Thursday 18 March 2021

സഅദ് ബ്നു ഉബാദ (റ)

 

സഅദുബ്നു മുആദ്(റ)വിനെ പോലെ സഅദ്ബ്നു ഉബാദ(റ)വും മദീനയിലെ നേതാവായിരുന്നു. സഅദ്ബ്നു മുആദ് (റ) ഔസിന്റെയും സഅദ്ബ്നു ഉബാദ (റ) ഖസ്റജിന്റെയും.

ജാഹിലിയ്യാ കാലത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള ഗോത്രകലഹം നിലവിലിരുന്ന മദീനയിലെ രണ്ടു ഗോത്രങ്ങളായിരുന്നു ഔസും ഖസ്റജും.

സഅദ്ബ്നു ഉബാദ (റ) നേരത്തെ തന്നെ ഇസ്ലാം സ്വീകരിച്ചു. രണ്ടാം അഖബാ ഉടമ്പടിയിൽ അദ്ദേഹം സന്നിഹിതനായിരുന്നു. അനന്തരം നബിﷺയുടെ അനുസരണയുള്ള ഒരു പടയാളിയും അനുയായിയുമായി അദ്ദേഹം ജീവിതം നയിച്ചു.

അൻസാരികളിൽ നിന്ന് മക്കാമുശ്രിക്കുകളുടെ അക്രമത്തിന്ന് വിധേയനായ ഏക വ്യക്തി സഅദ്ബ്നു ഉബാദ (റ) ആണെന്ന് പറയപ്പെടുന്നു.

മക്കാ നിവാസികളായ മുസ്ലിംകളെ ഖുറൈശികൾ നിർദ്ദയം അക്രമിച്ചു കൊണ്ടിരുന്നു. നബിﷺയും അനുചരൻമാരും മദീനക്കാരുമായി സമ്പർക്കം പുലർത്തുന്നതും അവിടത്തുകാർ ഇസ്ലാമിന്ന് രഹസ്യ സഹായങ്ങൾ നൽകുന്നതും മണത്തറിഞ്ഞ ഖുറൈശികൾ സ്വാഭാവികമായും മദീനാ നിവാസികളോട് പകയും വിദ്വേഷവുമുള്ളവരായിത്തീർന്നു.


ഒരിക്കൽ സഅദ്ബ്നു ഉബാദ (റ) ഉൾക്കൊള്ളുന്ന ഒരു യാത്രാസംഘത്തെ മുശ്രിക്കുകൾ പിന്തുടർന്നു. അവർക്ക് സഅദ്ബ്നു ഉബാദ(റ)വിനെ പിടികിട്ടി.

അദ്ദേഹത്തെ വാഹനത്തിൽ നിന്നിറക്കി കൈരണ്ടും പിന്നോട്ട് ബന്ധിച്ചു മക്കയിലേക്ക് കൊണ്ടുവന്നു. മതിവരുവോളം അക്രമിച്ചു.

മാന്യനും ജനസമ്മതനുമായ ഒരു അന്യദേശത്തുകാരനെ നിർദ്ദയം ആക്രമിക്കുവാൻ മാത്രം ക്രൂരമായിരുന്നു ഇസ്ലാമിന്ന് എതിരെയുള്ള അവരുടെ വിദ്വേഷം.

പ്രസ്തുത സംഭവത്തെക്കുറിച്ച് സഅദ്ബ്നു ഉബാദ (റ) തന്നെ പറയുന്നത് നോക്കു: “ഞാൻ അവരുടെ ബന്ധനത്തിൽ ഇരിക്കെ ഒരു സംഘം ആളുകൾ അവിടെ വന്നെത്തി. സുന്ദരനും മാന്യനുമായ ഒരു വ്യക്തിയുണ്ടായിരുന്നു അക്കൂട്ടത്തിൽ. അദ്ദേഹം എന്നോട് ദയാപുരസ്സരം പെരുമാറുമെന്ന് ഞാൻ ഊഹിച്ചു. പക്ഷെ അതുണ്ടായില്ല. അയാൾ ഓടിവന്ന് എന്നെ ശക്തിയായി പ്രഹരിക്കുകയാണ് ചെയ്തത്. അതോടുകൂടി അവരെ കുറിച്ചുള്ള എന്റെ പ്രതീക്ഷ അസ്ഥാനത്തായി. എങ്കിലും അൽപ്പം ദയയുള്ള മറ്റൊരാൾ എന്റെ അടുത്ത് വന്ന് എന്നോടു ചോദിച്ചു:

“നിങ്ങൾ ഖുറൈശികളിൽ പെട്ട ആർക്കെങ്കിലും പണ്ട് വല്ല സഹായവും ചെയ്തുകൊടുത്തിട്ടുണ്ടോ..?''

ഞാൻ പറഞ്ഞു: “അതെ,"

ജുബൈറുബ്നുമുത്ഇമിനെ ഒരുപറ്റം തെമ്മാടികൾ എന്റെ നാട്ടിൽ വെച്ച് ആക്രമിച്ചപ്പോൾ അദ്ദേഹത്തിന്ന് ഞാൻ സംരക്ഷണം നൽകിയിട്ടുണ്ട്. അതുപോലെ മറ്റൊരിക്കൾ ഹാരിസ്ബ്നുഹർബിന്നും ഞാൻ സംരക്ഷണം നൽകിയിരുന്നു.

ഇത് കേട്ടപ്പോൾ അദ്ദേഹം എന്നോട് അവരുടെ പേര് വിളിച്ച് ഉച്ചത്തിൽ കരയാൻ നിർദ്ദേശിച്ചു. ഞാൻ അങ്ങനെ ചെയ്തു. അദ്ദേഹം നേരിട്ടുപോയി ജുബൈറിനോടും ഹാരിസിനോടും സംഭവം പറഞ്ഞു.

ഹാരിസും ജുബൈറും ഓടിയെത്തി എന്നെ അക്രമികളിൽ നിന്ന് രക്ഷിക്കുകയും ചെയ്തു.


നബിﷺയും അനുയായികളും മദീനയിൽ അഭയം പ്രാപിച്ചു. സഅദ്ബ്നു ഉബാദ (റ) മുഹാജിറുകളുടെ സംരക്ഷണത്തിനു വേണ്ടി തന്റെ ധനം നിർലോഭം ചിലവഴിച്ചുകൊണ്ടിരുന്നു. 

സഅദ്ബ്നു ഉബാദ(റ)വിന്റെ പരമ്പരാഗതമായ ഒരു സ്വഭാവ വിശേഷമായിരുന്നു അദ്ദേഹത്തിന്റെ ധർമ്മം. ജാഹിലിയ്യാ കാലത്ത് കീർത്തി നേടിയ ധർമ്മിഷ്ഠനായ ദുലൈബ്നുഹാരിസ് (റ) അദ്ദേഹത്തിന്റെ പിതാമഹനായിരുന്നു.

ഓരോ അൻസാരികളും ഒന്നോ രണ്ടോ മൂന്നോ മുഹാജിറുകളെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണ സൗകര്യങ്ങൾ നിർവ്വഹിച്ചു കൊടുത്തപ്പോൾ എൺപതു മുഹാജിറുകളെയായിരുന്നു സഅദ്ബ്നു ഉബാദ (റ) തന്റെ വീട്ടിലേക്ക് ക്ഷണിച്ചത്.

അദ്ദേഹം എപ്പോഴും സാമ്പത്തിക സമൃദ്ധിക്ക് വേണ്ടി അല്ലാഹുﷻവിനോട് പ്രാർത്ഥിക്കുമായിരുന്നു.

നബി ﷺ അദ്ദേഹത്തിന്നു വേണ്ടി ഇങ്ങനെ പ്രാർത്ഥിച്ചു: “നാഥാ, നിന്റെ കരുണയും അനുഗ്രഹവും നീ സഅദ്ബ്നു ഉബാദിന്റെ കുടുംബത്തിന് വർഷിക്കേണമേ...”

