാത്ത വിഷയങ്ങളിലെല്ലാം ‘ഈ വിഷയത്തില്‍ ഇമാം ശാഫിഈ(റ) ഇങ്ങനെ പറഞ്ഞിരിക്കുന്നു’ എന്ന് പറയാറുണ്ടായിരുന്നു.


ജനനം, കുടുംബം

ഹിജ്റ 150 റജബ് ഒടുവിലെ വെള്ളിയാഴ്ച പകലില്‍. ബൈതുല്‍ മുഖദ്ദസില്‍ നിന്നും രണ്ട് മര്‍ഹല അകലെ സ്ഥിതിചെയ്യുന്ന ڇഗസ്സچ എന്ന ഗ്രാമത്തിലാണ് ഇമാം ശാഫിഈ(റ) ജാതനായത്. മഹാനവര്‍കളുടെ മാതാപിതാക്കള്‍ അവിടെ കുടിയേറിയതായിരുന്നു.

നബി(സ്വ)യുടെ മൂന്നാമത്തെ പിതാമഹനായ അബ്ദുമനാഫിലാണ് ഇമാം ശാഫിഈ(റ)യുടെ പിതൃപരമ്പര ചെന്നെത്തുന്നത്. ഉമ്മയുടെ പിതൃ പരമ്പര അലി(റ)യിലും ചെന്നു ചേരുന്നു. അബ്ദുമനാഫ് മകന്‍, മുത്തലിബ് മകന്‍, ഹാശിം മകന്‍, അബ്ദുയസീദ് മകന്‍, ഉബൈദ് മകന്‍, സാഇബ് മകന്‍, ശാഫിഅ് മകന്‍, ഉസ്മാന്‍ മകന്‍, അബ്ബാസ് മകന്‍, ഇദ്രീസ് മകന്‍, ഇമാം ശാഫിഈ(റ). അലി(റ)ന്‍റെ സന്താനപരമ്പരയില്‍പ്പെട്ട ഫാത്വിമ ബിന്‍തു അബ്ദില്ലയാണ് മാതാവ്. അലി(റ) മകന്‍, ഹസന്‍(റ) മകന്‍, മുസന്നാ മകന്‍, ഹസന്‍ മകന്‍, അബ്ദുല്ല മകന്‍, ഫാത്വിമ മകന്‍, ഇമാം ശാഫിഈ(റ).

യൂനുസ്ബ്നു അബ്ദുല്‍ അഅ്ലാ ഇങ്ങനെ പറയാറുണ്ടായിരുന്നു: ‘ഒരു ഹാശിമീ വനിതക്കു പിറന്ന മറ്റൊരു ഹാശിമിയെ ചരിത്രത്തില്‍ അലി(റ)നെയും ശാഫിഈ(റ)യെയുമല്ലാതെ എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല.’ ഇമാം ശാഫിഈ(റ) എല്ലാ ചരിത്ര രചയിതാക്കളുടെയും ഏകോപിത അഭിപ്രായമനുസരിച്ച് ഖുറൈശിയും മുത്തലിബിയുമാണ്.  മുഹമ്മദ് എന്ന് പേരുള്ള ഇമാം പിതാമഹന്‍മാരില്‍പ്പെട്ട ശാഫിഅ് എന്നവരിലേക്ക് ചേര്‍ത്തിയാണ് ശാഫിഈ എന്നറിയപ്പെടുന്നത്.

ഇമാം ശാഫിഈ(റ)യെ ഗര്‍ഭം ധരിച്ച സമയത്ത് മാതാവ് കണ്ട ഒരു സ്വപ്നമുണ്ട്. അതിന് പണ്ഡിതന്‍മാര്‍ നല്‍കിയ വ്യാഖ്യാനം പൂര്‍ണമായി പുലര്‍ന്നതു ചരിത്രം. ഇബ്നു അബ്ദുല്‍ഹകീം പറയുന്നു: ‘ഇമാം ശാഫിഈ(റ)യുടെ മാതാവ് ഗര്‍ഭകാലത്ത് തന്നില്‍നിന്ന് ഒരു നക്ഷത്രം പ്രത്യക്ഷമായതു സ്വപ്നം കണ്ടു. എന്നിട്ടത് ഈജിപ്തില്‍ പൊട്ടിച്ചിതറി. അതില്‍ നിന്നുള്ള  ചീളുകള്‍ അവിടുത്തെ മുഴുവന്‍ പ്രദേശങ്ങളിലും വീണു.  ഈജിപ്തിലെ ജനതക്ക് പ്രത്യേകമായും പിന്നീട് വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന വൈജ്ഞാനിക സേവനം നടത്തുന്ന ഒരു പണ്ഡിതന്‍ പ്രത്യക്ഷപ്പെടാനിരിക്കുന്നു എന്ന് ഈ സ്വപ്നത്തിന് വ്യാഖ്യാനം നല്‍കപ്പെടുകയുണ്ടായി.’

ശാഫിഈ(റ)ന്‍റെ ചരിത്രവും മഹാന്‍ നേടിയ അംഗീകാരവും മദ്ഹബിനുള്ള അംഗീകാരത്തിന്‍റെ തുടര്‍ച്ചയും അനുവര്‍ത്തിക്കുന്നവരിലെ കണിശതയുമാണ്. ഭരണകൂടങ്ങളുടെ സഹായമില്ലാതെ തന്നെ ഇമാം ശാഫിഈ(റ)യുടെ മദ്ഹബ് വ്യാപകമായതിന്‍റെ കാരണങ്ങള്‍ ഇസ്ലാമിക കര്‍മശാസ്ത്ര ചരിത്രമെഴുതിയവരടക്കം വ്യക്തമാക്കിയിട്ടുണ്ട്. സ്വപ്നവ്യാഖ്യാനത്തിലെപ്പോലെ ശാഫിഈ മദ്ഹബിന്‍റെ ഈജിപ്തിലുള്ള സ്വാധീനം ഇടക്കാലത്ത് ശിയാക്കള്‍ ഇല്ലായ്മ ചെയ്തെങ്കിലും സ്വലാഹുദ്ദീന്‍ അയ്യൂബി(റ)യുടെ കാലത്ത് പുനസ്ഥാപിതമായി.


വിശുദ്ധ മക്കയില്‍

പിതാവ് ഇദ്രീസ്(റ)ന്‍റെ മരണാനന്തരം ഗസ്സയില്‍ നിന്നും അസ്ഖലാനിലെത്തിയെങ്കിലും കുടുംബത്തില്‍ നിന്നും ഒറ്റപ്പെട്ട ജീവിതം വിധവയായ ഫാത്വിമ(റ)ക്ക് പ്രയാസകരമായി. തുടര്‍ന്ന് മഹതി കുട്ടിയുമായി മക്കയിലേക്ക് വന്നു. അന്ന് ശാഫിഈ(റ)ക്ക് രണ്ടു വയസ്സായിരുന്നു. മക്കയില്‍ മിനാക്കടുത്ത ഖൈഫ് മലഞ്ചെരുവിലായിരുന്നു അവര്‍ താമസിച്ചത്.

ദരിദ്രയായ ഉമ്മക്ക് ഫീസ് നല്‍കാന്‍ കഴിയാത്തതിനാല്‍ ഗുരുവിന് ആദ്യമാദ്യം ശാഫിഈ(റ)യുടെ കാര്യത്തില്‍ വലിയ താല്‍പര്യമുണ്ടായിരുന്നില്ല. ക്രമേണ മനോഭാവം മാറുകയും ശിഷ്യന്‍റെ ധിഷണ അദ്ദേഹം മനസ്സിലാക്കുകയും ചെയ്തു. തുടര്‍ന്ന് ക്ലാസ് അവസാനിച്ചാല്‍ സഹപാഠികള്‍ക്ക് ക്ലാസെടുക്കാന്‍ ഇമാം ശാഫിഈ(റ)യെ ഉപയോഗപ്പെടുത്തി അദ്ദേഹം.

