Tuesday 14 April 2020

സംസം - ചരിത്രവും അധ്യാപനവും







പ്രവാചകന്‍(സ) പറഞ്ഞു: ‘സംസം വെള്ളം എന്ത് ഉദ്ദേശിച്ച് കുടിക്കപ്പെടുന്നോ അതിനുള്ളതാണ്.’ (അഹ്മദ്)

സംസം രോഗശമനത്തിന് നല്ലതാണെന്ന ഉറച്ച വിശ്വാസത്തോടെ അത് കുടിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവര്‍ക്ക് അത് ഗുണംചെയ്യും. സംസം കുടിക്കുന്നതോടൊപ്പം അതിന്റെ നാഥനോട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും ചെയ്യണം.

അല്ലാഹു പറയുന്നു: ‘എന്റെ ദാസന്മാര്‍ എന്നെപ്പറ്റി നിന്നോടു ചോദിച്ചാല്‍ പറയുക: ഞാന്‍ അടുത്തുതന്നെയുണ്ട്. എന്നോടു പ്രാര്‍ത്ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാനുത്തരം നല്‍കും. അതിനാല്‍ അവരെന്റെ വിളിക്കുത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം.’

സംസം കുടിച്ച് രോഗശമനം ലഭിച്ചതായി വ്യത്യസ്ത കഥകള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. അന്ധന്‍മാര്‍ക്ക് കാഴ്ച ശക്തി തിരിച്ചുകിട്ടിയതായും മറ്റ് വിട്ടുമാറാത്ത രോഗങ്ങള്‍ മാറിയതും വ്യത്യസ്ത നാടുകളില്‍ നിന്നുള്ള കഥകള്‍ മുസ്‌ലിംങ്ങള്‍കിടയില്‍ പ്രസിദ്ധമാണ്. പ്രവാചകന്‍ സംസം കുടിക്കുന്നവര്‍ക്ക് അവര്‍ ഉദ്ദേശിക്കുന്ന രോഗശമനവും മറ്റ് നല്ല കാര്യങ്ങളും അല്ലാഹു നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്.

പ്രവാചകന്‍ (സ) പറയുന്നു: ‘സംസം കുടിക്കപ്പെടുന്നത് എന്തിനാണോ അതിനുള്ളതാണ്. നീ രോഗശമനം തേടിക്കൊണ്ട് അത് കുടിച്ചാല്‍ നിനക്ക് രോഗശമനം ലഭിക്കും. നീ വിശപ്പ് മാറാന്‍ വേണ്ടി അത് കഴിച്ചാല്‍ നിനക്ക് വിശപ്പ് മാറും. നിന്റെ ദാഹം മാറ്റാന്‍ നീ അത് കുടിച്ചാല്‍ നിന്റെ ദാഹം മാറും. ഇസ്മാഈലിന് അല്ലാഹു നല്കിയ പാനവും’


ചരിത്രത്തിലേക്ക്


ഹജ്ജ് മനുഷ്യ ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള സമ്മേളനമാണ്. അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കുന്ന വിശ്വാസികളുടെ വര്‍ഷാവര്‍ഷങ്ങളിലുള്ള ഒത്തു ചേരല്‍.

അല്ലാഹു നല്‍കിയ ധനവും ആരോഗ്യവും മാര്‍ഗ്ഗവുമുപയോഗിച്ച് അവന്റെ ഗേഹത്തിലേക്കുള്ള പ്രയാണം. ഈ വര്‍ഷാന്ത സമ്മേളനത്തില്‍ ഭൂമിയുടെ എല്ലാ കോണില്‍ നിന്നും വിശ്വാസികള്‍ പങ്കെടുക്കുന്നു. ഹജ്ജ് കഴിയുന്നതോടെ ആത്മീയമോക്ഷവും ദൈവ കൃപയും നേടി യാത്രതിരിക്കുന്ന ഹാജിമാര്‍ ഉറ്റവര്‍ക്കായി കൊണ്ടു പോകുന്ന സംസം ചരിത്രത്തിലൂടെ ഒരനശ്വര ദൈവിക ദൃഷ്ടാന്തമായി ഇന്നും നിലനില്‍ക്കുന്നു.

ഇങ്ങനെ ഹാജിമാര്‍ വഴി ലോകമഖിലവുമൊഴുകുന്ന സംസമിന്റെ ചരിത്രം രസകരവും വിസ്മയകരവുമാണ്.

ഇബ്‌റാഹീം (സ) ശാമില്‍ നിന്നും മക്കയിലേക്ക് യാത്ര തിരിക്കുകയാണ്. കൂടെ പത്‌നി ഹാജറായും കൈകുഞ്ഞ് ഇസ്മാഈലുമുണ്ട്. മക്കയാകട്ടെ വെള്ളമോ സസ്യങ്ങളോ ഇല്ലാത്ത ഊഷര ഭൂമിയും.

മക്കയിലെത്തിയ ഇബ്‌റാഹീം (അ) ഹാജറ ബീവിയേയും , ഇസ്മാഈലിനെയും അവിടെ താമസിപ്പിച്ചിട്ട് ശാമിലേക്ക് തന്നെ മടങ്ങുന്നു. ഹാജറിന് ഒരു കൊട്ട കാരക്കയും ഒരു കുടം വെള്ളവും നല്‍കിയാണ് മടക്ക യാത്ര.

ഭീതിപ്പെടുത്തുന്ന ശൂന്യതയില്‍ തുടിക്കുന്ന ഹൃദയത്തോടെ ഹാജറ ഭര്‍ത്താവിനെ തടഞ്ഞു നിര്‍ത്തി ചോദിക്കുകയാണ്. ‘ജീവന്റെ കണിക പോലുമില്ലാത്ത ഈ ശൂന്യതയില്‍ ഞങ്ങളെ ഉപേക്ഷിച്ച് അങ്ങ് പോകുകയാണോ? പലവുരു ഇതാവര്‍ത്തിച്ച ഇബ്‌റാഹീം (അ) ന്റെ മറുപടി ‘അല്ലാഹുവിനെ ഏല്‍പ്പിച്ചു കൊണ്ട്’ എന്നായിരുന്നു. 

‘അവന്റെ കല്‍പ്പനയാലാണോ ഈ മടക്കം’ ഹാജറ തിരക്കുന്നു. ‘അതെ’ ഇബ്‌റാഹീം (അ) പ്രതിവചിക്കുന്നു. ‘എങ്കില്‍ അവന്‍ ഞങ്ങളെ കൈവെടിയില്ല’- ഹാജറ സമാധാനിക്കുന്നു.

മടക്കയാത്ര ആരംഭിച്ച ഇബ്‌റാഹീം (അ) ഏറെ വ്യാകുലനായിരുന്നു. തന്റെ അസാന്നിധ്യം ഹാജറിനും ഇസ്മാഈലിനും ഏറെ വിഷമകരമായിരിക്കുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതിനാല്‍ ഇരു കൈകളും ആകാശത്തേക്ക് ഉയര്‍ത്തി അദ്ദേഹം പ്രാര്‍ത്ഥിക്കുന്നു.

‘നാഥാ, എന്റെ സന്തതികളെ ഞാന്‍, കൃഷിയില്ലാത്ത ഈ താഴ്‌വരയില്‍, നിന്റെ ആദരണീയ ഗേഹത്തിനരികില്‍ പാര്‍പ്പിച്ചിരിക്കുന്നു. നാഥാ, അവര്‍ നമസ്‌കാരം മുറപ്രകാരം നിലനിര്‍ത്തുന്നതിനാകുന്നു ഞാനിത് ചെയതിട്ടുള്ളത്. അതിനാല്‍ നീ ജനഹൃദയങ്ങളില്‍ അവരോട് അനുഭാവമുണ്ടാക്കണമേ! അവര്‍ക്കാഹരിക്കാന്‍ ഫലങ്ങള്‍ നല്‍കേണമേ! അവര്‍ നന്ദിയുള്ളവരായേക്കാം’ (ഇബ്‌റാഹീം-37)


ഏറെ കഴിയുന്നതിനു മുമ്പു തന്നെ ഹാജറ ബീവിയേയും, ഇസ്മാഈലിനെയും വിശപ്പും ദാഹവും അലട്ടാന്‍ തുടങ്ങി. കൂടെയുണ്ടായിരുന്ന കാരക്കയും വെള്ളവും തീര്‍ന്നു. ഹാജറിന്റെ മുലപ്പാല്‍ വറ്റി. മകന്‍ വിശപ്പും ദാഹവും കൊണ്ട് പുളയുന്നത് വേദനയോടെ നോക്കിനില്‍ക്കാനേ അവര്‍ക്ക് കഴിയുന്നുള്ളൂ.

