Saturday 18 April 2020

കുളിയും അനുബന്ധ മസ്അലകളും - ഹനഫി







നിയ്യത്തോട് കൂടി ശരീരം മുഴുവൻ വെള്ളം ഒലിപ്പിച്ചു കഴുകുന്നതിന് കുളി എന്ന് പറയുന്നു.


കുളി നിർബന്ധമാകുന്ന സംഗതികൾ 

ശരീരത്തിന്റെ പ്രത്യക്ഷ ഭാഗത്തേക്ക് ഇന്ദ്രിയം പുറപ്പെടുക

ഹഷ്‌ഫ (പുരുഷന്റെ ചേലാ കർമ്മം ചെയ്ത ഭാഗം) യോനിയിൽ പ്രവേശിക്കുക - സംയോഗം ചെയ്യുക

ശവത്തിനെയോ , നാൽക്കാലിയെയോ ഭോഗം ചെയ്യൽ കൊണ്ട് ഇന്ദ്രിയ സ്ഖലനം ഉണ്ടാകുക

ഉറക്കത്തിൽ നിന്നും ഉണർന്ന ശേഷം നേർത്ത വെള്ളം കാണുകയും അത് ഇന്ദ്രിയമാണെന്നു ഭാവിക്കുകയും ചെയ്യുക

മസ്തിൽ നിന്നോ , ബോധക്ഷയത്തിൽ നിന്നോ ബോധം തെളിഞ്ഞ ശേഷം നനവ് കാണുകയും ഇന്ദ്രിയമാണെന്നു കരുതുകയും ചെയ്യുക

ആർത്തവ രക്തം പുറപ്പെട്ടവസാനിക്കുക

പ്രസവ രക്തം പുറപ്പെട്ടവസാനിക്കുക


എന്താണ് ആർത്തവ രക്തം 

പ്രത്യേകമാക്കപ്പെട്ട സമയങ്ങളിൽ രോഗമോ , ഗർഭമോ ഇല്ലാതെ തന്നെ പ്രായപൂർത്തിയായ ഒരു പെണ്ണിന്റെ ഗർഭാശയത്തിന്റെ അങ്ങേ അറ്റത്ത് നിന്നും പുറപ്പെടുന്ന ഒരു രക്തത്തിനാണ് ആർത്തവ രക്തം എന്ന് പറയുന്നത് .

ചാന്ദ്രിക മാസമനുസരിച്ച് ആർത്തവം ഉണ്ടാകുന്നതിന് ഏറ്റവും കുറഞ്ഞ പ്രായം 9 വയസ്സാകുന്നു. 9 വയസ്സ് പൂർത്തിയാകാൻ 16 ദിവസം താഴെമാത്രം ബാക്കിയുള്ളപ്പോൾ പുറപ്പെടുന്ന രക്തവും ആർത്തവ രക്ത ഗണത്തിൽ പെടുത്താം

ഇതിന്റെ കാലയളവ് ഏറ്റവും കുറഞ്ഞത് മൂന്ന് , മധ്യമായത് അഞ്ച് , അധികാരിച്ചാൽ 10 ദിവസം.


ആർത്തവ സമയങ്ങളിൽ എന്തെല്ലാം ഹറാം ആയിത്തീരും 


നിസ്ക്കാരം

നോമ്പ്

ഖുർആൻ ഓതൽ

ഉറയില്ലാതെ ഖുർആൻ സ്പർശിക്കൽ

പള്ളിയിൽ പ്രവേശിക്കൽ

ത്വവാഫ് ചെയ്യൽ

സംയോഗം

മുട്ട് പൊക്കിളിനിടയിലുള്ള സ്ഥലം കൊണ്ട് സുഖം അനുഭവിക്കൽ


എന്താണ് പ്രസവ രക്തം 

ഗർഭ പാത്രം പൂർണ്ണമായും ഒഴിവായ ശേഷം മാതാവിന്റെ ഉദരത്തിൽ നിന്നും പുറത്തേക്കു പോകേണ്ട ആർത്തവ രക്തത്തിനു പ്രസവ രക്തം എന്ന് പറയുന്നു .