മനഃപാഠമാക്കുന്നതിലുള്ള ഇമാമിന്‍റെ കഴിവിലും ബുദ്ധിയിലും മതിപ്പ് തോന്നിയ ഗുരുവര്യര്‍ സന്തുഷ്ടനായി. അങ്ങനെ പ്രാഥമിക പാഠശാലയില്‍ തന്നെ അദ്ദേഹം വിദ്യാര്‍ത്ഥിയും അതേസമയം ഗുരുവുമായി. ഇമാം ശാഫിഈ(റ) ഇതേക്കുറിച്ച് പറയുന്നു:ڇ’ഞാന്‍ മാതാവിന്‍റെ സംരക്ഷണയിലായിരുന്നു ജീവിച്ചിരുന്നത്. ഒരു ഗുരുവിന് വേതനം നല്‍കാന്‍ എന്‍റെ ഉമ്മയുടെ അടുത്തൊന്നുമുണ്ടായിരുന്നില്ല. പക്ഷേ ഗുരുവര്യര്‍, എഴുന്നേറ്റാല്‍ പ്രതിനിധിയായി കുട്ടികള്‍ക്ക് ഞാന്‍ ക്ലാസെടുക്കുന്നതില്‍ സംതൃപ്തനായി. ഓത്ത് പള്ളിയില്‍ നിന്നും ഏഴ് വയസ്സായപ്പോള്‍ തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കിയശേഷം മസ്ജിദുല്‍ ഹറാമില്‍ വലിയ പണ്ഡിതന്‍മാരുടെ ദര്‍സുകളില്‍ സംബന്ധിക്കാന്‍ തുടങ്ങി. അവരില്‍ നിന്നും ഹദീസുകളും മതവിധികളും ഞാന്‍ മനഃപാഠമാക്കി.’


വിജ്ഞാന സമ്പാദനം

വിജ്ഞാന സമ്പാദനത്തില്‍ അതീവ തല്‍പരനായിരുന്നു ഇമാം ശാഫിഈ(റ). പ്രധാന ശിഷ്യനായ ഇമാം മുസ്നി(റ) വിവരിച്ച ഒരു സംഭവം ഇമാം റാസി(റ) മനാഖിബില്‍ ഉദ്ധരിച്ചിട്ടുണ്ട്:ڇ’വിജ്ഞാനത്തോട് അങ്ങയുടെ ആഗ്രഹം എങ്ങനെയാണ് എന്ന ചോദ്യത്തിന് ഇമാം ശാഫിഈ(റ) മറുപടി നല്‍കി: ഞാന്‍ കേള്‍ക്കാത്ത വല്ലതും പുതുതായി കേള്‍ക്കുമ്പോള്‍, എന്‍റെ അവയവങ്ങള്‍ക്കും ചെവികളുണ്ടായിരുന്നെങ്കില്‍ എന്നു ഞാനാഗ്രഹിക്കും. അങ്ങനെയായാല്‍ എന്‍റെ രണ്ട് കാതുകള്‍ക്കുണ്ടാകുന്ന ആസ്വാദ്യത അവയ്ക്കും ലഭിക്കുമല്ലോ. ഇല്‍മിനോട് അങ്ങയുടെ അത്യാഗ്രഹം എങ്ങനെ എന്ന ചോദ്യത്തിന്, അറുപിശുക്കനായ ഒരു ധന സമ്പാദകന് സമ്പത്തിന്‍റെ വിഷയത്തിലുള്ള അത്യാര്‍ത്തി പോലെയാണ് എന്നായിരുന്നു മറുപടി. അത് തേടിപ്പിടിക്കുന്നതില്‍ അങ്ങ് എങ്ങനെ ഇടപെടുമെന്ന ചോദ്യത്തിന്, ഏക സന്താനം മാത്രമുള്ള ഒരു ഉമ്മ ആ കുട്ടിയെ കാണാതായാല്‍ എങ്ങനെ തിരയുമോ അത് പോലെ എന്നായിരുന്നു മറുപടി.

വിജ്ഞാന സമ്പാദനത്തോടൊപ്പം അമ്പെയ്ത്തും അദ്ദേഹത്തിന് താല്‍പ്പര്യമായിരുന്നു. മുസ്‌ലിം(റ)ന്‍റെ ഗുരുവര്യരായ അംറുബ്നു സവ്വാദ്(റ) പറയുന്നു: ‘ശാഫിഈ ഇമാം എന്നോടിങ്ങനെ പറഞ്ഞു. എനിക്ക് രണ്ട് കാര്യങ്ങളില്‍ അതീവ താല്‍പ്പര്യമാണ്. അമ്പെയ്ത്തിലും വിജ്ഞാന സമ്പാദനത്തിലും. അങ്ങനെ അമ്പെയ്ത്തില്‍ പത്തില്‍ പത്തും ലക്ഷ്യം പ്രാപിക്കുന്നവിധം ഞാന്‍ അത്നേടി. എന്നാല്‍ വിജ്ഞാനത്തിന്‍റെ കാര്യത്തിലെവിടെയെത്തി എന്നദ്ദേഹം പറഞ്ഞില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു: അല്ലാഹു സത്യം, അങ്ങ് അമ്പെയ്ത്തില്‍ പ്രാപിച്ചതിനേക്കാള്‍ ഉന്നതി വിജ്ഞാനത്തിലും നേടിയിരിക്കുന്നു.


സാഹിത്യരംഗം

ഇമാം ശാഫിഈ(റ) ചെറുപ്പത്തില്‍ തന്നെ അറബി സാഹിത്യത്തിലും താല്‍പ്പര്യം കാണിച്ചിരുന്നല്ലോ. മതപരമായ വിജ്ഞാന സമ്പാദത്തിനിടയിലും നീണ്ട ഇരുപത് വര്‍ഷത്തോളം അതില്‍ നല്ല താല്‍പര്യം കാണിച്ചിരുന്നു ڇഞാന്‍ അറബ്ഗ്രാമാന്തരങ്ങളില്‍ 20 വര്‍ഷം താമസിച്ചു. അവരുടെ കവിതകളും ഭാഷാപ്രയോഗങ്ങളും വശത്താക്കി. വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയപ്പോള്‍ അതിലെ ഒരു ആയത്തിന്‍റെയും ആശയമറിയാത്തതായി എനിക്കുണ്ടായിരുന്നില്ല. ഖുര്‍ആന്‍ പഠിക്കുന്ന കാലത്തും ശേഷവുമായി അറബി ഭാഷയില്‍ താന്‍ നേടിയ വ്യുല്‍പ്പത്തി കാരണം ഖുര്‍ആനികാശയങ്ങള്‍ എനിക്ക് ലഭ്യമായി എന്നാണ് ഇതിലൂടെ അദ്ദേഹം വ്യക്തമാക്കുന്നത്.

