Sunday 5 April 2020

ഉമ്മു ഐമൻ (റ)






ഉമ്മു ഐമൻ (റ) - നബി (സ)യുടെ പോറ്റുമ്മ

മൂക്കുചപ്പിയ കറുത്ത കുഞ്ഞ് നീഗ്രോ വർഗത്തിൽ പിറന്ന കുഞ്ഞ് നബി (സ) തങ്ങൾ ആവേശപൂർവം ആ കുഞ്ഞിനെ വാരിയെടുത്തു നബിതങ്ങളുടെ അതിമനോഹരമായ ചുണ്ടുകൾ കുഞ്ഞിന്റെ  കറുത്ത  കവിളുകളിൽ അമർന്നു സ്നേഹ ചുംബനങ്ങൾ

സ്വന്തം മകൾ ഫാത്വിമ (റ) പ്രസവിച്ച ഹസൻ എന്ന കുഞ്ഞിനെയും കറുത്ത നീഗ്രോ കുഞ്ഞിനെയും ഒന്നിച്ചു മടിയിലിരുത്തി ലാളിച്ചു അറബ് സമൂഹം അത് കണ്ടുവിസ്മയിച്ചുപോയി ആ കുഞ്ഞാണ് പിൽക്കാലത്ത് ഇസ്ലാമിക ചരിത്രത്തെ പിടിച്ചു കുലുക്കിയ ഉസാമ(റ) ആ വീര ജേതാവിന്റെ വന്ദ്യമാതാവാണ് ഉമ്മുഐമൻ(റ)

നീഗ്രോ അടിമയായിരുന്ന ഉമ്മുഐമനിന്റെ ശരിയായ പേര് ബറക എന്നാണ്. പിതാവ് സഅ്‌ലബ് ഇബ്‌നു അംറ്. ഉബൈദ ഇബ്‌നു സൈദുമായുള്ള ദാമ്പത്യബന്ധത്തില്‍ ഐമന്‍ എന്നു പേരുള്ള കുഞ്ഞ് ജനിച്ചതുകൊണ്ടാണ് ഉമ്മുഐമന്‍ (ഐമന്റെ ഉമ്മ) എന്ന പേരില്‍ അവര്‍ പ്രസിദ്ധയായത്. പ്രവാചകന്‍(സ) ജനിക്കും മുമ്പേ ഇവര്‍ പ്രവാചക കുടുംബത്തിലെ അടിമയായിരുന്നു.

അബവാഅ്, മക്കയിൽ നിന്ന് വളരെ അകലെയുള്ള പ്രദേശം

ആമിന(റ) തളർന്നു കിടക്കുന്നു ആറ് വയസ്സുള്ള പൊന്നോമന മകൻ ഉൽക്കണ്ഠയോടെ ഉമ്മായുടെ മുഖത്തേക്ക് നോക്കിയിരിക്കുന്നു കറുത്ത വർഗ്ഗക്കാരിയായ ബറകയെന്ന പെൺകുട്ടി ദുഃഖം സഹിച്ച് നിൽക്കുന്നു പൊന്നുമോന്റെ മനോഹരമായ കൊച്ചുകരം ബറകയുടെ കറുത്ത കയ്യിൽ വെച്ചു കൊടുത്തിട്ട് ഉമ്മ പറഞ്ഞു

ഈ കിടപ്പിൽ ഞാനെങ്ങാൻ മരണപ്പെട്ടു പോയാൽ ഈ പൊന്നുമോനെ അവന്റെ ഉപ്പൂപ്പായുടെ കയ്യിൽ നീ എത്തിച്ചു കൊടുക്കണം

ചരിത്രത്തെ പ്രകമ്പനം കൊള്ളിച്ച വചനം

പൊന്നോമന മകനെ ബറക ബലമായി പിടിച്ചു കാറ്റിലും കോളിലും പിടി അയഞ്ഞില്ല വർഷങ്ങൾക്കു ശേഷം ബറക്ക വിവാഹിതയായി അവർക്ക് ഒരാൺകുഞ്ഞ് ജനിച്ചു കുഞ്ഞിന് ഐമൻ എന്ന് പേരിട്ടു അതോടെ  അവർ ഉമ്മു ഐമൻ എന്ന പേരിൽ അറിയാൻ തുടങ്ങി

ആഞ്ഞടിക്കുന്ന കൊടുങ്കാറ്റു പോലെയായിരുന്നു അവരുടെ ജീവിതം ആ ധീരവനിതയെ നാം അടുത്തറിയണം അവരുടെ ചരിത്രം ഇളംതലമുറയെ പഠിപ്പിക്കണം അതിനുള്ള ഒരെളിയ ശ്രമമാണിത്  .


ബറക


അടിമപ്പെൺകുട്ടി കറുത്ത് മെലിഞ്ഞ കുട്ടി കാണാൻ ചന്തം കുറവ് പേര് ബറക

അബ്ദുല്ലയുടെ അടിമ ഓർമ്മവെച്ചപ്പോൾ താൻ ഈ വീട്ടിലാണ് സ്നേഹമുള്ളവരാണ് ഇവിടുത്തെ താമസക്കാർ മക്കയുടെ നായകനാണ് അബ്ദുൽ മുത്തലിബ് അദ്ദേഹത്തിന്റെ മകനാണ് അബ്ദുല്ല അദ്ദേഹമാണ് തന്റെ യജമാനൻ വലിയ വീടാണ് താഴെയും മുകളിലുമായി കുറെയാളുകൾ താമസിക്കുന്നു മക്കളും മരുമക്കളും ചെറുമക്കളും ഉൾക്കൊള്ളുന്ന ഒരു കൂട്ടുകുടുംബം എപ്പോഴും വിരുന്നുകാർ രാവും പകലും ജോലിചെയ്യാൻ അടിമകൾ

ബറക ഉമ്മ- ബാപ്പാമാരെക്കുറിച്ചു ചിന്തിച്ചു വിശ്രമമില്ലാതെ ജോലി ചെയ്ത ദമ്പതികൾ കറുത്ത വർഗ്ഗത്തിൽപെട്ടവർ ഏതോ കാലത്ത് തന്റെ പൂർവ്വീകർ മക്കയിൽ വന്നു താമസമാക്കി സ്വദേശം അബ്സീനിയ ബറക ശൈശവം പിന്നിട്ടതേയുള്ളൂ ബാല്യദശയിലേക്ക് കടന്നു അപ്പോഴാണ് മറക്കാനാവാത്ത ആ സംഭവം നടന്നത്

അബ്ദുല്ലയുടെ വിവാഹം എന്തൊരാൾക്കൂട്ടമായിരുന്നു മക്കയാകെ ഇളകിമറിഞ്ഞ വിവാഹാഘോഷം .

ബറക വിസ്മയം നിറഞ്ഞ നയനങ്ങൾ കൊണ്ടാണ് ആ രംഗങ്ങൾ കണ്ടത് അടുക്കളക്കാരിയുടെ സംഭാഷണത്തിൽനിന്ന് പലതും മനസ്സിലാക്കി

ആമിനയെന്ന ചെറുപ്പക്കാരി സുന്ദരിയും ബുദ്ധിമതിയും അബ്ദുല്ലയെ ഭർത്താവായി ലഭിച്ച ഭാഗ്യവതി മക്കയിലെ എത്രയെത്ര യുവതികൾ അബ്ദുല്ലയെ ഭർത്താവായി ലഭിക്കാൻ കൊതിച്ചു അവർക്കൊന്നും ആ ഭാഗ്യം സിദ്ധിച്ചില്ല  ആമിനയെ പുകഴ്ത്തുകയാണ് പെണ്ണുങ്ങൾ ആ പുകഴ്ത്തൽ ബറകക്ക് ഇഷ്ടപ്പെട്ടു തന്റെ യജമാനന് അതിസുന്ദരിയായ ഭാര്യയെ ലഭിക്കട്ടെ അവരെ ഒരു നോക്കു കാണാൻ കൊതിയാവുന്നു ഒന്നിങ്ങു വന്നെങ്കിൽ

വിവാഹത്തിന്റെ ഒരുക്കങ്ങൾ ഗംഭീരം രാവും പകലും വീടു നിറയെ ആളുകൾ ഉച്ചത്തിലുള്ള സംസാരം വിഭവസമൃദ്ധമായ സദ്യകൾ ഇടക്കിടെ യജമാനൻ ഓടിവരുന്നത് കാണാം ധൃതിപിടിച്ച് എന്തൊക്കെയോ ചെയ്യുന്നു

പുതിയാപ്പിളയായി ഇറങ്ങിപ്പോവേണ്ട ചെറുപ്പക്കാരൻ തന്റെ യജമാനന്റെ മുഖം ശ്രദ്ധിച്ചു കത്തിലെങ്കുന്ന മുഖം ആരും നോക്കി നിന്നുപോവും ആ മനസ്സ് നിറയെ സ്നേഹമാണ് കാത്തു കാത്തിരുന്ന സുദിനം വന്നു വിവാഹസുദിനം

എല്ലാവരും പുതുവസ്ത്രങ്ങളണിഞ്ഞു വില കൂടിയ അത്തർ പൂശി വയർ നിറയെ ആഹാരം കഴിച്ചു അടിമപ്പെൺകുട്ടിയുടെ മനസ്സ് നിറയെ സന്തോഷം പുതിയ ഉടുപ്പുകൾ കിട്ടി രുചികരമായ ആഹാരം കഴിച്ചു ആരോ അത്തർ പുരട്ടുന്നു
ഇന്നത്തെ സന്തോഷത്തിൽ എല്ലാവരും പങ്ക് ചേരണം യജമാനന്മാരും അടിമകളുമെല്ലാം

ബറകയുടെ കൊച്ചുമനസ്സിൽ വലിയൊരാഗ്രഹമുണ്ട് പുതിയാപ്പിള ഇറങ്ങിപ്പോവുന്നത് നേരിട്ട് കാണണം ഈ ആൾക്കൂട്ടത്തിനിടയിൽ അതിന് കഴിയുമോ? വീട്ടിൽ നിന്നാൽ ഒന്നും കാണാൻ പറ്റില്ല  പന്തലിലും പറ്റില്ല മുറ്റത്തിറങ്ങി ദൂരേക്ക് പോവാം ഉയർന്ന സ്ഥലത്തോ പാറയുടെ മുകളിലോ കയറി നിൽക്കാം തന്നെപ്പോലെ ധാരാളം കുട്ടികൾ പുതിയാപ്പിളയെ കാണാൻ തിരക്ക് കൂട്ടുന്നുണ്ടാവും

വലിയ വലിയ ആളുകൾ ഒട്ടകപ്പുറത്ത് വരുന്നുണ്ട് അവരുടെ വേഷമൊക്കെയൊന്നു കാണണം പേർഷ്യൻ രാജാവിന്റെ ഗമയാണ് ചിലർക്ക് കുതിരപ്പുറത്താണ് ചിലരൊക്കെ വരുന്നത് ഗോത്രത്തലവന്മാർ ആളുകളുടെ അകമ്പടിയോടെ വരുന്നു

കുലീന വനിതകൾ കൂട്ടം കൂട്ടമായി വരുന്നു വെട്ടിത്തിളങ്ങുന്ന വസ്ത്രം ധരിച്ചവർ കയ്യിലും കഴുത്തിലും ആഭരണങ്ങൾ ബറകക്ക് എല്ലാം അതിശയം തന്നെ എന്താ ഒരിളക്കം? ജനക്കൂട്ടത്തിലൊരു ചലനം പുതിയാപ്പിള ഇറങ്ങുകയാണോ? ചെറുപ്പക്കാരുടെ കൂട്ടം അവർക്കു മധ്യത്തിൽ പുതിയാപ്പിള അകലെ നിന്നാണ് ബറക കാഴ്ച കാണുന്നത്  അടുത്തുനിന്ന് കാണാൻ കഴിയാത്ത ദുഃഖമുണ്ട് എന്തൊരഴകാണ് പുതിയാപ്പിളക്ക്  വെള്ളവസ്ത്രം ധരിച്ച് അത്തർ പൂശി, കൂട്ടുകാരും ബന്ധുക്കളും അകമ്പടിയായി അതാ ഇറങ്ങി വരുന്നു ബറകയുടെ കണ്ണുകൾ തിളങ്ങി മുഖം സന്തോഷം കൊണ്ട് വികസിച്ചു

പുതിയാപ്പിളയും വലിയ സംഘവും നീങ്ങിപ്പോവുന്നു മറക്കാനാവാത്ത കാഴ്ച

മഹത്തായ കഅ്ബാശരീഫ് അതിനു സമീപത്തുകൂടി ആ സംഘം നീങ്ങിപ്പോവുന്നു പുതിയാപ്പിളയും സംഘവും ബറകായുടെ കണ്ണിൽ നിന്നകന്നുപോയി അടുക്കള ഭാഗത്തേക്ക് വന്നു അടിമപ്പെണ്ണുങ്ങളുടെ സംഭാഷണം ശ്രദ്ധിച്ചു പുതിയാപ്പിള മടങ്ങാൻ മൂന്നു ദിവസം കഴിയും അതാണ് ചടങ്ങ്

ബറക അതുകേട്ടു നിരാശ തോന്നി  പുതിയപെണ്ണിനെ ഒരു നോക്ക് കാണാൻ കൊതിച്ചിരിക്കുകയായിരുന്നു ഇനി മൂന്നു ദിവസം കാത്തിരിക്കണോ അവരെ ഒന്നു കാണാൻ വൈകുന്നേരത്തോടെ വീട്ടിൽ തിരക്കൊഴിഞ്ഞു ബന്ധുക്കളും, അയൽക്കാരും നാട്ടുകാരും മടങ്ങിപ്പോയി പുതിയ പെണ്ണിനെ സ്വീകരിക്കാൻ എല്ലാവരും വീണ്ടും വരും അത് മൂന്നു ദിവസം കഴിഞ്ഞിട്ട് സന്ധ്യയായപ്പോൾ ബറക ക്ഷീണിച്ചു കണ്ണിലുറക്കം വന്നു അടിമകൾ കിടന്നുറങ്ങുന്ന സ്ഥലത്തേക്കു ചെന്നു മൂലയിൽ ചുരണ്ടികിടന്നു പെട്ടെന്നുറങ്ങിപ്പോയി.

ഉമ്മ വന്നതെപ്പോഴാണെന്നറിയില്ല പഴയ തുണികൊണ്ട് തന്നെ പുതപ്പിച്ചതെപ്പോഴാണെന്നും അറിയില്ല പരസ്പരം മറന്നുറങ്ങിപ്പോയി രാവിലെ ആരോ തന്നെ തട്ടിവിളിച്ചു കണ്ണുതുറന്നു നോക്കി  ഉമ്മ എപ്പോഴേ അടുക്കളപ്പണി തുടങ്ങിക്കാണും.

കല്യാണത്തിന്റെ ഓർമ്മകൾ മനസ്സിലെത്തി എന്തെന്നില്ലാത്ത ആവേശം അടുക്കളയിലേക്ക് നടന്നു വേലക്കാരികൾ ഭക്ഷണം പാകം ചെയ്യുന്നു യജമാനത്തിമാർ നിർദ്ദേശങ്ങൾ നൽകുന്നു  മുകൾത്തട്ടിലെ മുറി അലങ്കരിക്കുന്ന തിരക്കിലാണ് ചിലർ അവിടെയാണ് മണവാട്ടി താമസിക്കുക രണ്ട് രാപ്പകലുകൾ കടന്നുപോയി വീണ്ടും പ്രഭാതം വിടർന്നു പതിവിലും നേരത്തേ എല്ലാവരും ഉണർന്നു നവദമ്പതികൾ വന്നുചേരുന്ന ദിവസം ബന്ധുക്കൾ രാവിലെ മുതൽ വന്നുചേരാൻ തുടങ്ങി വീട്ടിൽ തിരക്ക് കൂടിക്കൂടി വന്നു ബറകായുടെ മനസ്സിലും ആഹ്ലാദം തിരതല്ലി യജമാനത്തി വന്നാൽ തന്നോട് മിണ്ടുമോ? ഒന്നു പുഞ്ചിരിക്കുകയെങ്കിലും ചെയ്യമോ?


ശാം യാത്ര 





കാത്തിരുന്ന നിമിഷങ്ങളെത്തി നവദമ്പതികൾ വന്നുചേർന്നു ആഹ്ലാദം അലയടിച്ചുയർന്നു സ്ത്രീകളുടെ വൻ സംഘം മണവാട്ടിയെ എതിരേറ്റു ബറക ആൾക്കൂട്ടത്തിലൂടെ ഓടി നടക്കുന്നു കൊച്ചു പെൺകുട്ടിക്ക് എത്ര ശ്രമിച്ചിട്ടും മണവാട്ടിയുടെ മുഖം കാണാൻ കഴിയുന്നില്ല സാരമില്ല ഇവിടെത്തന്നെ കാണുമല്ലോ ആളൊഴുയുമ്പോൾ കാണാൻ ശ്രമിക്കാം.

ആചാരപ്രകാരം മണവാട്ടിയെ ഇറക്കിക്കൊണ്ടുവന്നു വീട്ടിലേക്കുള്ള പ്രവേശം കാരണോത്തിമാർ നിർദ്ദേശിച്ച പ്രകാരം മണവാട്ടി വീട്ടിൽ പ്രവേശിച്ചു ദമ്പതികൾക്ക് പാനീയം നൽകി ഉയർന്ന ഇരിപ്പിടങ്ങളിൽ ഇരുത്തി തിരക്കുകാരണം ബറകക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല സദ്യയുടെ തിരക്ക് പൊരിച്ച ആടിന്റെ ചുറ്റുമിരുന്ന് ആളുകൾ തീറ്റ തുടങ്ങി   പിന്നെപ്പിന്നെ ആരവങ്ങളൊഴിഞ്ഞു വിരുന്നുകാർ സ്ഥലം വിട്ടു ബറക കാത്തിരുന്നു മണവാട്ടി മണിയറയിൽ നിന്ന് പുറത്തു വരട്ടെ അപ്പോൾ കാണാം.

മനസ്സ് വല്ലാതെ തുടിക്കുന്നു ഈ കറുത്ത പെൺകുട്ടിയോട് വെളുത്ത സുന്ദരിയായ മണവാട്ടിക്ക് എന്ത് തോന്നും?

ഒടുവിൽ അത് സംഭവിച്ചു മണവാട്ടി പുറത്ത് വന്നു ബറക ആർത്തിയോടെ നോക്കിനിന്നു എന്തൊരഴകാണിത് ആ രൂപം മനസ്സിൽ പതിഞ്ഞുപോയി ഒരിക്കലും മായാത്ത വിധം കണ്ണുകൾ,പുരികം, നെറ്റിത്തടം , കവിളുകൾ, കാതുകൾ, ചുണ്ടുകൾ എല്ലാം കൗതുകത്തോടെ നോക്കിക്കണ്ടു വസ്ത്രത്തിന്റെ അഴകും ആഭരണങ്ങളുടെ തിളക്കവും നോക്കിനിന്നു ബറകയുടെ കറുത്ത ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു ആമിന വല്ലാതെ ഇഷ്ടപ്പെട്ടുപോയ പേര് അബ്ദുല്ല, ആമിന യജമാനനും യജമാനത്തിയും അവർ തമ്മിലെന്തൊരു ചേർച്ച

ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു  മണവാട്ടി വേലിക്കാരികളെയെല്ലാം പരിചയപ്പെട്ടു വരുന്നതേയുള്ളൂ മറക്കാനാവാത്ത നിമിഷം തന്നെ കണ്ടു മനോഹരമായ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു ആ പുഞ്ചിരിക്കെന്തൊരു ശോഭ കുളിരണിഞ്ഞുപോയ നിമിഷം സന്തോഷം കൊണ്ട് വീർപ്പുമുട്ടിപ്പോയി കിളിമൊഴിപോലെ ഒരു ചോദ്യം വന്നു

എന്താ പേര്?

ബറക

ഒരു പുഞ്ചിരികൂടി സമ്മാനിച്ചിട്ട് യജമാനത്തി നടന്നുപോയി

ബറകക്ക് സന്തോഷമായി തന്റെ  പേര് ചോദിച്ചില്ലേ തന്നെ നോക്കി പുഞ്ചിരിച്ചില്ലേ ഇനി തന്നെ പേര് ചൊല്ലി വിളിക്കുമായിരിക്കും ഒന്നു വിളിച്ചെങ്കിൽ തന്നെക്കൊണ്ട് എന്തെങ്കിലൊമൊരു ജോലി ചെയ്യിച്ചെങ്കിൽ മനസ്സ് മോഹിച്ചുപോവുന്നു  ഒരു പാത്രം കഴുകിക്കൊടുക്കാൻ ഒരു വസ്ത്രമെടുത്തു കൊടുക്കാൻ നിലം തുടച്ചു വൃത്തിയാക്കാൻ എന്തെങ്കിലുമൊരു ജോലിക്ക് തന്നെ വിളിക്കുമോ? അങ്ങനെ ഒരാശയുമായി നടക്കുകയാണ് ബറക ഒരു ദിവസം അത് സംഭവിച്ചു.

മോളേ...ബറകാ

യജമാനത്തി വിളിക്കുന്നു സന്തോഷം കൊണ്ട് കരഞ്ഞുപോയി ഈ കറുത്തപ്പെണ്ണിനെ മോളേ....എന്നു വിളിച്ചു എന്തൊരു സ്നേഹമുള്ള വിളി  ഓടിച്ചെന്ന് ഭവ്യതയോടെ നിന്നു ജോലിയിൽ സഹായിക്കാൻ വിളിച്ചതാണ്  എന്തൊരു സ്നേഹം ഇതൊരു സാധാരണ ആളല്ല എന്തൊക്കെയോ പ്രത്യേകതയുള്ള ആളാണ് ഗോത്രത്തിലെ കുലീനവനിതകളൊന്നും അടിമപ്പെൺകുട്ടികളെ മോളേയെന്ന് വിളിക്കില്ല ആ മനസ്സ് സ്നേഹത്തിന്റെ തടാകം തന്നെ പിന്നെപ്പിന്നെ ആ പരിചയം വളർന്നു അബ്ദുല്ലയും ആമിനയും ബറകയെ സ്നേഹിച്ചു ആ വീട്ടിലെ ഒരംഗത്തെപ്പോലെയായി ബറക മണവാട്ടിയുടെ മുറിയിലേക്ക് എപ്പോൾ വേണമെങ്കിലും കടന്നുചെല്ലാം സംസാരിക്കാം .

അബ്ദുല്ലയും ആമിനയും ബറകയെ കുറിച്ചു സംസാരിച്ചു ബറക നല്ല കുട്ടിയാണ് ബുദ്ധിമതിയാണ് സ്നേഹമുള്ളവളാണ് സംസാരം കേൾക്കാൻ നല്ല രസം സംസാരിക്കുമ്പോൾ അല്പം ധൃതിയുണ്ട് ചില അക്ഷരങ്ങൾ ശരിക്ക് പുറത്ത് കേൾക്കില്ല അത് കേൾക്കാനാണ് കൂടുതൽ രസം ചിരിച്ചുപോകും ഒരു ദിവസം ബറക യജമാനത്തിയുടെ മുഖത്ത് ദുഃഖം കണ്ടു എന്തിനാണാവോ  ഈ ദുഃഖം  പിന്നെ കാരണമറിഞ്ഞു കഅബാലയത്തിനു സമീപം ഒട്ടകക്കൂട്ടത്തെ കണ്ടു ചരക്കു കയറ്റിയ നൂറുകണക്കിന് ഒട്ടകങ്ങൾ അവ ഇന്ന് യാത്ര തിരിക്കും ശാമിലേക്ക് അബ്ദുല്ലയും കൂട്ടത്തിൽ പോവുന്നുണ്ട്.

വേർപാടിന്റെ വേദന അതാണ് യജമാനത്തിയുടെ മുഖത്ത് കണ്ടത് വേദനാജനകമായിരുന്നു ആ രംഗം ആമിന കണ്ണീർ തുടച്ചു ചുണ്ടിൽ പുഞ്ചിരി വരുത്തി ഭർത്താവിന് യാത്രാനുമതി നൽകി നടന്നകലുന്ന ഭർത്താവിനെ നോക്കിനിന്നു ഭർത്താവിന്റെ രൂപം കണ്ണിൽനിന്ന് മറഞ്ഞപ്പോൾ തേങ്ങിക്കരഞ്ഞു ആ കരച്ചിൽ കണ്ടു സഹിക്കാൻ ബറകക്ക് കഴിഞ്ഞില്ല ആ കൊച്ചുമനസ്സ് നീറിപ്പുകഞ്ഞു അവൾ ആരും കാണാതെ ശബ്ദമില്ലാതെ കരഞ്ഞു.

ഒട്ടകസംഘം മക്കവിട്ടു വിശാലമായ മരുഭൂമിയിലൂടെ ആഴ്ചകളോളം യാത്ര ചെയ്യണം എന്നിട്ടാണ് ശാമിലെ ലോകപ്രസിദ്ധമായ മാർക്കറ്റിലെത്തുക ഈ ഘട്ടത്തിലാണ് ബറക യജമാനത്തിയുമായി കൂടുതൽ അടുത്തത്

ബറകാ.....

ഓ.....

എനിക്ക് വല്ലാത്ത സങ്കടം വരുന്നു

എന്തിനാണിങ്ങനെ സങ്കടപ്പെടുന്നത്? കച്ചവടം കഴിഞ്ഞാലുടനെ അവർ വരുമല്ലോ

ഇനിയെന്നാണവരെ കാണാനാവുക?

