Wednesday 1 April 2020

ശഅ്ബാന്‍ - അമലുകൾ കൊണ്ട് റമളാനിലേക്ക് അടുക്കാം





നബി തങ്ങള്‍ (സ) പറയുന്നു:’ആരെങ്കിലും ശഅബാന്‍ മാസത്തെ ആദരിക്കുകയും അല്ലാഹുവിനെ സൂക്ഷിക്കുകയും അല്ലാഹുവിനു വഴിപ്പെടുക തെറ്റുകളെ തൊട്ട് പിടിച്ചു നില്‍ക്കുകയും ചെയ്താല്‍ അല്ലാഹു അവന്റെ പാപങ്ങള്‍ പൊറുത്തുകൊടുക്കുകയും ആ വര്‍ഷം ഉണ്ടാകുന്ന രോഗങ്ങളും പരീക്ഷണങ്ങളില്‍നിന്നും അവനെ നിര്‍ഭയനാക്കുകയും ചെയ്യും.’

മഹാനായ അംറ് ബ്‌നു ഖൈസ് (റ) ശഅബാനായാല്‍ തന്റെ പീടിക അടക്കുകയും ശഅബാനിലും റമദാനിലും ഖുര്‍ആന്‍ ഓതാന്‍ വേണ്ടി ഒഴിഞ്ഞിരിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കാണാം.

ചന്ദ്ര വര്‍ഷത്തിലെ എട്ടാമതു മാസം. നിരവധി പുണ്യങ്ങളും ആചാരങ്ങളും നിറഞ്ഞ മാസം. ഒരുമിച്ചുകൂട്ടി, ഭാഗിച്ചു എന്നിങ്ങനെ വിപരീത അര്‍ത്ഥമുള്ള പദമാണ് ശഅബാന്‍. അറബികള്‍ യുദ്ധാവശ്യത്തിനു വേണ്ടി ഒരുമിച്ചു കൂടുകയും അതിനുവേണ്ടി സമ്പത്ത് ഭാഗിക്കുകയും ചെയ്തിരുന്ന മാസമായതിനാല്‍ ശഅബാന്‍ എന്ന പേരു നല്‍കി ... (ഖല്‍യൂബി 2/49)

അനസ് ബ്‌നു മാലിക് (റ) പറയുന്നു: ‘ശഅബാന്‍ മാസം കണ്ടാല്‍ സ്വഹാബികള്‍ മുസ്ഹഫ് പാരായണത്തില്‍ വ്യാപൃതരാവുകയും റമദാനിനാവശ്യമുള്ള വസ്തുക്കള്‍ ശേഖരിക്കാന്‍ വേണ്ടി മുസ്‌ലിംകള്‍ അവരുടെ സക്കാത്ത് പാവങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുമായിരുന്നു. ഭരണാധികാരികള്‍ തടവിലാക്കപ്പെട്ടവരെ വിളിക്കുകയും പ്രതിക്രിയ ചെയ്യാനുള്ളവരെ അങ്ങനെ ചെയ്യുകയും അല്ലാത്തവരെ വിട്ടയക്കുകയും കച്ചവടക്കാര്‍ അവരുടെ കടങ്ങള്‍ വീട്ടുകയും കിട്ടാനുള്ളവ വാങ്ങുകയും ചെയ്യുമായിരുന്നു. അങ്ങനെ റമദാന്‍ മാസം കണ്ടാല്‍ അവര്‍ കുളിച്ച് വൃത്തിയായി ഇഅ്തികാഫ് ഇരിക്കുകയും ചെയ്യുമായിരുന്നു. (ഗുന്‍യത്ത് )’

ശൈഖ് ജീലാനി(റ) ഗുന്‍യത്തില്‍ പ്രസ്താവിക്കുന്നു. ശഅബാന്‍ എന്ന പദത്തില്‍ അഞ്ചു അക്ഷരങ്ങളുണ്ട്. الشين من الشرف ശീന്‍, മഹത്വം എന്നതിലേക്കും العين من العلوّ  ഐൻ ഉന്നതിയിലേക്കും الباء من البرّ ബാഉ ഗുണം എന്നതിലേക്കും الالف من الالفة അലിഫ് ഇണക്കത്തിലേക്കും النون من النور നൂന്‍ പ്രകാശത്തിലേക്കും സൂചനയാണ്.

ليلة المباركة ، ليلة التقدير ، ليلة القسمة ، ليلة التكفير ، ليلة القدر ، ليلة الإجابة ، ليلة الرحمة ، ليلة البراءة ، ليلة الصّك

തുടങ്ങിയവയെല്ലാം ശഅബാന്‍ പതിനഞ്ചാം രാവിന്‍റെ പേരുകളാണ് (ഖസ്വാഇസുല്‍ അയ്യാമി വല്‍ അശ്ഹുര്‍ 145, റൂഹുല്‍ ബയാന്‍ 8/402)

ഈ വിവരിച്ച പേരുകള്‍ക്കു അര്‍ത്ഥം യഥാക്രമം ഇങ്ങനെയാണ്. ബറകത്തുള്ള രാത്രി, കണക്കാക്കുന്ന രാത്രി, വീതിക്കുന്ന രാത്രി, പാപം പൊറുക്കുന്ന രാത്രി, വിധി നിര്‍ണ രാത്രി, ഉത്തരം ലഭിക്കുന്ന രാത്രി, കാരുണ്യം ലഭിക്കുന്ന രാത്രി, മോചന രാത്രി, രേഖപ്പെടുത്തുന്ന രാത്രി...

ഇമാം ശാഫിഈ (റ) പറഞ്ഞു: അഞ്ചു രാവുകളില്‍ പ്രാര്‍ത്ഥനയ്ക്കു പ്രത്യേകം ഉത്തരം ലഭിക്കലുണ്ട്. വെള്ളിയാഴ്ച രാവ്, രണ്ടു പെരുന്നാള്‍ രാവ്, റജബിലെ ആദ്യത്തെ രാവ്, ശഅബാന്‍ പതിനഞ്ചിന്‍റെ രാവ് (അല്‍ ഉമ്മ് 1/204).