ഹുദൈല്‍ ഗോത്രത്തിന്‍റെ കവിത പൂര്‍ണമായും അദ്ദേഹം മനഃപാഠമാക്കിയിരുന്നു. ഇറാഖിലെ സുപ്രസിദ്ധ ഭാഷാ പണ്ഡിതനും അറബ് കവിതകളുടെ ക്രോഡീകര്‍ത്താവുമായ അബൂസഈദില്‍ ഇസ്വ്മഈ അടക്കമുള്ളവര്‍ ഇമാം ശാഫിഈ(റ)ല്‍ നിന്നും അറബികളുടെ കവിത ശേഖരിച്ചിട്ടുണ്ട്. ശാഫിഈ(റ)യെ ഇറാഖില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ ഹുദൈല്‍ കവിതകളും (ജാഹിലിയ്യത്തിലും ഇസ്ലാമിലും അനേകം കവികളുണ്ടായിരുന്ന ഒരു അദ്നാനീ കുടുംബമാണ് ഹുദൈല്‍) ശന്‍ഫറി കവിതകളും (ശന്‍ഫറി സുപ്രസിദ്ധനായ ഒരു ജാഹിലി അറബി കവിയാണ്. ലാമിയ്യത്തുല്‍ അറബ് എന്ന കവിതാ സമാഹാരം അദ്ദേഹത്തിന്‍റേതാണ്). അദ്ദേഹത്തില്‍ നിന്ന് പഠിക്കുകയുണ്ടായെന്ന് ഇസ്വ്മഇ പറഞ്ഞിട്ടുണ്ട്. കൂഫയിലെയും ബഗ്ദാദിലെയും ഭാഷാ വ്യാകരണ പണ്ഡിതനേതാക്കളായ സഅ്ലബും മുബര്‍റദും ഇമാം ശാഫിഈ(റ)യുടെ ഭാഷയെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്: ‘ഇമാം ശാഫിഈ(റ)യുടെ വാക്കുകള്‍ ഭാഷയില്‍ തെളിവാക്കാനര്‍ഹതയുള്ളതാകുന്നു. അദ്ദേഹം ഭാഷയുടെ ഒരു കേദാരം തന്നെയാണ്. അദ്ദേഹത്തില്‍ നിന്നും ഭാഷ പഠിക്കേണ്ടിയിരിക്കുന്നു. മറിച്ച് അദ്ദേഹത്തിനെതിരെ ഭാഷയെ കൂട്ടുപിടിക്കാനാവില്ല.’


വഴിത്തിരിവ്

ഇമാം ശാഫിഈ(റ) പ്രാഥമിക ഖുര്‍ആന്‍ പഠനത്തിനു ശേഷമുള്ള ആദ്യകാലത്ത് മതവിജ്ഞാന സമ്പാദനത്തിലേക്ക് പൂര്‍ണമായി ശ്രദ്ധ തിരിച്ചിരുന്നില്ല. അറബികവിതകള്‍ പാടുന്നതിനും അറബ് ജീവിതത്തിലെ പൂര്‍വകാല സമരചരിത്രം പഠിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും സമയം കണ്ടെത്തി. ഇതില്‍ നിന്ന് ഇമാം ശാഫിഈ(റ) ഫിഖ്ഹ് പഠനത്തിലേക്ക് കൂടുതല്‍ ശ്രദ്ധതിരിക്കുന്നതിന് പ്രേരകമായ ചില സാഹചര്യങ്ങള്‍ ഉദ്ധരിക്കപ്പെട്ടു കാണാം. അബ്ദുല്ലാഹിസ്സ്വബ്രി(റ)യുടെ പിന്നിലിരുന്ന് ഇമാം ശാഫിഈ(റ) സവാരി നടത്തുകയായിരുന്നു. ഇമാമവര്‍കള്‍ ചില അറബികവിതകള്‍ ചൊല്ലി. ഇത് കേട്ട സഹയാത്രികന്‍ തന്‍റെ കയ്യിലെ ചാട്ടകൊണ്ട് ഇമാമിനെയൊന്ന് തട്ടിയിട്ട് പറഞ്ഞു:ڇഇത് പോലെയുള്ളത് പാടി താങ്കളെപോലുള്ളവര്‍ മാന്യത കളയുകയോ? നിനക്ക് ഫിഖ്ഹ് എന്തറിയാം? ഈ ചോദ്യം ഇമാമിനെ ശക്തമായി സ്വാധീനിച്ചു.

മറ്റൊരിക്കല്‍ മിനാകുന്നുകളില്‍ നിന്ന് ലബീദ് എന്ന അറബിക്കവിയുടെ കവിതകള്‍ ചൊല്ലിക്കൊണ്ടിരിക്കെ പിന്നില്‍ നിന്ന് അദ്ദേഹത്തിന് കാണാനാവാത്ത ഒരാള്‍ ഒന്നു പ്രഹരിച്ചിട്ട് പറഞ്ഞു: ഖുറൈശിയും മുത്വലിബിയുമായ, ഒരധ്യാപകനായിത്തീരുന്നതില്‍ ദീനിനും ദുന്‍യാവിനും ഗുണമുള്ള ഒരാള്‍. എന്താണീ കവിതയും ചൊല്ലി നടക്കുന്നത്? കവിതയില്‍ നീ വ്യുല്‍പത്തി നേടിയില്ലേ? ഇനിയൊരു ഗുരുവിനെ സമീപിച്ച് ഫിഖ്ഹ് പഠിക്കണം. അല്ലാഹു നിനക്ക് നല്ല വിജ്ഞാനം നല്‍കും.’ മറക്ക് പിന്നില്‍നിന്നുള്ള ഈ സംസാരം അദ്ദേഹത്തെ തന്നെ ഗുണപരമായി സ്വാധീനിച്ചു, പ്രതിഫലിച്ചു. ഉടനെ മക്കയിലേക്ക് മടങ്ങി.

ഇമാം ശാഫിഈ(റ) പറയുന്നു: ‘ഞാന്‍ വ്യാകരണവും സാഹിത്യവും പഠിച്ച്കൊണ്ടിരിക്കെ മസ്ജിദുല്‍ ഹറാമിലെ ഗുരുവര്യനായിരുന്ന മുസ്‌ലിമുബ്നു ഖാലിദിസ്സന്‍ജി(റ)യെ കണ്ടുമുട്ടി. അദ്ദേഹം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു: നീ എവിടത്തുകാരനാണ്?


‘ഞാന്‍ മക്കക്കാരനാണ്.’

നിന്‍റെ വീട് എവിടെ?

‘ഖൈഫ് മലഞ്ചെരുവില്‍’

ഏതാണു ഗോത്രം?

‘ഞാന്‍ അബ്ദുമനാഫിന്‍റെ സന്തതികളില്‍പ്പെട്ടവനാണ്.’

‘സന്തോഷം, അല്ലാഹു നിന്നെ ഈ ലോകത്തും പരലോകത്തും ഉന്നതാനക്കട്ടെ. ഈ ഗ്രാഹ്യ ശേഷി നിനക്ക് ഫിഖ്ഹ് പഠനത്തിലാക്കിക്കൂടേ? അതാണ് നിനക്കേറെ ഉത്തമം.’

അതേത്തുടര്‍ന്ന് ഞാന്‍ മസ്ജിദുല്‍ ഹറാമിലെ ദര്‍സിലും പണ്ഡിത പ്രമുഖരുടെ സദസ്സിലും സംബന്ധിച്ചു. ഫിഖ്ഹും ഹദീസും പഠിച്ചു. ഇമാം മാലിക്ക്(റ)വിന്‍റെ മുവത്വ പത്താം വയസ്സില്‍ തന്നെ ഹൃദിസ്ഥമാക്കിയിരുന്നു. ഇത് ഇമാം മാലിക്കി(റ)നെ കണ്ട് ശിഷ്യത്വം സ്വീകരിക്കുന്നതിനു മുമ്പായിരുന്നു.


