Monday 13 April 2020

ജിന്നുകളുടെ ലോകം







അല്ലാഹു ത'ആല ഖുർആൻ ശരീഫിൽ ഒരു അദ്ധ്യായം തന്നെ ജിന്നിനെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട് . അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഒരു പ്രത്യേക വിഭാഗമാണ് ജിന്നുകള്‍. മനുഷ്യരെ പോലെ വിവേകികളാണിവര്‍. ജിന്നുകളുടെ അസ്തിത്വം ഖുര്‍ആനും ഹദീസും കൊണ്ട് സ്ഥിരപ്പെട്ടതാണ്. മുഅ്തസിലുകളില്‍ ഭൂരിപക്ഷവും ചില ഫിലോസഫേര്‍സും അജ്ഞരായ മറ്റു ചിലരും ഒഴികെ എല്ലാ പണ്ഡിതന്മാരും ജിന്നുവര്‍ഗത്തെ അംഗീകരിക്കുന്നുണ്ട്.

മനുഷ്യനെക്കാള്‍ മുമ്പെ സൃഷ്ടിക്കപ്പെട്ടവരാണ് ജിന്നുകള്‍. അവര്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിച്ചു. തത്ഫലമായി അവരെ നശിപ്പിക്കാന്‍ അല്ലാഹു കല്‍പ്പിച്ചു.അത് കൊണ്ടാണ് മലക്കുകള്‍ അല്ലാഹുവിനോട് ചോദിച്ചത്.ഭൂമിയില്‍ കുഴപ്പങ്ങളും രക്തച്ചൊരിച്ചിലും ഉണ്ടാക്കുന്ന ഒരു വര്‍ഗത്തെ നീ സൃഷ്ടിക്കുകയാണോ.(അല്‍ബഖറ)

മലക്കുകളെപ്പോലെത്തന്നെ നമ്മുടെ ദൃഷ്ടിക്ക് കാണ്മാൻ കഴിയാത്ത ഒരു തരം ആത്മീയ ജീവികളത്രെ ജിന്ന് വർഗ്ഗം. മലക്കുകളുടെ ആവാസസ്ഥാനം ആകാശങ്ങളാകുന്നു. എന്നാൽ ജിന്നുകളാകട്ടെ ഭൂവാസികളാണ്. മനുഷ്യര്‍ മണ്ണിനാലും, ജിന്നുകൾ അഗ്നിയാലും സൃഷ്ടിക്കപ്പെട്ടവരാണെന്ന് ഖുർആൻ ഒന്നിലധികം സ്ഥലത്ത് പ്രസ്താവിച്ചിരിക്കുന്നു. മലക്കുകൾ പ്രകാശത്താലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് ഹദീഥിലും വന്നിട്ടുണ്ട്. മലക്കുകളെ സംബന്ധിച്ചെന്നപോലെ ജിന്നുകളെക്കുറിച്ചും അല്ലാഹുവും അവന്റെ പ്രവാചകന്മാരും അറിയിച്ചു തരുന്നതല്ലാതെ കൂടുതൽ വിവരം നമുക്കു അറിയുവാൻ സാധ്യമല്ല.

മുസ്‌ലിംകളെ സംബന്ധിച്ച് പറയുകയാണെങ്കിൽ ഖുര്‍ആനും നബിവചനങ്ങളും മുഖവിലക്കു സ്വീകരിക്കാൻ തയ്യാറില്ലാത്തവരും, ശാസ്ത്രത്തിനും യുക്തിവാദത്തിനും അടിമപ്പെട്ടും ഭൗതിക ചിന്താഗതി പിടിപെട്ടുംകൊണ്ടിരിക്കുന്നവരും മാത്രമേ ജിന്നു വർഗ്ഗത്തെയും  മലക്കു വർഗ്ഗത്തെയും നിഷേധിക്കുന്നുള്ളൂ. തങ്ങൾ ഖുര്‍ആനെ നിഷേധിക്കുന്നവരല്ലെന്നു വരുത്തിത്തീര്‍ക്കുമാറ് എത്രയോ ഖുര്‍ആൻ വചനങ്ങളെ അവർ ദുര്‍വ്യാഖ്യാനം ചെയ്തു സംതൃപ്തരാകേണ്ടി വന്നിട്ടുണ്ട്. ഹദീഥുകളുടെ നേരെ കണ്ണടച്ചും, യുക്തിന്യായങ്ങൾ പറഞ്ഞും തള്ളിക്കളയുകയും ചെയ്യും. അപരിഷ്കൃതരായ മനുഷ്യവിഭാഗത്തെക്കുറിച്ചാണ് ജിന്നുകളെന്നു പറയുന്നതെന്നാണ് അവരുടെ ജല്പനം.

ജിന്ന്, ജാന്ന്, ജിന്നിയ്യ എന്നീ സംജ്ഞകള്‍ ഈ വര്‍ഗത്തിന് ഉപയോഗിച്ചുവരുന്നു. ‘മറഞ്ഞു’ എന്നര്‍ത്ഥം വരുന്ന ‘ജന്ന’ എന്ന ധാതുവില്‍ നിന്നാണ് ഇവയുടെയെല്ലാം ഉത്ഭവം. മനുഷ്യന്റെ ബാഹ്യ നേത്രങ്ങള്‍ക്ക് അദൃശ്യമായതിനാലാണ് ‘ജിന്ന്’ എന്ന് പ്രയോഗിച്ചതെന്ന് ഇബ്‌നുഉഖൈല്‍ പറയുന്നുണ്ട്. ഇതിനാലാവണം, ശരീരത്തെ കാക്കുന്ന പരിചക്ക് ‘ജന്ന്’ എന്നും ബുദ്ധിയെ മറക്കുന്ന (ഭ്രാന്തിന് ‘ജുനൂന്’ എന്നും പറയുന്നത്. മക്കള്‍ക്കും ഇതേ അര്‍ത്ഥത്തില്‍ ‘ജിന്ന്’ എന്ന് പ്രയോഗിക്കാറുണ്ട്.

അല്ലാഹുവില്‍ വിശ്വസിച്ച വിഭാഗത്തിനാണ് സാധാരണയായി ജിന്ന് എന്ന് പറയാറ് (അല്‍കൗകബുല്‍ അജജ്).

എന്നാല്‍ ‘അകന്നു’ എന്നര്‍ത്ഥമുള്ള ‘ശത്വന്’ ധാതുവില്‍ നിന്നുള്ള ശൈത്വാന്‍, ജിന്ന് വര്‍ഗത്തില്‍ പെട്ട അവിശ്വാസികള്‍ക്കാണ് പ്രയോഗിക്കാറ്. ജിന്നും ശൈതാനും (പിശാചും) ഒരേ വര്‍ഗമാണെന്നാണ് പ്രബലാഭിപ്രായം. അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് അകന്നതിനാലാണ് ഈ പ്രയോഗം. ഇവരില്‍ നിന്നു തന്നെ ശക്തിയുള്ളവരെ ഇഫ്‌രീത്ത് എന്നും വിളിക്കും.

അബ്‌ലസ് എന്ന പദത്തില്‍ നിന്നാണ് ഇബ്‌ലീസ് എന്ന പ്രയോഗം വന്നത്. അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് നിരാശനായി എന്നാണര്‍ത്ഥം. ഇവര്‍ ജിന്നോ-മലക്കോ എന്ന വിഷയത്തില്‍ അഭിപ്രായാന്തരമുണ്ട്. ജിന്ന് എന്നതാണ് പ്രബലം.

ജിന്ന് എന്ന പദം വിശുദ്ധ ഖുര്‍ആനില്‍ നാല്‍പതോളം സ്ഥലങ്ങളിലുണ്ട്. പതിനൊന്ന് സ്ഥലങ്ങളില്‍ ‘ഇബ്‌ലീസ്’ എന്ന പദവും ഒരു സ്ഥലത്ത് ‘ഇഫ്‌രീത്തും’ പ്രയോഗിച്ചിട്ടുണ്ട്. ജിന്നുകളുടെ സൃഷ്ടിപ്പ്, ആരാധന, വിവാഹം, സന്താനോല്‍പാദനം, മരണം, സ്വര്‍ഗപ്രവേശനം തുടങ്ങി ജിന്നുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങള്‍ ഖുര്‍ആനില്‍ പ്രതിപാദിക്കുന്നുണ്ട്.

മനുഷ്യ സൃഷ്ടിപ്പിന് മുമ്പ് തന്നെ തീയില്‍ നിന്ന് ജിന്നുകളെ സൃഷ്ടിച്ചുവെന്ന് ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്. ”തീര്‍ച്ചയായും നാം മുട്ടിയാല്‍ ശബ്ദിക്കുന്ന മൃദുലമായ കളിമണ്ണില്‍ നിന്ന് നിങ്ങളെ സൃഷ്ടിച്ചു. അതിനു മുമ്പു ഞാന്‍ ജിന്നുകളെ അതികഠിനമായ ചൂടുള്ള അഗ്നിജ്വാലയില്‍ നിന്നും സൃഷ്ടിച്ചു. (അല്‍ഹിജ്ര്‍: 26,27).