മഹത്വം തിരുവചനങ്ങളില്‍ .

നബി (സ്വ) പറഞ്ഞു: ശഅബാന്‍ എന്‍റെ മാസമാണ്. ശഅബാന്‍ ദോഷങ്ങളെ പൊറുപ്പിക്കുന്ന മാസമാണ്. റജബിന്‍റെയും റമളാനിന്‍റെയും ഇടയില്‍ ജനങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്ന ഒരു മാസമാണ് ശഅബാന്‍. ആ മാസത്തില്‍ റബ്ബിലേക്ക് അനുഷ്ഠാനങ്ങള്‍ പ്രത്യേകമായി ഉയര്‍ത്തപ്പെടുന്നതാണ്. എന്‍റെ അമലുകള്‍ ഞാന്‍ നോമ്പുകാരനായിരിക്കെ ഉയര്‍ത്തപ്പെടുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്...

നബി (സ്വ) പറഞ്ഞു: മറ്റു അമ്പിയാക്കളിലേക്ക് ചേര്‍ത്തിയിട്ടു എന്‍റെ മഹത്വം എത്രയാണോ അതുപോലെയാണ് മറ്റു മാസങ്ങളില്‍ ശഅബാനിന്‍റെ മഹത്വം. മറ്റു മാസങ്ങളില്‍ നിന്നു റജബിന്‍റെ മഹത്വം അല്ലാഹുവിന്‍റെ മറ്റു ഗ്രന്ഥങ്ങളും ഖുര്‍ആനും തമ്മിലുള്ള അനന്തരത്തിന്‍റെ പുണ്യമുണ്ട്. മാസങ്ങളില്‍ റമളാനിന്‍റെ മഹത്വം സൃഷ്ടികളേക്കാള്‍ അല്ലാഹുവിന്‍റെ മഹത്വം പോലെയുമാണ്....

പ്രത്യേക മഹത്വങ്ങള്‍ ഒരു വസ്തുവിനു പറയുമ്പോള്‍ അതിന്‍റെ പ്രാധാന്യമായി അതിലൂടെ വ്യക്തമാക്കുന്നത്. പ്രത്യുത, മറ്റൊന്നിന്‍റെ പോരായ്മയല്ല. ഇക്കാര്യം പ്രത്യേകം മനസ്സിലാക്കണം.

"ഖുര്‍ആനിനെ നാം അവതരിപ്പിച്ചത് ബറക്കത്താക്കപ്പെട്ട ഒരു രാത്രിയിലാണെന്നും തീരുമാനിച്ചുറക്കപ്പെട്ട വിധികളത്രയും അന്നു വിതരണം ചെയ്യപ്പെടുമെന്നും" സാരം വരുന്ന ഖുര്‍ആന്‍ വാക്യത്തിലെ പുണ്യ രാവ് കൊണ്ടുദ്ദേശ്യം ശഅബാന്‍ പതിനഞ്ചിന്‍റെ രാവാണെന്നു ഇമാം ഇക് രിമ (റ) പ്രസ്താവിച്ചിട്ടുണ്ട്...

عن أبي موسى الأشعري عن رسول الله -ﷺ- قال : «إنَّ اللَّهَ لَيَطَّلِعُ فِي لَيْلَةِ النِّصْفِ 
مِنْ شَعْبَانَ فَيَغْفِرُ لِجَمِيعِ خَلْقِهِ إِلَّا لِمُشْرِكٍ أَوْ مُشَاحِنٍ»

നബി -ﷺ- പറഞ്ഞു: “നിശ്ചയമായും അല്ലാഹു (സു) ശഅബാൻ പകുതിയുടെ രാവിൽ (പതിനഞ്ചാം രാവ്) അവന്റെ പടപ്പലുകളിലേക്കു നോക്കുക തന്നെ ചെയ്യും. എന്നിട്ട് അവന്റെ എല്ലാം സൃഷ്ടികള്‍ക്കും പൊറുത്തു കൊടുക്കും; മുശ്രികിനും മുശാഹിനും ഒഴികെ.” (സ്വഹീഹുബ്നിമാജ:1148)

قَالَ الإِمَامُ ابْنُ الأَثِيرِ رَحِمَهُ اللَّهُ: «المُشَاحِنُ هُوَ المُعَادِي»

ഇമാം ഇബനുൽ അസീർ -رَحِمَهُ اللَّهُ- പറഞ്ഞു: “മുഷാഹിൻ എന്നാൽ ശത്രുതയും പകയുമുള്ളവൻ.” (അന്നിഹായ ഫീഗ്വരീബിൽഅസർ:2/1111)

قَالَ الإِمَامُ الأَوْزَاعِيُّ رَحِمَهُ اللَّهُ: أَرَادَ بِالمُشَاحِنِ هَا هُنَا صَاحِبَ البِدْعَةِ المُفَارِقُ لِجَمَاعَةِ الأُمَّةِ

ഇമാം ഔസാഈ -رَحِمَهُ اللَّهُ- പറഞ്ഞു: “മുശാഹിൻ   എന്നതു കൊണ്ട് ഇവിടെ ഉദ്ദേശം മുസ്ലിം പൊതുസമൂഹത്തിൽ നിന്നും ഭിന്നിച്ചു നിൽക്കുന്ന ബിദ്അത്തുകാരൻ എന്നാണ്.”


