Sunday 5 April 2020

അൽയസഅ് നബി (അ)







ഇസ്രാഈലി സമൂഹത്തിലേക്ക് നിയോഗിക്കപ്പെട്ട മഹാനായ പ്രവാചകനായിരുന്നു അൽയസഅ്(അ)

ഇൽയാസ് (അ)ന്ന് ശേഷം സത്യമാർഗ്ഗപ്രബോധകനായി രംഗത്തുണ്ടായിരുന്നത് അൽയസഅ്(അ) ആയിരുന്നു

അരീഹാപട്ടണം ഇസ്രാഈലി സമൂഹത്തിന്റെ അധീനതയിലായിരുന്നു വെള്ളത്തിന്ന് ഉപ്പുരസം വന്നു അക്കാലത്ത് ജനങ്ങൾ നേരിട്ട ഒരു ബുദ്ധിമുട്ട് അതായിരുന്നു

ഒരു കൂട്ടമാളുകൾ അൽയസഅ്(അ) നെ കാണാനെത്തി പരാതി പറഞ്ഞു

ധാരാളമാളുകൾ പങ്കെടുത്ത ഒരു സദസ്സിൽ വെച്ചു നബി പ്രാർത്ഥന നടത്തി അതിന്റെ ഫലമായി വെള്ളത്തിന്റെ ഉപ്പുരസം ഇല്ലാതായിത്തീർന്നു അൽയസഅ്(അ)ന്റെ മുഅ്ജിസത്തായി ഇത് രേഖപ്പെടുത്തുന്നു

മറ്റൊരു പ്രസിദ്ധമായ സംഭവം പറയാം

പട്ടിണികൊണ്ട് പൊറുതി മുട്ടിയ ഒരു സ്ത്രീ വന്നു നബിയോട് ദാരിദ്ര്യത്തെക്കുറിച്ചു പരാതി പറഞ്ഞു

'നിനക്ക് ഭർത്താവ് ഇല്ലേ?-' അൽയസഅ്(അ) ചോദിച്ചു

'ഉണ്ട് കടം കൊണ്ട് വലഞ്ഞവനാണ് ' -സ്ത്രീ പറഞ്ഞു

'നിന്റെ വീട്ടിൽ ആഹാരസാധനങ്ങളൊന്നുമില്ലേ?'

'യാതൊന്നും തന്നെയില്ല ഒരു ചെറിയ പാത്രത്തിൽ അല്പം നെയ്യ് ഉണ്ട് മറ്റൊന്നുമില്ല '

'മതി അത് കൊണ്ട് വരൂ'

സ്ത്രീ പോയി ചെറിയ പാത്രത്തിൽ നെയ്യ് കൊണ്ടുവന്നു നബി അത് വലിയ പാത്രത്തിലൊഴിച്ചു വലിയ പാത്രം നിറഞ്ഞു നെയ്യ് വേണ്ടവർക്കെല്ലാം വാങ്ങാം അൽയസഅ്(അ) ആഹ്വാനം ചെയ്തു അതനുസരിച്ചു ധാരാളമാളുകൾ നെയ്യ് വാങ്ങാനെത്തി വലിയൊരു തുക കിട്ടി

കടം തീർന്നു പിന്നെയും പണം ബാക്കി അത്കൊണ്ട് കച്ചവടം നടത്തുക സുഖമായി കുടുംബത്തെ പുലർത്തുക

സ്ത്രീയും ഭർത്താവും നടന്നുപോയി കച്ചവടം നടത്തി നല്ല ലാഭം കിട്ടി സുഖ ജീവിതമായി

ഒരിക്കൽ ഒരു ദുഃഖിതയായ സ്ത്രീ വന്നു

നിനക്കെന്ത് വേണം ? നീയെന്തിന് ദുഃഖിക്കുന്നു ?