ഒരു ഹദീസില്‍ ഇബ്‌നു അബ്ബാസ്(റ) ഉദ്ധരിക്കുന്നു: മനുഷ്യനെ പടക്കുന്നതിന്റെ 2000 വര്‍ഷങ്ങള്‍ക്കപ്പുറം ഭൂമിയില്‍ ജിന്നുകളുണ്ടായിരുന്നു. രക്തചൊരിച്ചിലുണ്ടാക്കിയതിനെ തുടര്‍ന്ന് അവരെ ഒതുക്കാനും ദ്വീപുകളിലേക്ക് അകറ്റാനുമായി മലക്കുകളെ നിയോഗിച്ചു. അതിനാലാണ് സൂറതുല്‍ ബഖറ 30-ാം സൂക്തത്തില്‍ അല്ലാഹു ‘ഞാന്‍ മനുഷ്യനെ ഭൂമിയില്‍ നിയോഗിക്കുന്നു’ വെന്ന് പറഞ്ഞപ്പോള്‍ മലക്കുകള്‍ ‘ഇവിടെ കുഴപ്പങ്ങളുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്ന വിഭാഗത്തെയാണോ എന്ന് ചോദിച്ചത് (അല്‍ഹാകിം).

എല്ലാ ജീവികളും പരസ്പരം ആശയവിനിമയം നടത്തുന്നവരാണ്. ജിന്നുകള്‍ അവരുടെ ഭാഷയില്‍ സംഭാഷണം നടത്തുന്നുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അല്ലാഹു പറയുന്നു: ”നബിയെ പറയുക, ജിന്നുകളില്‍ നിന്ന് ഒരു സംഘം ഖുര്‍ആന്‍ ശ്രദ്ധിച്ചുകേട്ടു എന്ന് എനിക്ക് ദിവ്യജ്ഞാനം നല്‍കപ്പെട്ടിരിക്കുന്നു. അവര്‍ (ജിന്നുകളില്‍ ചിലര്‍ മറ്റുള്ളവരോട്) പറഞ്ഞു. ഞങ്ങള്‍ അത്ഭുതകരമായ ഖുര്‍ആന്‍ കേട്ടു. അതു സന്മാര്‍ഗത്തിലേക്കു നയിക്കും. ഞങ്ങള്‍ അതില്‍ വിശ്വസിച്ചിരിക്കുന്നു. ഇനിയൊരിക്കലും ഞങ്ങളുടെ രക്ഷിതാവില്‍ മറ്റാരെയും പങ്കു ചേര്‍ക്കുകയില്ല (സൂറതുല്‍ ജിന്ന്).

ജിന്നുകള്‍ പരസ്പരം സംഭാഷണം നടത്തുന്നു എന്നതിന് ഈ സൂക്തം തെളിവുനല്‍കുന്നു. സൂറത്തുന്നംലിലെ ജിന്നുകളില്‍ പെട്ട ഒരു ഇഫ്‌രീത് (സുലൈമാന്‍ നബിയോട്) പറഞ്ഞു: എന്ന സൂക്തം ജിന്നുകള്‍ മനുഷ്യരുമായും സംസാരിച്ചുവെന്ന് വ്യക്തമാക്കുന്നു. എന്നാല്‍ സാധാരണ മനുഷ്യന്റെ പരിമിതമായ അറിവില്‍ അവരുടെ ഭാഷ ഗ്രാഹ്യമാവണമെന്നില്ല. സുലൈമാന്‍ നബി(അ)മിനു പക്ഷികളുടെ ഭാഷ പഠിപ്പിച്ചുവെന്നും ഉറുമ്പ് സംസാരിച്ചതായും ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.

മതവിധികള്‍ ജിന്നുകള്‍ക്ക് ബാധകമാണെന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. ഗ്രാഹ്യശക്തിയും വിവേകവുമുള്ളവര്‍ക്ക് മനുഷ്യരെ പോലെ മതവിധികള്‍ ബാധകമാണെന്ന് പണ്ഡിതന്മാര്‍ ഏകോപിച്ചതായി ഇമാം റാസി(റ) ഉദ്ധരിക്കുന്നു.

അല്ലാഹു പറയുന്നു: ”മനുഷ്യ-ജിന്നു വര്‍ഗത്തെ എന്നെ ആരാധിക്കുന്നതിനു വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല” (അദ്ദാരിയാത്ത്: 56).


നബി(സ്വ) പറയുന്നു: ”എല്ലുകൊണ്ട് ശൗച്യം ചെയ്യരുത്. കാരണം അത് ജിന്നുകളില്‍പെട്ട നിങ്ങളുടെ സഹോദരങ്ങളുടെ ആഹാരമാണ്.” ഇങ്ങനെ ഒട്ടേറെ ഖുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളും ജിന്നുകളുടെ അസ്തിത്വം സ്ഥിരീകരിക്കുന്നുണ്ട്.


ജിന്നിനെ സ്വപ്‌നം കണ്ടാല്‍

ജിന്നിനെ ചികിത്സിക്കുന്നതായി ഒരാള്‍ സ്വപ്‌നം കണ്ടാല്‍ അവന്‍ ചതിയന്മാരോടും വഞ്ചകന്മാരോടും കയര്‍ക്കും എന്നാണ്‌ സൂചന. ജിന്നിന്‌ ഖുര്‍ആന്‍ പഠിപ്പിച്ചു കൊടുക്കുന്നതായി സ്വപ്‌നം കണ്ടാല്‍ നേതൃത്വവും ഉന്നത പദവിയും ലഭിക്കുമെന്നാണ്‌ സാരം. തന്റെ വീട്ടില്‍ ജിന്ന്‌ കയറുന്നതായി ഒരാള്‍ സ്വപ്‌നം കണ്ടാല്‍ അവന്‍ കള്ളനെ ഭയപ്പെട്ടു കൊള്ളട്ടെ! (ഹയാത്തുല്‍ ഹയവാന്‍).

ചില വിശ്വാസങ്ങള്‍

കുറുക്കന്മാര്‍ ജിന്നുകളുടെ വാഹനമാണെന്നാണ്‌ ബദവികള്‍ (ഗ്രാമവാസിയായ അറബികള്‍) ധരിച്ചിരുന്നത്‌. കുറുക്കനെ വേട്ടയാടിയാല്‍ ധനനഷ്‌ടമുണ്ടാകുന്നത്‌ കൊണ്ട്‌ അതിനെ വേട്ടയാടല്‍ അവര്‍ ഇഷ്‌ടപ്പെടുന്നില്ല (ഹയാത്തുല്‍ ഹയവാന്‍). ജാഹിള്‌ പറയുന്നു: ജാഹിലിയ്യ കാലഘട്ടത്തില്‍ അറബികള്‍ പറയുമായിരുന്നു: ആരെങ്കിലും മുയലിന്റെ ഞെരിയാണിയെല്ല്‌ തന്റെ ശരീരത്തില്‍ ബന്ധിപ്പിച്ചാല്‍ അവന്‌ ജിന്നുകളുടെ കണ്ണേറുണ്ടാവുകയോ സിഹ്‌റ്‌ ബാധിക്കുകയോ ഇല്ല (ഹയാത്തുല്‍ ഹയവാന്‍).


ശത്രു

എല്ലാ പ്രവാചകന്മാര്‍ക്കും ഔലിയാക്കള്‍ക്കും മനുഷ്യ ജിന്ന്‌ വര്‍ഗ്ഗങ്ങളില്‍ നിന്നും ശത്രുവിനെ അല്ലാഹു സൃഷ്‌ടിച്ചിട്ടുണ്ട്‌. ജിന്നുകളിലെ പിശാചുക്കള്‍ മനുഷ്യ പിശാചുകളിലേക്ക്‌ ദുര്‍ബോധനം നടത്തുകയും മനുഷ്യപിശാചുക്കള്‍ സത്യപാത അന്വേഷിച്ച്‌ നടക്കുന്നവരുടെ അടുക്കലെത്തി വഞ്ചനയില്‍ അകപ്പെടുത്തുകയും ചെയ്യും. (ബഹ്‌റുല്‍ മദീദ്‌)


ജിന്നില്‍ നിന്നും സംരക്ഷണം

ഇബ്‌നു മര്‍ദവൈഹി അബൂ ഉമാമ (റ)യെ തൊട്ട്‌ ഉദ്ധരിക്കുന്നു: ഒരാള്‍ മൂന്ന്‌ പ്രാവശ്യം പിശാചില്‍ നിന്നും കാവല്‍ തേടിയ ശേഷം സൂറത്തുല്‍ ഹശ്‌റിന്റെ അവസാന ഭാഗം ഓതിയാല്‍ അവനിലേക്ക്‌ എഴുപതിനായിരം മലക്കുകളെ നിയോഗിക്കും. അവര്‍ മനുഷ്യ ജിന്നുകളിലെ പിശാചുക്കളുടെ ഉപദ്രവത്തില്‍ നിന്നും ഇവനെ #േസംരക്ഷിക്കും. രാത്രിയിലാണെങ്കില്‍ പ്രഭാതം വരെയും പകലിലാണെങ്കില്‍ വൈകുന്നേരം വരെയും ഇത്‌ ഉണ്ടാവും (അദ്ദുര്‍റുല്‍ മന്‍സൂര്‍).