ആഇശ (റ)യില്‍ നിന്നും നിവേദനം: നബി (സ്വ) ചോദിച്ചു: ഈ രാവിനെ (ശഅബാന്‍ 15) കുറിച്ചു നിനക്കറിയുമോ..? അപ്പോള്‍ ആഇശ (റ): അല്ലാഹുവിന്‍റെ ദൂതരേ, എന്താണുള്ളത്..? നബി (സ്വ) പറഞ്ഞു: ഈ വര്‍ഷം ജനിക്കുന്നതും മരിക്കുന്നതുമായ മനുഷ്യരെ ഈ രാത്രി രേഖപ്പെടുത്തപ്പെടും. അന്നു അവരുടെ കര്‍മ്മങ്ങള്‍ ഉയര്‍ത്തപ്പെടുകയും അവരുടെ ഭക്ഷണം ഇറക്കപ്പെടുകയും ചെയ്യും...

عَنْ أَبِي ثَعْلَبَةَ الخُشَنِيِّ: قَالَ النَّبِيُّ -ﷺ-: «إِنَّ اللَّهَ يَطَّلِعُ عَلَى عِبَادِهِ فِي لَيْلَةِ النِّصْفِ مِنْ شَعْبَانَ، فَيَغْفِرُ لِلْمُؤْمِنِينَ، وَيُمْلِي لِلْكَافِرِينَ، وَيَدَعُ أًهْلَ الحِقْدِ بِحِقْدِهِمْ حَتَّى يَدَعُوهُ»

നബി -ﷺ- പറഞ്ഞു: നിശ്ചയമായും അല്ലാഹു -تَعَالَى- ശഅബാൻ പകുതിയുടെ രാവിൽ (പതിനഞ്ചാം രാവ്) തന്റെ  അടിയാറുകളിലേക്കു നോക്കും. എന്നിട്ട് സത്യവിശ്വാസികൾക്ക്‌ പൊറുത്തുകൊടുക്കുകയും കാഫിറുകൾക്ക് അവധി നീട്ടിയിട്ടുകൊടുക്കുകയും പരസ്പരം പകയിലും വിദ്വേഷത്തിലും കഴിയുന്നവരെ അവരതുപേക്ഷിക്കുന്നതു വരെ (പരിഗണിക്കാതെ) ഒഴിവാക്കുകയും ചെയ്യും.”(സ്വഹീഹുൽ സ്വഹീഹുൽജാമിഇ:1898)

ഖബര്‍‍ സിയാറത്ത് ...

ബറാഅത്തു രാവില്‍ ഖബര്‍‍ സിയാറത്തു ചെയ്യുന്ന ഒരു പതിവ് നമ്മുടെ നാട്ടിലുണ്ടല്ലോ. അതു വളരെ നല്ലതാണ്. ബറാഅത്തു രാവില്‍ നബി (സ്വ) ഖബര്‍‍ സിയാറത്തു ചെയ്തിരുന്നു.

ആഇശ (റ) പറയുന്നു: ഞാനൊരു രാത്രി (ബറാഅത്തു രാവില്‍) നബി (സ്വ)യെ എന്‍റെയരികില്‍ കണ്ടില്ല. ഞാന്‍ വീടു വിട്ടിറങ്ങി. നോക്കുമ്പോള്‍ നബി (സ്വ) മദീനയിലെ ഖബര്‍‍സ്ഥാനില്‍ ആകാശത്തേക്ക് തല ഉയര്‍ത്തി നില്‍ക്കുകയാണ്. എന്നെ കണ്ട നബി(സ്വ) ചോദിച്ചു: അല്ലാഹുവും റസൂലും അനീതി കാണിച്ചുവെന്നു നീ ഭയന്നുവോ..? ഞാന്‍ പറഞ്ഞു: താങ്കള്‍ മറ്റു വല്ല ഭാര്യമാരുടെ അരികിലും പോയെന്നു ഞാന്‍ ഊഹിച്ചു. നബി(സ്വ) പറഞ്ഞു: ശഅബാന്‍ പകുതിയുടെ രാത്രിയില്‍ അല്ലാഹുവിന്‍റെ പ്രത്യേക കരുണാകടാക്ഷം ഒന്നാം ആകാശത്തിലവതരിക്കും. കല്‍ബു ഗോത്രത്തിന്‍റെ ആട്ടിന്‍ പറ്റത്തിന്‍റെ രോമങ്ങളേക്കാള്‍ കൂടുതലെണ്ണം ആളുകള്‍ക്ക് അന്നവന്‍ പാപമോചനം നല്‍കും...(തുര്‍മുദി, ഇബ്നു മാജ).

ബറാഅത്തു രാവിലെ നിസ്കാരം .

ഹാഫിളുല്‍ മുന്‍ദിര്‍ (റ) തന്‍റെ അത്തര്‍ഗീബു വത്തര്‍ഹീബ് എന്ന ഗ്രന്ഥത്തില്‍ (2/116) അലി (റ)യില്‍ നിന്നു നിവേദനം ചെയ്ത ഹദീസ് ഇങ്ങനെ: ശഅബാന്‍ പകുതിയുടെ രാത്രി ആയാല്‍ നിങ്ങള്‍ നിസ്കരിക്കുകയും അതിന്‍റെ പകല്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുക (ഇബ്നു മാജ).

ബറാഅത്തു രാവിന് ശ്രേഷ്ഠതയുണ്ടെന്നും അന്നു നിസ്കാരം വര്‍ദ്ധിപ്പിക്കല്‍ പുണ്യമാണെന്നും അറിയിക്കുന്ന ഇബ്നുമാജ(റ) റിപ്പോര്‍ട്ട് ചെയ്ത പ്രസ്തുത ഹദീസിന്‍റെ അടിസ്ഥാനത്തില്‍ സലഫുസ്സ്വാലിഹീങ്ങള്‍ പ്രസ്തുത രാത്രി സുന്നത്ത് നിസ്കാരങ്ങള്‍ വര്‍ദ്ധിപ്പിച്ചിരിന്നു...

