Sunday 12 April 2020

മാസപ്പിറവി പല ദിവസങ്ങളിൽ സംഭവിക്കുന്നതെങ്ങനെ ?




സൂര്യന്‍ ഉദിക്കുന്നതില്‍ പ്രകടമായ സമയവിത്യാസം നാം കാണുന്നുണ്ടല്ലോ. ഇന്ത്യയില്‍ പകലാകുമ്പോള്‍ അമേരിക്കയില്‍ രാത്രിയാണ്. ഇത് പോലെത്തന്നെയാണ് ചന്ദ്രനും. സൂര്യനെ പോലെ ഉദയാസ്തമയ സമയത്തില്‍ പ്രകടമായ വിത്യാസമുണ്ട്. ഭൂമി ഗോളാകൃതിയിലായത് കാരണമാണത്. നമ്മുടെ കേരളത്തില്‍ തന്നെ തിരുവനന്തപുരം കോഴിക്കോട് കാസര്‍ഗോഡ് തുടങ്ങിവിത്യസ്ത ഉദയസ്ഥാനങ്ങളാണ് ഉള്ളത്.


സൂര്യന്‍ അസ്തമിച്ചതിനു ശേഷം മാസപ്പിറവി നഗ്നനേതൃം കൊണ്ട് ദര്‍ശിക്കുന്നതിലൂടെയാണ് അറബി മാസം തുടങ്ങുന്നത്. ജ്യോതിശാസ്ത്രം അടിസ്ഥാനമാക്കിയുള്ള ചന്ദ്രകലണ്ടറിലെ മാസാരംഭവും ഇസ്‌ലാമികകലണ്ടറിലെ മാസപ്പിറവിയും തമ്മിൽ വ്യത്യാസമുണ്ട്. ജ്യോതിശാസ്ത്രത്തിൽ ചന്ദ്രമാസം ആരംഭിക്കുന്നത് ചന്ദ്രന്‍ കൺജങ്ഷനിൽ (സൂര്യ ചന്ദ്ര സമാഗമം) ആകുമ്പോഴാണ്. എന്നാൽ കൺജങ്ഷൻ കഴിഞ്ഞ് പതിനഞ്ച് മുതല് പതിനെട്ട് വരെ മണിക്കൂറുകൾ കഴിഞ്ഞുമാത്രമേ ചന്ദ്രനെ കാണാൻ സാധിക്കുകയുള്ളൂ. മാത്രമല്ല, പടിഞ്ഞാറൻ ആകാശം മേഘം മൂടിയതിനാലോ മറ്റോ ആകാശത്തിൽ ഉണ്ടെങ്കിലും ചന്ദ്രനെ കാണാൻ സാധിക്കാതെ വരാം.മേഘത്തിന്‍റെ സാന്നിധ്യം കൊണ്ടോ ഉദിപ്പിന്‍റെ സമയം വിത്യാസപ്പെട്ടത് കൊണ്ടോ ചന്ദ്രദര്‍ശനം സാധ്യമായില്ലെന്ന് വരാം. ഓരോ 200 കിലോമീറ്ററിലും ഉദിപ്പ് വിത്യാസപ്പെടുന്ന മേഘലയായി പരിഗണിക്കും. ഒരു സ്ഥലത്ത് മാസം കണ്ടാല്‍ ആ (ഉദിപ്പ് ഒരു സമയത്തായ സ്ഥലം) സ്ഥലത്ത് മാത്രമാണ് മാസാരംഭമായി പരിഗണിക്കുന്നത്. മറ്റിടങ്ങളില്‍ പരിഗണിക്കില്ല. അത് പരിഗണിക്കരുതെന്നാണ് നബി തങ്ങള്‍ പഠിപ്പിച്ചതും.


നബി (സ) പറഞ്ഞു: ഹിലാല്‍ കാണുവോളം നിങ്ങള്‍ നോമ്പനുഷ്ഠിക്കരുത്. ഹിലാല്‍ കാണുവോളം നിങ്ങള്‍ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യരുത്. ഹിലാല്‍ കണ്ടാല്‍ നിങ്ങള്‍ നോമ്പ് നോല്‍ക്കുക. ഹിലാല്‍ കണ്ടാല്‍ നിങ്ങള്‍ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യുക.
(അഹ്‌മദ് 9505)


