Saturday 18 April 2020

ലോക്ഡൗൺ: വെള്ളിയാഴ്ചകളിൽ ജുമുഅ സമയത്ത് ഏറ്റവും മുന്തിയ രീതിയിൽ നിസ്കാരം നിർവഹിക്കുക.




വിശുദ്ധ ശഅബാൻ മാസം സമാപിക്കുകയായി, പരിശുദ്ധ റമളാൻ സമാഗതമാവുകയാണ്. തൽസ്ഥിതിയനുസരിച്ച് സാധാരണപോലെ പള്ളിയിലോ മറ്റോ ഒത്തുകൂടി ജുമുഅ: നിർവ്വഹിക്കാൻ ഇനിയും കുറച്ചധികം നാൾ കാത്തിരിക്കേണ്ടി വരുമെന്നാണ് മനസ്സിലാകുന്നത്. പുണ്യങ്ങളുടെ പൂക്കാലമായ വരും നാളുകളിൽ വെള്ളിയാഴ്ച ദിവസത്തെ ഏറ്റവും നല്ല രൂപത്തിൽ ഉപയോഗപ്പെടുത്താൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്.


ജുമുഅയുടെ സമയം നിസ്കാരം സാധ്യമാകുന്ന രൂപങ്ങൾ..

1. 40 ആളുകൾക്ക് ഒരുസ്ഥലത്ത് ഒരുമിച്ചുകൂടാൻ ഭരണകൂടം അനുമതി നൽകാത്ത പശ്ചാത്തലത്തിൽ ഗ്രാമ-നഗര നിവാസികൾക്ക് ശാഫിഈ മദ്ഹബ് പ്രകാരം ജുമുഅ നടത്താൻ ബാധ്യതയില്ല. സാധാരണപോലെ ളുഹ്റ് നിസ്കരിച്ചാൽ മതി. ഈ പ്രബല വീക്ഷണപ്രകാരം ളുഹ്ർ നിസ്കരിക്കുക.

2.40ൽ കുറഞ്ഞ ആളുകളെക്കൊണ്ടും ജുമുഅ നടത്തണം എന്ന അഭിപ്രായമനുസരിച്ച് ജുമുഅ നിർവഹിക്കുക.

3.നാലുപേരെക്കൊണ്ടെങ്കിലും ജുമുഅ നടത്തണം എന്ന ബലമുള്ള അഭിപ്രായമനുസരിച്ച് ജുമുഅ നിർവ്വഹിക്കുകയും ശേഷം സൂക്ഷ്മതക്ക് വേണ്ടി ളുഹർ നിസ്കരിക്കുകയും ചെയ്യുക. (ചുരുങ്ങിയത് രണ്ട് പേരാണെങ്കിലും ജുമുഅ: നടത്തണമെന്ന ഇമാം ശാഫിഈ(റ)ന്റെ ഖദീമായ ഒരഭിപ്രായം തർശീഹിൽ ഉദ്ധരിക്കുന്നുണ്ട്.)

മുകളിൽ പറഞ്ഞ മൂന്നു രൂപങ്ങളിൽ മൂന്നാമത് പറഞ്ഞതാണ് ഏറ്റവും മുന്തിയ രൂപം.

കാരണം:

"40ൽ കുറഞ്ഞ ആളുകളെക്കൊണ്ടും ജുമുഅ നടത്തൽ നിർബന്ധ ബാധ്യതയാണെന്ന ഒരുപറ്റം ഇമാമുകളുടെ അഭിപ്രായം ബലമുള്ളതുമാണെന്നും അതുപ്രകാരം പ്രവർത്തിക്കുകയും ജുമുഅ നിസ്കരിക്കുകയും സൂക്ഷ്മതക്ക് വേണ്ടി ശേഷം ളുഹ്റ് നിസ്കരിക്കുകയുമാണെങ്കിൽ അതാണ് മുന്തിയതെന്നും ഫത്ഹുൽ മുഈൻ പജ്:197ൽ കാണാവുന്നതാണ്.


[وقد أجاز جمع من العلماء أن يصلوا الجمعة وهو قوي فإذا قلدوا أي جميعهم من قال هذه المقالة فإنهم يصلون الجمعة وإن احتاطوا فصلوا الجمعة ثم الظهر كان حسنا
(فتح المعين ١٩٧)]