അൽയസഅ്(അ)നോട് അവൾ ദുഃഖ കഥ പറഞ്ഞു വിവാഹം കഴിഞ്ഞിട്ട് കാലം കുറെയായി മക്കളില്ല

സന്താന സൗഭാഗ്യം സിദ്ധിക്കാനായി അൽയസഅ് (അ) പ്രാർത്ഥിച്ചു

ഏറെ കഴിഞ്ഞില്ല ആ കുടിലിൽ സന്തോഷമെത്തി സ്ത്രീ ഗർഭിണിയായി കുടുംബം ഒന്നാകെ സന്തോഷത്തിലായി മാസം തികഞ്ഞു കുഞ്ഞ് പിറന്നു

സന്തോഷത്തിനു പിന്നാലെ ദുഃഖമെത്തി
രോഗം കുഞ്ഞിന്ന് രോഗം ബാധിച്ചു ഏറെക്കാലം കാത്തിരുന്നിട്ട് കിട്ടിയ കുട്ടിയാണ് കുടുംബത്തിൽ ദുഃഖം തളം കെട്ടിനിന്നു

കേൾക്കാനാഗ്രഹിക്കാത്ത വാർത്ത പുറത്തു വന്നു
കുട്ടി മരിച്ചുപോയി മാതാവ് ഓടുകയാണ് ആർക്കും അവരെ തടുക്കാനായില്ല

അൽയസഅ്(അ) ന്റെ മുമ്പിലെത്തി കണ്ണീരോടെ അപേക്ഷിച്ചു അല്ലാഹുവിന്റെ നബിയേ
എന്റെ കുട്ടി മരിച്ചുപോയി എനിക്ക് സഹിക്കാനാവുന്നില്ല എനിക്കെന്റെ മോനെ തിരിച്ചു കിട്ടണം അല്ലാഹുവിനോട് പ്രാർത്ഥിക്കൂ....

ഉൽക്കണ്ഠയുടെ നിമിഷങ്ങൾ ജനക്കൂട്ടം കാത്തിരിക്കുകയാണ്

അൽയസഅ്(അ) പ്രാർത്ഥിച്ചു
അല്ലാഹു പ്രാർത്ഥന കേട്ടു
കുട്ടിക്ക് ജീവൻ തിരിച്ചുകിട്ടി
കുട്ടി ജീവിതത്തിലേക്ക് മടങ്ങി വന്നതോടെ എല്ലാവർക്കും സന്തോഷമായി

അൽയസഅ്(അ) ന്റെ മുഅ്ജിസത്തുകൾ വളരെ പ്രസിദ്ധമായിത്തീർന്നു

അൽയസഅ് (അ)നെക്കുറിച്ച് സൂറത്ത് അൽ-അൻആമിൽ പറയുന്നുണ്ട്

'ഇസ്മാഈലിനെയും അൽയസഇനെയും, യൂനുസിനെയും, ലൂത്വിനെയും നാം ലോകർക്കിടയിൽ ഉന്നതന്മാരാക്കിയിരിക്കുന്നു '(സൂറത്തുൽ അൽ അൻആം:86)

സൂറത്ത് സ്വാദിൽ ഇങ്ങനെ കാണാം

ഇസ്മാഈൽ,അൽയസഅ്, ദുൽകിഫ് ലി എന്നിവരെയും ഓർക്കുക അവരെല്ലാവരും തന്നെ ഉത്തമന്മാരിൽ പെട്ടവരായിരുന്നു (38:48)

അൽയസഅ്, ദുൽകിഫ് ലി എന്നീ പ്രവാചകന്മാരെക്കുറിച്ച് ഇങ്ങനെയുള്ള പരാമർശങ്ങൾ മാത്രമേ കാണുകയുള്ളൂ വിശദീകരണമില്ല

ഇൽയാസ് നബി (അ) ന്റെ പ്രതിനിധിയായിരുന്നു അൽയസഅ്(അ) പിന്നീട് പ്രവാചകനായി നിയോഗിക്കപ്പെട്ടു