ഉബാദത്ത്‌ ബ്‌നു സാമിത്‌ (റ) പറയുന്നു: നിങ്ങള്‍ രാത്രിയില്‍ നിസ്‌കരിക്കുമ്പോള്‍ ഖുര്‍ആന്‍ പാരായണം ഉറക്കെയാക്കണം. കാരണം അത്‌ മലക്കുകള്‍ ശ്രദ്ധിച്ച്‌ കേള്‍ക്കും. അവന്റെ വീടിന്‌ ചുറ്റുഭാഗത്തെ തെമ്മാടികളായ പിശാചുക്കളെയും ഉപദ്രവകാരികളായ ജിന്നുകളെയും അകറ്റപ്പെടും.


പിടിച്ച്‌ കെട്ടപ്പെടുന്ന ജിന്ന്‌


റമളാന്‍; മുസ്‌ലിം ഉമ്മത്തിന്‌ കനിഞ്ഞേകിയ അസുലഭ മുഹൂര്‍ത്തം. നാഥനിലേക്ക്‌ അടുക്കാന്‍ ഉപയുക്തമായ സല്‍കര്‍മ്മങ്ങളെ കൊണ്ട്‌ അതിനെ പുഷ്‌ക്കലമാക്കണം. പതിനൊന്ന്‌ മാസം പിശാചിന്റെ വലയില്‍ കുടുങ്ങിയവര്‍ക്ക്‌ അവന്റെ വല പൊട്ടിച്ചെറിയാന്‍ പറ്റിയ അനുഗൃഹീത രാപകലുകള്‍ പിശാചുക്കളെ നാഥന്‍ തന്നെ പിടിച്ചുകെട്ടി അതിനായി നമുക്ക്‌ അവസരങ്ങള്‍ ഒരുക്കിത്തരുന്നു.

ഇമാം തുര്‍മുദിയും ഇബ്‌നുമാജയും റിപ്പോര്‍ട്ട്‌ ചെയ്യുന്നു: ``റമളാനിന്റെ ആദ്യരാത്രിയായാല്‍ പിശാചുക്കളെയും പ്രശ്‌നകാരികളായ ജിന്നുകളെയും ചങ്ങലയില്‍ ബന്ധിപ്പിക്കപ്പെടും''.

റമളാനില്‍ പിശാചുക്കളെ ചങ്ങലക്കിടുമെങ്കിലും റമളാനില്‍ പിശാചിന്റെ ശല്യം ഉണ്ടാവുന്നത്‌ നാം കാണാറുണ്ടല്ലോ? എന്ന സംശയം അസ്ഥാനത്തല്ല. ഈ ഹദീസ്‌ പലരീതിയിലും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്‌. ചിലത്‌ മാത്രം കുറിക്കാം. ഇതില്‍ നിന്നും മേല്‍ സംശയത്തിന്‌ മറുപടിയും ലഭ്യമാണ്‌.

റമളാനില്‍ പിശാചുക്കളുടെ ശല്യം കുറയും എന്നാണ്‌ ഒരു വ്യാഖ്യാനം. അപ്പോള്‍ റമളാനല്ലാത്ത മാസങ്ങളില്‍ പിശാചിന്റെ ശല്യം ഉണ്ടാവുന്നത്ര റമളാനില്‍ ഉണ്ടാവുകയില്ലെന്ന്‌ ചുരുക്കം.

ചങ്ങലയ്‌ക്ക്‌ ഇടുമെന്ന പ്രത്യക്ഷാര്‍ത്ഥം തന്നെ ഹദീസ്‌ കൊണ്ട്‌ വിവക്ഷിക്കുന്നു. അപ്പോള്‍ റമളാനില്‍ പിശാചിന്റെ ശല്യം ഉണ്ടാവില്ലെന്നായി സാരം. എന്നാല്‍ റമളാനല്ലാത്ത മാസത്തില്‍ പിശാച്‌ നടത്തിയ അമിതമായ ആധിപത്യത്തിനാല്‍ റമളാനില്‍ ചിലത്‌ പ്രകടമാകുന്നു.


മുതലിന്റെ കാവല്‍


പിശാചുക്കളെയും ജിന്നുകളെയും അധീനപ്പെടുത്തി മുതലിന്‌ കാവലേര്‍പ്പെടുത്തുന്ന വിഷയം നാം കേട്ടിട്ടുണ്ട്‌. അതുപോലെ ജിന്നുകള്‍ സ്വമേധയാ കാവലിരുന്നേക്കാം. ഇത്‌ സംബന്ധമായി റൂഹുല്‍ ബയാനില്‍ സൂറത്തുല്‍ ഫീലിന്റെ വിശദീകരണത്തില്‍ ഈ ആശയം കാണാം. ആനപ്പടയുമായി വന്ന അബ്‌റഹത്തിനെയും സൈന്യത്തെയും അല്ലാഹു തുരത്തി. എന്ന്‌ മാത്രമല്ല, കഅ്‌ബയെ നശിപ്പിച്ചാല്‍ അവര്‍ നിര്‍മ്മിച്ച അവരുടെ ഒരു പള്ളി ജനനിബിഡമാകും എന്ന ലക്ഷ്യവും അല്ലാഹു നടപ്പിലാക്കിയില്ല. പിന്നീട്‌ ആ പള്ളിയുടെ ചുറ്റുഭാഗങ്ങളിലായി പാമ്പുകളും വന്യമൃഗങ്ങളും പ്രശ്‌നക്കാരായ ജിന്നുകളും അവരുടെ താവളമാക്കി. ആ പള്ളിയില്‍ നിന്നും വല്ലതും എടുക്കാന്‍ തുനിഞ്ഞാല്‍ ജിന്ന്‌ ബാധയേല്‍ക്കല്‍ പതിവായിരുന്നു. പിന്നീട്‌ അത്‌ നശിപ്പിക്കപ്പെടുകയും അതില്‍ നിന്നും അമൂല്യമായ പലതും ലഭിക്കുകയും ചെയ്‌തു.
സല്‍കര്‍മ്മങ്ങളിലെ പങ്കാളികള്‍

ജിന്നുകളില്‍ സദ്‌വൃത്തരും ഉണ്ടല്ലോ? മനുഷ്യരുടെ സല്‍കര്‍മ്മങ്ങളില്‍ പങ്കാളികളാകുകയും അവരുടെ ഇബാദത്തുകളില്‍ സന്തോഷിക്കുകയും ഇബാദത്തിനായി മനുഷ്യരെ വിളിച്ചുണര്‍ത്തുകയും ചെയ്യുന്ന വിശ്വാസികളായ ജിന്നുകളുമുണ്ട്‌.

ഇബ്‌നു അബിദ്ദുന്‍യാ തന്റെ അത്തഹജ്ജുദു വ ഖിയാമുല്ലൈല്‌ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ``ഒരാള്‍ രാത്രി നിസ്‌കാരത്തിനായി എഴുന്നേല്‍ക്കുമ്പോള്‍ അവന്റെ വീട്ടില്‍ വസിക്കുന്ന മുസ്‌ലിംകളായ ജിന്നുകള്‍ സന്തോഷിക്കുകയും അവന്റെ ഓത്ത്‌ ശ്രദ്ധിച്ചു കേള്‍ക്കുകയും അവന്റെ പ്രാര്‍ത്ഥനക്ക്‌ ആമീന്‍ പറയുകയും ചെയ്യുന്നതാണ്‌''.

ഇബ്‌നു അബിദ്ദുന്‍യാ പറയുന്നു: സ്വഫ്‌വാന്‍ എന്ന മഹാന്‍ തഹജ്ജുദിന്‌ വേണ്ടി എഴുന്നേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ താമസിക്കുന്ന ജിന്നുകളും അദ്ദേഹത്തോടൊപ്പം എഴുന്നേറ്റ്‌ നിസ്‌കരിക്കുകയും അദ്ദേഹത്തിന്റെ ഓത്ത്‌ ശ്രദ്ധിച്ചു കേള്‍ക്കുകയും ചെയ്യുമായിരുന്നു. ജിന്നുകളുടെ അനക്കങ്ങള്‍ അദ്ദേഹത്തിന്‌ ആദ്യം ഭയമായിരുന്നു. അപ്പോള്‍ ജിന്നുകള്‍ വിളിച്ചു പറയും: താങ്കള്‍ ഭയപ്പെടേണ്ട! ഞങ്ങള്‍ താങ്കളുടെ സഹോദരന്മാരാണ്‌. ഞങ്ങളും തഹജ്ജുദിനായി എഴുന്നേറ്റതാണ്‌. പിന്നീട്‌ അവരുടെ ചലനം അദ്ദേഹത്തിന്‌ പ്രിയമായി മാറി.