"ജുമുഅയുടെ കാര്യം വളരെ ബഹുമാനമുള്ളതാണ്. അത് അല്ലാഹു അവന്റെ അടിയങ്ങൾക്കു നൽകിയ അനുഗ്രഹവും ഈ സമുദായത്തിന്റെ പ്രത്യേകതയുമാണ്. ആ ദിവസത്തെ അള്ളാഹു അവന്റെ പ്രത്യേക കരുണയുടെ ദിവസമാക്കുകയും ഒരാഴ്ചത്തെ പാപങ്ങൾ പൊറുപ്പിക്കുന്നതാക്കുകയും ചെയ്തു. അതുകൊണ്ട് മുൻഗാമികൾ ആ ദിവസത്തെ ഗൗരവത്തിലെടുക്കുകയും ജുമുഅക്ക് വേണ്ടി പ്രഭാതത്തിൽ നേരെത്ത തന്നെ പോവുകയും ചെയ്യുമായിരുന്നു. അതുകൊണ്ടു തന്നെ ജുമുഅയുടെ കാര്യം നിസ്സാരമായി കാണരുത്. യാത്രക്കാരനാണെങ്കിലും നാട്ടിൽ താമസിക്കുന്നവനാണെങ്കിലും നാല്പതിൽ കുറഞ്ഞ ആളുകളെക്കൊണ്ടെങ്കിലും അത് നിർവഹിക്കണമെന്ന അഭിപ്രായം അനുകരിച്ചുകൊണ്ട് പ്രവർത്തിക്കാൻ  തയ്യാറാകണം"എന്ന്
ഫത്ഹുൽ മുഈനിന്റെ ഹാശിയ ഇആനതു ത്വാലിബീൻ - 2 : 70 ൽ പറയുന്നുണ്ട്.

[وقال بعضهم: اعلم أن أمر الجمعة عظيم، وهي نعمة جسيمة امتن الله بها على عباده
فهي من خصائصنا، جعلها الله محط رحمته، ومطهرة لآثام الأسبوع
ولشدة اعتناء السلف الصالح بها كانوا يبكرون لها على السرج.
فاحذر أن تتهاون بها مسافرا أو مقيما، ولو مع دوهن أربع بتقلد، والله يهدي من يشاء إلى صرط مستقيم
(اعانة ٢/٧٠)]

ആയതുകൊണ്ട് നാല്പത് ആളുകളില്ലെങ്കിലും കൂടുതൽ പുണ്യം കരസ്ഥമാക്കാൻ ഫിഖ്ഹിന്റെ ഇത്തരം അഭിപ്രായങ്ങൾ  ഉപയോഗപ്പെടുത്തി ജുമുഅ നിർവ്വഹിക്കുകയും ശേഷം ളുഹ്റ് നിസ്കരിക്കുകയും ചെയ്യാനാണ് നാം ശ്രമിക്കേണ്ടത്.

ഇത്രയും വായിക്കുമ്പോൾ സ്വാഭാവികമായും മനസ്സിൽ ഉയർന്നുവരുന്ന ചില സംശയങ്ങൾക്കുള്ള മറുപടി നോക്കാം.
 
വീടകളിൽ വെച്ച് ജുമുഅ നിർവ്വഹിക്കാൻ പറ്റുമോ?

വീടിന്റെ കോലായിൽ വാതിലടച്ചു കൊണ്ട് ജുമുഅ നിർവ്വഹിച്ചാലും ജുമുഅ സാധുവാണെന്ന് ശാഫിഈ മദ്ഹബിലെ പ്രബല ഗ്രന്ഥമായ തുഹ്ഫയിൽ തന്നെ കാണാവുന്നതാണ്. (തുഹ്ഫ - വാ:2. പേ:412)


[إقَامَةُ الشِّعَارِ لَا ينافي ذَلِكَ؛ لِأَنَّ إقَامَتَهُ مَوْجُودَةٌ هُنَا أَلَا تَرَى أَنَّ الْأَرْبَعِينَ لَوْ أَقَامُوهَا فِي صفة بيت وَأَغْلَقُوا عَلَيْهِمْ بَابَهُ صَحَّتْ، وَإِنْ فَوَّتُوهَا عَلَى غَيْرِهِمْ كَمَا يُعْلَمُ مِمَّا يَأْتِي
(تحفة ٢/٤١٢)]

ഈ സാഹചര്യത്തിൽ ഒരു നാട്ടിൽ പല വീടുകളിലായി ജുമുഅകൾ നടത്താൻ പറ്റുമോ?

വീടുകളിലോ മറ്റോ തടവ്(حبس) ചെയ്യപ്പെട്ട നിലയിൽ കഴിയേണ്ടിവന്നാൽ അവിടെ വെച്ചുകൊണ്ട് ജുമുഅ നിർവ്വഹിക്കാമെന്നും എല്ലാവർക്കും ഒരുമിച്ചു കൂടാൻ പ്രയാസമായ (عسر الإجتماع) ഘട്ടങ്ങളിൽ ഒരു നാട്ടിൽ തന്നെ പല ജുമുഅകൾ(تعدد الجمعة) ആകാമെങ്കിൽ ഒരു നിലക്കും ഒരു സ്ഥലത്ത് ഒരുമിച്ചുകൂടാൻ കഴിയാത്ത ഘട്ടങ്ങളിൽ ഏതായാലും പറ്റുമെന്ന് ഇമാം റംലി(റ) അഭിപ്രായപ്പെട്ടിട്ടുണ്ട്.