عَنْ كُرَيْبٌ اسْتَهَلَّ عَلِيٌّ رَمَضَانَ وَأَنَا بِالشَّامِ فَرَأَيْت الْهِلَالَ لَيْلَةَ الْجُمُعَةِ فَرَآهُ النَّاسُ فَصَامَ مُعَاوِيَةُ ثُمَّ قَدِمْت الْمَدِينَةَ فِي آخِرِ الشَّهْرِ فَأَخْبَرْت ابْنَ عَبَّاسٍ بِذَلِكَ فَقَالَ لَكِنَّا رَأَيْنَاهُ لَيْلَةَ السَّبْتِ فَلَا نَزَالُ نَصُومُ حَتَّى نُكْمِلَ ثَلَاثِينَ فَقُلْت أَلَا تَكْتَفِي بِرُؤْيَةِ مُعَاوِيَةَ فَقَالَ لَا هَكَذَا أَمَرَنَا رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ


കുറൈബ് എന്നവര്‍ പറയുന്നു. ഞാന്‍ ശാമിലായിരിക്കെ അലി (റ) റമളാന്‍ മാസപ്പിറവി ദര്‍ശിച്ചു. ഞാനും മറ്റുള്ളവരും ശാമില്‍ നിന്ന് വെള്ളിയാഴ്ച ഹിലാല്‍ കണ്ടു. മുആവിയ (റ) അന്ന് റമളാനായി പ്രഖ്യാപിക്കുകയും ചെയ്തു. മാസാവസാനം ഞാന്‍ മദീനയില്‍ വന്നു. വിവരം ഞാന്‍ ഇബ്നു അബ്ബാസ് (റ) നോട് പറഞ്ഞു. അദ്ദേഹം പറഞ്ഞു ഞങ്ങള്‍ മദീനയില്‍ മാസപ്പിറവി ദര്‍ശിച്ചത് ശനിയാഴ്ചയാണ്. ഞങ്ങള്‍ മുപ്പത് പൂര്‍ത്തിയാക്കുന്നത് വരെ നോമ്പനുഷ്ടിക്കും. (കുറൈബ് എന്നവര്‍ക്ക് അതിനു മുമ്പേ മുപ്പത് പൂര്‍ത്തിയായിരുന്നു). അപ്പോള്‍ ഞാന്‍ ചോദിച്ചു മുആവിയ മാസം കണ്ടതനുസരിച്ച് പ്രവര്‍ത്തിച്ച് കൂടെ. ഇബ്നു അബ്ബാസ് (റ) പറഞ്ഞു മതിയാവില്ല. ഇങ്ങനെ നോമ്പനുഷ്ടിക്കാനാണ് നബി (സ്വ) കല്‍പിച്ചത്.


ഒരു സ്ഥലത്തെ ചന്ദ്രപ്പിറവി മറ്റുള്ള സ്ഥലത്തേക്ക് ബാധകമാവില്ലെന്നതിനു തെളിവാണ് ഈ ഹദീസ്.  ശാഫിഈ മദ്ഹബിലും മറ്റു ചില മദ്ഹബിലും ഈ ഹദീസാണ് അവലംഭിക്കുന്നത്. ലോകത്ത് ഒരു സ്ഥലത്ത് കണ്ടാല്‍ മറ്റെല്ലാ സ്ഥലത്തേക്കും ബാധകമാവുമെന്ന് അഭിപ്രായപ്പെടുന്ന മദ്ഹബുമുണ്ട്.


ചുരുക്കത്തില്‍ മാസപ്പിറവിയുടെ നിര്‍ണയ സ്ഥാനങ്ങള്‍ (المطالع) വിത്യസ്തമാണെന്ന് ബുദ്ധി കൊണ്ടും അനുഭവം കൊണ്ടും സ്ഥിരപ്പെട്ടതാണ്. അതിലെ വിത്യാസമനുസരിച്ച് മാസാരംഭത്തില്‍ വിത്യാസമുണ്ടാവുമെന്ന് ചില പണ്ഡിതരും ഉദയസ്ഥാനങ്ങളിലെ വിത്യാസമനുസരിച്ച് മാസാരംഭത്തില്‍ വിത്യാസം വരില്ലെന്ന് മറ്റൊരു വിഭാഗം പണ്ഡിതരും അഭിപ്രായപ്പെടുന്നു. നിര്‍ണയസ്ഥാനങ്ങളിലെ വിത്യാസമനുസരിച്ച് മാസാരംഭത്തില്‍ വിത്യാസം സംഭവിക്കുമെന്നാണ് ശാഫിഈ മദ്ഹബിലെ പ്രബലമായ അഭിപ്രായം.     

No comments:

Post a Comment