Tuesday 14 April 2020

മാശിതാ ബീവിയുടെ ഈമാൻ



മിഅറാജിന്റെ രാത്രിയിൽ നബിയും ( സ ) ജിബ്രീലും(അ) യാത്ര ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഒരു സുഗന്ധം അനുഭവപ്പെട്ടു.

റസൂൽ (സ) ജിബ് രീലിനോട് ചോദിച്ചു:ഓ ജിബ് രീൽ എവിടെ നിന്നാണ്  ആ പരിമളം  ?

"അത് ഖബറിൽ നിന്നാണ്" "ഖബറിൽ നിന്നോ ?"

"അതെ

ഏത് പ്രവാചകന്റെ ഖബറാണത് ?"

"പ്രവാചകന്റേതൊന്നുമല്ല.
അതൊരു അടിമ പെണ്ണിന്റെയും അവരുടെ മൂന്ന് മക്കളുടെയും ഖബറാണ്.

ഖിയാമത്ത് നാള് വരെ ആ ഖബറിൽ നിന്നും ഈ സുഗന്ദം അടിച്ചു വീശി കൊണ്ടേ യിരിക്കും "

റസൂൽ (സ) ആശ്ചര്യത്തോടെ മലക്കിനോട് ചോദിച്ചു:"ഇത്രയും വലിയ മഹോന്നത തിൽ എത്താൻ ആ അടിമ പെണ്ണ് എന്ത് പുണ്യമാണ് ചെയ്തത് ?

ജിബ് രീൽ നബിക്ക് (സ) സംഭവം വിവരിച്ചു:"അവൾ ഫിർഔനിന്റെ കൊട്ടാരത്തിലെ അടിമസ്ത്രീയായിരുന്നു. പേര് മാശിത. അവൾ ആരാരു മറിയാതെ മൂസാ നബിയിൽ വിശ്വസിച്ചു.

ഒരു ദിവസം മൂസാ നബി അവളോട് പറഞ്ഞു:"മാഷിതാ നീ എന്ത് നല്ല കാര്യം ചെയ്യുമ്പോഴും ബിസ്മി ചൊല്ലണം"

ഒരു ദിവസം അവൾ മോളുടെ മുടി ചീകി കൊടുക്കാൻ ചീർപ്പ് കയ്യിലെടുത്ത ഉടനെ തന്നെ ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന് ചൊല്ലി.

ഇത്  ഫറോവ അറിഞ്ഞു.

തന്റെ കൊട്ടാരത്തിലെ ദാസി അടിമ പെണ്ണ് ഇസ്ലാം മതം സ്വീകരിച്ചത് ഫറോവയെ വല്ലാതെ അരിശം കൊളളിച്ചു.

മാശിതയെ വിളിച്ചു അതിൽ നിന്നും പിന്തിരിയാൻ ആവശ്യപ്പെട്ടു . പക്ഷേ
മാശിതാ ബീവി പിന്തിരിഞ്ഞില്ല . എല്ലാ ശ്രമവും പരാജയപ്പെട്ടപ്പോൾ ഫറോവയും അനുയായികളും അവരെ കൊന്ന് കളയാൻ തീരുമാനിച്ചു.
അതിനായ് വലിയൊരു തീ കുണ്ഠാരം പണിതു.

അതിൽ തീ കത്തിച്ചു ഒരു വലിയ പാത്രത്തിൽ എണ്ണ തിളപ്പിച്ചു.
ആ അഗ്നികുണ്ഠാരത്തിനരികെ മാശിത ബീവിയെ കൊണ്ട് വന്നു ഫിർഔൻ പറഞ്ഞു:

"മാശിതാ ഇത് നിനക്കുള്ളതല്ല.

നിന്റെ മൂന്ന് മക്കളെയും ഈ തിളക്കുന്ന എണ്ണയിലിട്ട് കരിക്കാൻ പോവുകയാണ്.

എന്ത് പറയുന്നു നീ ?

നീ വിശ്വസിച്ച മതത്തിൽ നിന്നും പിന്തിരിയുന്നോ ഇല്ലയോ ...... ?"

"ഇല്ല ഇല്ല".

എന്നെയും എന്റെ മൂന്ന് മക്കളെയും തുണ്ടം തുണ്ടമാക്കി കഷ്ണിച്ചാലും കത്തി കരിച്ചാലും ഞാൻ സ്വീകരിച്ച ഇസ്ലാമിൽ നിന്നു പിറകോട്ടില്ല."

മാശിതയുടെ ഉറച്ച തീരുമാനം.

ഇത് കേട്ട് രോഷാകുലരായ ഫറോവും അനുയായികളും അഗ്നി കൊണ്ട് തിളച്ചു മറയുന്ന എണ്ണയിലേക്ക് മാശിതാ ബീവിയുടെ ഏഴ് വയസ്സുള്ള മൂത്ത കുട്ടിയെ പിടിച്ച് കൊണ്ട് വന്നു.

ആ തിളക്കുന്ന എണ്ണയിലേക്ക് കുട്ടിയെ ഇട്ട് കരിച്ച് കളയാൻ അടുപ്പിനരികിൽ വെച്ച് ഫിർഔന്റെ കിങ്കരന്മാർ ചോദിച്ചു:

ഹേ മാശിതാ , നിന്റെ കുട്ടിയെ ഈ തിളക്കുന്ന എണ്ണയിലിട്ട് കരിക്കാൻ പോകുകയാണ്.നീ മാറുന്നോ നിന്റെ ഇസ്ലാമിൽ നിന്ന് ''

ഈ ഭയാനകത ഒരു മാതൃ ഹൃദയത്തിനും സഹിക്കാൻ സാധിക്കില്ല.

