Sunday 19 April 2020

ഇമാം ഒന്നാമത്തെ അത്തഹിയ്യാത് മറന്നു എഴുന്നേറ്റപ്പോള്‍ പിറകിലുള്ളവര്‍ سبحان الله പറഞ്ഞപ്പോള്‍ ഇമാം ഇരുന്നു.. നിസ്കാരം ബാത്വിലാകുമോ ?



അത്തഹിയ്യാത് മറന്ന് എഴുന്നേറ്റ് നിന്നാല്‍ പിന്നെ അത്തഹിയ്യാതിലേക്ക് മടങ്ങരുത് എന്നാണ് നിയമം. അങ്ങനെ മനപൂര്‍വ്വം ചെയ്താല്‍ നിസ്കാരം ബാത്വിലാവും. മടങ്ങല്‍ ഹറാമാണെന്ന് അറിയാതെയോ മറന്ന് കൊണ്ടോ മടങ്ങിയാല്‍ നിസ്കാരം ബാത്വിലാവുകയില്ല. 

എന്നാല്‍ മറന്ന് മടങ്ങിയവന്‍ സഹ്‍വിന്റെ സുജൂദ് ചെയ്യേണ്ടതാണ്. ഓര്‍മ്മ വന്നാലുടന്‍ - അത്തഹിയ്യാത് പൂര്‍ത്തിയാക്കാന്‍ താമസിക്കാതെ - എഴുന്നേറ്റ് നില്‍കലും നിര്‍ബന്ധമാണ്. ഇമാം നിര്‍ത്തത്തില്‍ എത്തിയതിനു ശേഷം ഇരുന്നാല്‍ മഅ്മൂം ഇമാമിനോടൊപ്പം തുടരാന്‍ പാടില്ല. മറിച്ച് മഅ്മൂമും ഇമാമിനോടൊപ്പം എഴുന്നേറ്റ് നിന്നിട്ടുണ്ടായിരുന്നെങ്കില്‍ ഇമാമിനെ വിട്ട് പിരിയുന്നു എന്ന് നിയ്യത് ചെയ്തു ഒറ്റക്ക് നിസ്കരിക്കേണ്ടതാണ്. 

മഅ്മൂം എഴുന്നേറ്റ് നില്‍കാതെ ഇരിക്കുന്ന അവസരത്തില്‍ ഇമാം അത്തഹിയ്യാതിലേക്ക് തന്നെ മടങ്ങി വന്നാല്‍ മഅ്മൂം ഉടന്‍ എഴുന്നേറ്റ് നിന്ന് ഇമാമിനെ വിട്ടു പിരിഞ്ഞ് ഒറ്റക്ക് നിസ്കരിക്കണം. പ്രസ്തുത രണ്ടു അവസരത്തിലും വിട്ട് പിരിയാതെ ഇമാം വീണ്ടും ഖിയാമിലേക്ക് വരുന്നത് പ്രതീക്ഷിച്ച് നില്‍കുകയും ചെയ്യാം. നിര്‍ത്തത്തിലേക്ക് എത്തുന്നതിനു മുമ്പ് തന്നെ അത്തഹിയ്യാത് ഒഴിവാക്കിയത് ഓര്‍മ്മ വരികയും അത്തഹിയ്യാതിലേക്ക് മടങ്ങുകയും ചെയ്താല്‍ നിസ്കാരം ബാത്വിലാവുകയില്ല. ഇരുത്തത്തേക്കാള്‍ നിര്‍ത്തത്തിന്റെ പരിധിയേലേക്ക് കൂടുതല്‍ അടുത്താവും വിധം ഉയര്‍ന്നിട്ടുണ്ടെങ്കില്‍ സഹ്‍വിന്റെ സുജൂദ് ചെയ്യേണ്ടതാണ്. 


No comments:

Post a Comment