അപ്പോള്‍, പരിസരത്ത് എവിടെയെങ്കിലും ഒരു സഹജീവിയെ കാണാന്‍ കഴിഞ്ഞേക്കുമോ എന്ന പ്രതീക്ഷയില്‍ അടുത്തുകണ്ട സ്വഫാ മലയിലേക്ക് ഓടിക്കയറുന്നു. നിരാശയായി സ്വഫായില്‍ നിന്നിറങ്ങിയ ഹാജറ ബീവി എതിരെ കണ്ട മര്‍വയിലേക്കും അതേ വേഗതയില്‍ ഓടിക്കയറുന്നു. അവിടെ നിന്നും നിരാശയായി വീണ്ടും സ്വഫായിലേക്കും പിന്നെ മര്‍വയിലേക്കും. ഇങ്ങനെ മാറി മാറി ഏഴ് വട്ടം നിസ്സഹായയായി, പരിഭ്രാന്തിയോടെ പ്രതീക്ഷാ നിര്‍ഭരതയോടെ ഓടുകയാണ്.

ഏഴാം വട്ടം മര്‍വയില്‍ എത്തിയപ്പോള്‍ എവിടെ നിന്നോ ശബ്ദം കേള്‍ക്കുന്നു!

ശബ്ദം കേട്ട ഭാഗത്തേക്ക് കാതോര്‍ത്ത് വീണ്ടും ശ്രദ്ധിച്ചപ്പോള്‍ കേട്ടത് ശരിയായിരുന്നു. കുറച്ചകലെ നീരുറവ നിര്‍ഗളിക്കുന്ന ശബ്ദം. ഓടിച്ചെന്ന് കൈ കുമ്പിളില്‍ കോരി വേണ്ടുവോളം കുടിച്ചു. വെള്ളം കുടിച്ച് ദാഹം തീര്‍ത്തപ്പോള്‍ മുലയില്‍ പാല്‍ ചുരത്തുകയായി. ഉടനെ മകനെ വാരിയെടുത്ത് പാല്‍ കൊടുക്കുന്നു. സ്വസ്ഥത തിരിച്ചുകിട്ടിയ ഹാജര്‍ അല്ലാഹുവെ സ്തുതിച്ച് കൊണ്ട് വിശ്രമിക്കവെ ഒരശരീരി കേള്‍ക്കുകയാണ്.

‘ഭയപ്പെടാതിരിക്കുക. ഇവിടെ അല്ലാഹുവിന്റെ ഭവനം ഇബ്‌റാഹീമും ഇസ്മാഈലും കൂടി നിര്‍മിക്കും. അല്ലാഹു അവന്റെ നല്ലവരായ അടിമകളെ കൈ വെടിയുകയില്ല.

ഉറവ പൊട്ടി പരിസരമാകെ വ്യാപിച്ചത് കണ്ട ഹാജറ ബീവി വെള്ളം നഷ്ടപ്പെട്ടു പോകുമോ എന്ന് ഭയന്ന് ചുറ്റു ഭാഗത്തു നിന്നും മണല്‍ വാരി കെട്ടി നിര്‍ത്താന്‍ ശ്രമിച്ചു.

‘കൈ കെട്ടി നിര്‍ത്തി എന്നര്‍ത്ഥത്തിലുള്ള സംസം എന്ന പേര്‍ അങ്ങനെയാണുണ്ടായത്.

ആ നീരുറവ കെട്ടിനിര്‍ത്താതെ ഒഴുകാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ അതൊരു വലിയ നദിയാകുമായിരുന്നെന്ന് പ്രവാചകന്‍ (സ) പറഞ്ഞതായി ഹദീസുകള്‍ വന്നിട്ടുണ്ട്.

ഇബ്‌നു അബ്ബാസ് (റ) പറയുന്നു: ഉമ്മു ഇസ്മാഈലിനെ അല്ലാഹു അനുഗ്രഹിക്കട്ടെ. സംസമിനെ അവര്‍ കെട്ടി നിര്‍ത്താതെ ഉപേക്ഷിച്ചുരുന്നുവെങ്കില്‍ ഒഴുകുന്ന ഒരു നദിയാകുമായിരുന്നു സംസം’.

സംസം ഉറവയില്‍ നിന്നും വെള്ളം ഒഴുകിയപ്പോള്‍ പറവകള്‍ അതിനടുത്ത് കൂടു കെട്ടാനും അന്തരീക്ഷത്തില്‍ വട്ടമിട്ട് പറക്കാനും തുടങ്ങി. അങ്ങനെ ഇസ്മാഈലിനും മാതാവിനും കൂട്ടായി കിളികള്‍ അവിടെ വന്നു കളിച്ചു.

അക്കാലത്ത് ശാമിലേക്ക് കച്ചവടാവശ്യാര്‍ത്ഥം പോയിരുന്ന ജുര്‍ഹൂം ഗോത്രക്കാര്‍ മക്കയുടെ ഓരത്തു കൂടെയായിരുന്നു യാത്ര ചെയ്തിരുന്നത്.

ഒരിക്കല്‍ കച്ചവടം കഴിഞ്ഞ് ശാമില്‍ നിന്നും നാട്ടിലേക്ക് തിരിക്കവെ ഊഷരമായ മക്കാഭൂവില്‍ പക്ഷികളുടെ കളകളനാദം കേട്ട് അവര്‍ അത്ഭുതപ്പെട്ടു. ഈ വഴിക്ക് പലവുരു യാത്ര ചെയ്ത അവര്‍ക്ക് മക്കയെ നല്ല പരിചയമായിരുന്നു. ചെറുകുന്നുകളും അതില്‍ നിറയെ പാറക്കല്ലുകളും മാത്രമുള്ള തരിശായ മക്കയായിരുന്നു അവര്‍ക്ക് പരിചയമുണ്ടായിരുന്നത്.

‘ഈ തരിശ് ഭൂമിയില്‍ പറവകള്‍ ജീവിക്കുകയോ?! അവര്‍ അത്ഭുതം കൂറി.

‘ഈ പരിസരത്തെവിടെയോ വെള്ളംകെട്ടി നില്‍ക്കുന്നുണ്ട്. ഈ പറവകള്‍ ദേശാടന കിളികളല്ല തന്നെ’. അവര്‍ പരസ്പരം പറഞ്ഞു.

സംശയനിവാരണത്തിനായി അവിടെ അവര്‍ അന്വേഷണം തുടങ്ങുന്നു. വെള്ളത്തിനു വേണ്ടിയുള്ള തിരച്ചില്‍ അവരെ സ്വഫയിലെത്തിച്ചു. സ്വഫയില്‍ കയറി എതിര്‍ ചെരിവിലേക്ക് നോക്കിയപ്പോള്‍ ഹാജറ ബീവിയേയും കുഞ്ഞിനെയും അവര്‍ കണ്ടു. അവര്‍ക്കടുത്തായി ഉറവ പൊട്ടുന്ന ഒരു ചെറുകിണറുമുണ്ട്.

ഉടനെ അവര്‍ താഴ്വാരത്തേക്കിറങ്ങുകയായി. ഹാജറ ബീവിയുടെ അടുത്തെത്തി അവര്‍ ആ കിണറിന് പരിസരത്ത് അവരോടൊപ്പം തങ്ങുവാന്‍ അനുവാദം ചോദിക്കുന്നു. ഹാജറ ബീവി അതിനനുവദിക്കുകയും ചെയ്തു. അതോടെ അവിടെ ജുര്‍ഹൂം ഗോത്രക്കാരുടെ ആവാസകേന്ദ്രമായി മാറി. മക്കാ മരുഭൂമിയില്‍ ജനങ്ങള്‍ പെരുകാന്‍ തുടങ്ങി. ക്രമേണ അറേബ്യന്‍ മരുഭൂമിയിലെ പ്രധാന കച്ചവട കേന്ദ്രമായി തീര്‍ന്നു മക്ക.


സംസം കാലക്രമത്തില്‍ നാശത്തിന് വിധേയമായതായി ചരിത്രം പറയുന്നു. 

ജുര്‍ഹൂം ഗോത്രക്കാര്‍ ഹറമിനെ അവഗണിച്ചതാണത്രെ കാരണം. കഅ്ബയെ അവര്‍ നിന്ദിച്ചതിനാലും. വിശുദ്ധ ഗേഹത്തിലേക്ക് വരുന്ന ഹാജിമാരെ അവര്‍ കൊള്ളയടിച്ചു. അതിന് ശിക്ഷയായി അല്ലാഹു അവര്‍ക്ക് നല്‍കിയത് സംസമിന്റെ ഉറവ വറ്റിക്കലായിരുന്നു.