യജമാനത്തി സന്തോഷമായിരിക്കൂ ഈ സങ്കടം കണ്ടിട്ട് എനിക്ക് സഹിക്കാനാവുന്നില്ല

നിനക്കും സങ്കടമുണ്ടോ?

യജമാനൻ പോയതിനേക്കാൾ സങ്കടം യജമാനത്തിയുടെ കണ്ണീർ കാണുമ്പോഴാണ്

ബറകയുടെ വാക്കുകൾ ആമിനയുടെ മനസ്സിൽ തട്ടി ഈ പെൺകുട്ടി തന്നെ എന്തുമാത്രം സ്നേഹിക്കുന്നു

ബറകാ....

ഓ......

ഇങ്ങടുത്ത് വരൂ

ബറക അടുത്തേക്ക് ചെന്നു ആമിന അവളെ ചേർത്തുനിർത്തി അവളുടെ കൈ പിടിച്ചു

ബറക അതിശയത്തോട ആ കൈകൾ നോക്കി എന്തൊരു വെളുപ്പ് തന്റെ കറുത്ത കൈകൾ ആ വെളുത്ത കൈകൾ കൊണ്ട് പിടിച്ചിരിക്കുന്നു  കൊച്ചുബാലിക നിർവൃതിയോടെ ലയിച്ചു താനിപ്പോൾ യജമാനത്തിയുടെ കരവലയത്തിലാണെന്ന സത്യം ബറക അറിഞ്ഞു

മോളേ...ബറകാ..... നിന്റെ സാമീപ്യം എനിക്കാശ്വാസം തരുന്നു നിന്റെ വാക്കുകൾ എന്റെ മനസ്സ് തണുപ്പിക്കുന്നു മോളേ.....



വേർപാട് 






വളരെ നേരത്തെ ഉണർന്നു ഇന്ന് സന്തോഷത്തിന്റെ ദിവസമാണ് യജമാനനും കച്ചവടസംഘവും ഇന്നെത്തും ഇന്നലെ പാതിരാത്രി വരെ യജമാനത്തിയുമായി സംസാരിച്ചിരിക്കുകയായിരുന്നു  യജമാനൻ എന്തെല്ലാം സാധനങ്ങൾ വാങ്ങിക്കൊണ്ട് വരും തനിക്കും എന്തെങ്കിലും കിട്ടും വസ്ത്രം, അത്തർ അങ്ങനെ എന്തെങ്കിലും  ബറക യജമാനത്തിയുടെ മുന്നിലെത്തി

ബറകാ.....

ഓ.....

നീ കഅബാലയത്തിന്റെ സമീപത്തേക്ക് പോവണം അവിടെയാണ് ഖാഫില വന്നുചേരുക അവർക്ക് വമ്പിച്ച സ്വീകരണമായിരിക്കും കിട്ടുക നീ അതൊക്കെ കാണണം എന്നിട്ട് എനിക്ക് പറഞ്ഞുതരണം മനസ്സിലായോ?

മനസ്സിലായി

മക്കക്കാർ കഅ്ബാലയത്തിനു സമീപം തടിച്ചുകൂടി ബറക ഉത്സാഹപൂർവ്വം കഅബയുടെ സമീപത്തേക്ക് പുറപ്പെട്ടു തന്റെ യജമാനനെ ഒരു നോക്കു കണ്ടിട്ടെത്ര നാളായി

എല്ലാവരും ആഹ്ലാദഭരിതരാണ് യസ്രിബിലേക്കുള്ള വഴിയിൽ നോക്കി നിൽക്കുകയാണ്

അകലെ പൊടിപടലം ഖാഫില വരികയാണ് ആൾക്കൂട്ടം ആവേശഭരിതമായി ഒട്ടകക്കൂട്ടങ്ങൾ ബറക ഏന്തിവലിഞ്ഞു നോക്കുന്നുണ്ട് ഉയരമുള്ള ആളുകൾ മുമ്പിൽ നിൽക്കുന്നത് കാരണം ഒന്നും  കാണാൻ പറ്റുന്നില്ല ഖാഫില എത്തിക്കഴിഞ്ഞു യാത്രാസംഘത്തെ നയിക്കുന്നവർ മുമ്പോട്ടു വന്നു അബ്ദുൽ മുത്തലിബിനെ അഭിവാദ്യം ചെയ്തു എവിടെ അബ്ദുല്ല അബ്ദുൽ മുത്തലിബ് ആകാംക്ഷയോടെ ചോദിച്ചു ആഗതരുടെ മുഖത്ത് ദുഃഖം പടർന്നു

'അബ്ദുല്ലക്ക് സുഖമില്ല യസ്രിബിൽ വിശ്രമത്തിലാണ്'

അബ്ദുൽ മുത്തലിബ് ഞെട്ടി
പ്രിയപുത്രന് രോഗം പിടിപെട്ടെന്നോ? പെട്ടെന്ന് ഉമ്മയെ ഓർത്തുപോയി സൽമ, തന്റെ പ്രിയമാതാവ് അവർ യസ്രിബുകാരിയാണ്  അവരുടെ വീട് യസ്രിബിലാണ് ധാരാളം ബന്ധുക്കളുണ്ട് അവരുടെ കൂടെയാണ് അബ്ദുല്ല ഇപ്പോഴുള്ളത് അവന്റെ വിവരമറിയണം രോഗം മാറിയിട്ടുണ്ടെങ്കിൽ അവനെക്കൊണ്ടുവരണം ഒരാളെ മദീനയിലേക്കയക്കണം

വഹബ് അല്പം ബേജാറിലാണ്

മരുമകന് എന്തുപറ്റി?

അബ്ദുൽ മുത്തലിബും വഹബും സംസാരിക്കുന്നു ആ സംഭാഷണം ബറക ശ്രദ്ധിക്കുന്നു

ആരെയാണ് യസ്രിബിലേക്കയക്കുന്നത് ? വഹബ് ചോദിച്ചു

'ഹാരിസിനെ അയക്കാം'

അങ്ങനെയാവട്ടെ

ഹാരിസിനെ ബറകക്ക് നന്നായറിയാം തന്റെ യജമാനന്റെ മൂത്ത സഹോദരൻ

അബ്ദുൽ മുത്തലിബ് ഹാരിസിനെ വിളിച്ചു

'ഹാരിസേ.... നിന്റെ അനുജന് സുഖമില്ല യസ്രിബിൽ വിശ്രമിക്കുകയാണ് നീ പോയി അവനെ കൂട്ടിക്കൊണ്ടു വരണം

ബറക ഞെട്ടിപ്പോയി

എന്തൊരു വാർത്തയാണിത്? ഇതെങ്ങനെ യജമാനത്തിയോട് പറയും എങ്ങനെ പറയാതിരിക്കും?

ഹാരിസ് ഉടനെ പുറപ്പെട്ടു

ബറക ഓടി സങ്കടം സഹിക്കാനാവാതെ തേങ്ങിക്കരഞ്ഞുകൊണ്ടാണ് ഓടുന്നത്

ബറക ഓടിവരുന്നത് ആമിന കണ്ടു

കരയുന്നുണ്ടല്ലോ? എന്തുപറ്റി?

മോളേ....ബറകാ....മോളെന്തിന് കരയുന്നത്?

എന്റെ യജമാനനൻ വന്നിട്ടില്ല സുഖമില്ലാതെ കിടപ്പിലാണ് യസ്രിബിലാണുള്ളത്  ബറക വിക്കിവിക്കി പറഞ്ഞു

എന്റെ റബ്ബേ.... ആമിന നിശ്ചലയായി നിന്നുപോയി

ഒരു കൂട്ടമാളുകൾ വീടിനു നേരെ നടന്നുവരുന്നു തന്റെ ബാപ്പ നടന്നു വരുന്നു മുഖം മ്ലാനമാണ് കടുത്ത ദുഃഖമുണ്ടെന്ന് മുഖം കണ്ടാലറിയാം

അബ്ദുൽ മുത്തലിബിന്റെ മുഖം വാടിയിരിക്കുന്നു എല്ലാവരും വീട്ടിലെത്തി അബ്ദുൽ മുത്തലിബിന്റെ ശബ്ദം കേട്ടു

മോളേ....ആമിനാ.....

നീ വിഷമിക്കരുത് സങ്കടപ്പെടാനൊന്നുമില്ല അബ്ദുല്ലക്ക് ചെറിയൊരസുഖം യസ്രിബിൽ വിശ്രമിക്കുകയാണ് അവനെക്കൊണ്ടുവരാൻ ഹാരിസ് പോയിട്ടുണ്ട്

ബാപ്പ മകളുടെ സമീപം വന്നു ആശ്വാസവചനങ്ങൾ ചൊരിഞ്ഞു മകൾക്ക് ദുഃഖം കൂടിയതേയുള്ളൂ

മക്കയിലാകെ വാർത്ത പരന്നു  അബ്ദുല്ലക്ക് സുഖമില്ല യസ്രിബിലാണ് ഇനി വിവരമറിയണമെങ്കിൽ ഹാരിസ് മടങ്ങിവരണം

ഊണില്ല, ഉറക്കമില്ല ആമിന തളർന്നു

ബറകയുടെ മനസ്സ് നിറയെ ദുഃഖം യജമാനത്തിയുടെ മുഖം കാണാൻ വയ്യ  ആഹാരം കഴിക്കാൻ യജമാനത്തിയെ നിർബന്ധിച്ചുനോക്കി തന്റെ നിർബന്ധം കാരണം പേരിനെന്തെങ്കിലും കഴിക്കും യജമാനത്തി കഴിച്ചാൽ ബറകയും എന്തെങ്കിലും കഴിക്കും

ആമിനക്ക് ബറക വെറും പരിചാരകയല്ല സ്നേഹം നിറഞ്ഞ കൂട്ടുകാരിയാണ് ആശ്വാസം നൽകുന്ന അത്താണിയാണ്

ദുഃഖത്തിനിടയിൽ ബറക ആ സന്തോഷവാർത്തയറിഞ്ഞു യജമാനത്തി ഗർഭിണിയാണ് മാസങ്ങൾ കഴിയുമ്പോൾ അവർ പ്രസവിക്കും എങ്ങനെയായിരിക്കും ആ കുഞ്ഞ് അഴകേറിയ ഓമൽക്കിടാവ് ബറക ആ കുഞ്ഞിനെ ഭാവനയിൽ കാണാൻ ശ്രമിച്ചു ദിവസങ്ങൾ കടന്നു പോയി

അബ്ദുൽ മുത്തലിബ് ധീരനാണ് പക്ഷെ, മകന്റെ രോഗവിവരം അദ്ദേഹത്തെ തളർത്തിയിരിക്കുന്നു അദ്ദേഹത്തിന്റെ ആൺമക്കളെല്ലാം ധീരന്മാരാണ് ഹംസ ഈറ്റപ്പുലിയാണ്

അബ്ബാസ്, അബൂത്വാലിബ്,അബൂലഹബ്, എല്ലാവരും ദുഃഖിതരാണ് അബ്ദുല്ലയുടെ സഹോദരിമാരെല്ലാം ആമിനയെ കാണാൻ വരുന്നു ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു  തമാശകളില്ല, പൊട്ടിച്ചിരികളില്ല, സദ്യകളില്ല ഒടുവിൽ ഹാരിസ് തിരിച്ചെത്തി ഒട്ടകം മുറ്റത്ത് മുട്ടുകുത്തി

ഹാരിസ് മെല്ലെ ഇറങ്ങിവന്നു പിതാവിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു ബാപ്പാ.....എന്റെ ബാപ്പാ......   അബ്ദുല്ല പോയി നമ്മെയെല്ലാം വിട്ടുപോയി അബ്ദുല്ല മരിച്ചുപോയി ..... ബാപ്പാ...

ധീരനായ അബ്ദുൽ മുത്തലിബ് പൊട്ടിക്കരഞ്ഞു

ആമിന കട്ടിലിൽ തളർന്നു വീണു

അടിമപ്പെണ്ണുങ്ങൾ താമസിക്കുന്ന മുറിയിൽ കയറിയിരുന്ന് ബറക ഏങ്ങിയേങ്ങിക്കരഞ്ഞു

ആ കുരുന്നുമനസ്സിലൂടെ എന്തെല്ലാം ചിന്തകൾ കടന്നുപോയി പാവം യജമാനത്തി താൻ ഗർഭിണിയാണെന്ന സന്തോഷവാർത്ത ഭർത്താവിനെ അറിയിക്കാൻ കാത്തുകാത്തിരിക്കുകയായിരുന്നു വിവാഹം കഴിഞ്ഞ് കുറച്ചുനാളുകളേ ഒന്നിച്ചു കഴിഞ്ഞുള്ളൂ ഇത്ര വേഗം അവർ വിധവയായിപ്പോയല്ലോ?  ഇതെങ്ങനെ സഹിക്കും പടച്ചവനേ....



യസ്രിബ് യാത്ര 





ബറക പലതും കേൾക്കുന്നു കാണുന്നു യജമാനത്തി ഒരു സാധാരണ സ്ത്രീയല്ല അവർ അത്ഭുതകരമായ സ്വപ്നങ്ങൾ കാണുന്നു അവരുടെ സമീപം ആരൊക്കെയോ വരുന്നു സംസാരിക്കുന്നു ഗർഭസ്ഥ ശിശുവിനെക്കുറിച്ചാണവർ സംസാരിക്കുന്നത് ഒരത്ഭുത ശിശുവാണ് ജനിക്കാൻ പോകുന്നത് ഇതുപോലൊരു കുഞ്ഞില്ല ഇതുപോലൊരു പ്രസവമില്ല അത്രക്ക് അനുഗ്രഹീതം ആമിനയെ അദൃശ്യശക്തികൾ ആശ്വസിപ്പിക്കുന്നു

റബീഉൽ അവ്വൽ മാസം വന്നു യജമാനത്തി നല്ല ഉത്സാഹവതിയായി കാണപ്പെട്ടു റബീഉൽ അവ്വൽ പന്ത്രണ്ട് തിങ്കളാഴ്ച പ്രസവം നടന്നു ആൺകുഞ്ഞ് ആൺകുട്ടി പിറക്കുന്നത് വലിയ സൗഭാഗ്യമായി ഗോത്രക്കാരെല്ലാം കരുതുന്ന കാലം

അബ്ദുൽ മുത്തലിബിന് എന്തെന്നില്ലാത്ത സന്തോഷം ആൺകുഞ്ഞ് പിറന്ന കാര്യം എല്ലാവരോടും പറഞ്ഞു സാധുക്കളെ വിളിച്ചു വരുത്തി ആഹാരം നൽകി  ബന്ധുക്കൾ കൂട്ടത്തോടെ വന്നുതുടങ്ങി ബറക കുഞ്ഞിനെ കണ്ടു എന്തൊരഴകുള്ള കുട്ടി ആ രൂപം മനസ്സിൽ പതിഞ്ഞുപോയി ചടങ്ങുകളൊക്കെ നടന്നു

ഗ്രാമത്തിലെ ആരോഗ്യവതികളായ സ്ത്രീകൾ കുഞ്ഞുങ്ങളെ അന്വേഷിച്ചുവരും കുഞ്ഞുങ്ങളെ കൊണ്ടുപോയി മുലകൊടുത്ത് വളർത്തും ഖുറൈശി ഗോത്രത്തിൽ ഇതൊരു പതിവാണ്

ഹലീമ ബീവിയും കൂട്ടരും വന്നു കുഞ്ഞിനെ കണ്ടു ഇഷ്ടപ്പെട്ടു പിതാവ് മരണപ്പെട്ടുവെന്നറിഞ്ഞപ്പോൾ പ്രതിഫലം കുറഞ്ഞുപോകുമോ എന്ന ആശങ്കയുണ്ടായി എങ്കിലും കുഞ്ഞിനെ സ്വീകരിച്ചു കുഞ്ഞിനേയും കൊണ്ട് ഹലീമബീവിയും കൂട്ടുകാരും പോവുമ്പോൾ ബറകയുടെ കണ്ണുകൾ നിറഞ്ഞു

ആമിന(റ)യുടെ ഏറ്റവുമടുത്ത കൂട്ടുകാരിയായി മാറി ബറക അവർ വളരെനേരം സംസാരിച്ചിരിക്കും ഒന്നിച്ചിരുന്ന് ആഹാരം കഴിക്കും നാളുകൾ കഴിയുന്തോറും അവർക്കിടയിലെ സ്നെഹബന്ധം ശക്തമായിത്തീർന്നു പിരിയാനാവാത്ത വിധം അവർ അടുത്തുപോയി അവർക്കിടയിലൂടെ ആറ് വർഷങ്ങൾ കടന്നുപോയി ഇപ്പോൾ ബറകക്ക് പന്ത്രണ്ട് വയസ്സ് പ്രായം കാണും ആരോഗ്യവും ബുദ്ധിയുമുള്ള കുട്ടി ആമിന(റ)യുടെ മുഖ്യപരിചാരികയാണ് എല്ലാ കാര്യങ്ങളും അവർ കൂടിയാലോചന നടത്തിയാണ് നിർവ്വഹിക്കുക പൊന്നുമോന് ആറ് വയസ്സായി മുലകുടി പ്രായമൊക്കെ കഴിഞ്ഞു പിന്നെയും കുറെകാലം ഗ്രാമത്തിൽ താമസിച്ചു തിരിച്ചെത്തി മോന്റെ കളിക്കൂട്ടുകാരിയായി മാറി ബറക ഉമ്മയും മോനും പരിചാരികയും ഒരു കൂട്ടാണവർ

ബറകാ.....

ഓ.....

കുറച്ചു ദിവസമായി ഞാനൊരു കാര്യം ചിന്തിക്കുന്നു

എന്താണ് യജമാനത്തീ?

യസ്രിബിലേക്കൊരു യാത്ര

അതുകേട്ടപ്പോൾ ബറക ഉത്സാഹവതിയായി എന്നെയുംകൊണ്ടുപോവുമോ?

തീർച്ചയായും നമ്മൾ മൂന്നുപേരും കൂടി ഒരു യാത്ര മോനും വളരെ സന്തോഷം

തന്റെ യജമാനെക്കുറിച്ചുള്ള ഓർമ്മകൾ ബറകയുടെ മനസ്സിൽ തെളിഞ്ഞു വന്നു യസ്രിബിലാണ് യജമാനന്റെ ഖബർ അത് സന്ദർശിക്കാനാണ് പോവുന്നത്

ആമിന(റ) അബ്ദുൽ മുത്തലിബിനോട് കാര്യം പറഞ്ഞു അദ്ദേഹം അവർക്കു സഞ്ചരിക്കാൻ ഒട്ടകത്തെ ഏർപ്പാട് ചെയ്തു ഒട്ടകക്കാരനേയും നിശ്ചയിച്ചു

യാത്രയ്ക്കുവേണ്ട ഒരുക്കങ്ങൾ തുടങ്ങി  ഉണങ്ങിയ പഴവർഗങ്ങൾ ശേഖരിച്ചു വലിയ പാത്രത്തിൽ വെള്ളം ശേഖരിച്ചു വസ്ത്രങ്ങൾ അലക്കിയുണക്കി മടക്കിവെച്ചു ഒരു കച്ചവടസംഘത്തിന്റെ കൂടെയാണ് യാത്ര യാത്രയുടെ നാൾ വന്നു ഒട്ടകക്കാരൻ ഒട്ടകവുമായി വന്നു ബന്ധുക്കളെല്ലാം ചുറ്റുംകൂടി നിന്നു യാത്രയയക്കാൻ എല്ലാവരും അബ്ദുല്ലയെക്കുറിച്ചു  ചിന്തിച്ചു  എല്ലാവരും മോനെ നോക്കി ആശ്വസിച്ചു ആമിന(റ) എല്ലാവരോടും സമ്മതം ചോദിച്ചു സലാം ചൊല്ലി ഒട്ടകക്കട്ടിലിൽ കയറി പൊന്നുമോൻ എല്ലാവരേയും നോക്കി പുഞ്ചിരി തൂകി ഉമ്മായുടെ സമീപം കയറിയിരുന്നു

ഒട്ടകക്കാരൻ തെളിച്ചു ഒട്ടകം നടന്നു മരുഭൂമിയിലൂടെ അകന്നകന്നുപോയി ദിവസങ്ങളോളം നീണ്ട യാത്ര ഇടക്കിറങ്ങും ആഹാരം കഴിക്കും വിശ്രമിക്കും വീണ്ടും യാത്ര തുടരും രാപ്പകലുകൾ മാറിമാറി വന്നു  യസ്രിബിലെത്തി ബന്ധുക്കളുടെ താമസസ്ഥലത്തെത്തി എന്തൊരു ഹൃദ്യമായ സ്വീകരണം പൊന്നുമോനെ എത്ര ഓമനിച്ചിട്ടും മതിവരുന്നില്ല മുത്തം കൊടുത്തും ലാളിച്ചും മോനെ സന്തോഷിപ്പിക്കാൻ പെണ്ണുങ്ങൾ മത്സരിച്ചു

ബറക ആ ഖബർ കണ്ടു  പൊന്നുമോന്റെ ഉപ്പയുടെ ഖബർ ഉമ്മയും മകനും ഖബറിന്നടുത്തേക്ക് പോവുന്നു ഉമ്മ ഖബറിലേക്കുറ്റു നോക്കുന്നു മോൻ ഖബറിലേക്കും ഉമ്മയുടെ മുഖത്തേക്കും മാറിമാറി നോക്കുന്നു ആറ് വർഷങ്ങൾക്കപ്പുറത്തേക്ക് മനസ്സ് പറന്നുപോകുന്നു അവസാനമായി കണ്ടുപിരിഞ്ഞ രംഗം  അപ്പോൾ പറഞ്ഞ വാക്കുകൾ കാതുകളിൽ മുഴങ്ങുകയാണോ?  ആറ് വയസ്സുള്ള പൊന്നുമോൻ ഉമ്മയുടെ മുഖത്തേക്ക് ഉറ്റുനോക്കി എന്താണപ്പോൾ കണ്ടത്?

ഉമ്മായുടെ കണ്ണുകളിൽ നിന്ന് കണ്ണീർത്തുള്ളികൾ വീഴുന്നു മോനും അതുകണ്ട് കരഞ്ഞുപോയി

ബറക നെടുവീർപ്പിട്ടു കണ്ണുനീരൊപ്പി ഖബറിനരികിൽ നിന്ന് ഉമ്മയും മകനും മടങ്ങി വരുന്നത് നോക്കിനിന്നു പിന്നീട് ഉമ്മ മകനോട് പറഞ്ഞ വാക്കുകൾ കേട്ടു

മോനേ....നമുക്ക് ഉപ്പൂപ്പായുടെ അടുത്തേക്ക് മടങ്ങിപ്പോകാം മോൻ സമ്മതിച്ചു മടക്കയാത്രയുടെ ഒരുക്കം തുടങ്ങി മടങ്ങാനുള്ള ദിവസം നിശ്ചയിച്ചു  ബന്ധുക്കളോടെല്ലാം യാത്ര പറഞ്ഞു

യാത്ര പുറപ്പെടുകയാണ് ഖബറിനരികിൽ ചെന്നു യാത്ര ചോദിച്ചു സലാം ചൊല്ലി

മൂന്നു പേരും ഒട്ടകപ്പുറത്ത് കയറി ഒട്ടകക്കാരൻ ഒട്ടകത്തെ നടത്തി ഇടക്കിടെ ആമിന(റ) തിരിഞ്ഞു നോക്കും ഖബർ ഒരിക്കൽ കൂടി കാണാൻ നെടുവീർപ്പിടും കണ്ണീരൊഴുക്കും ബറക എല്ലാം കാണുന്നു അനുഭവിക്കുന്നു

ഒട്ടകം വേഗത്തിൽ നടക്കാൻ തുടങ്ങി  യസ്രിബ് പട്ടണവും അവിടുത്തെ ബന്ധുക്കളും അകന്നകന്നുപോയി അബവാഅ് എന്ന പ്രദേശം  ആമിന(റ)യുടെ ശരീരം തളരുന്നു വല്ലാത്ത ക്ഷീണം വിയർക്കുന്നു ഒന്നു വിശ്രമിക്കണം ഒടകപ്പുറത്തിരിക്കാൻ കഴിയുന്നില്ല ഒട്ടകം മുട്ടുകുത്തി മൂന്നുപേരും താഴെയിറങ്ങി ഉമ്മാക്ക് ഇരിക്കാൻ കഴിയുന്നില്ല കിടന്നുപോയി  ആറുവയസ്സുള്ള പൊന്നുമോൻ ഉമ്മയുടെ മുഖത്തേക്ക് ഉൽക്കണ്ഠയോടെ നോക്കി  ഉമ്മാക്ക് എന്തുപറ്റി?