ദുരിതജീവിതം

അനാഥത്വവും ദാരിദ്ര്യവും മഹാനവര്‍കളുടെ ബാല്യകാലം ദുരിതമയമാക്കി. വിദ്യാഭ്യാസ കാലത്തെത്യാഗപൂര്‍ണമായ അവസ്ഥ ഇമാം അനുസ്മരിക്കുന്നു: ‘ഞാന്‍ മസ്ജിദുല്‍ ഹറാമിലെ പണ്ഡിതരുടെ സദസ്സുകളില്‍ സംബന്ധിക്കും. അവരുടെ ക്ലാസുകളും ഹദീസ് വിവരണവും ഞാന്‍ മനഃപാഠമാക്കും. അതെഴുതി വെക്കാനായി എന്തെങ്കിലും വസ്തുക്കള്‍ അന്വേഷിച്ചപ്പോള്‍ മാംസാവശിഷ്ടങ്ങളില്ലാത്ത വൃത്തിയുള്ള എല്ലുകള്‍ ലഭിച്ചു. അങ്ങനെ ഞാനതില്‍ ഹദീസുകളും മസ്അലകളും എഴുതി വെക്കുമായിരുന്നു. പഴയ വലിയൊരു ചാക്കുണ്ടായിരുന്നു ഞങ്ങള്‍ക്ക്. എഴുതിത്തീര്‍ന്ന എല്ലുകള്‍ ഞാനതില്‍ നിക്ഷേപിച്ചിരുന്നു. സര്‍ക്കാറാഫീസുകളുടെ സമീപത്ത് ചെന്ന് എഴുതുവാനുള്ള എല്ലുകള്‍ ശേഖരിച്ചിരുന്നു (ഭരണകൂടത്തിന്‍റെ മാംസവിതരണ കേന്ദ്രത്തില്‍ കശാപ്പ് ചെയ്യുന്ന മൃഗങ്ങളുടെ മുതുകിലെ എല്ലായിരുന്നു ശേഖരിച്ചിരുന്നത്. ഓഫീസില്‍ നിന്ന് വലിച്ചെറിയുന്ന പേപ്പറുകള്‍ എന്നും ചിലരെഴുതിക്കാണാം.

‘കയ്യിലൊന്നുമില്ലാത്ത കാലത്താണ് ഞാന്‍ മതവിദ്യ തേടുന്നത്. മഹാപണ്ഡിതന്‍മാരുടെ അടുത്ത് ഞാനിരിക്കും. അവര്‍ ക്ലാസെടുക്കുന്നത് ഞാന്‍ മനഃപാഠമാക്കുക (പറയുന്ന വേഗത്തില്‍ മനഃപാഠമാക്കല്‍ എളുപ്പമല്ലല്ലോ). പിന്നെ അത് രേഖപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചു. എല്ലുകളിലും തോലുകളിലുമായിരുന്നു ഞാന്‍ എഴുതിയിരുന്നു.


മദീനയില്‍

മക്കയിലെ പഠനം തുടര്‍ന്നു കൊണ്ടിരിക്കെ മദീനയില്‍ ചെന്ന് ഇമാം മാലിക്(റ)യുടെ ശിഷ്യത്വം സ്വീകരിച്ചു. മുവത്വ മനഃപാഠമുണ്ടായിരുന്നെങ്കിലും ഇമാം മാലിക്(റ)യെ സമീപിക്കുമ്പോള്‍ അത് നല്ല നിലയില്‍ തന്നെ മാനഃപാഠമായിട്ടുണ്ടെന്നുറപ്പ് വരുത്താന്‍ മഹാന്‍ തീരുമാനിച്ചു. ഒരു മുവത്വ സംഘടിപ്പിച്ച് മനഃപാഠത്തിന് കൃത്യതയും കണിശതയും വരുത്തി. നേരത്തെ ഒമ്പത്ദിവസം കൊണ്ടാണ് മുവത്വ മനഃപാഠമാക്കിയിരുന്നത്.

മദീനയില്‍ ചെന്ന് ഇമാമവര്‍കളെ സമീപിച്ച്  മുവത്വ കേള്‍ക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അപ്പോള്‍ ‘നിനക്ക് മുവത്വ ഓതിത്തരാന്‍ അത് അറിയുന്ന മറ്റൊരാളെ കണ്ടെത്തുകയാണ് നല്ലത്’ എന്നദ്ദേഹം പറഞ്ഞു. അപ്പോള്‍ ഇമാം ശാഫിഈ(റ) പറഞ്ഞു: എങ്കില്‍ ഞാന്‍ വായിക്കുന്നത് അങ്ങ് കേള്‍ക്കണം. അങ്ങേക്ക് പ്രയാസമില്ലെങ്കില്‍ ഞാന്‍ തന്നെ ഓതിക്കൊള്ളാം. അപ്പോഴും അദ്ദേഹം പറഞ്ഞു; നിനക്കോതിത്തരാന്‍ മറ്റൊരാളെ കണ്ടെത്തിക്കൂടേ? ശാഫിഈ(റ) ആവര്‍ത്തിച്ചാവശ്യപ്പെട്ടപ്പോള്‍ മാലിക്(റ) പറഞ്ഞു: വായിക്ക്. അങ്ങനെ ശാഫിഈ ഇമാം മുവത്വ വായിച്ചു തീര്‍ത്തു. ഇമാം മാലിക്(റ) കേള്‍ക്കുകയും ആശീര്‍വദിക്കുകയും ചെയ്തു.

ശാഫിഈ(റ)യുടെ പ്രതിڅാവിലാസം തിരിച്ചറിഞ്ഞ ഇമാം മാലിക്(റ) അദ്ദേഹത്തോടിങ്ങനെ പറഞ്ഞു: നീ അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കണം. ദോഷങ്ങള്‍ വര്‍ജ്ജിക്കണം. നിനക്ക് നല്ല ഭാവിയുണ്ട്. അല്ലാഹു നിന്‍റെ ഹൃദയത്തില്‍ അവന്‍റെ പ്രകാശത്തെ നിക്ഷേപിച്ചിട്ടുണ്ട്, കുറ്റങ്ങള്‍കൊണ്ട് നീ അതിനെ കെടുത്തിക്കളയരുത്.

മദീനയിലെ ജീവിതം ഏറെ അഭിമാനകരമായ കാലഘട്ടമായിരുന്നുവെന്ന് ഇമാം പറഞ്ഞിരുന്നു. മറ്റു പണ്ഡിതരില്‍ നിന്നും അദ്ദേഹം വിവിധ വിജ്ഞാനശാഖകളില്‍ അവഗാഹം നേടുകയുണ്ടായി.

യമനിലേക്ക്

പതിനഞ്ച് വയസ്സായപ്പോള്‍ ഫത്വ നല്‍കാനുള്ള യോഗ്യത നേടുകയും ഉസ്താദ് മുസ്‌ലിമുബ്നു ഖാലിദുസ്സന്‍ജി(റ) ഫത്വക്കനുമതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് മദീനയില്‍ നിന്നു മക്കയിലേക്ക് തന്നെ തിരിച്ചു വന്നു. ആ സമയം വിശുദ്ധഹജ്ജ് കര്‍മത്തിനെത്തിയ യമനിലെ ഭരണാധികാരിക്കൊപ്പം യമനിലേക്ക് പോയി. അവിടത്തെ ഹ്രസ്വകാല ജീവിതത്തിനിടയില്‍ യമനീ പണ്ഡിതന്മാരില്‍ നിന്ന് വിജ്ഞാനം നേടാനുള്ള അവസരം മഹാനവര്‍കള്‍ ഭംഗിയായി ഉപയോഗപ്പെടുത്തി.