വാസ്വില്‍ എന്ന മഹാന്‍ രാത്രി വളരെ കുറച്ച്‌ മാത്രമേ ഉറങ്ങിയിരുന്നുള്ളൂ. അദ്ദേഹം രാത്രി നിസ്‌കരിക്കുകയും ഖുര്‍ആന്‍ പാരായണം നടത്തുകയും ചെയ്‌തിരുന്നു. ഈ വിവരം അദ്ദേഹത്തിന്റെ അയല്‍വാസിക്ക്‌ അറിയാമായിരുന്നു. ഒരിക്കല്‍ അദ്ദേഹം മക്കയിലേക്ക്‌ പോയി. എന്നാലും അദ്ദേഹത്തിന്റെ റൂമില്‍ നിന്നും അദ്ദേഹത്തിന്റെ അതേ ശബ്‌ദത്തില്‍ ഖുര്‍ആന്‍ പാരായണം അയല്‍വാസി കേട്ടിരുന്നു. യാത്ര കഴിഞ്ഞ്‌ തിരിച്ചെത്തിയ അദ്ദേഹത്തോട്‌ അയല്‍വാസി നടന്ന സംഭവം വിവരിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നമ്മുടെ ഖുര്‍ആന്‍ പാരായണം ശ്രദ്ധിച്ച്‌ കേള്‍ക്കുകയും നിസ്‌കരിക്കുകയും വീടുകളില്‍ വസിക്കുകയും ചെയ്യുന്ന ചില ജിന്നുകളാണതെന്ന്‌ മറുപടി പറഞ്ഞു. അവരെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന്‌ മറുപടിയായി അദ്ദേഹം പറഞ്ഞു. ഇല്ല എങ്കിലും അവരുടെ ചലനങ്ങള്‍ എനിക്ക്‌ ബോധ്യപ്പെട്ടിട്ടുണ്ട്‌. ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ പ്രാര്‍ത്ഥനക്ക്‌ ആമീന്‍ ചൊല്ലുന്നതായും ഞാന്‍ കേട്ടിട്ടുണ്ട്‌. ചില സന്ദര്‍ഭങ്ങളില്‍ ഉറങ്ങിപ്പോകുന്ന എന്നെ വിളിച്ചുണര്‍ത്തുന്നത്‌ അവരാണ്‌.

അബൂ ഇംറാന്‍ എന്ന മഹാന്‍ പറയുന്നു: ഒരു ദിനം പ്രഭാതത്തിന്‌ മുമ്പേ ഞാന്‍ പള്ളിയിലേക്ക്‌ പോയി. പള്ളിയിലെത്തിയപ്പോള്‍ വാതില്‍ അടച്ചിരിക്കുന്നു. പക്ഷേ, പള്ളിയില്‍ ഹസനുല്‍ ജഅ്‌ഫരി ഉണ്ടെന്ന്‌ എനിക്ക്‌ ബോധ്യപ്പെട്ടു. അദ്ദേഹം ദുആ ചെയ്യുകയാണ്‌. അപ്പോള്‍ മറ്റാരൊക്കെയോ ആമീന്‍ പറയുന്നത്‌ കേട്ടു. അങ്ങനെ പള്ളിയുടെ വാതില്‍ക്കല്‍ ഞാന്‍ ഇരുന്നു. പ്രാര്‍ത്ഥന കഴിഞ്ഞ്‌ അദ്ദേഹം എഴുന്നേറ്റു. സമയമായപ്പോള്‍ വാങ്ക്‌ കൊടുത്ത്‌ വാതില്‍ തുറന്ന്‌ ഹസനുല്‍ ജഅ്‌ഫരി പുറത്തേക്ക്‌ വന്നു. പക്ഷേ പള്ളിയില്‍ മറ്റാരേയും എനിക്ക്‌ കാണാന്‍ സാധിച്ചില്ല. നിസ്‌കാരം കഴിഞ്ഞ്‌ ഞാന്‍ ഹസനുല്‍ ജഅ്‌ഫരിയോട്‌ പറഞ്ഞു: ഇന്ന്‌ ഒരു അത്ഭുതം എനിക്കനുഭവപ്പെട്ടു. ഹസന്‍ ചോദിച്ചു: എന്താണത്‌? അപ്പോള്‍ അദ്ദേഹം പള്ളിയില്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ വിശദീകരിച്ചു. ഇത്‌ കേട്ട്‌ ഹസനുല്‍ ജഅ്‌ഫരി പ്രതികരിച്ചു: എല്ലാ ജുമുഅയുടെ രാവിലും എന്റെ ഖുര്‍ആന്‍ ഖത്തമിന്‌ പങ്കെടുക്കാന്‍ താല്‍പര്യം കാണിക്കുന്ന ചില ജിന്നുകളാണ്‌ അവര്‍.


ബാത്ത്‌റൂമിലെ സംസാരം

ബാത്ത്‌റൂമില്‍ കയറിയാല്‍ സംസാരിക്കാന്‍ പാടില്ലാത്തതാണ്‌. അതാണ്‌ മര്യാദയും. എന്നാല്‍ ധാരാളമായി സംസാരിച്ച്‌ മര്യാദ പാലിക്കാത്തവരെ നാം കാണാറുണ്ട്‌. ഇത്തരക്കാര്‍ക്ക്‌ ജിന്ന്‌ ബാധയേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന്‌ ഹാശിയത്തുല്‍ജമല്‍, ഹാശിയത്തുല്‍ ഇഖ്‌നാഅ്‌, ഇആനത്ത്‌, ബുജൈരിമി തുടങ്ങിയ ഗ്രന്ഥങ്ങള്‍ മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌.


പിശാച് മനുഷ്യരെ പിഴപ്പിക്കുമോ? 


മനുഷ്യരെ ദുര്‍മാര്‍ഗം കൊണ്ട് കല്‍പിക്കുകയും അതിനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുമെന്നും ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു.

അല്ലാഹു പറയുന്നു: ”പിശാച് ദാരിദ്ര്യത്തെ നിങ്ങള്‍ക്ക് നല്‍കുകയും തിന്മ കല്‍പിക്കുകയും ചെയ്യും” എന്നാല്‍ സദ്‌വൃത്തര്‍ക്കു മേല്‍ തിന്മ കൊണ്ടു കല്‍പിക്കാനുള്ള അധികാരം പിശാചിനില്ലെന്നാണ് ഖുര്‍ആനികാധ്യാപനം. പലയിടങ്ങളിലായി ഖുര്‍ആന്‍ ഇത് പ്രഖ്യാപിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: ”നിശ്ചയം, സദ്‌വൃത്തരായ എന്റെ അടിമകളുടെ മേല്‍ നിനക്ക് (പിശാച്) ഒരു അധികാരവുമില്ല.”

തിന്മ കൊണ്ട് പ്രേരിപ്പിക്കും പ്രകാരം ജിന്നുകള്‍ക്ക് മനുഷ്യ ശരീരത്തില്‍ കടന്നുകൂടി രോഗമുണ്ടാക്കാനുള്ള കഴിവുണ്ടെന്ന് ഖുര്‍ആന്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. പലിശ തിന്നവര്‍ പിശാച് ബാധയേറ്റു വീണവര്‍ എഴുന്നേല്‍ക്കുന്നതു പോലെയല്ലാതെ എഴുന്നേല്‍ക്കില്ല” എന്ന ഖുര്‍ആന്‍ വചനം മനുഷ്യ ശരീരത്തില്‍ ജിന്നുകള്‍ പ്രവേശിക്കാന്‍ കഴിയുമെന്നതിന് തെളിവാണെന്ന് അബുല്‍ഹസനുല്‍ അശ്അരി(റ) അഭിപ്രായപ്പെടുന്നു. മാത്രമല്ല, ഈ സൂക്തം മനുഷ്യനു പിശാചു ബാധ ഏല്‍ക്കുമെന്നതിനു വ്യക്തമായ തെളിവാണെന്ന ഇബ്‌നുതൈമിയ്യയും പ്രസ്താവിച്ചിട്ടുണ്ട്.


ജിന്നുകള്‍ക്ക് അദൃശ്യജ്ഞാനം അറിയുമോ? 

അറിയില്ലെന്നതാണ് സത്യം. സാധാരണ മനുഷ്യര്‍ക്ക് അദൃശ്യം അറിയാത്തപോലെ ജിന്നുകളും അറിയുകയില്ല. വിശുദ്ധ ഖുര്‍ആന്‍ ഇതു വ്യക്തമാക്കുന്നു. ”പിന്നെ നാം സുലൈമാന്‍ നബിയില്‍ മരണം വിധിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വടി തിന്നുകൊണ്ടിരുന്ന ചിതലുകളല്ലാതെ യാതൊരു വസ്തുവും മരണത്തെക്കുറിച്ച് അറിയിച്ചുകൊടുത്തില്ല.