ചരിത്രം ഇങ്ങനെ കൂടി പറയുന്നു. മക്കയിലെ ഒരു വംശനേതാവായ ‘മദാദ് ബിന്‍ അംറ്’ ചില ജുര്‍ഹൂം ഗോത്രക്കാര്‍ക്കെതിരെ യുദ്ധത്തിലേര്‍പ്പെട്ടു. ഫലം മദാദിന്റെ പരാജയമായിരുന്നു. ശത്രുക്കള്‍ തന്നെ മക്കയില്‍ നിന്ന് ആട്ടിയോടിക്കുമെന്ന് ഭയന്ന മദാദ്, രാത്രി സംസം കിണറിനടുത്ത് ചെന്ന് തന്റെ അമൂല്യമായതൊക്കെയും അതിലിട്ട് മൂടി. കിണറിന്റെ അടയാളങ്ങള്‍ ഇല്ലാതാക്കി.

മറ്റൊരിക്കല്‍ വന്ന് തന്റെ സമ്പത്ത് എടുക്കാമെന്ന പ്രതീക്ഷയോടെ മദാദ് യമനിലേക്ക് രക്ഷപ്പെട്ടു. പക്ഷെ, അതിന് ശേഷമുണ്ടായ സംഭവങ്ങള്‍ അയള്‍ക്കത് സാധ്യമാക്കിയില്ല. ശേഷം ജുര്‍ഹൂം ഗോത്രക്കാരുടെയും ഖുസാഅഃ ഗോത്രത്തിന്റെ കൈകളില്‍ വന്നു.

സംസം നിലച്ചതോടെ മക്കാ നിവാസികള്‍ക്ക് വെള്ളത്തിനായി പുതിയ തലങ്ങള്‍ അന്വേഷിക്കേണ്ടിവന്നു. അബ്ദുല്‍ മുത്തലിബ് വഴി സംസമിന് പുനര്‍ജന്മം നല്‍കുന്നതു വരെ മക്കക്ക് പുറത്തു നിന്നായിരുന്നു അവര്‍ വെള്ളം ശേഖരിച്ചിരുന്നത്.

ഇബ്‌റാഹീമിന്റെ വിളിക്കുത്തരമായി ദൈവഗേഹത്തിലേക്ക് ദൂരെദിക്കുകളില്‍ നിന്ന് വര്‍ഷം തോറും എത്തിച്ചേരുന്ന ഹാജിമാര്‍ക്ക് പാനം നല്‍കുക അബ്ദുല്‍ മുത്തലിബിന്റെ ജോലിയായി.

ഹാജി സേവകനായ അദ്ദേഹം മകനോടൊപ്പം മക്കക്ക് പുറത്തുനിന്ന് ഒട്ടകപ്പുറത്ത് വലിയ തളങ്ങളില്‍ അവ ശേഖരിക്കും. വര്‍ഷങ്ങള്‍ തുടര്‍ന്ന ഈ സേവനത്തിന് പ്രതിഫലമായി അല്ലാഹു അദ്ദേഹത്തിന് സംസം നല്‍കുന്നു. സംസം സ്വപ്നം  കണ്ട അബ്ദുല്‍ മുത്തലിബ് ആദ്യം അതത്ര കാര്യമാക്കിയില്ല. പക്ഷെ, വീണ്ടും അതുതന്നെ ആവര്‍ത്തിക്കുകയും സംസമിന്റെ സ്ഥാനം കൂടി ദര്‍ശിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം മകനെയും കൂട്ടി അവിടേക്ക് പോകുന്നു…..

രണ്ടു പേരും കുഴിവെട്ടുന്നത് കണ്ട് അത്ഭുതം കൂറിയ മക്കക്കാര്‍ അവരെ തടയാന്‍ ശ്രമിച്ചെങ്കിലും അവര്‍ ജോലി തുടര്‍ന്നു. അതോടെ മറ്റൊരിക്കല്‍ കൂടി സംസം പൂര്‍വ്വസ്ഥാനത്തു നിന്ന് ഉറന്നൊഴുകി. പഴയപോലെ ഹാജിമാര്‍ക്ക് തീര്‍ത്ഥമായി. സംസം കിണര്‍ മഖാമു ഇബ്‌റാഹീമില്‍ നിന്നും തെക്കുഭാഗത്തും ഹജറുല്‍ അസ്‌വദില്‍നിന്നും 18 മീറ്റര്‍ കിഴക്കും സ്ഥിതി ചെയ്യുന്നു.


അബ്ദുൽ മുത്തലിബ് കണ്ട ആ സ്വപ്നത്തെക്കുറിച്ചു ഈ ബ്ലോഗിൽ നേരത്തെ പരാമർശിച്ചിട്ടുണ്ട് . അത് കൂടി വായിക്കാൻ ഈ ഭാഗം ക്ലിക്ക് ചെയ്യുക

http://nanmyudepookkal.blogspot.com/2018/11/blog-post_13.html


ഇതിന്റെ ബാക്കി ഭാഗം ഇത്ര കൂടി ഓർമ്മപ്പെടുത്തുന്നു.

ഖുറൈശീ കുടുംബത്തിലെ പ്രമുഖവ്യക്തിത്വമായിരുന്നു അബ്ദുല്‍ മുത്തലിബ്. ഇസ്മാഈല്‍ നബി(അ) ക്ക് അല്ലാഹു കനിഞ്ഞേകിയ സംസം കിണര്‍ ഖുസാഅക്കാര്‍ക്ക് ഭരണം നഷ്ടപ്പെട്ടപ്പോള്‍ അവര്‍ മണ്ണിട്ട് നികത്തുകയുണ്ടായി. പിന്നീട് സംസം കിണര്‍ പുന്ഃസ്ഥാപിച്ചത് അബ്ദുല്‍ മുത്തലിബാണ്. അതിശക്തമായ നേതൃപാടവത്തിനുടമയായിരുന്നു അദ്ദേഹം. പക്ഷികള്‍ക്കും, കാട്ടുമൃഗങ്ങള്‍ക്കും വരെ അദ്ദേഹം ഭക്ഷണം നല്‍കി. പാവങ്ങളുടെ കണ്ണീരൊപ്പാനും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും അബ്ദുല്‍ മുത്തലിബ് എന്നും മുന്നിലായിരുന്നു. പത്ത് ആണ്‍മക്കളും ആറ് പെണ്‍മക്കളുമാണ് അബ്ദുല്‍ മുത്തലിബിനുണ്ടായിരുന്നത്.

നൂറ്റാണ്ടുകളായി മണ്ണിട്ടു മൂടി നാമാവശേഷമായ സംസം കിണര്‍ പുനഃസ്ഥാപിക്കുമ്പോള്‍ ഹാരിസ് എന്ന പുത്രന്‍ മാത്രമാണുണ്ടായിരുന്നത്. സംസം കുഴിക്കാനായി വല്ലാതെ പാടുപെട്ടപ്പോള്‍ പലരും അദ്ദേഹത്തെ പരിഹസിച്ചു. പക്ഷെ അബ്ദുല്‍ മുത്തലിബിന് അല്ലാഹുവിങ്കല്‍ നിന്നുള്ള വ്യക്തമായ നിര്‍ദേശപ്രകാരമായിരുന്നു ഈ യജ്ഞത്തിന് മുതിര്‍ന്നത്. അങ്ങനെ സംസമിന്‍റെ പുനര്‍നിര്‍മാണം പൂര്‍ത്തിയായി. അതോടെ ഹാജിമാരും മക്കാ നിവാസികളും അനുഭവിച്ച ക്ഷാമത്തിനറുതിയായി.

സംസം കുഴിക്കുന്ന വേളയില്‍ പ്രയാസം നേരിട്ടപ്പോള്‍ അബ്ദുല്‍ മുത്തലിബ് ഒരു പ്രതിജ്ഞ ചെയ്തു, സംസമിന്‍റെ നിര്‍മാണം പൂര്‍ത്തിയായി തനിക്ക് പത്ത് ആണ്‍മക്കളുണ്ടായാല്‍ അവരില്‍ ഒരാളെ ബലിയറുക്കാമെന്ന്. അങ്ങിനെ അബ്ദുല്‍ മുത്തലിബിന് പത്ത് ആണ്‍മക്കളുണ്ടായി. അദ്ദേഹമവരെ വിളിച്ചു വരുത്തി, പത്തില്‍ ഒരാളെ ബലിനല്‍കാനുള്ള തന്‍റെ പ്രതിജ്ഞ അറിയിച്ചു. ആരെ അറുക്കണമെന്ന് നമുക്ക് നറുക്കിട്ട് തീരുമാനിക്കാം. നിങ്ങളെല്ലാവരും എന്‍റെ പ്രതിജ്ഞ പൂര്‍ത്തീകരിക്കാന്‍ സന്നദ്ധരാവണം. മക്കളെല്ലാം പിതാവിനോട് സമ്മതം മൂളി. നറുക്കിട്ടു. ചെറിയ പുത്രന്‍ അബ്ദുല്ലക്കാണ് നറുക്ക് ലഭിച്ചത്.

നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനായ തന്‍റെ ചെറുമകന് നറുക്കു കിട്ടിയപ്പോള്‍ അബ്ദുല്‍ മുത്തലിബ് വല്ലാതെ സങ്കടപ്പെട്ടു. മറ്റുമക്കളോടില്ലാത്ത സ്നേഹവും, ആദരവും അബ്ദുല്ലയോടുണ്ടായിരുന്നു. അതീവ സൗന്ദര്യത്തിനുടമയായിരുന്നു അബ്ദുല്ല. സ്വഭാവ മഹിമയിലും, ജനങ്ങളോടുള്ള പെരുമാറ്റത്തിലും അത്യാകര്‍ഷകമായ വ്യക്തിത്വമായിരുന്നു അദ്ദേഹം. ഒടുവില്‍, അബ്ദുല്‍ മുത്തലിബ് അബ്ദുല്ലയെ അറുക്കാന്‍ തന്നെ തീരുമാനിച്ചു. അബ്ദുല്‍ മുത്തലിബ് ഖുറൈശീ കാരണവരാണ്. പ്രതിജ്ഞ ലംഘിക്കുകയില്ല. അബ്ദുല്ലയെ ബലിയറുക്കാന്‍ തീരുമാനിച്ച വാര്‍ത്തയറിഞ്ഞ് ദാറുന്നദ്വില്‍ ഇരിക്കുന്ന ഖുറൈശികള്‍ പ്രശ്നത്തില്‍ ഇടപ്പെട്ടു.

മകനെ അറുക്കാന്‍ പാടില്ല. നിങ്ങള്‍ ഈ ബലിദാനം നടത്തിയാല്‍ നാട്ടില്‍ ബലിദാനം വ്യാപകമാകും. ഒടുവില്‍ അവര്‍ ഒരു തീരുമാനത്തിലെത്തി. അവരുടെ പ്രശ്ന പരിഹാരത്തിന് പുരോഹിതനെ സമീപിച്ചു. എല്ലാം കേട്ട പുരോഹിതന്‍ ചോദിച്ചു: ‘ഒരാളെ കൊന്നാല്‍ നിങ്ങള്‍ പരിഹാരമായി എന്താണ് നല്‍കാറുള്ളത്?. അബ്ദുല്‍ മുത്തലിബ് പറഞ്ഞു: ‘പത്തൊട്ടകങ്ങളെ’. പുരോഹിതന്‍ പറഞ്ഞു: എന്നാല്‍ നിങ്ങള്‍ പത്ത് ഒട്ടകങ്ങളെ സഘടിപ്പിക്കുക. എന്നിട്ട് അവക്കും അബ്ദുല്ലക്കുമിടയില്‍ നറുക്കിടുക. അബ്ദുല്ലക്കാണ് നറുക്ക് കിട്ടുന്നതെങ്കില്‍ വീണ്ടും പത്തൊട്ടകങ്ങള്‍ സംഘടിപ്പിച്ച് നറുക്കിടുക. ഇങ്ങനെ ഒട്ടകങ്ങള്‍ക്ക് നറുക്ക് വീഴുന്നത് വരെ പത്തു വീതം ഒട്ടകങ്ങളെ സംഘടിപ്പിച്ച് അവക്കിടയില്‍ നറുക്കിടുക.

പുരോഹിതന്‍ പറഞ്ഞതുപ്രകാരം പത്തൊട്ടകങ്ങളെ സംഘടിപ്പിച്ച് നറുക്കിട്ടു. നറുക്ക് വീണത് അബ്ദുല്ലക്ക്. വീണ്ടും നറുക്കിട്ടു. നറുക്ക് വീണതാകട്ടെ വീണ്ടും അബ്ദുല്ലയെ അറുക്കാനാണ്. അങ്ങനെ പത്താം തവണ നൂറ് ഒട്ടകങ്ങളെ മുന്‍നിര്‍ത്തി നറുക്കിട്ടപ്പോഴാണ് ഒട്ടകങ്ങള്‍ക്ക് നറുക്ക് ലഭിച്ചത്. സന്തോഷത്തോടെ മക്കാ നിവാസികളും അബ്ദുല്‍ മുത്തലിബും നൂറ് ഒട്ടകങ്ങളെ അറുത്ത് ദാനം ചെയ്തു.



സംസമിന്റെ പ്രഭവസ്ഥാനങ്ങള്‍

പ്രധാനമായും രണ്ട് ഉത്ഭവ കേന്ദ്രങ്ങളാണ് സംസമിനുള്ളത്. ഒന്ന് തെക്കുകിഴക്കായി അബൂഖുബൈസ് പര്‍വതത്തില്‍ നിന്ന്, മറ്റൊന്ന് കഅ്ബ നിലകൊള്ളുന്ന കിണറിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്നും. ഇതില്‍നിന്നാണ് കിണറിലേക്ക് കൂടുതല്‍ വെള്ളം പ്രവഹിക്കുന്നത്. ഇരുപത്തൊന്നോളം ചെറുപ്രഭവങ്ങള്‍ (ഉറവകള്‍) വേറെയുമുണ്ട്.

നീണ്ട നൂറ്റാണ്ടുകള്‍ അജ്ഞാതമായി കിടന്ന സംസം അബ്ദുല്‍ മുത്തലിബിന്റെ പരിചരണത്തില്‍ പുനര്‍ജനിച്ചതിന് ശേഷം ഇസ് ലാമിന്റെ ഉദയത്തോടെയാണ് കൂടുതല്‍ പരിചരിക്കപ്പെട്ടതും പരിഗണിക്കപ്പെട്ടതും.
ഇസ് ലാമിന്റെ ഖലീഫമാര്‍ സംസം കിണര്‍ വൃത്തിയാക്കുന്നതിലും അതിനടുത്ത് ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടാക്കുന്നതിലും കൂടുതല്‍ ശ്രദ്ധിച്ചു.

ഉമര്‍ (റ) ന്റെ കാലത്ത് കിണര്‍ ശുദ്ധിയാക്കാനും ആഴം കൂട്ടാനും വേണ്ടി ഒരു സമിതിയുണ്ടാക്കിയിരുന്നു.

ഹിജ്‌റ 223-ാം വര്‍ഷം സംസമിന്റെ ജല നിരപ്പ് പെട്ടെന്ന് താഴ്ന്നപ്പോള്‍ കിണറിന് ആഴം കൂട്ടാനായി ഖലീഫ ഒരു ടീമിനെ ചുമതലപ്പെടുത്തുകയും അവരുടെ ശ്രമഫലമായി ജലനിരപ്പ് ഒമ്പത് മുഴത്തോളം ഉയര്‍ത്തുകയും ചെയ്തു.

അബൂ ജഅ്ഫര്‍ മന്‍സൂറിന്റെ കാലത്ത് ആദ്യമായി സംസം കിണറിന് മാര്‍ബിള്‍ കൊണ്ട് പടവുകള്‍ കെട്ടുകയും അതിനുമേല്‍ മിനാരമുണ്ടാക്കുകയും ചെയ്തു.
ഖലീഫ മഹ്ദിയുടെ കാലത്ത് പുതിയ പല മാറ്റങ്ങളും പരിഷ്‌കാരങ്ങളും വരുത്തി. ഹാജിമാര്‍ വെള്ളം കുടിക്കാന്‍ വരുന്ന വഴി വിശാലമാക്കുകയും കൂടുതല്‍ സൗകര്യങ്ങളുണ്ടാക്കുകയും ചെയ്തു.


സുഊദ് രാജവംശത്തിന്റെ കീഴില്‍

ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഏറ്റവും കൂടുതല്‍ മാറ്റങ്ങളും സൗകര്യങ്ങളും വരുത്തിയത് സഊദ് രാജവംശം നിലവില്‍ വന്നതിന് ശേഷമാണ്. അബ്ദുല്‍ അസീസ് രാജാവിന്റെ കാലത്ത് തന്നെ പല പുതിയ മാറ്റങ്ങളും വരുത്തി. കിണറിന്റെ മേല്‍പ്പുര പൊളിച്ചു മാറ്റുകയും ചുറ്റു മതില്‍ താഴ്ത്തുകയും ചെയ്തു. കിണറിനടുത്ത് സംഘം കുടിക്കാനുള്ള സൗകര്യങ്ങളും ഉണ്ടാക്കി.