ഉമ്മയുടെ ചുണ്ടുകൾ ചലിക്കുന്നു അവരെന്തോ പറയാനാഗ്രഹിക്കുന്നു രണ്ടു കുട്ടികളും ചേർന്നിരുന്നു ഉമ്മയുടെ ചുണ്ടിനുനേരെ ചെവിചേർത്ത് പിടിച്ചു ഉമ്മയുടെ തളർന്ന കൈ ഉയർന്നു മോന്റെ കൊച്ചു കൈപിടിച്ചു ആ കൈ ബറകയുടെ കയ്യിൽ വെച്ചു ബറക മോന്റെ കൈ ബലമായി പിടിച്ചു

ഉമ്മ ബറകയോടിങ്ങനെ പറഞ്ഞു:

മോളേ....ബറകാ....ഈ കിടപ്പിൽ ഞാനെങ്ങാനും മരിച്ചുപോയാൽ........ നീ ഈ പൊന്നുമോനെ അവന്റെ ഉപ്പൂപ്പായുടെ കയ്യിൽകൊണ്ട് ചെന്നേൽപ്പിക്കണം

കുട്ടികൾ ഞെട്ടിപ്പോയി മരിച്ചുപോവുന്ന കാര്യമാണോ പറയുന്നത്? കാര്യമായിട്ടാണോ പറഞ്ഞത്? മോൻ ഉമ്മയുടെ മുഖത്തേക്കുറ്റുനോക്കി കണ്ണെടുക്കാൻ കഴിയുന്നില്ല അങ്ങനെ നോക്കി നിൽക്കുന്നതിനിടയിൽ ഉമ്മയുടെ ശ്വാസം നിലച്ചു പോയി  മകനെ കണ്ട് കൊതിതീരും മുമ്പെ ആ  കണ്ണുകൾ അടഞ്ഞുപോയി ഉമ്മ മരണപ്പെട്ടിരിക്കുന്നു ഇനിയുള്ള ജീവിതയാത്രയിൽ ഉമ്മയുടെ കൂട്ടില്ല

ബറക മോനെ നോക്കി ഉമ്മയും ബാപ്പയുമില്ലാത്ത കുട്ടി വല്ലാത്തൊരാവേശത്തോടെ മോനെ കെട്ടിപ്പിടിച്ചു എന്റെ മോനേ..... മോൻ ശബ്ദമില്ലാതെ കരയുകയായിരുന്നു ഒട്ടകക്കാരൻ എവിടെയോ പോയി ആളുകളെ വിളിച്ചു കൊണ്ടുവന്നു മയ്യിത്ത് സംസ്കരണത്തിന് ഒരുക്കം തുടങ്ങി ഉമ്മയെ കുളിപ്പിച്ചു കഫൻ ചെയ്തു ഖബറടക്കി ഖബറിന് അടയാളം വെച്ചു ഒട്ടകക്കാരൻ കുട്ടികളെ ഒട്ടകക്കട്ടിലിൽ ഇരുത്തി ഒട്ടകത്തെ നടത്തി മോൻ ഖബറിടത്തിലേക്കു നോക്കി മനസ്സ് കൊണ്ടു വിടപറഞ്ഞു ഉമ്മാ.....വിട.....



ഐമൻ പിറന്നു 


ഒരുനാൾ അബ്ദുൽ മുത്തലിബിന്റെ വീട്ടിനു മുമ്പിൽ ഒട്ടകം മുട്ടുകുത്തി ഒട്ടകക്കട്ടിലിൽ നിന്ന് രണ്ട് കുട്ടികൾ ഇറങ്ങിവന്നു 

വീട്ടിലുള്ളവർ ഞെട്ടിപ്പോയി 

നടന്ന സംഭവങ്ങളെല്ലാം ബറക അബ്ദുൽ മുത്തലിബിന് മുമ്പിൽ വിവരിച്ചു 

വീടാകെ വിറങ്ങിലിച്ചുപോയി 

അബ്ദുൽ മുത്തലിബ് ബറകയോടിങ്ങനെ പറഞ്ഞു മോനെ നല്ലതുപോലെ നോക്കണം വേണ്ടതുപോലെ പരിചരിക്കണം അബ്ദുൽ മുത്തലിബിന് മോനോടുള്ള സ്നേഹം എത്രയാണെന്ന് ബറക അറിഞ്ഞു രണ്ടുപേരും ഒരേ വിരിപ്പിലുറങ്ങുന്നു ഒന്നിച്ചാഹാരം കഴിക്കുന്നു കഅബാലയത്തിലേക്ക് ഒന്നിച്ചു നടന്നുപോവുന്നു ഈ നിലയിൽ രണ്ട് വർഷം കടന്നുപോയി മോന് വയസ്സ്  എട്ട് മക്കയെ നടുക്കിയ സംഭവം നടന്നതപ്പോഴാണ് അബ്ദുൽ മുത്തലിബ് മരണപ്പെട്ടു മോന്റെ കടുത്ത ദുഃഖം ബറക കണ്ടു ഉപ്പൂപ്പയുടെ മയ്യിത്ത് കൊണ്ടുപോവുമ്പോൾ മോൻ കൂടെപ്പോയി മയ്യിത്ത് ഖബറിലേക്ക് താഴ്ത്തുമ്പോൾ മോൻ നോക്കിനിന്നു ഖബറടക്കൽ കർമ്മം കഴിഞ്ഞു എല്ലാവരും മടങ്ങി വീണ്ടും വീണ്ടും ഖബറിടത്തിലേക്ക് തിരിഞ്ഞുനോക്കിക്കൊണ്ടായിരുന്നു മോന്റെ മടക്കം 

ബറക മോനെ ആശ്വസിപ്പിച്ചു കണ്ണീർ തുടച്ചു കൊടുത്തു ബറകായുടെ സ്നേഹം ഇത് മാതൃസ്നേഹം തന്നെ ബറക തനിക്ക് ഉമ്മയാണ് സ്വന്തം ഉമ്മ കഴിഞ്ഞാൽ പിന്നത്തെ ഉമ്മ ബറകയെ എന്ത് വിളിക്കണം ഉമ്മാ...എന്നുതന്നെ  

മോൻ വളർന്നുവരികയാണ്  മോന്റെ സ്വഭാവ സവിശേഷതകളെല്ലാം ബറക മനസ്സിലാക്കിയിട്ടുണ്ട് ഉമ്മ മകനെ പരിചരിക്കും പോലെ ബറക മോനെ പരിചരിച്ചു 

മോനെ മക്കക്കാർ അൽ അമീൻ എന്നു വിളിക്കുന്നു എല്ലാ കാര്യത്തിലും വിശ്വസ്തൻ സത്യം മാത്രമേ പറയൂ തമാശക്കുപോലും കളവു പറയില്ല അൽ അമീൻ എന്തു പറഞ്ഞാലും ആളുകൾ വിശ്വസിക്കും മക്കയിലെ രാജാത്തിയാണ് ഖദീജ (റ) വലിയ കച്ചവടത്തിന്റെ ഉമ്മ അവരുടെ കച്ചവടച്ചരക്കുമായി അൽഅമീൻ ശാമിലേക്ക് പോയി ബറകക്ക് വലിയ ആശ്വാസമായി മോൻ ജോലി ചെയ്തു സമ്പാദിക്കട്ടെ പിന്നീട് ബറക ഒരു വിവരമറിഞ്ഞു അൽഅമീനെ ഭർത്താവായി ലഭിക്കാൻ ഖദീജ (റ) ആഗ്രഹിക്കുന്നു അത് നടക്കണേയെന്ന് ബറക ആഗ്രഹിച്ചു വിവാഹം കേമമായി നടന്നു ഖദീജ അൽഅമീന്റെ ഭാര്യയായി അൽഅമീന്റെ കാര്യം നോക്കാൻ ഒരാളായി

 ഇനി തന്റെ കാര്യം സ്വന്തം ജീവിതത്തെക്കുറിച്ചിതുവരെ ചിന്തിച്ചിട്ടില്ല എന്നും എപ്പോഴും അൽഅമീനെക്കുറിച്ചായിരുന്നു ചിന്ത അൽഅമീന്റെ ഉമ്മയായി ജീവിച്ചു ഒരടിമപ്പെണ്ണിന് ഇതിൽപരം ഒരു സൗഭാഗ്യം വരാനുണ്ടോ? 

അൽഅമീൻ ഖദീജാ(റ)യുടെ വീട്ടിലേക്ക് താമസം മാറ്റി ബറകക്ക് കൂടുതൽ മെച്ചപ്പെട്ട സ്ഥാനം കൈവരണമെന്നായിരുന്നു അൽഅമീന്റെ ആഗ്രഹം   

ബറക അപ്പോഴും അൽഅമീന്റെ അടിമയാണ് പിതാവിൽ നിന്ന് അനന്തരാവകാശമായി ലഭിച്ചതാണ് ബറകയെന്ന അടിമ ഇനിയുമവരെ അടിമയായി വെച്ചുകൂടാ അൽ അമീൻ അവരെ മോചിപ്പിച്ചു സ്വതന്ത്രയാക്കി സ്വതന്ത്ര സ്ത്രീയെ വിവാഹം ചെയ്യാൻ ആൾവരും ബറകക്ക് പറ്റിയ ഭർത്താവിനെ കിട്ടണം അൽഅമീൻ അതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി 

ഖസ്റജ്ഗോത്രക്കാരനായ ഒരാൾ യസ്രിബിൽ നിന്ന് മക്കയിൽ വന്നു താമസിക്കുന്നുണ്ട് കുറെക്കാലമായി അദ്ദേഹം മക്കയിൽ തന്നെയുണ്ട് നല്ല സ്വഭാവഗുണങ്ങളുള്ള മനുഷ്യൻ പേര് ഉബൈദ്ബ്നു അംറ് 

അൽഅമീനും ഖദീജയും ഇക്കാര്യം ചർച്ച ചെയ്തു തന്റെ ഭർത്താവിന് ബറകയോട് എന്തുമാത്രം സ്നേഹമുണ്ടെന്ന് ഖദീജ മനസ്സിലാക്കിയിട്ടുണ്ട് ഖദീജയും ബറകയെ വല്ലാതെ സ്നേഹിക്കുന്നു ബറകയുടെ സംസാരം കേൾക്കാൻ രണ്ടുപേർക്കും വലിയ താത്പര്യമാണ് അബ്ദുൽ മുത്തലിബിന്റെ മരണശേഷം അൽഅമീൻ അബൂത്വാലിബിന്റെ സംരക്ഷണത്തിലായിരുന്നു അക്കാലത്ത് ബറക ആ വീട്ടിൽ താമസിച്ചിട്ടുണ്ട് മോന്റെ പരിചരണവുമായി അവിടെ കഴിച്ചുകൂട്ടി ഇപ്പോൾ അബൂത്വാലിബിന്റെ മകൻ അലി എന്ന കുട്ടി താമസിക്കുന്നത് ഖദീജയുടെ വീട്ടിലാണ് നല്ലൊരു ചുണക്കുട്ടി ബറകക്ക് ആ കുട്ടിയെ വളരെ ഇഷ്ടമാണ് ഇപ്പോൾ ആ വീട്ടിൽ സൈദ് എന്നൊരു ചെറുപ്പക്കാരനുമുണ്ട് അടിമയാണ് വിവാഹസമ്മാനമായി ഖദീജ ഭർത്താവിന് നൽകിയ സമ്മാനം സൈദിനെയും ബറകക് വളരെ ഇഷ്ടമാണ്  

ബറകയുടെ വിവാഹം നിശ്ചയിച്ചു  നേരത്തെ പറഞ്ഞ ഉബൈദുബ്നു അംറ് ആണ് വരൻ അൽഅമീനും ഖദീജയും ചേർന്ന് വിവാഹം നടത്തിക്കൊടുത്തു അങ്ങിനെ ബറകക്ക് നല്ലൊരു ദാമ്പത്യജീവിതം ലഭിച്ചു 

നവദമ്പതികൾ രാക്കഥകൾ പറഞ്ഞു രസിച്ചു ബറക തന്റെ യജമാനന്റെ കഥ പറഞ്ഞു  അബ്ദുല്ലയും ആമിനയും തമ്മിലുള്ള വിവാഹം  അബ്ദുല്ലയുടെ ശാം യാത്ര യസ്രിബിലെ മരണം ആമിനായുടെ മരണം മുഹമ്മദ് എന്ന കുഞ്ഞ് അങ്ങനെ എത്രയെത്ര സംഭവങ്ങൾ ഉബൈദ് യസ്രിബിന്റെ ചരിത്രം പറഞ്ഞു കൊടുത്തു 

'നമുക്കൊരിക്കൽ യസ്രിബിലേക്ക് പോവണം എന്റെ ബന്ധുക്കളെയൊക്കെ പരിചയപ്പെടാമല്ലോ'  

ബറകക്കും അത് സന്തോഷമായിരുന്നു  

നവദമ്പതികൾ പല സ്ഥലത്തും യാത്ര ചെയ്തു യാത്രകൾ അവർക്ക് സന്തോഷവും ആവേശവും നൽകി രണ്ടുപേരും ഇടക്കിടെ ഖദീജ (റ)യുടെ വീട്ടിൽ ചെല്ലും 

'നമുക്ക് യസ്രിബിലേക്ക് താമസം മാറ്റാം'  

ഒരിക്കൽ ഭർത്താവ് അങ്ങനെയൊരു നിർദ്ദേശം വെച്ചു അതുകൊണ്ട് പല നേട്ടങ്ങളുമുണ്ടെന്ന് ഉബൈദ് ഭാര്യയെ പറഞ്ഞു മനസ്സിലാക്കി ഭാര്യ ഭർത്താവിനെ അനുസരിക്കണം ബറക എതിർത്തില്ല  

അൽഅമീനും ഖദീജ(റ)യും യസ്രിബിൽ പോയി താമിസിച്ചുകൊള്ളാൻ സമ്മതം നൽകി  

അങ്ങനെയവർ യസ്രിബിലെത്തി  

സന്തോഷവും സമാധാനവും നിറഞ്ഞ യസ്രിബ് ജീവിതം ഭാര്യ ഭർത്താവിന് സന്തോഷം കൈമാറി  ഞാൻ ഗർഭിണിയായിരിക്കുന്നു ഉബൈദിന് വല്ലാത്ത സന്തോഷം മാസങ്ങൾ കടന്നുപോയി ഗർഭം പൂർണമായി ബറക പ്രസവിച്ചു ഒരാൺകുഞ്ഞിനെ കുഞ്ഞിന് ഐമൻ എന്ന് പേരിട്ടു ആഹ്ലാദം കതിർകത്തി നിന്ന നാളുകൾ ഐമൻ വളർന്നു വരികയാണ് അവന്റെ ചിരിയും കളിയും ഉമ്മ ബാപ്പമാരെ ആഹ്ലാദം കൊള്ളിച്ചു മോൻ പിറന്നതോടെ ബറകക്ക് പുതിയൊരു പേര് സിദ്ധിച്ചു ഐമനിന്റെ ഉമ്മ ഉമ്മു ഐമൻ 

അറബികളുടെ ശീലമാണത് മക്കളുടെ പേരിൽ അറിയപ്പെടാനാഗ്രഹിക്കുക ഉമ്മയും ബാപ്പയും അതാഗ്രഹിക്കും ബറക ഉമ്മു ഐമൻ ആയപ്പോൾ ഉബൈദ് അബൂഐമൻ ആയി മാറി  

സന്തോഷം നിറഞ്ഞ ദാമ്പത്യജീവിതത്തിലേക്ക് ദുഃഖത്തിന്റെ കാർമേഘങ്ങൾ നീങ്ങി വരികയായിരുന്നു ഉബൈദിന് രോഗം ബാധിച്ചു അതോടെ ബറക തളർന്നു മരുന്നുകൾ നൽകി കഴിയാവുന്ന പരിചരണമെല്ലാം നൽകി രക്ഷപ്പെട്ടില്ല  ഉബൈദ് മരണപ്പെട്ടു ഉമ്മു ഐമൻ സങ്കടത്തിലായി കുടുംബജീവിതത്തിൽ വല്ലാത്ത ശൂന്യത അൽഅമീനെ കാണണം മക്കയിൽ പോവണം ആ ചിന്ത മനസ്സിനെ സ്വാധീനിച്ചു കൊച്ചുമകനുമായി ഉമ്മുഐമൻ മക്കയിലെത്തി ഖദീജയുടെ വീട്ടിൽ വന്നു ഖദീജാ.....ദാ.....എന്റെ ഉമ്മ വന്നിരിക്കുന്നു അൽ അമീൻ വിളിച്ചു പറഞ്ഞു  

ഖദീജ ഓടിയെത്തി ഉമ്മു ഐമനെയും മകനെയും വാത്സല്യപൂർവം സ്വീകരിച്ചു  

'ഞാനും ഈ കൊച്ചുമോനും ഇനി മക്കയിൽ തന്നെ താമസിക്കുകയാണ് ' ഉമ്മു ഐമൻ പറഞ്ഞു  

'എങ്ങും പോവേണ്ട, ഇവിടെ കൂടിക്കൊള്ളൂ ഈ മോനെ ഞങ്ങൾ വളർത്തും ' 

ഉമ്മു ഐമന് ആശ്വാസമായി ജീവിതം ശാന്തമായൊഴുകി .



ഹാരിസയും സുഅ്ദയും




സ്നേഹസമ്പന്നനായ ഭർത്താവ് ഹാരിസ പ്രിയപത്നി സുഅ്ദ അവരുടെ കുടുംബജീവിതം ആഹ്ലാദപൂർണ്ണമായിരുന്നു. ദുഃഖവും സന്തോഷവും അവർ പങ്കുവെച്ചു ജീവിച്ചു സുഅ്ദ ഗർഭിണിയായി അതോടെ അവരുടെ ആഹ്ലാദം വർദ്ധിച്ചു പുറത്ത് പോവുമ്പോൾ ഹാരിസയുടെ മനസ്സ് നിറയെ സുഅ്ദ ആയിരിക്കും  അവളുടെ നിഷ്കളങ്കമായ മുഖം വീർത്തുന്തിയ വയർ  പെട്ടെന്ന് ഭാര്യയുടെ സമീപം പറന്നെത്താനുള്ള ആവേശമാണ്  ഭർത്താവിന്റെ സാമീപ്യം കൊതിക്കുന്ന സന്ദർഭമാണത് സുഅ്ദ പ്രസവിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ?  ആണായാൽ മഹാഭാഗ്യം ഗോത്രക്കാരെല്ലാം തന്നെ അഭിനന്ദിക്കാൻ വരും ആൺകുട്ടിയുടെ പിറവി ആഘോഷമാവും പെൺകുഞ്ഞായാലോ അഭിനന്ദിക്കാൻ ആരും വരില്ല പ്രശംസാവാക്കുകൾ കേൾക്കില്ല ആരും തന്നെ പ്രശംസിക്കില്ല അല്ലാഹു തരുന്നത് കൈനീട്ടി സ്വീകരിക്കും ആൺകുഞ്ഞായാൽ പെൺകുഞ്ഞ് പെൺകുഞ്ഞായാലും തനിക്ക് പൊൻകുഞ്ഞ് തന്നെ അങ്ങനെയൊക്കെയാണെങ്കിലും മനസ്സിലൊരു മോഹമുണ്ട് ആൺകുഞ്ഞ് ജനിക്കണേയെന്ന മോഹം എല്ലാ അറബി പുരുഷന്മാർക്കുമുള്ള മിതമായ മോഹം സുഅ്ദായുടെ  മോഹവും അതുതന്നെ  

പ്രിയഭർത്താവിന് ആൺകുഞ്ഞിനെ സമ്മാനിക്കണമെന്ന മോഹം ഗോത്രക്കാരൊക്കെ വന്ന് ഭർത്താവിനെ അനുമോദിക്കുന്നത് നേരിൽ കാണാനാഗ്രഹമുണ്ട്  അല്ലാഹു കാരുണ്യവാനാണ് അവൻ നമ്മെ അനുഗ്രഹിക്കാതിരിക്കില്ല  

സുഅ്ദയുടെ വിളി അല്ലാഹു കേട്ടു സുഅ്ദ ആൺകുഞ്ഞിനെ പ്രസവിച്ചു കുടുംബത്തിൽ ആഹ്ലാദം തിരതല്ലി ആഹ്ലാദം ഗോത്രത്തിലാകെ വ്യാപിച്ചു ഹാരിസ മാന്യനും ഭാഗ്യവാനുമായി വാഴ്ത്തപ്പെട്ടു 

പെണ്ണുങ്ങൾ കൂട്ടം കൂട്ടമായി വന്നു സുഅ്ദയെ അനുമോദിച്ചു കുടുംബത്തിന്റെ ഓമനയായി മാറി ആ കുഞ്ഞ് കുഞ്ഞിന് പേരിട്ടു സൈദ് സൈദ്ബ്നു ഹാരിസ സ്നേഹവും വാത്സല്യവും വേണ്ടത്ര ലഭിച്ചു മനസ്സും ശരീരവും വളർന്നു സൈദിന് എട്ട് വയസ്സ് പ്രായമായി നല്ല കറുത്ത നിറം പതിഞ്ഞ മൂക്ക് കുറിയ ശരീരം ശരീരത്തിന് കണ്ടാൽ വലിയ സൗന്ദര്യമില്ല മനസ്സ് പരിശുദ്ധമാണ് എല്ലാ നല്ല സ്വഭാവഗുണങ്ങളുമുണ്ട് അതുകൊണ്ട് എല്ലാവരും സൈദിനെ ഇഷ്ടപ്പെട്ടു 

ബനൂമിഅൻ ഗോത്രക്കാരിയാണ് സുഅ്ദ  

'എനിക്കൊന്ന് വീടുവരെ പോവാൻ തോന്നുന്നു ബന്ധുക്കളെയൊക്കെ കാണാൻ വലിയ മോഹം'  

സുഅ്ദ ഭർത്താവിനോട് പറഞ്ഞു 

അതിനെന്താ തടസ്സം? വേഗം പോയ്ക്കോളൂ അധിക ദിവസം അവിടെ തങ്ങരുത് കുറച്ചു ദിവസം ബന്ധുക്കളോടൊപ്പം താമസിച്ച് വേഗത്തിൽ മടങ്ങണം' 

ശരി വേഗം വരാം 

സൈദിന് യാത്രയെക്കുറിച്ച് കേട്ടപ്പോൾ വലിയ സന്തോഷം സുഅ്ദയും മകനും കൂടി യാത്രക്കൊരുങ്ങി വഴിയിൽ കഴിക്കാനുള്ള ഭക്ഷണവും വെള്ളവും ശേഖരിച്ചു ഒട്ടകക്കാരൻ ഒട്ടകത്തെ കൊണ്ടുവന്നു ഒട്ടകക്കട്ടിൽ ശരിയാക്കി ഉമ്മയും മകനും കയറിയിരുന്നു ഒട്ടകം യാത്ര ആരംഭിച്ചു 

ഹാരിസ അവരെ കൈവീശി യാത്ര അയച്ചു  

ബനൂമിഅൻ ഗോത്രക്കാരുടെ താമസസ്ഥലം സുഅ്ദയും മകനും ആ പ്രദേശത്തെത്തി സ്വന്തം കുടുംബത്തിന്റെ വീട്ടുമുറ്റത്ത് ഒട്ടകം മുട്ടുകുത്തി ഉമ്മയും മകനും ഇറങ്ങി വന്നു ബന്ധുക്കൾ അവരെ ഹൃദ്യമായി സ്വീകരിച്ചു   

ബന്ധുക്കൾ ഒത്തുകൂടുമ്പോൾ വീട്ടിൽ ആഹ്ലാദം നിറയും സൈദിനെ എല്ലാവരും ലാളിക്കുന്നു തമാശ പറച്ചിലും പൊട്ടിച്ചിരികളും ഉയർന്നു ഒരു രാത്രിയിൽ ഭീകരസംഭവം നടന്നു കുതിരപ്പുറത്ത് കൊള്ളസംഘം വന്നു ആയുധങ്ങളുമായി ചാടിവീണു കാലികളെയും മനുഷ്യരെയും പിടികൂടി സ്വത്തുക്കൾ കവർന്നെടുത്തു ആളുകൾ ജീവനും കൊണ്ടോടി എട്ടു വയസ്സുള്ള സൈദിനെ കൊള്ളക്കാർ പിടികൂടി സുഅ്ദ വാവിട്ടു നിലവിളിച്ചു  

കൊള്ളസംഘം സ്ഥലം വിട്ടു 

ആറ്റുനോറ്റ് വളർത്തിയ മകൻ കൈവിട്ടുപോയതിൽ ഏത് മാതാവിനാണ് സഹിക്കാൻ കഴിയുക 

നേരം വെളുത്തു കൊള്ളസംഘത്തിന്റെ ഭീകര രൂപം അപ്പോഴാണ് അറിയുന്നത് പല മനുഷ്യരെയും പിടിച്ചു കൊണ്ടുപോയിട്ടുണ്ട് സുഅ്ദ തളർന്നു പോയി  ദുഃഖ വാർത്ത ഭർത്താവിനെ അറിയിക്കണം സുഅ്ദ ഭർത്താവിന്റെ നാട്ടിലേക്ക് പുറപ്പെട്ടു  
ഒട്ടകം മുട്ടുകുത്തി സുഅ്ദ ഇറങ്ങി പൊട്ടിക്കരഞ്ഞുകൊണ്ട് സുഅ്ദ ഓടി ഭർത്താവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു 

നമ്മുടെ മോൻ....കൊള്ളക്കാർ പിടിച്ചു കൊണ്ടുപോയി 

ഹാരിസ ഞെട്ടിപ്പോയി എന്താണീ കേൾക്കുന്നത്? 
മോനേ...നീ എവിടെയാണ്? ഹാരിസ മകനെ തേടിയിറങ്ങി വിശാലമായ മരുഭൂമിയിലൂടെ ഹാരിസ നടന്നു മലഞ്ചെരിവിലൂടെ പാറക്കെട്ടുകൾക്കിടയിലൂടെ ഓടി  മോനേ..... സൈദ് വരൂ നീ എവിടെയാണ് മോനേ..... ഹാരിസയുടെ ശബ്ദം മലഞ്ചെരിവുകളിൽ പ്രതിധ്വനിച്ചു രാവുകളും പകലുകളും പലത് കടന്നുപോയി എന്നിട്ടും സൈദ് വിളികേട്ടില്ല.