ഏറ്റവും കുറഞ്ഞാൽ ഒരു സെക്കന്റ് , അധികരിച്ചാൽ 40 ദിവസം , അതിലും കൂടിയാൽ 60 ദിവസം വരെയാകാം 

60 ദിവസത്തിൽ കൂടുതൽ പ്രസവം രക്തം കാണില്ല . അതിനു ശേഷവും രക്തം കണ്ടാൽ രോഗ രക്തമാകാം , ഡോക്ടറെ കണ്ട് ചികിത്സ തേടുക.

മറ്റൊരു കാര്യം ഉണർത്താനുള്ളത് നമ്മുടെ നാടുകളിൽ ഒരു ആചാരമായി നിലനിൽക്കുന്ന വസ്തുതയാണ് പ്രസവത്തിനു ശേഷമുള്ള 40 കുളി. അത് ആചരിക്കുന്നതല്ല കുഴപ്പം . അതിനു ശേഷമേ നിസ്ക്കാരം , നോമ്പ് മുതലായ കർമ്മങ്ങൾ പാടുള്ളു എന്നുള്ള ആചാരം . ഇത് തീർത്തും അനാചാരമാണ് .

പ്രസവിച്ച സ്ത്രീക്ക് എപ്പോൾ രക്തം നിൽക്കുന്നോ , അടുത്ത സമയം മുതൽ കുളിച്ചു ശുദ്ധിയായി നിസ്‌ക്കാരങ്ങളും മറ്റു കർമ്മങ്ങളിലും വ്യാപൃതയാകണം. ചില സ്ത്രീകൾക്ക് 40 ദിവസം കഴിഞ്ഞാലും രക്തം നിൽക്കാറില്ല . അപ്പോൾ ഏതു മാനദണ്ഡം ഇവർ അനുവർത്തിക്കും. 


ഇസ്തിഹാളത്തിന്റെ രക്തം പുറപ്പെട്ടാലും കുളി നിർബന്ധമാണ്.

ഇസ്തിഹാളത് എന്നാൽ ഹയളിന്റെ ഏറ്റവും ചുരുങ്ങിയ 3 ദിവസത്തേക്കാൾ ചുരുങ്ങിയതും ഏറ്റവും അധികരിച്ച 10 ദിവസത്തേക്കാൾ അധികരിക്കുകയും , പ്രസവ രക്തമായ 40 ദിവസത്തേക്കാൾ അധികരിച്ചു പുറപ്പെടുന്ന രക്തത്തിനാണ് ഇസ്തിഹാളത്തിന്റെ രക്തം എന്ന് പറയപ്പെടുന്നത് .


ഇവർക്ക് ആർത്തവ , പ്രസവ കാരികളുടെ വിധി അല്ല ഉള്ളത് . 

മൂത്ര വാർച്ചക്കാരനും , വയറിളക്കമുള്ള വ്യക്തികളുടെയും (ചില രോഗ സമയങ്ങളിൽ) , ഇസ്തിഹാളത്തു കാരിയുടെയും വിധി ഒന്ന് തന്നെയാണ്. ഇവർക്ക് അമലുകൾ ചെയ്യാൻ തടസ്സമില്ല . ഇവർ നിസ്‌കരിക്കാൻ പോകുന്നതിനു മുൻപ് ഉളൂ എടുക്കുന്ന അവസരത്തിൽ പുറത്തേക്കു മാലിന്യമൊന്നും വരാതിരിക്കാൻ വെച്ച് കെട്ടി വുളു ചെയ്തു നിസ്‌ക്കരിക്കണം.ഇതിനിടയിൽ എന്തെങ്കിലും പുറപ്പെട്ടാൽ അത് വിടുതൽ നൽകപ്പെടും .