പക്ഷേ മാശിത ബിവി .

തന്റെ കുട്ടിയെ കെട്ടിപ്പിടിച്ചു മുത്തം കൊടുത്ത് പറഞ്ഞു:"മോളെ നമ്മൾ സ്വീകരിച്ചത് ഏക ഇലാഹിനെയാണ്. പൊയ്കൊള്ളൂ...റബ്ബിന്റെ രാജസന്നിധിയിലേക്ക് ... സ്വർഗീയാരാമത്തിൽ നമുക്ക് കണ്ടു മുട്ടാം........"

ഇത് കേട്ട ഫറോവയും കൂട്ടരും കുട്ടിയെ തിളക്കുന്ന എണ്ണയിലിട്ട് കരിച്ച് കൊന്നു."

രണ്ടാമത്തെ കുട്ടിയെയും അത് പോലെആ മാതൃ ഹൃദയത്തിന്റെ മുന്നിൽ വെച്ച് കൊലപ്പെടുത്തി.

അപ്പോഴും മാശിത പറഞ്ഞു:

"ഞാൻ സ്വീകരിച്ചത് ഇസ്ലാമാണ് .ഏക ഇലാഹാണ് "

അവർ പിന്തിരിഞ്ഞില്ല.

അവസാനം ഏഴ് മാസം പ്രായമുള്ള മൂന്നാമത്തെ കുട്ടിയായ ചോര കുഞ്ഞിനെ എണ്ണയിലേക്ക് ഇടാൻ പോകവെ,ആ മാതാവ് പൊട്ടി പൊട്ടി കരയാൻ തുടങ്ങി.

താലോലിച്ച് താരാട്ട് പാടി കവിളിൽ മുത്തം കൊടുത്ത് മടിയിൽ വെച്ച് ഉറക്കിയിട്ട് കൊതി തീർന്നിട്ടില്ല.ലാളിച്ച് ആശ തീർന്നിട്ടില്ല ..

എന്റെ കൊച്ചു പൈതലാണല്ലോ കത്തി കരിയാൻ പോകുന്നത് ..
വാവിട്ട് കരയുകയാണ് മാശിത!

അപ്പോളതാ എണ്ണയുടെ അരികിൽ നിന്നും പിഞ്ചു പൈതൽ വിളിച്ചു പറയുന്നു:

"ഉമ്മാ കരയല്ലേ ഉമ്മാ വ്യസനിക്കല്ലേ ഉമ്മാ ...നമ്മള് സ്വീകരിച്ചത് പരിശുദ്ധ ഇസ്ലാമല്ലയോ

ഉമ്മാ ....ഉമ്മാ റബ്ബിന്റെ സ്വർഗീയാരാമത്തില് നിന്നും കണ്ട് മുട്ടാം ഉമ്മാ ...."

കൊച്ചു പൈതലിന്റെ അത്ഭുത വാക്ക് കേട്ട മാശിത ഓടി ചെന്ന് തന്റെ കുഞ്ഞ് പൈതലിനെ വാരിയെടുത്ത് മുത്തം കൊടുത്ത് .ശത്രുക്കളോടായി പറഞ്ഞു :

" ഇല്ല ഇല്ല ഞാൻ പിന്മാറില്ല. അഹദ് അഹദ് ......"

അങ്ങിനെ ആ കൊച്ചു പൈതലിനെയും കരിച്ച് കൊന്നു.

തന്റെ മൂന്ന് മക്കളെയും തന്റെ കൺ മുന്നിലിട്ട് തിളച്ച് മറയുന്ന എണ്ണയിലിട്ട് കത്തി കരിച്ചപ്പോഴും തന്റെ വിശ്വാസത്തിൽ നിന്ന് അണു പിറകോട്ട് പോകാത്ത മാശിത ബീവിയോട് ഫറോവയുടെ ചോദ്യം:

"മാശിതാ.....

ഇനി നിന്നെയാണ് ഈ എണ്ണയിലേക്ക് എറിഞ്ഞ് കരിക്കാൻ പോകുന്നത്. പറയൂ .എന്താണ് നിന്റെ അവസാനത്തെ ആഗ്രഹം ?? "

അവർ പറഞ്ഞു:"കത്തിക്കരിഞ്ഞ എന്നെയും മക്കളെയും നിങ്ങൾ
ഖബറടക്കുമ്പോൾ   എന്റെ ഖബറിൽ വെക്കണം"

ജിബ്രീൽ ആ ചരിത്ര സംഭവം പ്രവാചകന് (സ) പറഞ്ഞ് കൊടുത്ത് അവസാനം പറഞ്ഞു.:

"ഇതാണ് നബിയേ ആ അടിമ സ്ത്രീ ചെയ്ത പുണ്യം ....... ഈ ഒരൊറ്റ കാരണത്താലാണ് .... അന്ത്യ നാള് വരെ ആ ഖബറിൽ നിന്ന് സുഗന്ധം അടിച്ച് വീശുന്നത് "

ഇബ്നു അബ്ബാസ് (റ) പറയുന്നു: " വളരെ ചെറുപ്പത്തിൽ സംസാരിച്ച നാലാളുകളുണ്ട്. മർയമിന്റെ പുത്രൻ ഈസ, ജുറൈജിന്റെ കൂട്ടുകാരൻ, യൂസുഫിന്റെ സാക്ഷി.ഫറോവയുടെ മകൾ മാശിതയുടെ പുത്രി. "


أخرجه الإمام أحمد في " المسند " (1/309) ، والطبراني (12280) ، وابن حبان (2903) ، والحاكم (2/496

No comments:

Post a Comment