അങ്ങനെ സുലൈമാന്‍ നബി നിലം പതിച്ചപ്പോള്‍ തങ്ങള്‍ അദൃശ്യകാര്യങ്ങള്‍ അറിയുന്നവരായിരുന്നുവെങ്കില്‍ നിന്ദ്യമായ ഈ ശിക്ഷയില്‍ അകപ്പെടുമായിരുന്നില്ലെന്നു ജിന്നുകള്‍ക്കു ബോധ്യമായി. എന്നാല്‍ നബി, റസൂല്‍, വലിയ്യ് തുടങ്ങിയവര്‍ക്ക് അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കില്‍ അദൃശ്യം അറിയിച്ചുകൊടുക്കുമെന്നു ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. ഇതുപോലെ, അല്ലാഹുവിന്റെ ഇഷ്ടദാസനായ ജിന്നിനും അദൃശ്യം അറിയിച്ചുകൊടുക്കുമെന്നു വിശ്വസിക്കാം.


പ്രേതവും ജിന്നും തമ്മിലുള്ള വ്യത്യസം എന്ത് ? പ്രേതം എന്നത് സത്യമാണോ?


പ്രേതം, പിശാച്, ജിന്ന്, ശൈത്താന്‍ തുടങ്ങിയവ മനുഷ്യനെ എപ്പോഴും അലട്ടുന്ന സങ്കേതങ്ങളാണ്. ഇവയെക്കുറിച്ച് വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും നിലവിലുണ്ട്. പ്രേതത്തെക്കുറിച്ചു സംസാരികുന്നതിനു മുമ്പ് അടിസ്ഥാനപരമായ ചിലകാര്യങ്ങള്‍ നാം മനസ്സിലാക്കണം.

ഒരു മനുഷ്യന്റെ കൂടെ മനുഷ്യന് സാധാരണഗതിയില്‍ ദൃശ്യമല്ലാത്ത മൂന്ന് ശക്തികള്‍ കൂടെയുണ്ട്. ഒന്നാമതായി മനുഷ്യന്റെ റൂഹ് അല്ലെങ്കില്‍ ആത്മാവ്. രണ്ട് മലക്കുകള്‍ മൂന്നു ജിന്ന് വിഭാഗത്തില്‍പെട്ട പിശാച്.

ഇതില്‍ അല്ലാഹുവിന്റെ കല്‍പന അനുസരിക്കാന്‍ മാത്രം വിധിക്കപ്പെട്ട മലക്കുകള്‍ ഏതായാലും പ്രേതമോ മറ്റോ ആയി വരില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇനിയുള്ള റൂഹിനെയും ജിന്ന് പിശാചിനെക്കുറിച്ച് അല്പം മനസ്സിലാക്കാം.

റൂഹ് അല്ലെങ്കില്‍ ആത്മാവ്: മനുഷ്യനെ പിതാവായ ആദം നബിക്ക് അല്ലാഹു റൂഹ് ഊതിയതും ഒരു കുഞ്ഞു ജനിക്കുമ്പോള്‍ റൂഹ് ഊതുന്നതും ഖുര്‍ആനില്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ റൂഹിനെ സംബന്ധിച്ചു വളരെ കുറച്ചു വിവരം മാത്രമേ മനുഷ്യനു നല്കപ്പെട്ടിട്ടുള്ളൂ. അല്ലാഹു പറയുന്നു: ആത്മാവിനെകുറിച്ചുതാങ്കളോടവര്‍ ചോദിക്കും. പറയുക: ആത്മാവ് എന്റെ രക്ഷിതാവിന്റെ (രഹസ്യ)കാര്യങ്ങളില്‍ പെട്ടതാണ്. നിങ്ങള്‍ക്കു അല്‍പജ്ഞാനം മാത്രമേനല്‍കപ്പെട്ടിട്ടുള്ളൂ. (അല്‍-ഇസ്റാഅ് 85)

മനുഷ്യന്റെ ജീവന്‍ നിലക്കുന്നതോടെ ആത്മാവ് ശരീരവുമായി വേര്‍പ്പെടുന്നു. പിന്നീട് ആത്മാവിനു എന്ത് സംഭവിക്കുന്നുവന്നത് ഇസ്‌ലാമിക പ്രമാണങ്ങള്‍ ചര്‍ച്ചചെയ്യുന്നുണ്ട്. അനുഗ്രഹീത ആത്മാക്കളെ മലക്കുകള്‍ ആകാശലോകത്തേക്ക് ആനയിക്കുകയും ഇല്ലിയ്യീനിലെക്ക് ഉയര്‍ത്തപ്പെടുകയും ചെയ്യുമെന്നും ദുഷിച്ച ആത്മാക്കള്‍ ആകാശലോകത്ത് സ്വീകരിക്കപ്പെടാതെ ഭൂമിക്കടിയിലെ സിജ്ജീനിലേക്ക് ഏറിയപ്പെടുമെന്നും ശേഷം ഖബറിലെ ചോദ്യം ചെയ്യലിനുവേണ്ടി മനുഷ്യശരീരത്തിലേക്ക് അത് മടക്കപ്പെടുമെന്നും ഹദീസുകളില്‍ വന്നിട്ടുണ്ട്.

റൂഹുകള്‍ തമ്മില്‍ പരസ്പരം കണ്ടുമുട്ടുമെന്നും ജീവിച്ചിരിക്കുന്ന ആളുകളുടെയും മരിച്ചവരുടെയും റൂഹുകള്‍ തമ്മിലും ജീവിചിരുക്കുന്നവരുടെ റൂഹുകള്‍ തമ്മില്‍ തമ്മിലും കണ്ടു മുട്ടലുകള്‍ സാധ്യമാണെന്നും , ഉറങ്ങുന്ന സമയത്ത് മനുഷ്യന്റെ റൂഹ് അവനെ വിട്ടുപിരിയുമെന്ന ആയത്തിന്റെ വ്യഖ്യാനത്തില്‍ മുഫസ്സിറുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട ആളുകളെ മരണത്തിനു ശേഷം സ്വപ്നത്തില്‍ ദര്‍ശിക്കുന്നതില്‍ ഈ കണ്ടുമുട്ടലിന്റെ വ്യാഖ്യാനമായി വിശദീകരിക്കപ്പെട്ടിട്ടുണ്ട്.

സതീര്‍ത്ഥ്യര്‍, ശിഷ്യന്മാര്‍, മക്കള്‍ തുടങ്ങി തങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ക്ക് സ്വപ്നത്തിലൂടെയും മറ്റും ഇത്തരം റൂഹുകളുടെ സദ്‌നിര്‍ദ്ദേശങ്ങള്‍ ലഭിക്കുമെന്ന് ഇമാം റാസി, ഇമാം ഗസാലി തുടങ്ങിയവര്‍ വ്യക്തമാക്കിയിട്ടുണ്ട്.മരണത്തിനു ശേഷവും റൂഹുകള്‍ അവന്റെ ഖബറിടവുമായും ശരീരവുമായി ബന്ധം നിലനിറുത്തും.

എന്നാല്‍ ദുഷിച്ച ആത്മാക്കള്‍ അല്ലാഹുവിന്റെ ശിക്ഷക്ക് വിധേയമായികൊണ്ടിരിക്കും. ഖബ്റിലെ ശിക്ഷയെക്കുറിച്ച് വ്യക്തമാക്കുന്ന ഹദീസുകളില്‍ നിന്ന് ഇത് ഗ്രഹിക്കാം. അത്കൊണ്ട് തന്നെ അവ പ്രേതങ്ങളായി വരുമെന്ന പറയുന്നത്തിനു അടിസ്ഥാനമില്ല. സച്ചരിതരായ ആത്മാക്കളെപ്പോലെ അതിനു സ്വതന്ത്ര സഞ്ചാരം സാധ്യമല്ല. ശൈത്താനും ജിന്നും ശൈത്താന്‍ (പിശാച്) എന്നത് ഒരു പ്രത്യേകം ജീവി വിഭാഗമല്ല.
മറിച്ചു അല്ലാഹു നന്മയും തിന്മയും വേര്‍തിരിച്ചു തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കിയ ജിന്ന് വിഭാഗത്തിലെയും മനുഷ്യ വിഭാഗത്തിലെയും വഴിപിഴച്ചവരും മറ്റുള്ളവരെ വഴിപിഴക്കുന്നവരുമായ എല്ലാവര്‍ക്കും ശൈത്താന്‍ എന്ന പ്രയോഗം സാധുവാണ്‌.