ഇറാഖില്‍

ബാഗ്ദാദിലെത്തിയ മഹാനവര്‍കള്‍ അവിടത്തെ വാസം വിജ്ഞാനസമ്പാദനത്തിനായി ഉപയോഗപ്പെടുത്തി. ഹാറൂന്‍ റഷീദിന്‍റെ ദര്‍ബാറിലെ സുപ്രസിദ്ധ ഹനഫീ പണ്ഡിതന്‍ മുഹമ്മദുബ്നുല്‍ ഹസന്‍ തുടങ്ങിയവരില്‍ നിന്നു ധാരാളം ഹദീസുകളും ഫിഖ്ഹ്വിജ്ഞാനങ്ങളും നേടി. പണ്ഡിതരുമായി സംവദിച്ചും ചര്‍ച്ച ചെയ്തും തന്‍റെ വിജ്ഞാന ഭണ്ഡാരം കൂടുതല്‍ സമ്പന്നമാക്കി. ഇറാഖ് യാത്ര യാദൃച്ഛികമായിരുന്നതിനാല്‍ തന്നെ അന്നാട്ടിലെ വിജ്ഞാന സമ്പത്തിലുള്ള അതിയായ മോഹം മനസ്സില്‍ ബാക്കിവെച്ചാണ് മഹാന്‍ മക്കയിലേക്ക് മടങ്ങിയത്.


മക്കയില്‍

മക്കയില്‍ തിരിച്ചെത്തിയ ഇമാം ശാഫിഈ(റ)ക്ക് വിശ്രമമില്ലാത്ത നാളുകളായിയിരുന്നു. ഹിജ്റ 195-ല്‍ ഇറാഖിലേക്കുള്ള രണ്ടാം യാത്രവരെയുള്ള നീണ്ടകാലയളവ് വൈജ്ഞാനിക സേവനത്തിലും ക്രോഡീകരണത്തിലും വിനിയോഗിച്ചു. ഇമാം അഹ്മദ്ബ്നു ഹമ്പല്‍(റ) ഇമാം ശാഫിഈ(റ)യുടെ ശിഷ്യത്വം സ്വീകരിക്കുന്നത് ഇക്കാലത്താണ്. അദ്ദേഹം മറ്റു പ്രഗല്‍ഭരായ പണ്ഡിതന്മാരുടെ ദര്‍സ് ഒഴിവാക്കി ഇമാം ശാഫിഈ(റ)യുടെ ദര്‍സില്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ സുഫ്യാനുബ്നു ഉയൈന(റ) ‘അതാ പള്ളിയുടെ ഒരുڅഭാഗത്ത് ഹദീസ് വിവരിക്കുന്നുണ്ടല്ലോ, എന്നിട്ടെന്താ നിങ്ങളിവിടെ?’ എന്ന് ചോദിക്കുകയുണ്ടായി. അഹ്മദ്(റ) അതിന് മറുപടി പറഞ്ഞതിങ്ങനെയാണ്: ഇദ്ദേഹത്തെ ഇനി ലഭിച്ചെന്നുവരില്ല, എന്നാല്‍ മറ്റെ പണ്ഡിതനെ ഇനിയും ലഭിക്കും.’ ഇമാം ശാഫിഈ(റ)യുടെ വാഹനത്തിന് പിറകെ നടക്കുകയായിരുന്ന അഹ്മദ്(റ)നോട് യഹ്യബ്നു മഈന്‍(റ) താങ്കളെന്താണീ ചെയ്യുന്നത്? എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ‘ഇമാം ശാഫിഈ(റ)യുടെ കഴുതയുടെ കൂടെ നടന്നാല്‍ പോലും എനിക്കുപകാരം കിട്ടും’ എന്നായിരുന്നു.

വേറെയും ധാരാളം പ്രഗത്ഭര്‍ മക്കാവാസകാലത്ത് മഹാനവര്‍കളില്‍ നിന്നും വിജ്ഞാനം നുകര്‍ന്നിട്ടുണ്ട്. മക്കയില്‍ മസ്ജിദുല്‍ ഹറാമില്‍ ഇമാം ശാഫിഈ(റ)യുടെ മജ്ലിസ് വിജ്ഞാന ദാഹികളാല്‍ നിബിഡമായിരുന്നു.


യാത്രകള്‍

മക്കയില്‍ നിന്ന് അദ്ദേഹം വീണ്ടും ഇറാഖിലേക്ക് പോയി. രണ്ട് വര്‍ഷത്തോളം അവിടെ താമസിച്ചു. ശേഷം മക്കയിലേക്ക് തന്നെ മടങ്ങി. വീണ്ടും ഇറാഖിലേക്ക് തിരിച്ചു. മാസങ്ങള്‍ മാത്രം അവിടെ തങ്ങി മക്കയില്‍ വന്നു. തുടര്‍ന്ന് ഈജിപ്തിലേക്ക് യാത്രയായി. വഫാതാകുന്നത് വരെ അവിടെയാണ് കഴിഞ്ഞത്.

ഇമാമവര്‍കളുടെ സഞ്ചാരകഥകള്‍ പ്രസിദ്ധമാണ്. വിജ്ഞാന സമ്പാദനത്തിനും വിതരണത്തിനും പണ്ഡിത വിശാരദരുമായി നേരില്‍ സന്ധിക്കുന്നതിനുമായി നടത്തിയ യാത്രകള്‍ ത്യാഗോജ്ജ്വലമായിരുന്നു. എത്തിയ സ്ഥലങ്ങളിലെല്ലാം പണ്ഡിതന്മാരെ കണ്ടെത്തി ശിഷ്യത്വവും അംഗീകാരവും നേടുക പതിവായിരുന്നു. എല്ലാ സ്ഥലത്തും അദ്ദേഹത്തിന്‍റെ ദര്‍സുകള്‍ ശ്രവിക്കാന്‍ ധാരാളം വിജ്ഞാനകുതുകികളെത്തി. ഇബ്റാഹീമുല്‍ ഹര്‍ബി പറയുന്നു: ‘ഇമാം ശാഫിഈ(റ) ബഗ്ദാദിലെത്തുന്ന സന്ദര്‍ഭത്തില്‍ അവിടുത്തെ പ്രസിദ്ധമായ ജുമുഅ മസ്ജിദില്‍ 24 വിജ്ഞാന സദസ്സുകളുണ്ടായിരുന്നു. ഒരാഴ്ച കൊണ്ട് മൂന്നോ നാലോ അല്ലാത്ത സദസ്സുകളെല്ലാം നിന്നുപോയി. എല്ലാവരും ശാഫിഈ ഇമാമിന്‍റെ ദര്‍സില്‍ ലയിച്ചു.

ഗുരുവര്യര്‍

ഇമാം ശാഫിഈ(റ)യുടെ വിജ്ഞാന ദാഹം സുവിദിതമാണ്. വിവിധ രാജ്യങ്ങളില്‍ വിജ്ഞാന വിശാരദന്മാരെ സമീപിച്ച് എല്ലാവിഷയത്തിലും അവഗാഹം നേടി അദ്ദേഹം. ഇമാമുദാറില്‍ ഹിജ്റ ഇമാം മാലിക്(റ), മുസ്‌ലിമുസ്സിന്‍ജി, സുഫ്യാനുബ്നു ഉയൈയ്ന, മുഹമ്മദ്ബ്നു ഹസന്‍(റ) തുടങ്ങിയ വിശ്വപണ്ഡിതര്‍ തുടങ്ങി ഗ്രാമീണ, ഗിരിവാസികള്‍ അടക്കം വിവരമുള്ളവരില്‍ നിന്നൊക്കെ അദ്ദേഹം വിജ്ഞാനം സമ്പാദിക്കുകയുണ്ടായി. എത്തിപ്പെടുന്ന നാടുകളിലെ പ്രഗല്‍ഭമതികളുടെയെല്ലാം ശിഷ്യത്വം നേടി.