വിലകൊടുത്തു വാങ്ങിയ അടിമ 


ഹാക്കിമുബ്നു ഹിസാം മക്കയിലെ പൗരപ്രമുഖൻ ഖദീജ (റ)യുടെ സഹോദരപുത്രൻ ഉക്കാള് ചന്തയിൽ പോവണം ഏതാനും അടിമകളെ വാങ്ങണം അതാണ് ഹാക്കിമിന്റെ ചിന്ത അദ്ദേഹം ഉക്കാള് ചന്തയിലേക്ക് പുറപ്പെട്ടു അടിമകളെ വാങ്ങാനുള്ള പണം കൈവശമുണ്ട്  ഉക്കാളിലെത്തി അടിമകളെ വിൽക്കുന്ന സ്ഥലത്ത് ചെന്നു നന്നായി ജോലി ചെയ്യാൻ ആരോഗ്യമുള്ള ചില അടിമകളെ വാങ്ങി അപ്പോഴാണ് അടിമക്കുട്ടിയെ കണ്ടത് എട്ടുവയസുളള സൈദ്  സൈദിനെ ഇഷ്ടപ്പെട്ടു ഇവനെന്ത് വില വേണം? നാനൂറ് വെള്ളി  വിലകുറയില്ലേ? 

ഇല്ല , നല്ല അടിമയാണ് വളർത്താൻ പറ്റും ഹാക്കിം പിന്നൊന്നും ചിന്തിച്ചില്ല നനൂറ് വെള്ളി കൊടുത്ത് സൈദിനെ വാങ്ങി എല്ലാ അടിമകളെയും വീട്ടിലേക്ക് കൊണ്ടുപോയി ഹാക്കിമും അടിമകളും വീട്ടിലെത്തി 

കുറച്ചു കഴിഞ്ഞപ്പോൾ ഖദീജ (റ) അവിടെയെത്തി സഹോദര പുത്രൻ ഹാക്കിമിനെ കാണാൻ വന്നതാണ്  

അമ്മായി ഞാൻ ഉക്കാള് ചന്തയിൽ നിന്ന് കുറെ അടിമകളെ വാങ്ങിക്കൊണ്ടു വന്നിട്ടുണ്ട് ഒരടിമയെ അമ്മായിക്ക് തരാം ഇഷ്ടമുള്ളതിനെ കൊണ്ടുപൊയ്ക്കോളൂ 

ഖദീജ(റ) അടിമകളെ പരിശോധിച്ചു ഒരു കുട്ടി , അതിനെ നന്നായി ഇഷ്ടപ്പെട്ടു 

നിന്റെ പേരെന്താണ്? 

സൈദ് 

സൈദ് എന്റെ കൂടെ പോന്നോളൂ നമുക്ക് വീട്ടിൽ പോവാം 

ആ ശബ്ദം സൈദിനെ ആകർഷിച്ചു കുലീനയായ ഒരു കുടുംബനാഥയുടെ ശബ്ദമാണത് 

'എനിക്ക് ഈ കുട്ടിയെ മതി' ഖദീജ (റ) പറഞ്ഞു  

'സന്തോഷം കൊണ്ടുപൊയ്ക്കോളൂ' ഹാക്കിം സന്തോഷത്തോടെ പറഞ്ഞു ഖദീജയും സൈദും പുറപ്പെട്ടു   

വീട്ടിലെത്തി വീടും പരിസരവും കണ്ടപ്പോൾ സൈദിന് അത്ഭുതം തോന്നി വലിയ വീട് വീട് നിറയെ ആളുകൾ പരിസരത്ത് ഒട്ടകങ്ങൾ കച്ചവടച്ചരക്കുകൾ എത്രയോ ആളുകൾ വരുന്നു തന്റെ യജമാനത്തിയുമായി സംസാരിക്കുന്നു ഇവർ ഒരു പ്രധാനപ്പെട്ട ആൾ തന്നെ കുട്ടിയോട് വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നത് കുട്ടി തന്റെ മാതാപിതാക്കളെ കുറിച്ചോർത്തു തന്നെ കാണാതെ അവർ സങ്കടപ്പെടുന്നുണ്ടാവും തന്നോടവർക്കുള്ള വാത്സല്യം, സ്നേഹം അതൊന്നും ഇനി അനുഭവിക്കാനാവില്ല താനിന്ന് അടിമയാണ് ഉക്കാള് ചന്തയിൽ നിന്ന് നാനൂറ് വെള്ളിക്ക് വാങ്ങിയ അടിമ 

ക്രൂരന്മാരായ കള്ളന്മാർ, ആ രാത്രിയിൽ അവർ തന്നെപിടിച്ചു വലിച്ചു കൊണ്ടുപോയി 

ഉമ്മാ....ഉമ്മാ....ഉമ്മയെ വിളിച്ചു താനെത്ര നിലവിളിച്ചു പെണ്ണുങ്ങളുടെ കൂട്ടനിലവിളിയായിരുന്നു കള്ളന്മാരുടെ അട്ടഹാസങ്ങൾ അതിനിടയിൽ തന്റെ നിലവിളി ആരും കേട്ടില്ല താനവരുടെ ബന്ധനത്തിലായി അവരുടെ അടിമയായി തന്നെ അടിച്ചു ഭീഷണിപ്പെടുത്തി  ഓടി രക്ഷപ്പെടാൻ ശ്രമിച്ചാൽ കൊന്നുകളയുമെന്ന് മുന്നറിയിപ്പ് നൽകി ഒരിക്കലും രക്ഷപ്പെടാനാവില്ല പ്രിയപ്പെട്ട മാതാപിതാക്കളെയും ബന്ധുക്കളെയും കാണാനാവില്ല കരഞ്ഞു കരഞ്ഞു കണ്ണീരൊഴുക്കി ഭീകരന്മാരുടെ മനസ്സലിഞ്ഞില്ല ഒടുവിലവർ തന്നെ വിറ്റുകളയാൻ തീരുമാനിച്ചു അങ്ങനെ എന്നെ ഉക്കാള് ചന്തയിൽ കൊണ്ടുവന്നു നാനൂറ് വെള്ളിക്ക് വിറ്റു 

ഇപ്പോഴിതാ ഈ വലിയ വീട്ടിൽ എത്തിയിരിക്കുന്നു തന്റെ യജമാനത്തിയുടെ പേര് ഖദീജ സ്നേഹമുള്ളവരാണ് വിശപ്പടങ്ങുവോളം ഭക്ഷണം തരും കഠിനമായ ജോലിയൊന്നും ചെയ്യിക്കില്ല അവരെ കാണുമ്പോൾ ഉമ്മയെപ്പോലെ തോന്നുന്നു  

സൈദ് ആ വീട്ടിന്റെ ഭാഗമായി മാറി 

ഖദീജ (റ)യുടെ കച്ചവടസംഘം പുറപ്പെടുന്നത് നോക്കിനിൽക്കും മാസങ്ങൾക്കുശേഷം ഖാഫില തിരിച്ചുവരുമ്പോൾ വീട്ടിൽ എല്ലാവർക്കും വലിയ സന്തോഷമായിരിക്കും ആ സന്തോഷത്തിൽ സൈദും പങ്കുചേർന്നു  മക്കക്കാരൊക്കെ അൽഅമീൻ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന ചെറുപ്പക്കാരനെ സൈദ് കണ്ടു കാണാൻ നല്ല അഴകുള്ള ആൾ തന്നെ തന്റെ യജമാനത്തിയുടെ കച്ചവടസംഘത്തെ ശാമിലേക്ക് നയിക്കാൻ അൽഅമീൻ വരുന്നു എന്നു കേട്ടു സൈദിന് അതൊരു സന്തോഷവാർത്തയായിരുന്നു 

അൽ അമീൻ വന്നു കച്ചവടസംഘവുമായി ശാമിലേക്ക് പോയി യജമാനത്തി കച്ചവടസംഘത്തെ യാത്രയാക്കി മൈസറ കൂടിപ്പോയി 

യജമാനത്തി എത്രയോ കച്ചവടസംഘങ്ങളെ യാത്ര അയച്ചിട്ടുണ്ട് അന്നൊന്നുമില്ലാത്ത ഉൽക്കണ്ഠയാണല്ലോ ഇപ്പോൾ എപ്പോഴും അൽഅമീനെക്കുറിച്ചാണല്ലോ ചിന്ത അതെന്താ അങ്ങനെ?  മാസങ്ങൾക്കു ശേഷം ഖാഫില തിരിച്ചെത്തി മൈസറ യജമാനത്തിയെ കാണാൻ ഓടിയെത്തി  

യജമാനത്തീ.....അൽ അമീൻ സാധാരണ മനുഷ്യനല്ല യാത്രയിൽ പല അത്ഭുതങ്ങളുമുണ്ടായി  

അൽ അമീൻ സഞ്ചരിക്കുമ്പോൾ വെയിൽ തട്ടിയിരുന്നില്ല മേഘം തണലിട്ടു കൊടുത്തിരുന്നു 

തൗറാത്ത് പഠിച്ച ചില പണ്ഡിതന്മാർ അൽ അമീനെ കണ്ടു അന്ത്യപ്രവാചകരുടെ ലക്ഷണങ്ങൾ അവർ അൽഅമീനിൽ കണ്ടെത്തി 
സത്യം മാത്രമേ പറഞ്ഞുള്ളൂ മാർക്കറ്റിൽ മറ്റു കച്ചവടക്കാരെപ്പോലെ സാധനങ്ങളെപ്പറ്റി അമിതമായി പുകഴ്ത്തിയില്ല കച്ചവടത്തിൽ നല്ല ലാഭം കിട്ടി 

സൈദിന് അതെല്ലാം കേട്ടപ്പോൾ സന്തോഷമായി യജമാനത്തിയുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങുന്നത്  സൈദ് കണ്ടു  ഏതാനും ദിവസങ്ങൾ കടന്നുപോയി അപ്പോൾ സൈദ് ഒരു വാർത്ത കേട്ടു തന്റെ യജമാനത്തിയുടെ വിവാഹം നടക്കാൻ പോകുന്നു മുമ്പ് രണ്ടു തവണ വിവാഹം നടന്നിട്ടുണ്ട് അതിൽ ജനിച്ച രണ്ടു കുട്ടികളെ അറിയാം 

ഇത് മൂന്നാം വിവാഹം അൽ അമീനാണ് വരൻ സൈദ് വളരെയേറെ സ്നേഹിക്കുന്ന രണ്ടാളുകൾ കല്യാണം ജോറായിരിക്കും ധാരാളമാളുകൾ വന്നുകൂടും വലിയ പന്തലുയരും നല്ല സദ്യയൊരുക്കും  

യജമാനത്തി മണവാട്ടിയായി അണിഞ്ഞൊരുങ്ങുന്നത് കാണാൻ എന്ത് രസമായിരിക്കും  വില കൂടിയ വസ്ത്രങ്ങൾ ധരിക്കും അത്തർ പൂശും കഴുത്തിലും കാതിലും കൈകളിലും ആഭരണം ധരിക്കും എന്തൊരഴകായിരിക്കും  

ഉറങ്ങാൻ കിടന്നപ്പോൾ സൈദ് പഴയ കാര്യങ്ങൾ പലതും ഓർത്തുപോയി 

അൽഅമീന് വയസ്സ് ഇരുപത്തഞ്ച് യജമാനത്തിക്ക് നാല്പത് പ്രായം കുറഞ്ഞ പുരുഷന്മാർ പ്രായം കൂടിയ സ്ത്രീകളെ വിവാഹം കഴിക്കുന്നത് മക്കയിൽ സാധാരണ സംഭവം മാത്രം ധാരാളം വിവാഹങ്ങൾ അങ്ങനെ നടക്കാറുണ്ട്  

പ്രായം ചെന്ന പുരുഷന്മാർ തീരെ പ്രായം കുറഞ്ഞ പെൺകുട്ടികളെ വിവാഹം ചെയ്യുന്നതും സാധാരണയാണ്  

വിവാഹം ഉറപ്പിച്ചതോടെ യജമാനത്തിയുടെ സന്തോഷം വർദ്ധിച്ചിട്ടുണ്ട് തന്നോടുള്ള സ്നേഹവും കൂടിയിട്ടുണ്ട് കുലീനവനിതകൾ ധാരാളം വരുന്നുണ്ട്  യജമാനത്തിയുടെ സ്നേഹിതകളുടെ എണ്ണം വളരെ വലുതാണ് അവരൊക്കെ കാണാൻ വരുന്നുണ്ട് തന്നെ കാണുമ്പോൾ യജമാനത്തിക്ക് വല്ലാത്തൊരു ചിരിയുണ്ട് ഒരു നിഗൂഢമായ പുഞ്ചിരി  എന്തായിരിക്കും അതിനർത്ഥം ? എന്തെങ്കിലും അർത്ഥം കാണും അതിബുദ്ധിമതിയല്ലേ തന്റെ യജമാനത്തി മോനേ....സൈദേ.....

എന്താണ് യജമാനത്തീ  

ഇവിടെ ഒരാൾ കൂടി വരാൻ പോവുകയാണ് 

എനിക്കറിയാം യജമാനത്തീ 

എന്നാൽ പറയൂ.....ആരാണ്? 

അൽഅമീൻ 

മിടുക്കൻ 

നിന്നെ ഞാൻ അൽഅമീന്റെ അടുത്തേക്കയക്കും 

ഓ..... വളരെ സന്തോഷം  

അൽഅമീനെ പരിചരിക്കേണ്ടത് നീയാണ് 

അങ്ങനെയാണോ? 

സൈദിന്റെ മുഖത്ത് വിസ്മയം തനിക്കൊരു വല്ലാത്ത പദവിയാണ് ലഭിക്കാൻ പോവുന്നത് അൽഅമീനെ പരിചരിക്കുക അതിൽപരം സന്തോഷം മറ്റെന്തുണ്ട്? ഓർക്കുന്തോറും സന്തോഷം കൂടിക്കൂടി വന്നു.



വിവാഹ സമ്മാനം 


അൽഅമീൻ പുതിയാപ്പിളയായി വരികയാണ് കൂടെ പ്രമുഖരായ നിരവധി പേർ യജമാനത്തിയുടെ വീട്ടിനു മുമ്പിലുയർത്തിയ പന്തലിലേക്ക് പുതിയാപ്പിളയെ വരവേറ്റു സൈദ് ആ രംഗം നോക്കിനിന്നു തണുത്ത പാനീയം വിതരണം ചെയ്യപ്പെട്ടു അന്നത്തെ ആചാരപ്രകാരം വിവാഹം നടന്നു വിഭവസമൃദ്ധമായ സദ്യ വിളമ്പി ആഹ്ലാദം നിറഞ്ഞു നിന്ന അന്തരീക്ഷത്തിൽ കർമ്മങ്ങളെല്ലാം പൂർത്തിയായി ഇനി സൽക്കാരങ്ങളുടെ ദിവസങ്ങൾ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ദിനരാത്രങ്ങൾ ഭർത്താവിന് ഭാര്യയൊരു വിവാഹസമ്മാനം നൽകി വില കൂടിയ സമ്മാനം തന്നെ സൈദ് എന്ന അടിമക്കുട്ടിയെ ഭർത്താവ് സന്തോഷപൂർവ്വം ആ സമ്മാനം സ്വീകരിച്ചു 

സൈദ് ആകാംക്ഷയോടെ ആ മുഖത്തേക്ക് നോക്കി  എന്തൊരു തേജസ് ആ കണ്ണുകൾ,പുരികം, നെറ്റിത്തടം,കവിളുകൾ,തലമുടി, കൈകാലുകൾ, വിരലുകൾ എല്ലാം സൈദ് നോക്കിക്കണ്ടു എത്ര മനോഹരം ഈ രൂപം ആ നോട്ടം ആ പുഞ്ചിരി, ആ നടപ്പ് എല്ലാം സൈദ് കണ്ടറിയുന്നു ഇനി എന്റെ ജീവിതം അൽഅമീനുള്ളതാണ് അത് തന്റെ ഭാഗ്യം താൻ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും മഹാനായ മനുഷ്യൻ ഇതുപോലൊരാളെ ഇനി ഇനി കണ്ടെത്താനാവില്ല പതിഞ്ഞ സ്വരത്തിലുള്ള സംസാരം വാക്കുകൾ എണ്ണിയെടുക്കാൻ കഴിയുംവിധം നിർത്തി നിർത്തിയാണ് സംസാരിക്കുന്നത് വന്നനാൾ തൊട്ട് ബറകയെ കാണുന്നു ഈ വീട്ടിലെ ഒരംഗം പോലെയാണവർ  അൽഅമീൻ അവരെക്കുറിച്ച് പറയുന്നത് കേട്ടപ്പോൾ അതിശയം തോന്നി  ബറക എന്റെ കുടുംബാംഗമാണ് എന്റെ ഉമ്മാക്ക് ശേഷമുള്ള ഉമ്മയാണ് ബറകയെ അൽഅമീൻ സ്വതന്ത്രയാക്കി അതറിഞ്ഞ് സൈദ് സന്തോഷിച്ചു പിന്നീട് ബറകയുടെ വിവാഹത്തെക്കുറിച്ചുള്ള  ചർച്ചകളാണ് നടന്നത് സൈദ് ആ സംസാരങ്ങളെല്ലാം ശ്രദ്ധിച്ചുകേട്ടു 

അൽഅമീനും ഖദീജ (റ)യും ചേർന്ന് വിവാഹം നടത്തികൊടുത്തു ബറക ഭർത്താവിന്റെ കൂടെ പോയി അവർക്ക് സ്വന്തമായൊരു ജീവിതമുണ്ടായി ഈ സംഭവങ്ങളെല്ലാം നടക്കുമ്പോഴും സൈദിന്റെ വീട്ടിൽ ദുഃഖം തളംകെട്ടിനിൽക്കുകയായിരുന്നു  സൈദിനെ നഷ്ടപ്പെട്ടതിനു ശേഷം മാതാപിതാക്കളുടെ ജീവിതം വേദന നിറഞ്ഞതായിരുന്നു  
ഹാരിസ ഏതൊക്കെയോ നാടുകളിൽ മകനെ അന്വേഷിച്ചു നടന്നു സുഅ്ദ വീട്ടിലിരുന്ന് ദുഃഖം കടിച്ചമർത്തി സ്ത്രീകൾ സുഅ്ദയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു ആരെന്തൊക്കെ പറഞ്ഞിട്ടും അവരുടെ മനസ്സിന് ആശ്വാസം വന്നില്ല 

ഹാരിസയുടെ ദുഃഖം നാടിന്റെ ദുഃഖമായി മാറി ഒട്ടകപ്പുറത്തിരുന്ന്, മകനെപ്പറ്റി ഹാരിസ ദുഃഖത്തോടെ പാടി 

സൈദിനെയോർത്താണീ കണ്ണീർ അവനെന്ത് പറ്റിപ്പോയി ആശകൾ ബാക്കിവെച്ചവൻ ജീവനോടിരിക്കുന്നുവോ? ആശകൾ അവസാനിച്ചുവോ? മരണം വന്നു വിളിച്ചുവോ? ഓരോ സൂര്രോദയവും സൈദിന്റെ ഓർമകളുണർത്തു ഓരോ സൂര്യാസ്തമയവും  ഓർമ്മകളുണർത്തിടുന്നു മന്ദമാരുതൻ വരുന്നു മകനെക്കുറിച്ചോതുന്നു ശക്തമീ ദുഃഖം നീളുന്നു ശമനമില്ലേയൊരിക്കലും?  

ഒരു പിതാവിന്റെ ഹൃദയനൊമ്പരം ഈ വരികളിൽ നിറഞ്ഞു നിൽക്കുന്നു 

ആളുകൾ ആ ശോകഗാനം കേട്ടുപഠിച്ചു അവരും അത് പാടാൻ തുടങ്ങി ആണുങ്ങളും പെണ്ണുങ്ങളും പാടി ഒരു ഗ്രാമത്തിന്റെ അന്തരീക്ഷത്തിൽ മായാതെ നിന്ന ഗാനം  

കാലം കടന്നുപോയി  മാസങ്ങളും വർഷങ്ങളും കടന്നുപോയി 

സൈദിനെന്തു പറ്റിയെന്ന് ആർക്കുമറിയില്ല ഒരിക്കലും തീരാത്ത ദുഃഖമായി സൈദ് അവരുടെ മനസ്സിൽ നിലനിന്നു കൊല്ലങ്ങൾക്കു ശേഷം ഒരു സംഭവം നടന്നു  

ഹാരിസയുടെ ഗോത്രക്കാരായ ചിലർ ഹജ്ജിന് പുറപ്പെട്ടു ഒട്ടകപ്പുറത്ത് യാത്ര ചെയ്ത് അവർ മക്കയിലെത്തി  കഅബാലയത്തിനടുത്ത് വെച്ച് അവർ ഒരു ചെറുപ്പക്കാരനെ കണ്ടു അവർക്ക് മുഖപരിചയമുള്ളതുപോലെ തോന്നി ഹാരിസയുടെ മകൻ സൈദിന്റെ മുഖംപോലെയുണ്ട് അവർ ചെറുപ്പക്കാരനെ സമീപിച്ചു അവർ ചോദിച്ചു 

നിന്റെ പേര് സൈദ് എന്നാണോ?

അതെ 

നിന്റെ പിതാവിന്റെ പേര് ഹാരിസ എന്നാണോ? 

അതെ 

സൈദിന് വല്ലാത്ത അത്ഭുതം ഇതുവരെ ആരും ചോദിക്കാത്ത ചോദ്യം 

ഇവർ ആരാണ്? 

ഇതുവരെ ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ അവരുടെ മുഖത്തും അത്ഭുതം അവർ ഒന്നും സംസാരിക്കാനാവാതെ മിഴിച്ചുനിൽക്കുന്നു 

സൈദ് ചോദിച്ചു  

നിങ്ങളാരാണ്? നിങ്ങൾക്കെങ്ങനെ എന്റെ പിതാവിനെ അറിയാം? 

മോനേ....നീ എവിടെയായിരുന്നു ഇതുവരെ ? നിന്നെ കൊള്ളക്കാർ പിടിച്ചുകൊണ്ടു പോയ ശേഷം  നിന്റെ മാതാപിതാക്കൾ എത്ര സങ്കടത്തോടെയാണ് ജീവിക്കുന്നത്?  നിന്നെ അന്വേഷിച്ചു എവിടെയെല്ലാം നടന്നു ഞങ്ങൾ നിന്റെ ഗോത്രക്കാരാണ് ബന്ധുക്കളാണ് 

നിങ്ങളെ കണ്ടുമുട്ടിയത് എത്ര സന്തോഷകരമായി എന്നെ കണ്ട കാര്യം നിങ്ങളവരോട് പറയണം എനിക്ക് വളരെ സുഖമാണെന്നും പറയണം 

നീ എവിടെയാണ് താമസം ?  

ഖദീജബീവിയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലേ? അൽഅമീനെക്കുറിച്ച് കേട്ടിട്ടില്ലേ? അവരുടെ കൂടെയാണ് താമസം സന്തോഷകരമായ ജീവിതം 

നിന്നെ കണ്ടെത്തിയ വിവരം ഞങ്ങൾ നിന്റെ പിതാവിനോട് പറയും അവരുടെ മനസ്സീലെ ദുഃഖം അങ്ങനെ തീരട്ടെ 

അവർ കുറേനേരം സംസാരിച്ചിരുന്നു പിന്നെ യാത്ര പിരിഞ്ഞു 

മാതാപിതാക്കളുടെ മുഖം സൈദിന്റെ മനസ്സിൽ തെളിഞ്ഞു ഹജ്ജ് കഴിഞ്ഞു തിരിച്ചു പോവുമ്പോൾ അവരുടെ മനസ്സ് നിറയെ സന്തോഷമായിരുന്നു 
അവർ സ്വന്തം ഗ്രാമത്തിൽ തിരിച്ചെത്തി ഗോത്രക്കാരെല്ലാം അവരെ സ്വീകരിക്കാനെത്തി അക്കൂട്ടത്തിൽ ഹാരിസയുമുണ്ടായിരുന്നു  

ഹാരിസ നിനക്കൊരു സന്തോഷവാർത്തയുണ്ട് 

സന്തോഷവാർത്തയോ? എനിക്കോ? 

ഹാരിസാ സന്തോഷിക്കൂ ഞങ്ങൾ നിന്റെ മകനെ കണ്ടു മക്കയിൽ കഅബാലയത്തിനടുത്തുവെച്ച് കണ്ടു  

എന്ത്? എന്റെ മകൻ ജീവിച്ചിരിപ്പുണ്ടെന്നോ? 

ഉണ്ട് ഞങ്ങൾ സംസാരിച്ചു അവൻ ഉമ്മ ബാപ്പമാരെ അന്വേഷിച്ചു 

അവർ എങ്ങനെയിരിക്കുന്നു? ദുഃഖിതനാണോ? 

അല്ല അവൻ വളരെ സന്തോഷവാനാണ് 

എന്റെ റബ്ബേ 
ഹാരിസ കരഞ്ഞുപോയി സുഅ്ദാക്കും കണ്ണീരടക്കാനായില്ല എന്റെ  പടച്ചവനേ..... എന്റെ മകൻ ജീവിച്ചിരിപ്പുണ്ടല്ലോ? അവനെയൊന്നു കാണാൻ കഴിയണേ?  