ദുൽകിഫ് ലി (അ)നെക്കുറിച്ചു സൂറത്ത് അമ്പിയാഇൽ പരാമർശമുണ്ട്

അയ്യൂബ് നബി (അ) ന്റെ പുത്രനാണ് ദുൽകിഫ് ലി (അ) പിൻഗാമിയുമാണ്

അൽയസഅ്(അ) പിതൃവ്യപുത്രനാണെന്നും കാണുന്നുണ്ട് ദുൽകിഫ് ലി (അ) ശാമിൽ താമസിച്ചു വഫാത്താകുമ്പോൾ എഴുപത്തഞ്ച് വയസ്സ് പ്രായമുണ്ടായിരുന്നു

ഇസ്രാഈലി സന്തതികളുടെ വസന്തകാലമായിരുന്നു അൽയസഅ്(അ) ന്റെ കാലം എന്നു മനസ്സിലാക്കാം പ്രവാചകനെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്തു തൗറാത്തിന്റെ വിധിവിലക്കുകൾ നടപ്പിൽ വന്നു

അക്കാലത്തുള്ളവർ പ്രവാചകനെ വെല്ലുവിളിച്ചതായോ വധഭീഷണി മുഴക്കിയതായോ അറിയപ്പെടുന്നില്ല അവരുടെ രക്തത്തിലലിഞ്ഞ ചില സ്വഭാവ ദൂഷ്യങ്ങളുണ്ട് അത് പ്രകടിപ്പിച്ചിരിക്കാം

അൽയസഅ്(അ) തൗറാത്തിലേക്കാണ് ജനങ്ങളെ ക്ഷണിച്ചത് തൗറാത്തിലെ കല്പനകൾ പാലിക്കുക അതിൽ നിഷിദ്ധമാക്കിയ കാര്യങ്ങൾ ഒഴിവാക്കുക

ഇവ രണ്ടും ആ സമുദായം സ്വീകരിക്കുക അതിന്നവരെ പാകപ്പെടുത്തണമെങ്കിൽ കുറഞ്ഞ അധ്വാനമൊന്നും പോര നിരന്തരമായ കഠിനാധ്വാനം വേണം

പ്രശംസനീയമായ സേവനം തന്നെയാണ് അൽയസഅ്(അ) നടത്തിയത് രാവും പകലും അവരെ ക്ഷണിച്ചുകൊണ്ടിരുന്നു അവരോടൊപ്പം ജീവിച്ചു അനുസരണക്കേടിന്റെ പഴുതുകളെല്ലാം അടച്ചു ഒരു സമൂഹത്തെ കാത്തു സൂക്ഷിച്ചു തൽഫലമായി സമുദായം വഴിതെറ്റിപ്പോയില്ല നബിയുടെ അധ്വാനത്തെ വിശുദ്ധ ഖുർആൻ വാഴ്ത്തിപ്പറയുകയും ചെയ്തു

ഒരു സമൂഹം അവരുടെ പ്രവാചകനെ അനുസരിച്ചു കഴിഞ്ഞാൽ അല്ലാഹു അവർക്ക് കണക്കില്ലാത്ത അനുഗ്രഹങ്ങൾ ചൊരിഞ്ഞുകൊടുക്കും

ശുദ്ധ ജലം ഒരു സമൂഹത്തിന്ന് ലഭിക്കുന്ന വലിയ അനുഗ്രഹമാണ് അതിൽ ഉപ്പുരസം കലരുന്നത് ഒരു പരീക്ഷണമോ ശിക്ഷയോ ആകുന്നു

അൽയസഅ് നബി (അ) നെ സമീപിക്കുകയും പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയുമാണ് ആ സമുദായം ചെയ്തത് നബി പ്രാർത്ഥിച്ചു വെള്ളത്തിലെ ഉപ്പു രസം നീങ്ങിപ്പോവുകയും ചെയ്തു