അല്ലാഹു പറയുന്നു: “അപ്രകാരംമനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ എല്ലാ നബിമാര്‍ക്കുംശത്രുക്കളായി നാം നിയമിച്ചിട്ടുണ്ട്‌. ജനങ്ങളെ വഞ്ചിക്കുവാനായിഭംഗിവാക്കുകള്‍ രഹസ്യമായി അവര്‍ പരസ്‌പരം അറിയിക്കുന്നതാണ്‌. താങ്കളുടെരക്ഷിതാവ്‌ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവര്‍ അത്‌ ചെയ്യുമായിരുന്നില്ല.അതിനാല്‍ അവരെയും അവര്‍ കെട്ടിയുണ്ടാക്കുന്ന കള്ളവാദങ്ങളെയും അങ്ങ്‌വിട്ടേക്കുക”.   (അല്‍ ആന്‍ആം 112)

സാധാരണ ഗതിയില്‍ നാം പിശാച് അല്ലെങ്കില്‍ ശൈത്താന്‍ എന്ന് പറയുമ്പോള്‍ നാം അര്‍ത്ഥമാക്കുന്നത് ജിന്നുകളില്‍ നിന്നുള്ള പിശാച്ചുക്കളെയാണ്. കാരണം അവര്‍ മനുഷ്യവര്‍ഗത്തോട് തന്നെ ശത്രുത പുലര്‍ത്തുന്നവരും മനുഷ്യനെ വഴിപിഴപ്പിക്കാനായി നടക്കുകയും ചെയ്യുന്നവരാണ്. ജിന്നുകളില്‍പെട്ട പിശാചുക്കളുടെ തലവനാണ് ഇബ്ലീസ്. മനുഷ്യപിതാവായ ആദമിനു സുജൂദ് ചെയ്യാനുള്ള അല്ലാഹുവിന്റെ കല്‍പന ധിക്കരിച്ചു മനുഷ്യകുലത്തോട് തന്നെ ശത്രുത പ്രഖ്യാപിച്ചു അല്ലാഹുവിന്റെ സാന്നിധിയില്‍ നിന്ന് ഇറങ്ങി വന്നവനാണ് ഇബ്ലീസ്‌.ആദം മനുഷ്യ പിതാവാണെന്നത് പോലെ ഇബ്ലീസ് ജിന്നുകളുടെ പിതാവാണെന്ന് പല പണ്ഡിതന്മാരും അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. (തഫ്‌സീര്‍ ത്വബ്രി 1: 504)

ഇബ്ലീസും പരിവാരങ്ങളും മനുഷ്യനെ വഴിപിഴപ്പിക്കാനും അവനെ ഉപദ്രവിക്കാനും തക്കം പാര്‍ത്തിരിക്കുന്നവരാണ്. മനുഷ്യ മനസ്സില്‍ സംശയങ്ങള്‍ ഉണ്ടാക്കുക, മനുഷ്യനെ തിന്മയിലേക്ക് ക്ഷണിക്കുക്ക, മനുഷ്യരെ തമ്മിലടിപ്പിക്കുക, മനുഷ്യനെ ഉപദ്രവിക്കുക്ക, മനുഷ്യനെ പേടിപ്പിക്കുക, മനുഷ്യനിലേക്ക് സന്നിവേശിച്ചു അവന്റെ ബുദ്ധിയും വിവേകവും തന്നെ ഇല്ലാതക്കുക്ക തുടങ്ങിയ പലതും ജിന്നുവര്‍ഗത്തില്‍പെട്ട ഈ പിശാചുക്കള്‍ക്ക് ചെയ്യാന്‍ കഴിയും ഇത്തരം കാര്യങ്ങളെല്ലാം ഖുര്‍ആനിലും ഹദീസിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ദൈര്‍ഘ്യം ഭയന്നു ഇവിടെ അത് വിശദീകരിക്കുന്നില്ല. മനുഷ്യനെ അവയെ കാണാന്‍ കഴിയാത്ത ഭാഗത്തിലൂടെ അവക്ക് നമ്മെ കാണാന്‍ കഴിയുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. “ആദമിന്റെസന്താനങ്ങളേ, നിങ്ങളുടെ മാതാപിതാക്കളെ തങ്ങളുടെ ഗുഹ്യസ്ഥാനംകാണിക്കേണ്ടതിന്‌ വസ്‌ത്രം നീക്കി സ്വര്‍ഗ ത്തില്‍ നിന്ന്‌ബഹിഷ്‌കരിച്ചതുപോലെ പിശാച്‌ നിങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ. നിങ്ങള്‍അവരെ കാണാത്ത വശത്തിലൂടെ അവനും സംഘക്കാരും നിങ്ങളെ കാണും.വിശ്വസിക്കാത്തവര്‍ക്ക്‌ പിശാചുക്കളെ നാം ബന്ധുക്കളാക്കി വെക്കുകതന്നെചെയ്‌തിരിക്കുന്നു”   (അല്‍- അഅ്റാഫ് 27)

ജിന്നുകളുടെ കൂട്ടത്തില്‍ ചിറകുകളുള്ള പറക്കുന്ന വിഭാഗവും, പാമ്പിന്റെയും നായകളുടെയും രൂപത്തില്‍ വരുന്നവയും സ്ഥിരമായി യാത്രചെയ്തുകൊണ്ടിരിക്കുന്ന വിഭാഗവും ഉള്ളതായി ഹദീസില്‍ വന്നിട്ടുണ്ട് (ഇബ്നു ഹിബ്ബാന്‍)

അതില്‍ നിന്ന് ജിന്നുകള്‍ അതിവേഗത്തില്‍ സഞ്ചരിക്കാനും മനുഷ്യനു കാണാന്‍ കഴിയാത്ത രീതിയില്‍ അവന്റെ മേല്‍ സ്വാധീനം ചൊലുത്താനും സാധിക്കും. ഓരോ മനുഷ്യന്റെ കൂടെയും നന്മയിലേക്ക് നയിക്കാന്‍ ഒരു മാലാഖയും തിന്മയിലേക്ക് വിളിക്കാന്‍ ഒരു പിശാചും ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നുവെന് (ഇമാം അഹ്മദ്) തിരുവചനം വ്യക്തമാക്കുന്നു.

പിശാചിന് കൂടുതല്‍ വഴിപ്പെടുകയും ദൈവികസ്മരണയില്‍ നിന്ന് അകന്നു നില്‍ക്കുകയും ചെയ്യുന്ന വ്യക്തികളില് കൂടെയുള്ള ഈ പിശാച് ശക്തമായ സ്വാധീനം ചെലുത്തുകയും അവന്റെ ഇഷ്ടത്തിനു നനസരിച്ചു വഴിതിരിച്ചു വിടുകയും ചെയ്യും. ശക്തമായ മന:ക്കരുത്തോടെ ദുര്‍ബോധനങ്ങളെ അതിജയിച്ചു ദൈവികസ്മരണനിലനിര്‍ത്തുന്ന വ്യക്തികളുടെ കൂടെയുള്ള പിശാചിന്റെ ശക്തി ശയിക്കുകയുംഅവന്‍ ആ മനുഷ്യന് മേല്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയാതെ വരികയുംചെയ്യും. എല്ലാ മനുഷ്യന്റെ കൂടെയും ജിന്നില്‍ നിന്നുള്ള കൂട്ടാളിയുന്ടെന്നും എന്നാല്‍ അല്ലാഹുവിന്റെ സഹായത്താല്‍ എന്റെ കൂടെയുള്ള ജിന്ന് വിശ്വാസം സ്വീകരിച്ചത്‌ കൊണ്ട് നന്മയല്ലാതെ കല്പിക്കുകയില്ലെന്നുംതിരുമേനി (സ) പറഞ്ഞത്‌ (അഹ്മദ്, ദാരിമി) ഇതോട് നാം ചേര്‍ത്ത വായിക്കണം.

കൂടെയുള്ള ഈ പിശാചിന് സ്വഭാവികമായും ആ വ്യക്തിയുടെ സ്വഭാവവും രീതികളും അവന്റെ സ്വാകാര്യ ജീവിതത്തെക്കുറിച്ചും മറ്റുമൊക്കെ അറിവുണ്ടാകും. ഒരു മനുഷ്യന്‍ മരിക്കുമ്പോള്‍ സ്വതന്ത്രനാവുന്ന ഈ പിശാചായിരിക്കണം പ്രേതമായി അവതരിപ്പിക്കപ്പെടുന്നതെന്ന് പല പണ്ഡിതന്മാരും വിശദീകരിച്ചിട്ടുണ്ട്. പലപ്പോഴും പിശാച് ബാധയേറ്റവര്‍ മരിച്ച ചില വ്യക്തികളുടെ സ്വഭാവം പ്രകടിപ്പിക്കുന്നത് മരിച്ചയാളുടെ കൂട്ടാളിയായ പിശാചിന്റെ ഉപദ്രവം കൊണ്ടാണ്. മരിച്ചവരുടെ ആത്മാക്കളുമായി സംസാരിക്കുന്നുവന്നു അവകാശപ്പെടുന്നവരും അവരില്‍ നിന്നുള്ളതെന്ന പേരില്‍ വിവരങ്ങള്‍ കൈമാറുന്നവരും ഇത്തരം പിശാചുക്കളുമായിട്ടാണ് പലപ്പോഴും സംസാരിക്കുന്നത്.