അവൻ മക്കയിൽ അടിമയായി ജീവിക്കുന്നു അവനെ മോചിപ്പിക്കണം മോചിപ്പിക്കാൻ മോചനദ്രവ്യം കൊടുക്കണം പണം നല്ലൊരു സംഖ്യ വേണം അതുമായി മക്കയിൽ പോവണം  മകനെ വീണ്ടെടുക്കണം അതിനെക്കുറിച്ചായി പിന്നത്തെ ചർച്ച ഹാരിസയും സഹോദരൻ കഅബും മക്കയിലേക്ക് പുറപ്പെടണമെന്ന് തീരുമാനിച്ചു നല്ലൊരു സംഖ്യ കൊണ്ടുപോവണമെന്നും തീരുമാനിച്ചു അങ്ങനെയവർ മക്കയിലേക്ക് പുറപ്പെട്ടു മനസ്സ് നിറയെ പ്രതീക്ഷയുമായിട്ടാണവർ പുറപ്പെട്ടത് അവർ ഖദീജ (റ) യുടെ വീട്ടിലെത്തി അൽഅമീനുമായി സംസാരിച്ചു  

അൽഅമീൻ അബ്ദുൽ മുത്തലിബിന്റെ മകനേ നിങ്ങൾ വിശുദ്ധ ഹറമിന്റെ സംരക്ഷകനാണ് അഗതികൾക്ക് അഭയം നൽകുന്നവരാണ് അതിഥികളെ സൽക്കരിക്കുന്നവരാണ് ഞങ്ങൾ നഷ്ടപ്പെട്ട മകനെ അന്വേഷിച്ച് എത്തിയവരാണ് ഞങ്ങളോട് ഔദാര്യം കാണിച്ചാലും ഞങ്ങൾ നഷ്ടപരിഹാരത്തിനുള്ള  സംഖ്യ കൊണ്ടുവന്നിട്ടുണ്ട് 

അൽഅമീൻ അവരോടിങ്ങനെ പറഞ്ഞു സൈദിന്റെ ഇഷ്ടംപോലെ ചെയ്യാം അവൻ നിങ്ങളുടെ കൂടെ വരികയാണെങ്കിൽ വന്നോട്ടെ ഞാൻ തടയില്ല എനിക്കൊരു നഷ്ടപരിഹാരവും വേണ്ട നിങ്ങൾക്കവനെ കൊണ്ടുപോകാം സൈദ് എന്റെ കൂടെ നിൽക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ എന്റെ കൂടെ നിന്നുകൊള്ളട്ടെ എന്നെ ഇഷ്ടപ്പെടുന്ന ഒരാൾക്ക് പകരം ഞാൻ നഷ്ടപരിഹാരം സ്വീകരിക്കില്ല 

ഇതുകേട്ടപ്പോൾ ഹാരിസക്ക് സന്തോഷമായി മകൻ തന്റെ കൂടെ വരുമെന്നു തന്നെയായിരുന്നു പ്രതീക്ഷ 

അൽഅമീൻ സൈദിനെ വിളിച്ചു സൈദ് നിനക്കിവരെ അറിയാമോ? 

അറിയാം ഇത് എന്റെ പിതാവ് മറ്റേത് പിതൃവ്യൻ 

സൈദ് നിനക്ക് നിന്റെ ഇഷ്ടംപോലെ പ്രവർത്തിക്കാം നിന്റെ പിതാവിന്റെ കൂടെ നാട്ടിലേക്ക് പോവാം അതിന് നീ തയ്യാറാണോ?  

സൈദിന്റെ മറുപടി ഉടനെ വന്നു  

ഞാൻ നാട്ടിലേക്ക് പോവുന്നില്ല താങ്കളുടെ കൂടെ ഇവിടെത്തന്നെ താമസിക്കുന്നതാണ് എനിക്കിഷ്ടം എന്റെ പിതാവും പിതൃവ്യനുമെല്ലാം താങ്കൾ തന്നെയാണ്  

സൈദിന്റെ മറുപടി കേട്ടപ്പോൾ ഹാരിസക്ക് നിരാശയും കോപവും വന്നു  

'നിനക്കിവിടെ അടിമയായി ജീവിക്കുന്നതാണ് ഇഷ്ടം നിനക്കെന്തുപറ്റി? മാതാപിതാക്കളേക്കാൾ നീ  ഇഷ്ടപ്പെടുന്നത് ഇദ്ദേഹത്തെയാണോ?' 

അതെ ബാപ്പാ ഞാനേറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ഇദ്ദേഹത്തെയാണ് മറ്റാരിലും കാണാത്ത പല മഹത്വങ്ങളും ഇദ്ദേഹത്തിലുണ്ട് ഞാനൊരിക്കലും ഇദ്ദേഹത്തെ പിരിയില്ല 

സൈദിന്റെ വാക്കുകൾ അൽഅമീന്റെ മനസ്സിൽ തട്ടി വല്ലാത്തൊരാവേശത്തോടെ സൈദിന്റെ കൈപിടിച്ചു എന്നിട്ട് കഅബയുടെ മുറ്റത്തേക്ക് നടന്നു ഹാരിസയും സഹോദരനും കൂടെ നടന്നു  കഅബയുടെ മുറ്റത്ത് ഖുറൈശി പ്രമുഖന്മാരുണ്ടായിരുന്നു അവരെ നോക്കിക്കൊണ്ട് അൽഅമീൻ പ്രഖ്യാപിച്ചു  

ഖുറൈശികളേ. സൈദ് എന്റെ മകനാണ് എന്റെ സ്വത്തിൽ ഇവന് അനന്തരാവകാശമുണ്ട് ഇവന്റെ സ്വത്തിൽ എനിക്കും അനന്തരാവകാശമുണ്ട് നിങ്ങൾ സാക്ഷികളാണ്  

അൽഅമീന്റെ പ്രഖ്യാപനം കേട്ട് ഹാരിസയും കഅബും ഞെട്ടിപ്പോയി  എന്തൊരു സ്നേഹം എന്തൊരു വാത്സല്യം ഇതുപോലൊരാളെ ഇന്നുവരെ കണ്ടിട്ടില്ല അവർക്ക് സന്തോഷമായി സൈദ് ഇവിടെത്തന്നെയിരിക്കട്ടെ തങ്ങൾക്ക് എപ്പോൾ വേണമെങ്കിലും വന്നു കാണാമല്ലോ ഹാരിസയും കഅബും മനസ്സമാധാനത്തോടെ മടങ്ങിപ്പോയി 

അന്നുമുതൽ സൈദിന് പുതിയ പേരു കിട്ടി സൈദുബ്നു മുഹമ്മദ്  

വർഷങ്ങളോളം ഈ പേരിലാണ് സൈദ് അറിയപ്പെട്ടിരുന്നത് പിൽക്കാലത്ത് അല്ലാഹുവിന്റെ കൽപന വന്നു 'ഉദ്ഊഹും ലിആബാഇഹിം' (അവരെ സ്വന്തംപിതാക്കളോട് ചേർത്തു വിളിക്കുവിൻ) ഈ കൽപന വന്നപ്പോൾ സൈദുബ്നു മുഹമ്മദ് എന്നതിനു പകരം സൈദുബ്നു  ഹാരിസ എന്നു വിളിക്കാൻ തുടങ്ങി  

അൽ അമീൻ സൈദിനെ വല്ലാതെ സ്നേഹിച്ചു അതുകാരണം പിൽക്കാലത്ത് ആളുകൾ സൈദിനെ ഹിബ്ബുറസൂൽ(റസൂലിന്റെ പ്രിയങ്കരൻ) എന്നു വിളിച്ചിരുന്നു  വർഷങ്ങൾ ഒഴുകിപ്പോയി അൽഅമീൻ ഏകാന്തത ഇഷ്ടപ്പെട്ടു തുടങ്ങി ഹിറാഗുഹയിൽ ഒറ്റക്ക് താമസിക്കാൻ തുടങ്ങി സൈദ് എല്ലാത്തിനും സാക്ഷിയായി    .



സൈനബ്(റ) 


'അല്ലാഹു ഏകനാകുന്നു അവന് പങ്കുകാരില്ല മുഹമ്മദ് അവന്റെ റസൂലാകുന്നു '

ഇസ്ലാം മതത്തിന്റെ സാക്ഷ്യവചനം അൽഅമീൻ അല്ലാഹുവിന്റെ അന്ത്യപ്രവാചകൻ ഹിറാഗുഹയിലിരിക്കുമ്പോഴായിരുന്നു ആദ്യത്തെ ദിവ്യസന്ദേശം വന്നത് വല്ലാതെ ഭയന്നുപോയി പനി പിടിച്ചു ഇരുട്ടിൽ ഇറങ്ങി ഓടുന്നു ഖദീജ (റ)ഭർത്താവിനെ സ്വീകരിച്ചു കട്ടിലിൽ കൊണ്ടുപോയിക്കിടത്തി പുതപ്പിച്ചു 

എല്ലാത്തിനും സൈദ് സാക്ഷി 

പിന്നീട് വറഖത്ത്ബ്നു നൗഫൽ വിവരങ്ങൾ പറഞ്ഞു കൊടുത്തു ഖദീജാ.....നിന്റെ ഭർത്താവ് ഈ സമൂഹത്തിലേക്കുള്ള പ്രവാചകനാകുന്നു 

ഖദീജ (റ), അലി(റ), സൈദ് (റ)  എല്ലാവരും അത്ഭുതത്തോടെ അൽഅമീനെ നോക്കി അല്ലാഹുവിന്റെ അന്ത്യപ്രവാചകൻ  




ശഹാദത്ത് കലിമ ചൊല്ലി ഇസ്ലാം മതം സ്വീകരിച്ച ആദ്യത്തെ വ്യക്തി ഖദീജ (റ) ആയിരുന്നു  

പുരുഷന്മാരുടെ കൂട്ടത്തിൽ ആദ്യം വിശ്വസിച്ചത് അബൂബക്കർ (റ) ആയിരുന്നു  

സൈദ്(റ), അലി(റ) എന്നിവരുടെ മനസ്സിൽ ആദ്യ കേൾവിയിൽ തന്നെ വിശ്വാസം വന്നുകഴിഞ്ഞിരുന്നു കുട്ടികളുടെ കൂട്ടത്തിൽ നിന്നുള്ള ആദ്യവിശ്വാസി അലി(റ) ആയിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തി 

സൈദ്(റ) ഒട്ടും ചിന്തിച്ചുനിന്നില്ല ശഹാദത്ത് കലിമ ചൊല്ലി മുസ്ലിംമായി ഹിബ്ബുറസൂൽ(റസൂലിന്റെ പ്രിയങ്കരൻ ) ശക്തമായ ഈമാനികാവേശത്തോടെ രംഗത്ത് വന്നു  

നബി(സ) തങ്ങളെ ഖുറൈശികൾ അംഗീകരിച്ചില്ല അൽഅമീൻ എന്നു വിളിച്ചിരുന്നവർ കള്ളം പറയുന്നവനെന്ന് വിളിക്കാൻ തുടങ്ങി  

ഇസ്ലാം മതം വിശ്വസിച്ചവരെ ഖുറൈശികൾ ക്രൂരമായി മർദ്ദിച്ചു സൈദിനെയും അവർ വെറുതെ വിട്ടില്ല ഇസ്ലാമിനുവേണ്ടി എത്ര കടുത്ത ത്യാഗം സഹിക്കാനും ആദ്യകാലം മുസ്ലിംകൾ സന്നദ്ധരായി മർദ്ദനം വർദ്ധിക്കുന്തോറും ഇസ്ലാം മതം വളർന്നുകൊണ്ടിരുന്നു അടിമകളായ ധാരാളം സ്ത്രീകളും പുരുഷന്മാരും ഇസ്ലാം മതം സ്വീകരിച്ചു നബികുടുംബത്തിൽനിന്ന് ചിലർ ഇസ്ലാം മതം സ്വീകരിച്ചപ്പോൾ മറ്റു ചിലർ കഠിനശത്രുക്കളായി മാറി ആദ്യകാലത്ത് തന്നെ ഇസ്ലാം മതം സ്വീകരിച്ച ഒരു കുലീനവനതിയുടെ പേര് പറയാം സൈനബ് ബിൻത് ജഹ്ശ്(റ) 

നബി (സ) തങ്ങളുടെ പിതാവിന്റെ സഹോദരിയായിരുന്നു ഉമൈമബിൻത് അബ്ദുൽ മുത്തലിബ് ഇവരെ വിവാഹം ചെയ്തത് ബനൂഅസദ് ഗോത്രക്കാരനായ ജഹ്ശ്ബ്നു രിആബ് ആയിരുന്നു ഈ ദമ്പതികൾക്ക് ജനിച്ച ഓമന മകളാണ് സൈനബ് ബിൻത് ജഹ്ശ് 

നബി (സ) തങ്ങൾ തന്റെ ദത്തുപുത്രനായ സൈദിനെക്കൊണ്ട് സൈനബയെ വിവാഹം ചെയ്യിക്കാൻ ആലോചിച്ചു കുടുംബത്തിൽ നീണ്ട ചർച്ച നടന്നു  

അടിമയായി വന്ന സൈദ് (റ) അബ്ദുൽ മുത്തലിബിന്റെ പേരക്കുട്ടി സൈനബ്(റ) ഇവർ തമ്മിലെങ്ങനെ പൊരുത്തപ്പെടും ഇതായിരുന്നു ചർച്ച 

അല്ലാഹുവിലും റസൂലിലും വിശ്വസിച്ചവരെല്ലാം മുസ്ലിംകൾ സഹോദരങ്ങൾ അവർക്കിടയിൽ വർഗ്ഗത്തിന്റെയും ഗോത്രത്തിന്റെയും അതിർവരമ്പുകളില്ല അങ്ങനെ ചിന്തിക്കുമ്പോൾ ഈ വിവാഹത്തിന് ഒരു തടസ്സവുമില്ല എല്ലാവരും സ്നേഹപൂർവ്വം നിർബന്ധിച്ചപ്പോൾ സൈനബ് (റ) വിവാഹത്തിന് സമ്മതിച്ചു വിവാഹം മംഗളമായി നടന്നു ദാമ്പത്യ ജീവിതം തുടങ്ങിയപ്പോൾ അസ്വസ്ഥതകൾ ഉടലെടുത്തു പരസ്പരം ഒത്തുപോവാൻ പ്രയാസമായി  

ജാഹിലിയ്യാ കാലത്ത്  അറബികൾക്കിടയിൽ ഒരുവിശ്വാസമുണ്ടായിരുന്നു ദത്തുപുത്രൻ ഭാര്യയെ വിവാഹമോചനം നടത്തിയാൽ ആ സ്ത്രീയെ ദത്തെടുത്ത ആൾക്ക് വിവാഹം ചെയ്യാൻ പാടില്ല എന്ന വിശ്വാസം  ഈ വിശ്വസം ശരിയല്ല ഇസ്ലാം ഇതിനെതിരാണ് ദത്തുപുത്രൻ സ്വന്തം പുത്രനെപ്പോലെയല്ല ദത്തെടുക്കുന്ന പുത്രനും പുത്രിയും സ്വന്തം പുത്രനോ പുത്രിയോ അല്ല സ്വന്തം പുത്രനും പുത്രിക്കുമുള്ള അവകാശം ദത്തെടുക്കപ്പെട്ടവർക്കുണ്ടാവില്ല 

ഈ തത്വം സ്ഥാപിക്കാൻ അല്ലാഹു തിരഞ്ഞെടുത്തത് സൈദ് (റ)നെയായിരുന്നു  

നബി (സ) യുടെ ദത്തുപുത്രനാണ് സൈദ്(റ)  

സൈദ് (റ) വിന്റെ ഭാര്യയാണ് സൈനബ് (റ) സൈദ്(റ) സൈനബ് (റ)യെ വിവാഹമോചനം നടത്തിയാൽ നബി (സ) തങ്ങൾക്ക് അവരെ വിവാഹം ചെയ്യാമോ? ജാഹിലിയ്യാ കാലത്ത് അറബികളുടെ നിയമം അതിനെതിരാകുന്നു ആ നിയമം തിരുത്തപ്പെടണം 

സൈദ്(റ) സൈനബ്(റ) യെ വിവാഹമോചനം നടത്തണം എന്നിട്ട് സൈനബ്(റ)യെ നബി (സ) തങ്ങൾ വിവാഹം ചെയ്യണം അതാണ് അല്ലാഹുവിന്റെ തീരുമാനം ഇത് സംബന്ധമായ കാര്യങ്ങൾ വിവരിക്കുമ്പോൾ വിശുദ്ധ ഖുർആനിൽ സൈദ്(റ) വിന്റെ പേര് എടുത്തു പറയുന്നുണ്ട് 

(അങ്ങനെ സൈദ് അവളിൽ നിന്ന് ആവശ്യം നിർവ്വഹിച്ചു (വിവാഹ മോചനം നടത്തി) കഴിഞ്ഞപ്പോൾ അവളെ അങ്ങേക്ക് നാം ഭാര്യയാക്കി തന്നു ) 

അഹ്സാബ് സൂറത്തിലെ 37ാ൦ ആയത്തിൽ നമുക്കിതു കാണാം സൈനബ്(റ)യെ സൈദ് (റ)വിവാഹമോചനം നടത്തി 

നബി (സ) തങ്ങളുടെ ഭാര്യയാകാൻ അവർക്ക് സന്തോഷമായിരുന്നു നബി (സ)യുടെ ആൺകുട്ടികളെല്ലാം മരണപ്പെട്ടിരുന്നു സൈദ്(റ) നബി (സ) യുടെ ശരിയായ പുത്രനുമല്ല ഇക്കാര്യവും വിശുദ്ധ ഖുർആൻ വ്യക്തമാക്കി 

മുഹമ്മദ് (സ) നിങ്ങളുടെ പുരുഷന്മാരിൽ ഒരാളുടെയും പിതാവായിട്ടില്ല എങ്കിലും അല്ലാഹുവിന്റെ റസൂലും നബിമാരിൽ അവസാനത്തവരുമാകുന്നു അല്ലാഹു എല്ലാ വസ്തുക്കളെക്കുറിച്ചും അറിയുന്നവനാകുന്നു ജാഹിലിയ്യാ വിശ്വാസത്തെ താഴ് വേരോടെ പിഴുതെറിയുകയാണിവിടെ ചെയ്തത് 

സൈദ്(റ) മുഹമ്മദ് നബി (സ) യുടെ പുത്രനല്ല സൈദുബ്നു മുഹമ്മദ് എന്ന പേര് തന്നെ മാറ്റി പകരം സൈദ്ബ്നു ഹാരിസ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി നബി (സ)യും സൈനബ്(റ) യും തമ്മിലുള്ള വിവാഹം നടന്നപ്പോൾ വിപുലമായ സദ്യ നൽകിയിരുന്നു മുന്നൂറോളം സ്വഹാബികളാണ് സദ്യയിൽ പങ്കെടുത്തത് 

സൈനബ് (റ) ധാരാളം സ്വദഖ നൽകിയിരുന്ന മഹതിയായിരുന്നു സത്യവിശ്വാസികളുടെ മാതാവ് എന്ന പദവി ലഭിച്ചതിൽ അവർ സന്തുഷ്ടയായിരുന്നു .


ഉസാമ(റ) 


കാലം പിന്നെയും ഒഴുകി ഇസ്ലാം വളർന്നു പന്തലിച്ചു ഒരു ദിവസം അനുയായികളുടെ മുമ്പിൽ വെച്ച് നബി (സ) തങ്ങൾ ഒരു പ്രഖ്യാപനം നടത്തി 

'സ്വർഗ്ഗാവകാശികളിൽപെട്ട ഒരു സ്ത്രീയെ വിവാഹം കഴിക്കണമെന്ന് നിങ്ങളിലാർക്കെങ്കിലും ആഗ്രഹമുണ്ടോ? എങ്കിൽ അവർ ഉമ്മുഐമനെ വിവാഹം ചെയ്യട്ടെ ' 

സൈദ്(റ) വിന്റെ മനസ്സിൽ ആ വാക്കുകൾ ചെന്നുതറച്ചു ഉമ്മു ഐമൻ (റ) യെ വിവാഹം ചെയ്യുന്നവൻ ഭാഗ്യവാൻ തന്നെ സൈദ്(റ) ചിന്തയിലാണ്ടു വിവാഹത്തിന് സന്നദ്ധനായാലോ? നബി (സ)യുടെ പ്രതികരണമെന്തായിരിക്കും ? ഉമ്മു ഐമൻ ഒരു കറുത്ത സ്ത്രീയാണ് താനൊരു കറുത്ത പുരുഷൻ രണ്ടുപേരും അടിമകളായിരുന്നു ഇരുവരേയും മോചിപ്പിച്ചത് നബി (സ) തങ്ങൾ. തങ്ങൾ തമ്മിൽ യോജിക്കും നബി (സ) തങ്ങൾ അനുവാദം തന്നാൽ മതി 

സൈദ്(റ) നബി(സ) യെ സമീപിച്ചു വിനയപൂർവ്വം ഇങ്ങനെ ഉണർത്തി എനിക്കൊരു കാര്യം പറയാനുണ്ട് 

എന്താണ്? പറഞ്ഞോളൂ 

ഉമ്മുഐമനെ വിവാഹം കഴിക്കാൻ ഞാൻ തയ്യാറാണ് 

നബി (സ) തങ്ങളുടെ മുഖം പ്രസന്നമായി മാറി വിവാഹത്തിന് സമ്മതം  

നബി (സ) ക്ക് സമ്മതമാണെങ്കിൽ ഉമ്മുഐമൻ(റ) ക്ക് വിരോധമൊന്നുമില്ല വിവാഹം നിശ്ചയിക്കേണ്ടതും നടത്തേണ്ടതുമെല്ലാം നബി (സ) തങ്ങൾ തന്നെ  

വിവാഹം സമംഗളം നടന്നു എല്ലാവരും നവദമ്പതികൾക്ക് മംഗളം നേർന്നു ഐമൻ വളർന്നു ഉമ്മുഐമന്റെ ഓമനപുത്രൻ നബി (സ) തങ്ങളുടെ സംരക്ഷണത്തിൽ വളർന്ന കുട്ടി ഇസ്ലാമിനുവേണ്ടി എന്ത് ത്യാഗം ചെയ്യാനും സന്നദ്ധനാണ് നല്ല യുദ്ധപാടവം നേടി കായികാഭ്യാസങ്ങൾ പഠിച്ചു പേരെടുത്ത കുതിരസവാരിക്കാരനായിമാറി ഇൽമിലും ഇബാദത്തിലും മുന്നിട്ടുനിന്ന ചെറുപ്പക്കാരൻ ഉമ്മുഐമന് താങ്ങും തണലുമായിത്തീർന്നു സൈദുബ്നു ഹാരിസ(റ) വിശുദ്ധ ഖുർആനിൽ പേരെടുത്ത് പറഞ്ഞ സ്വഹാബി ഐമന് പിതാവിന്റെ സ്ഥാനത്താണ് സൈദ്(റ) . സൈദ്(റ) വിന് മകനെപ്പോലെയാണ് ഐമൻ അവർ പിതാവും പുത്രനും പോലെ കഴിഞ്ഞു ലോകാനുഗ്രഹിയായ മുഹമ്മദ് മുസ്തഫ (സ) തങ്ങൾ ഉമ്മാ എന്നു വിളിക്കുന്ന ഉമ്മു ഐമൻ അവർ തന്റെ സ്വന്തം ഉമ്മയാണെന്ന ചിന്ത ഐമനെ അഭിമാനം കൊള്ളിക്കുന്നു പരസ്പരസ്നേഹവും ബഹുമാനവും മതിപ്പും ആ കുടുംബജീവിതത്തെ ഭദ്രമാക്കി 

ഒരു ദിവസം ഉമ്മു ഐമൻ (റ) ഭർത്താവിനോടൊരു സ്വകാര്യം പറഞ്ഞു ഞാൻ ഗർഭം ധരിച്ചിരിക്കുന്നു 

സൈദ്(റ) അല്ലാഹുവിനെ സ്തുതിച്ചു അതോടെ കുടുംബജീവിതം കൂടുതൽ സന്തോഷകരമായി  

നബി (സ) തങ്ങൾ വിവരമറിഞ്ഞു ആ മനോഹരമായ അധരങ്ങളിൽ പുഞ്ചിരി വിടർന്നു ഒരു പിതാവിന്റെ ആനന്ദം അനുഭവിക്കാൻ സൈദ്(റ) വിന് അവരമുണ്ടാവട്ടെ  

സൈദ്(റ) വിന്റെ കുഞ്ഞിനെ പ്രസവിക്കാനും വളർത്താനും ഉമ്മു ഐമൻ (റ)ക്കും അവസരമുണ്ടാവട്ടെ 

മാസങ്ങൾ കടന്നുപോയി ഉമ്മു ഐമൻ (റ) പ്രസവിച്ചു ആൺകുഞ്ഞ് മക്കയിൽ മുസ്ലിംകൾക്കെതിരെയുള്ള മർദ്ദനങ്ങൾ വളരെ വർദ്ധിച്ചിരിക്കുന്നു പിന്നെ നാട്ടിൽ ജീവിതം ദുഃസ്സഹമായിരിക്കുന്നു എല്ലാ മനസ്സുകളും വിങ്ങുകയാണ്  