അടുത്ത കാലത്തായി ജനത്തിരക്ക് കൂടിയത് കാരണം മത്വാഫ് (പ്രദിക്ഷിണ സ്ഥലം) കൂടുതല്‍ വിപുലപ്പെടുത്തേണ്ടിവരികയും സംസമിന്റെ വിതരണം കൂടുതല്‍ വിപുലമാക്കേണ്ടി വരികയും ചെയ്തു. സംസം കിണര്‍ അടക്കമുള്ള അണ്ടര്‍ ഗ്രൗണ്ട് 135 മീറ്റര്‍ സമചതുരത്തില്‍ നിന്നും 1450 സമചതുരം വരെ പ്രവിശാലമാക്കി. ഇപ്പോള്‍ അകലെ നിന്നു തന്നെ കിണര്‍ കാണാന്‍ കഴിയുന്നതാണ്. കിണറിനടുത്തേക്ക് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ വഴികളുണ്ടാക്കി കൂടുതല്‍ സൗകര്യപ്പെടുത്തിയിട്ടുണ്ട്.
സംസമിന്റെ സവിശേഷതകള്‍ വിവരിക്കുന്ന ധാരാളം നബി വചനങ്ങളുണ്ട്. ‘ഭൂമുഖത്ത് ഏറ്റവും നല്ല പാനീയം സംസമാകുന്നു’ എന്നത് അതിലൊന്നത്രെ.


സ്ഥാനം

ഹജറുൽ അസ്‌വദിൽ നിന്ന് പതിനെട്ട് മീറ്റർ അകലെ കഅബ മന്ദിരത്തിന്റെ ഇരുപത് മീറ്റർ കിഴക്കായിട്ടാണ് സംസം കിണർ നിലകൊള്ളുന്നത്. ഭൂനിരപ്പിൽനിന്നു 3.23 മീറ്റർ താഴ്ചയിലാണ് സംസം ജലത്തിന്റെ ജലവിതാനം. സംസം കിണറിന്റെ ആഴം മുപ്പത് മീറ്ററും വ്യാസം 1.08 മീറ്റർ മുതൽ 2.66 മീറ്റർ വരെയുമാണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഈ അത്ഭുത ഉറവയുടെ പ്രഭവസ്ഥാനം കണ്ടെത്താൻ കഴിഞ്ഞ കാലങ്ങളിൽ ഒട്ടുവളരെ പഠനങ്ങളും പര്യവേക്ഷണങ്ങളും നടന്നിട്ടുണ്ട്. പ്രധാനമായും രണ്ട് സ്രോതസ്സുകളുണ്ടെന്നാണ് തുടക്കത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നത്. ഹജ്‌റ് ഇസ്മായിലിന്റെ തൊട്ടുവരെ നീണ്ട് കിടക്കുന്നത്.

ഇതിന് നാൽപ്പത്തിയഞ്ച് മീറ്റർ നീളവും മുപ്പത് സെന്റിമീറ്റർ ഉയരവുമാണ് കണക്കാക്കിയിരുന്നത്. സംസം ജലത്തിന്റെ പ്രധാന പ്രഭവകേന്ദ്രവും ഇതാണ്. രണ്ടാമത്തെ പ്രഭവ കേന്ദ്രത്തിന് എഴുപത് സെന്റിമീറ്ററാണ് നീളം. അൽപം മുന്നോട്ട് പോയാൽ രണ്ട് കൈവഴികളായി വേർപിരിഞ്ഞ് ഒഴുകുകയാണ്. വാസി അലൂവിയൻ പാറക്കൂട്ടങ്ങളിൽ നിന്നും മറ്റുമാണ് ഈ ഉറവയെന്നാണ് ആധുനിക ശാസ്ത്രം ആധികാരികമായി പറയുന്നത്.

ആദ്യ കാലത്ത് തുറസായ സ്ഥലത്തു സ്ഥിതി ചെയ്തിരുന്ന കിണർ തീർത്ഥാടകർക്കു കാണാമായിരുന്നു. എന്നാൽ ഹറം പള്ളി വികസിപ്പിച്ചതോടെ കിണറിനു മുകളിലായി രണ്ടു നിലകൾ നിർമിച്ചു. അതിനാൽ ഇപ്പോൾ സംസം കിണർ നേരിട്ട് കാണാൻ സാധ്യമല്ല.


പ്രത്യേകതകൾ

സൗദി ജിയോളജിക്കൽ സർവേയുടെ കീഴിലുള്ള സംസം സ്റ്റഡീസ് ആന്റ് റിസർച്ച് സെന്ററിന്റെ കണ്ടെത്തലനുസരിച്ച്, ഈ കിണറ്റിൽ നിന്നു ഒരു സെക്കന്റിൽ 80 ലിറ്റർ അഥവാ 280 ക്യുബിക് ഫീറ്റ് വെള്ളമാണ് പുറത്തേക്കെത്തുന്നത്. മണമോ നിറമോ ഇല്ലാത്ത സംസം ജലത്തിന് ഒരു പ്രത്യേക രുചി അനുഭവപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ ജലകണികയുടെ പി.എച്ച് മൂല്യം 7.9 മുതൽ 8 വരെയാണ്. ജലം കൂടുതൽ പമ്പ് ചെയ്യുന്നതിന്ന് അനുസൃതമായി ജലനിരപ്പ് 12.72 മീറ്റർവരെ താഴുന്നു. പക്ഷെ പതിനൊന്ന് മിനുറ്റുകൾ അഥവാ 660 സെക്കന്റുകൾക്കകം ജലനിരപ്പ് പൂർവസ്ഥിതി പ്രാപിക്കുകയും ചെയ്യും. മക്കയിലെ മറ്റിടങ്ങളിലുള്ള കിണറുകളിൽ ജലനിരപ്പ് കുറയുമ്പോഴും സംസം കിണറിന്റെ ജലനിരപ്പിൽ മാറ്റം വരാറില്ല. ക്ലോറിനൈസേഷനോ കൃത്രിമ ശുദ്ധീകരണ പ്രവർത്തനങ്ങളോ ഇവിടെ നടത്താറില്ല.


പരീക്ഷണങ്ങൾ

ശാസ്ത്രത്തെ അമ്പരപ്പിക്കുന്ന അത്ഭുത ജലമാണ് സംസം. അതുകൊണ്ട് തന്നെ ആധുനിക ശാസ്ത്രം ഇതിന്‍റെ പ്രത്യേകതകളെ കുറിച്ച് ധാരാളം പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. 1971-ല്‍ യൂറോപ്യന്‍ ലാബില്‍ സംസം ജലം പരീക്ഷണത്തിന് വിധേയമാക്കി. അണുനാശിനി എന്ന നിലക്ക് സംസമിന്‍റെ പ്രത്യേകതയും ഗുണകരമാംവിധം കാത്സ്യവും മാഗ്നീഷ്യവും അടങ്ങിയിട്ടുണ്ടെന്നും പഠനത്തില്‍ തെളിഞ്ഞു.

പിന്നീട് സംസമിന്‍റെ പ്രത്യേകതകളെയും ഉറവിടങ്ങളെയും കുറിച്ച് പഠിക്കാനും കിണര്‍ ആഴത്തിലാക്കാനും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും വേണ്ടി സൗദി രാജാവ് ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് പ്രശസ്ത എഞ്ചിനീയറായ ഡോ. യഹ്‌യ ഹംസ കൊഷക്(Dr. Yahya Hamza Koshak)നെ ഏല്‍പ്പിച്ചു. ഗവേഷണത്തിന് വേണ്ടി അതിശക്തിയേറിയ നാല് മോട്ടോറുകള്‍ ഉപയോഗിച്ച് വെള്ളം പുറത്തേക്കൊഴുക്കിയിട്ടും കിണറിലെ ജലനിരപ്പ് കുറഞ്ഞില്ലെന്ന് അദ്ദേഹം കണ്ടെത്തി. തന്‍റെ ഗവേഷണങ്ങള്‍ Zam Zam the Holy Water എന്ന പേരില്‍ അദ്ദേഹം പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ zam zam Nourishment and curative (സംസം: പോഷണം, പ്രതിരോധം) എന്ന പേരില്‍ അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഉറുദു, ബഹാസാ, മലായ്, ടര്‍ക്കിഷ് ഭാഷകളില്‍ ഡോക്യൂമെന്‍ററി ചിത്രം നിര്‍മിക്കുകയുമുണ്ടായി.