അമേരിക്കയടക്കമുള്ള പാശ്ചാത്യന്‍ രാജ്യങ്ങളിലടക്കം കുറ്റാന്വേഷകര്‍ പോലും ഇത്തരം പൈശാചിക സേവ നടത്തുന്നവരുടെ അടുക്കല്‍ എത്തുന്നതായിപറയപ്പെടുന്നു. ജിന്നു വര്‍ഗത്തില്‍പ്പെട്ട ഈ പിശാചുക്കള്‍ തമ്മില്‍ പരസ്പരം ആശയവിനിമയം സാധ്യമായതിനാല്‍ വ്യാജ ത്വരീഖത്തുകളുമായി വരുന്നവര്‍ തങ്ങളുടെ ‘അത്ഭുത സിദ്ധി’ വെളിവാക്കാന്‍ തന്റെ പിശാചിനെ താന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെ പിശാചുമായി സംസാരിച്ചു വിവരങ്ങള്‍ ചോര്‍ത്തുകയും ശേഷം അത്ഭുത സിദ്ധിയായി ആ വ്യക്തിക്ക് മുമ്പില്‍ അവതരിപ്പിക്കുകയും ചെയ്യും. പിശാച് സേവ നടത്തുന്നവര്‍ക്ക് പിശാച് പല സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും  പലയിടത്തും നിന്നും കൈമാറപ്പെടുന്ന അര്‍ദ്ധ സത്യങ്ങള്‍ എത്തിച്ചു കൊടുക്കുകയും ചെയ്യും. ഇത്തരത്തില്‍ പിശാചിന് സേവചെയ്യുന്നതു കൊടിയ പാപവും സത്യനിഷേധവുമാണ്. അല്ലാഹു പറയുന്നു: "മനുഷ്യരേ, നിങ്ങള്‍ക്ക് ഞാന്‍ ആജ്ഞ നല്‍കിയിരുന്നില്ലേ-നിങ്ങള്‍ പിശാചിനെഅനുസരിക്കരുത്; നിശ്ചയം അവന്‍ നിങ്ങളുടെ പ്രത്യക്ഷമായ ശത്രുവാണ് എന്ന്"(യാസീന്‍ 60)


ജിന്ന് മരിക്കില്ലേ


മനുഷ്യരെ പോലെ ജിന്നുകള്‍ക്കും മരണമുണ്ടെന്നാണ് പ്രബലം. ഖുര്‍ആന്‍ അത് വ്യക്തമാക്കുന്നു. ”നിങ്ങള്‍ക്കു മുമ്പ് ജിന്നു-മനുഷ്യ വര്‍ഗത്തില്‍ നിന്ന് പലരും കഴിഞ്ഞുപോയിട്ടുണ്ട്.” മനുഷ്യ വര്‍ഗം മഅ്ശറയില്‍ ഒരുമിച്ചുകൂടുന്നതു പോലെ ജിന്നു വര്‍ഗവും സംഗമിക്കുമെന്നാണ് ഖുര്‍ആനിക വചനം അറിയിക്കുന്നത്. ‘നിങ്ങളെ മുഴുവനും ഒരുമിച്ചുകൂട്ടുന്ന ദിവസം’ എന്ന ഖുര്‍ആന്‍ സൂക്തം വിശദീകരിച്ചുകൊണ്ട് ഇബ്‌നുഅബ്ബാസ്(റ) പറയുന്നു. ഇക്കൂട്ടരില്‍ ജിന്നു വര്‍ഗവും മനുഷ്യ വര്‍ഗവും ഉള്‍പ്പെടും. മാത്രമല്ല, അന്ത്യനാളില്‍ നന്മ തിന്മകള്‍ക്ക് പ്രതിഫലം നല്‍കപ്പെടുമെന്ന് ഖുര്‍ആനികാടിസ്ഥാനത്തില്‍ പണ്ഡിതന്മാര്‍ തെളിയിക്കുന്നുണ്ട്.

അനുസരണശാലികള്‍ നേര്‍വഴി സിദ്ധിച്ചവരും അധര്‍മ്മകാരികള്‍ നരകാഗ്‌നിക്ക് ഇന്ധനവുമാണെന്ന് ഖുര്‍ആനിക വചനം ഇതിന് ശക്തി പകരുന്നുണ്ട്. എന്നാല്‍ ദുര്‍മാര്‍ഗികള്‍ക്ക് ശിക്ഷ ലഭിക്കുമെന്നതില്‍ പണ്ഡിതന്മാര്‍ക്ക് എതിരഭിപ്രായമില്ല. കാരണം ഖുര്‍ആന്‍ വ്യക്തമായി ഇത് പ്രഖ്യാപിച്ചിട്ടുണ്ട്.


ജിന്നുകൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുമോ

സദ്‌വൃത്തരായ ജിന്നു വര്‍ഗം സ്വര്‍ഗത്തില്‍ പ്രവേശിക്കുമോ എന്നതില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഭൂരിഭാഗം പണ്ഡിതന്മാരും കടക്കുമെന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്. ”ആകാശ ഭൂമിയോളം വിശാലമായ സ്വര്‍ഗം സൂക്ഷ്മശാലികള്‍ക്ക് തയ്യാറാക്കപ്പെട്ടിരിക്കുന്നു” ”തഖ്‌വയുള്ളവര്‍ക്ക്, സ്വര്‍ഗം തയ്യാറാക്കിയിരിക്കുന്നു” തുടങ്ങി ഖുര്‍ആനിക സൂക്തങ്ങളിലെ വ്യാപകാര്‍ത്ഥത്തെ ഈ പണ്ഡിതന്മാര്‍ അവലംബമാക്കിയിട്ടുണ്ട്.



തീ കൊണ്ടു സൃഷ്ടിക്കപ്പെട്ടതിനാല്‍ ജിന്നുകള്‍ സ്പര്‍ശിച്ചാല്‍ കരിയുകയില്ലേ? നരകാഗ്‌നി അവര്‍ക്കെങ്ങനെ ശിക്ഷയാകും? എന്ന ചോദ്യങ്ങള്‍ അപ്രസക്തമാണ്. കളിമണ്ണ് കൊണ്ട് സൃഷ്ടിച്ചു മനുഷ്യനെ മണ്‍കട്ട കൊണ്ട് ആക്രമിക്കുമ്പോള്‍ വേദന അനുഭവിക്കുന്നു. ഇപ്രകാരമാണ് ജിന്നുകളുടെ അവസ്ഥ.

നബി(സ്വ) പറഞ്ഞു: ”ഞാന്‍ മനുഷ്യ-ജിന്നു വര്‍ഗങ്ങള്‍ക്കും അറബിക്കും അനറബിക്കും വേണ്ടി നിയുക്തനാണ്”. ഇതുകൊണ്ടു തന്നെയാണ് ഖുര്‍ആനിന്റെ വെല്ലുവിളിയില്‍ ജിന്നുകളും ഉള്‍പ്പെട്ടത്. മാത്രമല്ല, അഹ്ഖാഫ് സൂറതില്‍ ഖുര്‍ആന്‍ കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്ത ജിന്നുസംഘത്തെ പ്രതിപാദിക്കുന്നുമുണ്ട്.

മനുഷ്യരിലെന്ന പോലെ ജിന്നു വര്‍ഗത്തിലും സദ്‌വൃത്തരും ദുര്‍നടപ്പുകാരുമുണ്ടെന്ന് ഖുര്‍ആന്‍ വെളിപ്പെടുത്തുന്നുണ്ട്. നന്മയില്‍ പൂര്‍ണത കൈവരിച്ചവരും താഴെ തട്ടിലുള്ളവരും സത്യനിഷേധികളും ഇവരിലുണ്ട്. ഖുര്‍ആന്‍ ശ്രവിച്ച ജിന്നുകള്‍ പറഞ്ഞതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: ”നിശ്ചയം, ഞങ്ങളില്‍ സദ്‌വൃത്തരും താഴെ തട്ടിലുള്ളവരുമുണ്ട്”

മറ്റൊരു സൂക്തത്തില്‍ അല്ലാഹു അവരെ സംബന്ധിച്ചു പറയുന്നു: ”നിശ്ചയം ഞങ്ങളില്‍ അനുസരണശാലികളും ദുര്‍മാര്‍ഗികളുമുണ്ട്. അനുസരണശാലികള്‍ ആരോ അവര്‍ നേര്‍വഴി സ്വീകരിച്ചവരായി. അക്രമം പ്രവര്‍ത്തിച്ചവര്‍ നരകാഗ്‌നിയുടെ വിറകുകളാവുന്നതാണ്” സത്യവിശ്വാസികളായ ജിന്നുകള്‍ നബി(സ്വ)യുടെ ശരീഅത്തിനനുസരിച്ച് ഇബാദതനുഷ്ഠിക്കുന്നവരാണ്.