അപ്പോഴാണ് ആ സന്തോഷവാത്ത വന്നത് ഉമ്മു ഐമൻ (റ) പ്രസവിച്ച വാർത്ത നബി (സ) യുടെ മുഖത്ത് സന്തോഷം പരന്നു ആ സന്തോഷം സ്വഹാബികളിലേക്ക് പടർന്നു ആ കുഞ്ഞിന്റെ ജനനം മുസ്ലിം മനസ്സുകളിൽ ആവേശം പരത്തി കുഞ്ഞിന് ഉസാമ എന്നുപേരിട്ടു കുഞ്ഞിനെ നബി (സ) തങ്ങൾ കണ്ടു 

മൂക്കു ചപ്പിയ കറുത്ത കുഞ്ഞ് അബ്സീനിയൻ സ്വദേശിനിയായ കറുത്ത വർഗ്ഗക്കാരിയുടെ കുഞ്ഞ് നബി (സ) തങ്ങൾക്ക് കുഞ്ഞിനോട് എന്തെന്നില്ലാത്ത സ്നേഹം കുഞ്ഞിനെ കോരിയെടുത്തു ചുംബനം നൽകി 

കുഞ്ഞു വളർന്നുവരികയാണ് 

നബി (സ) തങ്ങൾ കുഞ്ഞിനെ എടുത്ത് മടിയിലിരുത്തും ഓമനിക്കും നബി (സ) തങ്ങളുടെ വെളുത്ത കരങ്ങളിൽ കറുകറുത്ത കുഞ്ഞ് നബി (സ) തങ്ങളുടെ അതിമനോഹരമായ ചുണ്ടുകൾ ഉസാമയുടെ കറുത്ത കവിളിൽ പതിയുന്ന രംഗം അറേബ്യൻ സമൂഹത്തെ അമ്പരപ്പിക്കുന്ന രംഗം  

ഖുറൈശികുലത്തിന്റെ ആഢ്യമനോഭാവം തകർത്തെറിഞ്ഞ രംഗം കറുത്ത വർഗ്ഗത്തെ ഇത്രയേറെ സ്നേഹിച്ച മറ്റൊരു പുണ്യാത്മാവിനെയും അന്നുവരെ അവർ കണ്ടിട്ടില്ല 

ഉമ്മുഐമൻ (റ) യെയും സൈദ്(റ)വിനെയും മക്കക്കാർക്ക് നന്നായി അറിയാം ഓർമ്മവെച്ച നാൾമുതൽ ഉമ്മുഐമനെ നബി (സ) കാണുന്നു 

'എന്റെ ഉമ്മക്ക് ശേഷമുള്ള ഉമ്മയാണിത് ഇവർ എന്റെ കുടുംബാംഗമാണ് 

നബി(സ) ഉമ്മു ഐമൻ (റ) യെപ്പറ്റി അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് അവർക്കറിയാം 

സൈദ്(റ) വിനെ അവർ വിളിക്കുന്നത് റസൂലിന്റെ പ്രിയങ്കരൻ (ഹിബ്ബു റസൂൽ) എന്നാകുന്നു ഉസാമയോടുള്ള നബി (സ) യുടെ സ്നേഹവും പ്രസിദ്ധമായിത്തീർന്നു പ്രിയങ്കരന്റെ പുത്രൻ (ഇബ്നുൽഹിബ്ബ്) എന്നായിരുന്നു സ്വഹാബികൾ ഉസാമയെ വിളിച്ചിരുന്നത് 

മാതാപിതാക്കൾ കുഞ്ഞിനെ ലാളിച്ചു വളർത്തി ഖുറൈശികൾ അവർക്ക് മനഃസമാധാനം നൽകിയില്ല മുസ്ലിംകളെ കണ്ടാൽ വെറുതെ വിടില്ല മർദ്ദനത്തിന്റെ അനേകം കഥകൾ മക്കയിൽ പ്രചരിച്ചു ആ മർദ്ദനങ്ങൾക്കിടയിലൂടെ കാലം ഒഴുകിപ്പോയി  മദീനയിലേക്ക് ഹിജ്റ പോവാനുള്ള കല്പന വന്നു നബി(സ) യുടെ നിർദ്ദേശമനുസരിച്ച് മുസ്ലിംകൾ മക്ക വിടാൻ തുടങ്ങി ഒറ്റയായും ചെറുസംഘങ്ങളായും അവർ മക്ക വിട്ടുപോയി 

ഈ വിവരം ഖുറൈശികളറിഞ്ഞു അവർ ക്ഷുഭിതരായി പലരേയും വഴിയിൽ പിടികൂടി മർദ്ദിച്ചു പലർക്കും മക്കയിൽ ഒതുങ്ങിക്കൂടേണ്ടി വന്നു ഭാര്യക്കും ഭർത്താവിനും ഒന്നിച്ചു യാത്ര ചെയ്യാൻ വയ്യ ഉമ്മു ഐമൻ (റ) യും ഭർത്താവും ഹിജ്റയെക്കുറിച്ചു സംസാരിച്ചു ഒന്നിച്ചു പോവാൻ പറ്റില്ല സൈദ്(റ)വിന് ഉടനെ മദീനയിലെത്തണം എല്ലാം അല്ലാഹുവിൽ ഭരമേൽപ്പിക്കുക നാടുവിടുക മറ്റൊന്നും ചിന്തിക്കാവില്ല സൈദ്(റ) മക്ക വിട്ടു 

ഐമൻ (റ) മദീനയിലെത്താൻ തിടുക്കം കൂട്ടി ആരോഗ്യമുള്ള പുരുഷന്മാർക്ക് സാഹസം കാണിക്കാം പെണ്ണുങ്ങൾക്കതിന് കഴിയില്ലല്ലോ ഐമൻ മദീനയിലേക്ക് പോയി ഉമ്മയും കൊച്ചുമകൻ ഉസാമയും മക്കയിൽ തന്നെ.



ഹിജ്റ 




മുസ്ലിംകൾ മക്ക വിട്ടുപോയി അപൂർവ്വം ചിലർ ബാക്കിയുണ്ട് അവരും വൈകാതെ സ്ഥലം വിടും എപ്പോൾ പോകും എങ്ങനെ പോകും എന്നൊന്നും അറിയില്ല പരസ്പരം അറിയിക്കാൻ സൗകര്യം കിട്ടില്ല എങ്ങനെയെങ്കിലും മദീനയിലെത്തണം ആ ചിന്ത മാത്രമേയുള്ളൂ 

ഉമ്മു ഐമൻ (റ) ക്ക് ഒരൊറ്റ ചിന്ത മാത്രം  'ഹിജ്റ'  തന്റെ കൂടെയുള്ളത് ഇളയമകൻ ഉസാമ ബാലനായ ഉസാമയെയും കൂട്ടി എങ്ങനെ പോകും? ആരെയെങ്കിലും കൂട്ടിപ്പോയാൽ രഹസ്യം പുറത്താകും ഖുറൈശികൾ കൊന്നുകളഞ്ഞെന്നുവരും 

'ഉമ്മാ.....നമ്മളെന്നാണ് മദീനയിൽ പോകുന്നത്?' ഉസാമയുടെ ചോദ്യം 

നമ്മളെങ്ങനെ പോവും മോനേ? നമുക്കാരാണ് കൂട്ട്? 

നമുക്ക് കൂട്ട് അല്ലാഹു കൂട്ടുകാരനായി അല്ലാഹു മാത്രം മതി വേറെയാരും വേണ്ട നമുക്കു പോകാം ഉമ്മാ....

ഒടുവിൽ ഉമ്മയും മകനും തീരുമാനത്തിലെത്തി മദീനയിലേക്ക് പുറപ്പെടാം 

ആഹാരവും വെള്ളവും വസ്ത്രങ്ങളുമെടുത്തു ദീർഘയാത്ര പുറപ്പെട്ടു മക്കയുടെ അതിർത്തി വിട്ടു കഠിനമായ ചൂട് മണൽ പരപ്പ് കത്തിയെരിയുന്നു കൊണ്ടുവന്ന വെള്ളം തീർന്നു ഉമ്മ നോമ്പുകാരിയാണ് വെന്ത് നീറുന്ന മരുഭൂമി ഉമ്മയും മകനും ക്ഷീണിതരാണ് സമയം ഇഴഞ്ഞുനീങ്ങി സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് താഴ്ന്നിറങ്ങി ചൂടുള്ള പകൽ അവസാനിക്കുകയാണ് പടിഞ്ഞാറൻ ചക്രവാളത്തിൽ ചെമപ്പ് പരന്നു തുടങ്ങി സൂര്യാസ്തമയത്തിന് നിമിഷങ്ങൾ മാത്രം ഉമ്മയെങ്ങനെ നോമ്പ് തുറക്കും? കൈവശം ഒരു തുള്ളി വെള്ളമില്ല  ഉസാമ(റ)വിന്റെ കൊച്ചുമനസ്സ് വേദനിച്ചു വരണ്ട മരുഭൂമി ഒരു മനുഷ്യനെ കാണാനില്ല പരിസരത്തെങ്ങും കിണറില്ല ഒരു തുള്ളി വെള്ളം കിട്ടാനുള്ള സാധ്യതയില്ല 

അപ്പോഴും ഉമ്മു ഐമൻ (റ) പറയുന്നതെന്താണ്? അല്ലാഹു നമ്മെ കൈവെടിയില്ല അവൻ നമ്മുടെ ദാഹം തീർക്കും പെട്ടെന്നാണത് സംഭവിച്ചത്  ഒരു ബക്കറ്റ് തലയിൽ തട്ടി തല ഉയർത്തി നോക്കി അതെ .....ആകാശത്തിൽ നിന്നൊരു ബക്കറ്റ് താഴ്ന്നുവന്നിരിക്കുന്നു ഒരു  വെളുത്ത കയറിൽ അത് ബന്ധിക്കപ്പെട്ടിരിക്കുന്നു കയർ ആകാശത്തേക്ക് നീണ്ടുപോവുന്നു  ദാഹം തീരുവോളം വെള്ളം കുടിച്ചു ഉമ്മയ്ക്കും മകനും എന്തെന്നില്ലാത്ത സന്തോഷം ബക്കറ്റും കയറും പിന്നെ കണ്ടില്ല 

ഉമ്മു ഐമൻ (റ) പിന്നീടിങ്ങനെ പറഞ്ഞു  ആ വെള്ളം  കുടിച്ചശേഷം എനിക്ക് ദാഹം ഉണ്ടായിട്ടില്ല ഉമ്മയും മകനും മദീനയിലെത്തി ഹൃദ്യമായ സ്വീകരണം 

നബി (സ) തങ്ങളുടെ മാതാവിന് ബഹുമാനപൂർവ്വം മദീന  സ്വാഗതമോതി  

മദീനത്തുന്നബിയ്യി എന്ന ഈ പുണ്യനഗരമാണ് ഇനി തന്റെ കർമ്മ വേദി ഭർത്താവിനെയും മക്കളെയും പരിചരിക്കുക ഇസ്ലാം മത പ്രചരണത്തിൽ ഒരു സ്ത്രീക്ക് വഹിക്കാനുള്ള പങ്ക് നിർവ്വഹിക്കുക അവരെക്കാണാൻ മദീനയിലെ വനിതകൾ ധാരാളമായി വന്നു അവരുടെ വാക്കുകൾ സന്ദർശകരിൽ ഈമാനികാവേശമുണ്ടാക്കി.



ഉഹ്ദ് പോർക്കളത്തിൽ 


നബി(സ) തങ്ങളുടെ ഓമന മകൾ ഫാത്വിമത്തുസ്സഹ്റ (റ) നബി(സ) തങ്ങളുടെ തനിപ്പകർപ്പ് പിതാവിനെന്തൊരു കരുണ ഉമ്മ മകനെ പരിചരിക്കുംപോലെ മകൾ പിതാവിനെ പരിചരിച്ചു ശത്രുക്കൾ ഒട്ടകത്തിന്റെ കുടൽമാല പിതാവിന്റെ ചുമലിലിട്ടു സുജൂദ് ചെയ്യുമ്പോൾ മകൾ ഓടിച്ചെന്ന് അത് വലിച്ചുമാറ്റി വെള്ളം കൊണ്ടുവന്ന് കഴുകി വൃത്തിയാക്കി അപ്പോഴൊക്കെ ഉറക്കെ കരയുകയും ശത്രുക്കളെ ശപിക്കുകയും ചെയ്തുകൊണ്ടിരുന്നു ആ മകൾ വിവാഹിതയാവുകയാണ് ആരാണ് വരൻ? വീരശുജാഇ അലിയ്യുബ്നു അബീത്വാലിബ് (റ) എല്ലാവർക്കും ഏറെ സന്തോഷമായി വിവാഹം സമംഗളം നടന്നു മാതൃകാദമ്പതികൾ അവർക്കൊരാൺകുഞ്ഞ് പിറന്നു അതിശയകരമായ അഴകുള്ള കുഞ്ഞ്  ഹസൻ എന്നു പേരിട്ടു ഹസൻ വളർന്നു മുട്ടിലിഴയുന്ന പ്രായമായി നബി(സ) തങ്ങൾക്ക് ആ കുട്ടിയോടെന്തൊരു സ്നേഹം  

സ്വഹാബികൾ അത്ഭുതകരമായൊരു കാഴ്ച കണ്ടു നബി (സ) യുടെ മടിയിൽ രണ്ടു കുട്ടികൾ വെളുവെളുത്ത സുമുഖനായ ഹസൻ(റ) കറുകറുത്ത ഉസാമ(റ) ഇരുവരെയും ഒന്നിച്ച് മടിയിലിരുത്തും ലാളിക്കും മാറോട് ചേർത്തു പിടിച്ച് ചുംബിക്കും എന്തൊരു രംഗം ചരിത്രത്തെ പ്രകമ്പനം കൊള്ളിച്ച രംഗം ഒരിക്കൽ ഉസാമ വാതിൽപ്പടി തടഞ്ഞുവീണു നെറ്റിപൊട്ടി രക്തമൊഴുകി 

ആഇശ(റ) അതുകണ്ടു അല്പനേരം എന്തോ ആലോചിച്ചു നിന്നു കുട്ടിയുടെ അടുത്തേക്ക് പോകാൻ വൈകി 

നബി (സ) തങ്ങൾക്ക് സഹിച്ചില്ല ഉൽക്കണ്ഠയോടെ ഓടിച്ചെന്നു രക്തം തുടച്ചു കുഞ്ഞിനെ ആശ്വസിപ്പിച്ചു 

ഹസൻ(റ) ഉസാമ(റ)വിനോടൊപ്പം കളിച്ചു വളർന്നു ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെയായിരുന്നു അവർ  

പിന്നീട് ഹുസൈൻ (റ) ജനിച്ചു 

ഉസാമ(റ) ആ കുട്ടിയെ കൊച്ചനുജനെപ്പോലെയാണ് കരുതിയത് എടുത്ത് ലാളിക്കും കരയുമ്പോൾ ആശ്വസിപ്പിക്കും വളർന്നപ്പോൾ കൂട്ടുകാരായി ജീവിതയാത്രയിൽ വല്ലാത്ത സഹകരണം  

ഈ രംഗങ്ങൾ ഉമ്മുഐമൻ (റ) യേയും സൈദ്(റ) വിനേയും കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത് 

ബാലനായ ഉസാമ(റ) വിന് നബി  (സ) വിലപ്പെട്ടൊരു സമ്മാനം നൽകി ആ സമ്മാനത്തിന്റെ കഥ പറയാം 

ഖുറൈശികൾക്കിടയിൽ ഒരു പ്രമുഖനാണ് ഹക്കീമുബ്നു ഹസാം അദ്ദേഹം യമനിൽ നിന്ന് വിലകൂടിയ ഒരു തുണി വാങ്ങി അമ്പത് സ്വർണ്ണനാണയം കൊടുത്താണ് വാങ്ങിയത് മേൽമുണ്ടുപോലെ പുതച്ചു നടക്കാം  ഹക്കീമുബ്നു ഹസാം ആ മുണ്ടുമായി നബി (സ) തങ്ങളുടെ സമീപം വന്നു 

ഞാൻ ഇത് താങ്കൾക്ക് സമ്മാനിക്കാൻ വന്നതാണ് അദ്ദേഹം പറഞ്ഞു  

സമ്മാനമായി വേണ്ട വിലക്കു വാങ്ങിക്കൊള്ളാം 

ഹക്കീം അക്കാലത്ത് ഇസ്ലാം മതം സ്വീകരിച്ചിരുന്നില്ല മുശ്രിക്കുകളുടെ കൂടെയായിരുന്നു  

നബി (സ) തങ്ങൾ അത് വിലക്ക് വാങ്ങി  ഒരു തവണ ജുമുഅക്ക് അത് അണിഞ്ഞു പിന്നെ ഉസാമക്ക് സമ്മാനിച്ചു  

ഉസാമക്ക് വലിയ സന്തോഷവും അഭിമാനവും തോന്നി കൂട്ടുകാർക്കിടയിൽ അതണിഞ്ഞു നടക്കുക പതിവായിരുന്നു കായികാഭ്യാസങ്ങൾ പഠിക്കാൻ തുടങ്ങി  സമപ്രായക്കാരെ ഗുസ്തിയിലും മൽപ്പിടുത്തത്തിലും തോൽപ്പിച്ചു നന്നായി അമ്പെയ്ത്തു നടത്താൻ തുടങ്ങി ഉന്നം നോക്കി കുന്തമെറിയും കുതിര സവാരി പഠിച്ചു എല്ലാ ഗുണങ്ങളും ഉസാമയിൽ വിളങ്ങിനിന്നു ബുദ്ധിശക്തി വർദ്ധിച്ചു പ്രായോഗിക ബുദ്ധി പ്രകടിപ്പിച്ചു നബി (സ)യുടെ ചര്യകൾ ശ്രദ്ധയോടെ പിൻപറ്റി 

മൂത്ത സഹോദരൻ ഐമനും ഈ  ഗുണങ്ങളൊക്കെ സ്വന്തമാക്കിയിരുന്നു സ്വഹാബികൾക്കിടയിൽ രണ്ട് സഹോരങ്ങളും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു 

ഉഹ്ദ് യുദ്ധം നടക്കാൻ പോവുന്നു സൈന്യത്തിലേക്ക് ആളുകളെ  തെരഞ്ഞെടുക്കുന്ന സമയം ഒരു കൂട്ടം കൗമാരക്കാർ സൈന്യത്തിൽ ചേരാൻ വന്നു  

ചിലരെ പരിശോധിച്ചു സൈന്യത്തിൽ ചേർത്തു മറ്റുള്ളവരെ തിരിച്ചയച്ചു തിരിച്ചയക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഉസാമയും പെട്ടു ദുഃഖം കൊണ്ട് കണ്ണുകൾ നിറഞ്ഞുപോയി  

ബദ്ർ യുദ്ധത്തിൽ മുസ്ലിംകൾ അത്ഭുതകരമായി വിജയം വരിച്ചു മക്കയുടെ നെടുംതൂണുകളായ നേതാക്കൾ വധിക്കപ്പെട്ടു  ഉത്ബത്ത്, ശൈബത്ത്, വലീദ് തുടങ്ങിയ നേതാക്കൾ വധിക്കപ്പെട്ടു ഖുറൈശികൾ യുദ്ധക്കളം വിട്ടോടിപ്പോയി മക്ക ദുഃഖത്തിലമർന്നുപോയി പ്രതികാര ദാഹം മുശ്രിക്കുകളിൽ വളർന്നു  

വമ്പിച്ച സജ്ജീകരണങ്ങളോടെ ഖുറൈശികൾ ഉഹ്ദിലേക്ക് പുറപ്പെട്ടു നബി (സ) യുടെ നേതൃത്വത്തിൽ മുസ്ലിം സൈന്യം ഈ ഉഹ്ദിലെത്തി അമ്പതോളം പടയാളികളെ മലയുടെ മുകളിൽ നിർത്തി എന്തുവന്നാലും ഈ സ്ഥലം വിടരുത് കല്പന വരുന്നത് വരെ കാത്തിരിക്കണം  ഇതായിരുന്നു അവർക്കു നൽകപ്പെട്ട ഉപദേശം യുദ്ധം തുടങ്ങിയാൽ ശത്രുക്കൾക്കെതിരെ നിരന്തരം അമ്പെയ്തുകൊണ്ടിരിക്കണം ശത്രുക്കളെത്തി യുദ്ധം തുടങ്ങി മലമുകളിൽ നിന്ന് അമ്പുകൾ വന്നു തുടങ്ങി  ശത്രുക്കൾക്ക് ഏറെ നേരം പിടിച്ചു നിൽക്കാനായില്ല അവർ പിന്തിരിഞ്ഞോടി  

'യുദ്ധം അവസാനിച്ചു ഇനി നമുക്ക് സ്ഥലം വിടാം' മലമുകളിലെ യോദ്ധക്കളിൽ ചിലർ പറഞ്ഞു 

' കൽപന വരട്ടെ എന്നിട്ട് സ്ഥലംവിട്ടാൽ മതി അതുവരെ കാത്തിരാക്കാം ' 

മറ്റുചിലർ അങ്ങനെ പറഞ്ഞു 

രണ്ടു കൂട്ടരും അവരവരുടെ വാദങ്ങളിൽ ഉറച്ചുനിന്നു 

'നിങ്ങൾ വരുന്നെങ്കിൽ വന്നോളൂ ഞങ്ങൾ പോവുന്നു'അതുപറഞ്ഞു ചിലർ നടന്നു നീങ്ങി പിന്നാലെ പലരും പോയി വളരെ കുറഞ്ഞ ആളുകൾ മാത്രം മലമുകളിൽ നിന്നു 

പെട്ടെന്ന് ശത്രുക്കൾ മലമുകളിൽ പാഞ്ഞുകയറി അവിടെ ഉണ്ടായിരുന്നവരെ വധിച്ചു  

ഇപ്പോൾ ശത്രുക്കൾ മലമുകളിലാണ് മുസ്ലിംകൾ താഴ്ഭാഗത്തും മുസ്ലിം യോദ്ധാക്കൾ ആയുധം താഴെവെച്ച് വിശ്രമിക്കുകയാണ് പെട്ടെന്ന് അസ്ത്രങ്ങളും കുന്തങ്ങളും വന്നുപതിക്കാൻ തുടങ്ങി 

മുസ്ലിംകൾ അമ്പരന്നു എന്താണ് സംഭവിക്കുന്നത്? ആളുകൾ പരക്കം പാഞ്ഞു നിരവധി പേർക്ക് മുറിവേറ്റു  

നബി(സ) തങ്ങളുടെ നെറ്റിയിൽ അമ്പ് തറച്ചു ഒരു പല്ല് കൊഴിഞ്ഞു സ്വഹാബികൾ നബി(സ)യെ പൊതിഞ്ഞുനിന്നു  ഈ ആപൽഘട്ടത്തിൽ ഒരുകൂട്ടം സ്ത്രീകൾ പാഞ്ഞുവരുന്നു നബി(സ)യുടെ ഓമന മകൾ അക്കൂട്ടത്തിലുണ്ട് ഉമ്മുഐമൻ (റ) ഒരു പെൺപുലിയെപ്പോലെ പാഞ്ഞുവരുന്നു  അവരുടെ കൈകളിൽ മുറിവ് വെച്ചുകെട്ടാനുള്ള തുണികളുണ്ട് ഈത്തപ്പനയോലപ്പായ കരിച്ച് ആ ചാരമാണ് രക്തപ്രവാഹം നിർത്താൻ വേണ്ടി മുറിവിൽ വെച്ചുകെട്ടുക ഈത്തപ്പനയോലപ്പായകളും അവരുടെ കൈവശമുണ്ട് പാത്രങ്ങളിൽ ദാഹജലവുമുണ്ട്  യുദ്ധക്കളത്തിൽ നിന്നോടിപ്പോവുന്ന ചില മുസ്ലിംകളെ ഉമ്മു ഐമൻ (റ) കണ്ടു അവർക്ക് കോപം വന്നു നബി (സ) തങ്ങളെ യുദ്ധക്കളത്തിൽ വിട്ടിട്ട് ഇവർ എങ്ങോട്ടാണോടിപ്പോവുന്നത്?  ആ ധീര സ്വഹാബി വനിത കുനിഞ്ഞ് മണ്ണുവാരി ഓടിപ്പോവുന്നവരുടെ മുഖത്തേക്കെറിഞ്ഞു  യുദ്ധക്കളത്തിലേക്ക് മടങ്ങിപ്പോവാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു 

നബി (സ) തങ്ങളുടെ അവസ്ഥ കണ്ട് ഫാത്വിമ (റ) കരഞ്ഞുപോയി അലി(റ) നബി (സ)യുടെ തലയിൽ വെള്ളമൊഴിച്ചു കൊടുത്തു ഫാത്വിമ (റ) രക്തം കഴുകി രക്തപ്രവാഹം നിൽക്കുന്നില്ല ഈത്തപ്പനയോലപ്പായ കരിച്ച് ചാരം മുറിവിൽ വെച്ചുകെട്ടി രക്തപ്രവാഹം നിന്നു കടുത്ത നിരാശയും വേദനയും ബാക്കിവെച്ചുകൊണ്ടാണ് ഉഹ്ദ് യുദ്ധം അവസാനിച്ചത്.