ഇസ്ലാമിക സേവനത്തിൽ തന്റെ സംമ്പത്ത് മാത്രമല്ല, ദേഹശക്തിയും നൈപുണ്യവും അദ്ദേഹം വ്യയം ചെയ്തു.

ഉന്നം പിഴക്കാത്ത ഒരു അസ്ത്രപടുവായിരുന്നു അദ്ദേഹം. നബിﷺയുടെ കൂടെ എല്ലാ രണാങ്കണങ്ങളിലും തന്റെ വൈഭവം അദ്ദേഹം പ്രകടിപ്പിച്ചു.

ഇബ്നുഅബ്ബാസ് (റ) ഇങ്ങനെ പറയുന്നു: “നബിﷺക്ക് എല്ലാ ഘട്ടത്തിലും രണ്ടു പതാകവാഹകരുണ്ടായിരുന്നു. മുഹാജിറുകളുടേത് അലി(റ)വും അൻസാരികളുടേത് സഅദ്ബ്നു ഉബാദ (റ) വും.''

സത്യമെന്ന് തോന്നുന്നത് വെട്ടിത്തുറന്നു പറയുന്ന സ്വഭാവക്കാരനായിരുന്നു സഅദ്ബ്നു ഉബാദ (റ).

മക്കാവിജയ ദിവസം നബി ﷺ ഒരു വിഭാഗം സൈന്യത്തിന്റെ നേതൃത്വം സഅദ്ബ്നു ഉബാദ (റ) വിനെ ഏൽപ്പിച്ചു. അദ്ദേഹം പുണ്യഭൂമിയിലേക്ക് പ്രവേശിച്ചപ്പോൾ ഇങ്ങനെ പറയുന്നുണ്ടായിരുന്നു: “ഇന്ന് ഘോരസമരത്തിന്റെ ദിനമാണ്. ഇന്ന് പവിത്രത അപഹരിക്കപ്പെടുന്ന ദിനമാണ്!''

ഇത് കേട്ട ഉമർ (റ) നബിﷺയുടെ അടുത്ത് ഓടിയെത്തി പറഞ്ഞു: നബിയേ, സഅദ്ബ്നു ഉബാദ വിളിച്ചു പറയുന്നത് കേട്ടില്ലയോ..? ഖുറൈശികളുടെമേൽ അദ്ദേഹത്തിന്ന് അധിശാധികാരം ലഭിക്കുന്നതിൽ ഞങ്ങൾക്കു ഭയമുണ്ട്.

ഉമർ(റ)വിന്റെ ഇംഗിതമനുസരിച്ച് നബി ﷺ അലി(റ)വിനെ സഅദ്ബ്നു ഉബാദ (റ) വിന്റെ അടുത്തേക്കയച്ചു. അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന പതാക വാങ്ങി തൽസ്ഥാനം ഏറ്റെടുക്കാൻ അലി(റ)വിനോട് ആവശ്യപ്പെടുകയും ചെയ്തു.

ഇസ്ലാമിനെതിരെ അക്കാലമത്രയും ഖുറൈശികൾ അനുവർത്തിച്ച ക്രൂരവും കിരാതവുമായ മർദ്ദനത്തിന്റെ പാടുകൾ സ്വന്തം ശരീരത്തിൽ നിന്ന് പോലും

മാഞ്ഞുപോയിട്ടില്ലാത്ത ആ ജേതാക്കൾ ഒരുവേള അവരുടെ തിരിച്ചുവരവിന്റെ ഘട്ടത്തിൽ പ്രതികാരത്തിന്റെ പ്രഖ്യാപനങ്ങൾ നടത്തിയെങ്കിൽ അതിൽ അൽഭുതമില്ലല്ലോ..!!


നബിﷺയുടെ നിര്യാണത്തിന്നു ശേഷം അൻസാരികൾ സഅദ്ബ്നു ഉബാദ (റ) വിന്റെ അടുത്തുചെന്ന് നബിﷺയുടെ പ്രതിപുരുഷനായി അൻസാരികളിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കണമെന്ന് അഭിപ്രായപ്പെട്ടു. ഐഹികവും പാരത്രികവുമായ ഉന്നതിയുള്ള ആ പദവി തങ്ങളിൽ നിന്ന് ഒരാൾക്ക് ലഭിക്കണമെന്നായിരുന്നു അവരുടെ അഭിലാഷം.

