Tuesday, 27 October 2026

ഉംറക്ക് പോകുന്ന അന്ന് ഒരു വ്യക്തിക്ക് മെൻസസ് ആയാൽ അവർക്ക് ഉംറയുടെ അമലുകൾ ചെയ്യാൻ പറ്റുമോ


ഉംറയ്ക്കായി പുറപ്പെടാൻ നിൽക്കുന്ന സ്ത്രീക്ക് മെൻസസ് ആയാൽ ഇതുവരെ ഇഹ്‌റാം കെട്ടിയിട്ടില്ലെങ്കിലും പ്രശ്നമില്ല. കാരണം സ്ത്രീക്ക് ഹൈളിന്റെ അവസ്ഥയിലും ഇഹ്‌റാം കെട്ടാവുന്നതാണ്.

ഹൈളിന്റെ അവസ്ഥയിൽ ഇഹ്‌റാം കെട്ടിയ ശേഷം ഉംറയുടെ മറ്റ് അമലുകൾ ചെയ്യുന്നത് അനുവദനീയമാണ്.

എന്നാൽ ത്വവാഫും നമസ്കാരവും ചെയ്യാൻ പാടില്ല. അതിനാൽ ഇഹ്‌റാമിന്റെ നിയ്യത്ത് ചെയ്യുമ്പോൾ സാധാരണയായി നിർവഹിക്കുന്ന രണ്ട് റക്അത്ത് നമസ്കാരം അവൾ നിർവഹിക്കേണ്ടതില്ല. പകരം കുളിക്കുകയോ അല്ലെങ്കിൽ വുളു എടുക്കുകയോ ചെയ്ത് ഖിബ്‌ലക്ക് അഭിമുഖമായി ഇരുന്ന് ഇഹ്‌റാമിന്റെ നിയ്യത്ത് ചെയ്ത് തൽബിയത്ത് ചൊല്ലുക. ഇനി സ്ത്രീ ഹൈളിന്റെ അവസ്ഥയിൽ തന്നെ ഉംറയുടെ ഇഹ്‌റാം കെട്ടിയാലും അല്ലെങ്കിൽ ശുദ്ധിയുള്ള സമയത്ത് ഇഹ്‌റാം കെട്ടിയ ശേഷം ഹൈള് വന്നാലും മക്കയിൽ എത്തിയ ശേഷം ശുദ്ധിയാകുന്നതുവരെ കാത്തിരിക്കണം. ശുദ്ധിയായ ശേഷം കുളിച്ച് ഉംറ നിർവഹിക്കണം.

ശുദ്ധിയായ ശേഷം ഉംറ നിർവഹിച്ചാൽ ഉംറ ശരിയാകുന്നതാണ്. യാതൊരു പരിഹാരവും (ബലി) നിർബന്ധമാകില്ല.

എന്നാൽ മടങ്ങുന്നതിന് മുമ്പ് ശുദ്ധിയായി ഉംറ നിർവഹിക്കാൻ യാതൊരു മാർഗവും ഇല്ലെങ്കിൽ ഉദാ: വിസ കാലാവധി നീട്ടാൻ കഴിയാത്തതോ, മഹ്‌റമിനൊപ്പം അവിടെ തുടരാൻ കഴിയാത്തതോ ആയ നിർബന്ധിതാവസ്ഥയിൽ ഹൈളിന്റെ അവസ്ഥയിലും ത്വവാഫ് ഇല്ലാതെ ഉംറ നിർവഹിക്കേണ്ടിവരും. അങ്ങനെ ചെയ്താൽ പരിഹാരമായി ഹറമിന്റെ പരിധിക്കുള്ളിൽ ഒരു ദം (ബലി) നൽകൽ നിർബന്ധമാണ്.

وَإِذَا حَاضَتِ الْمَرْأَةُ عِنْدَ الْإِحْرَامِ، اغْتَسَلَتْ وَأَحْرَمَتْ، وَصَنَعَتْ كَمَا يَصْنَعُهُ الْحَاجُّ، غَيْرَ أَنَّهَا لَا تَطُوفُ بِالْبَيْتِ حَتَّى تَطْهُرَ؛ لِحَدِيثِ عَائِشَةَ رَضِيَ اللَّهُ عَنْهَا حِينَ حَاضَتْ بِسَرِفٍ، وَلِأَنَّ الطَّوَافَ فِي الْمَسْجِدِ، وَالْوُقُوفَ فِي الْمَفَازَةِ، وَهَذَا الِاغْتِسَالُ لِلْإِحْرَامِ لَا لِلصَّلَاةِ، فَيَكُونُ مُفِيدًا.

الْهِدَايَةُ: (١/١٥٦، ط: دَارُ إِحْيَاءِ التُّرَاثِ الْعَرَبِيِّ)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

No comments:

Post a Comment