ഐമൻ രക്തസാക്ഷിയായി 




വർഷങ്ങൾ കടന്നുപോയി നിരവധി സംഭവങ്ങൾക്ക് മദീന സാക്ഷിയായി ഇതാ ഒരു മഹാസംഭവം നടക്കാൻ പോവുന്നു 

ഉസാമ(റ), ഐമൻ (റ) , സൈദ്(റ) ഉമ്മു ഐമൻ (റ) എന്നിവർ ആ വാർത്ത കേട്ട് ആവേശഭരിതരായി 

മക്കായാത്ര 

മക്ക ജയിച്ചടക്കും  പുണ്യ നഗരം റസൂൽ (സ) യുടെ അധീനതയിൽ വരും ഇസ്ലാം മക്കയുടെ മതമായി മാറും 

കഅ്ബാലയത്തിലെ ബിംബങ്ങൾ വലിച്ചെറിയപ്പെടും പുണ്യഭവനം ശുദ്ധീകരിക്കപ്പെടും ശിർക്കിന്റെ കോട്ടകൾ തകർക്കപ്പെടും തൗഹീദിന്റെ പ്രകാശം പരക്കും അത് ചരിത്ര വിജയം ആ വിജയത്തിന് സാക്ഷിയാവുക അതൊരു സൗഭാഗ്യം തന്നെയാണ് ആ ചരിത്രവിജയത്തിന് സാക്ഷികളാവാൻ ആ കുടുംബം ഒരുങ്ങുകയാണ് 

മക്കായാത്ര തുടങ്ങി ആളുകൾ മനസ്സിൽ ആവേശം അലതല്ലി രാത്രിയുടെ മറവിൽ രഹസ്യമായി മക്കയിൽ നിന്ന് ഓടിപ്പോന്നതാണ് ഇപ്പോഴിതാ ജേതാക്കളായി പകൽവെളിച്ചത്തിൽ മടങ്ങിച്ചെല്ലുന്നു ഇതൊരു ചെറിയ സംഘമല്ല പതിനായിരം പേരുള്ള സംഘമാണ് ഇത് അല്ലാഹുവിന്റെ അനുഗ്രഹമാണ് വിശ്വാസദൃഢതയാണവരുടെ കരുത്ത് ആ സംഘം മക്കയിലെത്തി മലയിടുക്കിലൂടെ അവരുടെ ആഗമനം കണ്ട  മക്കക്കാർ നടുങ്ങിപ്പോയി എത്ര വലിയ സംഘം പുണ്യദേവാലയത്തിലെത്തി  കഅബാലയം തുറന്നു ബിംബങ്ങൾ വലിച്ചെറിഞ്ഞു പുണ്യഭവനം കഴുകി വൃത്തിയാക്കി ശിർക്കിന്റെ അംശങ്ങൾ തുടച്ചുനീക്കി തൗഹീദിന്റെ ശബ്ദം മുഴക്കി 
'ലാഇലാഹ ഇല്ലല്ലാഹ്' 

മക്ക പ്രകമ്പനം കൊണ്ടു ഇസ്ലാം എന്താണെന്ന് മക്കാ നിവാസികൾ മനസ്സിലാക്കി അവർ കൂട്ടത്തോടെ ഇസ്ലാം മതം സ്വീകരിക്കുന്നു  

നേരത്തെ മുസ്ലിംകളെ പീഢിപ്പിച്ച ക്രൂരന്മാരെ കൊണ്ടുവന്നു അവർക്ക് നബി (സ) മാപ്പ് നൽകി വിട്ടയച്ചു ഈ സംഭവം ആളുകളെ അതിശയിപ്പിച്ചു 
ക്രൂരന്മാരുടെ മനസ്സുമാറി അവർ ഇസ്ലാമിലേക്ക് വന്നു രണ്ടായിരം പേരാണ് ഇസ്ലാം മതം സ്വീകരിച്ചത് 

ഇപ്പോൾ നബി (സ) തങ്ങളോടൊപ്പം പന്ത്രണ്ടായിരം പേരുണ്ട് ഇതെല്ലാം കണ്ട് അസ്വസ്ഥരായ ചില ഗോത്രക്കാർ മക്കയുടെ പരിസരത്തുണ്ടായിരുന്നു  അവർ സംഘടിച്ചു യുദ്ധത്തിനൊരുങ്ങി  

നബി (സ) തങ്ങൾക്ക് വിശ്രമിക്കാൻ സമയമില്ല യുദ്ധമുഖത്തേക്ക് വിളിക്കുന്നു പോവുക തന്നെ  

ത്വാഇഫിലെ ഹഫാസിൻ, സബീഹ് ഗോത്രക്കാരാണ് നബി (സ) യെ നശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് രംഗത്തു വന്നത് മറ്റു ചില ഗോത്രങ്ങൾ അവരോട് ചേർന്നു നള്റ്, ജൂശം എന്നീ ഗോത്രക്കാർ അവരിൽ പ്രമുഖരായിരുന്നു 

നള്റ് ഗോത്രക്കാരനായ മാലിക്ബ്നു ഔഫ് സഖ്യസേനയുടെ നേതൃത്വം ഏറ്റെടുത്തു അയാൾ ഇങ്ങനെ പ്രഖ്യാപിച്ചു 

കുട്ടികളെയും സ്ത്രീകളെയും മൃഗങ്ങളെയുമെല്ലാം യുദ്ധക്കളത്തിലേക്ക് കൊണ്ടുവരണം  

ഓരോ കുടുംബവും ആ കല്പന സ്വീകരിച്ചു കുട്ടികളും സ്ത്രീകളും മൃഗങ്ങളുമായി അവർ ഹുനൈനിലെത്തി 

നബി (സ)പന്ത്രണ്ടായിരം അനുയായികളുമായി പുറപ്പെട്ടു ഉസാമ(റ)വും കുടുംബവും അക്കൂട്ടത്തിലുണ്ട് എല്ലാവരും ധീരമായി മുന്നേറി ഉസാമ(റ)വിന്റെ മനസ്സിൽ ഖന്തഖ് യുദ്ധത്തിലേക്ക് ആളെയെടുത്ത രംഗം തെളിഞ്ഞു വന്നു അന്ന് പതിനഞ്ച് വയസ്സായിരുന്നു പ്രായം ധാരാളം ബാലന്മാർ വന്നിട്ടുണ്ട് പൊക്കമുള്ള ആളാണെന്ന് വരുത്തി തീർക്കാൻ അവർ പെരുവിരൽ ഉയർന്നുനിന്നു ഉസാമ(റ)വും അതുതന്നെ ചെയ്തു  പെരുവിരലുകൾ നിലത്തൂന്നി ഉയർന്നുനിന്നു യുദ്ധത്തിന് പോവാനുള്ള ആവേശം  

നബി(സ) ഇത് കണ്ടുപിടിച്ചു അനുകമ്പ തോന്നി  യുദ്ധത്തിന് പോവാൻ അനുമതി നൽകി  

ഇത്തവണ അനുമതി കിട്ടാൻ പ്രയാസമുണ്ടായില്ല ഹുനൈൻ മലകൾ നിറഞ്ഞ പ്രദേശമാണ് ഒളിച്ചിരിക്കാൻ പറ്റിയ സ്ഥലങ്ങൾ ധാരാളമുണ്ട് 

ശത്രുക്കൾ നേരത്തെയെത്തി മലമുകളിൽ ഒളിച്ചിരിക്കുന്നു 

നബി (സ) തങ്ങളും അനുയായികളും ഒരു സന്ധ്യാ നേരത്താണ് ഹുനൈനിൽ എത്തിയത് ഒരു മൈതാനിയിൽ താവളമടിച്ചു താമസിച്ചു രണ്ടായിരം പുതമുസ്ലിംകളുണ്ട് അവരുടെ ഈമാൻ ദൃഢമായിട്ടില്ല സംഖ്യാബലത്തിലാണവരുടെ ചിന്ത സുബ്ഹിക്കു മുമ്പെ ഉണർന്നു സുബ്ഹി കഴിഞ്ഞ് യാത്ര തുടങ്ങി ഇടുങ്ങിയ മലഞ്ചെരുവ് അവിടെ അപ്പോഴും ഇരുട്ടായിരുന്നു പെട്ടെന്ന് മലമുകളിൽ നിന്ന് അമ്പുകൾ വരാൻ തുടങ്ങി പലരും മറിഞ്ഞുവീണു മുറിവേറ്റവർ കൂട്ടത്തോടെ പിന്തിരിഞ്ഞോടാൻ തുടങ്ങി നബി (സ) തങ്ങളും ഒരുകൂട്ടം അനുയായികളും പിൻനിരയിലാണ് മുൻനിരയിലുള്ളവരാണ് ഓടുന്നത് നബി (സ) യുടെ അരികിലൂടെ അവർ ഓടിയകലുന്നു 

നബി (സ) അവരോട് വിളിച്ചു ചോദിച്ചു 'ജനങ്ങളേ നിങ്ങൾ എങ്ങോട്ടാണ് ഓടുന്നത്? തിരിച്ചുവരിക ശത്രുക്കൾക്കെതിരെ യുദ്ധം ചെയ്യുക ആരും അത് ശ്രദ്ധിക്കുന്നില്ല ഓട്ടം തുടരുന്നു  

അബ്ബാസ് (റ) നല്ല ശബ്ദമുള്ള ആളാണ് അദ്ദേഹം നബി (സ) യുടെ വാക്കുകൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു 

ജനങ്ങളേ....തിരിച്ചുവരിക ഞാൻ അല്ലാഹുവിന്റെ റസൂലാകുന്നു ഇത് സത്യം ഞാൻ അബ്ദുൽ മുത്തലിബിന്റെ പുത്രനാണ് വരൂ....യുദ്ധം ചെയ്യൂ....

മലമുകളിൽ നിന്ന് അസ്ത്രങ്ങൾ ചീറിപ്പാഞ്ഞു വരുന്നു അതിനെ ഭയപ്പെടാതെ നബി (സ) യുദ്ധക്കളത്തിൽ ഉറച്ചുനിൽക്കുന്നു ഏതാനും സ്വഹാബികൾ നബി (സ) യെ പൊതിഞ്ഞു നിൽക്കുന്നു 

ഉമ്മുഐമൻ (റ) നടന്നു വരുന്നു നബി(സ) തങ്ങളെ പൊതിഞ്ഞു നിൽക്കുന്നവരുടെ കൂട്ടത്തിൽ തന്റെ മക്കളുണ്ടോ എന്നാണവർക്കറിയേണ്ടത് സന്തോഷമായി തന്റെ രണ്ടു മക്കളും നബി(സ) യോടൊപ്പമുണ്ട് ഓടിപ്പോകുന്നവരെ നോക്കി അവരെന്തൊക്കെയോ പറയുന്നുണ്ട് ജനങ്ങളേ....നിങ്ങൾക്ക് രക്തസാക്ഷികളായിക്കൂടേ....നാണംകെട്ട ഓട്ടം നിർത്തുക 

താഴ് വര മുഴുവൻ അബ്ബാസ് (റ)വിന്റെ ശബ്ദം മുഴങ്ങി ഓടിപ്പോയവർക്ക് മെല്ലെ പരിസരബോധം വന്നു എല്ലാവരും ഓടിയിട്ടില്ല നബി (സ)യും ഒരു കൂട്ടം സ്വഹാബികളും യുദ്ധക്കളത്തിലാണ് സൂര്യൻ ഉദിച്ചുയർന്നു താഴ് വരയിൽ പ്രകാശം പരന്നു ആ പ്രകാശത്തിൽ നബി(സ)യെ അവർ കണ്ടു 

അവർ വല്ലാത്തൊരാവേശത്തോടെ നബി (സ) തങ്ങൾക്കു നേരെ കുതിച്ചു വരുന്നു 

ഹവാസിൻ ഗോത്രക്കാർ മലമുകളിൽ നിന്നിറങ്ങി വന്നു താഴ് വരയിൽ നേർക്കുനേരെ നിന്നു ഉഗ്രയുദ്ധം തുടങ്ങി 

നബി (സ) പറഞ്ഞു ഇപ്പോഴാണ് യുദ്ധം തുടങ്ങിയത് ഓടിപ്പോയ ഒരോരുത്തരും മടങ്ങിവരികയാണ് മുസ്ലിം സൈന്യം ധീരമായി മുന്നേറി ശത്രുക്കളുടെ അട്ടഹാസം ഉയർന്നു പടവാളുകൾ ചുഴറ്റിക്കൊണ്ടവർ നീങ്ങുന്നു  

ഉമ്മുഐമൻ (റ) ആ രംഗം കണ്ടു  ഒരു മാതാവിനും കണ്ടു സഹിക്കാനാവാത്ത രംഗം പ്രിയപുത്രൻ ഐമൻ തന്റെ പേരിന്റെ ഭാഗമായിമാറിയ ഐമൻ എക്കാലവും ഓർമ്മിപ്പിക്കപ്പെടുന്ന മകൻ  പ്രിയപുത്രന്റെ ശരീരത്തിൽ എത്ര വെട്ടുകൾ ആഴത്തിലുള്ള മുറിവുകൾ രക്തം വാർന്നൊഴുകുന്നു എന്റെ മോൻ ശക്തിയറ്റ് വീണിരിക്കുന്നു ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ് ആ ചുണ്ടുകളുടെ അവസാന മന്ത്രം ആ ഹൃദയത്തിന്റെ അവസാന സ്പന്ദനം ചലനങ്ങൾ നേർത്തു വരുന്നു നിശ്ചലമായി ഉമ്മു ഐമൻ അവരുടെ ഞരമ്പുകൾ വലിഞ്ഞുമുറുകി ചുണ്ടുകൾ കടിച്ചുപിടിച്ചു ദുഃഖം കടിച്ചമർത്തി കണ്ണുനീരിന് നിയന്ത്രണം കിട്ടിയില്ല പൊന്നുമോനേ.....നീ ശഹീദായി ഈ ഉമ്മാക്ക് അല്ലാഹു സഹിക്കാനുള്ള കഴിവ് തരട്ടെ നിന്റെ മുറിവുകളിൽ നിന്നൊഴുകിയ രക്തത്തുള്ളികൾ മണലിൽ പരക്കുന്നത് ഞാൻ കണ്ടു മോനേ.....

എന്റെ റബ്ബേ......നിന്റെ ശുഹദാക്കൾക്ക് നീ നൽകുന്ന പ്രതിഫലം എന്റെ പൊന്നുമോനും നൽകേണമേ യാ അല്ലാഹ് 

ശത്രുക്കളുടെ കാലിടറി പിടിച്ചു നിൽക്കാനാവില്ലെന്ന് ബോധ്യം വന്നു ഭീരുത്വം മനസ്സിനെ പിടിച്ചടക്കി പിന്തിരിഞ്ഞോടാതിരിക്കാനാണ് സ്ത്രീകളെയും കുട്ടികളെയും യുദ്ധരംഗത്തേക്ക് കൊണ്ടുവന്നത് തങ്ങളുടെ വരുമാനമാർഗ്ഗമായ കന്നുകാലികളെ കൊണ്ടുവന്നതും ഈ ഉദ്ദേശ്യത്തോടെ തന്നെയാണ് 

പിന്തിരിഞ്ഞോടിയാൽ എന്ത് സംഭവിക്കും പ്രിയപ്പെട്ട ഭാര്യമാരെ മുസ്ലിംകൾ ബന്ദികളാക്കും മദീനയിലേക്ക് കൊണ്ടുപോകും നാൽക്കാലികളുടെ എണ്ണം വളരെ വലുതാണ് അവയും നഷ്ടപ്പെടും അതുകൊണ്ട് പിന്തിരിയരുത് പൊരുതി ജയിക്കണം കാലിടറുന്നു ജയിക്കാനാവില്ല ഇനിയും പൊരുതിയാൽ വധിക്കപ്പെടും വധിക്കപ്പെട്ടാൽ ? എല്ലാം നഷ്ടപ്പെടും ഓടിയാൽ സ്വന്തം ജീവനെങ്കിലും രക്ഷപ്പെടും പിന്തിരിഞ്ഞോടൽ തന്നെ ബുദ്ധി  

പെണ്ണുങ്ങളുടെയും കുട്ടികളുടെയും സമീപത്തു കൂടി മുശ്രിക്കുകൾ ജീവനും കൊണ്ടോടുന്നു സ്ത്രകളുടെ കൂട്ടക്കരച്ചിൽ ഉയർന്നു വരുന്നു നിങ്ങളെങ്ങോട്ടാണ് ഓടുന്നത് ഭീരുക്കളേ, നിങ്ങൾ ഭാര്യമാരേയും കുട്ടികളെയും ഉപേക്ഷിച്ചു ഓടുകയാണോ നാശം നിങ്ങൾക്കു നാശം സ്ത്രീകൾ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു അവരുടെ കൂട്ടക്കരച്ചിലിന്നോ ശാപവാക്കുകൾക്കോ ഓടിപ്പോവുന്നവരെ തടഞ്ഞുനിർത്താനായില്ല ശത്രുക്കൾ യുദ്ധക്കളത്തിൽ നിന്ന് പിന്തിരിഞ്ഞോടി വളരെ അകലെയെത്തി തങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും മറന്നുകൊണ്ടാണ് ഓടിയകന്നത് മുസ്ലിംസേന കുറേദൂരം അവരെ പിന്തുടർന്നു പലരേയും പിടികൂടി സ്ത്രീകളും കുട്ടികളുമടക്കം ആറായിരം പേരെ ബന്ദികളാക്കി പിടിച്ചടക്കിയ മുതലുകളുടെ കണക്കു പറയാം ഇരുപതിനായിരം ഒട്ടകങ്ങൾ നാല്പതിനായിരം ആടുകൾ നാലായിരം വെള്ളിനാണയങ്ങൾ യുദ്ധമുതലുകളും തടവുകാരെയും ജഅ്റാന എന്ന സ്ഥലത്തേക്ക് കൊണ്ടുപോയി.



സൈദ് (റ) വിന്റെ അന്ത്യം


നബി (സ) പല രാജാക്കന്മാരെയും ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തുകൾ അയച്ചിരുന്നു ദൂതന്മാരാണ് കത്ത് കൊണ്ടുപോവുക ദൂതന്മാരെ ഉപദ്രവിക്കാൻ പാടില്ലയെന്നത് പരക്കെ അംഗീകരിക്കപ്പെടുന്ന നിയമമാണ് ഒരിക്കൽ ഇതിനെതിരായ ഒരു സംഭവം നടന്നു നബി (സ) തങ്ങളുടെ ഒരു ദൂതൻ വധിക്കപ്പെട്ടു 

ബസറാ രാജാവിനെ ഇസ്ലാമിലേക്ക് ക്ഷണിക്കാൻ വേണ്ടി അയക്കപ്പെട്ടതായിരുന്നു ദൂതൻ അസ്ദി ഗോത്രക്കാരനായ ഹാരിസ്ബ്നു ഉമൈർ(റ) ആയിരുന്നു ദൂതൻ ഗസാസിൻ നാടുവാഴിയായ ശുറഹ്ബീൽ ദൂതനായ ഹാരിസ്(റ)വിനെ വധിച്ചു ഈ സംഭവം നബി(സ)തങ്ങളെ വല്ലാത വേദനിപ്പിച്ചു മുഅ്തത് എന്ന പ്രദേശത്തു വെച്ചായിരുന്നു ഈ സംഭവം 

നബി(സ) മുഅ്തതിലേക്ക് ഒരു സൈന്യത്തെ അയക്കാൻ തീരുമാനിച്ചു തന്റെ പ്രിയങ്കരനായ സൈദ്ബ്നു ഹാരിസ(റ)വിനെയാണ് സൈന്യാധിപനായി നിയോഗിച്ചത് സൈന്യം പുറപ്പെടുമ്പോൾ നബി(സ) തങ്ങൾ നൽകിയ ഉപദേശം ഇങ്ങനെയായിരുന്നു 

സൈദ് വധിക്കപ്പെട്ടാൽ ജഅ്ഫറുബ്നു അബീത്വാലിബ് സ്ഥാനമേൽക്കണം ജഅ്ഫർ വധിക്കപ്പെട്ടാൽ അബ്ദുല്ലാഹിബ്നു റവാഹ(റ) സ്ഥാനമേൽക്കണം അബ്ദുല്ലയും വധിക്കപ്പെട്ടാൽ നിങ്ങളുടെ കൂട്ടത്തിൽ നിന്നൊരാളെ നേതാവാക്കണം 

ഈ നിർദ്ദേശം യോദ്ധാക്കളെ വല്ലാതെ ചിന്തിപ്പിച്ചു വീര രക്തസാക്ഷികൾ പിറക്കാൻ പോകുന്നു 

മൂവായിരം പേരുള്ള സൈന്യം സുദീർഘമായ യാത്ര മുഅ്തത് വളരെ അകലെയാണ് കഠിനമായ കാലാവസ്ഥ മരുഭൂമിയിലൂടെ തുടർച്ചയായി യാത്ര ചെയ്തു മആൻ എന്ന സ്ഥലത്തെത്തി 

റോമാചക്രവർത്തി വിവരമറിഞ്ഞു ഗസാസിൻ ഭരണാധികാരിയെ സഹായിക്കാൻ റോമാചക്രവർത്തി ഒരു ലക്ഷം സൈനികരെ അയച്ചു 

സമീപഗോത്രങ്ങളിൽ നിന്നും അറേബ്യയിൽനിന്നുമായി ഒരു ലക്ഷം ക്രിസ്ത്യാനികൾ റോമാ സൈന്യത്തോടൊപ്പം ചേർന്നു 

മൂവായിരം പേർ രണ്ട് ലക്ഷത്തെ നേരിടുന്നു  യുദ്ധം തുടങ്ങി നബി (സ)യുടെ പതാക ഉയർത്തിപ്പിടിച്ചുകൊണ്ട് സൈദ്ബ്നു ഹാരിസ(റ) ശത്രുക്കൾക്കിടയിലേക്ക് കുതിച്ചു കയറി ശത്രുക്കളെ അരിഞ്ഞുവീഴ്ത്തിയുള്ള മുന്നേറ്റം 

അനേകം കുന്തങ്ങളും വാളുകളും അദ്ദേഹത്തിന്റെ ശരീരത്തിൽ പതിച്ചുകൊണ്ടിരുന്നു അദ്ദേഹം വെട്ടേറ്റു വീണു ധീര രക്തസാക്ഷിയായി 

കൊടി ജഅ്ഫറുബ്നു അബീത്വാലിബ് (റ) ഏറ്റെടുത്തു പൊരിഞ്ഞ യുദ്ധം നടന്നു ജഅ്ഫർ(റ) രക്തസാക്ഷിയായി അബ്ദുല്ലാഹിബ്നു റവാഹ (റ) യുദ്ധനേതൃത്വം ഏറ്റെടുത്തു അദ്ദേഹവും രക്തസാക്ഷിയായി 
ഖാലിദ്ബ്നു വലീദ്(റ) വിനെ നായകനാക്കി യുദ്ധം കൊടുമ്പിരി കൊണ്ടു 

രക്തസാക്ഷിത്വം കൊതിച്ചുള്ള യുദ്ധം 

അല്ലാഹുവിന്റെ സഹായം മുസ്ലിംകൾക്ക് ലഭിച്ചു ശത്രുസൈന്യം പിന്തിരിഞ്ഞോടി മുഅ്തത് യുദ്ധവിശേഷങ്ങൾ നബി (സ) തങ്ങൾക്ക് ലഭിച്ചു  മൂന്നു യുദ്ധനായകന്മാരുടെ മരണം നബി (സ) തങ്ങളെ വല്ലാതെ സങ്കടപ്പെടുത്തി നബി (സ) തങ്ങൾ രക്തസാക്ഷികളുടെ ഭവനങ്ങൾ സന്ദർശിച്ചു 

ഉമ്മുഐമനെ കാണാൻ നബി (സ) തങ്ങൾ വന്ന രംഗം മറക്കാനാവില്ല ഓമന മകൻ ഐമൻ ഹുനൈൻ രണാങ്കണത്തിൽ രക്തസാക്ഷിയായി ഇപ്പോഴിതാ പ്രിയഭർത്താവും യാത്രയായി ഇനി ഞാൻ? 

അവരുടെ കൊച്ചുമകൾ നബി (സ) തങ്ങളെ കെട്ടിപ്പിടിച്ചു കരഞ്ഞു നബി (സ) തങ്ങൾക്ക് ദുഃഖം നിയന്ത്രിക്കാനായില്ല പൊട്ടിക്കരഞ്ഞുപോയി 

സമീപത്തുണ്ടായിരുന്ന സഅദ്ബ്നു ഉബാദ(റ) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ എന്താണിത്?

'സ്നേഹിതന്റെ വേർപാടിൽ സ്നേഹത്തിന്റെ വിലാപം ' 



ഇരുപത് തികയാത്ത സൈന്യാധിപൻ


ഉമ്മാ....

ഉസാമ(റ) സ്നേഹപൂർവ്വം ഉമ്മയെ വിളിച്ചു മൂത്തമകൻ ഹുനൈനിൽ ശഹീദാവുന്നത് നേരിൽ കണ്ട ഉമ്മയാണിത് മുഅ്തതിൽ ഭർത്താവ് ശഹീദായ വിവരവും കിട്ടി ഉമ്മയുടെ മനസ്സ് ആടിയുലഞ്ഞുപോയി അവരെ ആശ്വസിപ്പിക്കാൻ ഉസാമ(റ)വിന് വാക്കുകളില്ല 

എന്താണ് മേനേ?  

ബാപ്പായുടെ അന്ത്യം ഞാൻ നേരിട്ട് കണ്ടതാണുമ്മാ? 