وَلَوْ اجْتَمَعَ فِي الْحَبْسِ أَرْبَعُونَ فَأَكْثَرَ كَغَالِبِ الْأَوْقَاتِ فِي حُبُوسِ الْقَاهِرَةِ وَمِصْرَ فَالْقِيَاسُ كَمَا قَالَهُ الْإِسْنَوِيُّ، وَإِنْ نُوزِعُ فِيهِ لُزُومُ الْجُمُعَةِ لَهُمْ لِأَنَّ إقَامَتَهَا فِي الْمَسْجِدِ لَيْسَتْ بِشَرْطٍ، وَالتَّعَدُّدُ يَجُوزُ عِنْدَ عُسْرِ الِاجْتِمَاعِ، فَعِنْدَ تَعَذُّرِهِ بِالْكُلِّيَّةِ أَوْلَى،
(نهاية ٢/٢٨٧)

ഇടുക്കമില്ലാത്ത ശരീഅത്താണ് അള്ളാഹു നമുക്ക് കനിഞ്ഞേകിയത്. ഫിഖ്ഹ് അവലംബിച്ചുകൊണ്ട് ഏറ്റവും നല്ല രൂപത്തിൽ അമലുകൾ നിർവ്വഹിക്കാൻ നാം സന്നദ്ധരാകണം. അതുകൊണ്ട് ഇന്നത്തെ പ്രത്യേക സാഹചര്യം മാറുന്നതുവരെ മുകളിൽ വിവരിച്ച പോലെ വീട്ടിൽ വെച്ചു തന്നെ ജുമുഅ: നിർവ്വഹിച്ച് ശേഷം ളുഹ്‌റും നിസ്കരിക്കു ന്ന രൂപം നാം സ്വീകരിക്കുക.
________

സാധാരണക്കാർക്ക് വേണ്ടി ഏറ്റവും നല്ല രൂപം ചുരുങ്ങിയ രൂപത്തിൽ താഴെ വിവരിക്കുന്നു.

വെള്ളിയാഴ്ച ളുഹ്റിന്റെ സമയമായാൽ  ജുമുഅക്ക് പറ്റുന്ന നാലുപേർ ഒരു സ്ഥലത്ത് ഒരുമിച്ചുകൂടുക.

ഒരാൾ  ഖതുബ നിർവഹിക്കുക.

ഖുതുബയുടെ ഏറ്റവും ചുരുങ്ങിയ രൂപം

ആദ്യം ഹംദ്...(اَلْحَمْدُ لِلّٰه)

‌സ്വലാത്ത് (ٍصَلَّى اللّٰهُ عَلَى مُحَمّد )

തഖ്‌വ കൊണ്ടുള്ള വസിയ്യത്ത്

(اَيُّهَا النَّاسْ اُوصِيكُمْ عِبَادَ اللّٰهِ وَإِيّٰايَ بَِتقْوَى اللّٰه)

അർത്ഥപൂർണ്ണമായ ഒരു ആയത്ത് ഓതുക. (ചെറിയ ഒരു സൂറത്ത് ഓതാം. ഉദാ:സൂറത്തുൽ ഇഖ്ലാസ്)

ഒന്നാം ഖുതുബ കഴിഞ്ഞു.


ശേഷം ഇരിക്കുക.

എഴുന്നേറ്റ് രണ്ടാം ഖുതുബ ആരംഭിക്കുക

ഹംദ് (اَلْحَمْدُ لِلّٰه)

സ്വലാത്ത് (صَلَّى اللّٰهُ عَلَى مُحَمّد)

തഖ്‌വ കൊണ്ടുള്ള വസിയ്യത്ത്.

(اَيُّهَا النَّاسْ اُوصِيكُمْ عِبَادَ اللّٰهِ وَإِيّٰايَ بَِتقْوَى اللّٰه)

മുസ്ലിമീങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക

(اَللّٰهُّمَّ اغْفِرْ لِلْمُؤْمِنِينَ وَالٰمُؤٰمِنَاتْ)

ഉടനെ ജുമുഅ നിസ്കരിക്കുക. ശേഷം ളുഹ്റ് നിസ്കരിക്കുക.

ചുരുങ്ങിയ രൂപം വിവരിച്ചുവെന്നു മാത്രം. ഖുതുബയുടെ കിതാബിലുള്ളത് ഓതി എല്ലാ സുന്നത്തുകളുമെടുത്ത് നിർവഹിക്കാൻ കഴിയുന്നവർ അങ്ങനെതന്നെ ചെയ്യുന്നതാകും നല്ലത്.

വെള്ളിയാഴ്ച ദിവസത്തിന്റെ എല്ലാ പുണ്യങ്ങളും കരസ്ഥമാക്കുവാനുള്ള തൗഫീഖ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ..

(എഴുതിയത്: സാലിം ദാറാനി, നാദാപുരം.)

No comments:

Post a Comment