മുസ്‌ലിമുസ്സിന്‍ജി(റ), സുഫ്യാനുബ്നു ഉയൈന എന്നിവര്‍ക്കു പുറമെ സഈദ് ബ്നു സാലിമില്‍ ഖദ്ദാഹ്(റ), ദാവൂദ് ബ്നു അബ്ദുറഹ്മാനുല്‍ അത്ത്വാര്‍, അബ്ദുല്‍ ഹമീദ്ബ്നു അബ്ദുല്‍ അസീസുബ്നു അബീദാവൂദ് തുടങ്ങിയവരും മക്കയിലെ ഗുരുനാഥരാണ്. മാലിക് (റ)വിന് പുറമെ ഇബ്റാഹീമുബ്നു സഈദില്‍ അന്‍സാരി, സഈദ്ബ്നു അബീ ഫുദൈക്ക്, അബ്ദുല്ലാഹിബ്നു നാഫിഉസ്സ്വാഇഗ് തുടങ്ങിയവര്‍ മദീനയിലെ ഗുരുവര്യന്മാരാണ്. മുത്വ്രിഫ് ബ്നു മാസിന്‍, സന്‍ആയിലെ ഖാളിയായ ഹിശാമുബ്നു യൂസുഫ്, ഉമറുബ്നു അബൂ സലമ, യഹ്യബ്നു ഹസന്‍ തുടങ്ങിയവര്‍ യമനിലെയും മുഹമ്മദ്ബ്നുഹസന്‍(റ)ക്ക് പുറമെ വകീഉബ്നുല്‍ ജര്‍റാഹ് അല്‍ കൂഫി, അബൂ ഉസാമ ഹമ്മാദ്ബ്നു ഉസാമ അല്‍ കൂഫി, ഇസ്മാഈലുബ്നു അത്വിയ്യതില്‍ ബസ്വരി, അബ്ദുല്‍ വഹ്ഹാബ് ബ്നു അബ്ദുല്‍ മജീദുല്‍ ബസ്വരി തുടങ്ങിയവര്‍ ഇറാഖിലെയും ഗുരുനാഥരാണ്. ഓരോ വിജ്ഞാന ശാഖയിലും വ്യുല്‍പത്തി നേടിയവരെ ആ വിഷയത്തില്‍ ഗുരുനാഥന്മാരാക്കി സ്വീകരിക്കുകയായിരുന്നു ഇമാം ശാഫിഈ(റ). എന്നാല്‍ ഉസ്താദുമാരുടെ നിരീക്ഷണങ്ങളോട്  എല്ലാറ്റിനോടും മഹാനവര്‍കള്‍ യോജിച്ചിരുന്നില്ല.


സുഫ്‌യാനു ബ്‌നു ഉയൈന (റ) നിന്നാണ് ഹദീസ് വിജ്ഞാനത്തില് അവഗാഹം നേടുന്നത്. പിന്നീട് ഓരോ നിമിഷവും ഖുര്ആനിന്റെയുംഹദീസിന്റെയും ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങി ഗവേഷണാത്മകമായ ജീവിതം നയിച്ചു. അങ്ങനെ, ദശകങ്ങളോളംതുടര്ന്ന ദാര്ശനിക പര്യവേക്ഷണത്തില്നിന്നും ഉരുതിരിഞ്ഞ കര്മശാസ്ത്ര സരണിയാണ് ശാഫിഈ മദ്ഹബ്. ഇമാമുകളുമായി അഭിപ്രായാന്തരമുള്ള ഏതു വിഷയത്തിലും വലിയ സൂക്ഷ്മത അദ്ദേഹം പ്രകടിപ്പിച്ചു.


ശാഫിഈ മദ്ഹബിന്റെ ഇമാമായ മഹാനവറുകൾ ആ മദ്ഹബില് പ്രസിദ്ധമായ പല ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. പ്രധാനമായും കർമ്മശാസ്ത്രത്തിലാണ് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള് വിരചിതമായത്. 
ഉമ്മ്, അമാലില്കുബ്‌റ,ജലാഉസ്സഗീര്, മുഖ്ത്വസറുല്ബുല്ഖൈനി, മുഖ്ത്വസറുല്ബുവൈഥി, മുഖ്ത്വസറുല്മുസ്‌നി, മുഖ്ത്വസറുല്റബീഅ് എന്നിവയാണ് കൃതികൾ.


ഇമാം ബൈഹഖി (റ) അബൂബകറില്‍ ഇസ്റമില്‍ (റ) നിന്ന് നിവേദനം. അവര്‍ പറഞ്ഞു: “ഇമാം ശാഫിഈ (റ) ഹദീസ് പണ്ഢിതനായിരുന്നുവോ? എന്ന് ഞാന്‍ അഹ്മദ്ബ്നു ഹമ്പലി (റ) നോട് ചോദിച്ചു. അവിടുന്നുള്ള മറുപടി ഇപ്രകാരമായിരുന്നു. അല്ലാഹുവാണ് സത്യം. ഇമാം ശാഫിഈ (റ) ഹദീസ് പണ്ഢിതന്‍ തന്നെയാണ്”. (ബയാന്‍ ഖ്വത്വഇ മന്‍ അഖ്വ്ത്വഅ അലശ്ശാഫിഈ: പേ:97).

എന്നാല്‍ ഇമാം ബുഖാരി(റ) യും മുസ്ലിമും (റ) അവരുടെ സ്വഹീഹുകളില്‍ ഇമാം ശാഫിഈ (റ) യില്‍ നിന്ന് എന്തു കൊണ്ടാണ് ഹദീസുകളുദ്ധരിക്കാതിരുന്നത്? എന്ന സംശയത്തിനുള്ള മറുപടി ഖത്വീബുല്‍ ബഗ്ദാദി (റ) യില്‍ നിന്ന് ദഹബി ഉദ്ധരിക്കുന്നു. അതിന്റെ രത്നച്ചുരുക്കം ഇങ്ങനെയാണ്.

ഇമാം ശാഫിഈ (റ) യില്‍ നിന്ന് ഇമാം ബുഖാരി (റ) ഹദീസുകളുദ്ധരിക്കാതിരുന്നത് ഇമാം ശാഫിഈ (റ) അയോഗ്യനാണെന്ന് വെച്ചല്ല. ഇമാം ശാഫിഈ (റ) യെക്കാള്‍ പ്രായം കൂടിയവരെ ഇമാം ബുഖാരി (റ) കണ്ടിട്ടുണ്ട്. ഉബൈദുല്ലാഹിബ്നു മൂസ, ഇബ്നു ആസ്വിം (റ) തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. ഇവരെല്ലാമാണെങ്കില്‍ താബിഉകളില്‍ നിന്ന് തന്നെ നേരെ ഹദീസുകള്‍ കേട്ടവരാണ്. എന്നാല്‍ ഇമാം ശാഫിഈ (റ) യുമായി ഇമാം ബുഖാരി (റ) കണ്ടുമുട്ടിയിട്ടുമില്ല. എങ്കിലും ഇമാം ശാഫിഈ (റ) യുടെ ഉസ്താദുമാരില്‍ നിന്ന് ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. അപ്പോള്‍ പിന്നെ ഒരുപടി ഇറങ്ങിക്കൊണ്ട് ആ ഹദീസുകള്‍ ഇമാം ശാഫിഈ (റ) വഴിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട ആവശ്യം ഇമാം ബുഖാരി (റ) ക്ക് നേരിട്ടില്ല” (സിയറ്: വാ:10,പേ:96).