ഇങ്ങനെയുള്ളവരുടെ ഒരു വുളൂ കൊണ്ട് അവർ ഉദ്ദേശിച്ചത്രയും ഫർളും , സുന്നത്തും നിസ്‌ക്കരിക്കാം എന്നാണ് ഹനഫി മദ്ഹബ് . പക്ഷെ ഷാഫി മദ്ഹബിൽ ഒരു ഫർള് മാത്രമേ പാടുള്ളു .


കുളി നിർബന്ധമാകാത്ത സംഗതികൾ 


  • മദിയ്യ് പുറപ്പെടുക - (ലൈംഗിക വികാരം ശക്തി പ്രാപിച്ചു വരുമ്പോള്‍ ലിംഗത്തിലൂടെ സ്രവിക്കുന്ന വെളുത്തതോ മഞ്ഞയോ ആയ നേരിയ ദ്രാവകമാണ് മദ്‍യ്) (ക്തമായ വികാരം ഉണ്ടാകുമ്പോള്‍ മനിയ്യ്‌ പുറപ്പെടുന്നതിന്റെ മുമ്പായി മനുഷ്യരുടെ ഗുഹ്യസ്ഥാനത്ത് നിന്നും പുറപ്പെടുന്ന വെളുപ്പോ മഞ്ഞയോ വർണമുള്ള നേര്‍ത്ത ഒരു ദ്രാവകം ആണ് മദിയ്യ്‌)


  • വദിയ്യ് പുറപ്പെടുക - (മൂത്രം ഒഴിച്ച ഉടനയോ, ഭാരം ചുമന്നാലോ, ക്ഷീണം ഉള്ള ചില സമയത്തോ ചിലര്‍ക്ക് മുന്‍ ദ്വാരത്തിലൂടെ പുറപ്പെടുന്ന കട്ടിയുള്ള വെളുത്ത ദ്രാവകമാണ് വദിയ്യ്)


  • നനവില്ലാതെ സ്ഖലനം ഉണ്ടാകുക 


  • പ്രസവ രക്തം പുറപ്പെടാതെ പ്രസവിക്കുക 


  • സംയോഗ സുഖം എത്തിക്കാത്ത നിലയിൽ ലിംഗത്തെ യോനിയിൽ പ്രവേശിപ്പിക്കുക 


  • എനിമ വെക്കുക - (മലദ്വാരത്തിലൂടെ വെള്ളം കയറ്റി വയറുശുദ്ധമാക്കുന്നതിനുള്ള പ്രക്രിയയാണ് എനിമ അഥവാ ഗുദവസ്തി. വിസർജ്ജനതിനായി മലദ്വാരത്തിലൂടെ ഉള്ളിലേക്ക് മരുന്ന് കടത്തിവിടുന്ന പ്രക്രിയയാണിത്. ആശുപത്രികളിൽ മിക്കവാറും സോപ്പ് വെള്ളമാണ് എനിമ നല്കാൻ ഉപയോഗിക്കുന്നത് . പൊതുവേ പ്രസവത്തിനു മുൻപും ശസ്ത്രക്രിയകൾക്ക് മുൻപും എനിമ നല്കാറുണ്ട്. ആയുർവേദത്തിൽ എനിമ പോലുള്ള ഒരു പ്രയോഗമാണ് വസ്തി. എന്നാൽ വസ്തിക്കായി എണ്ണയോ കഷായമോ ആണ് ഉപയോഗിക്കുന്നത്.)


  • രണ്ടാലൊരു വഴിയിൽ വിരൽ പ്രവേശിപ്പിക്കുക 


  • നാൽക്കാലിയെയോ , മയ്യിത്തിനെയോ ഭോഗിക്കുകയും ഇന്ദ്രിയ സ്ഖലനം ഇല്ലാതിരിക്കുകയും ചെയ്യുക 


കുളിയുടെ ഫർളുകൾ

കുളിയുടെ ഫർളുകൾ 11 എണ്ണമാണ് .