ഉമ്മ മകന്റെ മുഖത്തേക്കുറ്റുനോക്കി പതിനെട്ടു വയസ്സുള്ള മകൻ പതിഞ്ചാമത്തെ വയസ്സിൽ യുദ്ധത്തിനു വേണ്ടി ആയുധമണിഞ്ഞവനാണ് ഈ മകൻ 

ഖന്തഖ് യുദ്ധത്തിന് പോവുമ്പോൾ ഉസാമ(റ) വിന്റെ പ്രായം പതിനഞ്ച് വയസ്സായിരുന്നു 

ഉമ്മാ.... നബി(സ) തങ്ങളുടെ പതാകയുമായി ബാപ്പ യുദ്ധത്തിന് നേതൃത്വം നൽകി ശത്രുക്കളുടെ അണിയിലേക്ക് തുളച്ചു കയറി എത്രയോ പേരെ ബാപ്പ വകവരുത്തി ചുറ്റുഭാഗത്തുനിന്നും ശത്രുക്കൾ വളഞ്ഞു മാരകമായി മുറിവേറ്റു ശക്തിയറ്റ് ബാപ്പ നിലത്തു വീഴുന്നത് ഞാൻ കണ്ടു അപ്പോഴേയ്ക്കും ഞാൻ പരിസരം മറന്നിരുന്നു മോൻ അതിശക്തമായി പോരാടി 

മോനേ.... ഉമ്മാക്ക് തൃപ്തിയായി ഇസ്ലാം ദീനിന്നു വേണ്ടി ജീവൻ നൽകണം ശത്രുക്കൾക്കെതിരെ ധീരമായി പോരാടണം ഒരിക്കലും പിന്തിരിഞ്ഞോടരുത് 

ഇല്ല പിന്തിരിഞ്ഞോടില്ല മകൻ ഉമ്മാക്ക് വാക്കു കൊടുത്തു 

ഉമ്മയുടെയും മകന്റെയും മനസ്സിൽ നബി(സ) തങ്ങളോടുള്ള സ്നേഹം നിറഞ്ഞു കവിഞ്ഞു സ്വന്തം ജീവനെക്കാളേറെ അവർ റസൂൽ (സ)യെ സ്നേഹിക്കുന്നു 

നബി (സ) തങ്ങൾ മുതിർന്ന സ്വഹാബികളെ ഗൗരവമായി ചർച്ചക്ക് വിളിച്ചു ഇരുപത് വയസ്സ് തികയാത്ത ഉസാമ(റ) വിനെയും ക്ഷണിച്ചു 

റോമക്കാരുമായി യുദ്ധം വേണ്ടിവരും അവർ അതിർത്തി പ്രദേശങ്ങളിൽ കുഴപ്പങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു ഒരു സൈനിക നീക്കമില്ലാതെ അവരെ തടയാൻ മറ്റു മാർഗ്ഗങ്ങളൊന്നുമില്ല പെട്ടെന്നൊരു സൈന്യത്തെ സജ്ജമാക്കണം 
വിദൂരസ്ഥലത്ത് ചെന്ന് യുദ്ധം ചെയ്യാനുള്ള സൈന്യത്തെ സജ്ജമാക്കാൻ തുടങ്ങി  

അബൂബക്കർ സിദ്ദീഖ് (റ), ഉമർ(റ) , സഅദുബ്നു അബീവഖാസ്(റ) തുടങ്ങിയ പ്രമുഖന്മാരൊക്കെ സൈന്യത്തിലുണ്ട് മദീനയിലാകെ ഇപ്പോൾ സൈനിക നീക്കത്തെക്കുറിച്ചാണ് സംസാരം ആരായിരിക്കും സൈന്യാധിപൻ? 

നബി (സ) തങ്ങൾ സൈന്യാധിപനെ പ്രഖ്യാപിച്ചു ഉസാമ (റ) 

ആളുകൾ ഞെട്ടി ഇരുപത് തികയാത്ത ഒരു ചെറുപ്പക്കാരനാണോ സൈന്യാധിപൻ? 
നബി (സ) തങ്ങളുടെ കല്പനയല്ലേ ? അതുകൊണ്ട് എല്ലാവരും അനുസരിച്ചു 

ഉമ്മുഐമൻ (റ) വിവരമറിഞ്ഞു പ്രിയപുത്രന് ലഭിച്ച പദവിയെക്കുറിച്ചറിഞ്ഞപ്പോൾ അവർ അല്ലാഹുവിനെ വാഴ്ത്തി  സൈന്യം മദീന വിടുന്നതിനു മുമ്പു തന്നെ ദുഃഖവാർത്ത മദീനയിൽ പ്രചരിച്ചു 

നബി (സ) തങ്ങൾ രോഗബാധിതനായിരിക്കുന്നു സൈന്യം യാത്ര വൈകി 

ഉസാമ (റ) ഉൽക്കണ്ഠയോടെ ഓടിയെത്തി നബി (സ) തങ്ങളുടെ മുറിയിൽ പ്രവേശിച്ചു 

രോഗം കഠിനമാണ് സംസാരിക്കാൻ പറ്റുന്നില്ല ഉസാമ (റ) വിനെ കണ്ടു കുറേനേരം നോക്കിനിന്നു പിന്നെ കൈകൾ ഉയർത്തി മനസ്സുകൊണ്ട് ഉസാമ (റ) വിനു വേണ്ടി പ്രാർത്ഥിച്ചു പ്രാർത്ഥിച്ച ശേഷം ആ കൈകൾ ഉസാമ (റ) വിന്റെ ശരീരത്തിൽ വെച്ചു 

ഉമ്മുഐമൻ (റ) നബി (സ) ക്ക് രോഗം ബാധിച്ചത് മുതൽ വല്ലാത്ത ദുഃഖത്തിലാണ് 

റസൂൽ (സ) യുടെ രോഗം വർദ്ധിച്ചു ഒടുവിൽ മദീ ആ വാർത്ത കേട്ടു 

ലോകാനുഗ്രഹിയായ മുഹമ്മദ് മുസ്തഫ (സ) വഫാത്തായിരിക്കുന്നു സ്വഹാബികൾ സ്തബ്ധരായിപ്പോയി സമനില വീണ്ടെടുക്കാൻ സമയമെടുത്തു അന്ത്യപ്രവാചകരുടെ ദൗത്യം അവസാനിച്ചു അല്ലാഹു തന്റെ ദൂതനെ തിരിച്ചു വിളിച്ചു  

അബൂബക്കർ (റ) ഒന്നാം ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടു 

 ഉസാമ(റ)വിന്റെ നേതൃത്വത്തിലുള്ള സൈന്യം പുറപ്പെടാൻ ഖലീഫ കൽപനയിട്ടു 

കുറച്ചുകൂടി പ്രായമുള്ള ഒരാളെ സൈന്യാധിപനായി നിയോഗിക്കണമെന്ന അഭിപ്രായം വന്നു ആളുകളുടെ നിർബന്ധം കാരണം ഉമർ(റ) അക്കാര്യം ഖലീഫയെ ഉണർത്തി വളരെ ഗൗരവത്തിലായിരുന്നു ഖലീഫയുടെ മറുപടി 

'നിങ്ങളെന്താണീപ്പറയുന്നത്? നബി (സ) നിയോഗിച്ച ഒരു സൈന്യാധിപനെ ഞാൻ മാറ്റുകയോ? നടപ്പില്ല'

ഉമർ(റ) പെട്ടെന്ന് പിന്തിരിഞ്ഞു 

സൈന്യം പുറപ്പെടുകയാണ്  

സൈന്യാധിപൻ തന്റെ പിതാവിന്റെ കുതിരപ്പുറത്തിരിക്കുന്നു ഖലീഫ കൂടെ നടന്നു ഉപദേശങ്ങൾ നൽകുന്നു 

ഉസാമ (റ)  ഇങ്ങനെ പറഞ്ഞു അമീറുൽ മുഅ്മിനീൻ 
ഞാൻ നടക്കാം അങ്ങ് കുതിരപ്പുറത്ത് കയറണം അതിന് അതിന് വിരോധമുണ്ടെങ്കിൽ നമുക്കു രണ്ടാൾക്കും കുതിരപ്പുറത്തിരിക്കാം 

പാടില്ല അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നടന്ന് എന്റെ കാലിൽ കുറച്ചു പൊടിപിടിക്കട്ടെ നബി (സ) തങ്ങൾ നേരത്തെ നൽകിയ ഉപദേശമനുസരിച്ച് പ്രവർത്തിക്കുക എന്റെ  സഹായിയായി ഉമർ(റ) വിനെ മക്കയിൽ തന്നെ നിർത്തിത്തന്നാൽ ഉപകാരം ഉസാമ (റ) അനുവദിച്ചു  

സൈന്യം നീങ്ങി ലക്ഷ്യസ്ഥാനങ്ങളിലെല്ലാം എത്തി നബി(സ)യുടെ നിർദ്ദേശങ്ങൾ പാലിച്ചു വൻവിജയം നേടി അവർ നേടിയ യുദ്ധമുതലുകൾ കണ്ട് മദീനക്കാർ അമ്പരന്നുപോയി ഏത് പ്രതികൂല സാഹചര്യത്തെയും നേരിടാൻ മാത്രം സജ്ജമായിരുന്നു സൈന്യം ശാം, ഈജിപ്ത്, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് ഇസ്ലാം കടന്നുചെല്ലാനുള്ള വഴിയൊരുക്കിയത് ഉസാമ (റ) ആയിരുന്നു.



ഉമ്മു ഐമൻ (റ ) ഓർമ്മയായി


മദീനക്കാരെല്ലാം ഉസാമ(റ)വിനെക്കുറിച്ചാണ് സംസാരിക്കുന്നത് എന്തൊരു വൻവിജയം നേടിയാണ് ആ യുവസൈന്യാധിപൻ തിരിച്ചെത്തിയത് 

ഉമ്മു ഐമൻ (റ) അതു കേൾക്കുന്നു മകനെക്കുറിച്ചോർത്ത് അഭിമാനം കൊണ്ടു 

ഒരു ദിവസം ഖലീഫ അബൂബക്കർ (റ) തന്റെ കൂട്ടുകാരൻ ഉമർ (റ) വിന്നോടിങ്ങനെ പറഞ്ഞു 

റസൂൽ(സ) ഇടക്കിടെ ഉമ്മുഐമനെ കാണാൻ പോവാറുണ്ടായിരുന്നല്ലോ? നമുക്കും അവരെ സന്ദർശിക്കാം രണ്ടുപേരും നടന്നു വീട്ടിലെത്തി സലാം ചൊല്ലി സലാം മടക്കിയശേഷം ഉമ്മു ഐമൻ കരയാൻ തുടങ്ങി 

എന്തിനാണ് കരയുന്നത്? നബി (സ) തങ്ങൾക്ക് അല്ലാഹുവിൽ നിന്ന് ലഭിക്കാൻ പോവുന്നത് വളരെ മഹത്തായ പദവികളാണല്ലോ? 

അതെ അത് ശരിതന്നെ ആകാശത്തു നിന്ന് വഹ് യ്  ഇറങ്ങുന്നത് നിന്നു പോയല്ലോ എന്നോർത്താണ് ഞാൻ കരഞ്ഞത് 

ഈ മറുപടി കേട്ടപ്പോൾ അബൂബക്കർ (റ)വും ഉമർ (റ)വും കരഞ്ഞുപോയി ആ സുവർണ്ണകാലഘട്ടത്തിന്റെ ഓർമ്മകൾ മനസ്സിലുണർന്നു ഒരിക്കലും മടങ്ങിവരാത്ത കാലഘട്ടം 

ഒരിക്കൽ ഉമർ (റ) ഒരാൾക്കൂട്ടത്തിൽ നിൽക്കുകയായിരുന്നു അപ്പോൾ ഉസാമ(റ) അതുവഴി വന്നു സലാം പറയലും മടക്കലും കഴിഞ്ഞ ഉടനെ ഉമർ (റ) പറഞ്ഞു എന്റെ നേതാവിന് സ്വാഗതം  ഇതുകേട്ടപ്പോൾ ആളുകൾക്കതിശയം തോന്നി 

ഉസാമ (റ) ഉമർ(റ)വിന്റെ നേതാവോ? 

കാര്യം മനസ്സിലാക്കിയ ഉമർ (റ) ഇങ്ങനെ വിശദീകരണം നൽകി 

'അല്ലാഹുവിന്റെ റസൂൽ (സ) അദ്ദേഹത്തെ എന്റെ നായകനായി നിശ്ചയിച്ചു '

അബൂബക്കർ സിദ്ദീഖ് (റ) വിന്റെ കാലഘട്ടം കടന്നുപോയി ഉമ്മുഐമൻ (റ) അതിന് സാക്ഷി റൗളാശരീഫിൽ ഒരു ഖബർ കൂടിയായി റൗളാശരീഫിലേക്കു നോക്കുമ്പോൾ ഉമ്മുഐമൻ (റ)വിന്റെ ഖൽബ് ഇടറും നയനങ്ങൾ നിറഞ്ഞൊഴുകും ഉമറുൽ ഫാറൂഖ് (റ)വിന്റെ ഭരണകാലം ഇസ്ലാമിക ഭരണകൂടത്തിന്റെ സുവർണ്ണകാലം എന്തെല്ലാം ഭരണപരിഷ്കാരങ്ങൾ എല്ലാം മനസ്സിനെ സന്തോഷിപ്പിച്ചു ഇസ്ലാം വിദൂരദിക്കുകളിൽ വ്യാപിച്ചു 

ഉമ്മുഐമൻ (റ) വാർത്ത കേട്ട് സന്തോഷിച്ചു അല്ലാഹുവിനെ വാഴ്ത്തി ആ ദുഃഖവാർത്തയും  മഹതിക്ക് കേൾക്കേണ്ടി വന്നു രണ്ടാം ഖലീഫ വധിക്കപ്പെട്ടു  
റൗളാശരീഫിൽ ഒരു ഖബർ കൂടിയായി  

ഉസ്മാനുബ്നു അഫ്ഫാൻ (റ) വിന്റെ കാലഘട്ടം ഉമ്മുഐമ്മന്റെ മനസ്സിൽ ഓർമ്മകൾ കുലംകുത്തി ഒഴുകുകയാണ് താൻ വളർത്തിയെടുത്ത മക്കൾ നബി (സ) യുടെ മക്കൾ 

റുഖിയ്യ(റ) 

ഉമ്മുകുൽസൂം(റ) ഇരുവരും മരണപ്പെട്ടു ഉസ്മാൻ(റ)വിന്റെ ഭാര്യമാർ കാലം പിന്നെയും ഒഴുകി ഉസ്മാൻ (റ) വിന്റെ ഖിലാഫത്തിന്റെ ആദ്യഘട്ടം ഇസ്ലാമിക ചരിത്രത്തിലെ അവിസ്മരണീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച ഉമ്മുഐമൻ (റ)യുടെ ആയുസ്സ് അവസാനിക്കുകയാണ്  

പൊന്നുമോൻ ഉസാമ (റ) അല്ലാഹു തനിക്കു നൽകിയ മഹത്തായ അനുഗ്രഹം വാർദ്ധക്യകാലത്ത് തന്റെ ആശ്രയം പൊന്നുമോന് പഴയ സംഭവങ്ങൾ പലതും പറഞ്ഞുകൊടുത്തിട്ടുണ്ട് ഇസ്ലാം മതത്തിന്റെ പ്രാരംഭഘട്ടം മർദ്ദനങ്ങളുടെ കാര്യം നബി (സ) തങ്ങൾ മടിയിലും മാറിടത്തിലും കിടത്തി വളർത്തിയ കുട്ടി 
മോന്റെ മുഖത്തു നോക്കുമ്പോൾ എല്ലാ ദുഃഖങ്ങളും മറന്നുപോവുന്നു തനിക്ക് വയസ്സായി ക്ഷീണമുണ്ട് പൂർണ്ണമായ ഈമാനോട് കൂടി മരണപ്പെടണം ആ ഒരൊറ്റ ആശ മാത്രമേ അവശേഷിക്കുന്നുള്ളൂ സ്വന്തം മരണത്തെക്കുറിച്ചോർത്തപ്പോൾ മരിച്ചുപോയവരെക്കുറിച്ചോർത്തുപോയി 

സ്വന്തം മാതാപിതാക്കൾ അവരിൽ നിന്ന് ലഭിച്ച സ്നേഹവും വാത്സല്യവും അബ്ദുൽ മുത്തലിബിന്റെ കുടുംബത്തിനു വേണ്ടി സമർപ്പിക്കപ്പെട്ടതായിരുന്നു അവരുടെ ജീവിതം ഉമ്മ ബാപ്പമാർ മരണപ്പെട്ടിട്ട് കാലമെത്രയോ ആയി മനസ്സിനെ പിടിച്ചുലച്ച എത്രയെത്ര മരണങ്ങൾ  

അബ്ദുല്ലാ(റ) എന്നവർ യസ്രിബിൽ മരണപ്പെട്ടു എന്നറിഞ്ഞ് എത്രയാണ് കണ്ണീരൊഴുക്കിയത്  

അബവാഇൽ സ്വന്തം കൺമുമ്പിൽ വെച്ചായിരുന്നില്ലേ ആമിന(റ) യുടെ വഫാത്ത് 

രണ്ടു വർഷം അറേബ്യയെ ഞെട്ടിച്ച അബ്ദുൽ മുത്തലിബിന്റെ മരണം  

നബി (സ)തങ്ങളുടെ ഓരോ മക്കളുടെയും മരണം 

സ്നേഹത്തിന്റെ മനുഷ്യരൂപമായിരുന്ന ഖദീജ (റ)യുടെ വേർപാട് അതേ വർഷം നടന്ന അബൂത്വാലിബിന്റെ   മരണം 

ശപിക്കപ്പെട്ടവരുടെ മരണവും മറക്കാനാവില്ല അബൂലഹബിന്റെ നീചമായ മരണം 

അബൂജഹ്ലും ഉത്ബത്തും ശൈബത്തുമെല്ലാം മക്കയുടെ കരൾത്തുടിപ്പുകളായിരുന്നു

 ബദ്റിൽ എല്ലാവരും വധിക്കപ്പെട്ടു മക്കയുടെ വിങ്ങിപ്പൊട്ടൽ 

ഉഹ്ദിലെ അനുഭവങ്ങൾ ഹംസ (റ)വിന്റെ വധം ഖൈബറിൽ ഉമ്മുഐമൻ (റ) വളരെ സജീവമായിരുന്നു യോദ്ധാക്കൾക്കു പിന്നിൽ അവർ ഓടിനടന്നു ദാഹജലം നൽകി മുറിവേറ്റവരെ പരിചരിച്ചു വിശ്രമമില്ലാത്ത സേവനം മനസ്സ് പറിച്ചെടുക്കും പോലെയായിരുന്നുവല്ലോ ആ മരണവാർത്ത വന്നത് 

ലോകാനുഗ്രഹിയായ മുത്ത് മുഹമ്മദ് മുസ്തഫ (സ)തങ്ങളുടെ വേർപാട് രോഗം തുടങ്ങിയത് മുതൽ മദീന പട്ടണം വീർപ്പടക്കി നിൽക്കുകയായിരുന്നു ഓരോരുത്തരും ദുഃഖത്തിന്റെ പ്രതീകങ്ങളായി മാറി അവസാന നാളുകളിൽ ആഇശ(റ) യുടെ വീട്ടിലായിരുന്നു താമസം ഉമ്മുഐമൻ തളർന്നുപോയ നിമിഷങ്ങൾ വീട് നിറയെ ആളുകൾ പുറത്ത് ആൾക്കൂട്ടം പള്ളിനിറയെ സത്യവിശ്വാസികൾ രോഗനില അറിയാൻ തിടുക്കം കൂട്ടുകയാണവർ എല്ലാവർക്കും നബി (സ) തങ്ങൾ സ്വന്തക്കാരനായിരുന്നു എല്ലാവരുടെയും അഭയകേന്ദ്രം എല്ലാവരോടും സംസാരിക്കും ക്ഷേമം അന്വേഷിക്കും ഗുണദോഷിക്കും പ്രാർത്ഥിക്കും പിന്നെന്തു വേണം? 

നബി (സ) തങ്ങളെ ആ സമൂഹം സ്നേഹിച്ചു തുല്യതയില്ലാത്ത സ്നേഹം 

ആ സമൂഹം നബി (സ) തങ്ങളെ സ്നേഹിച്ചതുപോലെ ഒരു സമൂഹവും ഒരു നേതാവിനെയും സ്നേഹിച്ചിട്ടില്ല ഓരോ വ്യക്തിയും മനസ്സിൽ ഓമനിക്കുന്ന ഒരു ചിന്തയുണ്ട് ' നബി (സ) തങ്ങൾക്ക് എന്നോട്  പ്രത്യേകമായൊരു സ്നേഹമുണ്ട് പരിഗണനയുണ്ട്' 

സ്നേഹജനങ്ങളുടെ ആധിക്യം കാരണം ഉമ്മുഐമൻ (റ)ക്ക് പഴയതുപോലെ നബിതങ്ങളുടെ സമീപത്തേക്ക് ഓടിയെത്താൻ കഴിയുന്നില്ല 

ഓമന മകൾ ഫാത്വിമ (റ) താൻ എടുത്തു നടന്ന കുട്ടിയാണ് സ്വർഗ്ഗത്തിലെ സ്ത്രീകളുടെ നായിക പൊന്നുമോളുടെ മുഖം വാടിയിരിക്കുന്നു ഉപ്പായുടെ രോഗവിവരം അറിഞ്ഞതു മുതൽ മോൾ ദുഃഖിതയാണ് 

മോളേ....മോളെ ആശ്വസിപ്പിക്കാൻ ഈ ഉമ്മായുടെ കൈവശം വാക്കുകളില്ല മോളേ.....

നബിപത്നി ആഇശ(റ) സിദ്ദീഖ്(റ) വിന്റെ ഓമനമകൾ  
ഈ ഉമ്മുഐമനെ മനസ്സറിഞ്ഞ് സ്നേഹിച്ച പെൺകുട്ടി പൊന്നുമോളേ.... മോളുടെ മടിയിലായിരുന്നുവല്ലോ നബി (സ) തങ്ങൾ അവസാനമായി തലചായ്ച്ച് കിടന്നത് 

റസൂലുല്ലാഹി(സ) അവസാനമായി മൊഴിഞ്ഞ വാക്കുകൾ മോളുടെ കാതുകളാണല്ലോ കേട്ടത് അവസാന നിമിഷങ്ങൾ ആ മുഖത്ത് വന്ന ഭാവങ്ങൾ മോളുടെ കണ്ണുകളാണല്ലോ കണ്ടത് 

ആഇശാ.....പൊന്നുമോളേ.... മോൾ ആ മുഖത്തേക്ക് നോക്കി നോക്കിയിരിക്കുന്നതിനിടയിലാണല്ലോ ആ കണ്ണുകൾ അടഞ്ഞുപോയത്  ഉമ്മുഐമൻ (റ) യുടെ നയനങ്ങൾ നിറഞ്ഞൊഴുകി എല്ലാം ഈ ഉമ്മയുടെ ഓർമ്മയിലുണ്ട് മക്കളേ....

നബി (സ) തങ്ങളില്ലാത്ത ലോകം ഈ ലോകത്തോട് വിടപറയാറായി ജീവിതം തുടരും അങ്ങേ ലോകത്ത് പറയാനുള്ളത് പറഞ്ഞിട്ടുണ്ട്  ലോകാവസാനം വരെയുള്ള മുഅ്മിനീങ്ങളോട് ഉമ്മുഐമൻ (റ) പറഞ്ഞിട്ടുണ്ട് 

മക്കളേ 
നബി(സ) തങ്ങളെ സ്നേഹിക്കുക സ്വന്തം ജീവനെക്കാളേറെ അക്ഷരാർത്ഥത്തിൽ സ്നേഹിക്കുക നിങ്ങളുടെ മനസ്സിൽ മുഹമ്മദുറസൂലുല്ലാഹ് ' വേണം മനസ്സിൽ അതില്ലാത്ത അവസ്ഥയുണ്ടാവരുത് അങ്ങനെയായാൽ പൂർണമായ ഈമാനോടെ മരിക്കാം സന്തോഷകരമായ അന്ത്യം 

ഉമ്മുഐമൻ (റ) യാത്ര പുറപ്പെടുകയാണ് ഭൗതിക ജീവിതത്തോട് വിടചൊല്ലി അവരുടെ മനസ്സിൽ അല്ലാഹുവും റസൂൽ(സ) തങ്ങളും മാത്രം യാതൊരു പ്രയാസവുമില്ലാതെ അവർ തൗഹീദിന്റെ കലിമ ചൊല്ലി കണ്ണുകളടഞ്ഞു ശ്വാസം നിലച്ചു റൂഹ് ശരീരം വിട്ടു ഉന്നതസ്ഥാനത്തേക്കുയർന്നു ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ ഒ

ഒരു കാലഘട്ടത്തിന്റെ രോമാഞ്ചമായിരുന്ന ഉമ്മുഐമൻ (റ) സത്യവിശ്വാസികളുടെ മനസ്സിൽ ജീവിക്കും അന്ത്യനാൾ വരെ....          



--------------------------------------------------------------------------------------------------------------------------

കടപ്പാട് : ഈ ലേഖനം അലി അഷ്‌കർ ഉസ്താദിന്റെ ഫേസ്ബുക് പേജിൽ നിന്നും എടുത്തതാണ് . അദ്ധേഹത്തിന്റെ ആഗ്രഹപ്രകാരം ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ഉള്ളത് കൊണ്ട് ആ ഉസ്താദിന്റെ ഫേസ്ബുക് പേജും , മൊബൈൽ നമ്പറും ഇവിടെ കൊടുക്കുന്നു . 

📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
https://www.facebook.com/ALI-Ashkar-598105610263884/

No comments:

Post a Comment