ഇമാം സുബ്കി (റ) പറയുന്നു:: “സഅ്ഫറാനി, അബൂസൌറ്, കറാബസി (റ) തുടങ്ങിയവരില്‍ നിന്ന് ഇമാം ബുഖാരി (റ) ഹദീസുകള്‍ കേട്ടിട്ടുണ്ട്. ഉമൈദി (റ) യില്‍ നിന്നാണ് ഇമാം ബുഖാരി (റ) ഫിഖ്ഹ് പഠിച്ചത്. ഇപ്പറഞ്ഞവരെല്ലാമാണെങ്കില്‍ ഇമാം ശാഫിഈ( റ) യുടെ അസ്വ്ഹാബുകളാണ്. എന്നാല്‍ ഇമാം ശാഫിഈ (റ) യില്‍ നിന്ന് തന്റെ സ്വഹീഹില്‍ ഹദീസുകളുദ്ധരിച്ചില്ല. 

ഇമാം ശാഫിഈ( റ) യുടെ കാലക്കാരുമായി ഇമാം ബുഖാരി (റ) നേരില്‍ കണ്ടുമുട്ടിയതും മധ്യവയസ്കനായപ്പോള്‍ തന്നെ ഇമാം ശാഫിഈ (റ) വഫാത്തായതു കൊണ്ട് അവരെ കണ്ടുമുട്ടാത്തതുമാണിതിനു കാരണം. അതിനാല്‍ ഇമാം ശാഫിഈ (റ) യില്‍ നിന്ന് കിട്ടേണ്ട ഹദീസുകള്‍ അവരുടെ സമകാലികരില്‍ നിന്ന് ലഭിച്ചപ്പോള്‍ ഒരുപടി ഇറങ്ങിക്കൊണ്ട് മറ്റൊരാള്‍ മാധ്യമമായി ഇമാം ശാഫിഈ (റ) വഴിക്ക് ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്യേണ്ടന്ന് വെച്ചു” (ത്വബഖാത്: വാ:2, പേ:4)

ഇമാം അസ്നവി (റ) യുടെ വാക്കുകള്‍ കാണുക: “നിശ്ചയം അഗ്രേസരായ ഹദീസ് പണ്ഢിതരൊക്കെ ഒരു പക്ഷേ, ഇമാം ശാഫിഈ (റ) യില്‍ നിന്നു നേരെ ഹദീസുകള്‍ സ്വീകരിച്ച അസ്വ് ഹാബുകളൊ അവരില്‍ നിന്ന് ഹദീസ് സ്വീകരിച്ചവരൊ ആണ്. ഇമാം അഹ്മദ്, തിര്‍മുദി, നസാഈ, ഇബ്നു മാജ, ഇബ്നുല്‍ മുന്‍ദിര്‍, ഇബ്നു ഹിബ്ബാന്‍, ഇബ്നു ഖുസൈമ, ബൈഹഖി, ഹാകിം, ഖ്വത്വാബി, ഖ്വത്വീബുല്‍ ബഗ്ദാദി, അബൂനുഐം (റ:ഹും) തുടങ്ങിയവരും മറ്റും രണ്ടാലൊരു വിഭാഗത്തില്‍ പെട്ടവരാണ്. അല്ലെങ്കില്‍ വലിയ ഹദീസ് പണ്ഢിതന്മാര്‍ ഇമാം ശാഫിഈ (റ) യുടെ (ഹദീസുകളുദ്ധരിച്ചിട്ടില്ലെങ്കിലും) അഭിപ്രായങ്ങളോട് യോജിപ്പുള്ളവരും. അതുകൊ ണ്ടുതന്നെ അവരുടെ അഭിപ്രായങ്ങള്‍ ഉദ്ധരിക്കുന്നവരുമാണ്. ഇമാം ബുഖാരി (റ) യും മറ്റും ഈ ഇനത്തചന്റ പെട്ടവരത്രെ. 

എന്നാല്‍ ഇമാം ശാഫിഈ (റ) യില്‍ നിന്ന് ഇമാം ബുഖാരി (റ) ഹദീസുകളുദ്ധരിക്കാതിരുന്നത് എല്ലാ ഹദീസ് പണ്ഢിതരും മുന്‍ഗാമികളില്‍ നിന്ന് ഹദീസുകളുദ്ധരിക്കുന്നതില്‍ അത്യാഗ്രഹികളായതു കൊണ്ടാണ്. നിവേദക പരമ്പരയുടെ മഹത്വം കണക്കിലെടുത്താണിത്. ഇമാം ശാഫിഈ (റ) ദീര്‍ഘകാലം ജീവിച്ചിട്ടില്ല. അമ്പത്തി നാലാമത്തെ വയസ്സില്‍ (ഹിജ്റ 204ല്‍) അവര്‍ വഫാത്താവുകയാണുണ്ടായത്. ഇമാം ശാഫിഈ (റ) യുടെ ഉസ്താദുമാരും അവരുടെ സമകാലികരും ഇമാം ബുഖാരി (റ) വഫാത്താകുന്നതിന്റെ അടുത്ത കാലം വരെ ജീവിച്ചിരിപ്പുള്ളവരായിരുന്നുതാനും” (അസ്നവി (റ) യുടെ ത്വബഖാതുശ്ശാഫിഇയ്യ: വാ:1, പേ:5).

ഇമാം ബൈഹഖി (റ) പറയുന്നു. (ഇമാം ശാഫിഈ വഫാത്താകുമ്പോള്‍ പത്തു വയസ്സു മാത്രം പ്രായമുള്ള) “ഇമാം ബുഖാരി (റ) ക്ക് ഇമാം ശാഫിഈ (റ) യുമായി കണ്ടുമുട്ടാന്‍ കഴിഞ്ഞില്ല. ഇമാം ശാഫിഈ (റ) യുടെ ഉസ്താദുമാരെയും സമകാലികരെയും നേരില്‍ കണ്ടുമുട്ടുകയും ചെയ്തു. ഇമാം ശാഫിഈ (റ) യില്‍ നിന്ന് ഹദീസുകളുദ്ധരിക്കുന്നപക്ഷം അവ മറ്റൊരാള്‍ മാധ്യമമായിട്ടാവാനെ നിര്‍വ്വാഹമുള്ളൂ. ആ ഹദീസുകളാണെങ്കില്‍ ഇമാം ശാഫിഈ (റ) യുടെ ഉസ്താദുമാരില്‍ നിന്നൊ സമകാലികരില്‍ നിന്നൊ ഇമാം ബുഖാരി (റ) ക്ക് നേരില്‍ കിട്ടിയതുമാണ്. അപ്പോള്‍ ഒരുപടി ഇറങ്ങിക്കൊണ്ട് ഹദീസുകളുദ്ധരിക്കുന്നതില്‍ ഏറെ ഉത്തമം ആ ഹദീസുകള്‍ അവരുടെ ഉസ്താദുമാരില്‍ നിന്നൊ സമകാലികരില്‍ നിന്നൊ സ്വീകരിക്കലാണ്. ഇതിന്ന് കാരണം നിവേദക പരമ്പരയില്‍ കഴിവതും റിപ്പോര്‍ട്ടര്‍മാരുടെ എണ്ണം ചുരുക്കുകയെന്ന നയം ഹദീസ് പണ്ഢിതരെല്ലാം സ്വീകരിച്ചതാണ്. (പരമ്പര നീളും തോറും നബി (സ്വ) യുമായി ദൂരം കൂടുകയാണല്ലൊ) ഇതു തന്നെയാണ് പരമ്പരയില്‍ എണ്ണം ചുരുങ്ങുന്നതിനു ‘ഉലുവ്വുല്‍ ഇസ് നാദ്’ (പരമ്പരയുടെ ഉയര്‍ച്ച) എന്ന് പറയപ്പെടുന്നത്.