ഹാഫിളു ഇബ്നുറജബില്‍ ഹമ്പലി(റ) പറയുന്നു: ശാമുകാരായ താബിഈ പണ്ഡിതര്‍ ശഅബാന്‍ പകുതിയുടെ രാവിനെ ആദരിക്കുകയും ആ രാവില്‍ ഇബാദത്ത് ചെയ്യാന്‍ പരിശ്രമിക്കുകയും ചെയ്തിരുന്നു. ശാമിലെ താബിഈ പണ്ഡിതരില്‍ പെട്ട ഖാലിദുബ്നു മഅദാനി (റ) ലുക്മാനുബ്നു ആമിര്‍ (റ) തുടങ്ങിയവരും ഈ രാത്രിയില്‍ പള്ളിയില്‍ വെച്ച് നിസ്കരിച്ചിരുന്നു. ഇസ്ഹാഖുബ്നു റാഹവൈഹി (റ) ഈ നിസ്കാരം ബിദ്അത്തല്ലെന്നു പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട് (ഇബ്നുറജബി(റ)ന്‍റെ ലത്വാഇഫില്‍ മആരിഫ് 263).


ബറാഅത്തു രാവില്‍ നിസ്കാരം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ബിദഈ നേതാവ് ഇബ്നു തീമിയ്യയോട് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു: ശഅബാന്‍ പകുതിയുടെ രാവില്‍ ഒരാള്‍ സ്വന്തമായോ പ്രത്യേക ജമാഅത്തായോ നിസ്കരിക്കുന്ന പക്ഷം അതു നല്ലതാണ്. സലഫുസ്സ്വാലിഹീങ്ങളില്‍ നിന്നുള്ള ഒരു വിഭാഗം ഇപ്രകാരം ചെയ്തിരുന്നു. ഈ രാവില്‍ ഒരാള്‍ നിസ്കരിക്കുന്ന പക്ഷം അവനു മുന്‍ഗാമികളായി ഇവ്വിഷയത്തില്‍ സലഫുസ്സ്വാലിഹീങ്ങളുണ്ട്. അതുകൊണ്ടതു എതിര്‍ക്കപ്പെട്ടുകൂടാ (മജ്മൂഉല്‍ ഫതാവാ).


നൂറു റക്അത്ത് ബിദ്അത്ത് ...

പുണ്യരാവ് എന്ന പരിഗണന വെച്ച് ബറാഅത്തു രാവില്‍ സുന്നത്ത് നിസ്കാരം വര്‍ദ്ധിപ്പിക്കല്‍ നല്ലതാണെന്നാണ് മുകളില്‍ തെളിവിന്‍റെ വെളിച്ചത്തില്‍ സമര്‍ത്ഥിച്ചത്. എന്നാല്‍ ബറാഅത്തു രാവില്‍ നൂറു റക്അത്ത്  നിസ്കാരം നിര്‍വ്വഹിക്കുക എന്ന പ്രത്യേക നിസ്കാരം ഇല്ല. ഉണ്ട് എന്നറിയിക്കുന്ന ഹദീസുകള്‍ കള്ള നിര്‍മ്മിതമാണ്. നൂറു റക്അത്തുള്ള പ്രത്യേക നിസ്കാരം ചീത്ത ബിദ്അത്താണ്...

ഹിജ്റ: നാനൂറിനു ശേഷമാണ് ഈ ചീത്ത ആചാരമായ നിസ്കാരം ഉണ്ടായത്. അതുകൊണ്ടുതന്നെ മുന്‍ഗാമികളുടെ ഗ്രന്ഥങ്ങളിലൊന്നും ഇതിനെ കുറിച്ചൊരു ചര്‍ച്ചയും കാണാനിടയില്ല...

ഇമാം ഇബ്നുഹജര്‍ (റ) പറയുന്നു: ശഅബാന്‍ പകുതിയുടെ രാവില്‍ നൂറു റക്അത്ത് നിസ്കാരം ചീത്ത ബിദ്അത്താണ്. അതിലുള്ള ഹദീസ് വ്യാജ നിര്‍മ്മിതമാണ്. ഇത്തരം ബിദ്അത്തുകളെ വ്യക്തമാക്കി കൊണ്ടു മാത്രം ഞാന്‍ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. الايضاح والبيان لما جاء في ليلتي الرغائب و النصف من شعبان എന്നാണതിന്‍റെ പേര് (തുഹ്ഫ 2/239).

ഇമാം നവവി (റ) ഈ നൂറു റക്അത്ത് നിസ്കാരത്തെ ശക്തമായ രീതിയില്‍ തന്‍റെ ശര്‍ഹുല്‍ മുഹദ്ദിബില്‍ എതിര്‍ത്തിട്ടുണ്ട് ... (ശര്‍വാനി 2/239).

അതിനെക്കുറിച്ച് ഇമാം നവവി (റ) പറയുന്നു:

الصلاة المعروفة بصلاة الرغائب , وهي ثنتا عشرة ركعة تصلى بين المغرب والعشاء ليلة أول جمعة في رجب , وصلاة ليلة نصف شعبان مائة ركعة وهاتان الصلاتان بدعتان ومنكران قبيحتان ولا يغتر بذكرهما في كتاب قوت القلوب , وإحياء علوم الدين , ولا بالحديث المذكور فيهما فإن كل ذلك باطل ، ولا يغتر ببعض من اشتبه عليه حكمهما من الأئمة فصنف ورقات في استحبابهما فإنه غالط في ذلك , وقد صنف الشيخ الإمام أبو محمد عبد الرحمن بن إسماعيل المقدسي كتابا نفيسا في إبطالهما فأحسن فيه وأجاد رحمه الله 

