Thursday 9 April 2020

ഈ അടുത്തായി സോഷ്യൽ മീഡിയയിലെ പുതിയ മെസ്സേജാണ് ഇബ്രാഹീം ബിൻ സലൂഖിയയും കൊറോണവൈറസും ബന്ധപ്പെടുത്തിയുള്ളത് . 2020 മാർച്ച് മാസത്തിൽ ഒരു വൈറസ് ഉണ്ടാകുമെന്നും മറ്റും പറഞ്ഞുള്ള ഒരു വോയിസ് മെസ്സേജ് ? അത് ശെരിയാണോ



വാട്സാപ്പിലും , മറ്റു സോഷ്യൽ മീഡിയയിലും പ്രചരിപ്പിക്കപ്പെടുന്ന കിതാബിന്റെ പേജാണിത് .




എന്താണ് ഇതിന്റെ യാഥാർഥ്യം എന്ന് പരിശോധിക്കാം . ഇതിന്റെ മറുപടിയായി ഇസ്ലാം ഓൺ വെബിൽ ഫൈസൽ നിയാസ് ഹുദവി എഴുതിയ മറുപടി ചുവടെ ചേർക്കുന്നു

ദുരിതകാലം അർദ്ധ സത്യങ്ങളുടെയും അതിശയോക്തി കലർന്ന വാർത്തകളുടെയും വ്യാജ പ്രചാരണങ്ങളുടെയും  വിളയാട്ട കാലം കൂടിയാണ്. 
അറബിക് ടെക്സ്റ്റോടുകൂടി എന്തെങ്കിലും തട്ടിവിട്ടാൽ വിശ്വാസികൾക്കിടയിൽ അതിനു പെട്ടെന്ന് വേരോട്ടം ലഭിക്കുമെന്ന വിശ്വാസത്തില് അത്തരം പ്രചരണത്തിനു പിന്നിൽ ഓരോ സമയം ശുദ്ധ മനസ്കരും വിശ്വാസ വിരുദ്ധരും പ്രവർത്തിക്കുന്നുണ്ട്.

ഏതായാലും ലേറ്റസ്റ്റ് ആയി ഓടിക്കൊണ്ടിരിന്ന ഇബ്രാഹിം ബിൻ സലൂഖിയയും അദ്ധേഹത്തിന്റെ കിത്താബു അഖ്ബാർ സമാൻ ആണ്. 20 - 20 ആയാൽ എന്നു തുടങ്ങുന്ന ഒരു വാക്യമാണ് ഒരു പഴയ പുസ്തകത്തിന്റെ പേജ് ആണെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ഒരു ചിത്രത്തിനൊപ്പം ഓടിക്കൊണ്ടിരിക്കുന്നത്. അറബ് വംശജർക്കിടയിൽ രണ്ടാഴ്ചയിലധികമായി ഓടികൊണ്ടിരിക്കുന്ന ഈ ചിത്രം ഇപ്പോൾ മലയാളി വിശ്വാസികൾക്കിടയിലും വ്യാപകമായി ഷയർ ചെയ്യപ്പെടുന്നു.


എന്താണ് യാഥാർഥ്യം

ഒറ്റ നോട്ടത്തിൽ  തന്നെ അറബി ഭാഷയുമായി ബന്ധമുള്ള ഒരാൾക്ക് ഇത് വ്യാജമാണെന്ന് മനസ്സിലാക്കാനുള്ള ഒട്ടേറെ തെളിവുകളുണ്ട്.