ജലഗവേഷണ ശാസ്ത്ര രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ജപ്പാനിലെ ശാസ്ത്രജ്ഞന്‍ ഡോ. മസാറാ ഇമാട്ടോ (Masaru Emoto) നടത്തിയ പരീക്ഷണങ്ങള്‍ സംസം വെള്ളത്തിന്‍റെ അമാനുഷികത വെളിപ്പെടുത്തുന്നതായിരുന്നു. ജപ്പാനില്‍ താമസിക്കുന്ന അറബി സുഹൃത്തിലൂടെ ലഭിച്ച സംസം വെള്ളത്തില്‍ നടത്തിയ പരീക്ഷണത്തില്‍ ലോകത്തുള്ള മറ്റു ജലകണികകള്‍ക്കില്ലാത്ത ക്രിസ്റ്റല്‍ ഘടന സംസമിനുണ്ടെന്നും അതിന്‍റെ ഘടന മാറ്റാന്‍ ശ്രമിച്ചപ്പോള്‍ തന്‍റെ പരീക്ഷണങ്ങളെല്ലാം പരാജയപ്പെട്ടുവെന്നും മൊസാറോ അഭിപ്രായപ്പെട്ടു. മാത്രമല്ല, വിശുദ്ധ ക്വുര്‍ആന്‍ സംസമിന്‍റെ അരികില്‍ വച്ച് പാരായണം ചെയ്യുമ്പോള്‍ അതിന്‍റെ ക്രിസ്റ്റല്‍ ഘടനയില്‍ വ്യതിയാനം സംഭവിക്കുന്നതായും അദ്ദേഹം കണ്ടെത്തി. അപ്രകാരം തന്നെ ആയിരം തുള്ളി സാധാരണ ജലത്തില്‍ ഒരു തുള്ളി സംസം വെള്ളം കലര്‍ത്തിയാല്‍ ആ വെള്ളത്തിന് സംസമിന്‍റെ പ്രത്യേകതകള്‍ കൈവരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറയുകയുണ്ടായി. തന്‍റെ ഗവേഷണങ്ങള്‍ The messages from the water എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

ഭക്ഷ്യ സവിശേഷതകളെ കുറിച്ചുള്ള പഠനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന International Journal of Food properties എന്ന പ്രസിദ്ധീകരണത്തില്‍ Nauman Khalid (Department of Global Agricultural Sciences, Graduate School of Agricultural and Life Science, The University of Tokyo, Japan), Asif Ahmed (Department of Food Technology, Pir Mehr Ali Shah Arid Agriculture University, Rawalpindi, Pakistan), Sumera Khalid (Department of Civil Engineering, University of Engineering and Technology, Taxila, Pakistan), Anwar Ahmed (Department of Food Technology, Pir Mehr Ali Shah Arid Agriculture University, Rawalpindi, Pakistan) Muhammed Irfan (Department of Civil Engineering, Graduate School of Engineering, the University of Tokyo, Japan) എന്നിവര്‍ ചേര്‍ന്നെഴുതിയ Mineral Composition and Health Functionality of Zamzam Water: A Review (സംസം ജലത്തിന്‍റെ ധാതു സംയോജനവും ആരോഗ്യപരമായ പ്രവര്‍ത്തനങ്ങളും: ഒരു അവലോകനം) എന്ന പഠന റിപ്പോര്‍ട്ടില്‍ സംസം വെള്ളത്തിന്‍റെ ധാതു വിവരണം, കാറ്റേഷന്‍റെയും അയോണുകളുടെയും രസതന്ത്രം, ഐസോടോപ്പിക് കമ്പോസിഷന്‍, റേഡിയോളജിക്കല്‍ സവിശേഷതകള്‍, ക്രിസ്റ്റലോ ഗ്രാഫി, നാനോ ടെക്നോളജിക്കല്‍ വീക്ഷണം, രോഗശാന്തി ഗുണങ്ങള്‍, സംസം വെള്ളവും പുനരുല്‍പാദന സംവിധാനങ്ങളുടെ ഉത്തേജനവും, സംസം വെള്ളവും ദന്തക്ഷയവും, സംസം വെള്ളവും കൃഷിയും തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള കണ്ടെത്തലുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സംസം ജലം എപ്പോഴും രാസ പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് പമ്പ് ചെയ്യുന്നത്. സംസം ജലത്തിൽ നിന്നൊരു സാമ്പിൾ എടുത്ത് പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് പമ്പിംഗ് നടത്തുന്നത്. പരിശോധനയിൽ ഒരു ലിറ്റർ സംസം ജലത്തിൽ കാണുന്ന മൂലകങ്ങളുടെ അളവ് ഇങ്ങനെയാണ്‌. സോഡിയം 133 മില്ലിഗ്രാം, കാൽസ്യം 96 മില്ലിഗ്രാം, മഗ്നീഷ്യം 38.88 മില്ലിഗ്രാം, പൊട്ടാസ്യം 43.3 മില്ലിഗ്രാം, ബൈകാർബണേറ്റ് 195.3 മില്ലിഗ്രാം, ഫഌറൈഡ് 0.72 മില്ലിഗ്രാം, നൈട്രേറ്റ് 124.8 മില്ലിഗ്രാം, സൾഫേറ്റ് 124 മില്ലിഗ്രാം.


സംസം ശുദ്ധീകരണ പ്ലാന്റ്

മസ്ജിദുൽ ഹറമിൽ നിന്നും 4.5 കിലോമീറ്റർ അകലെയാണ് അത്യാധുനിക സംവിധാനങ്ങളോടെ നിർമിച്ച വിശാലമായ സൌകര്യങ്ങളോടെയുള്ള പ്ലാന്റ്. പ്രതിദിനം 50 ലക്ഷം ലിറ്റർ സംസം വെള്ളം ശുദ്ധീകരിക്കുന്നതിന് ശേഷിയുള്ളതാണ് മക്ക കൂഫയിലുള്ള കിങ് അബ്ദുല്ല സംസം പ്ലാന്റ്. നിരവധി ഫിൽറ്ററുകളും അണുനശീകരണ യൂനിറ്റുമടങ്ങുന്ന രണ്ട് പ്രധാന ശുദ്ധീകരണ ലൈനുകളാണ് പ്ലാന്റിലുള്ളത്.

ഇവിടെ നിന്നും ശുദ്ധീകരിച്ച സംസം വെള്ളം 42 വിതരണകേന്ദ്രങ്ങളിലേക്ക് പമ്പ്ചെയ്യുകയും അവിടെനിന്നും തീർഥാടകർക്കും സന്ദർശകർക്കും ലഭ്യമാക്കുകയും ചെയ്യും. ഇതിനു സമീപത്തു തന്നെ സംസം പാത്രങ്ങളിൽ നിറക്കുന്ന ഫില്ലിങ് ഫാക്ടറിയുമുണ്ട്. ഫില്ലിങ് ഫാക്ടറിയിലേക്ക് ദിവസേന 20 ലക്ഷം ലിറ്റർ സംസം ജലം പമ്പ് ചെയ്യുന്നതിനും സംവിധാനമുണ്ട്. 13,405 ചതുരശ്ര മീറ്റർ പ്രദേശത്ത് സ്ഥാപിച്ച ഈ ഫില്ലിങ് ഫാക്ടറിക്ക് രണ്ട് ലക്ഷം കണ്ടെയിനറുകൾ ഉൾകൊള്ളാനുള്ള ശേഷിയുണ്ട്. 10 ലിറ്റർ ശേഷിയുള്ള ഒന്നരകോടി കണ്ടെയിനറുകൾ സൂക്ഷിച്ച് വെക്കാനുള്ള ഓട്ടോമാറ്റിക് സ്റ്റോറിങ് കേന്ദ്രവും ഇവിടെ ഒരുക്കിയിട്ടുണ്ട്. അത്യാധുനിക ജർമൻ സാങ്കേതിക വിദ്യയുപയോഗിച്ചാണ് പ്ലാന്റ് നിർമിച്ചിരിക്കുന്നത്.


സംസം വെള്ളത്തിന്റെ അമാനുഷികത

സംസം വെള്ളത്തിന് അതിന്റെ കെമിക്കല്‍ ഘടനയിലും രൂപത്തിലും രുചിയിലുമെല്ലാം വ്യതിരിക്തതയുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളിനിന്നുള്ള വ്യത്യസ്ത ഗവേഷകര്‍ സംസമിനെ കുറിച്ച് വിവിധ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. മറ്റ് ജലങ്ങളില്‍ നിന്നെല്ലാം വ്യതിരിക്തമായ പല പ്രത്യേകതകളും സംസമിനുണ്ടെന്ന് ഈ പഠനങ്ങളെല്ലാം വ്യക്തമാക്കുന്നുണ്ട്.