" സ്വലാത്തുര്‍ റഗാഇബ് എന്നറിയപ്പെടുന്ന (ആഗ്രഹസഫലീകരണ) നമസ്കാരം, അതായത് റജബ് മാസത്തിലെ ആദ്യത്തെ ജുമുഅ ദിവസം മഗ്രിബിനും ഇഷാക്കും ഇടയില്‍ നമസ്കരിക്കുന്ന പന്ത്രണ്ട് റകഅത്ത് നമസ്കാരം, അതുപോലെ ശഅബാന്‍ പതിനഞ്ചിന് നമസ്കരിക്കുന്ന നൂറ് റകഅത്ത് നമസ്കാരം ഇവ രണ്ടും ബിദ്അത്താണ്. അവ അങ്ങേയറ്റം വലിയ തിന്മയും  മ്ലേച്ചവുമാണ്. 'ഖൂതുല്‍ ഖുലൂബ്' എന്ന ഗ്രന്ഥത്തിലോ, 'ഇഹ്'യാ ഉലൂമുദ്ദീന്‍' എന്ന ഗ്രന്ധത്തിലോ അവ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലോ, അതുമായി ബന്ധപ്പെട്ട ഹദീസ് കണ്ടോ ആരും തന്നെ വഞ്ചിതരാവേണ്ടതില്ല. അവയെല്ലാം തന്നെ ബാത്വിലാണ്. അതുപോലെ അതിന്‍റെ മതവിധി വ്യക്തമല്ലാത്തതിനാല്‍ അത് പുണ്യകരമാണ് എന്ന നിലക്ക് കൃതിയെഴുതിയ ഇമാമീങ്ങളുടെ വാക്കുകള്‍ കണ്ടും ആരും വഞ്ചിതരാകേണ്ട. കാരണം അവര്‍ക്ക് ആ വിഷയത്തില്‍ തെറ്റുപറ്റിയിരിക്കുന്നു. ശൈഖ് ഇമാം അബൂ മുഹമ്മദ്‌ അബ്ദു റഹ്മാന്‍ ബ്ന്‍ ഇസ്മാഈല്‍ അല്‍ മഖ്ദിസി ആ രണ്ട് നമസ്കാരങ്ങളും (ബിദ്അത്തും) വ്യാജവുമാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. വളരെ നല്ല രൂപത്തില്‍ വസ്തുനിഷ്ഠമായി അദ്ദേഹം ആ രചന നിര്‍വഹിച്ചിരിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യട്ടെ." - [അല്‍മജ്മൂഅ് : 3/548].


ബറാഅത്തു ദിനത്തിലെ നോമ്പ് .

ബറാഅത്തു രാവ് ശഅബാന്‍ പകുതിയുടെ രാവാണെന്ന അടിസ്ഥാനത്തില്‍ ശഅബാന്‍ 15ന്‍റെ നോമ്പിനു ബറാഅത്തു നോമ്പ് എന്നു പലരും പറയാറുണ്ടല്ലോ. അതുകൊണ്ടാണ് തലവാചകം അങ്ങനെയാക്കിയത്...

ഇമാം റംലി (റ) പറയുന്നു: ശഅബാന്‍ പകുതിയില്‍ നോമ്പെടുക്കല്‍ സുന്നത്താണ്. ശഅബാന്‍ പകുതിയുടെ രാത്രിയായാല്‍ നിങ്ങള്‍ നിസ്കരിക്കുകയും അതിന്‍റെ പകല്‍ നിങ്ങള്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുക. എന്ന അലി (റ)യില്‍ നിന്നു ഇബ്നുമാജ റിപ്പോര്‍ട്ട് ചെയ്ത ഹദീസാണ് തെളിവ്...

ബറാഅത്തു രാവിന്‍റെ പകല്‍ എന്ന നിലക്കു തന്നെ നോമ്പ് സുന്നത്താണ് എന്നാണ് ഇമാം റംലി (റ) പ്രസ്താവിച്ചത്. അയ്യാമുല്‍ ബീളില്‍പ്പെട്ട ദിവസം എന്ന നിലയ്ക്കാണ് ശഅബാന്‍ പകുതിയിലെ നോമ്പ് സുന്നത്തുള്ളത് എന്ന വീക്ഷണമാണ്‌ ഇബ്നുഹജറുല്‍ ഹൈതമി (റ)ക്കുള്ളത് (ഫതാവല്‍ കുബ്റ 2/79). ആകയാല്‍ ശഅബാന്‍ പതിനഞ്ചിനു നോമ്പ് സുന്നത്താണെന്നു ഇമാം റംലി (റ)യും ഇമാം ഇബ്നു ഹജറും (റ) പ്രസ്താവിച്ചിട്ടുണ്ട്...

ശഅബാന്‍ മാസം മുഴുവനും നോമ്പനുഷ്ഠിക്കല്‍ സുന്നത്തുണ്ട്. റജബ് മുഴുവനും നോമ്പനുഷ്ഠിക്കല്‍ സുന്നത്താണെന്നു 'റജബ്' എന്ന അധ്യായത്തില്‍ വ്യക്തമാക്കിയല്ലോ. ചിലര്‍ 96 ദിവസം നോമ്പനുഷ്ഠിക്കുന്നതായി കാണാം. റജബ്, ശഅബാന്‍, റമളാന്‍, ശവ്വാലിലെ ആറു ദിവസം എന്നിങ്ങനെയാണ് 96 ദിവസം...


റജബ് മാസത്തിലും ശഅബാന്‍ മാസത്തിലും പൂര്‍ണമായി നോമ്പനുഷ്ഠിക്കല്‍ സുന്നത്താണ്. (ഫതാവല്‍ കുബ്റ 2/68,76) റമളാന്‍ മാസം നിര്‍ബന്ധവും. തുടര്‍ന്ന്‍ ചെറിയ പെരുന്നാള്‍ കഴിഞ്ഞു ആറു ദിവസം പ്രചാരപ്പെട്ട സുന്നത്തുമാണല്ലോ. ഇങ്ങനെ 96 ദിവസം നോമ്പനുഷ്ഠിക്കല്‍ വളരെ പുണ്യമുള്ളതും നല്ല കീഴ് വഴക്കവുമാണ് ...(ഫതാവല്‍ അസ്ഹരിയ്യ).

