Friday 17 April 2020

ശാഫിഈ മദ്ഹബില്‍ ഭാര്യയെ തൊട്ടാല്‍ വുളൂഅ് മുറിയുമെന്നും ഹനഫീ മദ്ഹബില്‍ വുളൂഅ് മുറിയില്ല എന്നുമാണല്ലോ നിയമം. ഇത് രണ്ടും എങ്ങനെയാണ് ശരിയാവുക. ഈ പറഞ്ഞതിന്‍റെ താല്‍പര്യമെന്താണ്?



ഖുര്‍ആനിന്‍റെയും ഹദീസിന്‍റെയും വെളിച്ചത്തില്‍ വിഷയങ്ങള്‍ കണ്ടെത്താന്‍ കഴിവുള്ള മുജ്തഹിദുകളുടെ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണിത്. മാത്രമല്ല കര്‍മശാസ്ത്രത്തിലെ(ഫിഖ്ഹ്) ശാഖാപരമായ വിധികളിലെ വിശാലതയെയാണിത് അറിയിക്കുന്നത്. ഖുര്‍ആനും ഹദീസും അടിസ്ഥാനമാക്കി ഗവേഷണത്തിലൂടെ വിഷയങ്ങള്‍ കണ്ടെത്താന്‍ കഴിവുള്ള പണ്ഡിതന്മാര്‍ക്കിടയിലുള്ള കര്‍മശാസ്ത്രത്തിലെ ശാഖാപരമായ വ്യത്യസ്ത അഭിപ്രായങ്ങള്‍ ദീനില്‍ വിലക്കപ്പെട്ടതോ വിരോധിക്കപ്പെട്ടതോ അല്ല. കല്‍പ്പിക്കപ്പെട്ട കാര്യമാണത്. പണ്ഡിതന്മാരുടെ ഇത്തരം വീക്ഷണ വ്യത്യാസങ്ങള്‍ ഉമ്മത്തിന് അനുഗ്രഹവുമാണ്. എല്ലാ ജനതയെയും അവരുടെ ഇമാമിലേക്ക് ചേര്‍ത്താണ് വിളിക്കുക എന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഓരോ മദ്ഹബുകാരനെയും അവന്‍റെ മദ്ഹബനുസരിച്ചാണ് ചോദ്യം ചെയ്യുക. ഉദാഹരണമായി ശാഫിഈ മദ്ഹബുകാരനെ അതനുസരിച്ചാണ് ചോദ്യം ചെയ്യലിന് വിധേയനാക്കുക.

കര്‍മശാസ്ത്ര വിഷയങ്ങളില്‍ പണ്ഡിതന്മാരില്‍ നിന്നും ശാഖാപരമായ വ്യത്യസ്ത വീക്ഷണങ്ങളുണ്ടായാല്‍ ആക്ഷേപിക്കേണ്ടതില്ലെന്ന് പ്രവാചകര്‍(സ്വ)യുടെ ചില ഹദീസുകളില്‍ കാണാം. അതായത് തെറ്റുകള്‍ സംഭവിക്കുമ്പോള്‍ അതിനെ തിരുത്തേണ്ട നബി(സ്വ) മൗനം പാലിച്ചെങ്കില്‍ രണ്ടു വീക്ഷണങ്ങളും ശരിയാണെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്.

ഉദാഹരണമായി അഹ്സാബ് യുദ്ധം കഴിഞ്ഞ് മടങ്ങുന്ന വേളയില്‍ സ്വഹാബത്തിനോട് നബി(സ്വ) പറഞ്ഞു: ‘നിങ്ങള്‍ ബനൂഖുറൈളയിലെത്തിയിട്ടല്ലാതെ അസ്വര്‍ നിസ്കരിക്കരുത്.’ ഈ പ്രവാചക നിര്‍ദേശത്തിന്‍റെ വിവക്ഷ, സമയം കഴിഞ്ഞാലും ബനൂഖുറൈളയിലെത്തിയിട്ടേ നിസ്കാരം പാടുള്ളൂ എന്ന് ചില സ്വഹാബിമാര്‍ മനസ്സിലാക്കി. എന്നാല്‍ മറ്റു ചില സ്വഹാബിമാര്‍ അനാവശ്യ പ്രവര്‍ത്തനങ്ങളിലൊന്നും ഏര്‍പ്പെടാതെ പെട്ടെന്ന് പോകേണ്ടതാണ് എന്നും മനസ്സിലാക്കി. ഒന്നാമത്തെ വിഭാഗം അസ്വര്‍ നിസ്കാര സമയം കഴിഞ്ഞതിന് ശേഷം, അഥവാ ബനൂഖുറൈളയില്‍ എത്തിയതിന് ശേഷമാണ് നിസ്കരിച്ചത്. രണ്ടാമത്തെ വിഭാഗത്തില്‍ പെട്ടവര്‍ ബനൂഖുറൈളയിലേക്ക് പോകുന്ന വഴിമധ്യേ നിസ്കരിച്ചു. ഇതെല്ലാം അറിഞ്ഞ നബി(സ്വ) രണ്ടു വിഭാഗത്തെയും എതിര്‍ക്കുകയോ ആക്ഷേപിക്കുകയോ ചെയ്തില്ല. പകരം മൗനം പാലിച്ചുകൊണ്ട് ഇരുവിഭാഗത്തെയും ശരിവെക്കുകയായിരുന്നു. പ്രസ്തുത ഹദീസ് വിശദീകരിച്ചു കൊണ്ട് ഇമാം നവവി(റ) പറഞ്ഞു: ആരെയും ആക്ഷേപിക്കാത്തതിനു കാരണം ഇരുവിഭാഗങ്ങളും മുജ്തഹിദുകളായിരുന്നു എന്നതാണ് (ശറഹു മുസ്ലിം: 12/98).

ഇവിടെ ഉന്നയിച്ചിട്ടുള്ള ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ട വ്യത്യസ്ത വീക്ഷണങ്ങളും മുജ്തഹിദുകള്‍ തമ്മിലുള്ളതാണ്. അതിനാല്‍ ഭാര്യയെ സ്പര്‍ശിച്ചാല്‍ വുളൂഅ് മുറിയുമെന്ന് പറയുന്ന ശാഫിഈ മദ്ഹബിനെയും മുറിയില്ലെന്ന് പറയുന്ന ഹനഫീ മദ്ഹബിനെയും ആക്ഷേപിക്കേണ്ടതില്ല. രണ്ടില്‍ ഏതഭിപ്രായവും സ്വീകരിക്കാവുന്നതാണ്.

No comments:

Post a Comment