Wednesday 1 April 2020

ഹജ്ജ് തുടങ്ങിയതിനു ശേഷം അതിന്‍റെ അമലുകൾ മുടങ്ങിയ കാലഘട്ടങ്ങൾ ചരിത്രത്തിൽ ഉണ്ടോ



ഹിജ്റ 317ല്‍ വിശുദ്ധഹറം ഖറാമിതകളുടെ അക്രമത്തിന് സാക്ഷിയായത് ചരിത്രഗ്രന്ഥങ്ങളിലെല്ലാം വിവരിക്കപ്പെട്ടിട്ടുണ്ട്. യൌമുത്തര്‍വിയതില്‍ ഹാജിമാര്‍ ഹറമില്‍ ത്വവാഫ് ചെയ്തുകൊണ്ടിരിക്കെയാണ് അബൂത്വാഹിറുല്‍ ഖിര്‍മിത്വിയും സംഘവും വിശുദ്ധഹറമില്‍ പ്രവേശിച്ച് അക്രമം അഴിച്ചുവിട്ടത്. മക്കയിലും പരിസരത്തും മസ്ജിദുല്‍ഹറാമിലും വരെ എണ്ണമറ്റ ഹാജിമാര്‍ കൊല്ലപ്പെട്ടു. കഅ്ബക്കകത്തുപോലും ഹാജിമാര്‍ കൊല്ലപ്പെടുകയുണ്ടായി.


അബൂത്വാഹിറുല്‍ഖിര്‍മിത്വിയുടെ ഈ അക്രമവര്‍ഷം ഒരാള്‍ പോലും അറഫയില്‍ നിന്നിട്ടില്ലെന്ന് (സിയറു അഅ്’ലാമിന്നുബലാഅ് 10/29) ചരിത്രത്തില്‍ കാണാം.


ഇറാഖിന്‍റെ ഭരണാധികാരി മന്‍സൂറുദ്ദൈലമിയും അനുയായികളും ഹജ്ജിന് വേണ്ടി സുരക്ഷിതരായി മക്കയിലെത്തിച്ചേര്ന്നപ്പോള്‍ ദുല്ഹിജ്ജ 8ന് യൗമുത്തര്വിയയില് ഖറാമിത്വികളില് പെട്ട അബൂത്വാഹിറുല്‍ ഖിര്‍മത്വിയും അക്രമികളായ സംഘവും വിശുദ്ധ ഹറമിലേക്ക് ഇരച്ചു കയറി. പിന്നീടാ ദുഷ്ടന്‍ കഅ്ബയുടെ കവാടത്തില്‍ കയറി ഇങ്ങനെ പ്രഖ്യാപിച്ചു: ”ഞാനാണ് ദൈവം, സൃഷ്ടിക്കുന്നവനും മരിപ്പിക്കുന്നവനും ഞാനാണ്”. യുദ്ധം ഹറാമായ വിശുദ്ധ മാസത്തില്‍ ഹറമില്‍ വെച്ച് നിരവധിയാളുകളെ കൊന്നൊടുക്കി. ഒരുപാടാളുകള്‍ കഅ്ബയുടെ ഖില്ല പിടിച്ച് അഭയം തേടിയെങ്കിലും രക്ഷയുണ്ടായില്ല.  നിരപരാധികളായ ഒട്ടനവധി ഹാജിമാര്‍ അന്ന് വധിക്കപ്പെട്ടു. എന്നിട്ടും അരിശം തീരാത്ത അവര്‍ മയ്യിത്തുകള്‍ വേണ്ട ആദരവുകള്‍ നല്‍കാതെ ഹറമിലും മത്വാഫിലും പരിസരപ്രദേശങ്ങളിലും സംസം കിണറിലുമായി മറവ് ചെയ്തു.


സംസം ഖുബ്ബ തകര്‍ക്കുകയും കഅ്ബയുടെ വാതില്‍ പറിച്ചെടുക്കാന്‍ കല്‍പിക്കുകയും ചെയ്തു. കഅ്ബയുടെ കിസ്’വ പിച്ചിച്ചീന്തി അനുയായികള്ക്കിടയില്‍ വിതരണം ചെയ്തു. ശേഷം കഅ്ബയുടെ മുകളില് കയറി സ്വര്‍ണപ്പാത്തി പറിച്ചെടുക്കാന്‍ ഒരാള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പക്ഷേ, ആ വ്യക്തി ഉടനെ തലയടിച്ച് വീണ് മരണപ്പെട്ടു. പിന്നീട് ഹജറുല്‍ അസ്’വദ് പറിച്ചെടുക്കാന്‍ കല്‍പിച്ചു. മഴുവേന്തി ഒരാള്‍ കടന്നുവന്ന് ഹജറുല്‍അസ്’വദ് വെട്ടിപ്പൊളിച്ചെടുത്തു. ഞങ്ങളെ തുരത്താന്‍ അബാബീല്‍ പക്ഷികളെവിടെ? ഞങ്ങളെ നശിപ്പിക്കാന്‍ ചുടുകല്ലുകളെവിടെ? എന്ന് ധാര്ഷ്ട്യത്തോടെ പരിഹസിച്ച് കൊണ്ട് ആ  കശ്മലന്‍ തന്‍റെ കയ്യിലെ ദണ്ഡ് കൊണ്ടതിനെ ശക്തമായി അടിക്കുകയും പറിച്ചെടുക്കുകയും അവരുടെ നാട്ടിലേക്ക് കൊണ്ടു പോകുകയുമുണ്ടായി. ബഹ്റൈനിലെ ഹജര്‍ എന്ന പ്രദേശത്തേക്ക് ആളുകളെ ഹജ്ജിന് വേണ്ടി എത്തിക്കുക എന്ന ഗൂഢലക്ഷ്യവുമായിട്ടാണ് അബൂ ത്വാഹിര്‍ ഹജറുല്‍അസ്വദ് കൊണ്ട് പോയത്.


അന്നത്തെ മക്കയുടെ അമീര്‍ ബജ്കമുത്തുര്‍കിയും കുടുംബവും ഹജറുല്‍അസ്വദ് തിരികെ കിട്ടാന്‍ പലവിധ ശ്രമങ്ങള്‍ നടത്തി, അവസാനം തന്‍റെ സമ്പത്ത് മുഴുവന്‍ നല്‍കാമെന്ന് പറഞ്ഞെങ്കിലും അവന്‍ വഴങ്ങിയില്ല. മാത്രവുമല്ല, അമീറിനെയും കുടുംബത്തെയും ക്രൂരമായി കൊന്ന് കളയുകയും ചെയ്തു. പിന്നീട് 20ലധികം വര്‍ഷങ്ങള്‍ക്ക് ശേഷം അബൂത്വാഹിറുല്‍ഖിര്‍മിത്വിയുടെ വിയോഗാനാന്തരം പുതിയ ഭരണാധികാരിയാണ് ഹജറുല്‍അസ്’വദ് യഥാസ്ഥാനത്ത് പുന:പ്രതിഷ്ഠിച്ചത് (അൽ ബിദായതുവന്നിഹായ).



മറുപടി നൽകിയത് :  മുബാറക് ഹുദവി അങ്ങാടിപ്പുറം

No comments:

Post a Comment