വായ് കഴുകുക

മൂക്കിൽ വെള്ളം കയറ്റി ചീറ്റുക

ശരീരം മുഴുവൻ ഒരു പ്രാവശ്യം കഴുകുക

ചേലാകർമ്മം ചെയ്യപ്പെടാത്തവന്റെ ലിംഗം മൂടിയ തോൽ പൊളിച്ചു കഴുകുക , ബുദ്ധിമുട്ടില്ലെങ്കിൽ അതിന്റെ ഉള്ളിൽ വെള്ളം കയറ്റി കഴുകൽ

പൊക്കിളിന്റെ ഉൾഭാഗം കഴുകൽ

ചേർന്ന് ഒട്ടി ഇരിക്കാത്ത ദ്വാരങ്ങൾ കഴുകൽ

ജടയുള്ള മുടിയിൽ വെള്ളം എത്തുന്ന രീതിയിൽ വൃത്തിയായി കഴുകൽ

താടിയിലെ തൊലി കഴുകുക

മീശയുടെ തൊലി കഴുകുക

പിരികത്തിന്റെ അടിത്തൊലി വൃത്തിയാക്കൽ

ഇരിക്കുമ്പോൾ വെളിവാകുന്ന ഫർജിന്റെ (യോനി) ഭാഗം കഴുകൽ


സാധാരണ - ഹനഫി മദ്ഹബ് പ്രകാരം കുളിയുടെ ഫർളുകൾ മൂന്നെണ്ണമാണ് പറയുന്നതെങ്കിലും മുകളിൽ പറഞ്ഞ സംഗതികൾ കൂടി അറിഞ്ഞിരിക്കൽ നിർബന്ധമാണ് .

സാധാരണ പഠിച്ചിട്ടുള്ള മൂന്നു ഫർളുകൾ 

വായിൽ വെള്ളം കയറ്റി തുപ്പുക 
മൂക്കിൽ വെള്ളം കയറ്റി ചീറ്റുക 
ശരീരം മുഴുവനും കഴുകുക 


ഇത് വായിക്കുമ്പോൾ ഞങ്ങൾ ഇത് കേട്ടിട്ടില്ല 3 എണ്ണമാണ് ഫർളുകൾ എന്ന് ആക്ഷേപം ഉയർത്താതെ ഇതിന്റെ പൊരുൾ മനസ്സിലാക്കാൻ ശ്രദ്ധിക്കുക . 

വലിയ അശുദ്ധിക്കാരൻ കുളിക്കുമ്പോൾ ശരീരത്തിൽ ഏതെങ്കിലും ഒരു ഭാഗത്തു വെള്ളം എത്തിയില്ലെങ്കിൽ അവന്റെ കുളി അസാധുവാണ് . അവൻ ചെയ്യുന്ന അമലുകളും നിഷ്ഫലമാകും . അതിനാൽ മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം ഓർമയിൽ വെക്കുക .


കുളിക്കുമ്പോളുള്ള നിയ്യത്ത് 

ജനാബത്തു കാരനാണെകിൽ ജനാബത്തിൽ നിന്നും ശുദ്ധിയാവാൻ വേണ്ടി ഞാൻ കുളിക്കുന്നു എന്ന് ആദ്യമേ നിയ്യത്തു വെച്ച് അഊദും , ബിസ്മിയും പറഞ്ഞു വായിൽ വെള്ളം ഒഴിച്ച് കൊപ്ലിക്കണം. (മൂന്നു പ്രാവശ്യം) , പിന്നീട് മൂക്കിൽ വെള്ളം കയറ്റി ചീറ്റുകയും , ശേഷം ശരീരം മുഴുവൻ വെള്ളം എത്തുന്ന രീതിയിൽ വെള്ളം ഒലിപ്പിച്ചു കഴുകി കുളി പൂർത്തിയാക്കണം.

ആർത്തവക്കാരി ആണെങ്കിൽ , അല്ലെങ്കിൽ പ്രസവക്കാരി ആണെങ്കിൽ - ഇവരുടെ നിയ്യത്ത് ഇതിൽ നിന്നും ശുദ്ധിയാവാൻ കുളിക്കുന്നു എന്നാക്കണം. 