അൽയസഅ്(അ) അവസാനം വരെ അവരോടൊപ്പം നിലയുറപ്പിച്ചു സന്മാർഗത്തിലൂടെ അവരെ നയിച്ചു തന്റെ ബാധ്യതകൾ നിറവേറ്റിയ ശേഷം അൽയസഅ്(അ) വഫാത്തായി 402 വർഷം ജീവിച്ചു നിസ്ത്തർ എന്ന സ്ഥലത്ത് ഖബറടക്കി എന്നെല്ലാം കാണുന്നുണ്ട് അൽയസഅ് (അ) ആരെയും പിൻഗാമിയായി നിയോഗിച്ചിരുന്നില്ല

ധാരാളം പണ്ഡിതന്മാരുണ്ട് അവർ തൗറാത്ത് ആഴത്തിൽ പഠിച്ചിട്ടുണ്ട് ഇനി ജനങ്ങളെ തൗറാത്തിലേക്ക് ക്ഷണിക്കേണ്ടത് പണ്ഡിതന്മാരാണ്

അൽയസഅ്(അ) ഇല്ലാത്ത ലോകം ഭയപ്പെടേണ്ട നേതാക്കന്മാർ ഇല്ലെന്ന തോന്നൽ ചിലരുടെ മനസ്സിൽ രൂപം കൊണ്ടു

പണ്ഡിതന്മാരുണ്ട് അവർ പ്രസംഗിക്കുന്നുണ്ട് നല്ല ഉപദേശങ്ങൾ നൽകുന്നുണ്ട്

എന്നിട്ടും പേടി തോന്നുന്നില്ല

അൽയസഅ്(അ) ന്റെ മുഖം കണ്ടാൽ തന്നെ വല്ലാത്തൊരു ഭീതിയായിരുന്നു തെറ്റുചെയ്യാൻ ഭയം കളവ് പറയാൻ കഴിയില്ല നല്ല കച്ചവടക്കാരുണ്ടായി കൃത്യമായ തുലാസ്സും അളവുപാത്രങ്ങളും ഉപയോഗിച്ചു മായമില്ല ചതിയില്ല എല്ലാവരും വിശ്വസ്ഥർ

ഇപ്പോൾ ചെറിയ തോതിൽ കളവും വഞ്ചനയും തുടങ്ങിയിട്ടുണ്ട് ആരെ പേടിക്കാൻ എന്ന ഭാവം

പേടിക്കേണ്ടത് അല്ലാഹുവിനെയാണ് ചതിയും, കളവും പാടില്ലെന്ന് പറഞ്ഞത് അല്ലാഹുവാണ്

അൽയസഅ്(അ) അല്ലാഹുവിന്റെ ദൂതനാകുന്നു സന്തോഷവാർത്ത അറിയിക്കുന്നവർ, മുന്നറിയിപ്പുകാരൻ.

ആ മുന്നറിയിപ്പ് ഇപ്പോഴും നിലവിലുണ്ട് അതിനെക്കുറിച്ച് പണ്ഡിതന്മാർ ഓർമപ്പെടുത്തുന്നുണ്ട് മനുഷ്യ മനസ്സുകളിൽ വേണ്ടതുപോലെ പതിയുന്നില്ല കാലം നീങ്ങുന്നു അൽയസഅ്(അ) വഫാത്തായിട്ട് ഒരു നൂറ്റാണ്ട് തികയുന്നു

അതിന്നിടയിൽ പ്രവാചകന്മാർ വന്നില്ല
അൽയസഅ്(അ) പറഞ്ഞ വാക്കുകൾ ആസ്പദമാക്കിയാണ് ജനങ്ങൾ ജീവിക്കുന്നത്

അൽയസഅ്(അ)ന്റെ കൂടെ കഴിഞ്ഞവർ കൂടെ പ്രാർത്ഥിച്ചവർ ആ വാക്കുകൾ കേട്ടവർ അവരെല്ലാം മരിച്ചുതീരുകയാണ് മരിക്കാതെ ബാക്കി നിന്നവർ വൃദ്ധന്മാരാണ്