മക്കയിലെ ഹജ്ജിനെ കുറിച്ച് പഠിക്കാനുള്ള കേന്ദ്രത്തിന്റെ ഡയറക്ടറായ എഞ്ചിനീയര്‍ സാമീ അന്‍ഖാവി അദ്ദേഹത്തിന്റെ അനുഭവം വിവരിക്കുന്നു. മസ്ജിദുല്‍ ഹറമിന്റെ വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതിനിടെ ഒരു തൂണ്‍ സംസം കിണറിന്റെ ഒരു ഭാഗത്ത് സ്ഥാപിക്കാനായിരുന്നു പ്ലാന്‍. അതിനായി ഞങ്ങള്‍ സംസം വെള്ളം കുറച്ചു സമയത്തേക്ക് വറ്റിച്ച് തൂണ്‍ ഉറപ്പിക്കാന്‍ ശ്രമിച്ചു. വെള്ളം എടുക്കുമ്പോഴേക്കും അവിടെ നിറിയുന്ന അവസ്ഥയായിരുന്നു ഉണ്ടായത്. അവസാനം ഞങ്ങള്‍ മൂന്ന് ഇലക്ട്രിക് പമ്പുകള്‍ വെച്ച് വെള്ളം നീക്കാന്‍ ശ്രമിച്ചു. അപ്പോള്‍ അതിനെയും മറികടക്കുന്ന വേഗത്തില്‍ സംസം വെള്ളം വന്നുകൊണ്ടിരിക്കുന്നതാണ് ഞങ്ങള്‍ കണ്ടത്. അവസാനം ഞങ്ങള്‍ ആ ശ്രമം ഉപേക്ഷിച്ചു.

പിന്നീട് ഞങ്ങള്‍ ഉത്ഭവസ്ഥാനത്തുനിന്ന് തന്നെ സംസം ശേഖരിച്ച് അതില്‍ ചില പരീക്ഷണങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. അതിലെ അണുക്കളെയും മറ്റ് ചേരുവകളെയും കുറിച്ച് പഠിക്കുകയായിരുന്നു ലക്ഷ്യം. അപ്പോള്‍ കണ്ടെത്തിയ അത്യത്ഭുതകരമായ കാര്യം സംസം വെള്ളത്തില്‍ ഒറ്റ അണുക്കളെയും കണ്ടെത്താനായില്ല എന്നതാണ്. ശുദ്ധിയും വൃത്തിയുമുള്ള വെള്ളം. പക്ഷെ മറ്റ് പാത്രങ്ങളിലേക്കോ ബോട്ടിലുകളിലേക്കോ മാറ്റുമ്പോള്‍ അതില്‍ നിന്ന് ബാധിക്കുന്ന ചെറിയതോതിലുള്ള പ്രാണികളും അണുക്കളുമാണ് അതില്‍ പിന്നീട് കാണുന്നത്.

ഇതുപോലെ സംസം വെള്ളത്തിന് ഇനിയും ധാരാളം പ്രത്യേകതകളുണ്ട്. അവയിലൊന്നാണ് പ്രവാചകന്‍ ഇബ്‌റാഹീമിന്റെയും ഇസ്മാഈലിന്റെയും കാലം മുതല്‍ ഇന്നുവരെ ഈ ഉറവ വറ്റാതെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ് എന്നത്. ലോകത്ത് മറ്റേത് കിണറാണ് ഇത്തരത്തില്‍ കാലങ്ങള്‍ അതിജീവിച്ചിട്ടുള്ളത്?! നൂറ്റാണ്ട് നിലനിന്ന കിണറുകള്‍ തന്നെ വളരെ വിരളമാണ്.

ജപ്പാന്‍ ശാസ്ത്രജ്ഞനായ ഡോ. മസാറു ഇമോട്ടോ നടത്തിയ പഠനത്തെ കുറിച്ചുള്ള വാര്‍ത്ത കഴിഞ്ഞ വര്‍ഷം പത്രങ്ങളില്‍ വന്നിരുന്നു. നാനോടെക്‌നോളജിയുടെ വെളിച്ചത്തില്‍ അദ്ദേഹം നടത്തിയ പഠനങ്ങളും സംസമിന്റെ അമാനുഷികത വെളിപ്പെടുത്തിയിരുന്നു. വെള്ളം ഐസാകുമ്പോള്‍ രൂപപ്പെടുന്ന ക്രിസ്റ്റലുകളെകുറിച്ച് അദ്ദേഹം നടത്തിയ പഠനത്തിനിടെയാണ് സംസം വെള്ളവും അദ്ദേഹം പരീക്ഷണവിധേയമാക്കിയത്.



വിമര്‍ശനങ്ങള്‍ അതിജയിച്ച സംസം


മറ്റ് വെള്ളങ്ങള്‍ക്കൊന്നുമില്ലാത്ത സംസമിന്‍റെ ഭൗതിക-ആത്മീയ പ്രത്യേകതകള്‍ ഇസ്‌ലാമിന്‍റെ ശത്രുക്കളെ എന്നും പ്രയാസപ്പെടുത്തുന്നതായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ സംസമിന്‍റെ എന്തെങ്കിലും ന്യൂനതകള്‍ കണ്ടെത്താനുള്ള കുത്സിത ശ്രമങ്ങള്‍ വ്യാപകമായി നടത്തിവന്നു. അത്തരത്തിലള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നു സംസം വെള്ളത്തില്‍ അപകടകരമായ തോതില്‍ ആര്‍സെനിക് (Arsenic) അടങ്ങിയിട്ടുണ്ടെന്ന ബ്രിട്ടീഷ് ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സിയുടെ മുന്നറിയിപ്പും 2011 മെയ് മാസത്തില്‍ ബിബിസി ലണ്ടനില്‍ വന്ന റിപ്പോര്‍ട്ടും. റിപ്പോര്‍ട്ട് വന്ന അതേ മാസംതന്നെ സംസം വെള്ളം കുടിക്കുന്നത് സുരക്ഷിതമാണെന്നും ബിബിസി റിപ്പോര്‍ട്ടിനോട് വിയോജിക്കുന്നുവെന്നും കൗണ്‍സില്‍ ഓഫ് ബ്രിട്ടീഷ് ഹാജീസ് പ്രസ്താവിച്ചിരുന്നുവെന്നത് മറ്റൊരു കാര്യം.

എന്നാല്‍ ഫ്രഞ്ച് ആരോഗ്യ മന്ത്രാലയത്തിന്‍റെ ലൈസന്‍സുള്ള ലിയോണിലെ (CARSO – LSEH) ലബോറട്ടറി പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ വെള്ളത്തില്‍ ലോകാരോഗ്യ സംഘടന അനുവദിക്കുന്ന പരമാവധി ആര്‍സെനികിന്‍റെ അളവിനെക്കാള്‍ വളരെക്കുറവാണ് സംസമിലെ ആര്‍സെനികിന്‍റെ അളവെന്നും അതിനാല്‍ സംസം മനുഷ്യ ഉപയോഗത്തിന് ഏറെ അനുയോജ്യമാണെന്നും കണ്ടെത്തുകയുണ്ടായി. ഈ പഠന റിപ്പോര്‍ട്ട് വച്ചായിരുന്നു സൗദി അധികൃതര്‍ ബിബിസിയുടെ ആരോപണത്തിന് മറുപടി നല്‍കിയത്.

സംസം വെള്ളത്തിന്‍റെ പ്രത്യേകതകള്‍ ശരിവെക്കുന്ന ആധുനിക ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകള്‍ അവഗണിച്ച് വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും പേരില്‍ ബാലിശമായ ആരോപണങ്ങളുമായി പുണ്യജലത്തിന്‍റെ പ്രത്യേകതകളെ ഊതിക്കെടുത്താന്‍ വിഫല ശ്രമം നടത്തുന്ന ശാസ്ത്ര തീവ്രവാദികളായ നവനാസ്തികരും രംഗത്തുണ്ട്.

ശാസ്ത്രത്തെപോലും അത്ഭുതപ്പെടുത്തിയ വറ്റാത്ത നീരുറവയായ സംസം കിണര്‍ വറ്റിയെന്ന ആരോപണം വാപൊളിച്ചാണ് ലോകം ശ്രവിച്ചത്. സംസം കിണറിലെ വെള്ളം കൂടുതല്‍ പൈപ്പുകളിലേക്ക് പമ്പു ചെയ്യുന്നതിനുവേണ്ടി ഘടിപ്പിച്ച മോട്ടറുകളാണ് സംസം കിണര്‍ വറ്റിയെന്നതിന് ഇവര്‍ തെളിവായി പറയുന്നത്. ടാങ്കുകളില്‍ വെള്ളം സംഭരിക്കാന്‍ വേണ്ടി, ഇത്തരം ആരോപണങ്ങളുന്നയിക്കുന്നവരുടെ വീട്ടിലെ കിണറുകളില്‍ പോലും മോട്ടോറുകള്‍ ഘടിപ്പിച്ചിട്ടുണ്ടാവുമല്ലോ. ഈ മോട്ടോറുകള്‍ കാണിച്ച് അവരുടെ കിണറ്റിലെ വെള്ളം വറ്റിയിട്ടുണ്ടെന്ന് തെളിവ് പിടിക്കാമോ? ശാസ്ത്രീയമായോ ഭൂമിശാസ്ത്രപരമായോ യാതൊരു തെളിവുമില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന നാസ്തിക തീവ്രവാദികളുടെ വൈജ്ഞാനിക വഞ്ചന കാണുമ്പോള്‍ ലജ്ജ തോന്നുന്നു.