മക്കയില്‍ വെച്ച് രണ്ട് തവണ നബി(സ്വ)യെ ജിന്നുകള്‍ സന്ദര്‍ശിച്ചതു മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. എന്നാല്‍ ഇതൊന്നും ജിന്നുകള്‍ക്ക് ശരീഅത് ബാധകമല്ല എന്നതിന് തെളിവല്ല. കാരണം ഖുര്‍ആനും ജിന്നിനെ സംബന്ധിച്ച് പറയുന്നത് കാണുക ”നിശ്ചയം നിങ്ങള്‍ അവരെ കണ്ടില്ലെങ്കിലും അവര്‍ നിങ്ങളെ കാണും” അതിനാല്‍ നബി(സ്വ) തങ്ങള്‍ക്ക് ജിന്നുകളെ അല്ലാഹു നല്‍കിയ കഴിവു കൊണ്ട് കാണാനും സ്വഹാബാക്കള്‍ കാണാതിരിക്കാനും സാധ്യതയുണ്ട്. ”പള്ളികള്‍ അല്ലാഹുവിന്റേതാണ്” എന്ന ആയതിന്റെ അവതരണ പശ്ചാത്തലം പറയുന്നിടത്ത് ജിന്ന് നബി(സ്വ)യോടൊപ്പം നിസ്‌കരിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നതായി കാണാം. ഇത്തരത്തില്‍ ഖുര്‍ആന്‍ ജിന്നുകളുടെ അരാധനയെപ്പറ്റി പറയുന്നുണ്ട്.

ഇണയില്ലാത്ത ജീവിതം ഏതു വര്‍ഗത്തിനും പ്രായോഗികമല്ല. ”എല്ലാ വസ്തുക്കളില്‍ നിന്നും ഇണകളെ നാം സൃഷ്ടിച്ചു. നിങ്ങള്‍ പാഠമുള്‍ക്കൊള്ളാന്‍ വേണ്ടി” എന്നു വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. മനുഷ്യരെ പോലെ ജിന്നുകളും വിവാഹിതരാവുകയും സന്താനോല്‍പാദനം നടത്തുകയും ചെയ്യുന്നവരാണ്. അവര്‍ക്ക് മുമ്പ് ആ സ്ത്രീകളെ (ഹൂറുകള്‍) മനുഷ്യനോ ജിന്നോ സ്പര്‍ശിച്ചിട്ടില്ല. (സംഭോഗം ചെയ്തിട്ടില്ല) (അര്‍റഹ്മാന്‍: 59).

”നിങ്ങള്‍ അവനെയും സന്തതികളെയും എന്നെക്കൂടാതെ സഹായികളാക്കി വെറുക്കുകയാണോ? അവന്‍ നിങ്ങള്‍ക്ക് ശത്രുവായിരിക്കെ” (അല്‍കഹ്ഫ്: 50).

മേല്‍സൂക്തങ്ങള്‍ ജിന്നുകള്‍ വിവാഹിതരാവുകയും സന്താനങ്ങളുണ്ടാവുകയും ചെയ്യുന്നു എന്ന് സൂചിപ്പിക്കുന്നു.
മനുഷ്യനും ജിന്നും തമ്മില്‍ സന്താനോല്‍പാദനം സംഭവ്യമാണെന്ന് പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിലെ ‘നിങ്ങള്‍ സന്തോഷമായി തോന്നുന്ന നിസാഇല്‍ നിന്ന് നിങ്ങള്‍ വിവാഹം ചെയ്യുക” എന്ന സൂക്തത്തിലെ ‘നിസാഅ്’ എന്ന പദം മനുഷ്യസ്ത്രീയെയാണ് സൂചിപ്പിക്കുന്നതെന്നാണ് ശാഫിഈ മദ്ഹബ് പറയുന്നു.

അതിനാല്‍ മനുഷ്യ-ജിന്നു വിവാഹം അനുവദനീയമല്ലെന്ന് പ്രസ്താവിക്കുന്നു. പ്രസ്തുത വിവാഹം നബി(സ്വ) വിരോധിച്ചതായി ജരീര്‍(റ)ല്‍ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിച്ച ഹദീസില്‍ കാണാം. ചുരുക്കത്തില്‍ ജിന്നിനെ വിവാഹം കഴിക്കുന്നത് നബി(സ്വ) വിരോധിക്കുകയും അനുവദനീയമല്ലെന്ന് ഫുഖഹാഅ് വ്യക്തമാക്കുകയും ചെയ്തു. ഇതെല്ലാം ഈ വിവാഹം സാധ്യതയുള്ളതിനു തെളിവാണ്. കാരണം സാധ്യത ഇല്ലാത്ത കാര്യത്തെക്കുറിച്ച് പണ്ഡിതന്മാര്‍ അനുവദനീയമാണോ അല്ലേ എന്നു വിധി പറയാറില്ല.


ജിന്നുകള്‍ക്ക് മനുഷ്യരേക്കാള്‍ വേഗതയില്‍ സഞ്ചരിക്കാനും മറ്റു കഴിവുകളുമുണ്ടെങ്കിലും അന്തരീക്ഷത്തിലെ നിശ്ചിത അതിര്‍ത്തി വിട്ടുകടക്കാന്‍ കഴിയില്ലെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്. ”മനുഷ്യ ജിന്ന് സമൂഹമേ, ഭുവന-വാനങ്ങളുടെ വൃത്തങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ പോയികൊള്ളുക. ഒരു ആധിപത്യ ശേഷിയുണ്ടായിട്ടു മാത്രമേ നിങ്ങള്‍ക്ക് പോകാനാകൂ… (അര്‍റഹ്മാന്‍: 33)

മാത്രമല്ല, മലക്കുകളില്‍ നിന്ന് വിവരങ്ങള്‍ കട്ട് കേള്‍ക്കുന്ന ജിന്നുകളെ ആകാശം തടഞ്ഞുവെക്കുകയും തീനാളം കൊണ്ട് എറിയുമെന്നും ഖുര്‍ആന്‍ പറയുന്നു. അല്ലാഹു പറയുന്നു: ”നിശ്ചയം, സമീപവാനത്തെ താരഭംഗിയില്‍ നാം അലങ്കരിക്കുകയും ധിക്കാരികളായ സര്‍വ ചെകുത്താന്മാരില്‍ നിന്നും സംരക്ഷിക്കുകയും ചെയ്തിരിക്കുന്നു. മാത്രമല്ല, ജിന്നുകള്‍ക്ക് പ്രവാചകന്മാര്‍ക്കുള്ള അമാനുഷിക കഴിവുകള്‍ കൊണ്ടുവരാന്‍ കഴിയില്ലെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അല്ലാഹു പറയുന്നു: ”നബിയേ പറയുക, ജിന്നു വര്‍ഗവും മനുഷ്യവര്‍ഗവും ഖുര്‍ആനിനു സമാനമായത് കൊണ്ടുവരാന്‍ ശ്രമിച്ചാലും നിങ്ങള്‍ക്ക് കൊണ്ടുവരാന്‍ സാധ്യമല്ല. നിങ്ങള്‍ പരസ്പരം സഹായികളായാലും ശരി.”


പിശാചുക്കള്‍ക്ക് അവര്‍ക്കനുസരിച്ചുള്ള കഴിവുകള്‍ അല്ലാഹു നല്‍കിയിട്ടുണ്ട്. പക്ഷേ മനുഷ്യനെ അപേക്ഷിച്ച് അത് അഭൗതിക കഴിവികളായിരിക്കാം. മനുഷ്യരെക്കാള്‍ സഞ്ചാര വേഗതയിലും ഗ്രാഹ്യ ശക്തിയിലും അദൃശ്യമാവുക രൂപ മാറ്റം പ്രാപിക്കുക എന്നിങ്ങനെ അവരുടെ പൃകൃതി പരമായ കഴിവുകള്‍ അവര്‍ക്കുണ്ട്. ഈ കഴിവും അറിവും മൂലമുള്ള അനുഭവ ജ്ഞാനങ്ങള്‍ അവര്‍ തങ്ങളുമായി ബന്ധമുള്ള മനുഷ്യര്‍ക്ക് പകര്‍ന്നു നല്‍കുന്നു.

ജോത്സ്യന്മാരും മാരണ വിദ്യക്കാരുമൊക്കെ പ്രധാനമായും അവലംഭക്കുന്നത് ഈയൊരു കഴിവിനെയാണ്. പിശാചുക്കളും ജിന്നുകളും ആകാശ ലോകത്ത് പോവുകയും അവിടെ വെച്ച് മലക്കുകള്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ കട്ടു കേള്‍ക്കുകയും അവ ജോത്സ്യര്‍ക്ക് എത്തിച്ച് കൊടുക്കുന്നതുമായ സംഭവങ്ങള്‍ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്.

ഏതായാലും മനുഷ്യ ചിന്തകൾക്കുമപ്പുറമാണ് ജിന്നുകളുടെയും , മലക്കുകളുടെയും ലോകം . നബി (സ) അല്ലാഹുവിൽ നിന്ന് നമുക്കറിയിച്ചു നൽകിയതല്ലാതെ ഇതിനെപ്പറ്റി കൂടുതൽ നമുക്കറിവില്ല . ഏതു കാര്യവും അങ്ങനെ തന്നെ . എന്തായാലും ജിന്നിനെ നിഷേധിക്കൽ നമുക്ക് സാധ്യമല്ല . ഖുർആനും , ഹദീസും കൊണ്ട് തെളിഞ്ഞ വസ്തുതയാണത് .

No comments:

Post a Comment