ഇപ്രകാരം ഇമാം മുസ്ലിമും (റ) ഇമാം ശാഫിഈ (റ) യില്‍ നിന്ന് ഹദീസുകളുദ്ധരിക്കാതിരുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. എങ്കിലും ഇമാം ശാഫിഈ (റ) യെ പ്രകീര്‍ത്തിച്ച് കൊണ്ട് ഇമാം ബുഖാരി (റ) തന്റെ താരീഖുല്‍ കബീറിലും സ്വഹീഹില്‍ രണ്ടു സ്ഥലങ്ങളിലുമായി പരാമര്‍ശിച്ചിട്ടുണ്ട്. (ബയാനു ഖ്വത്വഇ മന്‍ അഖ്വ്ത്വഅ അലശ്ശാഫിഈ: പേ:334).
ഇമാം ബുഖാരി (റ) യുടെ അത്താരീഖുല്‍ കബീര്‍: വാ:1, പേ:42 ലാണ് ഇമാം ശാഫിഈ (റ) യെ പ്രകീര്‍ത്തിച്ച് പറഞ്ഞിട്ടുള്ളത്. 

സ്വഹീഹിലെ പ്രസ്തുത സ്ഥലങ്ങള്‍ ഇവയാണ്. (1).’ബാബുന്‍ ഫിര്‍രികാസി അല്‍ ഖുമുസു’, (2). ‘ബാബു തഫ്സീരില്‍ അറായ’. ഈ രണ്ട് സ്ഥലങ്ങളിലും ‘ഇബ്നു ഇദ്രീസ് പ്രസ്താവിച്ചു’ എന്ന പദമാണ് പ്രയോഗിച്ചിട്ടുള്ളത്. ഈ ഇബ്നു ഇദ്രീസ് കൊണ്ട് വിവക്ഷ ഇമാം ശാഫിഈ (റ) ആണെന്നാണ് പണ്ഢിത മതം. ഫത്ഹുല്‍ ബാരി: വാ:3, പേ:465, വാ:4,പേ:492, ഐനി (റ) യുടെ ഉംദതുല്‍ ഖാരി: വാ:9, പേ:99, വാ:11, പേ:306, ഖ്വസ്ത്വല്ലാനി (റ) യുടെ ഇര്‍ശാദുസ്സാരി: വാ:4, പേ:86, സുബ്കി (റ) യുടെ ഥ്വബഖാത്: വാ:2, പേ:4, അസ്നവി (റ) യുടെ ത്വബഖാത്: വാ:1, പ:5 എന്നിവ നോക്കുക.

ചുരുക്കത്തില്‍ ഇമാം ശാഫിഈ (റ) യുടെ ഹദീസുകള്‍ ഇമാം ബുഖാരി (റ) യും മുസ്ലിമും (റ) അവരുടെ സ്വഹീഹുകളില്‍ ഉദ്ധരിക്കാതിരുന്നത് ഇമാം ശാഫിഈ (റ) അയോഗ്യനാണെന്ന് അവര്‍ക്ക് ധാരണയുള്ളതു കൊണ്ടല്ല. അങ്ങനെ ആരെങ്കിലും മനസ്സിലാക്കുന്നുവെങ്കില്‍ ഇമാം ബുഖാരി (റ), മുസ്ലിം എന്നിവരെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാത്രമാണ്. ഇമാം ബൈഹഖി (റ)യുടെ വാക്കുകള്‍ ശ്രദ്ധേയമാണ്.

“മുന്‍കാല ഹദീസ് പണ്ഢിതരാരും തന്നെ ഈ രണ്ട് ഇമാമുകളെ കുറിച്ച്, ഇമാം ബുഖാരി (റ) മുസ്ലിം (റ) അവരോടനുയോജ്യമാകാത്ത വിധം ഇമാം ശാഫിഈ (റ) യുടെ കാര്യത്തില്‍ അവര്‍ വല്ല തെറ്റിദ്ധാരണയും വെച്ച് പുലര്‍ത്തുന്നവരായിരുന്നുവെന്ന് വിശ്വസിച്ചവരായിരുന്നില്ല. മാത്രമല്ല, അവരാരും എല്ലാ വിജ്ഞാന ശാഖകളിലും ഇമാം ശാഫിഈ (റ) ക്കുള്ള അവഗാഹം സ്ഥിരപ്പെടുത്തുന്നതില്‍ പില്‍കാല പണ്ഢിറ്റുകളുടെ സാക്ഷി പത്രങ്ങളിലേക്ക് ആവശ്യമുണ്ടെന്ന് വിശ്വസിക്കുകയും ചെയ്തിട്ടില്ല”. (ബയാനു ഖ്വത്വഇ മന്‍ അഖ്വ്ത്വഅ അലശ്ശാഫിഈ: പേ:335).
    


ഇമാം സുയൂഥി (റ) പറയുന്നു: “ഉപര്യുക്ത ഹദീസ് പണ്ഢിതന്മാരേക്കാളൊക്കെയും മേലെയാണ് ഇമാം ശാഫിഈ (റ) എന്നതില്‍ ആരും സംശയിക്കുകയില്ല. അവര്‍ക്ക് മുന്‍ഗണന നല്‍കാന്‍ പ്രചോദകമായ സല്‍ഗുണങ്ങള്‍ മേളിച്ചതാണിതിന്നു കാരണം. അതു പോലെത്തന്നെ ആരേക്കാളും അവര്‍ക്കുള്ള ദാര്‍ഢ്യതയെ കുറിച്ചും ചരിത്രമറിയുന്നവര്‍ സംശയിക്കാനിടയില്ല. കാരണം വലിയ ഹദീസ് പണ്ഢിതരൊക്കെ അവരുടെ അരികില്‍ വന്ന് തങ്ങള്‍ക്ക് സംശയമുള്ള ഹദീസുകള്‍ സംബന്ധിച്ച് ചര്‍ച്ച നടത്താറുണ്ടായിരുന്നു. അവിടുന്ന് സംശയ നിവാരണം നല്‍കുകയും നിവേദക പരമ്പരയിലെ അവ്യക്തമായ വൈകല്യങ്ങളെ അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുമായിരുന്നു. അവര്‍ ഇതു കേള്‍ക്കുമ്പോള്‍ അത്ഭുതത്തോടെ എഴുന്നേറ്റു നില്‍ക്കുമായിരുന്നു. അശ്രദ്ധവാനും പാമരനുമല്ലാതെ ഈ വിഷയത്തിലൊന്നും തര്‍ക്കിക്കില്ല” (തദ്രീബുര്‍റാവി: വാ:1, പേ:81).

കർമ്മശാസ്ത്രനിദാന ശാത്രത്തില്ആദ്യം വിരചിതമായ രിസാല ശാഫി(റ)യുടെ കൃതിയാണ്.മഹാനവർകൾ ഹിജ്‌റ 204 റജബ് മാസം വെള്ളിയാഴ്ച ഈ ലോകത്തോട് വിടപറഞ്ഞു.




No comments:

Post a Comment