എങ്കിലും നബി ﷺ രോഗശയ്യയിൽ വെച്ചു നമസ്കാരത്തിന്റെ നേതൃത്വം ഏൽപ്പിച്ചതും ഹിജ്റയിൽ നബിﷺയെ അനുഗമിച്ച ഏക സഹചാരി എന്ന പദവി ലഭിച്ചതും അബൂബക്കർ (റ) വിനായിരുന്നു. പ്രസ്തുത മഹാത്മ്യങ്ങൾ കണക്കിലെടുത്ത് ബഹുഭൂരിഭാഗം സഹാബിമാർ അബൂബക്കർ(റ)വിനെ ഖലീഫയായി അംഗീകരിച്ചു.

സഅദ്ബ്നു ഉബാദ (റ) അടക്കമുള്ള അൻസാരികൾ പിന്നീട് ഏകകണ്ഠമായി ആ തീരുമാനം അംഗീകരിക്കുകയാണുണ്ടായത്.

മുസ്ലിംകൾ ഹുനൈൻ യുദ്ധത്തിൽ വിജയം വരിച്ചു. നബി ﷺ യുദ്ധാർജ്ജിത സമ്പത്തിന്റെ വിതരണത്തിൽ ഒരു പുതിയ മാനദണ്ഡം സ്വീകരിച്ചു. ഇസ്ലാമിന്ന് വേണ്ടി ത്യാഗം ചെയ്ത പുർവ്വമുസ്ലിംകൾക്ക് മുൻഗണന നൽകുന്നതിന്നു പകരം പുതുവിശ്വാസികളെയാണ് നബി ﷺ പരിഗണിച്ചത്. ഇസ്ലാമിൽ അടിയുറച്ച പഴക്കംചെന്ന സൈനികർക്ക് വിതരണത്തിൽ ഒരു പരിഗണനയും നൽകപ്പെട്ടില്ല.

ഈ സംഭവം അൻസാരികൾക്കിടയിൽ സംസാരവിഷയമായി. സഅദ്ബ്നു ഉബാദ (റ) നബിﷺയുടെ അടുത്ത് ചെന്ന് ഇങ്ങനെ വെട്ടിത്തുറന്നു പറഞ്ഞു:

“നബിയേ (صلّی الله عليه وسلّم), അങ്ങ് യുദ്ധാർജ്ജിത സമ്പത്ത് വിതരണം ചെയ്തത് സംബന്ധിച്ച് അൻസാരികളിൽ അസംതൃപ്തിയുണ്ട്. താങ്കൾ അൻസാരികളെ അവഗണിച്ചു കളഞ്ഞിരിക്കുന്നു.”

നബി ﷺ ചോദിച്ചു: “സഅദേ, നിന്റെ അഭിപ്രായമെന്താകുന്നു..?''

സഅദ്: “ഞാനും എന്റെ ജനതയിൽ ഒരംഗമല്ലേ!''

നബി ﷺ: “എങ്കിൽ നിന്റെ ജനതയെ ഒന്നു വിളിച്ചുകുട്ടൂ”

 സഅദ്ബ്നു ഉബാദ (റ) അൻസാരികളെ വിളിച്ചുകൂട്ടി.

നബി ﷺ അവരോട് പ്രസംഗിച്ചു:  “അൻസാരികളെ, നിങ്ങളെക്കുറിച്ചു ഞാൻ പലതും പറഞ്ഞുകേൾക്കുന്നു. എന്നെ സംബന്ധിച്ചു നിങ്ങൾക്ക് വല്ല ആക്ഷേപവുമുണ്ടോ? ഞാൻ നിങ്ങളുടെ നാട്ടിൽ വന്നപ്പോൾ നിങ്ങൾ വഴികേടിൽ അലയുന്നവരായിരുന്നില്ലേ? അനന്തരം അല്ലാഹു ﷻ നിങ്ങളെ സൻമാർഗ്ഗികളാക്കിയില്ലേ?

