Friday 17 April 2020

ഭാഷയുടെ വിശ്വാസം



അർത്ഥശാസ്ത്രത്തിൽ പ്രായോഗിക ഭാഷക്ക് രണ്ടു തലമുണ്ട്. ഒന്ന്, വസ്തുതാ കഥനം - ഹഖീഖിയ്യ്. മറ്റേത്, ആലങ്കാരികം - മജാസിയ്യ്
പ്രയോഗിക്കുന്ന ആളെ നോക്കിയാണ് പ്രയോഗം വസ്തുതാ കഥനമോ ആലങ്കാരികമോ എന്ന് തീരുമാനിക്കുക.

"വൈദ്യൻ എന്നെ സുഖപ്പെടുത്തി" എന്നു നിരീശ്വരവാദി പറയുമ്പോൾ വസ്തുതാ കഥനവും ദൈവവിശ്വാസി പറയുമ്പോൾ ആലങ്കാരികവുമാണ്. രണ്ടാമത്തെയാളുടെ വിശ്വാസത്തിൽ വസ്തുതാപരമായി സുഖപ്പെടുത്തിയത് ദൈവമാണ്, വൈദ്യൻ വെറും മാധ്യമം മാത്രമാണ് എന്നായതുകൊണ്ടാണ് അയാളുടേത് വസ്തുതാ കഥനമായി പരിഗണിക്കാത്തത്.

മറ്റൊരു ഉദാഹരണം, മഴ കളി മുടക്കി എന്നു ദൈവവിശ്വാസി പറഞ്ഞാൽ ആലങ്കാരികം, നിരീശ്വരവാദി പറഞ്ഞാൽ വസ്തുതാ കഥനം.
ഇതിലേതാണ് പ്രയോഗതലത്തിൽ ഏറ്റവും കൂടുതലുള്ളത് എന്ന ചർച്ച വിദ്വൽസഭകളിൽ സാധാരണമാണ്. ആലങ്കാരികം എന്ന വീക്ഷണമാണ് സംഗതമായി തോന്നിയിട്ടുള്ളത്.

അല്ലാഹു മാത്രമാണ് ആരാധ്യൻ, അവനല്ലാത്തതെല്ലാം സൃഷ്ടികൾ എന്നു വിശ്വസിക്കുന്ന സത്യവിശ്വാസി "ആ ഉസ്താദ് മന്ത്രിച്ചിട്ട് എന്റെ രോഗം ശിഫയായി" എന്നു പറഞ്ഞാൽ അത് ആലങ്കാരിക പ്രയോഗം മാത്രം. വിവിധ രോഗങ്ങൾക്ക് ശമനത്തിന് വ്യത്യസ്ത മാധ്യമങ്ങൾ ആകാം - അലോപ്പതി, ഹോമിയോ, യൂനാനി, ആയുർവേദം, ഫിസിയോതെറാപ്പി, യോഗചികിത്സ, മന്ത്രചികിത്സ, അക്യുപങ്ചർ, അക്യു പ്രഷർ, നാഡിചികിത്സ ... അങ്ങനെ പലതും. ഇതിലേതു ചികിത്സകൻ ഭേദപ്പെടുത്തി എന്നു ദൈവവിശ്വാസി പറഞ്ഞാലും അത് വസ്തുതാ കഥനമല്ല ആലങ്കാരിക മാത്രം.

ഒരു ധീരനെ ചൂണ്ടി "ആളൊരു പുലിയാണ്" എന്നൊരാൾ പറഞ്ഞാൽ അവൻ പറഞ്ഞത് തെറ്റാണെന്ന് പറയരുത്, വസ്തുതാകഥനമല്ലെന്ന് പറയാം. വാസ്തവത്തിൽ ടിയാൻ പുലിയാണ് എന്ന് വിശ്വസിച്ചാണ് പറഞ്ഞതെങ്കിൽ അവൻ പറഞ്ഞത് തെറ്റാണെന്ന് പറയാനും മടിക്കരുത്, അത് വസ്തുതാ വിരുദ്ധമാണ്.

സാങ്കേതികമായി പ്രസ്താവന വസ്തുതയോടു യോജിച്ചാൽ സത്യം, വിയോജിച്ചാൽ അസത്യം. ഇതാണ് ഭാഷയുടെ പ്രാഥമികാർഥം - വ്യാകരണഭാഷ. അർത്ഥശാസ്ത്രത്തിൽ പ്രസ്താവന വസ്തുതാകഥനമോ ആലങ്കാരികമോ ആകാം. ഇതു ഭാഷയുടെ ദ്വിതീയാർഥം. പ്രാഥമികാർഥത്തിൽ അസത്യമായി വിലയിരുത്തുന്ന എല്ലാ പ്രസ്താവനകളും അർഥശാസ്ത്രത്തിൽ തെറ്റാകണമെന്നില്ല. കാരണം, പ്രസ്താവനയുടെ പ്രാഥമികാർഥം അവിടെ ഉദ്ദേശ്യമില്ല.