സംസം കുടിക്കുമ്പോൾ


സംസം വെള്ളം കുടിക്കുമ്പോൾ പ്രത്യേകം വല്ലതും ചോല്ലെണ്ടതുണ്ടോ.? ചിലർ നിന്നും ചിലർ ഇരുന്നും ആണ് കുടിച്ചു കാണുന്നത്. എങ്ങനെയാണ് വേണ്ടത്.? തത്സമയം ഖിബ്ലക്ക് തിരിയെണ്ടതുണ്ടോ.?


സംസം കുടിക്കാൻ ഉദ്ദേശിക്കുമ്പോൾ ഖിബ്ലക്ക് മുന്നിട്ട് ഇരുന്നു കുടിക്കുന്നതാണ് സുന്നത്ത്.

اللهم انه بلغني ان رسولك محمد صلى الله عليه وسلم قال. ماء زمزم لما شرب له اللهم اني اشربه لكذا اللهم فافعل لي ذلك بفضلك

(അല്ലാഹുവേ, നിന്റെ തിരുദൂതർ മുഹമ്മദ്‌ മുസ്തഫ (സ്വ) സംസം വെള്ളം എന്താവശ്യത്തിനു വേണ്ടി കുടിക്കുന്നുവോ അതിനു ഫലപ്രദം ആണെന്ന് പ്രസ്താവിച്ചതായി എനിക്ക് എത്തിയിട്ടുണ്ട്. ഞാൻ ഇന്ന ആവശ്യത്തിനു വേണ്ടി ഇതാ സംസം കുടിക്കുന്നു. നിന്റെ ഔദാര്യം കൊണ്ട് അക്കാര്യം എനിക്ക് നിറവേറ്റി തരണേ)

എന്ന് പ്രാർഥിച്ചു കൊണ്ട് ബിസ്മി ചൊല്ലി ഇടക്ക് ശ്വാസം വിട്ട്, ഇറക്കുകൾ ആയി (മൂന്ന്) ആണ് സംസം കുടിക്കേണ്ടത്. അതാണ്‌ സുന്നത്ത്. വയറു നിറയെ കുടിക്കലും സുന്നത്താണ്. (തുഹ്ഫ 4-144)


അമുസ്ലിമിന് സംസം വെള്ളം നൽകാമോ?

അമുസ്ലിമിന് സംസം വെള്ളം നല്‍കുന്നതിന് കുഴപ്പമില്ല. എന്നാല്‍ അനാദരവ് കാണിക്കാന്‍ സാധ്യതയുണ്ടെങ്കില്‍് നല്‍കരുതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ .



മുജാഹിദ് മതവും സംസം വെള്ളവും 


സംസം വെള്ളത്തിന്റെ മഹത്വം ലോക മുസ്ലിംകൾ അംഗീകരിച്ച കാര്യമാണല്ലോ, അക്കാര്യം നബി(സ) വ്യക്തമാക്കിയ ഹദീസുകൾ ധാരാളമുണ്ട്താനും. വിശ്വാസികൾ ഹജ്ജ്, ഉംറ നിർവഹിച്ച് സംസം വെള്ളം നാടുകളിലേക്ക് ശ്രദ്ധാപൂർവ്വം കൊണ്ടുവരാറുമുണ്ട്. പക്ഷേ, മുജാഹിദുകൾക്ക് സംസം അങ്ങനെയൊന്നുമല്ല.
ഒരു സാധാ വെള്ളം...!

കെ.എൻ.എം പ്രസിദ്ധീകരിച്ച മുസ്ലിംകളിലെ അനാചാരങ്ങൾ ഒരു സമഗ്ര വിശകലനം എന്ന പുസ്തകത്തിൽ സംസമിനെ പറ്റി രേഖപ്പെടുത്തിയത് നോക്കൂ:

"ഹാജറ ബീവിക്കും ഇസ്മാഈൽ നബി(അ)ക്കും കുടിക്കുവാനും കുളിക്കുവാനും മലമൂത്ര വിസർജനവും മറ്റും ചെയ്താൽ ശുദ്ധിയാക്കാനും വേണ്ടി അല്ലാഹു അത്ഭുതകരമായി സൃഷ്ടിച്ചു കൊടുത്ത കിണറാണ് സംസം." (പേജ്: 298)

നാടൻ ഭാഷയിൽ പറഞ്ഞാൽ ഹാജറ ബീവിക്കും , മകനും കുടിക്കാനും കുളിക്കാനും മൂത്രമൊഴിച്ചാൽ കഴുകാനുമുള്ള വെള്ളം...!

ലോകത്തെല്ലാ വെള്ളവും ഇതിനൊക്കെ തന്നെയല്ലെ...!

അപ്പോൾ പിന്നെയൊരു ചോദ്യം;ഹാജിമാർ വെള്ളം കൊണ്ടുവരുന്നതെന്തിനാണ്? ഇതിന്റെ മറുപടിയായി മൗലവി തുടർന്നെഴുതുന്നു :

"സ്വഹീഹായ ഒരു ഹദീസിൽ പോലും സംസം വെള്ളം കുടിക്കുവാൻ നബി(സ) ആരോടെങ്കിലും ഉപദേശിച്ചത് കാണാൻ സാധ്യമല്ല. സ്വഹാബിവര്യന്മാരിൽ ആരെങ്കിലും രോഗശമനത്തിന് വെള്ളം കുടിച്ചതോ കുടിക്കുവാൻ ഉപദേശിച്ചതോ കാണാൻ സാധ്യമല്ല. ഹജ്ജിന് ശേഷം വെള്ളം കെട്ടി കൊണ്ടു പോകുവാൻ നബി(സ) നിർദ്ദേശിച്ച ഒരു ഹദീസും സ്വഹീഹായിട്ടില്ല. സ്വഹാബിവര്യന്മാരിൽ ആരെങ്കിലും അപ്രകാരം ചെയ്തത് ഉദ്ദരിക്കുന്നില്ല."(പേജ്: 298)

നോക്കൂ... മുജാഹിദ് ആദർശ പ്രകാരം സംസം വെള്ളം കെട്ടി കൊണ്ടുവരൽ ഒന്നാം നമ്പർ ബിദ്അത്താണ്. കാരണം, നബി (സ) യോ സ്വഹാബികളൊ അങ്ങനെ ചെയ്തിട്ടില്ല, കൽപ്പിച്ചിട്ടില്ല. മുജാഹിദിന് ബിദ്അത്ത് എന്നാൽ- നബി(സ) ചെയ്യാത്തത് , കൽപിക്കാത്ത് എന്നാണല്ലോ.

ഏതായാലും മുസ്ലിം ലോകത്തിനു സംസം വെള്ളം മഹത്വമുള്ളതാണെന്നും അതിനു പോരിശ ഉണ്ടെന്നും ഹദീസുകളിലൂടെയും , മറ്റു ചരിത്രങ്ങളിലൂടെയും മനസ്സിലാക്കിയ കാര്യമാണ്. എതിർക്കുന്നവർ എതിർത്ത് കൊണ്ടേ ഇരിക്കും. ഒരു പക്ഷെ മുസ്ലിം നാമധാരികൾ തന്നെയാകാം അല്ലെങ്കിൽ ഫോബിയ ബാധിച്ചവർ .

ഇന്ന് കിണറിന്റെ കഥയിങ്ങിനെ. ചരിത്രത്തില്‍ ഒരിക്കല്‍ പോലും വറ്റാത്ത കിണര്‍. ആഴം മുപ്പത് മീറ്റര്‍. മൂന്നേ കാല്‍ മീറ്റര്‍ താഴ്ചയില്‍ തന്നെ ജലവിതാനം. സെക്കന്റില്‍ 80 ലിറ്റര്‍ ജലം പുറത്തെക്കുന്നു. ഗവേഷണങ്ങള്‍ ഇന്നും പുരോഗമിക്കുന്നു. നേരത്തെ കഅ്ബക്കരികിയില്‍ മുകളില്‍ നിന്നും കാണാം വിധമായിരുന്നു കിണര്‍. ഇന്നത് മതാഫിന് താഴെയാക്കി. ഇവിടേക്ക് പ്രവേശനം സുരക്ഷാ കാരണങ്ങളാല്‍ പരിമിതമാണ്. ഇന്നും ജലവിതാനം ഇതിനകത്ത് കാണാം. ഇബ്രാഹിം നബിയുടേയും കുടുംബത്തിന്റേയും ത്യാഗം സ്മരിക്കുന്ന ഹജ്ജിനൊടുവില്‍ സംസം ശേഖരിച്ചാണ് തീര്‍ഥാടകര്‍ മടങ്ങാറ്.




No comments:

Post a Comment