മുഹമ്മദ് ബിനു അസ്സാഹിദ് എന്നവര്‍ പറയുന്നു: എന്റെ കൂട്ടുകാരനായ അബൂ ഹഫ്‌സ് എന്നവര്‍ മരണപ്പെട്ടു. ഞാന്‍ അദ്ദേഹത്തിന് മേല്‍ മയ്യിത്ത് നമസ്‌കരിച്ചു. പക്ഷേ എട്ടുമാസത്തോളം ഞാന്‍ അദ്ദേഹത്തിന്റെ ഖബര്‍ സിയാറത്ത് ചെയ്തില്ല . പിന്നെ ഞാന്‍ സിയാറത്ത് ചെയ്യാനുദ്ദേശിച്ചു. അന്ന് രാത്രിയില്‍ ഞാന്‍ കിടന്നുറങ്ങവേ നിറം മാറിയ നിലയിലായി എന്റെ സുഹൃത്തിനെ ഞാന്‍ സ്വപ്നം കണ്ടു. ഞാന്‍ അദ്ദേഹത്തോട് സലാം പറഞ്ഞു. അദ്ദേഹം സലാം മടക്കിയില്ല. അപ്പോള്‍ ഞാന്‍ ചോദിച്ചു: നീ എന്താ സലാം മടക്കാത്തത് അദ്ദേഹം പറഞ്ഞു: സലാം മടക്കല്‍ ഇബാദത്താണ്. ഞങ്ങള്‍ (മരിച്ചവര്‍) ഇബാദത്തിനെ തൊട്ട് മുറിഞ്ഞവരാണ്.

നിന്നെ നിറം മാറിയതായി ഞാന്‍ കാണുന്നുവല്ലോ നീ ഭൂമുഖത്ത് നല്ല ഭംഗിയുള്ളവനായിരുന്നുവല്ലോ എന്താണ് കാരണം ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘എന്നെ ഖബറിലേക്ക് വച്ചപ്പോള്‍ എന്റെ അരികിലേക്ക് മലക്ക് വന്നു, എന്നിട്ട് ഇങ്ങനെ വിളിച്ചു. ഓ… തെറ്റുകാരാ… പിന്നീട് ആ മലക്ക് എന്റെ തെറ്റുകള്‍ ഓരോന്നായി എണ്ണാന്‍ തുടങ്ങി. ആ മലക്ക് കയ്യിലുള്ള ദണ്ഡ് കൊണ്ട് എന്നെ അടിച്ചു. ഉടനെ എന്റെ ശരീരം തീ കൊണ്ട് തിളക്കാന്‍ തുടങ്ങി. പിന്നെ എന്റെ ഖബര്‍ എന്നോട് സംസാരിച്ചു: നിനക്ക് നിന്റെ രക്ഷിതാവിനോട് ലജ്ജയില്ലേ പിന്നെ ഖബര്‍ എന്നെ കൂട്ടിപ്പിടിച്ചു. എന്റെ വാരിയെല്ലുകള്‍ കൂട്ടിയിണങ്ങി. എന്റെ കെണിപ്പുകള്‍ പൊട്ടി. ശഅബാന്‍ മാസം ഉദിക്കുന്നത് വരെ ഞാന്‍ ഈ അവസ്ഥയില്‍ തന്നെ തുടര്‍ന്നു.’ ശഅബാന്‍ മാസം ആയപ്പോള്‍ എന്റെ മുകളില്‍ നിന്ന് ഒരാള്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു: ‘ഓ… മലക്കേ… അദ്ദേഹത്തെ തൊട്ടു മാറിനില്‍ക്കൂ. നിശ്ചയമായും അവന്‍ അവന്റെ ജീവിതത്തില്‍ ശഅബാനിലെ ഒരു രാത്രി ഹയാത്താക്കുക (ഇബാദത്തുകള്‍ കൊണ്ട് സജീവമാക്കുക) യും ശഅബാനിലെ ഒരു പകല്‍ നോമ്പനുഷ്ഠിക്കുകയും ചെയ്തിരുന്നു. അങ്ങനെ അല്ലാഹു ശഅബാനിലെ ഒരു രാത്രിയിലെ ഹയാത്താക്കല്‍ കൊണ്ടും ഒരു പകലിലെ നോമ്പ് കൊണ്ടും അള്ളാഹു എന്നെ തൊട്ട് ശിക്ഷ ഉയര്‍ത്തുകയും സ്വര്‍ഗം കൊണ്ട് എന്നെ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു. (ദുര്‍റത്തുസ്വാലിഹീന്‍ )
വിശുദ്ധമായ ശഅബാനിലെ ഒരു ദിവസത്തെ നോമ്പിന്റെയും ഹയാത്താക്കലിന്റെയും പ്രതിഫലം ഇത്ര വലുതാണെങ്കില്‍ ആ മാസം മുഴുവനുള്ള നോമ്പിന്റെയും മറ്റും പ്രതിഫലം എത്രയായിരിക്കും.

ബറാഅത്തു രാവിലെ പ്രാര്‍ത്ഥന .

പ്രാര്‍ത്ഥനയ്ക്കു ഉത്തരം ലഭിക്കുന്ന പ്രത്യേക രാവാണ് ശഅബാന്‍ പതിനഞ്ചിന്‍റെ രാവ്. കല്‍ബ് ഗോത്രത്തിന്‍റെ ആട്ടിന്‍ പറ്റത്തിന്‍റെ രോമത്തിന്‍റെ എണ്ണത്തേക്കാള്‍ ജനങ്ങളെ അല്ലാഹു ഈ രാത്രിയില്‍ നരകത്തില്‍ നിന്നു മോചിപ്പിക്കുന്നതുകൊണ്ടാണ് മോചനം എന്നര്‍ത്ഥമുള്ള 'ബറാഅത്ത്' എന്ന പേര്‍ വന്നത്...