ഉദാ:- "ആളൊരു പുലിയാണ്" അവൻ ധീരനാണ് എന്നു മാത്രമാണ് വിവക്ഷ.
ഈ സമീപനം മനസ്സിലാക്കിയാൽ സത്യവിശ്വാസികൾക്കു നേരെ ഉന്നയിക്കുന്ന ശിർക്കാരോപണങ്ങൾക്ക് അയവു വരും.



മറ്റൊരു കാര്യം - ഇസ്തിഗാസ ശിർക്കാണ്‌ എന്ന് ആരെങ്കിലും വാദിച്ചു വന്നാൽ ഈ കാര്യം ഒന്ന് മനസ്സിലാക്കിയ ശേഷം അവനുമായി സംവദിക്കുക , ഇല്ലെങ്കിൽ വിട്ടേക്കുക .

കാരണം ഇസ്തിഗാസയുടെ നിർവചനം വ്യക്തമാണ് . എന്നിരുന്നാൽ തന്നെ അതിനെപ്പറ്റി ചർച്ച തുടങ്ങുമ്പോൾ അല്ലാഹുവമായി നേരിട്ട് പ്രാർത്ഥിക്കുന്നതിന്റെ ആയത്തുമായി പുത്തൻ പ്രസ്ഥാനക്കാർ കടന്നു വരും .

പ്രാർത്ഥന അല്ലാഹുവോട് മാത്രമേ പാടുള്ളു എന്നുള്ള കാര്യത്തിൽ ആർക്കും യാതൊരു തർക്കവും ഇല്ലാത്ത വിഷയമാണ് .

ഇസ്തിഗാസയെപ്പറ്റി ചർച്ച തുടങ്ങുമ്പോൾ എന്താണ് ഇസ്തിഗാസയുടെ ഭാഷാർഥം എന്ന് മനസിലാക്കാതെ ചർച്ചക്ക് വരുന്നവനെ തള്ളിക്കളയുക .


ഇസ്‌ലാമിക വീക്ഷണകോണിൽ അവതരിപ്പിക്കപ്പെടുന്ന ന്യായവാദശാസ്ത്രത്തിൽ പ്രധാനമായും രണ്ടു ചർച്ചയാണ് വരാറുള്ളത്: 

1. തഅ'രീഫ് - നിർവചനം

2. ദലീൽ - തെളിവ്.

ആദ്യത്തേത് പദത്തെ പറ്റി, രണ്ടാമത്തേത് പ്രസ്താവനയെ പറ്റി.

സംഭാഷണത്തിൽ ഉന്നയിക്കപ്പെടുന്ന ഏതെങ്കിലും പദത്തെ അഭിസംബോധിതന് മനസ്സിലായില്ലെങ്കിൽ നിർവചിക്കണം. പ്രസ്താവന ബോധ്യപ്പെട്ടില്ലെങ്കിൽ തെളിവ് ഹാജരാക്കണം.

ഉദാഹരിക്കാം, ഭൂമിക്ക് ഗുരുത്വാകർഷണം ഉണ്ട് എന്നാണു ന്യായവാദം. കേട്ടയാൾക്ക് ഗുരുത്വാകർഷണം എന്തെന്നറിയില്ല. എങ്കിലതു നിർവചിക്കണം - എന്നാലേ സംഭാഷണം മുന്നേറൂ.

ഭൂമിയെ അറിയാം, ഗുരുത്വാകർഷണം എന്തെന്നറിയാം, ഭൂമിക്ക് ഗുരുത്വാകർഷണം ഉണ്ട് എന്നതു ബോധ്യപ്പെട്ടില്ല. എങ്കിൽ, ആ പ്രസ്താവന സ്ഥാപിക്കുന്ന തെളിവു അവതരിപ്പിക്കണം.

മറ്റൊരു ഉദാഹരണം. ഇസ്തിഗാസ ശിർക്കല്ല / ശിർക്കാണ് എന്ന ന്യായവാദം ഉന്നയിച്ചാൽ സംഭാഷണം നടത്തുന്നവർ ഇസ്തിഗാസ, ശിർക്ക് എന്നീ പദങ്ങളെ നിർവചിക്കണം. അനന്തരം, തെളിവ് അവതരിപ്പിക്കുക. എന്നാലേ, പ്രസ്താവന ശരിയോ തെറ്റോ എന്നു വിധി പറയാനാകൂ.

ലളിതമായി ഗ്രഹിക്കാവുന്ന സംഗതികളെ സങ്കീർണമാക്കി കുഴച്ചുമറിക്കാതിരിക്കാൻ സംഭാഷണത്തിലേർപ്പെടുന്നവർ ശ്രദ്ധിക്കണം. 

No comments:

Post a Comment