Sunday 12 April 2020

കുളിപ്പിക്കാത്ത മയ്യിത്തിന് വേണ്ടി നിസ്കരിക്കാമോ?



മയ്യിത്തിന് വേണ്ടി നിസ്കരിക്കണമെങ്കില്‍ മയ്യിത്തിനെ കുളിപ്പിച്ചുകഴിയണമെന്നത് നിബന്ധനയാണ്. ആയതിനാല്‍ കുളിപ്പിക്കാത്ത മയ്യിത്തിന്‍റെമേല്‍ നിസ്കരിക്കാന്‍ പാടില്ല.


മയ്യിത്തിന്‍റെ സാഹചര്യം കുളിപ്പിക്കാനോ തയമ്മും ചെയ്യാനോ സൌകര്യപ്പെടാത്തതാണെങ്കിലും നിസ്കരിക്കേണ്ടതില്ല എന്നതാണ് പ്രബലമായ അഭിപ്രായം. നിസ്കാരത്തിന് മുമ്പ് മയ്യിത്ത് കുളിപ്പിക്കപ്പെടുക/തയമ്മും ചെയ്യപ്പെടുക എന്ന നിബന്ധന ഇവിടെ പാലിക്കാന്‍ കഴിയാത്തത് കൊണ്ടാണ് നിസ്കരിക്കേണ്ടതില്ലെന്ന് പറയാന്‍ കാരണം (തുഹ്ഫ 4-176).


കുളിപ്പിക്കാന്‍ പറ്റാത്തതിന്‍റെ പേരില്‍ മയ്യിത്തിന്‍റെ മേല്‍ നിസ്കരിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നത് മയ്യിത്തിന് ഒരു കുറവായി നാം കരുതേണ്ടതില്ല. മഹാന്മാരായ ശുഹദാക്കളെ കുളിപ്പിക്കാതെയാണ് മറവു ചെയ്യേണ്ടത് എന്നതിനാല്‍ അവരുടെ പേരില്‍ മയ്യിത്ത് നിസ്കാരവുമില്ലല്ലോ. അത് ശുഹദാക്കളുടെ കുറവായി നാം കരുതാറുമില്ല.


എന്നാല്‍ ശര്‍ത്വ് പരിഗണിക്കാന്‍ കഴിയുമ്പോള്‍ മാത്രമേ അത് പരിഗണിക്കേണ്ടതുള്ളൂ എന്നും കുളിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കുളിപ്പിച്ചില്ലെങ്കിലും മയ്യിത്ത് നിസ്കാരം നിര്‍വഹിക്കണമെന്നും അഭിപ്രായപ്പെട്ട പണ്ഡിതന്മാരുണ്ട്. മയ്യിത്തിന്‍റെ കുടുംബങ്ങളുടെ മനോനില പരിഗണിച്ചും മയ്യിത്തിനെ ആദരിക്കുന്നതിന്‍റെ ഭാഗമായും ഈ അഭിപ്രായം അനുകരിക്കലാവും ഉചിതമെന്ന് (ശർവാനി  4-176) കാണാം.


മറുപടി നൽകിയത്  : മുബാറക് ഹുദവി അങ്ങാടിപ്പുറം

No comments:

Post a Comment