ഹിജ്റ 462 മരണപ്പെട്ട പണ്ഡിതന്റേത് എന്ന കുറിപ്പോടെയാണല്ലോ പ്രസ്തുത ചിത്രം പ്രചരിക്കുന്നത്. അക്കാലഘട്ടത്തിലെ ഒരു മുസ്ലിം പണ്ഡിതരോ എഴുത്തുകാരോ ഗ്രിഗേറിയൻ കലണ്ടറോ അതിലെ മാസങ്ങളോ ഉപയോഗിക്കാറില്ല. ഉണ്ടെങ്കിൽ  തന്നെ അത് ഹിജ്റ കാലണ്ടറിനൊപ്പം മാത്രമേ ഉപയോഗിക്കൂ. മാത്രമല്ല , മാർച്ച് മാസത്തിന് നിലവിൽ അറബിയിൽ ഉപയോഗിക്കുന്ന مارس എന്ന പദം അക്കാലഘട്ടത്തിലെ ഒരു അറബി ഗ്രന്ഥത്തിലും കാണാൻ കഴിയില്ല. മറിച്ച് അവർ آّذار എന്നാണ് ഉപയോഗിച്ചിരുന്നത്. 20 = 20 എന്ന എഴുത്ത് രീതി ആയിരത്തിലധികം വർഷം പഴക്കമുള്ള ഒരു ഗ്രന്ഥത്തിൽ ഉണ്ടാവുകയുമില്ല.

ഏറെ കഷ്ടപ്പെട്ട് ഇതിന് പിന്നിലെ കരങ്ങൾ ഉപയോഗിച്ചിരിക്കുന്ന ഭാഷയെ ക്ലാസ്സിക് ഭാഷയാക്കി മാറ്റാൻ ശ്രമിച്ചെങ്കിലും നേരത്തെ പറഞ്ഞ കലണ്ടർ  ഉപയോഗത്തിന്നു പുറമെ അക്കാലഘട്ടത്തിലെ പണ്ഡിതരന്മാർക്കോ എഴുത്തകാർക്കോ സംഭവിക്കാൻ  ഒരു സാധ്യതയുമില്ലാത്ത ഗുരുതരമായ വ്യാകരണപ്പിഴവുകളും ഇതിൽ  വരുത്തിയിട്ടുണ്ട്.


ആരാണ് ഇബ്രാഹീ ബിൻ സലൂഖിയ? ഏതാണ് ഗ്രന്ഥം?


സത്യത്തിൽ അറിയപ്പെടുന്ന ഇസ്ലാമിക ചരിത്രത്തിൽ  അങ്ങനെ ഒരു വ്യക്തി തന്നെ ഇല്ല.എന്നാൽ അഖ്ബാർ സമാൻ എന്ന പേരിൽ ഒരു ഗ്രന്ഥമുണ്ട്. أخبار الزّمان ومن أباده الحدثان وعجائب البلدان والغامر بالماء والعمران എന്നാണ് അതിന്റെ പൂർണ്ണ നാമം.

ഹിജ്റ 346 മരണമടഞ്ഞ അബുൽ ഹസൻ അലി ബിൻ ഹുസൈൻ ബിൻ അലി അൽ മസ്ഊദി എന്ന ചരിത്ര പണ്ഡിതനാണ് ആ ഗ്രന്ഥത്തിന്റെ രചയിതാവ്. 278 പേജ് മാത്രമുള്ള ആ ഗ്രന്ഥത്തിൽ കഴിഞ്ഞു പോയ ചരിത്രത്തേക്കുറിച്ചാണ് സംസാരിക്കുന്നത്. അല്ലാതെ ഭാവിയെ ക്കുറിച്ചുള്ള പ്രവചനമല്ല. പ്രചരിക്കപ്പെടുന്ന ചിത്രത്തിൽ  ഗ്രന്ഥത്തിന്റെ 365 ആം  പേജ് എന്നാണ് എഴുതിയിരിക്കുന്നത്. എന്നാൽ ഈ പറയ്യപ്പെട്ട ഗ്രന്ഥത്തിനു 278 പേജ് മാത്രമാണുള്ളത്.

ചുരുക്കിപ്പറഞ്ഞാൽ ഏതോ മാനസിക രോഗിയുടെ വിക്രിയയാണ് പലരും ആഘോഷമായി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്. കിട്ടുന്നതെല്ലാം ഫോർവേഡ് ചെയ്യുന്നത് കേൾക്കുന്നതെല്ലാം പറയുന്നത് കളവ് പറയുന്നതിന് സമാനമാണെന്ന പ്രവാചക (സ്വ) വചനത്തിൽ ഉൾപ്പെടുമെന്ന് ഓർക്കുക.

No comments:

Post a Comment