നിങ്ങളന്നു ദരിദ്രരായിരുന്നു. പിന്നീട് അവൻ നിങ്ങളെ സമ്പന്നരാക്കി! നിങ്ങൾ പരസ്പരം ശത്രുക്കളായിരുന്നു. ഇപ്പോൾ നിങ്ങളുടെ ഹൃദയങ്ങളെ അവൻ രമ്യതയിലാക്കിത്തന്നു.''

അവർ പറഞ്ഞു: " അതേ, അല്ലാഹുﷻവും അവന്റെ ദൂതനും (ﷺ) ഞങ്ങൾക്ക് അതിയായ അനുഗ്രഹം ചെയ്തിരിക്കുന്നു.'' 

നബി ﷺ ചോദിച്ചു: "നിങ്ങൾ എന്നെ സ്നേഹിക്കുന്നില്ലേ..?”

“അതേ, അതേ'' അവർ ഒന്നായി വിളിച്ചു പറഞ്ഞു.

നബി ﷺ: "വേണമെങ്കിൽ നിങ്ങൾക്കിങ്ങനെ പറയാം. സ്വന്തം ജനതയാൽ നിഷേധിക്കപ്പെട്ട, കൈവെടിയപ്പെട്ട, ദരിദ്രനും നിലാരംബനുമായിരുന്നു ഞാൻ. അനന്തരം നിങ്ങളെന്നെ വിശ്വസിച്ചു. അഭയം നൽകി, സമ്പന്നനാക്കിത്തീർത്തു. ഇത് നിങ്ങൾ ചെയ്ത സേവനം തന്നെ.''

അൻസാരികളെ, ഒട്ടകങ്ങളും ആടുകളും മറ്റുള്ളവർ നേടട്ടെ. നിങ്ങൾ അല്ലാഹുﷻവിന്റെ ദൂതനെയും (ﷺ) കൊണ്ടാണ് വീട്ടിലേക്ക് മടങ്ങുന്നത്. നിങ്ങൾക്ക് അത് പോരേ..?

“അല്ലാഹുﷻവാണ് സത്യം, ഹിജ്റ എന്നൊന്നുണ്ടായിരുന്നില്ലെങ്കിൽ ഞാൻ നിങ്ങളിൽ ഒരുവനാകുമായിരുന്നു. ജനങ്ങൾ വിത്യസ്ത മാർഗത്തിലൂടെ പ്രവേശിക്കുമ്പോൾ ഞാൻ എന്നും അൻസാരികളുടെ മാർഗത്തിലായിരിക്കും ഉണ്ടാവുക.

അല്ലാഹു ﷻ വേ, നീ അൻസാരികൾക്കും അവരുടെ സന്തതികൾക്കും അനുഗ്രഹം വർഷിക്കേണമേ,"

അൻസാരികൾ ഒന്നടങ്കം പൊട്ടിക്കരഞ്ഞു. കൂടെ സഅദ്ബ്നു ഉബാദ (റ)! അവർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: “ഞങ്ങൾക്ക് അല്ലാഹുﷻവിന്റെ പ്രവാചകനെ (ﷺ) മാത്രം മതി. സമ്പത്ത് വേണ്ടവർ അത് എടുത്ത് കൊള്ളട്ടെ.'' 

ഉമർ(റ)വിന്റെ കാലത്ത് അദ്ദേഹത്തിന്റെ അനുവാദത്തോടുകൂടി സിറിയയിലേക്ക് മാറിത്താമസിക്കാൻ സഅദ്ബ്നു ഉബാദ (റ) പുറപ്പെട്ടു. വഴിമധ്യേ ഹുറാൻ എന്ന പ്രദേശത്തു വെച്ച് ഹിജ്റ 15ാം വർഷം ഉത്തമനായ തന്റെ നാഥന്റെ സാമീപ്യം സ്വീകരിക്കുകയും ചെയ്തു.


ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...

No comments:

Post a Comment