പൊതുവായി ഇങ്ങനെ പറഞ്ഞാലും മതി വലിയ അശുദ്ധിയിൽ നിന്നും ശുദ്ധിയാവാൻ ഞാൻ കുളിക്കുന്നു .

ഇനി സുന്നത്ത് കുളി ആണെങ്കിൽ സുന്നത് കുളിയുടെ നിയ്യത്തു വെക്കണം .

അപ്പോൾ നാം കുളിക്കുമ്പോൾ ഇതിലൊരു നിയ്യത്തു നിർബന്ധമായും ഉണ്ടായിരിക്കണം.

നിയ്യത്തു വച്ചില്ലെങ്കിൽ കുളിയുടെ ഫർളുകൾ വീട്ടപ്പെടില്ല . ഫർള് നിബന്ധന പാലിച്ചില്ലെങ്കിൽ കുളി അസാധുവാകും . കുളി ഇസ്ലാം അനുശാസിച്ച രീതിയിൽ അല്ലെങ്കിൽ അവൻ ചെയ്യുന്ന അമലുകൾ വൃഥാവിലാകും.


കുളിയുടെ സുന്നത്തുകൾ 

പ്രാരംഭത്തിൽ ബിസ്മി ചൊല്ലുക 

നിയ്യത്തു ചെയ്യുക 

രണ്ടു മുൻകൈ മണിബന്ധം വരെ കഴുകുക 

ശരീരത്തിൽ മാലിന്യമുണ്ടെങ്കിൽ അത് നീക്കുക 

ഗുഹ്യം കഴുകുക 

വുളു എടുക്കുക 

കഴുകൽ മുമ്മുന്നു പ്രാവശ്യം ആക്കുക 

ശരീരത്തിൽ മൂന്നു പ്രാവശ്യം വെള്ളം ഒഴിച്ച് കഴുകുക 

വെള്ളം ആദ്യം തലയിൽ ഒഴിക്കുക 

പിന്നീട് വലതു തോളിലും പിന്നീട് ഇടതു തോളിലും ഒഴിക്കുക 

അവയവങ്ങൾ തേച്ചുരച്ചു കഴുകുക 

തുടർച്ചയായി ചെയ്യുക.


സുന്നത്തായ കുളികൾ 

വെള്ളിയാഴ്ച ദിവസം കുളിക്കുക 

രണ്ടു പെരുന്നാൾ കുളി 

ഹജ്ജിനു ഇഹ്‌റാം കെട്ടാൻ വേണ്ടി കുളിക്കുക 

ദുൽഹജ്ജ് 9 തിന് ഹാജിമാർ ഉച്ചക്ക് ശേഷം അറഫയിൽ നില്ക്കാൻ വേണ്ടി കുളിക്കുക 

മയ്യിത്തിനെ കുളിപ്പിച്ച ശേഷം കുളിക്കുക 

മദീനയിൽ പ്രവേശിക്കാൻ വേണ്ടി കുളിക്കുക 

വലിയ പെരുന്നാളിന്റെ പിറ്റേ ദിവസം ഹാജിമാർ മുസ്ദലിഫയിൽ നില്ക്കാൻ വേണ്ടി കുളിക്കുക 

മക്കയിൽ പ്രവേശിക്കാൻ കുളിക്കുക 

ഗ്രഹണ നിസ്‌കാരത്തിന് വേണ്ടി കുളിക്കുക 

മഴയെ തേടുവാൻ, കഠിനമായ ഇരുട്ടിനു ശേഷം, ശക്തമായ കാറ്റടിച്ച ശേഷം , ശുദ്ധിയുള്ളവനായി മുസ്ലിമാകുക , പ്രായംകൊണ്ട് മുസ്ലിമാകുക , ഭ്രാന്തിൽ നിന്നും ബോധം തെളിഞ്ഞ ശേഷം, കൊമ്പു വെച്ച ശേഷം, ലൈലത്തുൽ ഖദ്ർ രാത്രി ബോധ്യമായാൽ ആ രാത്രി കുളിക്കുക -- മുതലായവയാകുന്നു.   

No comments:

Post a Comment