നബി (സ്വ) പറഞ്ഞു: ശഅബാന്‍ പകുതിയുടെ രാവായാല്‍ ആ രാത്രിയില്‍ നിങ്ങള്‍ നിസ്കരിക്കുകയും അതിന്‍റെ പകലില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുക. കാരണം അന്നു സൂര്യാസ്തമയം മുതല്‍ പ്രഭാതം വരെ അല്ലാഹുവിന്‍റെ പ്രത്യേക അനുഗ്രഹങ്ങള്‍ ഒന്നാം ആകാശത്തേക്ക് വര്‍ഷിക്കുകയും അല്ലാഹു ഇങ്ങനെ പറയുകയും ചെയ്യും. എന്നോട് പൊറുക്കലിനെ തേടുന്നവനില്ലേ, അവനു ഞാന്‍ പൊറുത്തു കൊടുക്കും. എന്നോട് ഭക്ഷണം തേടുന്നവനില്ലേ, അവനു ഞാന്‍ ഭക്ഷണം നല്‍കും. പരീക്ഷിക്കപ്പെട്ടവനില്ലേ അവനു ഞാന്‍ സുഖം നല്‍കും...
(ഇബ്നുമാജ 99, അത്തര്‍ഗീബു വത്തര്‍ഹീബ് 2/119)

ബറാഅത്തു രാവിന്‍റെയും നോമ്പിന്‍റെയും മഹത്വങ്ങള്‍ വിവരിക്കുന്ന ധാരാളം ഹദീസുകള്‍ കാണാം. പുണ്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ യോഗ്യതയുള്ള ഹദീസുകളാണവയെല്ലാം...

ബറാഅത്തു രാവ് പ്രാര്‍ത്ഥന കൊണ്ടു ധന്യമാക്കണം. സ്വഹാബി പ്രമുഖരായ ഉമറുല്‍ ഫാറൂഖ് (റ), അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) തുടങ്ങിയവര്‍ ബറാഅത്തു രാവില്‍ പ്രത്യേകമായി പ്രാര്‍ത്ഥിച്ചിരുന്ന പ്രാര്‍ത്ഥന ഇങ്ങനെ:

اللهم إن كنت كتبتنا أشقياء فامحه واكتبنا سعداء وإن كنت كتبتنا سعداء فاثبتنا فإنك تمحوا ما تشاء وتثبت وعندك أم الكتاب (مرقاة المفاتيح ٢/١٧٨)

അര്‍ത്ഥം: അല്ലാഹുവേ, നീ ഞങ്ങളെ പരാചിതരുടെ കൂട്ടത്തില്‍ എഴുതിയിട്ടുണ്ടെങ്കില്‍ അതു മായ്ച്ചു കളയുകയും വിജയികളുടെ കൂട്ടത്തില്‍ എഴുതുകയും ചെയ്യേണമേ.., നീ വിജയികളുടെ കൂട്ടത്തിലാണ് എഴുതിയതെങ്കില്‍ നീ അതങ്ങനെ തന്നെ സ്ഥിരപ്പെടുത്തേണമേ. നിശ്ചയം, നീ ഉദ്ദേശിക്കുന്നത് മായ്ച്ചു കളയുകയും നീ ഉദ്ദേശിച്ചത് സ്ഥിരപ്പെടുത്തുകയും ചെയ്യും. നിന്‍റെ പക്കലിലാണ് മൂലഗ്രന്ഥം .(മിര്‍ഖാത്ത് 2/178)

മൂലഗ്രന്ഥം എന്നതിന്‍റെ വിവക്ഷ ലൌഹുല്‍ മഹ്ഫൂളാണ് (തഫ്സീര്‍ സ്വാവി 2/234). അല്ലാഹു തീരുമാനിച്ചത് മാറ്റി എഴുതാന്‍ അവനു അധികാരമുണ്ട്. ആ മാറ്റി എഴുത്തും അവന്‍റെ തീരുമാനമാണ്...

ബറാഅത്തു രാവില്‍ അല്ലാഹു വിധിക്കുകയും, ലൈലത്തുല്‍ ഖദ്റില്‍ മലക്കുകളെ ഏല്‍പ്പിക്കുകയും ചെയ്യുമെന്നു ഇബ്നു അബ്ബാസ് (റ) വ്യക്തമാക്കിയിട്ടുണ്ട്.(ജമല്‍ 9/100).

ബറാഅത്തു രാവില്‍ കണക്കാക്കുക എന്നതിന്‍റെ വിവക്ഷയാണ് ഇബ്നു അബ്ബാസ് (റ) വിവരിച്ചത്. സര്‍വ്വവും മുമ്പേ കണക്കാക്കിയിരിക്കേ ഓരോ വര്‍ഷവും കണക്കാക്കുകയെന്നാല്‍ കണക്കാക്കിയത് പകര്‍ത്തി എഴുതിയ ലിസ്റ്റ് മലക്കുകളെ ഏല്‍പ്പിക്കലാണുദ്ദേശ്യം ...


മൂന്ന് യാസീൻ .

യാസീന്‍ സൂറത്ത് വിശുദ്ധ ഖുര്‍ആനിന്‍റെ ഹൃദയമാണ്. നിരവധി ഹദീസുകളില്‍ യാസീന്‍ സൂറത്തിന്‍റെ മഹത്വം വിവരിച്ചിട്ടുണ്ട്...