പുതിയ തലമുറ വളരുന്നു
ജീവിതത്തിന്റെ എല്ലാ മേഖലയിലും അവർ നിറഞ്ഞു നിൽക്കുന്നു

അവർ അൽയസഅ്(അ) നെ കണ്ടിട്ടില്ല
കണ്ടവരെ കണ്ടിട്ടുണ്ട് ആ ഒരു ഗുണം അവർക്കു കിട്ടി
മുന്നൂറ് വർഷങ്ങൾ കടന്നുപോയിരിക്കുന്നു അൽയസഅ്(അ) വഫാത്തായ ശേഷം മുന്നൂറ് വർഷങ്ങൾ കടന്നു പോയിരിക്കുന്നു

പുതിയ തലമുറയുടെ അവസ്ഥയെന്താണ് ? അൽയസഅ്(അ) അവർക്കൊരു കേട്ടു കേൾവി മാത്രമാണ് എന്നോ ജീവിച്ചു പോയ ഒരാൾ

തൗറാത്ത് അവർ കാണുന്നുണ്ട്

അത് മൂസാ (അ)ന്ന് ഇറക്കപ്പെട്ടതാണെന്ന് അവർ കേട്ടിട്ടുണ്ട് അതനുസരിച്ചു ജീവിക്കണം അത് വിലക്കിയത് ഒഴിവാക്കണം ഇളം തലമുറ മുതിർന്നവരെ നോക്കുന്നു വഴിപിഴച്ച ജീവിതം കാണുന്നു അതിനെ അനുകരിക്കുന്നു ഇടയനില്ലാത്ത ആട്ടിൻ കൂട്ടം അതാണവസ്ഥ ആട്ടിൻകൂട്ടങ്ങൾ വഴിതെറ്റി ഓടുന്നു നിയന്ത്രിക്കാനാളില്ല

പിശാചിന്റെ നിയന്ത്രണം അതവരെ നാശത്തിലേക്ക് മാത്രമാണ് നയിക്കുക

ക്രൂരനായ ശദ്ദാദിന്റെ സൈന്യനായകനായിരുന്നു ജാലൂത്ത് ഒരു വൻ സൈന്യം വരുന്നു ജാലൂത്തിന്റെ നേതൃത്വത്തിൽ ഇസ്രാഈല്യരെ അവർ അടിച്ചോടിക്കും സ്വന്തം നാട് അന്യാധീനപ്പെടും നിരവധി പേർ വധിക്കപ്പെടും അതിലേറെപ്പേർ അടിമകളായിത്തീരും ഈ പ്രതിസന്ധിഘട്ടത്തിൽ അവരിലേക്ക് ഒരു പ്രവാചകൻ വരുന്നു

നബിയുല്ലാഹി ശംവീൽ (അ) വഴി തെറ്റി ജീവിച്ച ഇസ്രാഈല്യർ മറ്റൊരു മഹാവിപത്ത് നേരിടാൻ പോവുകയാണ് ......


ഈ ചരിത്രം ഇവിടെ നിർത്തുന്നു . മഹാനായ ശംവീൽ (അ) യെപ്പറ്റി വായിക്കുവാൻ ഈ ലിങ്ക് ഉപയോഗപ്പെടുത്തുക

http://nanmyudepookkal.blogspot.com/2019/04/blog-post_17.html


--------------------------------------------------------------------------------------------------------------------------

കടപ്പാട് : ഈ ലേഖനം അലി അഷ്‌കർ ഉസ്താദിന്റെ ഫേസ്ബുക് പേജിൽ നിന്നും എടുത്തതാണ് . അദ്ധേഹത്തിന്റെ ആഗ്രഹപ്രകാരം ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ഉള്ളത് കൊണ്ട് ആ ഉസ്താദിന്റെ ഫേസ്ബുക് പേജും , മൊബൈൽ നമ്പറും ഇവിടെ കൊടുക്കുന്നു . 

📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣

No comments:

Post a Comment