Thursday 16 April 2020

വീടുകളിൽ നമ്മൾ നിസ്‌ക്കരിക്കുന്ന സ്ഥലങ്ങൾ പള്ളിയായി വഖഫ് ചെയ്യാൻ പറ്റുമോ



വിശുദ്ധ റമളാൻ സമാഗതമാവുകയാണ്. കൊറോണ ഭീതി നിമിത്തമായി പള്ളികൾ അടക്കപ്പെട്ടു കഴിഞ്ഞു. പള്ളികളിൽ പോയി നിസ്കരിക്കാനും ഇഇതികാഫിനും സൗകര്യമില്ലല്ലോ. അതിനാൽ വീട്ടിൽ കാർപറ്റ് ,പായ ,വിരിപ്പ് , മുസ്വല്ല എന്നിവ മാത്രം പള്ളിയായി വഖ്ഫ് ചെയ്യാമോ? അങ്ങനെ അതിൽ വെച്ച്  നിസ്കരിച്ചാൽ പള്ളിയിൽ വെച്ച് നിസ്കരിച്ച പ്രതിഫലം കിട്ടുമോ? അതിൽ ഇഇതികാഫ് സ്വഹീഹാണോ?



കാർപറ്റ് ,പായ ,വിരിപ്പ് പോലെയുള്ളത് റൂമിൽ ആണികൊണ്ടോ പശകൊണ്ടോ മറ്റു വല്ലതും കൊണ്ടോ ഉറപ്പിച്ച ശേഷം അവ പള്ളിയായി വഖ്ഫ് ചെയ്താൽ അവ മാത്രം പള്ളിയായി മാറും. പള്ളിയുടെ വിധികൾ ബാധകമാവുകയും ചെയ്യും. റൂം പള്ളിയാവുകയുമില്ല. (തുഹ്ഫ: ശർവാനി സഹിതം: 6/238)

ആ വഖ്ഫ് ചെയ്യപ്പെട്ടതിൽ സ്തീക്കും പുരുഷനും ഇഇതികാഫിരിക്കാം. അതിൽ വെച്ച് നിസ്കരിച്ചവർക്ക് പള്ളിയിൽ  നിസ്കരിച്ച പ്രതിഫലം ലഭിക്കും. ആർത്തവകാരിയും വലിയ അശുദ്ധിക്കാരും വഖ്ഫ് ചെയ്യപ്പെട്ട  ആ വസ്തുവിലേക്ക് പ്രവേശിക്കരുത്. കാരണം അതു പള്ളിയാണ്. റൂമിലേക്ക് പ്രവേശിക്കാം. കാരണം റൂം പള്ളിയല്ല.

ഇനി ,പള്ളിയായി വഖ്ഫ് ചെയ്യപ്പെട്ട കാർപറ്റ് ,പായ ,വിരിപ്പ് പോലെയുള്ളത് ആ റുമിൽ നിന്നു പറിച്ചെടുത്താലും അവയുടെ പള്ളിയെന്ന വിധി നീങ്ങുകയില്ല. ഇനി അവ മറ്റു റൂമിൽ വിരിച്ച് ( അണികൊണ്ടോ മറ്റോ ഉറപ്പിച്ചിട്ടില്ലെങ്കിലും)നിസ്കരിച്ചാലും പള്ളിയിൽ വെച്ച് നിസ്കരിച്ച പ്രതിഫലം ലഭിക്കും. പള്ളിയുടെ മറ്റു വിധികളും ബാധകമാണ്. അവ സഞ്ചരിക്കുന്ന മസ്ജിദായിമാറി .കർമശാസ്ത്ര പണ്ഡിതർ കടംകഥമായി നമുക്കു സഞ്ചരിക്കുന്ന ഒരു മസ്ജിദുണ്ടെന്നു വിവരിച്ചിട്ടുണ്ട്.( ശർവാനി : 3/365)


നാം ചെയ്യേണ്ടത്


വിരിപ്പോ മറ്റോ റൂമിൽ വിരിച്ച് മുകളിൽ വിവരിച്ച രീതിയിൽ ഉറപ്പിക്കുക ,ശേഷം = ഈ വിരിപ്പ് ഞാൻ പള്ളിയായി വഖ്ഫ് ചെയ്തു = എന്നു പറയുക. അതോടെ ആ വിരിപ്പ് പള്ളിയായി മാറി.

പിന്നീട് അവ ഏതു റൂമിലും വിരിച്ചു നിസ്കരിക്കാം , അങ്ങനെ പള്ളിയിൽ നിസ്കരിച്ച പുണ്യം നേടാം ,നിസ്കാരശേഷം പള്ളി മടക്കി വെക്കാം.


കൊറോണ ഭീതിയിൽ മാത്രമുള്ള മസ്അലയല്ലയിത്. ഏതു കാലത്തുമുള്ള മസ്അലയാണ്.

يصح وقف منقول مسجدا كفرش وثياب إن ثبتت في مكان بنحو سمر ولا تزول وقفيتهابعد زوال سمرها لأن الوقفية إذا ثبتت لا تزول :أنظر التحفة مع الشرواني :6/238

وبهذا يلغز : فيقال لنا شخص يحمل مسجده على ظهره ويصح إعتكافه عليها حينئذ : شرواني 3/365







No comments:

Post a Comment