നബി (സ്വ) പറഞ്ഞു: അല്ലാഹുവിന്‍റെ പ്രീതി ആഗ്രഹിച്ചുകൊണ്ട് ഒരു തവണ യാസീന്‍ സൂറത്ത് ഒരാള്‍ പാരായണം ചെയ്‌താല്‍ ഇരുപത്തി രണ്ടു തവണ ഖുര്‍ആന്‍ മുഴുവനും പാരായണം ചെയ്ത പ്രതിഫലം ലഭിക്കുന്നതാണ് ...
(തഫ്സീര്‍ ബൈളാവി 2/228)

ബറാഅത്തുരാവില്‍ മൂന്നു യാസീന്‍ ഓതി പ്രാര്‍ത്ഥിക്കല്‍ മുന്‍ഗാമികള്‍ ആചരിച്ചുപോരുന്ന ചര്യയാണ്. ഇഹ്‌യാഉലൂമിദ്ദീനിന്റെ വ്യാഖ്യാനത്തില്‍ സയ്യിദ് മുര്‍ത്തളാ സബീദി (റ) പ്രസ്താവിക്കുന്നു: ബറാഅത്തുരാവില്‍ മൂന്നു യാസീന്‍ ഓതുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്ന പതിവ് മുന്‍ഗാമികളില്‍ നിന്നു പിന്‍ഗാമികള്‍ അനന്തരമായി സ്വീകരിച്ചുപോന്നതാണ്. ആദ്യത്തേത് ആയുസ് വര്‍ദ്ധിക്കാനും, രണ്ടാമത്തേത് ഭക്ഷണത്തില്‍ ഐശ്വര്യമുണ്ടാകാനും, മൂന്നാമത്തേത് ഈമാന്‍ ലഭിച്ചു മരിക്കുന്നതിനു വേണ്ടിയും. ഓരോ യാസീനിനു ശേഷവും പ്രസ്തുത ആവശ്യങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം... (ഇത്ഹാഫ് 3/427)

ബറാഅത്തു രാവിലെ മൂന്നു യാസീനിനെ കുറിച്ചും ഇമാം ദൈറബി (റ) തന്റെ മുജര്‍റബാതിലും (പേജ് 19) ഇമാം അബ്ദുല്ലാഹിബ്‌നു ബാ അലവി (റ) തന്റെ താരീഖിലും (കന്‍സുന്നജാഹ് 60) വ്യക്തമാക്കിയിട്ടുണ്ട്. നിഹായത്തുല്‍ അമല്‍ പേജ് 23-ലും മൂന്നു യാസീനിന്റെ കാര്യവും പ്രാര്‍ത്ഥനയും വിവരിച്ചിട്ടുണ്ട്...

സൂറത്തുദ്ദുഖാന്‍ .

ദുഖാന്‍ സൂറത്ത് ബറാഅത്തുരാവില്‍ ഓതുന്ന ഒരു സമ്പ്രദായം നമ്മുടെ നാടുകളില്‍ വ്യാപകമാണല്ലോ. അതിന്റെ അടിസ്ഥാനം എന്താണെന്നു നോക്കാം. നിരവധി മഹത്വങ്ങള്‍ ദുഖാന്‍ സൂറത്തിനെ കുറിച്ചു വന്നിട്ടുണ്ട്. ബറാഅത്തുരാവില്‍ പ്രത്യേകമായി ഓതാന്‍ പ്രേരിപ്പിക്കുന്ന ഹദീസുകള്‍ ശ്രദ്ധയില്‍പെട്ടിട്ടില്ലെങ്കിലും എന്നും രാത്രി സൂറത്തുദുഖാന്‍ ഓതാന്‍ നബി (സ) പ്രേരിപ്പിച്ചിട്ടുണ്ട്. ഇമാം തുര്‍മുദി(റ) റിപ്പോര്‍ട്ടു ചെയ്ത ഹദീസില്‍ അതു കാണാം...

പാരായണം മൂലം പ്രതിഫലം ലഭിക്കുന്നതിനാല്‍ ബറാഅത്തു രാവില്‍ ദുഖാന്‍ സൂറത്തു ഓതല്‍ സുന്നത്തുതന്നെയെന്നു പറയാം. അതു ബറാഅത്തുരാവ് എന്ന പ്രത്യേകത കൊണ്ടല്ല, മറിച്ച് എന്നും ഓതല്‍ സുന്നത്താണെന്ന നിലക്കാണ്. ബറാഅത്തു രാവില്‍ മൂന്നു യാസീന്‍, സൂറത്തു ദുഖാന്‍ എന്നിവ ഓതല്‍ സുന്നത്തോ ബിദ്അത്തോ എന്ന ബിദഇകളുടെ ചോദ്യം അവരുടെ ജഹാലത്തിന്റെ തുറന്ന പ്രഖ്യാപനമാണ്. എന്തുകൊണ്ടെന്നാല്‍ പ്രസ്തുത കാര്യങ്ങള്‍ ബറാഅത്തു രാവില്‍ നിര്‍വ്വഹിക്കല്‍ സുന്നത്തും ബിദ്അത്തുമാണ്. പ്രതിഫലാര്‍ഹം എന്ന നിലയ്ക്കു സുന്നത്തും, നബി (സ)യുടെ കാലത്തില്ലാത്തത് എന്നതിനാല്‍ ബിദ്അത്തും. ഈ ബിദ്അത്തു സദാചാരമാണ്, അനാചാരമല്ല...

ഇമാം സര്‍ജി (റ) തന്റെ ഫആഇദില്‍ പറയുന്നു: ഒരാള്‍ ദുഖാന്‍ സൂറത്തിലെ ആദ്യഭാഗം അവ്വലീന്‍ വരെ ശഅബാനിന്റെ ആദ്യരാത്രി മുതല്‍ പതിനഞ്ചാം രാവുവരെ ഓതി പതിനഞ്ചാം രാവില്‍ മുപ്പതു പ്രാവശ്യം പരായണം ചെയ്തു അല്ലാഹുവിനെ സ്മരിച്ചു നബി (സ)യുടെ പേരില്‍ സ്വലാത്തു ചൊല്ലി ഇഷ്ടമുള്ള ഏതുകാര്യം ചോദിച്ചാലും ഉത്തരം ലഭിക്കും .(കന്‍സുന്നജാഹ്)

...

No comments:

Post a Comment